എന്തുകൊണ്ട് റിയാസാകണം ‘ബിഗ് ബോസ്’

കേരള സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവ രൂപീകരിച്ചിട്ടുമുണ്ട.് ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എല്‍.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉള്‍കൊള്ളിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സമൂഹത്തിന്റെ അവസ്ഥ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മോശമാണ്

നമ്മുടെ ടിവി ചാനലുകളിലെ പ്രധാനപ്പെട്ട ഒരു വിഭവമാണല്ലോ ഇന്ന് റിയാലിറ്റി ഷോകള്‍. പല റിയാലിറ്റി ഷോകളുടേയും നിലവാരം തര്‍ക്കവിഷയം തന്നെയാണ്. അതേസമയം നിരവധി പേര്‍ക്ക് പലവിധത്തിലുള്ള അവസരങ്ങളും നല്‍കുന്നതാണ് പല ഷോകളും. അതുപോലെ പലര്‍ക്കും നിരവധി സഹായങ്ങളും ഈ പരിപാടികളിലൂടെ ലഭിക്കുന്നു. അതേസമയം റിയാലിറ്റി ഷോകളില്‍ ഒന്നാമനെന്നും പറയാവുന്ന ബിഗ് ബോസിന്റെ ഇപ്പോഴത്തെ എഡിഷന്‍ ശ്രദ്ധേയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. റിയാസ് സലിം എന്ന മത്സരാര്‍ത്ഥിയിലൂടെ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ, പ്രത്യേകിച്ച് എല്‍ ജി ബി ടി സമൂഹത്തിന്റെ ശബ്ദം അതിലൂടെ മുഴങ്ങുന്നു എന്നതിനാലാണ്. പലപ്പോഴും സമാന്തര മേഖലകളില്‍ മാത്രം കേട്ടിരുന്ന ഈ ശബ്ദം പ്രമുഖചാനലിലെ, സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന പ്രമുഖ പരിപാടിയിലൂടെ കേള്‍ക്കുക എന്നത് ചെറിയ കാര്യമല്ല. അതും ലോകമാകെ എല്‍ ജി ബി ടി പ്രൈഡ് മാസമായി ആഘോഷിക്കുന്ന ജൂണില്‍ തന്നെ. ഒരിക്കലും ബിഗ് ബോസ് കാണാത്തവര്‍ പലരും അതു കാണാനും പരിപാടി അവസാനിക്കാന്‍ പോകുന്ന വേളയില്‍ റിയാസിനായി വോട്ടുപിടുത്തം ആരംഭിക്കാനും കാരണം മറ്റൊന്നല്ല.

പുരുഷന്മാര്‍ക്കു വേണമെന്നു കരുതപ്പെടുന്ന നെഞ്ചളവോ സ്ത്രീകള്‍ക്ക് വേണമെന്നു വിശ്വസിക്കപ്പെടുന്ന ശാലീനതയോ ഇല്ലാതെയാണ് റിയാസ് ബിഗ് ബോസിലേക്കു കടന്നു വന്നത്. പരിപാടിക്കു പോകുന്നതിനു മുമ്പ് ‘അകത്തുചെന്നാല്‍ ആണുങ്ങളെപ്പോലെ കളിക്കണ’മെന്ന് ഉപദേശിച്ച സുഹൃത്തിനോട് റിയാസ് പറയുന്നത് ‘പെണ്ണുങ്ങളും ആണുങ്ങളെപ്പോലെ തന്നെ ബുദ്ധിയും കഴിവും ഉള്ളവരാണ്. അതുകൊണ്ട് അതൊരു സെക്‌സിസ്റ്റ് വര്‍ത്തമാനമാണ്’എന്നാണ്. ‘രണ്ടും കെട്ട കോലം’ എന്ന അധിക്ഷേപത്തേയും റിയാസ് നേരിടുന്നു. ഒരു ടാസ്‌കില്‍ റിയാസിനോട് എന്താണ് എല്‍.ജി.ബി.റ്റി.ക്യൂ എന്ന സഹമത്സരാര്‍ത്ഥിയുടെ ചോദ്യത്തിന് റിയാസ് പറഞ്ഞ മറുപടി വൈറലായിരിക്കുകയാണ്. ‘എല്‍.ജി.ബി.റ്റി.ക്യൂ.ഐ.എ+ കമ്മ്യൂണിറ്റി എന്നാല്‍ പല തരം ലൈംഗികത ഉള്‍പെടുന്ന കമ്മ്യൂണിറ്റിയാണ്, ഇതില്‍ എല്‍ എന്നാല്‍ ലെസ്ബിയന്‍, സ്ത്രീകള്‍ക്ക് സ്ത്രീകളോട് ശാരീരികമായും മാനസികമായും പ്രണയം തോന്നുന്നു. ജി എന്നാല്‍ ഗേ എന്നാണ് പുരുഷന് പുരുഷനോട് ശാരിരകമായും മാനസികമായും പ്രണയം തോന്നുന്നു. ബി എന്നാല്‍ സ്ത്രീക്ക് സ്ത്രീയോടും, പുരുഷനോടും, പുരുഷന് സ്ത്രീയോടും പുരുഷനോടും പ്രണയം തോന്നുന്നു. ക്യൂ എന്നാല്‍ ക്യൂര്‍ മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ ആഗ്രഹം ഇല്ലാത്തവരോ, അല്ലെങ്കില്‍ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരെയും ചേര്‍ത്ത് പറയാന്‍ ഉപയോഗിക്കുന്ന പദമാണ്. ഐ എന്നാല്‍ ഇന്റര്‍ സെക്സ് രണ്ട് ലൈംഗികത ഒരുമിച്ച് വരുന്ന ആളുകളെ പ്രതിനിധികരിക്കുന്നതാണ്. ജനിക്കുമ്പോള്‍ ഒരു ജന്ററില്‍ മാത്രം ഒതുങ്ങാതെ ചില എക്സ്ട്രാ അവയവങ്ങളോ ചില അവയവങ്ങളില്‍ കുറവോ, കുറവ് എന്നാല്‍ അതിന്റെ സൈസില്‍ കുറവോ, രണ്ട് ഫിസിക്കാലിറ്റി ഒരുമിച്ച് വരുന്നതിനെയാണ് ഇന്റര്‍ സെക്‌സ് എന്ന് പറയുന്നത്. എ എന്നാല്‍ അസെക്ഷ്വലായ ആളുകളെ അതായത് ഒരു ജെണ്ടറിലുള്ള മനുഷ്യരോടും ലൈംഗിക താല്‍പര്യങ്ങള്‍ ഉണ്ടാകില്ലാത്ത മനുഷ്യരെ പ്രതിനിധീകരിക്കുന്ന പദമാണ്. പ്ലസില്‍ ഉള്‍പ്പെടുന്ന വേറെയും സെക്ഷ്വാലിറ്റി ഉണ്ട് ജെണ്ടര്‍ നോക്കാതെ ബുദ്ധിയുള്ളവരോട് മാത്രം അടുപ്പം തോന്നുന്നവരെ സെമി സെക്ഷ്വലെന്ന് പറയും.’ എത്ര ലളിതമായാണ് 24കാരനായ റിയാസ് ഇക്കാര്യം വിശദീകരിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജൂണ്‍ 28 എല്‍ ജി ബി ടി പ്രൈഡ് ദിനമായും ജൂണ്‍ മാസം പ്രൈഡ് മാസമായും ലോകം ആഘോഷിക്കാന്‍ തുടങ്ങി അര നൂറ്റാണ്ടുകഴിഞ്ഞെങ്കിലും മിക്ക രാജ്യങ്ങളിലും ഇവര്‍ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടം തുടരുകയാണ്. കേരളത്തിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. വാസ്തവത്തില്‍ ജൂണ്‍ മാസം ഇത്തരത്തില്‍ ആഘോഷിക്കപ്പെടുന്നതുതന്നെ അത്തരത്തിലുള്ള ആദ്യപോരാട്ടത്തിന്റെ ഓര്‍മ്മയുടെ ഭാഗമായാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ മാന്‍ഹട്ടനിലെ ഗ്രീന്‍വിച്ച് വില്ലേജ് പരിസരത്തുള്ള സ്റ്റോണ്‍വാള്‍ ഹോട്ടലില്‍ 1969 ജൂണ്‍ 28 ന് അതിരാവിലെ ആരംഭിച്ച പോലീസ് റെയ്ഡിനെതിരെ എല്‍ജിബിടി കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ നടത്തിയ സ്വയമേവയുള്ള, പ്രതിഷേധങ്ങളുടെ ഒരു പരമ്പരയായിരുന്ന സ്റ്റോണ്‍വാള്‍ കലാപമാണ് ഇതിലൂടെ ലോകം സ്മരിക്കുന്നത്. 1960 കളിലെ അവസാന വര്‍ഷങ്ങളിലെ പൗരാവകാശ പ്രസ്ഥാനം, പ്രതി-സംസ്‌കാര പ്രസ്ഥാനങ്ങള്‍, വിയറ്റ്‌നാം യുദ്ധവിരുദ്ധ പ്രസ്ഥാനം എന്നിവയൊക്കെ ഈ കലാപത്തേയും സ്വാധീനിച്ചിരുന്നു. തുടര്‍ന്നത് ലോകത്തിന്റെ പല ഭാഗത്തും പടര്‍ന്നു പന്തലിച്ചു. 2016-ല്‍ സൈറ്റില്‍ സ്റ്റോണ്‍വാള്‍ ദേശീയ സ്മാരകം സ്ഥാപിച്ചു. കലാപത്തിന്റെ അമ്പതാം വര്‍ഷത്തില്‍, 2019 ജൂണ്‍ 6 ന്, ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ ജെയിംസ് പി.ഓ നീല്‍ 1969-ല്‍ സ്റ്റോണ്‍വാളിലെ ഉദ്യോഗസ്ഥരുടെ നടപടികള്‍ക്ക് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിനെ പ്രതിനിധീകരിച്ച് ഔപചാരിക ക്ഷമാപണം നടത്തിയിരുന്നു. ഈ ചരിത്രപശ്ചാത്തലവും ഈയവസരത്തില്‍ സ്മരിക്കേണ്ടതാണ്.

ഇനി കേരളത്തിലേക്കു തിരിച്ചുവരാം. പൊതുസമൂഹത്തിലും സര്‍ക്കാര്‍ സംവിധാനത്തിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുക, ഇതര ലിംഗവിഭാഗങ്ങള്‍ക്കുള്ള പോലെ തുല്യത ഉറപ്പു വരുത്തുക, ഭയരഹിതമായി ജീവിക്കുക, വിവേചനം അവസാനിപ്പിക്കുക എന്നീ ഉദ്ദേശ്യത്തോടെ കേരള സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് എന്നിവ രൂപീകരിച്ചിട്ടുമുണ്ട.് ലൈംഗിക-ലിംഗത്വ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും പദാവലിയും അനുബന്ധവിശദീകരണങ്ങളും, വിഷയത്തെക്കുറിച്ചുള്ള ശാസ്ത്ര-മനഃശാസ്ത്ര വശങ്ങളും, എല്‍.ജി.ബി.റ്റി.ഐ.ക്യൂ. വ്യക്തികളുടെ മാതാപിതാക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളും ഉള്‍കൊള്ളിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി കൈപ്പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ സമൂഹത്തിന്റെ അവസ്ഥ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മോശമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈംഗികാഭിരുചിയുടെ കാര്യത്തില്‍ വ്യത്യസ്തരായി എന്ന കാരണത്താല്‍ കേരളത്തില്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ പലതാണ്. അവര്‍ മര്‍ദ്ദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നതോ കൊല ചെയ്യപ്പെടുന്നതോ പോലും മനുഷ്യാവകാശപ്രശ്നമായി നമ്മുടെ മുഖ്യധാരരാഷ്ട്രീയപ്രസ്ഥാനങ്ങളും പൊതുസമൂഹവും ഇപ്പോള്‍ പോലും കണക്കാക്കുന്നില്ല. ഹൈസ്‌കൂളിലെ ജീവശാസ്ത്രക്ലാസില്‍ കൗമാരത്തിന്റെ പ്രത്യേകതയായി എതിര്‍ ലിംഗത്തോടു തോന്നുന്ന ആകര്‍ഷണമെന്നാണല്ലോ നാമിന്നും പഠിപ്പിക്കുന്നത്. അപ്പോള്‍ അങ്ങനെയല്ലേ നടക്കൂ. ആണും പെണ്ണുമല്ലാത്തവരെല്ലാം ഇന്നും നമുക്ക് തോന്നിവാസികളും വളര്‍ത്തുദോഷത്തിന്റെ സൃഷ്ടികളുമാണ്. വീട്ടില്‍ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിടങ്ങളിലുമെല്ലാം നിലനില്‍ക്കുന്ന പീഡനങ്ങളും ചേര്‍ന്ന സാമൂഹ്യചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തില്‍ പൊതുവെ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധവും ആണ്‍കോയ്മയിലധിഷ്ഠിതമായ യാഥാസ്ഥിതിക ധാരണകള്‍, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകള്‍ ഇവയൊക്കെ ഇവര്‍ക്കെതിരായുള്ള വിവേചനങ്ങള്‍ക്ക് പശ്ചാത്തലമാകുന്നു. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാരപോലീസിങ്ങിന് ഇവര്‍ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല. പോലീസ് മര്‍ദ്ദനങ്ങള്‍ തുടര്‍കഥയാണ്. മിക്കവരും സ്വന്തം വീടുകളില്‍ നിന്നു പുറത്താണ്. താമസിക്കാനിടമോ തൊഴിലോ ഇല്ലാത്തവരാണ് പലരും.

ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ട്രാന്‍സ ്‌ജെന്റര്‍നയം പ്രഖ്യാപിച്ചത്. സുപ്രിംകോടതി നിര്‍ദ്ദേശവും അതിനു കാരണമായി. എന്നിട്ടും കാര്യമായ മാറ്റങ്ങളില്ല എന്നതാണ് വസ്തുത. അതേസമയം കേരളത്തിലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, നീതിനിഷേധങ്ങള്‍ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നേടി ക്കൊടുക്കുക, അവരവരുടെ ലൈംഗികസ്വത്വം നിലനിര്‍ത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്വിയര്‍ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ വര്‍ഷംതോറും വര്‍ണ്ണാഭമായ ക്വിയര്‍ പ്രൈഡ് പരേഡ് എന്ന പരിപാടിയും ഇവിടെ നടക്കുന്നുണ്ട്. കുടുംബത്തേയും സമൂഹത്തേയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും തങ്ങളുടെ ലിംഗസ്വത്വം വെളിപ്പെടുത്തി പുറത്തു വന്നിട്ടുമുണ്ട്. മറ്റുള്ളവരെപോലെതന്നെ മനുഷ്യരായി ജീവിക്കാനുള്ള പോരാട്ടങ്ങള്‍ അവര്‍ തുടരുകയാണ്.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് മെഗാസ്റ്റാര്‍ മോഹന്‍ലാലിന്റെ സാന്നിധ്യത്തിലും, സാധാരണനിലക്ക് നേരംപോക്കെന്നതില്‍ കൂടുതല്‍ പ്രാധാന്യമില്ലാത്ത ബിഗ് ബോസെന്ന ഷോ, റിയാസിന്റെ ഇടപെടലിലൂടെ രാഷ്ട്രീയപ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കുന്നത്. സംസ്ഥാനത്ത് ഈ മേഖലയില്‍ പ്രവര്‍ത്തക്കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍ക്കോ അവരെ പിന്തുണക്കുന്ന ബുദ്ധിജീവികള്‍ക്കോ കഴിയാത്ത രീതിയില്‍ വളരെ ലളിതവും വ്യക്തവുമായ ഭാഷയിലാണ് റിയാസ് ഈ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. ഇത്തരം വിഷയങ്ങള്‍ കാര്യമായി അറിയാതെ, നിലനില്‍ക്കുന്ന പൊതുബോധത്തില്‍ മാത്രം ഇവരെ വീക്ഷിക്കുന്നവരോടാണ് റിയാസ് സംസാരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. കുടുംബങ്ങളുടെ അകത്തളങ്ങളിലാണ് ആ ശബ്ദമെത്തുന്നതെന്നതും ചെറിയ കാര്യമല്ലേ. അതിനാല്‍ തന്നെ ബിഗ് ബോസ് കിരീടം റിയാസ് അര്‍ഹിക്കുന്നു. അതാകട്ടെ പീഡനങ്ങളില്‍ നിന്നു ഇനിയും മോചിതരാകാത്ത എല്‍ജിബിടി സമൂഹത്തിന് പ്രൈഡ് മാസത്തില്‍ നല്‍കുന്ന അംഗീകാരമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply