എന്തുകൊണ്ട് ഓഷോ?

‘ഓഷോ ഒരു പുനര്‍വായന’ എന്ന തന്റെ പുസ്തകത്തിന് ഡോ കെ ഗോപിനാഥന്‍ എഴുതിയ ആമുഖം. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന താന്‍ എങ്ങനെ ഓഷോയിലെത്തിചേര്‍ന്നെന്ന് വിശദീകരിക്കുന്നു

പൊതുവിലും, വ്യക്തിപരമായും ഈ ഒരു ചോദ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് തുടങ്ങുന്നതായിരിക്കും ഉചിതം എന്ന് കരുതുന്നു. സ്‌നേഹി ക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്തിരുന്ന അതേ തീഷ്ണതയില്‍ ഓഷോ വെറുക്കപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്തിട്ടുള്ളത് ചരിത്രമാണ്. ഇന്നും അതുപോലെ തുടരുകയുമാണ് എന്ന് പൊതുവില്‍ പറയാമെങ്കിലും, സൂക്ഷ്മതയില്‍ പരിശോധിക്കുമ്പോള്‍ ഇതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാ യിട്ടുള്ളതായി കാണാം. കേരളത്തിന്റെ ‘ആസ്ഥാന പ്രത്യയശാസ്ത്രം’ പരി പോഷിപ്പിച്ച് നിര്‍ത്തിയിട്ടുള്ള ധൈഷണിക ആലസ്യത്തില്‍, കാണാതെയും മനസ്സിലാക്കപ്പെടാതെയും; അല്ലെങ്കില്‍ കുറ്റകരമായ രീതിയില്‍ വൈകിമാത്രം തിരിച്ചറിയപ്പെടുകയും ചെയ്തിട്ടുള്ള ചിന്തകളും, വഴികളും വെളിച്ചങ്ങളും അനവധിയാണ്. ആത്മനിന്ദയുടെ ഒരു നീറ്റലായി ആ തിരിച്ചറിവ് നമ്മില്‍ പലരും അനുഭവിക്കുന്നുമുണ്ടാകണം. അതുതന്നെയാണ് മറ്റ് പലതിലേക്കും പലരിലേക്കും എന്റെയും കണ്ണും കാതും കൂര്‍പ്പിച്ചത്. ഏതെങ്കിലും ഒരു നി മിഷത്തില്‍, ഒരു സംഭവത്തിന്റെ പ്രഭാവത്തില്‍ അല്ല അത്തരം ഒരു അവസ്ഥ സംജാതമാവുന്നത്. ഒളിഞ്ഞും തെളിഞ്ഞും ദീര്‍ഘകാലമായി ഒരു വ്യക്തിയില്‍ സംഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ പരിണതിയാണത്. കൃത്യമായി എന്ന്, എപ്പോള്‍ എന്ന് അടയാളപ്പെടുത്തുക അസാധ്യം.

ഓഷോ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ, മാറ്റങ്ങളെല്ലാം വ്യക്തിസ്ഥിതമാണ്. സമൂഹത്തെ മാറ്റുന്നു എന്നത് തോന്നല്‍ മാത്രമാണ്. ഏതെങ്കിലും ഒരു കഥയില്‍ അധിഷ്ഠിതമായ കൂട്ടിപ്പിടുത്തം മാത്രമാണ് സമൂഹത്തിനുള്ളത്. കഥകള്‍ കാലം ചെല്ലുന്തോറും മാറിക്കൊണ്ടിരിക്കും എന്നു മാത്രം. സമൂഹം അശരീരിയായ ഒരു സങ്കല്പനം, മറിച്ച്, ശരീരിയായ (embodied) യാഥാര്‍ത്ഥ്യമാണ് വ്യക്തി. കരയുന്നത്, സഹിക്കുന്നത്, ആഹ്ലാദിക്കുന്നത്. പ്രണയിക്കുന്നത് ശരീരിയായ ഞാനാണ്. ഒരു അനീതി, റഷ്യ ഉക്രൈ്‌നെ ആക്രമിക്കുന്നതുപോലെ, ഉണ്ടായാല്‍ വേദനിക്കുന്നത് ഞാനാണ്. നിങ്ങളാണ്. അപ്പോള്‍ നാം രണ്ടുപേരും ചേര്‍ന്ന് ഒരു സമൂഹമായി മാറുകയാണ്. മറ്റൊരു പ്രശ്‌നത്തില്‍ ഞാനും നിങ്ങളും വ്യത്യസ്ത സമൂഹങ്ങളിലാവാം പങ്കുചേരുന്നത്. സമൂഹം ഒരു ഉപോല്പന്നം, അല്ലെങ്കില്‍ അങ്ങിനെ ആവാനെ പാടുള്ളു. നിരന്തരം നിര്‍മ്മിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന വ്യക്തിയുടെ നിര്‍മ്മിതിയും, തിരത്തെടുപ്പുമായ സമൂഹങ്ങള്‍ (collectivities) വ്യക്തികള്‍ക്കുമേല്‍ മേല്‍ക്കോയ്മ സ്ഥാപിക്കുമ്പോള്‍ സമഗ്രാധിപത്യങ്ങള്‍ പിറവിയെടുക്കുകയായി. പാര്‍ട്ടി, പള്ളി, മതം, ദേശരാഷ്ട്രം, ഭരണകൂടം, ഭൂരിപക്ഷം, പൊതുസമ്മതി, തുടങ്ങി എന്തിന്റെ പേരിലായാലും, ഒരോ ചരിത്രമുഹൂര്‍ത്തത്തിലേയും ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മനുഷ്യര്‍, വ്യക്തികളായ മനുഷ്യര്‍ ചേര്‍ന്നൊരുക്കുന്ന ചില സംഘസ്വത്വങ്ങള്‍ മാത്രമാണ് അവ. സ്വച്ഛന്ദമായ നിലനില്പ്പ് അവയ്ക്ക് ഒന്നിനും ഉണ്ടായിക്കൂട. അവയൊന്നും വ്യക്തികളെ ഭരിക്കരുത്. അതിന് അവയെ അനുവദിക്കരുത്.

പൊതുസമ്മതിയുടെ ബലത്തില്‍ ഭീമാകാരമായ ഉപരിഘടനകള്‍ നിസ്സഹായരായ വ്യക്തികളെ ചതച്ചരക്കുകയാണ്. കാഫ്കയുടെ കഥയിലെ പാറ്റ യെപോലെ. രാജാധിപത്യങ്ങളുടെയോ ഏകാധിപത്യങ്ങളുടെയോ വെറും ശീലക്കേടുകള്‍ മാത്രമായിരുന്നില്ല. അവയൊന്നും. മറിച്ചുള്ള നാട്യങ്ങള്‍ വക ഞ്ഞുനോക്കിയാല്‍, ആധുനിക നഗരകേന്ദ്രിത സമൂഹങ്ങളില്‍ തെളിയുന്ന കാഴ്ചകളും വ്യത്യസ്തമല്ല. പരിഷ്‌കൃത മനുഷ്യചരിത്രത്തിലെ അടിസ്ഥാന പരമായ ഈ വൈരുദ്ധ്യത്തിലാണ് ഒരു ധൈഷണിക പദ്ധതിയെന്ന നിലയില്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാനപ്രമാണം രചിച്ച ഫ്രഞ്ച് ദാര്‍ശനികനായ റൂസ്സോ സ്പര്‍ശിച്ചത്. സ്വതസിദ്ധ സ്വാതന്ത്ര്യാന്മുഖതയുള്ള ഒരു ജീവി എങ്ങിനെ, ആവര്‍ത്തിച്ച്, ഈ ദുരന്തത്തിലേക്ക് നയിക്കപ്പെടുന്നു? ”എല്ലാവരും സ്വന്തം ചങ്ങലകളിലേക്ക് ഓടിയെത്തുകയായിരുന്നു. സ്വാതന്ത്ര്യം സംരക്ഷി ക്കപ്പെടുകയാണെന്ന് വിശ്വസിച്ചുകൊണ്ട്, സാമൂഹ്യക്രമത്തിന്റെ നേട്ടങ്ങളെ ക്കുറിച്ച് തിരിച്ചറിവുണ്ടായിരുന്നുവെങ്കിലും, അതിന്റെ അപകടങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സഹായിക്കുന്ന അനുഭവങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. റൂസ്സോ ആ ദുരന്തത്തെ വിശദീകരിക്കുന്നത് ഇങ്ങിനെയാണ്. പക്ഷേ ഇന്ന് നമുക്ക് വേണ്ടതിലധികം അനുഭവങ്ങളുണ്ട്. സഹസ്രാബ്ദങ്ങള്‍ നീളുന്ന അനുഭവങ്ങള്‍ ഏറെ കണ്ടതും അനുഭവിച്ചു കഴിഞ്ഞതുമാണ് അനുഭവിച്ചുകൊണ്ടിരി ക്കുകയാണ് ഓരോ നിമിഷവും

സുരക്ഷിതത്വം എന്നതിന് പലതാകാം വിവക്ഷകള്‍. ആരോ എയ്യുന്ന ഒരു അമ്പിന്‍ മുനയില്‍, ഉതിര്‍ക്കുന്ന വെടിയുണ്ടയില്‍, എറിയുന്ന ഒരു ബോംബില്‍ എന്റെ ജീവന്‍ ഒടുങ്ങാനുള്ള സാദ്ധ്യത തുലോം വിരളമാണെന്ന ബോധം തീര്‍ച്ചയായും അതിലൊന്നാണ്. പരസ്പരം സ്‌നേഹവും കരുതലും ഉള്ള ഒരു സമൂഹം തന്നെ പൊതിഞ്ഞ് നില്പ്പുണ്ട് എന്ന തോന്നല്‍ എന്നെ സുരക്ഷിതനാക്കും. ഒരു ഗ്രാമപഞ്ചായത്തിലൂടെയുള്ള സഞ്ചാരത്തില്‍, തിരിച്ചറിവിന്റെ സൂചനയായി എതിരെ വരുന്നവരുടെ മുഖത്ത് തെളിയുന്ന ഒരു ചെറു ചിരി, ഒരു തല വെട്ടിക്കല്‍, കുശലാന്വേഷണം എന്നെ ഉത്സാഹിയാക്കും. സൂരക്ഷിതനാക്കും. മഹാനഗരവീഥികളില്‍ അത്തരം ഈര്‍പ്പങ്ങളുണ്ടാവില്ല. അവ അപരിചിതത്വത്തിന്റേയും അമ്പരപ്പിന്റേയും അരക്ഷിതത്വത്തിന്റേയും ഇടങ്ങളാണ്. ‘ഒരു മഹാനഗരത്തില്‍ നിങ്ങള്‍ ഒരു ജനക്കൂട്ടത്തിനുള്ളിലാണ്. എന്നിട്ടും അപരിചിതനാണ്.’ ഓഷോ പറയുന്നു. ഗ്രാമങ്ങളിലേക്ക്, ഗ്രാമജീവിതത്തിന്റെ വ്യാകരണത്തിലേക്ക് മടങ്ങാന്‍ അദ്ദേഹം ആവശ്യപ്പെടുന്നത് അതുകൊണ്ടാണ്. ചെറുകൂട്ടായ്മകള്‍ എന്ന സങ്കല്പത്തിലേക്ക് ഓഷോ എത്തുന്നത് അങ്ങിനെയാണ്. മഹാനഗരങ്ങള്‍ മരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ എത്രയോ തവണ അത് സംഭവിച്ച് കഴിഞ്ഞിട്ടുള്ളതുമാണ്. ആധുനിക നഗരങ്ങള്‍ അവയുടെ തന്നെ ഭാരത്താല്‍ തകര്‍ന്നടിയാന്‍ പോകുന്നു എന്നതും വസ്തുതയാണ്. മനുഷ്യന് ഏറ്റവും അത്യാവശ്യം (ജീവവായു പോലെ) സ്പര്‍ശനക്ഷമമായ പരിസ്പര ബന്ധങ്ങളാണ്. ഇതിന് പകരമാവില്ല ആധുനികമായ ഏത് യാന്ത്രിക നിര്‍മ്മിതികളും ഗാഡ്ജറ്റുകളും. ”ഞാന്‍ യന്ത്രങ്ങള്‍ക്ക് എതിരല്ല. പക്ഷേ പ്രാധാന്യം മനുഷ്യബന്ധങ്ങള്‍ക്കായിരിക്കണം. അതിന് എതിരുനില്‍ക്കാത്ത ഏതു യന്ത്രവും ഉപയോഗിക്കാവുന്നതാണ്. അവ പരിസ്ഥിതിക്ക്, പ്രകൃതിക്ക് വിനാശകരമല്ലെങ്കില്‍’ ഓഷോ വ്യക്തമാക്കുന്നു. വ്യക്തിയും, അവരുടെ സ്വാതന്ത്യവും, വ്യക്തികള്‍ക്കിടയിലുള്ള ആര്‍ദ്രതയും, സ്‌നേഹവും കരുതലുമാണ് മനുഷ്യജീവന്റെ ആധാരം. ഏതൊരു വെട്ടിപ്പിടുത്തവും, സമ്പാദ്യവും ഇവയ്‌ക്കൊന്നും പകരമാവുന്നില്ല എന്നതിലാണ് ഓഷോ വിചാരങ്ങളുടെ ഊന്നല്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘ഹോമോ സാപ്പിയന്‍സ് ഒരു പഴഞ്ചന്‍ അല്‍ഗോരിതം’ എന്ന ഹരാരിയുടെ വാദത്തെ ജര്‍മ്മന്‍ ചിന്തകനായ തോമസ് ഫ്യൂക്ക്‌സ്, ആ അല്‍ഗോരിതങ്ങള്‍ അന്യവല്‍ക്കരിക്കുന്ന മനുഷ്യനെ തിരിച്ചുപിടിച്ചുകൊണ്ടാണ് പ്രതിരോ ധിക്കുന്നത്. മജ്ജയും മാംസവുമുള്ള ഒരു ഹ്യൂമനിസത്തെ (humanism of embodiment) നരാനന്തരലോകത്തില്‍ പുനഃസ്ഥാപിച്ചുകൊണ്ട്. സങ്കീര്‍ണ്ണ ങ്ങളായ അല്‍ഗോരിതങ്ങളടക്കം പുതിയ വിദ്യകള്‍ ചില കാര്യസാധ്യങ്ങള്‍ ക്കുള്ള ഉപാധികള്‍ മാത്രമാണ്. അങ്ങിനെയേ പാടുള്ളു. വിധേയപ്പെടുന്നതി നുപകരം അവയെ ഉപയോഗിക്കുക മാത്രമായിരിക്കണം നാം ചെയ്യുന്നത്. ശാരീരികതയും (corporealty ) ശരീരനിബദ്ധമായ സ്വാതന്ത്ര്യവും ജൈവികതയുമായിരിക്കണം ഭൂമിയിലെ മനുഷ്യവാഴ്‌വിന്റെ ആസ്പദങ്ങള്‍. ഓഷോയുടെ ചില നിരീക്ഷണങ്ങള്‍ക്ക് എത്രമാത്രം പ്രവചനസ്വഭാവമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുവാനാണ് ഇവ പരാമര്‍ശിക്കപ്പെട്ടത്. ഏത് അല്‍ഗോരിതവും മനുഷ്യന്‍ നേരിടുന്ന ഒരു പ്രശ്‌നത്തിന്റെ പരിഹാരത്തിന്, അല്ലെങ്കില്‍ ഒരു പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിന് സഹായിക്കുന്ന ഒരുകൂട്ടം നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. ഒരു പാചകക്കുറിപ്പ് പോലെ എന്ന് ഓഷോ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പറയുമായിരുന്നു. മനുഷ്യര്‍ക്ക് മാത്രമാണ് ലോകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവുന്നത്. മറ്റൊരു ജീവിക്കും അതിനാവില്ല എല്ലാ ജീവജാലങ്ങളെയും ഉന്മൂലനം ചെയ്യുകയും, ആന്ത്രോപ്പോസിന്‍ ഘട്ടത്തിലെ ആസന്നമായ ദുരന്തങ്ങളിലേക്കും, ആവാസവ്യവസ്ഥകളുടെ തകിടം മറിച്ചിലുകളിലേക്കും നയിച്ച ജീവി എന്ന നിലയില്‍ അത് മനുഷ്യന്റെ ബാദ്ധ്യത കൂടിയാണ്. ‘പ്രജ്ഞയുടെ വികാസത്തിലെ ഒരു പ്രതിസന്ധിഘട്ടം തരണം ചെയ്യുവാന്‍ മനുഷ്യനെ സഹായിക്കുന്നതിനുവേണ്ടിയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ജ്ഞാനസിദ്ധിയുള്ള ഗുരു’ എന്നാണ് ദലൈലാമ ഓഷോയെ വിശേഷിപ്പിക്കുന്നത്. മാര്‍ഗ്ഗങ്ങളുടെ പവിത്രത, പരിശുദ്ധി, തനിമ തുടങ്ങിയ ദാര്‍ശനിക പരിഗണനകള്‍ക്കൊന്നും അവിടെ സ്ഥാനമില്ല. വൈരുദ്ധ്യങ്ങള്‍ മനോഹരമായി ഓഷോയില്‍ സഹവസിക്കുന്നത് അതുകൊണ്ടാണ്. ‘മീരയുടെ നൃത്തവും ബുദ്ധന്റെ നിശ്ശബ്ദതയും സംഗമിക്കുന്നതുപോലെ’ എന്ന് അമൃതപ്രീതം.

കൗമാര-യൗവ്വന കാലത്തിന്റെ ഏറിയ പങ്കും ഞാന്‍ പ്രബലമായ ഇടതു പ്രത്യയശാസ്ത്രത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തിലായിരുന്നു. മറ്റ് എല്ലാ ലഹരികള്‍ക്കുമൊപ്പം ബിരുദപഠനകാലത്ത് ഇത് അതിന്റെ പാരമ്യത്തിലായിരുന്നു. ശ്വാസം മുട്ടിക്കുന്ന ഈ ആലിംഗനത്തില്‍ നിന്നുള്ള ഒരു കുതറല്‍ അപ്പോഴും എന്നില്‍ സ്വതസിദ്ധമായിരുന്നു. സാഹിത്യം, സംഗീതം, സിനിമ, വായന, പ്രണയം തുടങ്ങി ലഭ്യമായ എല്ലാ ലഹരികള്‍ക്കും അവകാശപ്പെട്ട ഒരു കോളണിയായിരുന്നു ഞാന്‍. എനിക്ക് അതില്‍ അസ്വാഭാവികമായോന്നും അനുഭവപ്പെട്ടിരുന്നില്ല. പക്ഷേ പാര്‍ട്ടിക്കും സംഘടനക്കും അതില്‍ പരിഭവങ്ങളുണ്ടായിരുന്നു. മദ്യവും മറ്റ് ലഹരി പദാര്‍ത്ഥങ്ങളും, തീക്ഷ്ണ പ്രണയങ്ങളും അടക്കമുള്ള ‘അന്യവര്‍ഗ്ഗ’ സ്വഭാവങ്ങളെ വിചാരണ ചെയ്ത് ഉച്ചാടനം ചെയ്യുന്നതിലേക്കായി മീറ്റിംഗുകള്‍ പതിവായിരുന്നു. അത്തരം ഒരു യോഗത്തില്‍, സംസ്ഥാന കമ്മിറ്റിയില്‍നിന്ന് വിചാരണക്കായി എത്തിയ പുരോഹിതനോട് ”അതെല്ലാം എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. സംഘടന ഇടപെടേണ്ട” എന്ന് പറയാനുള്ള കൂസലില്ലായ്മ സ്വഭാവത്തിന്റെ ഭാഗമായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശം ഇല്ലാതിരുന്നിട്ടും, പോലീസ് സ്റ്റേഷന്റെ പരിസരത്തുള്ള മതിലുകളില്‍ പോലും അടിയന്തിരാവസ്ഥക്കെതിരെ ഞങ്ങള്‍ മൂന്ന് സു ഹൃത്തുക്കള്‍ പോസ്റ്ററുകള്‍ പതിക്കാനിറങ്ങിയതും ആ സ്വഭാവത്തിന്റെ ഭാഗമായിട്ടായിരുന്നു. കാമ്പസില്‍ അത്രമേല്‍ ജനപ്രിയനും അനിഷേധ്യനുമായ വിദ്യാര്‍ത്ഥി നേതാവിനെ പുറത്താക്കുക നേതൃത്വത്തിനു എളുപ്പമല്ലായിരുന്നതുകൊണ്ട് ഞാന്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ തുടര്‍ന്നു.

പാര്‍ട്ടി ആപ്പീസില്‍ ജീവിച്ച് പഠനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്ന കാലം. ആപ്പീസിലെ ബെഞ്ചില്‍ കിടന്ന്, ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാസിദ്ധാന്തംപോലെ കനപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള രാത്രികാല ചര്‍ച്ചകള്‍. ബ്രഹ്റ്റും ബെക്കറ്റും ഒരുപോലെ പ്രിയപ്പെട്ടവര്‍. ഒ വി വിജയന്‍ ഏറ്റവും പ്രിയപ്പെട്ട മലയാളി എഴുത്തുകാരന്‍. ഇവയിലൊന്നും പാര്‍ട്ടി വിചാരധാരകള്‍ എന്നെ തൃപ്തിപ്പെടുത്തിയില്ല. മറ്റ് പലതിലുമെന്നപോലെ തര്‍ക്കോവ്‌സ്‌കിയും സത്യജിത് റായും അടൂരും ഭീം സേന്‍ ജോഷിയും ബാലമുരളീകൃഷ്ണയും ടോള്‍സ്റ്റോയിയും ഡോസ്റ്റോവ്‌സ്‌കിയും പകര്‍ന്ന ലഹരികള്‍. ഇതിനകം അറിയാതെ കയറിപ്പറ്റിയ തത്വചിന്തയോടുള്ള ഭ്രമവും കൂടി, സഹജമായ സ്വാതന്ത്ര്യബോധവും മറ്റു ലഹരികളുമായി ചേര്‍ന്ന് പഴയതുകള്‍ പലതില്‍നിന്നും എന്നെ  സ്വതന്ത്രമാക്കിക്കഴിഞ്ഞിരുന്നു. പാര്‍ട്ടി വെച്ചുനീട്ടിയ മുഴുവന്‍ സമയ രാഷ്ട്രീയക്കാരന്റെ ജീവിതം താന്‍ തള്ളിക്കളഞ്ഞു. വിദ്യാര്‍ത്ഥി സംഘടനയുടെ ജില്ലാ സെക്രട്ടറി സ്ഥാനം ഞാന്‍ ഏറ്റെടുത്തില്ല. പ്രത്യയശാസ്ത്രത്തിന്റെ ആലിംഗനത്തില്‍നിന്ന്, ലഹരിയില്‍ നിന്ന് ഞാന്‍ മുക്തനായിക്കഴിഞ്ഞിരുന്നു. സോവിയറ്റ് യൂണിയന്റെ പതനമടക്കമുള്ള വലിയ ചരിത്രസംഭവങ്ങളും ഇതിന് വേഗം കൂട്ടിയിട്ടുണ്ടാകണം. ലോകം കീഴ്‌മേല്‍ മറിയുകയായിരുന്നല്ലോ ! എന്റെ അകംലോകവും !

മഹാത്മാഗാന്ധി ബൂര്‍ഷ്വാ ഏജന്റ്! മതം മനുഷ്യനെ മയക്കുന്ന കറുപ്പ്! ചൈന മധുരമനോജ്ഞം! സോവിയറ്റ് യൂണിയന്‍ സ്വര്‍ഗ്ഗസമാനം! എം ഗോവിന്ദനെപോലുള്ള സ്വതന്ത്രചിന്തകര്‍ സിഐഎ ഏജന്റുകള്‍! ഭഗവാന്‍ രജനീഷ് വെറും ലൈംഗിക അരാജകവാദി! പഴയ പാഠങ്ങളെയെല്ലാം റദ്ദു ചെയ്യുന്ന പുതിയ തിരിച്ചറിവുകള്‍, സോവിയറ്റ് സോഷ്യലിസം ഒരു വലിയ നുണ; അന്ധവിശ്വാസങ്ങളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യം. പ്രത്യയശാസ്ത്രപരമായ ആലസ്യത്തില്‍ ഹൃദിസ്ഥമാക്കിയ പാഠങ്ങള്‍, തിരസ് കരിക്കപ്പെട്ട ആശയങ്ങള്‍, ശത്രുക്കളായി കണ്ട ചിന്തകര്‍ പുനര്‍വായനകള്‍ ക്കായി വരി നിന്നു. അത് എളുപ്പമായിരുന്നില്ല. അപായങ്ങളുണ്ട്. ഒറ്റപ്പെടലും, എങ്കിലും വയ്യ. ടിയാനന്‍മെന്‍സ്‌ക്വയറില്‍ ചൈനീസ് പട്ടാളം നടത്തിയ നര നായാട്ടിനെ ന്യായീകരിക്കുന്ന ജെ എന്‍ യുവിലെ ഇടതുപക്ഷവിദ്യാര്‍ത്ഥി സംഘടനാനേതാവ്! വര്‍ഗ്ഗശത്രുവായ അദ്ധ്യാപകനെ ലോവര്‍ പ്രൈമറി ക്ലാസ് മുറിയിലെ കുഞ്ഞുങ്ങളുടെ മുമ്പിലിട്ട് വെട്ടി നുറുക്കുക.! അയാളെ അവിടെ വെച്ചല്ലാതെ കിട്ടില്ല എന്ന് സമാധാനിക്കുന്ന ഇടത്‌ ഫെമിനിസ്റ്റ് ചരിത്രപണ്ഡിത! തര്‍ക്കത്തിനൊടുവില്‍ ‘അതെ ഞാനൊരു സ്റ്റാലിനിസ്റ്റാണ്’ എന്ന് എനിക്കുനേരെ ആക്രോശിക്കുന്ന, പേരിന്റെ കൂടെയുള്ള ഇനീഷ്യല്‍സില്‍ അറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റ് ചിന്തകനായ ഇംഗ്ലീഷ് പ്രൊഫസര്‍! പാര്‍ട്ടി ചെയ്ത ഒരു വൃത്തികേടിന് മുഖാമുഖം വന്നപ്പോള്‍ ‘still its my party’ എന്ന് ഊറ്റം കൊള്ളുന്ന പ്രശസ്തനും ഇടതുപക്ഷക്കാരനുമായ മുതിര്‍ന്ന മാധ്യമപ്രവര്‍കന്‍! ആത്മവഞ്ചനയുടെ പരമ്പരകള്‍ മനം മടുപ്പിക്കുകയായിരുന്നു. പ്രയോഗത്തിലെ പാളിച്ചകള്‍ മാത്രമല്ല സൈദ്ധാന്തികമായിതന്നെ മാര്‍ക്‌സിസത്തിന് പരാധീനതകളും പോരായ്മകളുമില്ലേ എന്ന ചോദ്യത്തെ സെമിനാര്‍ വേദിയില്‍നിന്ന് വീറോടെ നിഷേധിക്കുക, താഴെ ഇറങ്ങി വന്ന് തോളില്‍ കൈവെച്ച്, ‘നീ പറഞ്ഞത് ശരിയാണ്. പക്ഷേ അത് അങ്ങനെ തുറന്ന് പറയാ ന്‍ പറ്റില്ലല്ലോ’ എന്ന് സ്വകാര്യമായി സമ്മതിക്കുന്ന കേരളത്തിലെ മുഖ്യധാര ഇടതുപക്ഷത്തിന്റെ സൈദ്ധാന്തിക ആചാര്യന്‍. ആഗ്രഹിച്ചതുപോലെ ചെങ്കൊടി പുതച്ചുതന്നെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പറയാന്‍ പറ്റാത്ത ശരികള്‍ക്കൊപ്പം!

ഭയാനകമാണത്. സ്വന്തം ബോദ്ധ്യങ്ങള്‍ക്ക് എതിരെ തുഴയുക! ഒരിക്കല്‍ മാത്രമാണ് ജീവിതം. ആവര്‍ത്തനമില്ലാത്ത അപൂര്‍വ്വത. മുഴുവന്‍ ലഹരിയോടെ അതിനെ ആഘോഷമാക്കുക. ‘ഞാന്‍ ജീവിതത്തെ പ്രണയിക്കുന്നു. അതുകൊണ്ടാണ് ഞാന്‍ ആഘോഷത്തിന്റെ പാഠങ്ങള്‍ നല്‍കുന്നത്. സകല തിനെയും ആഘോഷമാക്കുക. ശരീരം മുതല്‍ ആത്മാവ് വരെ, ഭൗതികം മുതല്‍ ആത്മിയം വരെ ലൈംഗികതയും അതീതബോധവുമടക്കം എല്ലാം എനിക്ക് ദൈവികമാണ്’ (ഓഷോ). ലൈംഗികതയടക്കം ജീവിതത്തിന്റെ സമസ്ത തലങ്ങളെയും പ്രണയത്തിലേക്ക് വീണ്ടെടുക്കുവാനാണ് ഓഷോ പരിശ്രമിച്ചത്. മറ്റുള്ളവര്‍ എന്തു പറയും എന്നതാണ് ഒരു ശരാശരി മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ ഭീതി. അരൂപിയായ ആള്‍ക്കൂട്ടത്തെ ഭയമില്ലാതാകുന്നതോടെ നിങ്ങള്‍ ഒരു ആട്ടിന്‍കുട്ടിയല്ലാതാകുന്നു. കുഞ്ഞാടുകളല്ലാതാകുന്നു. നിര്‍ഭയത്വത്തിന്റെ ആ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ ഒരു സിംഹമായി മാറുന്നു എന്നാണ് ഓഷോ പറയുക. അത്തരക്കാരുടെ ഉള്ളില്‍ നിന്ന് ഒരു ഗര്‍ജ്ജനം ഉയരും. സ്വാതന്ത്യത്തിന്റെ ഗര്‍ജ്ജനമാണത്. ഒറ്റയാകുന്നതിലെ (Alone) ആനന്ദം. എല്ലാത്തിനേയും തൊട്ട് നില്‍ക്കുമ്പോഴും അകമേ അറിയുന്ന ഒറ്റത്വം! ആദ്യകാല ബോധ്യങ്ങളുടെ കടുംപിടുത്തങ്ങള്‍ക്കിടയിലും, ഞാന്‍ അനുഭവിച്ചിരുന്ന അവ്യക്തമായ അസ്വസ്ഥതകള്‍ക്കും അസംതൃപ്തികള്‍ക്കും ഇത്തരം നിഷിദ്ധചിന്തകളുമായുള്ള പരിചയം മിഴിവ് പകരുകയായിരുന്നു.

സാമ്പത്തികമടക്കം നാനാവിധ അനാഥത്വങ്ങളല്ലാതെ മറ്റൊന്നും പാരമ്പ ര്യമായി അവകാശപ്പെടാനില്ലാത്ത ഒരു ജീവിതമായിരുന്നു എന്റേത്. നന്നേ ചെറുപ്പത്തിലെ ഫിലോസഫി അദ്ധ്യാപകനായി ശ്രീ കേരളവര്‍മ്മ കോളേജില്‍ ജോലി ലഭിച്ചത് അതുകൊണ്ട് തന്നെ വലിയ ആശ്വാസമായിരുന്നു. ആശ യങ്ങളുടെ ലോകം, തത്വചിന്തയില്‍ തോന്നിയിരുന്ന ഭ്രമം, അദ്ധ്യാപനത്തില്‍ മോശമല്ലാത്ത നൈപുണ്യം, മാന്യമായ തൊഴില്‍, വരുമാനം. കാര്യങ്ങള്‍ മോശല്ലാതെ മുന്നോട്ട് പോകാന്‍ തുടങ്ങുകയായിരുന്നു. ആദ്യഘട്ടം തീര്‍ച്ച യായും ആസ്വാദ്യകരമായിരുന്നു. പക്ഷേ, ക്രമേണ മടുപ്പും വിരസതയും അനുഭവപ്പെടാന്‍ തുടങ്ങി. കാരണങ്ങള്‍ പലതായിരുന്നു. വ്യക്തിപരം, ആശയപരം, സ്ഥാപനപരം, എന്നിങ്ങനെ പൂര്‍വ്വനിര്‍ണ്ണിതവും, യാന്ത്രികവുമായ രീതികള്‍ അദ്ധ്യാപനവൃത്തിയിലെ സര്‍ഗ്ഗാത്മകതയേയും ആത്മീയോത്കര്‍ഷ സാധ്യതകളേയും ചോര്‍ത്തികളയുകയായിരുന്നു. യാത്രാമധ്യേ അപ്രതീക്ഷിതമായി നേരിടുന്ന ഗൗരവമായ ചോദ്യങ്ങള്‍, അതിലും അപ്രതീക്ഷിതവും അവ്യക്തവുമായ ഇടങ്ങളിലേക്ക് വഴി തെറ്റിക്കുമ്പോഴാണ് അക്കാദമിക് പ്രവര്‍ത്തനം ഒരു ആത്മീയ യാത്രയായി മാറുന്നതെന്ന ചരിത്രകാരന്‍ ഹരാരിയുടെ നിരീക്ഷണമാക്കെ അടുത്തയിടെ മാത്രമാണ് വായിക്കുന്നത്. അദ്ദേഹം അര്‍ത്ഥമാക്കിയ തരത്തിലാണോ എന്ന് നിശ്ചയമില്ല, എന്റേയും വഴി ‘തെറ്റുക’ തന്നെയായിരുന്നു. ഫിലോസഫി വിദ്യാര്‍ത്ഥിയും പ്രൊഫസറുമായിരുന്ന ഓഷോയുടെ ഈ വിഷയത്തിലുള്ള നിരീക്ഷണം കുറേക്കൂടി കടുത്തതാണ്. ‘അക്കാദമിക് ഫിലോസഫി ഒരു തരത്തിലുള്ള തീരുമാനത്തിലും എത്തുന്നില്ല. എത്തുകയുമില്ല. തീര്‍ത്തും നിഷ്പ്രയോജനമായ ഒരു അഭ്യാസം മാത്രമാണത്. പക്ഷേ എനിക്ക് അതില്‍ ഒരു താല്പര്യവുമില്ല. ഒരു ഉള്‍വാസി (insider) എന്ന നിലയില്‍ എനിക്കതിനെ അടുത്തറിയാം. ഫിലോസഫിയാണ് ലോകത്തിലെ ഏറ്റവും ഉപയോഗശൂന്യമായ പ്രവൃത്തി. നാട്യങ്ങള്‍ നിറഞ്ഞത്. അസര്‍ഗ്ഗാത്മകം. അഹംഭാവം ഊതിവീര്‍പ്പിക്കുന്നത്. അത് നമ്മെ അമ്പരപ്പിക്കുന്ന വിജ്ഞാനികളാക്കുന്നു. തരിമ്പും വിവേകികളല്ലാതിരിക്കുമ്പോഴും’ ആധുനിക ശാസ്ത്രങ്ങള്‍ വെട്ടിപ്പിടിച്ച അറിവിന്റെ ഹിമാലയന്‍ കൂമ്പാരങ്ങള്‍ക്കു മുകളില്‍നിന്ന് സര്‍വ്വനാശത്തിലേക്ക് വഴുതിയിറങ്ങുന്ന ഒരു നാഗരികതയെ, മനുഷ്യന്‍ എന്ന ജീവിയുടെ അവസ്ഥയെ ഓഷോയുടെ ഈ നിരീക്ഷണവുമായി ചേര്‍ത്ത് പിടിച്ചുനോക്കു!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തത്വചിന്ത, എഴുത്തിന്റെ ഒരു രീതിയാണ്, കവിത പോലെ എന്ന് ലുഡ്‌വിഗ് വിറ്റ്‌ജെന്‍സ്‌റ്റൈന്‍ പറയുന്നു. അനുദിന സാമൂഹ്യ വ്യവഹാരങ്ങളുടെ മൂര്‍ത്ത സന്ദര്‍ഭങ്ങളില്‍നിന്ന് അവധിയില്‍ പോയ ഭാഷയുടെ ഒരു സവിശേഷകേളി! അതുകൊണ്ടുതന്നെ അതിന്റെ ഭാഷ ക്ലിഷ്ടമാകണമെന്ന ഒരു മനോഭാവം പിന്നീട് പ്രബലമാവാന്‍ തുടങ്ങി. പ്രത്യേകിച്ചും ആധുനികതയുടെ ഘട്ടത്തില്‍. വീണ്ടുവിചാരമില്ലാതെ ഈ മനോഭാവം ശക്തമായി പിന്തുടരുന്നത് ആധുനിക – ആധുനികോത്തര ജര്‍മ്മന്‍ – ഫ്രഞ്ച് ചിന്താപാരമ്പര്യത്തിലാണെന്ന് കാണാം. ദുര്‍ഗ്രഹമായിരിക്കണം അക്കാദമിക് തത്വചിന്താ എഴുത്ത്, വ്യവഹാരങ്ങള്‍ എന്ന നില വന്നു. തത്വചിന്ത പ്രായോഗത്തിന്റെ (philosophical writing) വാഴ്ത്തപ്പെട്ട മാതൃകയായി അത് കണക്കാക്കപ്പെട്ടു. ക്ലിഷ്ടവും അരോചകവുമാവുകയെന്നതായി ഫിലോസഫി എഴുത്തിന്റെ ലക്ഷ്യം. ഈ മാ തൃകയാണ് നമ്മുടെ സര്‍വ്വകലാശാല തലങ്ങളില്‍ ഇന്നും പിന്തുടരുന്നത്. യൂറോപ്യന്‍ ധൈഷണിക കേന്ദ്രങ്ങളില്‍നിന്ന് അവരുടെ ആഭ്യന്തര സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഉല്പാദിപ്പിക്കപ്പെടുന്ന തത്വചിന്താ വ്യവഹാരങ്ങളെ ‘മനസ്സില്‍ ആക്കി’ എന്ന് അവകാശപ്പെടുന്ന വ്യാഖ്യാന-അനുകരണ എഴുത്തിന്റെ ഒരു പുരോഹിതവര്‍ഗ്ഗം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളില്‍ അരങ്ങു വാഴുകയാണ്. ബോധപൂര്‍വ്വം ശ്രമപ്പെട്ട് തത്വചിന്തയെ അലളിതമാക്കുകയെന്ന ദൗത്യമാണ് അവര്‍ ഏറ്റെടുത്തിരിക്കുന്നത്. തെളിവെള്ളത്തിന്റെ തെളിമയോടെ, ആശയങ്ങള്‍ വ്യവഹരിക്കപ്പെട്ടിരുന്ന നൈസര്‍ഗ്ഗിക ചരിത്രസന്ധികളില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന തത്വചിന്തയുടെ സ്‌കോളാസ്റ്റിക് (scholastic) ഘട്ടങ്ങളിലെല്ലാം ഇത്തരം ജ്ഞാന-പ്പാനകള്‍ ഉല്പാദിപ്പിക്കപ്പെട്ടിട്ടുള്ളതായി കാണാം. ലളിതനിര്‍മ്മലമായി, ഏറ്റവും ഗഹനമായ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന ഗൗതമബുദ്ധനു ചുറ്റും പില്‍ക്കാലത്ത് പണ്ഡിതസഭകളും വിരുദ്ധ ‘യാനങ്ങളും’ രൂപപ്പെട്ടതുപോലെ. സ്‌കോളാസ്റ്റിസിസം ലളിതമായ ക്രിസ്തുവിചാരങ്ങളെ വിഴുങ്ങിയതുപോലെ. തത്വചിന്തകര്‍ ലോകത്തെ വ്യാഖ്യാനിക്കുക മാത്രമാണുണ്ടായത്. അതിനെ മാറ്റിപ്പണിയലാണ് പ്രധാനം എന്ന് കാള്‍മാര്‍ക്‌സ് പറയുമ്പോള്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ട പല കാര്യങ്ങളും അദ്ദേഹവും മനസ്സില്‍ കണ്ടിട്ടുണ്ടാകുമോ? ഏറ്റവും ചുരുങ്ങിയത് തത്വചിന്ത നിഷ്പ്രയോജനകരമായ ഒരു അഭ്യാസം മാത്രമാണ് എന്ന ഓഷോ നിരീക്ഷണമെങ്കിലും! മൂര്‍ത്തലോകത്തില്‍നിന്ന് അവധിയില്‍ പോയ ഭാഷയുടെ ജല്പനങ്ങളാണ് അതിഭൗതികചിന്ത എന്ന വിറ്റ്‌ജെന്‍സ്റ്റീനിയന്‍ ആശയം!

”നവീന ശിലായുഗത്തിലോ ആധുനികതയിലോ ആയാലും എല്ലാ ശാസ്ത്രാന്വേഷണങ്ങളുടെയും ലക്ഷ്യം അനിവാര്യമായ ബന്ധങ്ങളാണ്. രണ്ടു വ്യത്യസ്ത മാര്‍ഗ്ഗങ്ങളുണ്ട് അതിന്. അനുഭവാധിഷ്ഠിത സഹജാവബോധത്തോട് (sensible intution) ചേര്‍ന്ന് നില്‍ക്കുന്നതാണ് ആദ്യത്തേത്. മറ്റേത് അതില്‍ നിന്ന് അകന്ന് മാറിയതും.” (ലെവിസ്‌ട്രോസ്സ്) സാമാന്യവത്കൃത സിദ്ധാന്തങ്ങളുടെയും നിയമങ്ങളുടെയും വഴിയുള്ള സഞ്ചാരങ്ങളാണ് രണ്ടാമത്തേതെങ്കില്‍, ആധുനിക ശാസ്ത്രത്തിന്റെ ആ പാതക്ക് സമാന്തരമായി, സ്വാഭാവിക പ്രകൃതിയും ലോകവുമായുള്ള ദൈനംദിന, മൂര്‍ത്ത ഇടപാടുകളില്‍നിന്ന് തുടങ്ങുന്ന അപരമാര്‍ഗ്ഗമാണ് ആദ്യത്തേത്. മണ്‍പാത്രനിര്‍മ്മാണം മുതല്‍ കൃഷിയും ലോഹസംസ്‌കരണവും, സമുദ്ര പര്യവേഷണവും വാസ്തുവിദ്യയുമടക്കം മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടെത്തലുകളിലെ സിംഹഭാഗവും അത്തരം അപരമാര്‍ഗ്ഗങ്ങളുടെ സംഭാവനകളാണ്. അവ ഭൂമിയിലെ മനുഷ്യവാഴ്‌വിന്റെ അടിപ്പടവുകളാണ്. നിഷ്‌കളങ്കനിരാസങ്ങളുടെയും തല്‍പ്പരതിരസ്‌കാരങ്ങളുടെയും ശാക്തിക ബലതന്ത്രങ്ങള്‍ക്കടിപ്പെട്ടും, വര്‍ഗ്ഗതാല്പര്യങ്ങളെ അതിശയിക്കുന്ന ആഴങ്ങളില്‍ വേരുകളുള്ള അധികാരത്തിന്റെ (power ) പ്രാചീന പ്രേരണകള്‍ക്ക് വിധേയമായും അദ്യശ്യമാക്കപ്പെട്ട ജ്ഞാനത്തിലേക്കുള്ള ഇത്തരം നടപ്പാതകള്‍ അനവധിയാണ്. കാടും പടലും മൂടിയവ. തറഞ്ഞ ഒരു നോട്ടത്തില്‍ തെളിഞ്ഞു വരാവുന്ന നാട്ടുപാതകള്‍. ”എല്ലാമറിയുന്നത് വിഡ്ഢികള്‍ക്ക് മാത്രമാണ്’ എന്നത് ഒരു ആഫ്രിക്കന്‍ പഴമൊഴി. പക്ഷേ അതിലെ അറിവ്, വിനയം, അപാരം! പ്രത്യ യശാസ്ത്രങ്ങളുടെ പിടിവിടുമ്പോള്‍, കെട്ടിറങ്ങുമ്പോള്‍ തമസ്‌കൃതമായ ഇത്തരം നാട്ടറിവുകളുടെ പഴമകളിലേക്കാണ് നാം കണ്ണുതുറക്കുന്നത്. ”താന്‍ തന്നെയാണ് സമുദ്രം എന്ന തിരയുടെ തിരിച്ചറിവാണ് ജ്ഞാനോദയം’ എന്ന് തിച്ച് നാഹ്താ പറയുന്നതിലെ വിവേകം നമുക്ക് തിരിയുന്നത് അപ്പോഴായിരിക്കും.

ഭൂഗുരുത്വം നഷ്ടപ്പെട്ട് ചിന്തകള്‍ പല വഴികളിലൂടെ ചിതറി നീങ്ങിയ കൂട്ടത്തില്‍ ഓഷോയുടെ വഴിയിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ആ ഇടക്കാലയാത്രയില്‍ തോന്നിയ കാര്യങ്ങളാണ് ഈ പുസ്തകത്തില്‍ കാണുന്ന ലേഖനങ്ങളുടെ ഉള്ളടക്കം.

ഓഷോ ഒരു പുനര്‍വായന
കെ.ഗോപിനാഥന്‍
പ്രസാധനം – പുസ്തകപ്രസാധകസംഘം
വില – 125.00

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply