കോണ്‍ഗ്രസ്സ് സിപിഎമ്മിനു പഠിക്കേണ്ടതില്ല

തീര്‍ച്ചയായും ഇപ്പോഴത്തെ സംഭവങ്ങള്‍ ഒറ്റപ്പെട്ടതായോ തരൂര്‍ സ്വന്തം താല്‍പ്പര്യമനുസരിച്ചുമാത്രം ചെയുന്നതായോ കാണാനാകില്ല. കോണ്‍ഗ്രസ്സില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഗ്രൂപ്പിസത്തിന്റെ ഭാഗം തന്നെയാണിതെന്നും വ്യക്തമാണ്. ശശി തരൂരിനു പുറകില്‍ എ ഗ്രൂപ്പാണെന്നതു വ്ക്തമാണ്. സംസ്ഥാനതലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു നേതാവ് ഇപ്പോള്‍ എ ഗ്രൂപ്പിനില്ല എന്നതാണ് വസ്തുത. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി കാര്യമായ രാഷ്ട്രീയജീവിതം പ്രതീക്ഷിക്കാനാവില്ലല്ലോ. ഈ സാഹചര്യത്തിലാണ് കുശാഗ്രബുദ്ധിമാനായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് തരൂരിനെ രംഗത്തിറക്കിയിരിക്കുന്നത്

കേരളത്തിലെ കോണ്‍ഗ്രസ്സ് വീണ്ടും സജീവചര്‍ച്ചാവിഷയമായിരിക്കുകയാണല്ലോ. മാധ്യമങ്ങള്‍ കുറച്ചൊക്കെ അതിശയോക്തിപരമായി കാര്യങ്ങള്‍ അവതരിപ്പിക്കുമെങ്കിലും തീയില്ലാത പുകയുണ്ടാവില്ലല്ലോ. ഇക്കുറി പുകയായി അവതരിച്ചിരിക്കുന്നത് ശശി തരൂരാണ്. എ ഐ സി സി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി അടത്ത ദിവസംവരെ ദേശീയതലത്തിലക്കം നിറഞ്ഞുനിന്നിരുന്ന തരൂര്‍ ഇപ്പോള്‍ സംസ്ഥാനരാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. വിശ്വപൗരന്‍ ഒരു സംസ്ഥാനത്ത് ഒതുങ്ങുകയാണ് എന്നര്‍ത്ഥം.

തീര്‍ച്ചയായും ഇപ്പോഴത്തെ സംഭവങ്ങള്‍ ഒറ്റപ്പെട്ടതായോ തരൂര്‍ സ്വന്തം താല്‍പ്പര്യമനുസരിച്ചുമാത്രം ചെയുന്നതായോ കാണാനാകില്ല. കോണ്‍ഗ്രസ്സില്‍ പതിറ്റാണ്ടുകളായി തുടരുന്ന ഗ്രൂപ്പിസത്തിന്റെ ഭാഗം തന്നെയാണിതെന്നും വ്യക്തമാണ്. ശശി തരൂരിനു പുറകില്‍ എ ഗ്രൂപ്പാണെന്നതു വ്ക്തമാണ്. സംസ്ഥാനതലത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു നേതാവ് ഇപ്പോള്‍ എ ഗ്രൂപ്പിനില്ല എന്നതാണ് വസ്തുത. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇനി കാര്യമായ രാഷ്ട്രീയജീവിതം പ്രതീക്ഷിക്കാനാവില്ലല്ലോ. ഒരു കാലത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്ന സുധീരനും ഏറെക്കുറെ അപ്രസക്തനായി കഴിഞ്ഞു. മറുവശത്ത് ഇപ്പോള്‍ സംസ്ഥാനതലത്തിലുള്ള വി ഡി സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖനേതാക്കളെല്ലാം ഐ ഗ്രൂപ്പുകാരാണ്. തീര്‍ച്ചയായും ഗ്രൂപ്പിനതീതമായ പ്രതിഛായ സൃഷ്ടിക്കാന്‍ സതീശന് കഴിഞ്ഞിട്ടുണ്ട്. തന്റെ സാധ്യതകള്‍ക്ക് സതീശന്‍ വിഘാതമാണെന്ന് തിരിച്ചറിയുമ്പോഴും നിസ്സഹായാവസ്ഥയിലാണ് ചെന്നിത്തല. മിക്കവാറും അദ്ദേഹത്തിന് ഹൈക്കമാന്റ് നല്‍കുന്ന ഏതെങ്കിലും സ്ഥാനത്ത് ഒതുങ്ങേണ്ടിവരും. സുധാകരനനെ സംബന്ധിച്ചിടത്തോളം കെ പി സി സി പ്രസിഡന്റാകുക എന്ന ചിരകാല ആഗ്രഹം സാധിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയാകാനുള്ള സാധ്യയൊന്നും തനിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അത്തരമൊരു ആഗ്രഹം വെച്ചുപുലര്‍ത്തുന്ന മറ്റൊരാള്‍ കെ സി വേണുഗോപാലാണ്. കേന്ദ്രനേതൃത്വത്തില്‍ എന്തു പിടിപാടുണ്ടെങ്കിലും കേരളത്തില്‍ അദ്ദേഹം സതീശനോളം സ്വീകാര്യനല്ല.

ഇത്തരമൊരു സാഹചര്യത്തിലാണ് കുശാഗ്രബുദ്ധിമാനായ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് തരൂരിനെ രംഗത്തിറക്കിയിരിക്കുന്നത് എന്നു കരുതാം. അതിന്റെ മുന്നോടിയായിരുന്നു അധ്യക്ഷസ്ഥാനത്തേക്കുള്ള മത്സരവും എന്നുറപ്പ്. എ ഗ്രൂപ്പ് ആസൂത്രണം ചെ്തിരിക്കുന്ന രീതിയില്‍ തന്നെയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. അത് ഏറ്റവും തിരിച്ചറിയുന്നത് സതീശന്‍ തന്നെയാണ്. അതാണ് മറ്റു സീനിയര്‍ നേതാക്കള്‍ ഉപയോഗിക്കാത്ത രീതിയിലുള്ള രൂക്ഷമായ വാക്കുകള്‍ തരൂരിനെതിരെ പ്രയോഗിച്ചത്. നഷ്ടപ്പെടാനുള്ളത് തനിക്കാണെന്നു അദ്ദേഹത്തിനു മനസ്സിലായികാണും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തിയെങ്കിലും ഒരു ജനകീയമുഖം ഉണ്ടാക്കുന്നതില്‍ ചെന്നിത്തല പരാജയമായിരുന്നുു. കൊവിഡും പ്രളയവും മറ്റും സൃഷ്ടിച്ച പ്രത്യേക സാഹചര്യവും അതിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പിലേറ്റ വന്‍പരാജയം മുഖ്യമന്ത്രി പദമോഹം മാത്രമല്ല, പ്രതിപക്ഷനേതൃസ്ഥാനവും അദ്ദേഹത്തിനു നഷ്ടപ്പെടാന്‍ കാരണമായി. ഇപ്പോഴാകട്ടെ സതീശന്റെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനം പൊതുവില്‍ എല്ലാവരുടേയും അഭിനന്ദനത്തിനു കാരണമാകുന്നുണ്ട്. ഒപ്പം സര്‍ക്കാരിന്റെ സമീപകാല വീഴ്ചകളും സതീശനു അനുകൂലമാണ്. സാധാരണ നിലയില്‍ അടുത്ത മുഖ്യമന്ത്രി താനാണെന്നു അദ്ദേഹം തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. അതിനിടിലുള്ള തരുരിന്റെ പ്രതീക്ഷിക്കാത്ത രംഗപ്രവേശം തനിക്കാണു ഭീഷണിയെന്നു മനസ്സിലാക്കാനുള്ള വിവേകമൊക്കെ അദ്ദേഹത്തിനുണ്ടല്ലോ. ഊതിവീര്‍പ്പിച്ച ബലൂണ്‍ എന്ന പ്രയോഗമൊക്കെ വരുന്നത് അങ്ങനെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എം കെ രാഘവനൊപ്പം തരൂര്‍ മലബാറില്‍ നടത്തിയ പരിപാടികള്‍ക്കു പുറകില്‍ എ ഗ്രൂപ്പാണെന്ന സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ കോട്ടയത്തെത്തുന്നതോടെ കാര്യ്ങ്ങള്‍ വ്യക്തമാണ്. മിക്ക നേതാക്കളുടേയും ചിത്രങ്ങള്‍ വെച്ച പോസ്റ്ററി്ല്‍ സതീശനെ ഒഴിവാക്കിയപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ഐ ഗ്രൂപ്പ് തിരിച്ചറിയുന്നത്. തരൂരും കൂട്ടരുമാകട്ടെ വിഷയം പാര്‍ട്ടിക്കു പുറത്തേക്കും കൊണ്ടുപോകുകയാണ്. സതീശനോട് പല വിഷയത്തിലും വിയോജിപ്പുള്ള ലീഗിന് തരൂരിനോടാണ് പ്രതിപത്തിയെന്നത് പരസ്യമാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പാണക്കാട്ടെ സന്ദര്‍ശനം അത് അരക്കിട്ടുറപ്പിച്ചിരിക്കുന്നു. കഴിഞ്ഞില്ല, സമീപകാലത്ത് പരമ്പരാഗതമായി ഒപ്പം നിന്നിരുന്ന മിക്ക സമുദായങ്ങളും കോണ്‍ഗ്രസില്‍ നിന്ന് അകലുന്നു എന്ന പരാതിക്കും പരിഹാരം ഉണ്ടാക്കാനുള്ള ശ്രമമാണ് തരൂര്‍. തലശ്ശേരി ബിഷപ്പിനെ കണ്ടതും എന്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കുന്നതുമൊക്കെ അതിന്റെ ഭാഗമാണ്. സതീശമെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയുടെ രൂക്ഷപ്രസ്താവനക്കുശേഷമാണ് തരൂരിനെ അവര്‍ ക്ഷണിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

മറുവശത്ത് ആശയപരമായ പല വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുണ്ട്. തരൂര്‍ സിപിഎമ്മിനോ സംസ്ഥാന സര്‍ക്കാരിനോ എതിരെ കാര്യമായൊന്നും സംസാരിക്കുന്നില്ല, കേരളത്തില്‍ ശക്തരല്ലാത്ത ബിജെപിക്കെതിരെ മാത്രമാണ് എന്ന വിമര്‍ശനം എതിര്‍പക്ഷക്കാര്‍ ഉയര്‍ത്തുന്നു. സിപിഎമ്മും സര്‍ക്കാരും വലിയ പ്രതിസന്ധി നേരിടുകയും പ്രതിപക്ഷത്തിനു മുന്‍തൂക്കം ലഭിച്ചിട്ടും നിയമനവിവാദം, പോലീസിന്റെ വീഴ്ചകള്‍, ഗവര്‍ണ്ണറുമായുള്ള ഏറ്റുമുട്ടല്‍ പോലുള്ള വിഷയങ്ങളില്‍ തരൂര്‍ മൗനമാണെന്നും അവരാക്ഷേപിക്കുന്നു. വിഴിഞ്ഞം പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണക്കുന്നു എന്നും. പലപ്പോഴും മുഖ്യമന്ത്രിയെ പ്രകീര്‍ത്തിക്കാനും തരൂര്‍ തയാറായതായും ചൂണ്ടികാട്ടപ്പെടുന്നു. എന്നാല്‍ ഇത്തരം വിമര്‍ശനം ശക്തമായപ്പോള്‍ തിരുവനന്തപുരം കോര്‍പ്പറേഷനെതിരായ യുഡിഎഫ് സമരത്തില്‍ കഴിഞ്ഞ ദിവസം പങ്കെടുത്ത് അദ്ദേഹം മറുപടി നല്‍കി.

വാസ്തവത്തില്‍ തരൂരിന്റെ നീക്കങ്ങള്‍ ഐ ഗ്രൂപ്പിനെ മാത്രമല്ല, സിപിഎമ്മിനേയും വെട്ടിലാക്കിയിരിക്കുകയാണ്. ഒരു വശത്ത് കോണ്‍ഗ്രസ്സില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതില്‍ അവര്‍ സന്തുഷ്ടരാണ്. തരൂരുമായി കാര്യമായ ഏറ്റുമുട്ടലൊന്നും സിപിഎം നേതാക്കള്‍ നടത്താറില്ല. എ ഐ സി സി തെരഞ്ഞെടുപ്പു വേളയില്‍ പല നേതാക്കളും തരൂരിനെ പ്രശംസിച്ചിരുന്നു. ഐ ഗ്രൂപ്പ് ആരോപിക്കുന്നപോലെ തരൂരിന് സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും സോഫ്റ്റ് കോര്‍ണറാണുള്ളതെന്നും അവര്‍ കരുതുന്നു. അതുകൊണ്ടാകാം ചില സിപിഎം നേതാക്കള്‍ തരൂരിനെ പിന്തുണച്ച് ഇപ്പോഴും രംഗത്തുവന്നു. എന്നാല്‍ മറ്റു ചില നേതാക്കള്‍ തരൂരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതും കണ്ടു. ഈ നീക്കങ്ങള്‍ സതീശനെ ക്ഷീണിപ്പിക്കുമെങ്കിലും തരൂര്‍ അതിശക്തനാകുമോ എന്നവര്‍ ആശങ്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. കേരളരാഷ്ട്രീത്തിലേക്ക് ഇത്തരത്തില്‍ അദ്ദേഹം കടന്നുവരുമെന്ന് സിപിഎമ്മും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ തങ്ങളെ പിന്തുണക്കുന്ന വിവിധ സമുദായങ്ങളെ കോണ്‍ഗ്രസ്ിന് അനുകൂലമാക്കാന്‍ തരൂരിനു കഴിയുമോ എന്നതാണ് അവരുടെ പ്രധാന ആശങ്ക. ചെറുപ്പക്കാര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും തരൂരിനുള്ള സ്വാധീനവും അവര്‍ക്ക് ആശങ്കയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാസ്തവത്തില്‍ ഇപ്പോള്‍ കൊട്ടിഘോഷിക്കപ്പെടുന്നപോലുള്ള ഒരു ആഘാതം ഈ സംഭവവികാസങ്ങള്‍ കോണ്‍ഗ്രസ്സിനു സൃഷ്ടിക്കുമോ എന്നു ചോദിച്ചാല്‍ സാധ്യതയില്ല എന്നതാണ് ഉത്തരം. ഗ്രൂപ്പുകള്‍ നേതാക്കള്‍ തമ്മിലുള്ള കിടമത്സരവും കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പാണ്. സുഭാഷ് ചന്ദ്രബോസിനെ തോല്‍പ്പിക്കാന്‍ ഗാന്ധി തന്നെ രംഗത്തിറങ്ങിയിട്ടുണ്ടല്ലോ. സ്വാതന്ത്ര്യസമരകാലത്തുതന്നെ ഉന്നത നേതാക്കള്‍ക്കിടയില്‍ രൂക്ഷമായ ഭിന്നതയും ഗ്രൂപ്പുപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. പിന്നീട് പാര്‍ട്ടിയുടെ നല്ല കാലത്തും മോശം കാലത്തും അതു തുടര്‍ന്നിട്ടുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കരുണാകരനും ആന്റണിയും ഇരുവശത്തുമായി നിരന്ന ഗ്രൂപ്പിസമായിരുന്നു ഏറ്റവും രൂക്ഷമായത്. നേതാക്കള്‍ മാറുന്നുണ്ടെങ്കിലും അതിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും തുടരുന്നത്. എന്നാല്‍ അതുകൊണ്ട് കോണ്‍ഗ്രസ്സ് തളരുകയോ തകരുകയോ ചെയ്തിട്ടില്ല. സിപിഎമ്മിലെ പോലെ ഉന്നതനേതാക്കളെ കാലുവാരി തോല്‍പ്പിക്കുകയോ വെട്ടിനിരത്തുകയോ ചെ്തിട്ടില്ല. ഇടവിട്ട അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ജയിച്ചും പോന്നു. കഴിഞ്ഞ തവണത്തെ പരാജയം കൊവിഡ്, പ്രളയം പോലുള്ള ദുരന്തങ്ങള്‍ സൃഷ്ടിച്ച പ്രത്യേക സാഹചര്യത്തിന്റേതാണ്.

കോണ്‍ഗ്രസ്സ് അടിസ്ഥാനപരമായി ജനാധിപത്യപാര്‍ട്ടിയാണ്. അതില്‍ സ്റ്റാലിനിസ്റ്റ് ചട്ടക്കൂടുകള്‍ കൊണ്ടുവരുന്നതാണ് പാര്‍ട്ടിയെ തകര്‍ക്കുക. നേതാക്കളുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനെ വിലക്കുന്നതുമൊന്നും കോണ്‍ഗ്രസ്സ് ശൈലിയല്ല. കോണ്‍ഗ്രസ്സ് സിപിഎമ്മിനു പഠിക്കേണ്ടതില്ല. സതീശനും തരൂരും മാത്രമല്ല, എല്ലാ നേതാക്കളും വാശിയോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരാകണമെന്നത് ആ സമയത്ത് പാര്‍ട്ടിക്കകത്തെ മാത്രമല്ല പുറത്തേയും ഭൂരിപക്ഷാഭിപ്രായത്തില്‍ തീരുമാനിക്കുകയാണ് വേണ്ടത്. ഇപ്പോഴത്തെ കാംക്ഷികളായ സതീശനും തരൂരും അതിനര്‍ഹര്‍ തന്നെയാണ്. അതേസമയം കോണ്‍ഗ്രസ്സ് നിലനില്‍ക്കേണ്ടതും ശക്തിപ്പെടേണ്ടതും രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ കാലത്ത് അനിവാര്യമാണ്. ഒരുപക്ഷെ കേരളത്തിലെ സിപിഎം ഒഴികെ രാജ്യത്തെ മുഴുവന്‍ ജനാധിപത്യക്തികളും അതാഗ്രഹിക്കുന്നു. കേരളത്തിലെ സിപിഎം എന്തുകൊണ്ടങ്ങനെ ചിന്തിക്കുന്നു എന്നത് വ്യക്തമാണെന്നതിനാല്‍ അവരെ കുറ്റപ്പെടുത്താനുമാകില്ല. രാജ്യം നേരിടുന്ന ഈ വെല്ലുവിളി തിരിച്ചറിഞ്ഞാണ്, അതേറ്റെടുത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യാത്ര നടക്കുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ പ്രധാന ശക്തികേന്ദ്രമായ കേരളത്തിലെ സംഭവവികാസങ്ങള്‍ പാര്‍ട്ടിയെ തളര്‍ത്തുന്നതിനു പകരം വളര്‍ത്താനുള്ള ദിശയിലേക്ക് തിരിച്ചുവിടാനാണ് നേതാക്കള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ കാലത്തിനുമുന്നില്‍ കുറ്റവാളികളായി അവര്‍ക്ക് നില്‍ക്കേണ്ടിവരും.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply