ആരാണ് പര്‍ബീര്‍ പുര്‍കായസ്ത? കെ സഹദേവന്‍

നിര്‍ഭയ പത്രപ്രവര്‍ത്തകര്‍ക്കെതിരായ റൈയ്ഡും അറസ്റ്റും സംഘപരിവാര്‍ ഭരണകൂടത്തിന്റെ അടിത്തറ ഇളകിയതിന്റെ സൂചന.

‘ന്യൂസ് ക്ലിക്ക് ‘ എഡിറ്റര്‍ പര്‍ബീര്‍ പുര്‍കായസ്തയെ അറസ്റ്റ് ചെയ്തിരിക്കുന്നു.

90കളില്‍ സജീവമായിരുന്ന ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച ‘Coalition for Nuclear Disarmament and Peace- CNDP എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പര്‍ബീര്‍ പുര്‍കായസ്തയെ ആദ്യമായി നേരില്‍ പരിചയപ്പെടുന്നത്.

രണ്ടാം ബാജ്‌പേയ് സര്‍ക്കാര്‍ പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയപ്പോള്‍ അതിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിവിടാനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വേണ്ടി അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും മുന്‍ നേവല്‍ ചീഫ് ആയിരുന്ന അഡ്മിറല്‍ രാംദാസ് , അകാലത്തില്‍ നമ്മെ വിട്ടു പോയ പ്രമുഖ പത്രപ്രവര്‍ത്തകന്‍ പ്രഫുല്‍ ബിദ്വായ്, അച്ചിന്‍ വനൈക്, പര്‍ബീര്‍ പുര്‍കായസ്ത എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുകയുണ്ടായി.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനകീയ പ്രസ്ഥാനങ്ങളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് 2000ത്തില്‍ ദില്ലിയില്‍ വിപുലമായ ആണവ വിരുദ്ധ – സമാധാന കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കുന്നതിലും നിര്‍ത്തിവെച്ച ‘ആഗ്ര ഡയലോഗ് പ്രോസസ്സ് ‘ പുനരാരംഭിക്കാന്‍ ഇരു രാജ്യങ്ങളിലെയും ഗവണ്‍മെന്റുകളെയും നിര്‍ബന്ധിതമാക്കുന്നതിലും ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ വിജയിക്കുകയുണ്ടായി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ വര്‍ഷം തന്നെ ഇന്ത്യയിലെ ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇന്റലിജെന്‍സ് ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന അമ്പതോളം ആക്ടിവിസ്റ്റുകളില്‍ ഒരാള്‍ കൂടിയാണ് പര്‍ബീര്‍. ജനവിരുദ്ധങ്ങളായ വികസന പദ്ധതികളെ ചോദ്യം ചെയ്തിരുന്ന ജനകീയ മുന്നേറ്റങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. അതിലൂടെ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിട്ടുവെന്നും 2015ല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ‘കോണ്‍ഫിഡന്‍ഷ്യല്‍’ ആയി അയച്ച ഐ ബി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

അടിയന്തിരാവസ്ഥയിലടക്കം പ്രതിഷേധ സ്വരമുയത്തിയ ചരിത്രമാണ് പര്‍ബീറിന്റേത്. അക്കാലത്ത് ജയിലില്‍ അടക്കപ്പെട്ടവരില്‍ പര്‍ബീറും ഉണ്ടായിരുന്നു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ നഖശിഖാന്തം എതിര്‍ത്തിരുന്ന ‘ന്യൂസ് ക്ലിക്ക് ‘ ജേര്‍ണലിന്റെ പത്രാധിപ സ്ഥാനം അലങ്കരിക്കുന്ന പര്‍ബീര്‍ പുര്‍കായ സ്തയുടെ വീടും ന്യൂസ് ക്ലിക്ക് ഓഫീസും ഇന്നലെ (ഒക്ടോബര്‍ 3ന്) രാവിലെ 6.30 ന് റെയ്ഡു ചെയ്യുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരികുന്നു.

കൂടാതെ, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ഊര്‍മിളേഷ്, ഭാഷാ സിംഗ്, കമന്റേറ്റര്‍ അനിന്ദ്യോ ചക്രവര്‍ത്തി , അഭിസാര്‍ ശര്‍മ്മ, പരഞ്‌ജോയ് ഗുഹാ താക്കുര്‍ത്ത, തീസ്ത സെതല്‍വാദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തുകയുണ്ടായി. ഭീകരവാദബന്ധം ആരോപിച്ച് UAPA ചുമത്തിയാണ് ചോദ്യം ചെയ്യലുകള്‍ നടത്തുന്നത്. ഇവരുടെയൊക്കെ ഫോണുകള്‍ ലാപ്‌ടോപ്പുകള്‍ എന്നിവ നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുകയാണ്.

പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ സ്വതന്ത്ര – നിര്‍ഭയ പത്രപ്രവര്‍ത്തകര്‍ക്കെതിരായ റെയ്ഡുകളും അറസ്റ്റും സൂചിപ്പിക്കുന്നത് സംഘ പരിവാരം ഒരു തോല്‍വിയെ മുന്നില്‍ കാണുന്നുവെന്നതാണ്. സംഘ പരിവാര്‍ ഫാസിസത്തിനെതിരായി കൂടുതല്‍ ശക്തവും സംഘടിതവുമായ പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ടെന്നതാണ് മോദിയുടെ ഭയചകിതമായ ഈ നടപടികള്‍ നമ്മോട് ആവശ്യപ്പെടുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply