അതെ, മൃതദേഹത്തിന്റെ അവകാശവും സംരക്ഷിക്കപ്പെടണം

തങ്ങളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണല്ലോ മൃതദേഹങ്ങളുടേത്. അതിനാല്‍തന്നെ അവ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ട ചുമതല സമൂഹത്തിന്റേതാണ്. ആ ദിശയില്‍ ശ്രദ്ധേയമായ ഒരു പടിയാണ് സര്‍ക്കാര്‍ നീക്കം.

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് ശവസംസ്‌കാരത്തിനു തടസമുണ്ടാകാതിരിക്കാനായി ഇടപെടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. മരിച്ചയാളുടെ ഇടവകപ്പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യുന്നത് അവകാശമാക്കിക്കൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാണു തീരുമാനം. മനുഷ്യര്‍ക്കു മാത്രമല്ല മൃതദേഹങ്ങള്‍ക്കും ചില അവകാശങ്ങളാക്കെയുണ്ടെന്ന് അംഗീകരിക്കുന്നതാണ് ആധുനിക സമൂഹങ്ങള്‍. അതിലേറ്റവും പ്രധാനം മരണശേഷം തന്റെ ശരീരം എന്തുചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോളുള്ള ആഗ്രഹം സഫലമാകുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍, പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ടുമാത്രമല്ല, പല തരത്തിലും അത് നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. അതിനാല്‍തന്നെയാണ് ഈ തീരുമാനം പ്രസക്തമാകുന്നത്. തീര്‍ച്ചയായും സര്‍ക്കാര്‍ തീരുമാനം പൂര്‍ണ്ണമല്ല. പള്ളിയുടെ അവകാശം മറുവിഭാഗത്തിനാണെങ്കില്‍ സെമിത്തേരിയില്‍ വച്ച് സ്വന്തം താല്‍പ്പര്യമനുസരിച്ചുള്ള മരണാന്തര ശുശ്രൂഷകള്‍ക്ക് അനുവാദമുണ്ടാകില്ല. അത് വേറെ എവിടെയെങ്കിലും നടത്തേണ്ടിവരും.
തര്‍ക്കം മൂലം മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ദിവസങ്ങളോളം വൈകിയ സംഭവങ്ങളുണ്ടായെന്നും തങ്ങളുടെ പൂര്‍വികരെ അടക്കം ചെയ്ത സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യണമെന്നു ബന്ധുക്കള്‍ ആഗ്രഹിക്കുകയും ഇതു വികാരപരമായ പ്രശ്നമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സിനു തീരുമാനിച്ചതെന്നും ഓര്‍ഡിനന്‍സ് കോടതിയലക്ഷ്യമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഓര്‍ഡിനന്‍സിനെ നിയമപരമായി നേരിടാനാണ് ഓര്‍ത്തഡോക്സ് സഭയുടെ നീക്കം. സഭകളുടെയെല്ലാം പ്രധാന പ്രചോദനം കൃസ്തുവല്ല, പണമാണെന്ന് അര്‍ക്കാണറിയാത്തത്.
മൃതദേഹത്തിന്റെ മാന്യമായ സംസ്‌കരണത്തോടേയേ മനുഷ്യാവകാശങ്ങള്‍ പൂര്‍ത്തിയാകുന്നുള്ളു. ദശകങ്ങളോളം ഈ മണ്ണിന്റെയും വിണ്ണിന്റേയും ഭാഗമായി ജീവിച്ചവരുടെ അവകാശമാണ് അവരുടെ ജീവനറ്റ ശരീരത്തിനു ആദരവും ബഹുമാനവും ലഭിക്കുക എന്നത്. യുദ്ധങ്ങളില്‍ പോലും അതു തത്വത്തില്‍ അംഗീകരിക്കപ്പെടാറുണ്ട്. പലപ്പോഴും നടപ്പാകാറില്ലെങ്കിലും.
മൃതദേഹങ്ങള്‍ക്ക് അവയര്‍ഹിക്കുന്ന അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാന്‍ നാം തയ്യാറില്ല എന്നു തെളിയിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നുണ്ട്. അടുത്തകാലത്ത് സഭാതര്‍ക്കവും സെമിത്തേരിതര്‍ക്കവുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണമായത്. പരിസ്ഥിതി പ്രശ്‌നത്തിന്റെ പേരിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. 2019 ജൂണ്‍ മാസത്തില്‍ സെമിത്തേരി തര്‍ക്കം മൂലം മരിച്ച് ഒരു മാസത്തിനുശേഷമാണ് കൊല്ലം തുരുത്തിക്കര സ്വദേശി അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. തര്‍ക്കമുണ്ടായിരുന്ന കൊല്ലാറ സെമിത്തേരിയില്‍ പ്രദേശ വാസികളുടെ പ്രതിഷേധത്തിനിടെ കനത്ത പോലീസ് സുരക്ഷയിലായിരുന്നു സംസ്‌കാരം. ജറുസലേം പള്ളി സെമിത്തേരി കുടിവെള്ള സ്രോതസ് മലിനപ്പെടുന്നുവെന്ന പ്രദേശവാസികളുടെ പരാതിയായിരുന്നു പ്രധാന കാരണം. പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും തീരുമാന മാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കുടുംബ ത്തിന് അനുകൂല തീരുമാനമുണ്ടായത്. കളക്ടറുടെ നിര്‍ദേശപ്രകാരം കോണ്‍ക്രീറ്റ് കല്ലറ നിര്‍മ്മിച്ച ശേഷമായിരുന്നു അന്നമ്മയുടെ സംസ്‌കാരം. മൃതദേഹം സംസ്‌കാരത്തിക്കാനെത്തിച്ചപ്പോള്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുള്‍പ്പെടെ മുഴക്കി പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് സംസ്‌കാരം നടത്തിയത്. കായംകുളം കട്ടച്ചിറയില്‍ യാക്കോബായ -ഓര്‍ത്ത ഡോക്‌സ് സഭാ തര്‍ക്കത്തെ തുടര്‍ന്ന് പള്ളിയില്‍ അടക്കം ചെയ്യാനാകാ തിരുന്ന മറിയാമ്മ രാജന്റെ മൃതദേഹം ഒരു മാസത്തില്‍ പരം വീടിനുള്ളില്‍ താല്‍ക്കാലികമായി അടക്കം ചെയ്തശേഷം 2019 ഡിസംബറില്‍ പുലര്‍ച്ചെ അഞ്ചരക്ക് പൊലീസ് കാവല്‍ മറികടന്നാണ് പള്ളിയില്‍ കയറി സംസ്‌കാരം നടത്തിയ സംഭവവുമുണ്ടായി. അതേസമയം സംസ്‌കരിക്കാന്‍ തുണ്ടുഭൂമിയോ പൊതുശ്മശാനമോ ഇല്ലാതെ വീടിനകത്ത് മൃതദേഹം സംസ്‌കരിക്കുന്ന നിരവധി സംഭവങ്ങളും ഉണ്ടാകുന്നു. അവരില്‍ ഭൂരിഭാഗവും ദളിത് വിഭാഗങ്ങളില്‍ പെട്ടവരാണ്. ട്രെയിന്‍ തട്ടിമരിച്ച കോന്നി ഐരവണ്ണിലെ ലക്ഷംവീട് കോളനിയിലെ ആര്യയുടെ മൃതദേഹം വീടിന്റെ അടുക്കള പൊളിച്ച് ഒരുക്കിയ ചിതയില്‍ സംസ്‌കരിക്കേണ്ടിവന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പൊതുശ്മശാനങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. മൊബൈല്‍ ടവറിനെതിരെപോലും സമരം ചെയ്യാത്തവര്‍ പൊതുശ്മശാനത്തിനെതിരെ സമരം ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തില്‍ നിരവധിയാണ്.
മരിക്കുന്നതിനുമുമ്പ് പറയുകയോ എഴുതിവെക്കുകയോ ചെയ്യുന്ന ആഗ്രഹങ്ങള്‍ ബന്ധുക്കള്‍ സാധിപ്പിക്കാത്ത സംഭവങ്ങളും മൃതദേഹത്തിന്റെ അവകാശങ്ങളുടെ ലംഘനം തന്നെയാണ്. അത്തരത്തില്‍ പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ജീവിതത്തിന്റെ സായാഹ്നകാലത്ത് സമകാലിക രാഷ്ട്രീയത്തോട് സര്‍ഗ്ഗാത്മകമായി പ്രതികരിച്ച് മുസ്ലിം മതത്തിലേക്ക് മാറിയ കൊടുങ്ങല്ലൂരിലെ മുന്‍ നക്‌സലൈറ്റ് നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന ടി.എന്‍.ജോയി (നജ്മല്‍ ബാബു) യുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ മറവു ചെയ്യാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. കൊടുങ്ങല്ലൂരില്‍ തന്നെ പിന്നീട് മുസ്ലീമായ മുന്‍ യുക്തിവാദി ആന്റണിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പള്ളിയില്‍ സംസ്‌കരിക്കാതെ മെഡിക്കല്‍ കോളേജിലേക്ക് കൊടുത്ത സംഭവവുമുണ്ടായി. മാധവിക്കുട്ടി (കമലാസുരയ്യ), പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങി പ്രശസ്തരായ എഴുത്തുകാരുടെ മരണശേഷവും സമാനമായ ചില വിവാദങ്ങളുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം നല്‍കണമെന്നും അവയവങ്ങള്‍ ദാനം ചെയ്യണമെന്നുമുള്ള പലരുടേയും ആഗ്രഹങ്ങളും മരണശേഷം സാധിക്കാറില്ല. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുശേഷം മൃതദേഹത്തോട് യാതൊരു ആദരവുമില്ലാതെ വലിച്ചെറിയുന്ന സംഭവങ്ങളും പലപ്പോഴും നിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിദേശത്തു മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതും ഇവിടെ മരിക്കുന്ന ഇതരസംസ്ഥാനക്കാരുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലെത്തിക്കുന്നതും ഇപ്പോഴും ആയാസകരമായിട്ടില്ല. എത്തിക്കുന്നതാണ് മറ്റൊരു ഗൗരവമായ പ്രശ്‌നം. തങ്ങളുടെ സ്വാഭാവികമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണല്ലോ മൃതദേഹങ്ങളുടേത്. അതിനാല്‍തന്നെ അവ നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ട ചുമതല സമൂഹത്തിന്റേതാണ്. ആ ദിശയില്‍ ശ്രദ്ധേയമായ ഒരു പടിയാണ് സര്‍ക്കാര്‍ നീക്കം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply