കൊവിഡ് 19 പൊതുഗതാഗതത്തേയും തകര്‍ക്കുമോ?

പ്രാദേശികമാണ് നല്ലതും സ്ഥായിയായതുമെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. വന്‍കിടമാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമല്ല, മറിച്ച് അയല്‍പക്കത്തുള്ള ചെറുകടകളാണ് നമ്മുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റിയത്. ‘വീട്ടിലിരുന്ന് ജോലി’ യെന്ന ഇന്ന് അടിയന്തിരമായി ചെയ്യേണ്ടിവന്ന രീതി നാളെയുടെ സ്വഭാവമായി മാറുകയാണ്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ കൊവിഡാനന്തരകാലത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികളും ഉപേക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഈ സാഹചര്യങ്ങള്‍ പൊതുഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്.

കൊറോണയെന്ന സൂക്ഷ്മവൈറസ് മൂലമുണ്ടായ കോവിഡ് 19 എന്ന മഹാമാരിയുടെ ദ്രുതഗതിയിലുള്ള വ്യാപനം ലോകത്തെയാകെ വല്ലാത്താരു നിശ്ചലതയില്‍ തളച്ചിട്ടിരിക്കുകയാണ്. എന്തിനെന്നറിയാതെ, ഏതിനെന്തെന്നറിയാതെ ഭ്രാന്തമായൊരു വേഗതയില്‍ മത്സരിച്ച് കുതിച്ചുകൊണ്ടിരുന്നവര്‍, പെട്ടെന്ന് പിടിച്ചു കെട്ടിയതുപോലെ നിശ്ചലരായിരിക്കുന്നു. ഇന്നലെവരെ ഒന്നിനും സമയമില്ലാതിരുന്നവര്‍ക്ക്, ആശ്വാസത്തോടെ ഒന്നിച്ചിരുന്ന് എവിടേക്കായിരുന്നു ഈ പാഞ്ഞിരുന്നത് എന്നാലോചിക്കാന്‍ ഇപ്പോള്‍ ആവശ്യത്തിന് സമയമുണ്ട്.

വ്യവസായികവിപ്ലവത്തിനുശേഷം, പ്രത്യേകിച്ചും കഴിഞ്ഞ അരനൂറ്റാണ്ടില്‍ മനുഷ്യന്‍ പിന്തുടര്‍ന്ന വികലമായ വികസന സങ്കല്‍പ്പത്തിന് പ്രകൃതി നല്‍കിയ തിരിച്ചടിയാണ് ഈ അവസ്ഥയെന്ന് കരുതുന്നവര്‍ ഏറെയാണ്. ‘അനന്തമായ വിസസന’മെന്നത് സാധ്യമല്ലെന്നും വികസനത്തിനും പരിധിയുണ്ടെന്നും പ്രകൃതി മനുഷ്യനെ പഠിപ്പിക്കുകയാണെന്ന് അവര്‍ കരുതുന്നു. ഈ ഭൂമിയുടെ, പ്രകൃതിയുടെ നിലനില്‍പ്പിന് മനുഷ്യര്‍ അനിവാര്യമല്ലെന്നും മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് പ്രകൃതിയാണ് അനിവാര്യമെന്നും ഉറപ്പിക്കുകയാണ്. മനുഷ്യര്‍ വീടുകളില്‍ അടച്ചിരിക്കുന്ന ഈ നാളുകളില്‍ പ്രകൃതി അതിന്റെ സ്വച്ഛതയെ, നൈര്‍മ്മല്യത്തെ വീണ്ടെടുക്കുകയാണ്.

ആഗോളീകരണത്തിനേറ്റ ആഘാതമാണ് മറ്റൊരു വശം ലോകത്തിന്റെ ഏതൊരു കോണിലായാലും ഏറ്റവും ചിലവു കുറഞ്ഞ, ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്നിടത്ത് ഉല്‍പ്പാദിപ്പിച്ച് എങ്ങോട്ടുവേണമെങ്കിലും ചരക്കെത്തിക്കുകയെന്നതായിരുന്നു ആഗോളീകരണത്തിന്റെ മാനേജ്‌മെന്റ് മന്ത്രം. ആ ആശയവും ഇപ്പോള്‍ തകരുകയാണ്. പ്രാദേശികമാണ് നല്ലതും സ്ഥായിയായതുമെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ്. ഈ കെട്ടകാലത്ത് വന്‍കിടമാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമല്ല, മറിച്ച് അയല്‍പക്കത്തുള്ള ചെറുകടകളാണ് നമ്മുടെ ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റിയത്.

അങ്ങനെ പല തരത്തില്‍ കൊവിഡാനന്തരലോകത്ത് മനുഷ്യന്റെ ജീവിതവും തൊഴിലുമെല്ലാം അടിമുടി മാറുമെന്ന സൂചനയാണ് പുറത്തുവരുന്നത്. വിവര സാങ്കേതിക വിദ്യയുടെ വമ്പിച്ച മുന്നേറ്റം സാധ്യമാക്കിയ, തൊഴില്‍ മേഖലയിലെ പല അടിസ്ഥാനപരമായ മാറ്റങ്ങളും ഈ സന്ദര്‍ഭത്തില്‍ വേഗത്തില്‍ പ്രാബല്ല്യത്തിലായി. ‘വീട്ടിലിരുന്ന് ജോലി’ യെന്ന ഇന്ന് അടിയന്തിരമായി ചെയ്യേണ്ടിവന്ന രീതി നാളെയുടെ സ്വഭാവമായി മാറുകയാണ്. അതോടൊപ്പം തന്നെ മുഖമറ ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ കുറച്ചു കാലത്തേക്കെങ്കിലും നടപ്പുമര്യാദകളായി മാറുകയാണ്.

മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ കൊവിഡാനന്തരകാലത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികളും ഉപേക്ഷിക്കണമെന്നും ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍ മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

സുരക്ഷാകാരണങ്ങളാലുള്ള മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളും കൊവിഡിനുശേഷം രൂപപ്പെടുന്ന ലോകരീതികളും മനുഷ്യരുട ജീവിതത്തേയും തൊഴിലിനേയും വിനോദത്തേയും സമഗ്രമായി മാറ്റിമറക്കാനാണ് സാധ്യത. തീര്‍ച്ചയായും ഈ മാറ്റങ്ങള്‍ യാത്രാവശ്യങ്ങളേയും രീതികളേയും കൂടി കാര്യമായി സ്വാധീനിക്കും. അടച്ചുപൂട്ടലിന്റെ കാലത്ത് പൂര്‍ണ്ണമായും സേവനം നിര്‍ത്തിയത് വ്യോമ, ബസ് ഗതാഗതരംഗത്തെ ഏതാണ്ട് തകര്‍ത്തിട്ടുണ്ട്. റെയില്‍വേയാകട്ടെ ഈ അവസരം അവരുടെ മുഖ്യപ്രവര്‍ത്തനമേഖലയായ ചരക്ക് ഗതാഗതരംഗത്തെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള അശ്രാന്തപരിശ്രമത്തിലാണ്.

ലോകത്തില്‍ അന്തരീക്ഷമലിനീകരണത്തിന്റെ ഒരു പ്രധാന കാരണം എണ്ണ ഇന്ധനമായുപയോഗിക്കുന്ന വാഹനങ്ങളുടെ ഉപയോഗമാണെന്ന് ഈ അടച്ചുപൂട്ടല്‍ കാലം വേണ്ടത്ര തെളിവുകളോടെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ പ്രധാനം സ്വകാര്യവാഹനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന വികലമായ ഗതാഗതനയങ്ങളാണ്. ഇതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയര്‍ന്നുവന്നിരുന്ന പശ്ചാത്തലത്തില്‍ പൊതുഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനും വാഹനങ്ങള്‍ വൈദ്യുതിയിലേക്കു മാറുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിരുന്ന ഘട്ടത്തിലാണ് കൊവിഡ് 19 മൂലമുള്ള ഈ അട്ടുപൂട്ടല്‍ എല്ലാം തകിടം മറച്ചിരിക്കുന്നത്.

പലവിധത്തിലുള്ള നിയന്ത്രണങ്ങളും വിലക്കുകളും തൊഴില്‍ രംഗത്തുണ്ടാകുന്ന മാറ്റങ്ങളും സാമ്പത്തികതകര്‍ച്ചയും തൊഴില്‍ നഷ്ടങ്ങളും മൂലം പൊതുഗതാഗതരംഗം വലയ വെല്ലുവിളികളാണ് നേരിടാന്‍ പോകുന്നത്. എല്ലാ ഗതാഗതരൂപങ്ങളിലും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഗബാധക്കുള്ള സാധ്യതകളും യാത്രയുടെ ആരംഭത്തിലും അവസാനത്തിലുമുണ്ടായേക്കാവുന്ന കര്‍ശനപരിശോധനകളും നടപടിക്രമങ്ങളും ആകാശയാത്രയെ ഏറെ അനാകര്‍ഷകമാക്കും. ഈയടുത്ത് ഏറെ ജനകീയമായി മാറിയ വ്യോമഗതാഗതം അതിന്റെ പഴയ ദിനങ്ങളിലേക്ക് തിരിച്ചുപോകാനാണ് എല്ലാ സാധ്യതയും. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ കുറച്ചുപേര്‍ മാത്രം ആശ്രയിക്കുന്ന ഒരു ഗതാഗതരൂപമായി അത് മാറിയേക്കാം.

കേന്ദ്രസര്‍ക്കാരിന് കീഴിലായതിനാല്‍ യാത്രാവണ്ടികളുടെ കാര്യത്തില്‍ ഘടനാപരമായ പരിഷ്‌കാരങ്ങളിലൂടേയും ചരക്ക് ഗതാഗതമേഖലയില്‍ പങ്കാളിത്തം ഗണ്യമായി വര്‍ദ്ധിപ്പിച്ചും റെയില്‍വേ ഈ വെല്ലുവിളിയെ മറികടന്നേക്കാം. കുറഞ്ഞ ചെലവില്‍ കഗൂടുതല്‍ വേഗത്തില്‍ ചരക്ക് നീക്കുന്നതില്‍ റെയില്‍വേയുടെ പങ്ക് വര്‍ദ്ധിക്കുന്നത് സുസ്ഥിര വികസനത്തിന് ഗുണകരമാണ്. യാത്രാവണ്ടികളുടെ കാര്യത്തില്‍, മാറുന്ന സാഹചര്യമനുസരിച്ച് നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്.

ബസുകളുടെ കാര്യമാണ് ഏറെ പരിതാപകരം. നിലവിലെ സാഹചര്യത്തില്‍ ്അടച്ചുപൂട്ടലിനു ശേഷം വീണ്ടും ഒാടിത്തുടങ്ങാനാവാത്ത വിധം നടുവൊടിഞ്ഞു കിടക്കുകയാണ് ആ മേഖല. കൊവിഡിനുമുമ്പുപോലും നിരന്തരം പിറകോട്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു ബസ് ഗതാഗതരംഗം. ഭീമമായ നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ഓരോ വര്‍ഷവും ബസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി വന്നിരുന്ന സ്വകാര്യ ബസ് മേഖലയും ആശാവഹമായ ചിത്രങ്ങളല്ല തന്നിരുന്നത്. അതിനിടയില്‍ അവതരിച്ച ഈ വൈറസ് രോഗഭീഷണി ബസ് ഗതാഗതമേഖലയെ ഏതാണ്ട് തുടച്ചറിയുമെന്ന അവസ്ഥയാണ്.

നേരത്തെതന്നെ പലവട്ടം ചൂണ്ടികാണിച്ചിട്ടുള്ള സര്‍ക്കാരിന്റെ പരോക്ഷസഹായങ്ങളിലൂടെ മാത്രമേ ഈ മേഖലക്ക് അതിജീവിക്കാനാകൂ. ഒരു പുതിയ ബസ് നിരത്തിലിറക്കുന്നതിനു മുമ്പായി വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാരുകള്‍ ഈടാക്കുന്ന എല്ലാവിധ നികുതികളും തീരുവകളും ഒഴിവാക്കുക. വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനുമുള്ള ഫീസുകള്‍ പരമാവധി കുറക്കുക. ബസുകള്‍ക്ക് ഈടാക്കുന്ന റോഡുനികുതി പരമാവധി കുറക്കുക, അല്ലെങ്കില്‍ ഒഴിവാക്കുക. നിലവില്‍ ഡീസല്‍ ഇന്ധനം ഉപയോഗിക്കുന്നവക്ക് ഇന്ധനത്തിന്റെ നികുതികളില്‍ ഇളവ് അനുവദിക്കുക. ഡീസല്‍ ബസുകള്‍ മാറ്റി എത്രയും വേഗം വൈദ്യുതബസുകളാക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുക. ഒരേ റൂട്ടില്‍ ഓടുന്ന ബസുകള്‍ തമ്മില്‍ മത്സരം ഒഴിവാക്കി വരുമാനം പങ്കിടുന്ന രീതി സ്വീകരിക്കുക. ജി പി എസ് അധിഷ്ഠിത ടിക്കറ്റിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുക. നിലവിലെ ഫെയര്‍ സ്റ്റേജ് സമ്പ്രദായം ഒഴിവാക്കി യാത്ര ചെയ്യുന്ന ദൂരത്തിനനുസൃതമായി നിരക്ക് ഈടാക്കുക തുടങ്ങി നവീനവും നൃതനവുമായ നിരവധി പരിഷ്‌കാരങ്ങളീലൂടെ മാത്രമേ ബസ് ഗതാഗതമേഖലയെ നിലനിര്‍ത്താന്‍ കഴിയുകയുള്ളു.

കൊവിഡ് 19ന്റെ വ്യാപനം പൊതുസമൂഹത്തിലുണ്ടാക്കിയ ആഘാതങ്ങളില്‍ പലതും ഭൂമിക്കും പ്രകൃതിക്കും സ്ഥിരവികസനത്തിനും അനുകൂലമായവയാണെങ്കിലും പൊതുഗതാഗതം തകരുന്നത് വിപരീതഫലമാണുണ്ടാക്കുക. നിലവിലെ പൊതുഗതാഗത ശൃംഖല ഇല്ലാതാകുമ്പോള്‍ സ്വകാര്യവാഹനങ്ങള്‍ പെരുകും. നമ്മുടെ നിരത്തുകള്‍ വാഹനപ്രളയത്താല്‍ വീര്‍പ്പുമുട്ടും. തീരാത്ത ഗതാഗതകുരുക്കുകളും അന്തരീക്ഷമലിനീകരണവുമായിരിക്കും അതിന്റെ ഫലം. അത്തരമൊരവസ്ഥ ഒട്ടും തന്നെ ആശാസ്യമല്ല.

അക്കാരണത്താല്‍ തന്നെ പൊതുഗതാഗതത്തിന് ദോഷകരമല്ലാത്ത വിധത്തില്‍ വേണം ഇപ്പോഴത്തെ അടച്ചുപൂട്ടലില്‍ നിന്നു പുറത്തുകടക്കാന്‍. സാധാരണ ജീവിതം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ഈയൊരു ലക്ഷ്യത്തെകൂടി മുന്‍നിര്‍ത്തിയാകണം. അല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply