എഡിറ്റോറിയല്‍ : ദേശീയ പ്രതിപക്ഷ പ്രസ്ഥാനങ്ങള്‍ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

ഈ മുസ്ലിംവേട്ടയിലൂടെ അവര്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തേയേയും മതേതരത്വത്തേയും ഭരണഘടനയേയും തന്നെയാണ്. മുസ്ലിമിനെ ശത്രുവായി ചിത്രീകരിക്കുന്നത് ഹിന്ദുത്വരാഷ്ട്രനിര്‍മ്മിതിക്ക് പാതയൊരുക്കാനാണന്നും രാഷ്ട്രീയബോധമുള്ളവര്‍ തിരിച്ചറിയുന്നു

കേന്ദ്രസര്‍ക്കാര്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്ത മുസ്ലിം വിരുദ്ധ കലാപമാണ് ഡെല്‍ഹിയില്‍ നടക്കുന്നത്. മുമ്പ് ഗുജറാത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വംശീയഹത്യ പോലെതന്നെ. ഈ കലാപത്തിനു പുറകില്‍ ആര്‍ എസ് എസാണെന്നതില്‍ ഒരാള്‍ക്കുപോലും തര്‍ക്കമുണ്ടാകാനിടയില്ല. ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനമാണ് ഈ വംശീയഹത്യക്ക് പെട്ടന്നുള്ള കാരണമായത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടുമാസമായിട്ടും രാജ്യമെങ്ങും നടക്കുന്ന സമാധാനപരമായ സമരമാണ് ആര്‍ എസ് എസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിനാലാണ് ഷാഹിന്‍ബാഗ് മോഡല്‍ സമരം ഇനി അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് ഹിന്ദുത്വവാദികള്‍ വടിവാളുകളും തോക്കുകളുമായി രംഗത്തിറങ്ങിയത്. ഈ മുസ്ലിംവേട്ടയിലൂടെ അവര്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തേയേയും മതേതരത്വത്തേയും ഭരണഘടനയേയും തന്നെയാണ്. മുസ്ലിമിനെ ശത്രുവായി ചിത്രീകരിക്കുന്നത് ഹിന്ദുത്വരാഷ്ട്രനിര്‍മ്മിതിക്ക് പാതയൊരുക്കാനാണന്നും രാഷ്ട്രീയബോധമുള്ളവര്‍ തിരിച്ചറിയുന്നു.

ഈ സാഹചര്യത്തില്‍ ദേശീയ പ്രതിപക്ഷകക്ഷികളും പ്രതിക്കൂട്ടിലാണെന്നു പറയാതെ വയ്യ. അവരുടെ തികച്ചും നിരുത്തരവാദിത്തപരമായ സമീപനമാണ് കാര്യങ്ങളെ ഇത്രമാത്രം വഷളാക്കിയത്. പൗരത്വനിയമം പാര്‍ലിമെന്റ് പാസാക്കി രണ്ടുമാസം കഴിഞ്ഞിട്ടും യോജിച്ചൊരു ജനാധിപത്യ പ്രക്ഷോഭത്തിന് അവര്‍ തയ്യാറായില്ല എന്നതു തന്നെയാണ് പ്രശ്‌നം. കേട്ടുകേള്‍വിപോലുമില്ലാത്ത രീതിയില്‍ കാര്യങ്ങളെ എത്തിക്കുന്നതില്‍ ഈ സമീപനം മുഖ്യപങ്കുവഹിച്ചു. അവസരത്തിനൊത്ത് അവരെല്ലാം ഉയര്‍ന്നിരുന്നെങ്കില്‍ രാജ്യത്തെ ഇത്തരത്തിലൊരു കലാപഭൂമിയാക്കാന്‍ ആര്‍ എസ് എസിനു കഴിയുമായിരുന്നില്ല. ചരിത്രത്തിലൊരിക്കലും കാണാത്ത ഇത്തരം സാഹചര്യത്തില്‍ തൊട്ടുകൂടായ്മയും അയിത്തവും ഈഗോയുമെല്ലാം മാറ്റിവെച്ച് മുസ്ലിം വംശീയഹത്യക്കെതിരെ ഒന്നിക്കുക എന്ന ഉത്തരവാദിത്തം നിരവേറ്റാന്‍ രാജ്യത്തെ പ്രതിപക്ഷപ്രസ്ഥാനങ്ങള്‍ക്ക് കഴിയാത്തതാണ് സംഘപരിവാറിന് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നര്‍ത്ഥം.

ഇനിയെങ്കിലും തങ്ങളുടെ ചരിത്രപരമായ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ തയ്യാറാകുമോ? രാജ്യമെങ്ങും നടക്കുന്ന പോരാട്ടങ്ങളെ ജനാധിപത്യപരമായി സമാഹരിച്ച് മുന്നോട്ടുപോകാനവര്‍ക്കാകുമോ? അല്ലാത്തപക്ഷം അത്തരമൊരു കടമ നിര്‍വ്വഹിക്കാന്‍ ഒരു ദേശീയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് അനിവാര്യമായിരിക്കുന്നു. അതിനായി പ്രവര്‍ത്തിക്കാനാണ് ജനാധിപത്യവും ഭരണഘടനയും മതേതരത്വവും സാമൂഹ്യനീതിയും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവര്‍ ഈയവസരത്തില്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply