പശിമരാശി മണ്ണിന്റെ കവിത – അശോകന്‍ മറയൂരിന്റെ കവിതകള്‍ എം ബി മനോജ് വായിക്കുന്നു.

2015-ഓടു കൂടി വ്യത്യസ്ത ഗോത്രഭാഷകളില്‍ എഴുതുന്ന കവികള്‍ സാന്നിധ്യമാവുകയുണ്ടായി. മുതുവാഭാഷയില്‍ എഴുതുന്ന അശോകന്‍ മറയൂര്‍, റാവുള ഭാഷയില്‍ സുകുമാരന്‍ ചിഗദ്ദ, ഇരുള ഭാഷയില്‍ മണികണ്ഠന്‍ അട്ടപ്പാടി, ശിവലിംഗന്‍. പി, തുളു ഭാഷയില്‍ ധന്യവേങ്ങച്ചേരി ഉള്‍പ്പെടെയുള്ള കവികള്‍ സ്വന്തംഭാഷയില്‍ എഴുതിക്കൊണ്ട് സ്വന്തം ജനതയുടെ സാന്നിധ്യത്തെ നിര്‍മ്മിച്ചെടുത്തു.
ഒരു രാജ്യം ഒരു ഭാഷ എന്നിങ്ങനെയുള്ള ബ്രാഹ്മണിക വരേണ്യതയോടുള്ള ഏറ്റവും ശക്തവും ക്രിയാത്മകവുമായ വെല്ലുവിളിയായി ഇത് മാറിത്തീര്‍ന്നു. കേരളത്തില്‍ മാത്രം മുപ്പതോളം ഗോത്രവിഭാഗങ്ങള്‍ക്ക് ഇന്നും സ്വന്തം സംസാര ഭാഷ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

‘തന്റെ ജനതയുടെ ജീവിതത്തിന്റെ ദൃഢവും വ്യക്തവുമായ ആവിഷ്‌കാരങ്ങളാണ് എണ്ണത്തില്‍ കുറഞ്ഞതെങ്കിലും അശോകന്റെ മുതുവാന്‍ കവിതകള്‍. മറയൂരിലെ പാറപ്പൊത്തുകളില്‍ ആദിമനുഷ്യന്‍ വരച്ചിട്ട ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു അവ’- പി. രാമന്‍

മലയാള കവിത നിരന്തരം മാറുകയും നവീനമാവുകയും ചെയ്യുന്നു. തൊണ്ണൂറുകളിലെ ഉത്തരാധുനികകവിത രണ്ടായിരത്തിപത്തുകളോടെ മറ്റുചില ദിശാ നിര്‍ണ്ണയനങ്ങള്‍ നടത്തുകയുണ്ടായി. പരിസ്ഥിതി, സ്ത്രീ, ദലിത് കവിതകള്‍ എന്ന ഉത്തരാധുനിക ത്രിത്വം ഈ ദിശാനിര്‍ണയനത്തിന് വഴിമാറിക്കൊടുത്തു. നവമാധ്യമകവിതകള്‍, ട്രാന്‍സ് കവിതകള്‍, ഗോത്രകവിതകള്‍ എന്നുവിളിക്കാവുന്ന നവീകരണങ്ങളാണ് ഇതില്‍ പ്രധാനപ്പെട്ട കവിതാനുഭവങ്ങളായി സജീവമായിത്തീര്‍ന്നത്. ഒരര്‍ത്ഥത്തില്‍ ഉത്തരാധുനിക കവിതകളുടെ അടുത്ത ഘട്ടം കൂടിയായിരുന്നു ഇത്.

മലയാള കവിതയിലേയ്ക്ക് ഗോത്ര ജനതയുടെ ഇമേജുകള്‍ ഏറെ സജീവമായി കടന്നുവന്നത് എഴുപതുകളോടെയാണ്. തീവ്ര ഇടതുകവിതകളില്‍ പ്രമേയപരമായി അവ സ്ഥാനംപിടിച്ചു. അതേതുടര്‍ന്ന് ദലിത് കവിതകള്‍ ശക്തമാംവിധം ഗോത്രജീവിതത്തെ കവിതയില്‍ ആവിഷ്‌കരിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ്, ഗോത്രഭാഷയില്‍ എഴുതുന്ന കവിതകള്‍ രൂപപ്പെട്ടത്. ഇത് മലയാള കവിതയുടെ സമകാല ഭാവുകത്വത്തിന്റെ ദിശാനിര്‍ണമായി മാറിത്തീര്‍ന്നു.

രാഷ്ട്രീയമായ ഒരു തിരിച്ചുപിടിക്കലായിരുന്നു ഈ ഗോത്രകവിതകള്‍. അറുപതുകളോടെ ആദിവാസി-അവകാശപ്പോരാട്ടങ്ങള്‍ രൂപപ്പെടുകയും സോഷ്യലിസ്റ്റുകളും അംബേദ്കറൈറ്റുകളും അതിനോട് ഐക്യപ്പെടുകയും ചെയ്തു. അതേസമയം നിര്‍ഭാഗ്യകരമെന്നു പറയട്ടെ മാര്‍ക്‌സിയന്‍ ചിന്തയും ഗാന്ധിയന്‍ ചിന്തയും ഗോത്രശബ്ദങ്ങളെ അസ്ഥിരപ്പെടുത്തുകയും അനാഥമാക്കുകയും ചെയ്തു. എഴുപതുകളോടെ ഗിരിജന, ഗിരിവര്‍ഗ പ്രസ്ഥാനങ്ങള്‍ അവരുടെ അവകാശപ്പോരാട്ടങ്ങള്‍ ആരംഭിച്ചുവെങ്കിലും അധികാരം കയ്യാളിയ മാര്‍ക്‌സിയന്‍-ഗാന്ധിയന്‍ ധാരകള്‍ പരസ്പരം ഐക്യപ്പെട്ട് ഗോത്രസമൂഹങ്ങളെ കെടുത്തിക്കളയുകയുണ്ടായി.

കെ. പാനൂര്, ഡോ. നല്ലതമ്പി തേര, കല്ലറ സുകുമാരന്‍ ഉള്‍പ്പെടുന്ന മനുഷ്യരുടെ ഒരു ചെറുനിര പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ഗോത്രങ്ങള്‍ക്കു വേണ്ടി ശബ്ദിച്ചു. ഹരിജന-ഗിരജന ഐക്യപ്രസ്ഥാനങ്ങള്‍ ഇതിന്റെ ഭാഗമായി രൂപപ്പെട്ടു. ചരിത്രപരമായി സഹോദരസമൂഹം എന്ന നിലയില്‍ രാഷ്ട്രീയമായും സാംസ്‌കാരികമായും ഇതിന്റെ തുടര്‍ച്ച പലരീതിയില്‍ രൂപപ്പെട്ടു. കെ.എം. സലിം കുമാറിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ട അധഃസ്ഥിത-ആദിവാസി സാംസ്‌കാരിക സമിതി, സി.എസ്.ഐ പ്രസ്ഥാനത്തിന്റെ ചിന്താമണ്ഡലത്തില്‍ രൂപപ്പെട്ട സെന്റാഡ്‌സ് (സെന്റര്‍ ഫോര്‍ ദലിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ്) പ്രസ്ഥാനം, സി.കെ. ജാനുവിന്റെയും മറ്റും മുന്‍കയ്യില്‍ രൂപപ്പെട്ട ദലിത് ആദിവാസി ഐക്യസമിതി തുടങ്ങിയവയൊക്കെയും ചരിത്രപരമായ സഹോദര സമൂഹത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഐക്യത്തിന്റെ പല ശ്രമങ്ങളും മുന്നോട്ടുവെച്ചു.

ഈ ഘട്ടത്തില്‍ തൊണ്ണൂറുകളോടെ രൂപപ്പെട്ട ദലിത് സാഹിത്യത്തില്‍ പ്രമേയപരമായി ഗോത്രസാന്നിധ്യം വിപുലമാംവിധം സ്ഥാനപ്പെടുകയുണ്ടായി. അതോടൊപ്പം കനവ് ബേബിയുടെയും മറ്റും ശ്രമങ്ങളും, ഡയനാമിക് ആക്ഷന്റെ ശ്രമങ്ങളും കലാഭവന്‍ മണി ഉള്‍പ്പെടെയുള്ളവരുടെ ജനപ്രിയ ഗാനശാഖകളും സാംസ്‌കാരികമായി ഒരുനവ ചലനം മുന്നോട്ടുവെച്ചു. നാടന്‍ പാട്ടുകളില്‍ ഗ്രോത്രഗാനങ്ങളും തദ്ദേശഗാനങ്ങളും ഇടകലരുകയും അത് ഭാഷയ്ക്കും മണ്ണിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി ജനതയെ സാമൂഹികമായി തയ്യാറാക്കുകയുണ്ടായി. ഇങ്ങനെ രൂപപ്പെട്ട കേരളപരിസരമാണ് ഗോത്രജനതയെ സ്വന്തംഭാഷയില്‍ സംസാരിക്കുന്നതിന് ആത്മവിശ്വാസം നല്‍കിയത്. ഗാന്ധിയന്‍ വരേണ്യതയും മാര്‍ക്‌സിയന്‍ ഉപരിവര്‍ഗ, മധ്യവര്‍ഗ താല്പര്യങ്ങളും ഗോത്രങ്ങളെ കയ്യൊഴിയുകയും പിറന്ന നാട്ടില്‍ നിന്നും അവരെ ആട്ടിപ്പുറത്താക്കാന്‍ നിരന്തരം ശ്രമിക്കുകയുമായിരുന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരികെ കൊടുക്കേണ്ട നിയമം പോലും കാറ്റില്‍പ്പറത്തിയ ഇവര്‍, അതിനെതിരെ പുതിയ നിയമുണ്ടാക്കുവാനായി കൈക്കോര്‍ക്കുകയുണ്ടായി. ഇത്തരത്തില്‍ പ്രതിസന്ധികളുടെയും, കയ്യൊഴിയലിന്റെയും കടന്നാക്രമണത്തിന്റെയും നിരന്തരമായ മേധാവിത്വഘട്ടത്തിലാണ്, ഉത്തരാധുനികരചനകള്‍, സാധാരണ മനുഷ്യര്‍ക്ക് ആത്മവിശ്വാസത്തിന്റെ ഊര്‍ജ്ജം പകര്‍ന്നത്.

വരേണ്യഭാഷയെ കയ്യൊഴിഞ്ഞ്, സ്വന്തം സംസാരഭാഷയിലേക്കും പ്രാദേശിക ഭാഷയിലേക്കും കവിത മാറിയതിന്റെ ആരോഗ്യകരമായ മണ്ണില്‍ ചവിട്ടിനിന്നു വളര്‍ന്ന ഉത്തരാധുനിക കവിതയുടെ ക്രിയാത്മകമായ പ്രതിഫലനമായിരുന്നു സ്വന്തം ഭാഷയില്‍ എഴുതുവാന്‍ രാഷ്ട്രീയ ഊര്‍ജ്ജം സമ്പാദിച്ച ഗോത്രകവിതകള്‍. അത് സാംസ്‌കാരികാധിനിവേശങ്ങളെ അട്ടിമറിക്കുക മാത്രമല്ല, പ്രമേയ സ്വീകരണത്തിനുമപ്പുറത്ത് പ്രതിനിധാനപരമായ ഉയര്‍ന്ന മൂല്യമണ്ഡലം നിര്‍മ്മിച്ചെടുക്കുകകൂടിയായിരുന്നു. പ്രതിനിധാനപരമാവുക എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും കേന്ദ്രപ്രമേയമായ പ്രത്യേകതയാണ്. പ്രതിനിധാനസവിശേഷതയോടുള്ള കടുത്ത വിയോജിപ്പാണ് പലപ്പോഴും ഇന്ത്യന്‍ ജനാധിപത്യം നേരിട്ട വെല്ലുവിളിയും. അതേമസയം ചിലനിരൂപകരെങ്കിലും ദലിത് എഴുത്തിന്റെ മറുവശത്ത് ആദിവാസി സാഹിത്യത്തെ നിറുത്താന്‍ ശ്രമിക്കുന്നു എന്നതാണ് കുത്സിതമായ വിരോധാഭാസം.

2015-ഓടു കൂടി വ്യത്യസ്ത ഗോത്രഭാഷകളില്‍ എഴുതുന്ന കവികള്‍ സാന്നിധ്യമാവുകയുണ്ടായി. മുതുവാഭാഷയില്‍ എഴുതുന്ന അശോകന്‍ മറയൂര്‍, റാവുള ഭാഷയില്‍ സുകുമാരന്‍ ചിഗദ്ദ, ഇരുള ഭാഷയില്‍ മണികണ്ഠന്‍ അട്ടപ്പാടി, ശിവലിംഗന്‍. പി, തുളു ഭാഷയില്‍ ധന്യവേങ്ങച്ചേരി ഉള്‍പ്പെടെയുള്ള കവികള്‍ സ്വന്തംഭാഷയില്‍ എഴുതിക്കൊണ്ട് സ്വന്തം ജനതയുടെ സാന്നിധ്യത്തെ നിര്‍മ്മിച്ചെടുത്തു. ഒരു രാജ്യം ഒരു ഭാഷ എന്നിങ്ങനെയുള്ള ബ്രാഹ്മണിക വരേണ്യതയോടുള്ള ഏറ്റവും ശക്തവും ക്രിയാത്മകവുമായ വെല്ലുവിളിയായി ഇത് മാറിത്തീര്‍ന്നു. കേരളത്തില്‍ മാത്രം മുപ്പതോളം ഗോത്രവിഭാഗങ്ങള്‍ക്ക് ഇന്നും സ്വന്തം സംസാര ഭാഷ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

തൊണ്ണൂറുകളോടുകൂടി ബഹുജനപഠനങ്ങള്‍ അവരുടെ ശക്തമായ ഐക്കണായി ബര്‍സാമുണ്ടയെ ആവിഷ്‌കരിച്ചെടുക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഗോത്രരചനകള്‍ ദേശത്തിന്റെ നവനിര്‍മാണത്തിന്റെ ശക്തമായ ദിശാനിര്‍ണയങ്ങളായി മാറിത്തീരുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇങ്ങനെയൊരു വിശാലഭൂമികയിലൂടെ അടിത്തറയില്‍ നിന്നുകൊണ്ട് ഗോത്രകവിതകളെ പരിശോധിക്കുമ്പോള്‍, സാമൂഹികമായ മുന്നേറ്റത്തിന്റെ ശക്തമായ അലയടികള്‍ നമുക്ക് ഈ കവിതയില്‍ ദര്‍ശിക്കാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ മലയാളത്തിലെ ഗോത്രകവികളില്‍ ഏറ്റവും ശ്രദ്ധേയനായ ശ്രീ. അശോകന്‍ മറയൂരിന്റെ ചിലകവിതകളെ പരിശോധിക്കുകയാണ് ഇവിടെ.

”പെട്‌നാറിലി സാമി
പെടിയത്ത്‌റ്
പായിപൊടവയെട്ത്ത്
കെടവലവ്ട്
തേടിപിയ്യാത്തായ്” (തുപ്പ)

അപ്പനുമമ്മയുമില്ലാത്ത കുട്ടിക്ക് ഇടാറുള്ള പേരാണ് ‘തുപ്പ’. മുതുവാന്‍ സമൂഹത്തിനുള്ളില്‍ അതിനെക്കുറിച്ച് ഒരു കഥ നിലനില്‍ക്കുന്നു. പെറ്റയുടനെ കുഞ്ഞുമരിക്കുന്ന സ്ത്രീ, തുടര്‍ന്നു പ്രസവിക്കുമ്പോള്‍ കുട്ടിയെ എവിടെയെങ്കിലും ഒളിച്ചുവെയ്ക്കണം. പിന്നീട് എടുത്തുവളര്‍ത്തണം. ‘തുപ്പ’ എന്നാണ് ഈ കുട്ടിയെ വിളിക്കേണ്ടത്. ഒരര്‍ത്ഥത്തില്‍ ആ കുട്ടി അനാഥയായാണ് വളരുന്നത് എന്ന സങ്കല്പം ഈ കവിതയിലുണ്ട്. ഗോത്രസമൂഹത്തിന്റെ അനാഥത്വം ഒരുരൂപത്തില്‍ ഈ കവിത പങ്കുവെയ്ക്കുന്നുണ്ട്. മറ്റുവീടുകളില്‍ ഉറങ്ങാന്‍ പോകേണ്ടിവരുന്ന കുട്ടിയാണ് തുപ്പ. സ്വന്തം വീട്ടില്‍ അവര്‍ തലചായ്ക്കുന്നില്ല.

”ഇക്കത ഇട്ടപ്പയ്
എന്റെ മൂളത്തെ സാമിയും
കേട്ട്‌റ്ക്കും
അന്റ്റ്‌റ്ണ്
ഒറക്കമിന്റെതതിക്ക്‌ലെക്ക്
എന്‌റ് പേറും
തുപ്പതായ്
എനക്കും തായുമില്ല
തന്തയുമില്ല’ (തുപ്പ)

”വെല്ല്യമ്മച്ചി ഇക്കഥ പറഞ്ഞുനിര്‍ത്തിയപ്പോള്‍
എന്റെ മൂളല്‍
ദൈവവും കേട്ടിരിക്കും.
അന്നുമുതലാണ്
എനിക്ക് ഉറക്കമില്ലാതായത്
എന്റെ പേര്
തുപ്പയെന്ന്
എനിക്കും അമ്മയില്ല.
അപ്പനുമില്ല.” (തുപ്പ)

ഗോത്രത്തിനുള്ളിലെ ഇക്കഥ, ആ കുട്ടിയെ പിടിച്ചുലയ്ക്കുന്നു. അനാഥത്വം ആ കുട്ടിയെ വേട്ടയാടുന്നു. പടിഞ്ഞാറ് സൂര്യന്‍ അസ്തമിച്ചപ്പോള്‍, പായും തുണിയുമുടുത്ത്, മറ്റൊരുവീട്ടില്‍ കിടക്കാന്‍ പോയപ്പോഴാണ്, തന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ചത്. ആ വീട്ടിലെ വെല്ല്യമ്മച്ചിയാണ് തുപ്പയായ അവന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊടുത്തത്. ഒരമ്മയുടെ, ഒരുപെണ്ണിന്റെ അവസ്ഥ ആ കഥയില്‍ നിഴലിച്ചു നില്‍ക്കുന്നു. സ്വന്തം കുട്ടിയായിട്ടും അതിനെ അനാഥക്കുട്ടിയെപ്പോലെ സ്വീകരിക്കേണ്ട അവസ്ഥ. സ്വന്തം വീടും രക്ഷിതാക്കളുമുണ്ടായിട്ടും അനാഥനായി നില്‍ക്കേണ്ടിവരുന്ന കുട്ടി. ഇതന്റെ സംഘര്‍ഷമാണ്, പ്രസ്തുത മിത്തിനെ മുന്‍നിറുത്തുക്കൊണ്ട്, കവി പ്രശ്‌നവല്‍ക്കരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും പരിചയമുള്ള ഒരു കര്‍ഷകഗാനമായ, ‘മുണ്ടകന്‍ പാടത്തെ നാഥന്‍ കുഞ്ഞ്’ എന്ന ഞണ്ടിന്റെ പാട്ട് ഇവിടെ ഓര്‍മവരുന്നു. ‘എന്റെ പേര് തുപ്പ, എനിക്കും അമ്മയില്ല, അപ്പനുമില്ല’ എന്ന വരിയില്‍ എന്റെ ജീവിതം അനാഥത്വമാണെന്ന് വരച്ചിടുന്നു.

‘വേട്ടി’ (ഉടുമുണ്ട്) എന്ന കവിത, അരയില്‍ ഉടുക്കുന്ന മുണ്ടിന്റെ കടമയെ ബോധ്യപ്പെടുത്തുന്നു. ഉടുക്കാന്‍ മാത്രമുള്ളതല്ല, വലിച്ചുകീറി മുറിവുകെട്ടാനും കൂടിയുള്ള ഒരു സഹായികൂടിയാണ് ഇവിടെ ഉടുമുണ്ട്. മിക്ക ഉടുമുണ്ടിന്റെ മൂലയും ഇതിനായി കീറിയെടുത്തിട്ടുണ്ടാകും. ‘കേണിത്തണ്ണിപ്പാടവ’ എന്ന കവിതയില്‍ ഒരുസ്ത്രീയ് ധരിക്കുന്ന പൊടവയുടെ സമാനമായി വെള്ളച്ചാട്ടത്തെ അടയാളപ്പെടുത്തിയിരുന്നത് എങ്കില്‍ ‘വേട്ടി’ എന്ന കവിതയില്‍ ഉടുമുണ്ടിന്റെ സഹായത്തെയാണ് വിവരിക്കുന്നത്. ‘പൊറമല’ എന്ന കവിതയില്‍ ഗോത്രവിഭാഗങ്ങള്‍ ധരിച്ചുവരുന്ന വസ്ത്രങ്ങളെ നോക്കിക്കാണുന്ന ഒരു ഭാഗമുണ്ട്.

”നാമെല്ലാം തുണികെട്ടി
ഒറ നൂറ്റാണ്ടുവെറുമൊ?
സേമ്പടക കടന കുടുസ്തനേ
നമ്മ കാടൊടസ്സും.” (പൊറമല)

”നാമെല്ലാം തുണിയുടുത്തിട്ട്
ഒരു നൂറ്റാണ്ടായിക്കാണുമൊ?
ചേമ്പും ചീരയും കടഞ്ഞുകുടിച്ച്
നാം കാടുടച്ചിട്ട്?” (പൊറമല)

ഒരു നൂറ്റാണ്ടായിക്കാണുമോ നമുക്ക് തുണിയും വസ്ത്രങ്ങളും കിട്ടിയിട്ട് എന്ന ഒരു ചോദ്യമുണ്ട്് ഇവിടെ. ഗോത്രസംസ്‌കാരത്തോട് സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ് ഇത്. ഗോത്രജീവിതത്തിന്റെ നോക്കിക്കാണലാണ് ഈ കവിത. അതേസമയം ‘പൊടവ’ എന്ന കവിതയാകട്ടെ ഒരു സാരിയെ കേന്ദ്രപ്രമേയമാക്കുന്ന കവിതയാണ്.’

‘പൊങ്കലവന്തേ ഒറ
പൊടവ’ (പൊടവ)

‘പൊങ്കാല വന്നാല്‍
ഒരു പൊടവ’ (പൊടവ)

എന്ന ഈ കവിതയിലും വസ്ത്രം ജീവിതത്തിന്റെ ഭാഗമാകുന്നത് മറ്റൊരു ജൈവലോകത്തിനുള്ളിലാണ്. ഒരുവശത്ത് കാട്ടുമൃഗങ്ങളെ ആട്ടുവാനുള്ള വേലിയാണ് ചിലപ്പോള്‍ പഴയ സാരികളെങ്കില്‍ മറുവശത്ത് അത് ജീവിതത്തിന്റെ സമസ്ത മേഖലയില്‍ ഇടപെടുന്ന ഒരു സഹജീവിയായി നിലകൊള്ളുന്നു. വേട്ടിയും, പൊടവയും വ്യത്യസ്തമായ പല കാഴ്ചകളായി ഈ കവിതകളില്‍ ജൈവലോകം നിര്‍മ്മിക്കുന്നു.

”പച്ചനാഹം പത്തിയെളുപ്പും
പുള്ളിപ്പുലി വെയ് മറയ്ക്കും
കാട്ടാന കുത്തിക്കൊല്ലും
കാട്ടുമാട് വെട്ടിക്കൊല്ലും
വെള്‌സ്‌മേ നെന്‌റാലും
നിന്‌റയെണ്ണമൊ അന്തിയാകും” (കാട്)

കാടിനുള്ളില്‍ നിന്നുകൊണ്ട് കാടിനെ കാണുന്ന ഈ കവിത കാല്പനികമായ കാടകങ്ങളെ ചുരുട്ടി വെളീല്‍ കളയുന്നു. കാട് ഒരു പ്രതിസന്ധിയുടേതുകൂടിയാണെന്നു വ്യക്തമാക്കുന്നു. വന്യമൃഗങ്ങള്‍ക്ക് അവരുടേത് മാത്രമായ ഒരു താവളം ഇന്നില്ല. വന്യമൃഗങ്ങളും കാട്ടുവാസികളും ഒരേയര്‍ത്ഥത്തില്‍ വനത്തിനു പുറത്താക്കപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഗോത്രജീവിതം കൂടുതല്‍ ദുഷ്‌കരമാണ്.

”തണ്ണിക്കും ദാഹമാകും” (തണ്ണീരിനും ദാഹംവരും) കാലമാകുന്നു അത്. പച്ചനാഗങ്ങള്‍ പത്തിവിരിക്കുന്ന, പുള്ളിപ്പുലി വഴിമറച്ചുനില്‍ക്കുന്ന, കാട്ടാന കുത്തിക്കൊല്ലുന്ന, കാട്ടുമൃഗങ്ങള്‍ വെട്ടിക്കൊല്ലുന്ന, ഒരു അവസ്ഥയ്ക്കുള്ളിലാണ് ഗോത്രങ്ങളുടെ ജീവിതവും. ഇത് ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുന്നു. അതിനാല്‍ അയാള്‍ ചോദിക്കുന്നു.

”അന്തിമറഞ്ഞാലെന്ത്
എന്റെ കാത്തിരിപ്പ് അവസാനിക്കുമൊ?
വെച്ചപൂവ് വാടിപ്പോകുമോ?
എന്റെ കല്ലുവള പൊട്ടിവീഴുമോ?” (കാട്)

പട്ടിണിയാവട്ടെ, പത്തായമൊഴിഞ്ഞോട്ടെ, പഞ്ഞം തന്നെ വന്നോട്ടെ, ഈ വഴിയിലൂടെ ഇന്നുപോകണമൊ? അന്തിമറഞ്ഞാലും ഈ കാത്തിരിപ്പ് അവസാനിക്കുമൊ എന്ന കവിത, ഏലയ്ക്ക വില്ക്കാനും വനവിഭവങ്ങള്‍ വില്ക്കാനും പോയി മടങ്ങിവരുന്നവരെക്കാത്തുള്ള ഇരിപ്പിനെ ഓര്‍മ്മിപ്പിക്കുന്നു. അതോടൊപ്പം കാട്ടിലൂടെയുള്ള സഞ്ചാരങ്ങളുടെ പതിയിരിക്കുന്ന അപകടങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കാടെന്ന കാല്പനിക ഛായയ്ക്ക് മങ്ങലേല്പ്പിക്കുന്നു ഈ കവിത. വനത്തില്‍ ജീവിക്കുന്ന മനുഷ്യരും മനുഷ്യരാണെന്ന് നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്നു.

ഗോത്രജീവിതത്തിന്റെ ഒരു ചാക്രികത വരഞ്ഞിടുന്ന കവിതയാണ് ‘ഇതുമതി നമുക്ക്?’ എന്ന കവിത. നമുക്ക് ഇത്രയും മതിയൊ? എന്ന ഒരു മറുചോദ്യവും കൂടി ഇവിടെ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

”പൊളിതെറ്റി നെയ്യാത്ത
ഈറ്റപ്പായ് നെയ്‌തെടുക്ക്
കൂടെ മുറവും ചെറുകുട്ടകളും
അറുപതാണ്ടിലൊരിക്കല്‍
പൂക്കും മുളയരി
പേറ്റിയെടുക്കേണ്ടേ?” (ഇതുമതി നമുക്ക്?)

എന്നാണ് കവിത ആരംഭിക്കുന്നത്. പൊളിതെറ്റി നെയ്യാത്ത ഈറ്റപ്പായയും മുറവും ചെറുകുട്ടകളും നെയ്‌തെടുക്കുന്നു. മുളയരി പോറ്റിയെടുക്കുവാനും ഉണക്കി സൂക്ഷിക്കുവാനും വേണ്ടിയാണ് അതെല്ലാം. അറുപതു വര്‍ഷം കഴിയുമ്പോള്‍ എന്തൊക്കെ മാറ്റമായിരിക്കും സംഭവിച്ചിട്ടുണ്ടാവുക. ആരൊക്കെ ജീവിക്കുന്നുണ്ടാവും, ഏതൊക്കെ ജീവികള്‍ അപ്രത്യക്ഷമായിട്ടുണ്ടാവും.

”കാലം മാറും പട്ടടതീരും
നദികള്‍പോലും വറ്റിവരളും
അറുപതടിയില്‍
വെള്ളമൊളിക്കും” (ഇതുമതി നമുക്ക്?)

നദികള്‍ അറുപതടി ആഴത്തില്‍ ഒളിച്ചിരിക്കും, ഭക്ഷണം സൂക്ഷിച്ചുവെച്ചിട്ടുള്ള അറകള്‍ (പട്ടട) ശൂന്യമായിത്തീര്‍ന്നേക്കാം, അതിനാല്‍ നമുക്കോരോന്നും ശേഖരിച്ചുവയ്ക്കാം. സംരക്ഷിച്ചുവെയ്ക്കാം.

”തീക്കത്തിക്കല്ലും
അരവും
പഞ്ഞിയും
ഇന്നേ കരുതിവെച്ചേക്കാം” (ഇതുമതി നമുക്ക്?)

പാറക്കുഴികളില്‍ നിന്നും മലവയലുകളില്‍ നിന്നും നെല്ലരി സമ്പാദിച്ചുവെക്കാം. മുളങ്കുറ്റികളില്‍ കാട്ടുപ്ലാവിന്‍ കുരു ഇട്ടുവെയ്ക്കാം. തീക്കത്തിക്കാനുപയോഗിക്കുന്ന കല്ലും അരവും (അരണിയും തിരികിടയും) പഞ്ഞിയും ഇന്നേകരുതിവെയ്ക്കാം. മുമ്പില്‍ അശുഭകരമായ ഒരു ഭാവിയുണ്ടെന്ന് കവിത ഓര്‍മിപ്പിക്കുന്നു.
മൂന്നുരൂപത്തിലുള്ള ഭാഷകളുണ്ട് അശോകന്‍ മറയൂരിന്റെ കവിതകളില്‍ ഒന്ന് ഗോത്രഭാഷയും മറ്റൊന്ന് മലയാള ഭാഷയും ഇനി മറ്റൊന്ന് കുറുമലയാള കവിതയുടെ ഭാഷയുമാണ്. നോട്ടത്തിന്റെയും വിവരണത്തിന്റെയും അസാധ്യമായ വൈവിധ്യം തന്നെയാണ് ഈ കവിതയുടെയും പ്രത്യേകതകള്‍. ചില കുറുങ്കവിതകളിലൂടെ നമുക്ക് അത് വ്യക്തമാവും.

”നനഞ്ഞ മുടിയില്‍
മഞ്ഞെടുത്തു ചുറ്റി
ഈര്‍പ്പം വറ്റിക്കുന്നു
പുല്‍മേടുകള്‍”

”ഒരു മഞ്ഞ് പിടഞ്ഞു മരിക്കുന്നു
ഒരു മഞ്ഞ് കരയാതെ
കലങ്ങിനില്‍ക്കുന്നു
ഇരുവര്‍ക്കുമിടയില്‍
ഞാന്‍?

”മഞ്ഞി-
നെന്തൊരു ഭാരം!
താങ്ങാനാവാതെ
വിറക്കുന്നു.”

”ഗര്‍ഭത്തിലേയെന്റെ
പാദമുറച്ചു
അമ്മയെ തൊഴിച്ച്”

തുടങ്ങിയ കവിതകളിലൊക്കെ കാഴ്ചകളുടെ വൈവിധ്യം ദര്‍ശിക്കാന്‍ സാധിക്കും. മഞ്ഞ്, മല, മരങ്ങള്‍, സസ്യങ്ങള്‍, മനുഷ്യബന്ധങ്ങള്‍, ഇവയുടെ ജൈവലോകങ്ങളാണ് അശോകന്‍ മറയൂരിന്റെ കവിതയെ നയിക്കുന്നത്. രാഷ്ട്രീയമായും സാംസ്‌കാരികമായും ഈ ജൈവലോകം നിറഞ്ഞുനില്ക്കുന്നു. പരിസ്ഥിതി കവിതകളുടെ ഈ ജൈവമണ്ഡലം ഏറ്റവും സമ്പന്നമായി നില്‍ക്കുന്ന കവിതകള്‍ കൂടിയാണ് ഗോത്രകവിതകള്‍. അത് ഇനി തിരിച്ചുപിടിക്കേണ്ട ഒരു ലോകത്തെയാണ് മുന്നോട്ടു വെയ്ക്കുന്നത്. അതുമല്ലെങ്കില്‍ സംസ്‌കൃത ബദ്ധവും നഗരകേന്ദ്രിതവുമായ മോഡേണ്‍ മനുഷ്യര്‍ തീര്‍ച്ചയായും സ്വയം അഴിച്ചുപണിയേണ്ടുന്ന, നിര്‍ബന്ധമായും ശീലിക്കേണ്ടുന്ന ഒരു പുതുലോകത്തിന്റെ പതാകവാഹകരായാണ് ഗോത്രകവിതകള്‍ സഞ്ചരിക്കുന്നത്. മൂന്നു കവിതകളെ നോക്കിക്കണ്ടുകൊണ്ട് ഈ നിരീക്ഷണം അവസാനിപ്പിക്കാം.

”മരണവാര്‍ത്ത കേട്ടാണ്
ഞാന്‍ കയറിച്ചെന്നത്
അടുക്കുംതോറും
ജഡമെന്നോ, അഴുകിയ മണം
വരവേറ്റു.
ആരും തിരിഞ്ഞുനോക്കുന്നില്ല
ജഡത്തിനുള്ളിലാണ്
പലപട്ടണങ്ങള്‍
കെട്ടിപ്പൊക്കിയിരിക്കുന്നത്
മരിച്ചതാര്?
കൊന്നതാര്?” (സംസ്‌കാരം)

അടുക്കും തോറും ജഡത്തിന്റെ അഴുകിയ മണം. ആരും തിരിഞ്ഞുനോക്കാത്ത ജഡങ്ങള്‍. ജഡങ്ങള്‍ക്കുള്ളിലാണ് പലപട്ടണങ്ങളെയും കെട്ടിപ്പൊക്കിയിരിക്കുന്നത്. ഇത് സ്വാഭാവികമായി സംഭവിച്ചതല്ല. സ്വയംഭൂവായതല്ല. കൊന്നും പിടിച്ചടക്കിയും തട്ടിപ്പറിച്ചും കെട്ടിപ്പൊക്കിയവതന്നെയാണ്. മരിച്ചതും കൊന്നതും ആരെന്നും വ്യക്തമാണ്. എന്നാല്‍ കൊന്നവരുടെ വിജയ കഥകള്‍ മാത്രം പാടിപ്പുകഴ്ത്തുന്നു. കൊലയാളികള്‍ ദൈവങ്ങളാവുന്നു. ആയുധമേന്തിയ ദൈവങ്ങള്‍ അങ്ങനെയുണ്ടായി. ആയുധത്തെ വാഴ്ത്തുന്നു, പൂജിക്കുന്നു, നിരായുധരായവരെ സമ്മര്‍ദത്തിലാക്കുന്നു. തെറ്റായ വിജയങ്ങള്‍ക്ക് ന്യായീകരണങ്ങള്‍ കൊണ്ടുവരുന്നു. ജഡത്തിനുള്ളാലാണ് സംസ്‌കാരങ്ങള്‍ കെട്ടിപ്പൊക്കിയിട്ടുള്ളത്. അതിനാല്‍ സാംസ്‌കാരിക വാഹകര്‍ക്ക് മനുഷ്യരുടെ ജീവനെടുക്കുന്നത് ദൈവിക വൃത്തി മാത്രമായിത്തീരുന്നു.

”പുതിയ പുതിയ വാഹനങ്ങളെ
കൊടിമരങ്ങളെ
ഒരേ മുഖം കോര്‍ത്ത തോരണങ്ങളെ
ഉറ്റുനോക്കുന്നു
റോഡരികിലെ കുരങ്ങന്‍
അവയ്ക്ക്
രാഷ്ട്രീയം കേട്ടുമടുത്തു
കല്ലെറിയല്‍, ചെരുപ്പേറ് എല്ലാം
സമരങ്ങളില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്
വോട്ട് ചെയ്യാറില്ല
ഓടി മറയും” (പ്രജ)

കൊടിതോരണങ്ങളെയും സംഘടിത അസംഘടിത പ്രസ്ഥാനങ്ങളെയും കണ്ടുമടുത്ത കുരങ്ങന്മാരാണ് പ്രജകള്‍. വോട്ടുചെയ്യാന്‍ താല്പര്യമില്ലാത്ത, ഓടിമറയുന്ന പ്രജകള്‍, വ്യവസ്ഥാപിത സംവിധാനങ്ങളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ്. മനുഷ്യര്‍ കുരങ്ങന്മാരണല്ലൊ. രാഷ്ട്രീയം കേട്ടുമടുത്ത പ്രജകളാണവര്‍. അവര്‍ സ്വയം ഓടിമറയുന്നു.

”കള്ളന്റെ അമ്മയുടെ പരാതി
ദിവസങ്ങളായ് കാണുന്നില്ല പോലും
അവന്‍ പടികയറുമ്പോഴെന്നും
ചന്ദനമണമായിരുന്നു
ആ രാത്രികള്‍ക്കും അവന്റെ സ്വപ്‌നങ്ങള്‍ക്കും” (ചന്ദനക്കാട്)

ചന്ദനത്തടിച്ചുമട്ടുകാരനായ കള്ളന്റെ അമ്മ, അവനെക്കാണുന്നില്ല എന്ന പരാതി പറയുവാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുള്ളത്. ആ കള്ളന്റെ സ്വപ്‌നങ്ങള്‍ക്കും ചന്ദനത്തടിയുടെ മണമുണ്ടായിരുന്നു എന്ന് ആ അമ്മ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആ മകന്‍ ഇന്നില്ല.

”ഏതേലും ചോലയില്‍
വിശന്നിരിക്കയാവാം
ഫോണ്‍ ചാര്‍ജ്ജ് തീര്‍ന്നതാവാം.” (ചന്ദനക്കാട്)

കള്ളന്റെ അമ്മ തുടര്‍ന്നു. അറിയാവുന്നതുപറയാം സര്‍. അവനെയൊന്നു തേടുമോ? ഒരുപക്ഷെ അവന്‍ വനത്തില്‍പ്പെട്ടുപോയിരിക്കാം. കള്ളിമുള്‍ക്കാട്ടില്‍ പെട്ടതായിരിക്കാം. അല്ലെങ്കില്‍ കുപ്പിച്ചില്ലുകളില്‍പ്പെട്ടതുമാകാം. ചിലപ്പോള്‍ കുടെച്ചുമന്നവര്‍ ഓടിച്ചതുമാകാം, അവന്റെ അമ്മയുടെ പരാതി പോലീസുകാര്‍ കേട്ടു.

”സര്‍
അവന്‍
ഇത്രയൊക്കെ
വന്നുപറയുമായിരുന്നു.
തേടണം സര്‍ അവനെ
കണ്ടുപിടിക്കണം സര്‍
നിങ്ങള്‍ ശിക്ഷകൊടുത്താലുമവന്‍
ജീവിച്ചിരിക്കണം സര്‍” (ചന്ദനക്കാട്)

ചന്ദനത്തടി ചുമക്കാന്‍ പോയ ഒരു സാധാരണക്കാരന്റെ അമ്മ, പോലീസ് സ്‌റ്റേഷനില്‍ പറയുന്ന വാക്കുകള്‍, അപ്പുറത്തെവിടെയോ നിന്നു കേട്ടതുപോലെ, കവിത സംസാരിക്കുന്നു. ഒരു പ്രമോട്ടര്‍ എന്ന നിലയില്‍ കവിയുടെ നേരനുഭവമാകാം, മറ്റൊരാളില്‍ നിന്നും കേട്ടതാകാം, ഭാവനയുമാകാം. മറയൂരിലെ ചന്ദനത്തടിച്ചുമട്ടുകാരെന്ന സാധാരണ മനുഷ്യര്‍, കാന്തല്ലൂരിലെയും വട്ടവടയിലെയും കഞ്ചാവുതോട്ടത്തില്‍ പണിയുന്ന സാധാരണ മനുഷ്യര്‍. അവരുടെ ലോകം, അത് നഷ്ടത്തിന്റെയും വഞ്ചനയുടെയും മരണത്തിന്റേതുമാണ്. തൊഴിലെടുക്കുന്നവര്‍ മാത്രമാണവര്‍. മിസ്സിങ്ങായിപ്പോകുന്നവരാണ് അവരില്‍ പലരും. മറ്റു മാര്‍ഗങ്ങളുടെ അന്ത്യവും അമിത പ്രലോഭനങ്ങളുമാണ് അവരെ അത്തരം തൊഴിലുകളിലേയ്ക്ക് എത്തിക്കുന്നത്. അധികാരികളുടെ കുത്സിതരൂപങ്ങളാണ് ഇവയോരോന്നുമെങ്കിലും, ജീവനും, മാനവും നഷ്ടപ്പെടുന്നത് സാധാരണക്കാര്‍ക്കാകുന്നു. നിയമങ്ങള്‍ പലപ്പോഴും അധികാരികള്‍ക്കൊപ്പമാണ്. ആ കുത്സിതര്‍ക്കു മുന്നിര്‍ ചെന്ന് വിലപിക്കുന്ന അമ്മമാരെ നോക്കി പരിഹസിക്കുന്നു പലപ്പോഴും നിയമസംവിധാനങ്ങള്‍. അശോകന്‍ മറയൂരിന്റെ കവിതകള്‍ സാമൂഹിക വിമര്‍ശനത്തിന്റെ അസ്ത്രങ്ങള്‍ തൊടുത്തുവിടുന്നു. ഭാഷകൊണ്ടും പ്രമേയ വൈവിധ്യം കൊണ്ടും അത് പുതുമ സമ്മാനിക്കുന്നു.

ഉപസംഹാരം

അശോകന്‍ മറയൂരിന്റെ കവിതകള്‍ ഗോത്രജീവിതത്തിന് പ്രാധാന്യം നല്‍കുന്നു. മുതുവാഭാഷയില്‍ എഴുതുന്ന കവിതകള്‍ തമിഴ്, മലയാളം ഭാഷയെ ഒരേസമയം സ്വീകരിക്കുന്നു. അതിലൂടെ മൂന്നുഭാഷയില്‍ എഴുതുന്ന രചനകളായി അത് മാറിത്തീരുന്നു. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെ സംസ്‌കാര ഉറവിടമായ പശ്ചിമഘട്ടത്തിന്റെ ജീവമണ്ഡലം കവിതയിലേക്കു കൊണ്ടുവരുവാന്‍ അദ്ദേഹത്തിനു സാധിച്ചു. കുറുങ്കവിതകളും നവമാധ്യമകവിതകളും മലയാള കവിതകളും ഗോത്രഭാഷയില്‍ എഴുതുന്ന കവിതകളും എന്ന വ്യത്യസ്ത രചനാ സവിശേഷതകള്‍ അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. പാരിസ്ഥിതിക കവിതകളും സാംസ്‌കാരിക കലര്‍പ്പുകളുടെ രചനകളും കൂടിക്കലര്‍ന്ന ഇദ്ദേഹത്തിന്റെ രചനകള്‍ ആധുനീകരിച്ച  നഗര സാംസ്‌കാര ബോധ്യങ്ങളെ സ്വയം തിരുത്തുവാനും പരിഷ്‌ക്കരിക്കുവാനും കുറ്റം ഏറ്റുപറഞ്ഞ് ലോകത്തിന്റെ ഭാവിനിര്‍മ്മിതിയില്‍ പങ്കാളികളാവാനും ആഹ്വാനം ചെയ്യുന്നു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply