ഇന്ത്യക്കെന്ത് നമസ്‌തെ ട്രംപും ഹൗഡി മോഡിയും

വംശീയതയും വിദ്വേഷരാഷ്ട്രീയവും തന്നെയാണ് മോദിയേയും ട്രംപിനേയും ഐക്യപ്പെടുത്തുന്ന പ്രധാന ഘടകം. ഇരുവരും കുടിയേറ്റ വിരുദ്ധരും മുസ്ലിംവിരുദ്ധരുമാണ്. ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടും പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ട്രംപ് തയ്യാറായില്ല എന്നതു നല്‍കുന്ന സൂചന തന്നെ എന്താണ്?

രാഷ്ട്രത്തലവന്മാര്‍ പരസ്പരം കാണുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും കരാറുകള്‍ ഒപ്പുവെക്കുന്നതുമൊക്കെ അടുത്തകാലം വരെ സാധാരണ സംഭവങ്ങള്‍ മാത്രമായിരുന്നു. തികച്ചും ശത്രുരാജ്യങ്ങളുടെ തലവന്മാരാകുമ്പോള്‍ മാത്രമാണ് അക്കാര്യം ലോകം കൂടുതല്‍ ശ്രദ്ധിക്കുക. അത് സ്വാഭാവികം മാത്രം. എന്നാല്‍ അമേരിക്കന്‍ പ്രസ്ഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും പരസ്പരമുള്ള സന്ദര്‍ശനം ആഗോളസംഭവമാക്കി മാറ്റാന്‍ ഇരുകൂട്ടരും ഏറെപാടുപെട്ട കാഴ്ചയാണ് കണ്ടത്. മോദിയുടെ കഴിഞ്ഞ വര്‍ഷത്തെ അമേരിക്കന്‍ സന്ദര്‍ശനം ഹൗഡി മോഡി എന്ന പേരില്‍ വന്‍ കെട്ടുകാഴ്ചയാക്കിയപ്പോള്‍ തിരിച്ചുള്ള ട്രംപിന്റെ സന്ദര്‍ശനം നമസ്‌തെ ട്രംപ് എന്ന പേരില്‍ അതിനേക്കാള്‍ വലിയ സംഭവമാക്കി മാറ്റിയ കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതിനായി ചിലവഴിച്ച കോടികളുടേയും കെട്ടിപ്പൊക്കിയ മതിലുകളുടേയും വാര്‍ത്തകള്‍ക്കു നേരെ തല്‍ക്കാലം കണ്ണടക്കുക.
ലോകരാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു അത്ഭുതവും തോന്നാനിടയില്ല. ഏറെക്കുറെ ഒരേചിന്താഗതിക്കാരാണ് ഇരുവരുമെന്നത് പ്രകടം. തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ എത്രയോ പുറകിലാണ് തങ്ങളെന്ന് എത്രയോ തവണ ഇരുവരും വ്യക്തമാക്കിയിട്ടുള്ളതാണ്. ബരാക് ഒബാമ രാജ്ഘട്ടിലും ട്രംപ് സബര്‍മതിയിലും എഴുതിവെച്ച കുറിപ്പുകള്‍ അതിന്റെ പ്രകടമായ തെളിവുകളാണല്ലോ. ഒബാമയില്‍ നിന്നും ട്രംബിലേക്കും നെഹ്‌റുവില്‍ നിന്ന് മോദിയിലേക്കുമുള്ള ദുരം ഏറെക്കുറെ സമാനമാണ്. നെഹ്‌റു എന്തിന്റെയെല്ലാം പ്രതീകമായിരുന്നോ അതിന്റെയെല്ലാം നേര്‍വിപരീതമാണ് മോദിയെന്ന പോലെതന്നെയാണ് ഒബാമ എന്തിന്റെയെല്ലാം പ്രതീകമാണോ അതിന്റെയെല്ലാം വിപരീതമാണ് ട്രംപ് എന്നതും. അതുകൊണ്ടാണല്ലോ ട്രംപിനെ വിജയിപ്പിക്കാന്‍ അമേരിക്കന്‍ ജനതയോട് മോദി ആഹ്വാനം ചെയ്യുന്നതും മോദി ഇന്ത്യയുടെ ചാമ്പ്യനാണെന്ന് ട്രംപ് പറയുന്നതും. പരസ്പരമുള്ള സ്തുതിഗീതങ്ങളാലായിരിക്കും ഹൗഡി മോഡിയും നമസ്‌തെ ട്രംപും ചരിത്രത്തില്‍ സ്ഥാനം പിടിക്കുക എന്നതില്‍ സംശയം വേണ്ട.
വംശീയതയും വിദ്വേഷരാഷ്ട്രീയവും തന്നെയാണ് മോദിയേയും ട്രംപിനേയും ഐക്യപ്പെടുത്തുന്ന പ്രധാന ഘടകം. ഇരുവരും കുടിയേറ്റ വിരുദ്ധരും മുസ്ലിംവിരുദ്ധരുമാണ്. ഏറെ അഭ്യൂഹങ്ങള്‍ ഉണ്ടായിട്ടും പൗരത്വഭേദഗതി നിയമത്തിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ട്രംപ് തയ്യാറായില്ല എന്നതു നല്‍കുന്ന സൂചന തന്നെ എന്താണ്? മറിച്ച് ഇന്ത്യ മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നു എന്നും ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് മോദി തന്നോട് പറഞ്ഞതായാണ് ട്രംപ് പറഞ്ഞത്. അദ്ദേഹം ഡെല്‍ഹിയിലുള്ളപ്പോള്‍ നടന്ന മുസ്ലിം വംശീയഹത്യയെ കുറിച്ചുള്ള ചോദ്യത്തിന് ഒറ്റപ്പെട്ട, ഇന്തത്യയുടെ ആഭ്യന്തരപ്രശ്‌നം എന്നായിരുന്നു മറുപടി. ആഗോളവല്‍ക്കരണത്തിന്റെ വക്താക്കളാണ് ഇരുവരുമെന്നതും ഇതുമായി കൂട്ടിവായിക്കണം. അമേരിക്ക ഭരിക്കുന്നത് അമേരിക്കക്കാര്‍ തന്നെയാണെന്നും തങ്ങള്‍ ആഗോളസിദ്ധാന്തങ്ങളെ നിരാകരിച്ച് ദേശാഭിമാനത്തിന്റെ പ്രമാണങ്ങള്‍ സ്വീകരിക്കുന്നുവെന്നും പരസ്യമായി പ്രഖ്യാപിച്ച ട്രംപില്‍ നിന്ന് ഹിന്ദുരാഷ്ട്രം ലക്ഷ്യമാക്കിയവരെ കുറിച്ച് എന്തെങ്കിലും വിമര്‍ശനം പ്രതീക്ഷിച്ചവരാണ് വിഡ്ഢികള്‍.
ഇനി സന്ദര്‍ശനത്തിന്റെ സാമ്പത്തികവശത്തിലേക്കുവരാം. ഇത്രയും കൊട്ടിഘോഷിക്കപ്പെട്ട വരവില്‍ കാര്യമായ കരാറുകളൊന്നുമുണ്ടായില്ല എന്നതാണ് വസ്തുത. പ്രതിരോധ, മാനസികാരോഗ്യ, വൈദ്യശാസ്ത്ര ഉപകരണ മേഖലകളിലെ ധാരണപത്രത്തില്‍ ഇരുനേതാക്കളും ഒപ്പുവച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും എക്സോണ്‍ മൊബൈല്‍ കമ്പനിയും തമ്മിലുള്ള സഹകരണത്തിലും കരാര്‍ ഒപ്പുവച്ചു. കഴിഞ്ഞു. പിന്നെയുള്ളത് കുറെ പൊതുവായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. വ്യാപാര മേഖലയില്‍ ചര്‍ച്ചകള്‍ ആരംഭിച്ച് വിപുലമായ കരാറിലെത്താനാണ് ധാരണയെത്തിയത്.
വാസ്തവത്തില്‍ ട്രംപ് ഇന്ത്യയിലേക്ക് വന്നത് സാമ്പത്തിക കുഴപ്പത്തില്‍ പെട്ട് നട്ടംതിരിയുന്ന അമേരിക്കന്‍ സമ്പദ്ഘടനയ്ക്കാവശ്യമായ വിപണി ഉറപ്പിക്കാനാണ്. ഇന്ത്യയുമായി വലിയ വ്യാപാരകരാറിലെത്താനുള്ള നീക്കം അതിന്റെ ഭാഗമാണ്. എന്നാല്‍ അത്രയും വിപുലമായ കരാര്‍ ഉണ്ടായാല്‍ അത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്നുറപ്പ്. ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവ വെട്ടിക്കുറക്കലായിരിക്കും അതിലെ പ്രധാന ഭാഗം. കൂടാതെ
ഇന്നത്തെ സാര്‍വദേശീയ സാഹചര്യത്തില്‍ ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി മാറ്റാനുള്ള സമ്മര്‍ദ്ദവും ശക്തമാണ്. ആയുധകച്ചവടവും അതിന്റെ ഭാഗമാണ്. 21000 കോടിയിലേറെ രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പിടുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം അത്രയും പണം കൊടുത്ത് നമ്മള്‍ അത്രയും ആയുധങ്ങള്‍ വാങ്ങുക എന്നതുതന്നെയാണ്. ആയുധവ്യാപാരത്തില്‍ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന പരിഗണന നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. കോംകാസ കരാറോടെ അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് നമ്മുടെ സൈനിക താവളങ്ങളും വിമാനത്താവളങ്ങളും തുറമുഖങ്ങളും വിട്ടുകൊടുക്കാന്‍ നാം ബാധ്യസ്ഥരാകും. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഒന്നിച്ചുപോരാടാമെന്ന ഭംഗിവാക്കും ട്രംപ് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം പാക്കിസ്ഥാനെ ം പ്രകീര്‍ത്തിച്ചപ്പോഴും കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു പറഞ്ഞപ്പോഴും മോദിയുടെ മുഖം ഇരുളുന്നതും കണ്ടു.
വാസ്തവത്തില്‍ ലോകവ്യാപാരസംഘടനയുടെ ഉറുഗ്വേചര്‍ച്ചകള്‍ മുതല്‍ ഇന്ത്യ മറ്റു മൂന്നാംലോകരാജ്യങ്ങളുമായി ചേര്‍ന്ന് അമേരിക്കന്‍ ആധിപത്യത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. ആഗോളവല്‍ക്കരണത്തിന്റെ പ്രധാന വക്താവായിരുന്ന മന്‍മോഹന്‍ സിംഗ് പോലും അമേരിക്കക്കുമുന്നില്‍ പൂര്‍ണ്ണമായും അടിയറവ് പറഞ്ഞിരുന്നില്ല. എന്നാല്‍ അത്തരമൊരു അടിയറവിനാണ് മോദി കോപ്പു കൂട്ടുന്നത്. അതിന്റെ ആദ്യഘട്ടമാണ് കഴിഞ്ഞ രണ്ടുദിവസമായി ഇരു രാഷ്ട്രനേതാക്കളും ചേര്‍ന്ന് തയ്യാറാക്കിയത് എന്നതാണ് പ്രധാനം. അതിനാല്‍ തന്നെ ട്രംപിന്റെ ആഘോഷമായ ഈ വരവ് ഇന്ത്യക്ക് ഒരു ഗുണവും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply