ബിരിയാണിയെ വീണ്ടും വായിക്കുമ്പോള്‍

സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോള്‍ അതില്‍ വിശപ്പും ദാരിദ്ര്യവും പട്ടിണിയും മരണവും സുഭിക്ഷതയും അഹന്തയും അന്തക്കേടും എല്ലാം പ്രതിപാദനങ്ങളായി വരികയും കഥയെ പൊള്ളുന്ന ഒരു അനുഭവമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അസ്പ്രഷ്ടതയോ ആപല്‍ക്കരമായ സൂചകങ്ങളൊ ഒന്നുമില്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ തുറന്ന പുസ്തകമായി അവതരിപ്പിക്കപ്പെട്ട കഥ അതീവ പാരായണ ക്ഷമമാണ്. ദുര്‍ഗ്രഹതയും ക്ലിഷ്ടതയും സമ്മാനിക്കാതെ ലളിതസുന്ദരമായി എഴുതിയ ബിരിയാണി, സമുദായത്തിനകത്തെ ജീര്‍ണ്ണതക്ക് നേരെ പിടിച്ച കണ്ണാടിയാണ് എന്നതോടൊപ്പം വിശപ്പിനെയും മരണത്തെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് സമൂഹത്തിന്റെ മറ്റൊരു ദുരന്തത്തെയും ഓര്‍മപ്പെടുത്തുന്നു.

ബിരിയാണി കേവലമൊരു ഭക്ഷണ പദാര്‍ഥമല്ലെന്നും അത് ഒരു സാംസ്‌കാരിക സാമൂഹിക പ്രതിനിധാനത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനകത്തെ ആഘോഷത്തിലെ മുഖ്യചിഹ്നങ്ങളിലൊന്നാണെന്നും നമുക്കറിയാം. പക്ഷെ സന്തോഷ് എച്ചിക്കാനം ബിരിയാണി എന്ന കഥയെഴുതുമ്പോള്‍ അതില്‍ വിശപ്പും ദാരിദ്ര്യവും പട്ടിണിയും മരണവും സുഭിക്ഷതയും അഹന്തയും അന്തക്കേടും എല്ലാം പ്രതിപാദനങ്ങളായി വരികയും കഥയെ പൊള്ളുന്ന ഒരു അനുഭവമാക്കി തീര്‍ക്കുകയും ചെയ്യുന്നു. അസ്പ്രഷ്ടതയോ ആപല്‍ക്കരമായ സൂചകങ്ങളൊ ഒന്നുമില്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ തുറന്ന പുസ്തകമായി അവതരിപ്പിക്കപ്പെട്ട കഥ അതീവ പാരായണ ക്ഷമമാണ്. ദുര്‍ഗ്രഹതയും ക്ലിഷ്ടതയും സമ്മാനിക്കാതെ ലളിതസുന്ദരമായി എഴുതിയ ബിരിയാണി, സമുദായത്തിനകത്തെ ജീര്‍ണ്ണതക്ക് നേരെ പിടിച്ച കണ്ണാടിയാണ് എന്നതോടൊപ്പം വിശപ്പിനെയും മരണത്തെയും പ്രശ്‌നവല്‍ക്കരിച്ചുകൊണ്ട് സമൂഹത്തിന്റെ മറ്റൊരു ദുരന്തത്തെയും ഓര്‍മപ്പെടുത്തുന്നു. ഉണ്ണുന്ന ബസുമതിയും ഉണ്ണാത്ത ബസുമതിയും എന്ന ജീവിതത്തിന്റെ രണ്ട് യാഥാര്‍ത്ഥ്യങ്ങളെ നമ്മുടെ മുന്നിലേക്ക് കഥാകൃത്ത് അവതരിപ്പിക്കുമ്പോള്‍ വിലയില്ലാതായി തീര്‍ന്ന മനുഷ്യജീവനാണ് അതില്‍ ഒരു ബസുമതിയെങ്കില്‍ നമ്മുടെ ആഘോഷങ്ങളിലെ അന്തസ്സിന്റെയും പ്രൗഡിയുടെയും വില കൂടിയ ഭക്ഷണമാണ് മറ്റൊരു ബസുമതി.

ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്ന് മരിച്ച തന്റെ മകളുടെ ദുരന്തകഥ അച്ഛന്‍ ഗോപാല്‍ യാഥവ് വിവരിക്കുന്നത് ദമ്മ് പൊട്ടിക്കാത്ത ബസുമതി ബിരിയാണി കുഴിയില്‍ മൂടുന്ന ജോലി ചെയ്യുമ്പോഴായിരുന്നു എന്നത് ഞെട്ടലോടെയല്ലാതെ വായിക്കാന്‍ കഴിയില്ല. രണ്ട് വൈരുദ്ധ്യങ്ങളെ അഥവാ രണ്ട് ദുരന്തങ്ങളെ വായനക്കാരന് മുന്നില്‍ കഥാകൃത്ത് അവതരിപ്പിക്കുമ്പോള്‍ നമ്മിലെ ധാര്‍മിക രോഷം ഉയരുകയും അതോടൊപ്പം ഒരു തരത്തിലുള്ള നിസ്സഹായതയും നിസ്സംഗതയും നമുക്ക് സമ്മാനിക്കുകയും ചെയ്യുന്നു. ഒന്ന് ഇല്ലായ്മയുടെയും പട്ടിണിയുടെയും ദുരന്തമാണെങ്കില്‍ മറ്റൊന്ന് ആധിക്യത്തിന്റയും അഹന്തയുടെയും ദുരന്തമാണ്. സങ്കീര്‍ണതയുടെ ഘടനയൊ അപരിചിത ഭാഷ പ്രയോഗമൊ ഇല്ലാതെ ലാളിത്യം കൊണ്ട് ശ്രദ്ധേയമായ ബിരിയാണി പരിചിതമായ ലോകത്തെ നമ്മുടെ ദൈനംദിന ജീവിതത്തെ സ്വയം വിശദീകരിക്കുന്നു. തൊഴില്‍, കൂലി, അധ്വാനം, വിശപ്പ്, ദാരിദ്യം, ധൂര്‍ത്ത്, പൊങ്ങച്ചം, വിലപേശല്‍ തുടങ്ങി നമ്മുടെ സ്ഥിരം വ്യവഹാരങ്ങളെയെല്ലാം പ്രശ്‌നവല്‍ക്കരിച്ച് മുന്നോട്ട് പോവുന്ന കഥ വായനക്ക് ശേഷം ഒരു രോദനം മുഴക്കി കൊണ്ടാണ് അവസാനിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മകള്‍ ബസുമതിയുടെ മരണം വളരെ യുക്തിദത്രമായിരുന്നു. അത് അപ്രതീക്ഷിതമായിരുന്നില്ല. കാരണം ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നാല്‍ മരിക്കുമെന്നത് സ്വാഭാവികം. അതിന് അതിര് കടന്ന യുക്തിബോധത്തിന്റെ ആവശ്യമില്ല എന്ന് കഥാകൃത്ത് പറയാതെ പറയുന്നു. ദയാരഹിതമായ ദൈന്യതയുടെ ചുറ്റുപാടില്‍ സാമൂഹ്യജീവിതം തരം താഴ്തിയ മനുഷ്യ വികാരങ്ങളെ അടയാളപ്പെടുത്തുന്ന ഈ കഥയില്‍ വേദനകള്‍ മാത്രം അതിന്ന് ജീവിക്കാന്‍ വിധിക്കപ്പെട്ട ഇത്തരം മനുഷ്യരുടെ ദീനരോദനം നമുക്ക് കേള്‍ക്കാം. ഇത്തരത്തിലുള്ള മനുഷ്യര്‍ അനുഭവിക്കുന്ന ദൈന്യതയുടെ നേര്‍ ചിത്രങ്ങളെ ഈ കഥയില്‍ നമുക്ക് വായിച്ചെടുക്കാം. പട്ടണത്തിലെ പലചരക്ക് കടയില്‍ പോകുമ്പോഴെല്ലാം ബസുമതി അരി കാണുകയും വാങ്ങാനുള്ള മോഹം ഉള്ളിലൊതുക്കി സ്വല്പം അരി കയ്യിലെടുത്ത് മണപ്പിച്ച് സായൂജ്യമടയുന്നഗോപാല്‍ യാഥവ് അയാളുടെ സ്‌നേഹനിധിയായ ഭാര്യക്ക് ഒരു ദിവസം അമ്പത് ഗ്രാം ബസുമതി അരി വാങ്ങി കൊടുക്കുകയും അവര്‍ അത് ചവച്ചരക്കുന്നത് നോക്കി നിന്ന് നിര്‍വൃതി അടയുകയുകയും ചെയ്യുന്നു. ഇത്തരത്തില്‍ പരിമിതമായ ആഗ്രഹങ്ങളെ പോലും നിവര്‍ത്തിക്കാന്‍ കഴിയാത്ത പച്ചമനുഷ്യരുടെ നിസ്സഹായതയുടെയും ദൈന്യതയുടെയും മുഖം ഏത് സാമൂഹിക വ്യവസ്ഥിതിയുടെ ഉല്‍പന്നമാണെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നു.

തന്റെ ഭൂതകാലത്തിലെ ദുരന്തകഥ വിവരിക്കുമ്പോള്‍ സ്വയം ഇളിഭ്യന്നും പാപം ചെയതവനും ആയിതീരുന്ന ഒരവസ്ഥാവിശേഷത്തെ ഗോപാല്‍ യാധവ് വിവരിക്കുന്നത് നമുക്ക് കഥയില്‍ ഇങ്ങനെ വായിക്കാം. നമ്മള്‍ ഒരാളോട് നമ്മുടെ വേവലാതികള്‍ പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ അതെ തോതിലല്ലെങ്കിലും ചില വേദനകളിലൂടെ കടന്ന് പോയിരിക്കുകയെങ്കിലും വേണം. അല്ലാത്തവരോട് നമ്മളത് പറയരുത്. പറഞ്ഞാല്‍ നമ്മള്‍ സ്വയം കുറ്റവാളിയൊ കോമാളിയൊ ആയിതീരും. ഈയൊരു വാക്യത്തില്‍ കഥാകൃത്ത് വലിയൊരു സത്യത്തെയും തത്ത്വചിന്തയെയുമാണ് ഉയര്‍ത്തുന്നത്. അപരന്റെ വേദന ഉള്‍ക്കൊള്ളുന്നില്ലെങ്കിലും മനസ്സിലാക്കാനുള്ള ഒരു തലത്തിലേക്ക് മനുഷ്യമനസ്സുകള്‍ക്ക് വികാസം സംഭവിക്കുമ്പോള്‍ മാത്രമെ സാംസ്‌കാരിക ബോധമുള്ള മനുഷ്യരായി നാം മാറുകയുള്ളൂ. സാമൂഹ്യജീവിതത്തിന്റെ അന്തസ്സത്ത നിലകൊള്ളുന്നത് അപ്പുറത്തിരിക്കുന്നവനെ അറിയുമ്പോഴും അറിയാന്‍ ശ്രമിക്കുമ്പോഴുമാണ് എന്ന് ഇനിയും നാം മനസ്സിലാക്കിയിട്ടില്ല. മനുഷ്യസമൂഹമായി നാം ജീവിക്കുമ്പോഴും നിസ്സഹായവരായ മനുഷ്യരുടെ ദീനരോദനങ്ങള്‍ സ്വാഭാവികതയായി നാം മനസ്സിലാക്കിയിരിക്കുന്നു. ഇത്തരംസ്വാഭാവിക ബോധങ്ങളെ മറികടക്കാന്‍ കഴിയാതെ കമ്പോളയുക്തി മനുഷ്യജീവിതത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ലോകത്താണെല്ലൊ നാം ജീവിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമിതഭക്ഷണത്തെ ആഘോഷമാക്കി ഭക്ഷണത്തിനു മേല്‍ ഭക്ഷണം അനുഭവിച്ച് അസംബന്ധത്തെ ഉല്‍സവമാക്കി കല്യാണവിരുന്നുകള്‍ മാറ്റപ്പെട്ട സാഹചര്യത്തെ സാമൂഹ്യ വിമര്‍ശനത്തിന് വിധേയമാക്കാന്‍ സാധിക്കുന്നിടത്താണ് ഈ കഥയുടെ പ്രസക്തി മൂല്യം നിലകൊള്ളുന്നത്. നട്ടുച്ചയേക്കാള്‍ ചൂടുള്ള രോഷം ഉല്‍പാദിപ്പിക്കാന്‍ ഈ കഥയ്ക്ക് സാധിക്കുന്നത് പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തെ കഥാകൃത്ത് വരച്ചിടുന്നത് ലളിത ഭാഷ കൊണ്ട് മാത്രമല്ല പ്രതിപാദനത്തിന്റെ മികവ് കൊണ്ട് കൂടിയാണ്. സാമൂഹ്യ യാഥാര്‍ത്ഥ്യത്തിന്റെ നിരവധി വശങ്ങളെ വ്യവഹരിക്കുന്ന കഥയില്‍ ബോധപൂര്‍വമായ ഒരു ഞെട്ടലിനെ സൃഷിക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നില്ല. പക്ഷെ കഥ വായിച്ച് തീരുമ്പോള്‍ നമ്മളില്‍ ഞെട്ടലുണ്ടാവുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിന്റെ ക്ലിഷ്ടതകളെ ഓര്‍മപ്പെടുത്തുന്ന ഈ കഥ മനുഷ്യവേദനയെ, യാത്രയെ, പാലായനത്തെ, നാട് നീങ്ങലിനെ സ്വന്തം നാട് പോലും വിസ്മൃതിയിലാവുന്നതിന്റെ ദുരന്തങ്ങളെ എല്ലാം ഓര്‍മപ്പെടുത്തുന്നു. തന്നെ പോലെ തന്റെ നാടും ബീഹാര്‍ വിട്ടിരിക്കുന്നു എന്ന് അറിയാതിരിക്കാന്‍ മാത്രം വിസ്മൃതിയിലേക്ക് സ്വന്തം നാടിനെ കുറിച്ചുള്ള ബോധം എത്തിപ്പെട്ട ഇത്തരത്തിലുള്ള മനുഷ്യര്‍ നമുക്ക് ചുറ്റിലുമുണ്ടെന്നും ഇവരെ മനുഷ്യരായി ഉള്‍ക്കൊള്ളാനുള്ള സാമൂഹ്യ ബോധ്യത്തിലേക്ക് നാം ഇനിയും വികസിക്കേണ്ടിയിരിക്കുന്നു.

നമ്മള്‍ എത്തിപ്പെട്ട ജീര്‍ണ്ണതക്കെതിരെ കൃത്യമായ വിമര്‍ശനം ഉന്നയിച്ച് തിരുത്തല്‍ ശക്തിയായി ഈ കഥയെ വായിക്കുമ്പോഴും ഇസ്ലാം ഫോബിയയുടെ സൃഷ്ടിയാണ് എന്നുള്ള മറുവായനയെയും നമുക്ക് കാണാതിരുന്നു കൂടാ. കാരണം പൈശാചികവല്‍കരിക്കപ്പെട്ട കഥാപാത്രസൃഷ്ടിയിലൂടെ മുസ്ലിംവിരുദ്ധത പ്രസരിപ്പിക്കാന്‍ കഥയില്‍ ശ്രമിക്കുന്നു എന്ന് ആരെങ്കിലും ആരോപിച്ചാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കില്ല. നാല് കെട്ടിയ കലന്തന്‍ ഹാജിയും വൃഷണം ചൊറിഞ്ഞ് കൊണ്ടിരിക്കുന്ന അസനാര്‍ച്ചയും കേരളീയ പൊതുബോധം ഉല്‍പാദിപ്പിച്ച മുസ്ലിംബിംബങ്ങളാണ്. ബിംബനിര്‍മിതിയിലെ ഈ പൊതുബോധത്തെ മറികടക്കാന്‍ കഥാകൃത്തിന് സാധിക്കാതെ വരുന്നത് അദ്ദേഹം ഇസ്ലാമോഫോബിയയുടെ വക്താവായത് കൊണ്ടല്ല. മറിച്ച് അബോധപരമായി അദ്ദേഹത്തെയും സ്വാധീനിച്ച സവര്‍ണ്ണബോധവും മുസ്ലിം വിരുദ്ധ ബോധ്യങ്ങളുമാണ്. മുസ്ലിം വിരുദ്ധത ഒഴിവാക്കാനൊ ഒഴിവാക്കണമെന്ന് ഭാവിക്കാനൊ വിസമ്മതിക്കുന്ന ഒരു കഥാപാത്രസൃഷ്ടിയാണ് സന്തോഷ് എച്ചിക്കാനം നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെത് ഒഴിവാക്കാന്‍ പറ്റാത്ത കഥാപാത്രസൃഷ്ടിയാണെങ്കിലും മുസ്ലിംവിരുദ്ധമായ ഉള്ളടക്കത്തെ ആരെങ്കിലും വായിച്ചെടുത്താല്‍ കുറ്റപ്പെടുത്താനും കഴിയില്ല. എങ്കിലും ഇസ്ലാം ഫോബിയയുടെ സൃഷ്ടിയാണ് എന്ന് വിമര്‍ശിച്ച് ഈ കഥയെ കോര്‍ണറൈസ് ചെയ്യുന്നതിനേക്കാളും ഗുണപരമായത് നമ്മുടെ ജീര്‍ണതക്ക് നേരെ പിടിച്ച കണ്ണാടി എന്ന നിലയിലുള്ള വായനയാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply