ഫെഡറലിസം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുമോ..?

ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റെന്നും വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ എന്നും പിണറായി പറഞ്ഞു. മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ രൂക്ഷമാകുന്നു എന്നും ജാതിയുടെ പേരില്‍ പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നും ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് ഈ സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്ത്യയിലെ സമ്പന്നമായ വൈവിധ്യങ്ങളെയെല്ലാം കുഴിച്ചുമൂടി ഒരൊറ്റ രാജ്യം, ഒറ്റ ജനത എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് അടിവരയിട്ടു പ്രഖ്യാപിക്കുന്നതായിരുന്നു സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത പ്രസംഗം. വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തിയ ഒരു ഭരണാധികാരിയുടെ അഹന്തതയോടെയുള്ള ഈ പ്രഖ്യാപനത്തിനെതിരെ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനിടയില്‍ ഫെഡറലിസം നിലനിര്‍ത്താനായി ശബ്ദമുയര്‍ത്തുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും ആ ദിശയില്‍ മുന്നോട്ടുപോകാനുള്ള ആര്‍ജ്ജവമോ കരുത്തോ പിന്തുണയോ അദ്ദേഹത്തിനുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.
കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ഭരണഘടനാ അനുച്ഛേദമായ 370 റദ്ദാക്കിയതിലൂടെ കശ്മീര്‍ ജനതയുടെ ഏറെക്കാലമായുള്ള ആഗ്രഹമാണ് സഫലീകരിച്ചതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവരുന്നുണ്ട്. കാശമീരിലെ ജനകീയ നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കിയാണ് രാജ്യം സ്വാതന്ത്ര്യദിനമാഘോഷിച്ചത് എന്നതാണ് വസ്തുത. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞ് വിഘടനവാദത്തിനെതിരെ പൊരുതിയ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരും തടവിലാണ്. ഇതെല്ലാം ചെയ്യുന്നത് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയതിന്റെ കരാറായ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കിയും ഒരു സാധാരണ സംസ്ഥാനത്തിനുള്ള അവകാശങ്ങള്‍ പോലും നിഷേധിച്ച് കേന്ദ്രഭരണത്തിന്‍ കീഴിലാക്കിയും വെട്ടിമുറിച്ചും. ഇനിയും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഈ ദിശയിലാകുമെന്ന സൂചന തന്നെയാണ് പ്രധാനമന്ത്രി നല്‍കുന്നത്. ജി എസ് ടി നടപ്പാക്കിയതും ഒരു രാജ്യം, ഒരു നിയമം എന്ന വീക്ഷണത്തിനനുസൃതമായാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, വികേന്ദ്രീകൃതമായിരുന്ന വിവിധ സൈനികവിഭാഗങ്ങളെ കേന്ദ്രീകരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
‘ഒരു രാജ്യം, ഒരു നിയമം’ എന്ന ന്യായീകരണത്തില്‍ വരും ദിനങ്ങളില്‍ എന്തൊക്കെ നിയമങ്ങളായിരിക്കും കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ പോകുന്നതെന്ന സൂചന തന്നെയാണ് മോദി നല്‍കുന്നത്. റോജി എം ജോണ്‍ എംഎല്‍എ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടികാണിച്ച പോലെ, ഈ ന്യായീകരണത്തില്‍ നാളെ ഭരണഘടന അനുശാസിക്കുന്ന സംവരണം എടുത്ത് കളയാം. ഒരു രാജ്യത്തെ ചില പൗരന്‍മാര്‍ക്ക് എന്തിനാണ് സംവരണം എന്ന ചോദ്യത്തിന് പലരും കയ്യടിക്കും. പിന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ഇല്ലാതെയാക്കും. യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കും. അപ്പോഴും എന്തിനാണ് പ്രത്യേക അവകാശങ്ങള്‍, ഒരു രാജ്യവും ഒരു നിയമവും അല്ലെ എന്ന് ന്യായീകരമം ഉയരും. പിന്നെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ അവസാനിപ്പിക്കും. ഭക്ഷണ രീതികളിലെ വൈജാത്യങ്ങള്‍ അവസാനിപ്പിച്ച് ഒരു രാജ്യത്തിന് ഒരു ഭക്ഷണരീതി പോരെ എന്ന് ചോദിക്കും. പിന്നീട് ഒരു രാജ്യത്ത് എന്തിനാണ് പല ഭാഷകള്‍ എന്നു ചോദിച്ച് ഒരു ഭാഷ അടിച്ചേല്‍പ്പിക്കും. കരട് വിദ്യാഭ്യാസ നയത്തില്‍ ഇത് പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. പിന്നീട് എല്ലാവരും ‘ജയ് ശ്രീറാം’ മാത്രം വിളിച്ച് ആരാധിച്ചാല്‍ മതിയെന്നു പറയും. എന്തിനാണ് ഒരു രാജ്യത്ത് വ്യത്യസ്തമായ മതങ്ങളും ആചാരങ്ങളുമെന്ന് ചെദിക്കും. കഴിഞ്ഞില്ല, ഒരു രാജ്യത്തിന് എന്തിനാണ് പല സംസ്ഥാനങ്ങള്‍, കേന്ദ്രത്തില്‍ ഒരു ഭരണകൂടം മതി, പല മന്ത്രിമാര്‍ വേണ്ട, ഒരു പ്രസിഡന്റ് മാത്രം മതി എന്നു പറയും. അപ്പോഴും ഒരു രാജ്യം, ഒരു ജനത, ഒരു നിയമം എന്നു പറഞ്ഞ് നാം കയ്യടിക്കും.
അതിശയോക്തിപരമാണെങ്കിലും ഈ ദിശയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അനന്തമായ വൈവിധ്യങ്ങളം ഭാഷകളും സംസ്‌കാരങ്ങളും മതങ്ങലും ജീവിതരീതികളും ഭക്ഷണശൈലികളും ആരാധനാക്രമങ്ങളും ദൈവങ്ങളുമൊക്കെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് എന്ന യാഥാര്‍ത്ഥ്യമാണ് ഇവിടെ കുഴിച്ചുമൂടുന്നത്. നിര്‍ഭാഗ്യവശാല്‍ അതിനെതിരെ ശക്തമായ പ്രതിരോധമൊന്നും ഉയരുന്നില്ല. പ്രാദേശിക രാഷ്ട്രീയവും ദളിത് പിന്നോക്ക രാഷ്ട്രീയവുമൊക്കെ ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനങ്ങളെല്ലാം നിശബ്ദരായി പോകുന്ന കാഴ്ചയാണ് കാണുന്നത്.
ഈ സാഹചര്യത്തിലാണ് ഡെല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തോടൊപ്പം തിരുവനന്തപുരത്തുനടന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം ശ്രദ്ധേയമാകുന്നത്. ഭരണഘടനയുടെ ജീവസത്തയാണ് ഫെഡറല്‍ സ്പിരിറ്റെന്നും വൈവിധ്യത്തെ ഏക ശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാനുള്ള ശ്രമം ഭരണഘടനാ തത്വത്തിന്റെ ലംഘനമായേ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ പേരില്‍ വിവേചനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ രൂക്ഷമാകുന്നു എന്നും ജാതിയുടെ പേരില്‍ പൗരന്മാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു എന്നും ഭരണഘടനയുടെ മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കണമെന്നതാണ് ഈ സ്വാതന്ത്ര്യ ദിനം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വളരെ കൃത്യമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പക്ഷെ ഈ വിഷയമുന്നയിച്ച് ഒരു കാമ്പയിനിന് അദ്ദേഹം തയ്യാറുണ്ടോ എന്നതാണ് ചോദ്യം. ഫെഡറലിസത്തിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റു മുഖ്യമന്ത്രികളുമായി ബന്ധപ്പെടാനും പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കാനും നേതൃത്വം നല്‍കാന്‍ പിണറായി തയ്യാറാകുമോ? ഭരണവും സമരവും എന്ന മുദ്രാവാക്യമുയര്‍ത്തി കേന്ദ്രത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ നയിച്ച പാരമ്പര്യം അദ്ദേഹത്തിന്റെ മുന്‍ഗാമികള്‍ക്കുണ്ട്. ഇപ്പോള്‍ ചരിത്രപരമായ ആ ഉത്തരവാദിത്തമാണ് പിണരായിക്കു മുന്നിലുള്ളത്. കാശ്മീരിന്റെ 370-ാം വകുപ്പ എടുത്തു കളയുകയല്ല, എല്ലാ സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാക്കി യഥാര്‍ത്ഥ ഫെഡറലിസം നടപ്പാക്കുകയാണ് വേണ്ടത് എന്നുറക്കെ വിളച്ചു പറയാനുള്ള ആര്‍ജ്ജവമാണ് അദ്ദേഹമിപ്പോള്‍ കാണിക്കേണ്ടത്. എങ്കില്‍ ജനാധിപത്യത്തിലും മതേതരത്വത്തിലും ഫെഡറലിസത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന മുഴുവന്‍ പേരും അദ്ദേഹത്തിനാപ്പം അണിനിരക്കുമെന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഫെഡറലിസം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങുമോ..?

  1. ഫാസിസം ഒറ്റ രാത്രി കൊണ്ടുണ്ടാകുന്നതല്ല. അതൊരു ദീർഘിച്ച പ്രക്രിയയാണ്. ഇന്ത്യയുെടെ ഫെഡറൽഘടനെയെ അട്ടിമറിച്ച് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ വിഭവ സമാഹരണ അധികാരം എടുത്തു കളയുകയും ചെയ്ത ജിഎസ്ടി ഈ ദിശയിലെ ഒരു നാഴികക്കല്ലായിരുന്നു. 2017 മധ്യത്തിൽ പാർലമെന്റിന്റെ അർദ്ധരാത്രി സമ്മേളനം വിളിച്ചു കൂട്ടി ഇതു നടപ്പാക്കിയപ്പോൾ, തമിഴ് നാട് പോലുള്ള സംസ്ഥാനങ്ങൾ വ്യത്യസ്താഭിപ്രായക്കാരായിരുന്ന സാഹചര്യം ഫലപ്രദമായി ഉപയോഗപെടുത്താെതെ, ജിഎസ്ടിക്കു ആദ്യം പിന്തുണ നൽകിയത് പിണറായി സർക്കാരായിരുന്നു. ഒരുദാഹരണം മാത്രമാണിത്. കാഷ്മീർ വിഷയത്തിൽ ഭരണ വർഗ നിലപാടിൽ നിന്നു വ്യത്യസ്തമായ ജനാധിപത്യ സമീപനം സി പി എമ്മിനുണ്ടോ?… – ലേഖനം നല്ല ഉദ്ദേശത്തോടെയാണ്. പക്ഷെ അതു വ്യാമോഹം കൂടിയാണ്

Leave a Reply