യോഗ മികച്ച വ്യായാമമല്ല

അസാധാരണമായ രീതിയില്‍ ശ്വാസമെടുക്കുന്ന വിദ്യകളും യോഗാസനങ്ങളും മതിഭ്രമം സൃഷ്ടിക്കാനിടയുണ്ട്. ഏകാഗ്രതാവസ്ഥയില്‍ ശ്വാസം പിടിച്ചു നിര്‍ത്തിക്കൊണ്ട് ചെയ്യുന്ന പ്രാണായാമം മിഥ്യ അനുഭൂതികള്‍ രൂപപ്പെടുത്തും. രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറഞ്ഞാല്‍ ഹൈപോക്കപ്നിയ എന്ന അവസ്ഥ ഉണ്ടാക്കും. അത് മിഥ്യാനുഭൂതികളും ഭ്രമങ്ങളും ഉണ്ടാക്കും. ബോധം രൂപപ്പെടുത്തുന്ന മസ്തിഷ്‌കത്തിലെ ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ധ്യാനാവസ്ഥയില്‍ മന്ദീഭവിക്കുന്നതായി ഗവേക്ഷണത്തില്‍ (Evidence from FMRI ) കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ യോഗ നല്ല വ്യായാമമല്ല. ചില്ലറ യോഗകള്‍ സന്ധികള്‍ക്ക് അയവുവരുത്തുന്നതിനുവേണ്ടി ഉപയോഗിക്കാം എന്നല്ലാതെ അത്ഭുതകരമായി ഒന്നും തന്നെ അതിലില്ല – കൊവിഡിനെതിരായ പോരാട്ടത്തില്‍ യോഗക്കു വലിയ പങ്കുണ്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ഒരു വിശകലനം

മനുഷ്യന്‍ ഹിംസ്ര മൃഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വന്‍വൃക്ഷങ്ങളിലും പാറമടക്കുകളിലും പതുങ്ങിയിരുന്നിരുന്നു. വള്ളിപ്പടര്‍പ്പുകളിലൂടെ പറന്നു കയറി- നായാടി, ജീവികളെ കൊന്നു ഇറച്ചി കാര്‍ന്നെടുത്തു ജീവിച്ചു പോന്ന ഒരു കാലം മനുഷ്യനുണ്ടായിരുന്നു. മനുഷ്യ ശരീരത്തില്‍ ഏറ്റവുമധികം ഊര്‍ജം ഉപയോഗിക്കുന്നത് മസ്തിഷ്‌കവും അന്നപഥവും ആയതുകൊണ്ട് കൂടുതല്‍ ഊര്‍ജം ഉത്പാദിപ്പിക്കുന്ന മാംസം അനിവാര്യമായിരുന്നു. ഭക്ഷണം തേടിയുള്ള യാത്രകള്‍ ഹിംസ്രമൃഗങ്ങളില്‍ നിന്നുള്ള പ്രതിരോധങ്ങള്‍ മറ്റു ഗോത്രങ്ങളില്‍ നിന്നുള്ള ആക്രമണങ്ങളും എല്ലാം മനുഷ്യ ശരീരത്തെ കൂടുതല്‍ ആയാസമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമാക്കി. മനുഷ്യര്‍ ചാടിയും ഓടിയും നടന്നും എല്ലാമാണ് അതിജീവിച്ചത്. യാത്രകള്‍ക്കും വേട്ടയാടുന്നതിനും കൂടുതല്‍ ശക്തമായ കൈകാലുകളും ദൃഢമായ ശരീരവും ആവശ്യമായി വന്നു.

നാടോടി ജീവിതത്തില്‍ നിന്ന് ആധുനിക മനുഷ്യന്‍ സ്ഥിരമായ ഇടങ്ങളിലേയ്ക്ക് നീങ്ങുകയും അവിടെ സാമൂഹ്യ ജീവിതം വളര്‍ന്നുവരുകയും ചെയ്തു. അവിടെയും മനുഷ്യന്‍ നായാടിയായിരുന്നു. മൃഗങ്ങളെ അമ്പും വില്ലും ഉപയോഗിച്ച് വീഴ്ത്തുന്നു, കെണിവെച്ചു പിടിക്കുന്നു. കൃഷിയും മൃഗപരിപാലനവും വേട്ടയാടലും അടക്കമുള്ള ഭക്ഷ്യ സമ്പാദനരീതികളിലെല്ലാമായി ആധുനിക മനുഷ്യന്‍ ശാരീരികവും മസ്തിഷ്‌കപരവുമായും ഇന്നത്തെ മനുഷ്യരാശിയായി പരിണമിച്ചു. കാലക്രമേണ മനുഷ്യന്‍ ഭൂപ്രകൃതിയെയും കാലാവസ്ഥയെയും നീരിക്ഷിച്ചു അതിന്റെ അടിസ്ഥാനത്തില്‍ ജീവിത രീതി രൂപപ്പെടുത്തി. അവര്‍ കന്നുകാലി മേയ്ക്കലും വിളഭൂമിയുടെ സംരക്ഷണവും കൃഷിയുമായുള്ള ജീവിത മാര്‍ഗ്ഗത്തില്‍ നദി തടങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സ്ഥിര താമസമാക്കുകയായിരുന്നു.

കുട്ടികളും വൃദ്ധരും ഗര്‍ഭണികളും ഒഴികെ മറ്റെല്ലാം സ്ത്രീപുരുഷന്മാരും വേട്ടയാടലില്‍ പങ്കെടുത്ത ഒരു ജൈവഘടനയില്‍ വന്ന പരിണാമപരമായ മനുഷ്യ ശരീരം -പുരുഷന്‍മാര്‍ പതിനൊന്നു കിലോമീറ്ററും സ്ത്രീകള്‍ ആറ് കിലോമീറ്ററും, നായാടുന്നതിനും വിഭവ സമ്പാദനത്തിനുമായി ദിനം പ്രതി നടക്കുമായിരുന്നു (ഏതാണ്ട് 10000 കാലടികള്‍ ).നായാടിയും മല്ലിട്ടും പാലായനം ചെയ്തും സംഭവിച്ച പരിണാമങ്ങളിലെല്ലാം മനുഷ്യശരീരം കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ വ്യാപരിക്കുകയായിരുന്നു. നമ്മുടെ ഭൂഖണ്ഡത്തില്‍ മനുഷ്യരുടെ ആദ്യസംഘം കടന്നുവന്ന അവസ്ഥയില്‍ നിന്ന് മാറാതെ നായാടി ജീവിക്കുന്ന ശിലായുഗ സംസ്‌കാരം നിലനിര്‍ത്തുന്ന പ്രാകൃത ഗോത്രവിഭാഗങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ആന്‍ഡമാനിലെ സെന്റിനാള്‍ ഗോത്രക്കാര്‍ അത്തരത്തിലൊന്നാണ് .

യോഗയും ധ്യാനവും ചെയ്തല്ല മനുഷ്യന്‍ അതിജീവനശേഷി ആര്ജിച്ചെടുത്തത്. തന്നെ കൊല്ലാന്‍ ശേഷിയുള്ള മൃഗത്തിനു മുന്പില്‍ പെട്ടാല്‍ ഓടി രക്ഷപെടണമായിരുന്നു , കൗശലം പ്രയോഗിച്ചു ശത്രു മൃഗങ്ങളെ കിഴ്‌പെടുത്തിയ മനുഷ്യശരീരം- വേട്ടയാടാന്‍, മരം കയറാന്‍, ഓടാന്‍, ചാടാന്‍ പോന്ന മനുഷ്യ ശരീരം സ്വസ്ഥമായി ഒരു സ്ഥലത്തു അടക്കിയൊതുക്കി വെച്ചത് കൊണ്ടോ (യോഗ) ദീര്‍ഘമായി ശ്വാസം വലിച്ചുവിട്ടതുകൊണ്ടോ (പ്രാണായാമം) പ്രതിരോധ ശേഷി കൈവരുകയോ, ആരോഗ്യ പരിപാലനം സാധ്യമാകുകയോ ചെയ്യില്ല. നായാടികൊണ്ടുള്ള ജീവിതം മനുഷ്യന്റെ ശരീര പ്രകൃതിയിലും സ്വഭാവ പരിണാമത്തിലും ചെലുത്തിയ സ്വാധീനം അനന്യമാണ്. മനുഷ്യന്‍ കൃഷി തുടങ്ങിയത് ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.കൃഷി ചെയ്തു ആഹാര സമ്പാദനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിച്ചതോടുകൂടി നിരന്തര വേട്ടയാടല്‍ മനുഷ്യന് ആവശ്യമില്ലാതെ വന്നു. സുലഭമായ വിഭവ സമാഹരണം മനുഷ്യന് വിശ്രമിക്കാന്‍ ചോദനയായി . മറ്റ് ജീവ ജാലങ്ങളെപ്പോലെ വേട്ടയാടി ഭക്ഷണം തേടേണ്ട ബുദ്ധിമുട്ട് ആധുനിക നാഗരികര്‍ക്കില്ല. പക്ഷെ വേട്ടക്കാരനായി ഭക്ഷണം കണ്ടെത്തേണ്ട ഒരു ശരീരമാണ് ആധുനിക മനുഷ്യനുള്ളത്.അവിടെയാണ് വ്യായാമത്തിന്റെ പ്രാധാന്യം അനിഷേധ്യമാകുന്നത്.

നമ്മുടെ ജൈവ ഘടനയ്ക്കു ഉയര്‍ന്ന ഇന്റെന്‍സിറ്റിയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ (High intensity Activities) പരിണാമപരമായി ആവശ്യമാണ്.നമ്മുടെ ശരീരവും ജീനുകളും അത്തരത്തില്‍ സമരസപ്പെട്ടതാണ്. അത് ഗുഹാമനുഷ്യനില്‍ നിന്ന് പരിണാമപരമായി ലഭിച്ചതാണ്. പ്രകൃതിയുമായുള്ള അതിജീവന സമരത്തില്‍ രൂപപ്പെട്ട അവരുടെ ശരീരം, ജീനുകള്‍ എല്ലാം തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് കൈമാറുന്ന പ്രതിഭാസത്തിന്റെ ഭാഗമായതാണ് ആധുനിക മനുഷ്യശരീരം

മനുഷ്യശരീരത്തിന് കഴിഞ്ഞ പതിനായിരം വര്‍ഷത്തിനുള്ളില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാക്കിയ പരിണാമമെന്നും സംഭവിച്ചിട്ടില്ല . മനുഷ്യ ശരീര ത്തിന് ആവശ്യമുള്ളത് ഇടയ്ക്കിടെയുള്ള കാഠിന്യമുള്ളതും അതേസമയം രണ്ടോ മൂന്നോ മിനിറ്റു മാത്രം നിലനില്‍ക്കുന്നതുമായ വ്യായാമമാണ് ((short burst exercise). അത് ഒരുമിനുട്ട് മാത്രം നീണ്ടുനില്‍ക്കുന്ന വേഗത്തിലുള്ള ഓട്ടമാകാം, ഒരു കുന്നു കയറുന്നതാകാം …ഉയര്‍ന്ന കഠിനമായ വ്യായാമമുറകള്‍ അതിന് ശേഷമുള്ള വിശ്രമം. അതാണ് വ്യായാമത്തിന്റെ പരിണാമപരമായ കൃത്യത.

വ്യായാമങ്ങള്‍ മൂന്ന് തരത്തിലുണ്ട് .

1. എയറോബിക് വ്യായാമങ്ങള്‍
2. മാംസപേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുതകുന്ന സ്‌ട്രെങ്തനിങ് വ്യായാമങ്ങള്‍
3. സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ -സന്ധികള്‍ക്കു അയവു വരുത്തുന്നതിന് .

ഒരു എയറോബിക് വ്യായാമമാണ് നടത്തം. നടക്കുമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും രക്തയോട്ടം വര്‍ദ്ധിക്കുന്നതോടൊപ്പം ഹൃദയം ശ്വാസകോശം കാലിലെ പേശികള്‍ എന്നിവയ്ക്ക് വ്യായാമം ലഭിക്കുകയും ചെയ്യും. തല ഉയര്‍ത്തിപ്പിടിച്ചു കാലുകള്‍ നീട്ടിവെച്ചു കൈകള്‍ വീശി ആയാസരഹിതമായി നടക്കണം . വെയ്റ്റിംഗ് ലിഫ്റ്റ്, പുഷ് അപ് പുള്‍ അപ്, ജിം, ഓട്ടം തുടങ്ങിയവ സ്‌ട്രെങ്ത്തനിങ് വ്യായാമങ്ങളാണ്. രോഗങ്ങള്‍ ഉണ്ടെങ്കില്‍ അതിനനുസരിച്ചു വേണം ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാന്‍ . ലളിതമായ വ്യായാമങ്ങള്‍, ഡാന്‍സ്, വശങ്ങളിലേക്ക് തിരിയല്‍, വ്യായാമത്തിലൂടെ പാദങ്ങള്‍ തൊടുക തുടങ്ങിയവ സ്‌ട്രെച്ചിങ് വ്യായാമങ്ങളാണ്. സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുക വഴി മാനസിക നില മെച്ചപ്പെടുന്നതിന് ഇത്തരം വ്യായാമങ്ങള്‍ ഉപകരിക്കും.

യോഗയിലെ അപകടങ്ങള്‍

യഥാര്‍ത്ഥത്തില്‍ യോഗ പോലുള്ള – അയവു വരുത്തുന്ന വ്യായാമങ്ങള്‍ ഭാരതിയേതര നാഗരികതകളിലും വികസിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ യോഗാഭ്യാസത്തിലൂടെ അത്ഭുത സിദ്ധികള്‍ നേടാനാകുമെന്ന് ഇന്ത്യയിലെ യോഗികള്‍ അവകാശപ്പെട്ടിരുന്നു. വേദകാലഘട്ടം മുതലേ ഇന്ത്യയില്‍ കഞ്ചാവ് സുലഭമായിരുന്നതിനാലും , കഞ്ചാവും ഒപ്പം യോഗയും, ധ്യാനവും സൃഷ്ടിക്കുന്ന മിഥ്യാനുഭുതിയില്‍ അവര്‍ക്ക് ആകാശത്തിലൂടെ പറന്നുപോകുന്നതായും സ്വയംഭൂവായി മാറുന്നതുപോലെയുമൊക്കെ തോന്നിയിരിക്കാം.

മാത്രമല്ല ഹിസ്റ്റീരിയയും മനോവിഭ്രാന്തിയും ബാധിച്ച ചില മനുഷ്യര്‍ ധ്യാനവും യോഗയും ചെയ്തപ്പോള്‍ ഉണ്ടായ വ്യാജ അനുഭൂതികളെല്ലാം ദിവ്യമായ അരുളപ്പാടുകളായി പ്രചരിപ്പിക്കുകയുണ്ടായി. സാധാരണയായി തുടര്‍ച്ചയായി ധ്യാനവും യോഗാഭ്യസവും ചെയുമ്പോള്‍ മസ്തിഷ്‌കത്തിലെ ചില കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സെറിബ്രത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുമ്പോള്‍ യുക്തിവിചാരം നഷ്ടപ്പെടും. അപ്പോള്‍ മാനസിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തലാമസിലെ ചില പ്രവര്‍ത്തനങ്ങള്‍ –ചിലതരം അനുഭൂതികളും ഭാവനദൃശ്യങ്ങളും വ്യക്തിയില്‍ അനുഭവപ്പെടുത്തും. ആ സമയത്തു് വ്യക്തിയുടെ മതവിശ്വാസവും ധാരണകളും അനുസരിച്ചുള്ള അവസ്ഥ വ്യക്തിക്കുണ്ടാകുന്നു. അത്തരം അവസ്ഥയെ മിസ്റ്റിക്കായും അതീന്ദ്രിയ ശക്തിവിശേഷമായും അവര്‍ തന്നെ വിവക്ഷിക്കാറുണ്ട് .

അസാധാരണമായ രീതിയില്‍ ശ്വാസമെടുക്കുന്ന വിദ്യകളും യോഗാസനങ്ങളും മതിഭ്രമം സൃഷ്ടിക്കാനിടയുണ്ട്. ഏകാഗ്രതാവസ്ഥയില്‍ ശ്വാസം പിടിച്ചു നിര്‍ത്തിക്കൊണ്ട് ചെയ്യുന്ന പ്രാണായാമം മിഥ്യ അനുഭൂതികള്‍ രൂപപ്പെടുത്തും. രക്തത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറഞ്ഞാല്‍ ഹൈപോക്കപ്നിയ എന്ന അവസ്ഥ ഉണ്ടാക്കും. അത് മിഥ്യാനുഭൂതികളും ഭ്രമങ്ങളും ഉണ്ടാക്കും. ബോധം രൂപപ്പെടുത്തുന്ന മസ്തിഷ്‌കത്തിലെ ചില പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ധ്യാനാവസ്ഥയില്‍ മന്ദീഭവിക്കുന്നതായി ഗവേക്ഷണത്തില്‍ (Evidence from FMRI ) കണ്ടെത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ യോഗ നല്ല വ്യായാമമല്ല. ചില്ലറ യോഗകള്‍ സന്ധികള്‍ക്ക് അയവുവരുത്തുന്നതിനുവേണ്ടി ഉപയോഗിക്കാം എന്നല്ലാതെ അത്ഭുതകരമായി ഒന്നും തന്നെ അതിലില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply