ഒരാളുടെ മന്‍ കി ബാത്തല്ല, ജനസാഗരത്തിന്റെ സ്വപ്‌നങ്ങളാണ് ന്യൂ ഇന്ത്യ

നീരവ് മോദി നീരവ് ഭായിയാകുന്നു. അനില്‍ അംബാനി അനില്‍ ഭായിയാകുന്നു. വിജയ് മല്ലി വിജയ് ഭായിയാകുന്നു. എന്നാല്‍ കര്‍ഷകരോ ചെറുകിട വ്യാപാരികളോ ചെറുകിട സംരംഭകരോ ഭായിമാരാകുന്നില്ല. മുപ്പതിനായിരം കോടി നിക്ഷേപമുള്ളവരാണ് ഭായിമാര്‍. അവര്‍ക്ക് മോദിയും ഭായിയാണ്. കാരണം രാജ്യത്തിന്റെ സ്വത്തെല്ലാം അവര്‍ക്ക് നല്‍കുകയാണല്ലോ. കേരളത്തിലേതടക്കം ആറുവിമാനത്താവളങ്ങള്‍ ആര്‍ക്കാണ് നല്‍കിയത്? തുറമുഖങ്ങളും. അതാണ് മന്‍ കി ബാത്ത് – ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി മലപ്പുറത്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്

ഇന്നു രാജ്യത്തു നടക്കുന്നത് ഒരു പ്രത്യയശാസ്ത്രപരമായ പോരാട്ടമാണ്. ഒരു ഭാഗത്ത് കോണ്‍ഗ്രസും അതിന്റെ സഖ്യശക്തികളും മറുവശത്ത് ബിജെപിയും ആര്‍ എസ് എസും മോദിയുമെല്ലാം അണിനിരന്നിട്ടുള്ള പോരാട്ടം. ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തുന്നത് ജനങ്ങളുടെ, രാജ്യത്തിന്റെ ശബ്ദമാണെങ്കില്‍ മറുപക്ഷം ഉയര്‍ത്തുന്നത് ഒരാളുടെ മന്‍ കി ബാത്ത് ആണ്. കോണ്‍ഗ്രസ്് ജനങ്ങളെ കേള്‍ക്കുന്നു, അവരുടെ പ്രശ്‌നങ്ങളും അഭിലാഷങ്ങളും മനസ്സിലാക്കുന്നു. ഗാന്ധി പറഞ്ഞത് വരിയില്‍ അവസാനം നില്‍ക്കുന്നവരെ ശ്രദ്ധിക്കാനാണ്. ഏറ്റവും ദുര്‍ബ്ബലരായവരെ കേള്‍ക്കാനാണ്. അപ്പോള്‍ രാജ്യമെന്താണെന്ന് നമുക്ക് മനസ്സിലാകും. അതു മനസ്സിലാക്കിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കുമേല്‍ ഞങ്ങള്‍ ഒരാശയവും അടിച്ചേല്‍പ്പിക്കുന്നില്ല. അവരെ ജാതിയുടേയോ മതത്തിന്റേയോ ദേശത്തിന്റേയോ മറ്റെന്തിന്റെയെങ്കിലും പേരിലോ വിഭജിച്ച് കാണുന്നില്ല. ഇന്ത്യയൊരു ജനസാഗരമാണെന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. ആ സാഗരത്തിനൊപ്പം നില്‍ക്കുന്നു.

മറുവശത്ത് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നതോ? അവര്‍ ജനസാഗരം എന്തു പറയുന്നു എന്നു കേള്‍ക്കുന്നില്ല. പകരം അവരുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നു. കടലിന്റെ അലമാലകളെ അവര്‍ ശ്രദ്ധിക്കുന്നതേയില്ല. പകരം കടലിനരികെ നിന്ന് പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കടലിനേക്കാല്‍ വലുതാണ് താനെന്നു ധരിച്ചിരിക്കുന്നു. കടലിന്റെ ശക്തി തിരിച്ചറിയുന്നതേയില്ല. പകരം അതിനോട് ആജ്ഞാപിക്കുന്നു. ദുര്‍ബലരായവരുടെ വികാര വിചാരങ്ങളും പ്രശ്‌നങ്ങളും കേള്‍ക്കുന്നതേയില്ല. ഞങ്ങളാകട്ടെ രാജ്യത്തെ അഥവാ ഓരോ പൗരനേയും നമിക്കുന്നു. കാരണം അവരാണ് യഥാര്‍ത്ഥ യജമാനന്മാര്‍ എന്ന് ഞങ്ങള്‍ക്കറിയാം. ഈ യാത്രയിലുടനീളം ഞങ്ങള്‍ ചെയ്യുന്നത് വ്യത്യസ്ഥ വിഭാഗം ജനങ്ങളെ കേള്‍ക്കലാണ്. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവര്‍ക്കായി പ്രവര്‍ത്തിക്കലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യത്തു നിലനില്‍ക്കുന്ന എല്ലാ വൈവിധ്യങ്ങളേയും ചിന്താധാരകളേയും അവഗണിച്ച്, സ്വന്തം താല്‍പ്പര്യം അടിച്ചേല്‍പ്പിക്കുന്ന വണ്‍ മാന്‍ ഷോ ആണോ മന്‍ കി ബാത്ത്? കഴിഞ്ഞ ദിവസം മൂവായിരത്തോളം വിദ്യാര്‍ത്ഥികളോട് നോട്ടുനിരോധനത്തെ കുറിച്ച് ഞാന്‍ ചോദിച്ചു. അവരെല്ലാം പറഞ്ഞത് അത് അസംബന്ധമായിരുന്നു എന്നാണ്. അല്‍പ്പം വിവേകമുണ്ടായിരുന്നെങ്കില്‍ പ്രധാനമന്ത്രി ആ അസംബന്ധം ചെയ്യുന്നതിനുമുമ്പ് ജനങ്ങളോട് ചോദിക്കുമായിരുന്നു. അവരുടെ അഭിപ്രായം അറിയമായിരുന്നു. പക്ഷെ ചെയ്തില്ല. സ്വന്തം മന്ത്രിസഭയില്‍ പോലും ചോദിച്ചില്ല. ആര്‍ ബി ഐ അടക്കമുളള സ്ഥാപനങ്ങളുടേയോ വിദഗ്ധരുടേയോ അഭിപ്രായം ചോദിച്ചില്ല. എത്രയോ പേരുടെ ജീവിതമാണ് അതിലൂടെ തകര്‍ന്നത്. കോടതികളേയോ ഇലക്ഷന്‍ കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങളെ പോലുമോ ഒരു കാര്യത്തിലും പരിഗണിക്കുന്നില്ല. വാജ്‌പേയിയേയും അദ്വാനിയേയും പോലും അധിക്ഷേപിക്കുന്ന ഇദ്ദേഹം ഒരാളെ മാത്രമേ കേള്‍ക്കുന്നുള്ളു, അംബാനിയെ. ഫലമെന്താണ്? രാജ്യത്തെ ചെറുപ്പക്കാല്‍ തൊഴിലില്ലാതെ അലയുന്നു. കേരളത്തിലടക്കം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കര്‍ഷകര്‍ ചോദിക്കുന്നത് വായ്പയാണ്. അതുപോലും നല്‍കുന്നില്ല. പകരം അമ്പതോളം ധനാഢ്യരുടെ 35000ത്തോളം കോടി രൂപയുടെ വായ്പയാണ് എഴുതിതള്ളിയത്. നീരവ് മോദി നീരവ് ഭായിയാകുന്നു. അനില്‍ അംബാനി അനില്‍ ഭായിയാകുന്നു. വിജയ് മല്ലി വിജയ് ഭായിയാകുന്നു. എന്നാല്‍ കര്‍ഷകരോ ചെറുകിട വ്യാപാരികളോ ചെറുകിട സംരംഭകരോ ഭായിമാരാകുന്നില്ല. മുപ്പതിനായിരം കോടി നിക്ഷേപമുള്ളവരാണ് ഭായിമാര്‍. അവര്‍ക്ക് മോദിയും ഭായിയാണ്. കാരണം രാജ്യത്തിന്റെ സ്വത്തെല്ലാം അവര്‍ക്ക് നല്‍കുകയാണല്ലോ. കേരളത്തിലേതടക്കം ആറുവിമാനത്താവളങ്ങള്‍ ആര്‍ക്കാണ് നല്‍കിയത്? തുറമുഖങ്ങളും. അതാണ് മന്‍ കി ബാത്ത്, അഥവാ ന്യൂ ഇന്ത്യ.

മോദിക്ക് രണ്ട് ഇന്ത്യ നിലവിലുണ്ട്. ഒന്നില്‍ ശതകോടീശ്വരന്മാരായ വിരലിലെണ്ണാവുന്നവര്‍. രണ്ടാമത്തേതില്‍ മറ്റെല്ലാവരും. രണ്ടുലക്ഷം കോടി രൂപയാണ് അദ്ദേഹം ആദ്യത്തെ ഇന്ത്യക്ക് നല്‍കിയത്. അനില്‍ അംബാനിക്കുമാത്രം 30000 കോടി. റഫാല്‍ കരാറിലെ കോടികളുടെ അഴിമതി വളരെ പ്രകടമാണല്ലോ. അതില്‍ പ്രധാനമന്ത്രിതന്നെ നേരിട്ട് ഇടപെട്ടെന്നത് വ്യക്തമായി തെളിഞ്ഞതാണ്. അതു പുറത്തുവരാതിരിക്കാന്‍ കോടതിയെപോലും തള്ളി സിബിഐ മേധാവിയെ മാറ്റിയതും രാജ്യം കണ്ടതാണ്. നമ്മള്‍ ആ ഇന്ത്യയെ അംഗീകരിക്കില്ല. നമുക്കുള്ളത് ഒരിന്ത്യ മാത്രം. അധികാരത്തിലെത്തിയാല്‍ ഞങ്ങള്‍ ദാരിദ്ര്യത്തിന്റെ ഒരു അടിസ്ഥാനരേഖയണ്ടാക്കും. ആ രേഖക്കു താഴെയുള്ളവരെ ഉയര്‍ത്തികൊണ്ടുവരും. അതിനായി അവരുടെ അക്കൗണ്ടില്‍ ആവശ്യമായ പണമിട്ടു കൊടുക്കും. അംബാനിമാര്‍ക്കല്ല പണം നല്‍കുക. സ്വകാര്യവല്‍ക്കരണം നിയന്ത്രിക്കും. ഉന്നതവിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും എല്ലാവര്‍ക്കും ലഭിക്കാനുളള സാഹചര്യമുണ്ടാക്കും. മറ്റൊന്ന് സ്ത്രീകളെ കുറിച്ചാണ്. അധികാരത്തില്‍ മാത്രം മുഴുവന്‍ തൊഴില്‍ മേഖലകളിലും സ്ത്രീകള്‍ക്ക് 33 ശതമാനമെങ്കിലും സംവരണം നടപ്പാക്കും. യുപിയില്‍ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത എം എല്‍ എയെ പോലും സംരക്ഷിക്കുന്ന മോദിയുടെ നിലപാടായിരിക്കില്ല ഞങ്ങളുടേത്. രാജ്യത്തെ ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടുന്ന മത്സ്യത്തൊഴിലാളികളെ പോലുള്ളവര്‍ക്കായി പ്രത്യേക മന്ത്രാലയമുണ്ടാക്കും. ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ വികസിപ്പിക്കും. സംരംഭകര്‍ക്ക് ആവശ്യമായ വായ്പയും സൗകര്യങ്ങളും നല്‍കും. അതിനായി ബാങ്കിംഗും സാമ്പത്തിക സംവിധാനങ്ങളും ഉടച്ചുവാര്‍ക്കും. കാരണം അവരാണ് തൊഴില്‍ ദായകരായ സേനാവ്യൂഹം. ഇപ്പോഴത്തെ വിരലിലെണ്ണാവുന്നവരല്ല. കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കും. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംസ്‌കരിക്കാനും എല്ലായിടത്തുമെത്തിക്കാനുമുള്ള സൗകര്യങ്ങള്‍ ചെയ്യും. ചെറുകിടക്കാരെ തകര്‍ക്കുന്ന ജി എസ് ടി സംവിധാനം ഉടച്ചുവാര്‍ക്കും. ഏറ്റവും കുറഞ്ഞ, സുതാര്യമായ നികുതി സംവിധാനമുണ്ടാക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ നിന്നു ഈ യാത്ര അടുത്ത സംസ്ഥാനത്തേക്കുപോകുന്ന സാഹചര്യത്തില്‍ സിപിഎമ്മിനേയും കേരള സര്‍ക്കാരിനേയും കുറിച്ച് രണ്ടുവാക്ക്. കേരളത്തില്‍ അഭ്യസ്ഥവിദ്യരുടെ തൊഴിലില്ലായമ വര്‍ദ്ധിക്കുന്നു. തൊഴിലിനായി നാടുവിട്ടുപോകേണ്ട അവസ്ഥയാണ്. കാര്‍ഷിക, വ്യവസായിക ഉല്‍പ്പാദനമേഖലകള്‍ തകരുന്നു.. കശുവണ്ടിയെ പോലുള്ള പരമ്പരാഗത മേഖലകളും തകരുന്നു. റബ്ബറിന്റെ അവസ്ഥയും മോശമാണ്. പ്രകൃതിക്ഷോഭങ്ങളില്‍ ഫലപ്രദമായി ഇടപെടാനാകുന്നില്ല., മറുവശത്ത് ബിജെപിയെപോലെ വയലന്‍സിലൂടെ അധികാരത്തിലെത്താമെന്നാണ് സിപിഎം കരുതിയിട്ടുള്ളത്. കൊലപാതക രാഷ്ട്രീയം സിപിഎമ്മും അവസാനിപ്പിക്കണം. അഹിംസയുടെ, വിനയത്തിന്റെ, സ്‌നേഹത്തിന്റെ ഭാഷയാണ് കാലം ആവശ്യപ്പെടുന്നത്. അതാണ് കോണ്‍ഗ്രസ്സിന്റെ ഭാഷ. അതിലൂടെ രാജ്യത്തെ പുതുക്കിപണിയലാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആ പ്രക്രിയയില്‍ എല്ലാവരുടേയും പങ്കാളിത്തമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply