അതെ, ഇസ്ലാമോഫോബിയ കുറ്റകൃത്യമാക്കണം

ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന് സോളിഡാരിറ്റി യുവജനസംഘടന ആവശ്യപ്പെട്ടതായി വാര്‍ത്തകണ്ടു. തീര്‍ച്ചയായും വളരെ പ്രസക്തമായ രാഷ്ട്രീയ ആവശ്യമാണത് .

ആഗോളതലത്തിലും അഖിലേന്ത്യാതലത്തിലും കേരളത്തിലും ഇന്നു അതിശക്തമായി നിലനില്‍ക്കുന്ന ഒന്നാണ് ഒരു വിഭാഗം ജനങ്ങളെ അപരവല്‍ക്കരിക്കുകയും എന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്ന ഈ രാഷ്ട്രീയം. ചില മുസ്ലിം തീവ്രവാദസംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇങ്ങനെയാരു പ്രതിഭാസം ഉടലെടുത്തതും വളര്‍ന്നതുമെന്ന വാദത്തില്‍ ശരിയുണ്ടാകാം. സത്യത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങളാല്‍ ഈ തീവ്രവാദിസംഘടനകളെ പാലൂട്ടി വളര്‍ത്തിയത് അമേരിക്കയായിരുന്നു. എന്നാല്‍ 2001 സെപ്ംബര്‍ 21ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം അമേരിക്ക കളം മാറ്റി ചവിട്ടുകയും ലോകത്തെ മുസ്ലിം തീവ്രവാദത്തില്‍ നിന്നു രക്ഷപ്പെടുത്താമെന്ന ‘കടമ’ ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ഫലത്തില്‍ സംഭവിച്ചത്, മുസ്ലിം വിഭാഗങ്ങളെ ഒന്നടങ്കം സംശയത്തിന്റെ മുള്‍നിലയില്‍ നിര്‍ത്തുകയായിരുന്നു. മുസ്ലിം പേരുള്ളതിന്റെ പേരില്‍ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും രാഷ്ട്രങ്ങള്‍ക്കുമെല്ലാം സാമാന്യനീതി നിഷേധിക്കപ്പെടുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്്തു. ലോകത്തെവിടെ എന്തു സംഭവിച്ചാലും മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരായി. തങ്ങള്‍ ഭീകരരോ കുറ്റവാളികളോ അല്ലെന്ന് നിരന്തരമായി തെളിയിക്കേണ്ട ഉത്തരവാദിത്തവും അവര്‍ക്കായി.

ഇന്ത്യനവസ്ഥ പരിശോധിച്ചാല്‍ നൂറുവര്‍ഷം മുമ്പെ ആര്‍ എസ് എസ് രൂപീകരണത്തോടെ ഇസ്ലാമോഫോബിയയും ആരംഭിച്ചിരുന്നു. വിഭജനകാലത്തും മറ്റും അതേറെ ശക്തമായി. പിന്നീട് അതു രൂക്ഷമാകുന്നത് ബിജെപി രൂപീകരണത്തിനു ശേഷമാണ്. അദികാരം പിടിച്ചെടുക്കാന്‍ ബിജെപി ഏറ്റവും ശക്തമായി ഉപയോഗിച്ചത് ഇസ്ലാമോഫോബിയ തന്നെയായിരുന്നു എന്ന് ഇന്ന് ഏവര്‍ക്കുമറിയാം. അതിപ്പോഴും അതിശക്തമായി തുടരുകയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. സമകാലികാവസ്ഥയില്‍ മുസ്ലിംപേടി പരത്തുന്നതില്‍ ഇന്ത്യയില്‍ മുന്‍നിരയിലാണ് കേരളം. ടിപ്പുവിന്റെ പടയോട്ടത്തെയും അധിനിവേശശക്തികള്‍ക്കെതിരെ കുഞ്ഞാലി മരയ്ക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പുകളേയും മലബാര്‍ കലാപത്തെയും മലപ്പുറം ജില്ലാ രൂപീകരണത്തെയുമെല്ലാം ഈ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നതും നാം കാണുന്നു. മറ്റു സംസ്ഥാനങ്ങളില്‍ സംഘപരിവാരാണ് ഇസ്ലാമോഫോബിയ പരത്തുന്നതില്‍ മുന്നിലെങ്കില്‍ ഇവിടെ അവര്‍ക്കൊപ്പം മറ്റു പലരുമുണ്ടെന്നതാണ് യാഥാര്‍ത്ഥം. ഇടതുപക്ഷകക്ഷികള്‍ മുതല്‍ ഒരു വിഭാഗം കൃസ്ത്യന്‍ സംഘടനകളും പുരോഹിതരുമെല്ലാം ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. അതു കൊണ്ടുതന്നെയാണ് ഇത്തരമൊരു ആവശ്യം പ്രധാനമാകുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളീയ സമൂഹത്തില്‍ മുസ്ലിംപേടി പ്രചരിപ്പിക്കാന്‍, കേന്ദ്രസര്‍ക്കാറും എന്‍ഐഎയും സുപ്രിംകോടതിയുമൊക്കെ തള്ളിക്കളഞ്ഞ ലൗ ജിഹാദ്, പിന്നീട് നാര്‍ക്കോട്ടിക് ജിഹാദ് പോലുള്ള പദങ്ങളൊക്കെ ഉപയോഗിക്കുന്ന കാഴ്ച ഏറെ കാലമായി നമ്മള്‍ കാണുന്നു. അത്തരം വിഭാഗങ്ങള്‍ക്ക് കേരളീയ സമൂഹത്തിലും രാഷ്ട്രീയത്തിലും ലഭിക്കുന്ന സ്വീകരണത്തിനു ഇപ്പോള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പുതന്നെ സാക്ഷി. ഒരു സ്ഥാനര്‍ത്ഥി മാധ്യമക്കാരെ കണ്ടത് ഒരു വികാരിക്കൊപ്പമെങ്കില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കിയത് മറ്റൊരു വികാരി. മുന്നണികള്‍ക്ക് ഇതെല്ലാം വിജയിക്കാനുളള തന്ത്രമാകാം. എന്നാലിതിന്റെയെല്ലാം യഥാര്‍ത്ഥ അടിയൊഴുക്ക് മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയബോധം മാത്രം മതി. പ്രത്യേകിച്ച് അത്തരമൊരു ദൗത്യത്തിന്റെ പ്രതീകമായി പി സി ജോര്‍ജ്ജ് എന്ന രാഷ്ട്രീയനേതാവ് കേരളസമൂഹത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍. വര്‍ഗ്ഗീയവിദ്വേഷ പ്രസ്താവന നടത്തിയ വികാരിക്കെതിരെ പരാതിയുണ്ടായിട്ടും നടപടിയെടുക്കാതെ അരമനയില്‍ പോയി ആശിര്‍വാദം വാങ്ങിയ മന്ത്രിയെപോലും കേരളം കണ്ടു.

വാസ്തവത്തില്‍ നവോത്ഥാനപോരാട്ടങ്ങളില്‍ നിന്നാരംഭിച്ച് കേരളത്തെ ഒരു പരിധിവരെയെങ്കിലും മാറ്റിമറിച്ച സാമൂഹ്യമുന്നേറ്റങ്ങള്‍ക്കെല്ലാം വിട പറഞ്ഞ ഒന്നായി കേരളീയസമൂഹം മാറികഴിഞ്ഞിരിക്കുന്നു. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ കണ്ടത്. കേരളത്തിന്റെ ദേശീയ ഉത്സവമെന്നും മതേതര ആഘോഷമെന്നുമൊക്കെ കൊട്ടിഘോഷിക്കപ്പെടുന്ന തൃശൂര്‍ പൂരത്തിനായി തയ്യാറാക്കിയ വര്‍ണ്ണക്കുടകളില്‍ ഗാന്ധിക്കും ഭഗത്സിംഗിനും സുഭാഷ് ചന്ദ്രബോസിനുമൊക്കെ ഒപ്പം സവര്‍ക്കറുടെ ചിത്രം ആലേഖനം ചെയ്ത സംഭവമാണ് സൂചിപ്പിക്കുന്നത്. മതരാഷ്ട്രത്തിനായി നിലകൊള്ളുകയും ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞ് ജയിലില്‍ നിന്നിറങ്ങുകയും ഒരുഘട്ടത്തില്‍ ഗാന്ധിവധത്തില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്ത വ്യക്തിയുടെ ചിത്രം മതേതരമെന്നു ഘോഷിക്കപ്പെടുന്ന പൂരോഘോഷത്തില്‍ ഉള്‍പ്പെടുത്താനുള്ള ധൈര്യം ഉണ്ടായതിനു പുറകിലെ രാഷ്ട്രീയം പ്രകടമാണ്. ആ രാഷ്ട്രീയം ഇന്നു കേരളത്തില്‍ വളരെ ശക്തമാണ്. തെരഞ്ഞെടുപ്പുകളില്‍ ഈ രാഷ്ട്രീയത്തിനു കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുന്നില്ലായിരിക്കാം. എന്നാല്‍ സാംസ്‌കാരികമായി കേരളത്തെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് അതു മാറികഴിഞ്ഞിരിക്കുന്നു എന്നതില്‍ ഒരു സംശയവും വേണ്ട. അതിന്റെ പ്രകടമായ ഉദാഹരണമാണ് ഇസ്ലാമോഫോബിയയുടെ വ്യാപനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരില്‍ മുസ്ലിം ഉള്ളതിന്റെ പേരില്‍ ജനാധിപത്യപ്രക്രിയയില്‍ ഇരുമുന്നണികളിലും ഭാഗഭാക്കായി പങ്കെടുക്കുന്ന മുസ്ലിം ലീഗിനെ വര്‍ഗ്ഗീയപാര്‍ട്ടിയായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്തത് കേരളം കണ്ടതാണ്. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായ മദനിയുടെ തടങ്കല്‍ ഇസ്ലാമോഫോബിയയുടെ വളര്‍ച്ചയുടെ മറ്റൊരു ഉദാഹരണം. സംസ്ഥാനത്ത് യാതൊരു അടിസ്ഥാനവുമില്ലാതെ യുഎപിഎ പ്രയോഗിക്കുന്നത് മുഖ്യമായും മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെയാണ്. വിരലിലെണ്ണാവുന്നവര്‍ ഐ എസില്‍ ചേര്‍ന്നെന്ന പ്രചരണത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തെ ഒന്നാകെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ലോകത്തെവിടെ എന്തുസംഭവിച്ചാലും തങ്ങള്‍ നിരപരാധികളാണെന്നു തെളിയിക്കേണ്ട ബാധ്യത എല്ലാ മുസ്ലിമുകള്‍ക്കുമാകുന്നു. മറ്റൊരു വിഭാഗത്തിനും ഈ ഉത്തരവാദിത്തമില്ല. ഇക്കാര്യ്തതില്‍ മുസ്ലിം വിഭാഗങ്ങളിലെ വൈജാത്യങ്ങളെ പോലും അവഗണിക്കുന്നു. ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ഹാദിയാ സംഭവം ഉപയോഗിച്ചപ്പോഴും പല പുരോഗമനവാദികളും ഫെമിനിസ്റ്റുകളും അവര്‍ക്കൊപ്പമായിരുന്നു. ഏകീകൃതസിവില്‍നിയമവും മുത്തലാക്കുമൊക്കെ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനായി ഉപയോഗിക്കപ്പെട്ടു. ജനാധിപത്യസംവിധാനത്തില്‍ ഒരു ക്രിമിനല്‍ കേസുമില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളെ പോലും തീവ്രവാദപ്രസ്ഥാനങ്ങളായി ചിത്രീകരിച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് സിറാജുന്നീസ എന്ന പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തിനുപോലും വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. ബീമാപള്ളിയിലും മറ്റും നടന്ന കിരാതമായ പോലീസ് വെടിവെപ്പു് വാര്‍ത്തപോലുമായില്ല. അതു ചര്‍ച്ചയാകാന്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒരു സിനിമ വരേണ്ടിവന്നു. സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനവകാശമുള്ള നാട്ടില്‍ നിലവിളക്ക് കൊളുത്താത്തവര്‍ ദേശദ്രോഹികളായി. ഭരണഘടന അംഗീകരിക്കുന്നതും കേരളചരിത്രം പരിശോധിച്ചാല്‍ വ്യാപകവുമായ മതംമാറ്റത്തിന്റെ പേരില്‍ കൊലകള്‍ വരെ നടന്നു. ബീഫ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യത്ത് കൊലകള്‍ അരങ്ങേറിയതില്‍ പ്രതിഷേധിച്ച് ബീഫ് ഫെസറ്റിവലുകള്‍ നടന്നതിനെതിരെ യാതൊരു പ്രകോപനമോ കാരണമോ ഇല്ലാതെ പുരോഗമനവാദികളടക്കം പോര്‍ക്ക് ഫെസ്റ്റിവലുകള്‍ നടത്തി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതേ സമയത്തുതന്നെ സാംസ്‌കാരിക മേഖലയിലെ അവസ്ഥയും വ്യത്യസ്ഥമായിരുന്നില്ല. സാഹിത്യ – സിനിമാ മേഖലകളിലൊക്കെ ഇസ്ലാമോഫോബിയ വളര്‍ത്തിയെടുക്കാനുള്ള നീക്കം ശക്തമായി. ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ട് കുറച്ചുപണം വാങ്ങി നാട്ടിലെത്തുന്നവര്‍ വില്ലന്മാരും പണിയെടുക്കാതെ തളര്‍ന്നാലും ആഢ്യത്വം കൈവിടാത്ത പ്രമാണിമാര്‍ നായകരുമായി ചിത്രീകരിക്കപ്പെട്ടു. ഭീകരന്മാരെല്ലാം മുസ്ലിമുകളായി. ബോംബ് നിര്‍മ്മാണം കൂടുതല്‍ നടക്കുന്നത് കണ്ണൂരായിട്ടും മലപ്പുറത്തുപോയാല്‍ ബോംബുകിട്ടാന്‍ എളുപ്പമാണെന്ന ഡയലോഗ് ഏറെ കയ്യടി നേടി. വൈറസ് എന്ന ആഷിക് അബുവിന്റെ സിനിമയില്‍ പോലും പലരും വര്‍ഗ്ഗീയത തിരഞ്ഞു. രാജ്യത്തെങ്ങും മുസ്ലിം വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും ഭീകരന്മാരായി ചിത്രീകരിച്ചു. യുക്തിവാദികളുടേയും പ്രധാന ലക്ഷ്യം മുസ്ലിംകളായി. ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തുന്നതിന്റെ പേരില്‍ സംഘ്പരിവാറുകാരും കമ്യൂണിസ്റ്റ് പരിവാറുകാരും ലീഗിനെ പാക് പാര്‍ട്ടിയായി പോലും ചിത്രീകരിച്ചു. പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സമരരംഗത്തിറങ്ങിയ മുസ്ലിം സംഘടനകളുടേയും വ്യക്തികളുടേയും മേല്‍ വര്‍ഗ്ഗീയത അടിച്ചേല്‍പ്പിക്കാനുള്ള നീക്കം പോലും നടന്നു.

ഒരു വിഭാഗത്തെ അപരവല്‍ക്കരിക്കാനും എന്നും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുമുള്ള നീക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇസ്ലാമോ ഫോബിയ വളര്‍ത്തുന്നത് കുറ്റകരമാക്കുന്ന രീതിയില്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യം പ്രസക്തമാകുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദളിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം നിലനില്‍ക്കുന്നുണ്ടല്ലോ. അതേ മാതൃക തന്നെയാണ് ഇവിടേയും പിന്തുടരേണ്ടത്. ഒരു രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ എന്നതിന്റെ പ്രധാന അളവുകോല്‍ അവിടത്തെ ന്യൂനപക്ഷം സുരക്ഷിതരാണോ എന്നതാണല്ലോ. അതിനാല്‍ തന്നെ ഇത്തരമൊരു തീരുമാനമെടുക്കുകയാണെങ്കല്‍ അത് ജനാധിപത്യത്തിന്റെ ഒരു കുതിച്ചുചാട്ടം കൂടിയായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply