തുടര്‍ ഭരണത്തിനു തടയിടാനാകുമോ? അതിജീവിക്കുമോ ഇന്ത്യന്‍ ജനാധിപത്യം?

തീര്‍ച്ചയായും ഈ ദിശയിലുള്ള പല നീക്കങ്ങളും നടക്കുന്നതായി വാര്‍ത്തയുണ്ട്. ബീഹാറിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന് ഊര്‍ജ്ജം നല്‍കിയിട്ടുമുണ്ട്. ജനാധിപത്യത്തെ തകര്‍ക്കുന്ന ബിജെപി തന്ത്രത്തിനു അതേനാണയത്തില്‍ മറുപടി നല്‍കിയ നിതീഷ് കുമാറിന് ഇപ്പോള്‍ ദേശീയനേതാവിന്റെ പരിവേഷമാണുള്ളത്. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിക്കുന്നവരും ഉണ്ട് ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ത്മമിലുള്ള ഐക്യം ബിജെപിക്ക് ചെറിയ ഭീഷണിയൊന്നുമല്ല ഉയര്‍ത്തുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ഭാവി തീരുമാനിക്കപ്പെടുന്ന 2024ലെ ലോകസഭാതെരഞ്ഞെടുപ്പ് ആസന്നമാകുന്തോറും രാഷ്ട്രീയരംഗം കലുഷിതമാകുകയാണ്. ഒരു ഭാഗത്ത് വരുംദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയാനും അവസരതിനൊത്തുയരാനും പല പ്രതിപക്ഷ, പ്രാദേശിക പ്രസ്ഥാനങ്ങളും തയ്യാറായിട്ടുണ്ട്. ബിജെപിക്കെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ നിരവധി നേതാക്കള്‍ തയ്യാറായിട്ടുണ്ട്. കോണ്‍ഗ്രസ്സാകട്ടെ നിരവധി വെല്ലുവിളികള്‍ നേരിടുമ്പോഴും രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയിലൂടേയും അധ്യക്ഷപദവിയിലേക്കുള്ള തെരഞ്ഞെടുപ്പിലൂടേയും പുതുജീവനായി ശ്രമിക്കുന്നു. അപകടം മണക്കുന്ന ബിജെപിയും കേന്ദ്രസര്‍ക്കാരുമാകട്ടെ ഇത്തരം നീക്കങ്ങളെ മുളയിലെ നുള്ളിക്കളയാനുള്ള നീക്കത്തിലുമാണ്. അതിന്റെ അവസാന ഉദാഹരണമാണ് പി എഫ് ഐക്കതെിരായ നിരോധനവും ന്യൂനപക്ഷവിഭാഗങ്ങളെ കുറിച്ച് വ്യാപകമായി നടക്കുന്ന വെറുപ്പിന്റെ പ്രചാരണവും. അതു തിരിച്ചറിയാന്‍ ഫാസിസ്റ്റ് വിരുദ്ധരെന്ന് അവകാശപ്പെടുന്ന പലര്‍ക്കുപോലും കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തുടര്‍ഭരണം എന്ന ആശയംതന്നെ ജനാധിപത്യസംവിധാനത്തിനു ഭീഷണിയാണ്. വേണ്ടത് ഭരണമാറ്റങ്ങളാണ്. അതേസമയം ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാണ്. ബിജെപി സര്‍ക്കാരിന് ഒരു മൂന്നാമൂഴും ലഭിക്കുകയാണെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നതിന്റെ സൂചനകളുമായി പല വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. അതിലേറ്റവും പ്രധാനം പൗരത്വ ഭേദഗതി നിയമം പാസാക്കുമെന്നു മാത്രമല്ല, അതിനായി ഭരണഘടനയില്‍ തന്നെ ഭേദഗതി വരുത്തുമെന്നാണ്. ഹിന്ദുത്വരാഷ്ട്രത്തിന്റേതായ ഭരണഘടനക്ക് അണിയറയില്‍ രൂപം കൊടുത്തു കഴിഞ്ഞതായി വിശ്വാസ്യയോഗ്യയുള്ള മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ പൗരന്മാരും തുല്ല്യരാണെന്ന ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വം തന്നെയാണ് തിരുത്തിയെഴുതാന്‍ പോകുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാം, പക്ഷെ രണ്ടാം പൗരന്മാരായി, വോട്ടവകാശം പോലുമില്ലാതെ എന്നതാണത്രെ ഇവരുടെ സങ്കല്‍പ്പത്തിലെ ഭരണഘടനയിലെ പ്രധാന വകുപ്പ്. അത്തരമൊരു നീക്കത്തിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതിന്റെ ഭാഗമായാണ് ലോകത്ത് ഇന്നു നിലവിലുള്ള ഏറ്റവും ശക്തമായ ഫാസിസ്റ്റ് സംഘടനയാലും പ്രത്യയശാസ്ത്രത്താലും നയിക്കപ്പെടുന്ന ഒരു ഭരണകൂടം ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്ന് പ്രതിരോധമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിക്കുന്നത്. ഈ നീക്കങ്ങളുടെ രാഷ്ട്രീയപ്രാധാന്യം തിരിച്ചറിയാതെ, അറിഞ്ഞോ അറിയാതേയോ അതിനെയെല്ലാം പിന്തുണക്കാനും സിദ്ധാന്തം ചമക്കാനും നിരവധി പുരോഗമനക്കാരും മതേതരക്കാരുമെന്നവകാശപ്പെടുന്നവര്‍ പോലും രംഗത്തിറങ്ങിയിരിക്കുന്നു എന്നതില്‍ നിന്ന് ഫാസിസ്റ്റുകള്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്നുതന്നെ കരുതാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സത്യത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രഥത്തെ പിടിച്ചുകെട്ടാനുള്ള കരുത്ത് രാജ്യത്തിനുണ്ട്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ വോട്ടിംഗിലെ കണക്കുകളും അതിനുശേഷം പലയിടത്തായി നടന്ന തെരഞ്ഞെടുപ്പുകളുടെ കണക്കുകളും പരിശോധിച്ചാല്‍ അതു ബോധ്യമാകും. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇന്നു ബിജെപി ഭരിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിച്ചാണല്ലോ. നാല്‍പ്പതുശതമാനത്തിനു താഴെ മാത്രമാണ് ഇപ്പോഴും ബിജെപിയുടെ വോട്ടുവിഹിതം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രശ്‌നം എല്ലാവരും ചൂണ്ടികാട്ടുന്ന പോലെ പ്രതിപക്ഷഐക്യം സാധ്യമാകുമോ എന്നതാണ്. അതിനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുന്നത് തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു. ഇതിനു മാതൃകയായി വലിയൊരു ചരിത്രം നമുക്കുണ്ടെന്നതും മറക്കാറായിട്ടില്ലല്ലോ. അടിയന്തരാവസ്ഥകാലത്ത് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് വീണ്ടും അധികാരത്തിലെത്താമെന്നു കരുതിയ ഇന്ദിരാഗാന്ധിക്ക് പ്രതിപക്ഷപാര്‍ട്ടികളും ജനങ്ങളും നല്‍കിയ മറുപടി തന്നെയാണ് സൂചിപ്പിക്കുന്നത്. അതിനേക്കാള്‍ അതിരൂക്ഷമായ ഈ സാഹചര്യത്തില്‍ ആ ചരിത്രം പുതിയ കാലത്തിന് അനുസൃതമായി ആവര്‍ത്തിക്കാനാവുമോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലാണ് രാജ്യത്തിന്റെ ഭാവി.

തീര്‍ച്ചയായും ഈ ദിശയിലുള്ള പല നീക്കങ്ങളും നടക്കുന്നതായി വാര്‍ത്തയുണ്ട്. ബീഹാറിലെ സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങള്‍ അതിന് ഊര്‍ജ്ജം നല്‍കിയിട്ടുമുണ്ട്. ജനാധിപത്യത്തെ തകര്‍ക്കുന്ന ബിജെപി തന്ത്രത്തിനു അതേനാണയത്തില്‍ മറുപടി നല്‍കിയ നിതീഷ് കുമാറിന് ഇപ്പോള്‍ ദേശീയനേതാവിന്റെ പരിവേഷമാണുള്ളത്. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തികാണിക്കുന്നവരും ഉണ്ട് ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ത്മമിലുള്ള ഐക്യം ബിജെപിക്ക് ചെറിയ ഭീഷണിയൊന്നുമല്ല ഉയര്‍ത്തുന്നത്. യുപിയിലാകട്ടെ സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ വലിയ പോരാട്ടത്തിനാണ് തയ്യാറാകുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായാല്‍ ബിജെപിയുടെ നില പരുങ്ങലിലാകുമെന്നുതന്നെയാണ് നിരീക്ഷകര്‍ കരുതുന്നത്. ദക്ഷിണേന്ത്യയിലേക്കു വരുകയാണെങ്കില്‍ തമിഴ് നാട്ടിലും കേരളത്തിലും ബിജെപിക്ക് ഒരു നേട്ടവും ഉണ്ടാക്കാനാകില്ല എന്നുറപ്പ്. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു അഖിലേന്താതലത്തില്‍ ബിജെപിക്കെതിരായ വിശാലമുന്നണിയുണ്ടാക്കാന്‍ തന്റേതായ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ആന്ധ്രയിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകില്ലെങ്കിലും രാജശേഖര്‍ റെഡിയെ പ്രതിപക്ഷനിരയിലേക്ക് കൊണ്ടുവരികയാണെങ്കിലേ ഗുണം ചെയ്യൂ. ഒറീസയുടെ കാര്യവും അങ്ങനെതന്നെ. കര്‍ണ്ണാടകയില്‍ മുന്‍തൂക്കം ബിജെപിക്കാകാമെങ്കിലും കോണ്‍ഗ്രസും ജനതാദളുമൊക്കെ കുറെ സീറ്റുകള്‍ നേടുമെന്നുറപ്പ്.

മഹാരാഷ്ട്രയില്‍ ഭരണം അട്ടിമറിക്കുന്നതിലും ശിവസേനയെ പിളര്‍ക്കുന്നതിലും ബിജെപി വിജയിച്ചെങ്കിലും ശക്തമായ പോരാട്ടം പ്രതിപക്ഷം കാഴ്ചവെക്കുമെന്നുറപ്പാണ്. ശരത് പവാറിനു മഹാരാഷ്ട്രയില്‍ ഇപ്പോഴുമുള്ള സ്വാധീനം ചെറുതല്ല എന്നു ബിജെപിക്കറിയാം. അപ്പുറത്ത് ബിജെപിയുടെ ശക്തികേന്ദ്രമായ ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പഞ്ചാബിലും ഡെല്‍ഹിയിലും ആം ആദ്മിക്ക ഇപ്പോഴും കരുത്തുണ്ട്. എന്തൊക്കെ ആന്തരിക പ്രശ്‌നങ്ങളുണ്ടെങ്കിലും കോണ്‍ഗ്രസ്സ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളായ രാജസ്ഥാനിലും ഛത്തിസ് ഗഡിലും ബിജെപിക്ക് കാര്യമായ നേട്ടങ്ങളുണ്ടാകാനിടയില്ല. മധ്യപ്രദേശിലാകട്ടെ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്താം. ബംഗാളിലും ജാര്‍ഖണ്ഡിലും ബിജെപി വലിയ പ്രതീക്ഷയൊന്നും പുലര്‍ത്തുന്നില്ല. ഹരിയാനയില്‍ പ്രതിപക്ഷം ഒന്നിച്ചുനിന്നാല്‍ ശക്തമായ പോരാട്ടത്തിനു സാധ്യതയുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതെല്ലാം കണക്കുകള്‍ വെച്ചുള്ള പ്രതീക്ഷകള്‍ മാത്രമാണ്. പലപ്പോഴും ഇതിനെയെല്ലാം തകര്‍ക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ച വെക്കാറുള്ളത്. മാത്രമല്ല ഈ പറഞ്ഞ പ്രദേശങ്ങളിലെല്ലാം പ്രതിപക്ഷത്തിന്റെ ഐക്യം സാധ്യമാകുമോ എന്ന ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുകയാണ്. നേതൃസ്ഥാനത്തെയും സീറ്റുവിഭജനത്തെയും കുറിച്ചുള്ള തര്‍ക്കങ്ങളില്‍ ഐക്യമെല്ലാം തകരുന്ന കാഴ്ചയാണല്ലോ സ്ഥിരമായി കാണുന്നത്. അവസാനം തെരഞ്ഞെടുപ്പിനുശേഷം ഐക്യമെന്നു പറയും. എന്നാല്‍ പരസ്പരമത്സരത്തിലൂടെ ബിജെപിക്ക് കൂടുതല്‍ സീറ്റു വാങ്ങി കൊടുക്കും. അത്തരം സാഹചര്യം ഒഴിവായാല്‍ മാത്രമേ ഈ പ്രതീക്ഷക്കൊക്കെ എന്തെങ്കിലും അര്‍ത്ഥമുള്ളു. മറ്റൊരു പ്രധാന തര്‍ക്ക വിഷയമാകാന്‍ പോകുന്നത് കോണ്‍ഗ്രസ്സിന്റെ റോളിനെ കുറിച്ചാണ്. ഇപ്പോഴും ബിജെപി കഴിഞ്ഞാല്‍ രാജ്യമാകെ വേരുകളുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സും നേതാവ് രാഹുലുമായിട്ടും പ്രതിപക്ഷത്തെ നയിക്കാനുള്ള നേതൃത്വം അവര്‍ക്ക് നല്‍കാന്‍ മിക്കപാര്‍ട്ടികളും തയ്യാറല്ല. നേതൃനിരയില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യതയെ തകര്‍ത്തിട്ടുമുണ്ട്. കോണ്‍ഗ്രസ്സുകൂടി അടങ്ങുന്ന പ്രതിപക്ഷ പ്രാദേശിക പാര്‍ട്ടികളുടെ കൃത്യമായ ഐക്യത്തിനേ എന്തെങ്കിലും സാധ്യതയുള്ളു. അതോടൊപ്പം തന്നെയാണ് അഥവാ ഭൂരിപക്ഷം നേടിയാല്‍ പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുന്നവര്‍ ഉയര്‍ത്താന്‍ പോകുന്ന പ്രശ്‌നങ്ങളും. ചുരുങ്ങിയത് അരഡസന്‍ നേതാക്കള്‍്കകെങ്കിലും അത്തരമൊരു ആഗ്രഹമുണ്ടെന്നുവേണം കരുതാന്‍. ഈ വിഷയങ്ങളെയെല്ലാം മറികടക്കാന്‍ പ്രതിപക്ഷത്തിനായാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷക്ക് സാധ്യതയുള്ളു.

തുടക്കത്തില്‍ സൂചിപ്പിച്ച ഏറ്റവും പ്രധാനപ്പെട്ട വിഷയം ആവര്‍ത്തിക്കാതെ ഈ കുറിപ്പവസാനിപ്പിക്കാറായിട്ടില്ല. പരാജയത്തിന്റെ എന്തെങ്കിലും സാധ്യത മുന്നില്‍ കണ്ടാല്‍ എന്തു ഹീനമായ മാര്‍ഗ്ഗമുപയോഗിച്ചും അധികാരത്തിലെത്താന്‍ ഭരണകക്ഷി ശ്രമിക്കുമെന്നതാണത്. അതിനായി കോടികളിറക്കി നേതാക്കളെ വിലക്കുവാങ്ങും. കേന്ദ്ര ഏജന്‍സികളുപയോഗിച്ച് വേട്ടയാടും. ഇപ്പോള്‍ തന്നെ ഭാരത് ജോഡോ യാത്ര കര്‍ണ്ണാടകയിലേക്ക് കടന്ന ദിവസം കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്റെ വസത് സിബിഐ റെയ്ഡ് ചെയ്തിരിക്കുന്നു. സംഘടനകള്‍ നിരോധിക്കും. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വെറുപ്പിന്റെ രാഷ്ട്രീയ പ്രചാരണം നടത്തി വര്‍ഗ്ഗീയ ധ്രുവീകരണത്തിനു ശ്രമിക്കും. വേണ്ടിവന്നാല്‍ വര്‍ഗ്ഗീയകലാപം പോലും നടത്തും. ഗുജറാത്തും മുസാഫര്‍ നഗറുമൊന്നും മറക്കാറായിട്ടല്ലല്ലോ. ദലിത്, ന്യൂനപക്ഷ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ചിന്തകരേയുമെല്ലാാം ഭീകരനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടക്കും. ജനാധിപത്യപരമായി കഴിയില്ലെങ്കില്‍ ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ അധികാരത്തിലെത്തി 2025ല്‍ തങ്ങള്‍ നടപ്പാക്കുമെന്ന ലക്ഷ്യം നേടാനായിരിക്കും അവരുടെ നീക്കമെന്നുറപ്പ്. അതിനെ ചെറുക്കാന്‍, തുടര്‍ഭരണത്തിനു തടയിടാന്‍ ഇന്ത്യന്‍ ജനാധിപത്യ, മതേതര ശക്തികള്‍ക്കാകുമോ എന്നു കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply