ആദിവാസി മേഖലകളില്‍ ജനകീയ സഹായം അനിവാര്യം : സുരേഷ് ലിങ്കനെതിരെയുള്ളത് വ്യാജപ്രചരണം – ആദിവാസി ഗോത്രമഹാസഭ.

പ്രകൃതിദുരന്തങ്ങളില്‍ ഏറെ ഇരയാക്കപ്പെടുന്ന പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ആദിവാസികള്‍ക്ക്, സര്‍ക്കാര്‍ സഹായം പരിമിതമാണെന്നതിനാല്‍ അതിജീവനത്തിനും പുനരധിവാസത്തിനും ജനകീയപിന്തുണ ആവശ്യമാണ്. മഴക്കെടുതികള്‍ക്കും, പ്രകൃതിദുരന്തങ്ങള്‍ക്കും ഇരയാക്കപ്പെടുന്നവരിലേറെയും ഭൂമി നല്‍കി പുനരധിവസിക്കപ്പെടേണ്ടവരോ പരമ്പരാഗത വനാവകാശവും വിഭവങ്ങളിലുള്ള അവകാശവും, ‘പെസ’ പോലുള്ള ഗ്രാമസഭാ അധികാരങ്ങള്‍ ലഭിക്കേണ്ടവരുമാണ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വനം, പ്രകൃതിസമ്പത്ത് എന്നിവ സംരക്ഷിക്കപ്പെടണം. ഇത് സാധ്യമാകണമെങ്കില്‍ ആദിവാസികളുടെയും തദ്ദേശീയ സമൂഹങ്ങളുടെയും ഗ്രാമസഭ അധികാരം അംഗീകരിക്കപ്പെടുകയും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടുകയും വേണം.

മഴക്കെടുതിയും, പ്രളയവും, ഉരുള്‍പൊട്ടലും കൊണ്ട് ജീവിതം ദുരിതപൂര്‍ണ്ണമായ ആദിവാസി മേഖലകളില്‍ പരമാവധി ഭക്ഷ്യവസ്തുക്കളുടെയും, മറ്റു പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും പിന്തുണ തുടര്‍ന്നും അത്യാവശ്യമാണെന്ന് വിവിധ ആദിവാസി – പൗരാവകാശ സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. 2018 ലെ പ്രളയാനന്തര സാഹചര്യം മുതല്‍ ആദിവാസി മേഖലകളിലും, പ്രത്യേകം പരിഗണന കിട്ടേണ്ട പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ മേഖലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താനും, പുനരധിവാസമുള്‍പ്പെടെയുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കാനും 2018 സെപ്തംബര്‍ 15, 16 ന് കൊച്ചിയില്‍ നടന്ന ഒരു ശില്‍പശാലയില്‍ വിവിധ ആദിവാസി – പൗരാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയിരുന്നു. 2018 ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തിന്റെയും ദുരിതങ്ങള്‍ നേരിടാനായി കേരളത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ് പ്രസ്തുത ശില്പശാലയില്‍ പങ്കെടുത്തിരുന്നത്.
പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ഇരകളായി മാറുന്നതിലേറെപ്പേരും സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ ആദിവാസികള്‍, ദലിതര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍ തുടങ്ങിയവരാണ്. കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കഴിയണമെങ്കില്‍ പ്രകൃതിസംരക്ഷണം അനിവാര്യമാണ്. മണ്ണിലും, പ്രകൃതിയിലും വനത്തിലുമുണ്ടായിരുന്ന മേല്‍പറഞ്ഞ ജനവിഭാഗങ്ങളുടെ വനാവകാശവും, സ്വയംഭരണാവകാശവും പുനസ്ഥാപിക്കുന്നതു വഴി മാത്രമേ വനവും പ്രകൃതിയും സംരക്ഷിക്കാനാകൂ. മേല്‍സൂചിപ്പിച്ച കാര്യങ്ങളൊടൊപ്പം പ്രകൃതി ദുരന്തങ്ങളെ തടയുന്നതില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കപ്പെടേണ്ട കാര്യങ്ങളെക്കുറിച്ചും ശില്പശാല നിരീക്ഷിക്കുകയുണ്ടായി. ശില്പശാലില്‍ രൂപപ്പെട്ട കൂട്ടായ്മയുമായി ബന്ധപ്പെട്ട് ആദിവാസി ഗോത്രമഹാസഭ, ആദിശക്തിസമ്മര്‍ സ്‌കൂള്‍, കേരള ആദിവാസിഫോറം, ആദിജനസഭ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ വയനാട്, ഇടുക്കി, കുട്ടനാട് തുടങ്ങിയ മേഖകളിലേക്ക് വിവിധ സന്നദ്ധസംഘടനകളില്‍ നിന്നും, ഗ്രൂപ്പുകളില്‍ നിന്നും ലഭ്യമായ വിഭവങ്ങളും, ഭക്ഷ്യവസ്തുക്കളും 2018 ആഗസ്റ്റ് – സെപ്തംബര്‍ മാസക്കാലങ്ങളില്‍ പാര്‍ശ്വവല്‍കൃതരുടെ മേഖലകളില്‍ എത്തിക്കുകയുണ്ടായി. സര്‍ക്കാര്‍ സംവിധാനത്തിന്റെ അഭാവമുള്ള മേഖലകളില്‍ മേല്‍പറഞ്ഞ സഹായം സാധാരണ മനുഷ്യരുടെ അതിജീവനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
2019 ല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലവര്‍ഷവും, മഴക്കെടുതിയും, ഉരുള്‍പൊട്ടലും ഏറെ ആഘാതം ഏല്പിച്ചിരിക്കുന്നത് വയനാട്, നിലമ്പൂര്‍ മേഖലകളിലും, ഭാഗികമായി അട്ടപ്പാടി ഉള്‍പ്പെടെയുള്ള മറ്റ് മേഖലകളിലുമാണ്. ഒരു ലക്ഷത്തിലേറെപ്പേര്‍ ഇപ്പോഴും സര്‍ക്കാര്‍ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പുകളിലുണ്ടെങ്കിലും ക്യാമ്പില്‍ നിന്നും ഏറെ താമസിയാതെ വാസസ്ഥലങ്ങളിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബന്ധിതരാകുന്ന ആദിവാസികളെയും, തോട്ടം തൊഴിലാളികളെയും, ദലിതര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബ്ബലവിഭാഗങ്ങളെയും തുറിച്ചുനോക്കുന്നത് കൊടിയദാരിദ്ര്യവും, തൊഴിലില്ലായ്മയും, കൃഷിനാശവും, ദുസ്സഹമായ ജീവിതസാഹചര്യങ്ങളുമാണ്. ഉരുള്‍പൊട്ടലിലും പ്രളയത്തിലും ഇരകളാകാന്‍ സാധ്യതയുള്ള മേഖലകളിലാണ് പരമ്പരാഗത വാസസ്ഥലങ്ങളില്‍ നിന്നും ഭൂമിയില്‍ നിന്നും, വനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ഏറെയും താമസിക്കുന്നത്. മലഞ്ചെരുവുകളിലുള്ള കോളനികളിലും, പുഴ-പുറമ്പോക്കുകളിലും, തോട്ടങ്ങളിലെ പാടികളിലും ലയങ്ങളിലുമാണ് വലിയൊരു വിഭാഗം താമസിക്കുന്നത്. പ്രളയാനന്തരവികസനത്തില്‍ ഈ വിഭാഗങ്ങളുടെ പുനരധിവാസം സര്‍ക്കാര്‍ അജണ്ടയില്‍ മുഖ്യമായ സ്ഥാനം പിടിച്ചിട്ടില്ല, സ്വാഭാവികമായും പരിസ്ഥിതി പുനഃസ്ഥാപനവും അവരുടെ അജണ്ടയിലില്ല. ‘നവകേരള നിര്‍മ്മിതി’ എന്നത് നിക്ഷേപകരുടെ താല്പര്യത്തിനാണ് ഊന്നല്‍ നല്‍കുന്നത്. കരിങ്കല്‍ ക്വാറികളുള്ള മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായത് ഏറെ ശ്രദ്ധിക്കപ്പെടേണ്ടതാണ്. ദുര്‍ബ്ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങളോട് പ്രത്യേക പരിഗണന ഇല്ലാത്തതിനാല്‍ 2018 ല്‍ ഉരുള്‍പൊട്ടലിനും, പ്രളയത്തിലും, സര്‍വ്വതും നശിച്ച നൂറുകണക്കിന് കുടുംബങ്ങളെ എവിടെയും പുനരധിവസിപ്പിച്ചിട്ടില്ല. നിലമ്പൂരില്‍ 2018 ല്‍ ഉരുള്‍പൊട്ടലിന് വിധേയമായവര്‍ക്ക് പുനരധിവാസ ഭൂമി കണ്ടെത്തിയിരുന്നെങ്കിലും അടിസ്ഥാനസൗകര്യം ഒരുക്കാത്തതിനാല്‍ ഇപ്പോഴും ചോര്‍ന്നൊലിക്കുന്ന കൂരകളിലാണ്. വര്‍ഷങ്ങളായി പ്രളയത്തില്‍ മുങ്ങുന്ന വയനാട് നൂല്‍പ്പുഴയിലെ കാക്കത്തോട് കോളനിവാസികള്‍ക്ക് മഴ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് പുനരധിവാസഭൂമി നല്‍കിയത്. നിലമ്പൂരില്‍ നല്‍കിയ ഭൂമിയാകട്ടെ 2001 ല്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ കുടില്‍കെട്ടല്‍ സമരത്തിന്റെയും, 2003 ല്‍ നടത്തിയ മുത്തങ്ങ സമരത്തിന്റെയും ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കാന്‍ കൈമാറിയിരുന്ന നിക്ഷിപ്തവന ഭൂമിയില്‍ നിന്നുമായിരുന്നു. ഈ ഇനത്തില്‍ നിലമ്പൂര്‍ മേഖലയില്‍ 500 ഏക്കറും, ഉത്തരകേരളത്തിന്റെ വിവിധ ജില്ലകളില്‍ 10,000 ഏക്കറിലധികം ഭൂമിയും വിതരണം ചെയ്യാതെ സംസ്ഥാന സര്‍ക്കാര്‍ കൈവശം വെച്ചുവരികയാണ്. 6 മാസം നില്‍പ്പ് സമരം നടത്തിയതിനെ തുടര്‍ന്ന് മാത്രമാണ് മുത്തങ്ങയില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ക്ക് മേല്‍പറഞ്ഞ ഭൂമിയില്‍ നിന്നും ഭൂമി കണ്ടെത്തിയത്. അവരിലേറെപ്പേരും പ്രളയദുരിതമനുഭവിക്കുന്നവരാണെങ്കിലും വയനാട്ടിലെ ചാലിഹദ്ദ ഉള്‍പ്പെടെ പുനരധിവാസമെന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ല. പ്രളയവും ഉരുള്‍പൊട്ടലും സര്‍ക്കാരിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല.
കേരളത്തില്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവ ഒരു താല്‍ക്കാലിക പ്രതിഭാസമല്ല എന്ന് അംഗീകരിക്കാന്‍ സാധാരണ ജനങ്ങള്‍ വൈകിയാണെങ്കിലും നിര്‍ബന്ധിതരായി മാറിയിരിക്കുകയാണ്. പശ്ചിമഘട്ടം തുരന്നു തിന്നുന്നതിന്റെ അനന്തരഫലമാണിതെന്നും സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇത് മറികടക്കാന്‍ ഉത്തമമായ വഴി പ്രകൃതിസംരക്ഷിക്കുകയും പ്രകൃതിയോടൊപ്പം ജീവിക്കുന്ന മനുഷ്യരുടെ ജീവിക്കാനുള്ള അവകാശം അംഗീകരിക്കുക എന്നതുമാണ്. മൂന്ന് കാര്യങ്ങള്‍ ഇതിനായി പരിഗണിക്കപ്പെടേണ്ടതാണ്.
1) പ്രകൃതിദുരന്തങ്ങളില്‍ ഏറെ ഇരയാക്കപ്പെടുന്ന പാര്‍ശ്വവല്‍കൃതവിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ആദിവാസികള്‍ക്ക്, സര്‍ക്കാര്‍ സഹായം പരിമിതമാണെന്നതിനാല്‍ അതിജീവനത്തിനും പുനരധിവാസത്തിനും ജനകീയപിന്തുണ ആവശ്യമാണ്.
2) മഴക്കെടുതികള്‍ക്കും, പ്രകൃതിദുരന്തങ്ങള്‍ക്കും ഇരയാക്കപ്പെടുന്നവരിലേറെയും ഭൂമി നല്‍കി പുനരധിവസിക്കപ്പെടേണ്ടവരോ പരമ്പരാഗത വനാവകാശവും വിഭവങ്ങളിലുള്ള അവകാശവും, ‘പെസ’ പോലുള്ള ഗ്രാമസഭാ അധികാരങ്ങള്‍ ലഭിക്കേണ്ടവരുമാണ്.
3) പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ വനം, പ്രകൃതിസമ്പത്ത് എന്നിവ സംരക്ഷിക്കപ്പെടണം. ഇത് സാധ്യമാകണമെങ്കില്‍ ആദിവാസികളുടെയും തദ്ദേശീയ സമൂഹങ്ങളുടെയും ഗ്രാമസഭ അധികാരം അംഗീകരിക്കപ്പെടുകയും, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കപ്പെടുകയും വേണം.
മേല്‍പറഞ്ഞ ലക്ഷ്യങ്ങള്‍ക്കായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍, പ്രത്യേകിച്ചും, വയനാട്, നിലമ്പൂര്‍, അട്ടപ്പാടി, ഇടുക്കി തുടങ്ങിയ ജില്ലകളിലും മറ്റ് മേഖലകളിലും വിഭവസമാഹരണത്തിനും പുനരധിവാസ പിന്തുണ നല്‍കാനും സെന്ററുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യവസ്തുക്കളും, മറ്റ് പുനരധിവാസസഹായങ്ങളും എത്തിക്കുന്നതിന് ആവശ്യമായ വിവരങ്ങള്‍ നല്‍കാനും, നിര്‍ദ്ദേശങ്ങള്‍ നല്‍കാനും താഴെപറയുന്നവരെ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ദീര്‍ഘകാല പ്രവര്‍ത്തനമെന്ന നിലയിലാണ് ഈ ഇടപെടലെങ്കിലും പ്രധാനമായും ഭക്ഷ്യവസ്തുക്കളാണ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെടുന്നത്. ഭൂമി നല്‍കി പുനരധിവസിപ്പിക്കപ്പെടുന്നവര്‍ക്ക് കാര്‍ഷിക പിന്‍തുണ നല്‍കുന്നതിനെക്കുറിച്ചും ഈ കൂട്ടായ്മ ആലോചിക്കുന്നുണ്ട്. അവശ്യവസ്തുക്കളുടെ ലിസ്റ്റ് ഓരോ മേഖലയിലെ ആവശ്യമനുസരിച്ച് അതാത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നതാണ്.

കളക്ഷന്‍ സെന്ററുകളും ബന്ധപ്പെടേണ്ടവരുടെ വിലാസവും

1) ശിവന്‍, ട/o ജോഗി 9605955357
ചാലിഗറ്റു അംബേദ്കര്‍ കോളനി, പടമല, പയ്യമ്പള്ളി

2) നാരായണന്‍ മദംപാളി 9656914122
മദംപാളി കോളനി, കല്ലൂര്‍, നൂല്‍പ്പുഴ

3) രമേശന്‍ കൊയാലിപ്പുര 9495031146
കോയാലിപ്പുര കോളനി 9746361106
(ഈസ്റ്റേണ്‍ ടൂറിസ്റ്റ് ഹോം, ചുങ്കം, ബത്തേരി)

4) ചാന്തുണ്ണി 9645466911
അമരിക്കുനി, പുല്‍പ്പള്ളി

5) എം. ഗീതാനന്ദന്‍ (ഗോത്രമഹാസഭ) 9746361106
നിലമ്പൂര്‍ എം.ആര്‍. ചിത്ര 9946767214
ആദിവാസി ഐക്യവേദി പട്ടികവര്‍ഗ്ഗ ക്ഷേമ
സൊസൈറ്റി, ചുങ്കത്തറ, നിലമ്പൂര്‍

അട്ടപ്പാടി സുരേഷ് ലിങ്കന്‍ 8086871982
ഗൊട്ടിയാര്‍ കണ്ടി ഊര് അട്ടപ്പാടി (ചിണ്ടക്കി ഫസ്റ്റ് സൈറ്റ്)

ഇടുക്കി 1) രാമചന്ദ്രന്‍ഷോല (ഇടമലക്കുടി) 9497369753
എറണാകുളം ലോകോളേജ് സ്റ്റുഡന്റ്
2) പി.ജി. ജനാര്‍ദ്ദന്‍, ഇടുക്കി 9496438130
എറണാകുളം മേരി ലിഡിയ (റിസര്‍ച്ച് സ്‌കോളര്‍) 9446425830
(ലൂമെന്‍, പോണോത്ത് റോഡ്)

എറണാകുളം, ദേശാഭിമാനിക്ക് എതിര്‍വശം, കലൂര്‍)
അഡ്വ. ജെസ്സിന്‍ 9496446414

കോട്ടയം സി,.ജെ. തങ്കച്ചന്‍ 9446155017
സൈന്ധവനിലയം, ചാമക്കാല, കോതനല്ലൂര്‍

തിരുവനന്തപുരം അനീസിയ 9072556230

സുരേഷ് ലിങ്കനെതിരെയുള്ള പട്ടികവര്‍ഗ്ഗ വകുപ്പിന്റെ വ്യാജആരോപണവും
അവകാശവാദവും പിന്‍വലിക്കണം.

 

 

 

 

 

 

 

 

പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അഗളി ഓഫീസിലെ പ്രോജക്ട് ഓഫീസര്‍, സംസ്ഥാന പട്ടികവര്‍ഗ്ഗ വകുപ്പ് ഡയറക്ടര്‍ക്ക് 14-08-2019 ന് എഴുതിയ കത്തിലുള്ള ആരോപണം തികച്ചും പ്രതിഷേധാര്‍ഹമാണ്. അട്ടപ്പാടിയില്‍ മേല്‍പറഞ്ഞ കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സുരേഷ് ലിങ്കന്‍ എന്ന ആദിവാസി വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകരെല്ലാം തട്ടിപ്പുകാരും, ഈ മേഖലയില്‍ അവര്‍ ആവശ്യമില്ലെന്നുമാണ് പട്ടികവര്‍ഗ്ഗവകുപ്പിന്റെ പൊതുധാരണ.
പ്രളയാനന്തര പുനരധിവാസവുമായി ബന്ധപ്പെട്ട് ഈ വകുപ്പിന് എന്തെങ്കിലും അവകാശവാദമുന്നയിക്കാന്‍ യാതൊരുവിധ യോഗ്യതയുമില്ല. 2018-ലും 2019 ലും ഇതേവരെ ഈ വകുപ്പ് ദുരിതബാധിതരായ ആദിവാസികള്‍ക്ക് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. എത്രപേര്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ആരെങ്കിലും വഴി കണക്കെടുത്തിട്ടില്ല. യാതൊരു ദുരിതാശ്വാസവും നല്‍കിയിട്ടില്ല. ഭക്ഷ്യധാന്യങ്ങള്‍ പോയിട്ട്, യാതൊരുവിധ പുനരധിവാസ പ്രവര്‍ത്തനവും എവിടെയും നടത്തിയിട്ടില്ല. ഈ വകുപ്പിന് അങ്ങിനെയൊരു പദ്ധതി ഇല്ല. അതിന് വേണ്ടി ഫണ്ട് വകയിരുത്തിയിട്ടില്ല. അതിന് വേണ്ടി ഏതെങ്കിലും തരത്തിലുള്ള ‘സെല്ലുകള്‍’ ഒരു തലത്തിലുള്ള ഓഫീസിലും പ്രവര്‍ത്തക്കുന്നില്ല. കാര്യങ്ങളെല്ലാം ചെയ്യുന്നത് റവന്യൂ വകുപ്പോ, ദുരന്തനിവാരണക്കാരോ ആണ്. അവരുടെ ദുരന്തനിവാരണ പ്രവര്‍ത്തനത്തില്‍ ആദിവാസികള്‍ക്ക് പ്രത്യേക പരിഗണന / പാക്കേജ് വേണമെന്ന് പറയാനുള്ള ആലോചനകളൊന്നും പ്രസ്തുത വകുപ്പില്‍ ഉണ്ടായിട്ടില്ല. പിന്നെ അട്ടപ്പാടിയില്‍ എല്ലാം സുഭിക്ഷമാണെന്ന് എങ്ങിനെയാണ് ഇവര്‍ തട്ടിവിട്ടിരിക്കുന്നത്. അട്ടപ്പാടിയിലെയോ, കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിലോ ആദിവാസികളുടെ ദുരിതം നേരട്ടന്വേഷിക്കാന്‍ ഈ വകുപ്പ് ഇതുവരെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ‘മില്ലറ്റ്’ കൃഷിയെല്ലാം ഏറെക്കുറെ തകര്‍ന്ന അവസ്ഥയിലാണ് എന്ന വിവരമൊന്നും അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വകുപ്പ് അറിഞ്ഞിട്ടേയില്ല. അട്ടപ്പാടിയില്‍ മറ്റ് ജില്ലകളിലുണ്ടായ തരത്തില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടില്ല. എന്നാല്‍ പടിഞ്ഞാറന്‍ അട്ടപ്പാടി മഴക്കെടുതികള്‍ നേരിടുന്നുണ്ട്. സുരേഷ് ലിങ്കന്‍ എന്ന കേരളവര്‍മ്മ കോളേജ് വിദ്യാര്‍ത്ഥി കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി (2018 മുതല്‍) നടക്കുന്ന പുനരധിവാസ – ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.
ഗൊട്ടിയാര്‍ കണ്ടി ഊരിലെ പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട (കുറുംബ) സുരേഷ് ലിങ്കന്‍ അട്ടപ്പാടിയുടെ വനംപരിസ്ഥിതി നാശത്തെക്കുറിച്ചും, ആദിവാസി ജീവിതത്തെക്കുറിച്ചും കേരളീയം മീഡിയ ഗ്രൂപ്പിന്റെ അവാര്‍ഡ് ഉഫയോഗിച്ചും ശ്രദ്ധേയമായ പഠനം നടത്തിയ ഒരു ആദിവാസി വിദ്യാര്‍ത്ഥിയാണെങ്കിലും അന്വേഷിച്ചറിയാനുള്ള മര്യാദ അട്ടപ്പാടി പട്ടികവര്‍ഗ്ഗവകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്തിട്ടില്ല. പിന്നെയെന്തിനാണ് ഏതോ കോണില്‍ നിന്നും തുടങ്ങിവച്ച വിവാദവും പൊക്കി ഈ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കണമെന്ന് ഡയറക്ടര്‍ക്ക് കത്തെഴുതിയത്. സ്ത്രീകളുടെ ‘അണ്ടര്‍ഗാര്‍മെന്റ്‌സ്’ ക്യാമ്പുകളില്‍ വേണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ രഘു ഇരവിപേരൂരിനെതിരെ കേസെടുപ്പിച്ചതുപോലെ മറ്റൊരു അതിക്രമമാണ് ട്രൈബല്‍ വകുപ്പ് ചെയ്യുന്നത്. മധുവിനെ ചവിട്ടിക്കൊന്നവരുടെ കൂട്ടത്തില്‍ കൂടി ഒരു ആദിവാസി വിദ്യാര്‍ത്ഥിയെ കല്ലെറിയാന്‍ ജനാധിപത്യബോധമുള്ളവര്‍ അനുവദിക്കില്ല. അതിനാല്‍ സുരേഷിനെതിരെയുള്ള കത്ത് ഉടനടി പിന്‍വലിക്കാന്‍ അട്ടപ്പാടി പട്ടികവര്‍ഗ്ഗ വകുപ്പ് പ്രൊജക്ട് ഓഫീസര്‍ തയ്യാറാവണം. കൂടാതെ ആദിവാസി ഊരുകളിലെ നിജസ്ഥിതി പഠിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുകയും ചെയ്യണം.

അഭ്യര്‍ത്ഥന

പൊതുസമൂഹത്തിന്റെ വികസനനയങ്ങളും കയ്യേറ്റങ്ങളും കാരണം ദുരന്തത്തില്‍ അകപ്പെട്ടവരാണ് ആദിവാസികള്‍. വികസനത്തിന്റെ പ്രത്യാഘാതങ്ങള്‍ അത് ഗുരുതരമാക്കുകയാണ്. ദുരന്തനിവാരണത്തിലും, പുനരധിവാസത്തിലും മുന്‍ഗണന ലഭിക്കേണ്ടവരാണ് ആദിവാസികള്‍. ആയതിനാല്‍ ദുരന്തമേഖലകളില്‍ എത്തിച്ചേരുന്നവര്‍ പരമാവധി സഹായം ആദിവാസി മേഖലകളിലും മറ്റ് പാര്‍ശ്വവല്‍കൃതരുടെ മേഖലകളിലും എത്തിക്കാന്‍ തയ്യാറാകണമെന്നും, ഭാവിയിലുള്ള പുനരധിവാസമുള്‍പ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്തത്തില്‍ പങ്കാളികളാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

എം. ഗീതാനന്ദന്‍
സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍
ആദിവാസി ഗോത്രമഹാസഭ
കണ്‍വീനര്‍, പ്രളയാനന്തര പുനരധിവാസ സമിതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply