മറ്റൊരാളെ തൊട്ടാല്‍ കൈ കഴുകേണ്ട ലോകം ഭരിക്കാനെന്തു സുഖമാണെന്നോ…

ലോക് ഡൗണ്‍… വീട്ടിലടങ്ങിയിരിക്കുക. ആത്മരക്ഷയാണ് ലോകരക്ഷ. രോഗരക്ഷയും. പക്ഷെ ഇതൊന്നും ഭരണകക്ഷിക്ക് ബാധകമല്ല. പുതിയ പുതിയ കരിനിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനോ നാള്‍തോറും ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിനോ കഥയുണ്ടാക്കി തീവ്രവാദികളെ കശാപ്പ് ചെയ്യുന്നതിനോ … കൊവിഡ് എന്ന മറവില്‍ ഏകാധിപത്യം തഴച്ചുവളരുന്നതാണ് നാം ഇന്ത്യയില്‍ കാണുന്നത്.

അസുഖം ആയിരിക്കാം മനുഷ്യന് സാമൂഹ്യബന്ധങ്ങള്‍ വേണമെന്ന തോന്നലുണ്ടാക്കിയ ആദ്യസാഹചര്യം. എനിക്കു ഞാന്‍ പോര, കുടുംബവും അയല്‍ക്കാരും നാട്ടുകാരുമൊക്കെ കൂടുതല്‍ സാന്ത്വനമായി. എത്രപേരാണ് കാണാന്‍ വന്നത്. എത്രപേരാണ് എന്റെ അവസ്ഥയില്‍ ഉല്‍ക്കണ്ഠ കാട്ടിയത്. ഞാന്‍ തനിച്ചല്ല എന്ന തോന്നലില്‍പരം സുരക്ഷിതത്വം ഭൂമിയില്‍ വേറെയുണ്ടോ?

പകര്‍ച്ചവ്യാധികളില്‍ പോലും നാം ആരെങ്കിലും ചിലരാല്‍ ശുശ്രൂഷിക്കപ്പെട്ടിട്ടുണ്ട്. ആ ശുശ്രൂഷകര്‍ സമൂഹത്തില്‍ പ്രിയങ്കരരായി മാറി. എന്നാല്‍ ഈ പുതിയ പകര്‍ച്ചവ്യാധി സൃഷ്ടിച്ച ഏറ്റവും ഭയചകിതമായ പദം സമൂഹവ്യാപനം ആണ്. എല്ലാ പകര്‍ച്ചവ്യാധികളും അതിന്റേതായ പാടില്ലായ്മകള്‍ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ കൊവിഡ്, ജനതയുടെ സാമൂഹ്യജീവിതത്തെ പാടെ വിലക്കിയിരിക്കുന്നു. സമൂഹം എന്തൊരു ശാപം എന്ന തോന്നല്‍ ഈ രോഗമുണ്ടാക്കി. പക്ഷെ പറയണമല്ലോ, ഈ രോഗത്തെ ചെറുക്കുന്നതില്‍ ഭരണകൂടമോ ആരോഗ്യവകുപ്പോ കാണിച്ച പ്രൊഫഷണലിസം മുമ്പൊന്നും കാണിച്ചിട്ടില്ല. രോഗം പകരാതിരിക്കാനുള്ള ചുമതല ഭരണകൂടം ഏറ്റെടുത്തു. അതു ദിവസവും നിങ്ങളുടെ മുന്നില്‍ വന്ന് രോഗവ്യാപനത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി. കൊവിഡ് അനിവാര്യമാക്കിയത് നിലവിലുള്ള ഭരണകൂടത്തെ. ശക്തി വര്‍ദ്ധിപ്പിച്ചത് ആര് അധികാരത്തിലിരിക്കുന്നോ അവരെ. കൊവിഡ് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് എന്തു ധര്‍മ്മം? പ്രതിപക്ഷം അദൃശ്യമായി. അസാധ്യമായി. അവരാകെ ആശയകുഴപ്പത്തിലായി. അധികാരത്തിന് അധികാരം വര്‍ദ്ധിച്ചു. അധികാരമില്ലാത്തവരോ, ഒട്ടും അധികാരമില്ലാത്തവരായി.

ഇന്ത്യയുടെ കാര്യം നോക്കുക. പൗരത്വഭേദഗതി നിയമത്തെ തുടര്‍ന്ന് പ്രതിഷേധങ്ങളും സമരങ്ങളും ശക്തിയായി വളരുകയായിരുന്നു. ഡെല്‍ഹിയിലത് അതിശക്തമായി. ഭരണകൂടം ശരിക്കും വെല്ലുവിളിക്കപ്പെട്ടു തുടങ്ങിയിരുന്നു. അപ്പോഴണ് കൊവിഡ് എത്തിയത്. വ്യക്തിയുടെ പ്രാണനല്ലേ മുഖ്യം. അതിനുമുന്നില്‍ എന്തു പൗരത്വം? ജീവഭയത്തിനു മുന്നില്‍ മറ്റെന്ത്? അതു സംരക്ഷിക്കാന്‍ ഞങ്ങളുണ്ട്. മറ്റെല്ലാ ഐഡന്റിറ്റികളും എടുത്തുകളയൂ. ലോക് ഡൗണ്‍. വീട്ടിലടങ്ങിയിരിക്കുക. ആത്മരക്ഷയാണ് ലോകരക്ഷ. രോഗരക്ഷയും. പക്ഷെ ഇതൊന്നും ഭരണകക്ഷിക്ക് ബാധകമല്ല. പുതിയ പുതിയ കരിനിയമങ്ങള്‍ പ്രഖ്യാപിക്കുന്നതിനോ നാള്‍തോറും ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതിനോ കഥയുണ്ടാക്കി തീവ്രവാദികളെ കശാപ്പ് ചെയ്യുന്നതിനോ … വരുംകാല സ്വാതന്ത്ര്യസമര ഭടന്മാരും അക്കാലത്തെ തീവ്രവാദികളെന്ന് നാം മറക്കുന്നു.

കൊവിഡ് എന്ന മറവില്‍ ഏകാധിപത്യം തഴച്ചുവളരുന്നതാണ് നാം ഇന്ത്യയില്‍ കാണുന്നത്. ഞങ്ങള്‍ ഭരിക്കട്ടെ, നിങ്ങള്‍ വീട്ടില്‍ കഴിയൂ. നിങ്ങളൊന്നിലും ഇടപെടേണ്ട. അതിനൊക്കെ ഞങ്ങളുണ്ട്. സമൂഹമെന്നൊന്നില്ല. നിങ്ങളേയുള്ള. ആത്മരക്ഷ, ലോകരക്ഷ.. മറ്റൊരാളെ തൊട്ടാല്‍ കുളിക്കേണ്ട, കൈ കഴുകേണ്ട ലോകം ഭരിക്കാനെന്തു സുഖമാണെന്നോ…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply