തട്ടം വിവാദം ഇസ്ലാമോഫോബിയയുടെ പ്രഖ്യാപനം

ഇടതുപക്ഷ കപട ജനാധിപത്യ ഭാവുകത്വത്തിന്റെ പാല്‍പ്പായസം നുകര്‍ന്ന് ജീവിക്കുന്ന അനില്‍കുമാറിനെ പോലെയുള്ള സിപിഎം നേതാക്കള്‍ ചരിത്രം വായിച്ചില്ലെങ്കിലും ചരിത്ര യാഥാര്‍ഥ്യത്തെ മാനഭംഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയെങ്കിലും കാണിക്കണം..

തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെയാണെന്നാണ് സിപിഎം നേതാവ് അനില്‍കുമാറിന്റെ ചരിത്രപരമായ കണ്ടെത്തല്‍. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുസ്ലിം പെണ്‍കുട്ടികളുടെ തട്ടം വലിച്ചുകീറി താഴെയിട്ട് കാവിച്ചേലയുടുപ്പിക്കാന്‍ ഉണ്ടായതാണ് എന്നായിരിക്കാം സിപിഎം നേതാവ് അനില്‍കുമാര്‍ പറഞ്ഞതിന്റെ ഉള്ളടക്കം.. ചരിത്രമറിയാത്ത കോര്‍പ്പറേറ്റ് കാര്യസ്ഥനായ അനില്‍കുമാര്‍ ഇന്ത്യന്‍ മുസ്ലിമിനെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ആര്‍എസ്എസ് ഒറ്റുകാരനായ സി രവിചന്ദ്രന് പഠിക്കുന്നതാണ് നാം കാണുന്നത്. ഈ സന്ദര്‍ഭത്തില്‍, ‘ഇസ്ലാമോഫോബിക് ‘ സെക്യുലറിസ്റ്റുകളായ അനില്‍കുമാറിനെ പോലെയുള്ള ഹിന്ദുത്വ ലെഫ്ട് ലിബറലുകള്‍ പ്രത്യേകമായി അറിഞ്ഞിരിക്കേണ്ട ഇടതുപക്ഷ ചരിത്രം ഇവിടെ സൂചിപ്പിക്കുകയാണ്.

1920 ഒക്ടോബര്‍ 17 ന് താഷ്‌ക്കന്റില്‍ വെച്ച് മൊഹമ്മദ് ഷെഫീക് സെക്രട്ടറിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന് പശ്ചാത്തലമൊരുക്കിയത് നാട്ടിലെ കൊളോണിയല്‍ അടിച്ചമര്‍ത്തലില്‍ നിന്നു പലായനം ചെയ്ത് വിദേശത്തു നിന്ന് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തിയ ഇന്ത്യന്‍ മുഹാജിറുകള്‍ (Indian Muhajirs) ആയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിന് അനുകൂല തീരുമാനമെടുക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ രണ്ടാം കോണ്‍ഗ്രസ്സിനു പ്രേരകമായ മുഖ്യ ഘടകവും ഇതായിരുന്നു. മോസ്‌കോയില്‍ സ്ഥാപിതമായ University of the Toilers of East ലെ 21 ‘വിദ്യാര്‍ത്ഥികള്‍’ മുസ്ലീം നാമധാരികളായിരുന്നു എന്ന് ഹിന്ദുത്വത്തില്‍ ഉരുമ്മി സനാതന ഉള്‍പ്പുളപ്പില്‍ രസിച്ചു നടക്കുന്നവര്‍, ഇടതുമേനി നടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ബ്രിട്ടീഷുകാര്‍ കെട്ടിച്ചമച്ച പെഷവാര്‍ ഗൂഢാലോചന കേസിലെ മിക്കവാറും പ്രതികള്‍ മുസ്ലീങ്ങളായിരുന്നു. കാന്‍പൂര്‍ (1924), മീററ്റ് ഗൂഢാലോചന (1929) കേസ്സുകളിലും മുസ്ലിം പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവായിരുന്ന മുസഫര്‍ അഹമ്മദിന്റെ രചനകള്‍ വായിക്കുന്നത് ഉചിതമായിരിക്കും. അവരുടെ അമ്മമാരും സഹോദരിമാരും തട്ടം ധരിച്ചിരുന്നോ എന്ന് അദാനിയുടെയും അംബാനിയുടെയും മറ്റ് കോര്‍പ്പറേറ്റുകളുടെയും പെട്ടി താങ്ങികളായ സിപിഎം നേതാക്കള്‍ അവരുടെ കബറ് തുരന്നു നോക്കിയാല്‍ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് മുസ്ലീങ്ങളെ കമ്മ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കാന്‍ അനിലിനെ പോലെയുള്ള അമ്പലക്കമ്മിറ്റി കമ്മ്യൂണിസ്റ്റുകളുടെ ആവശ്യമില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യാ ഗേറ്റിലെ രക്തസാക്ഷികളുടെ ലിസ്റ്റിനെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ട്. എന്നാല്‍, അതില്‍ ഭൂരിപക്ഷവും മുസ്ലീം നാമധാരികളാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. സിക്കുകാരും പിന്നാക്കവിഭാഗങ്ങളും ദളിതരുമടങ്ങുന്ന ആ ലിസ്റ്റില്‍ മുസ്ലീം വസ്ത്രം ധരിച്ചവരും തട്ടം ധരിച്ചവരും ഉണ്ടോ എന്ന് പരിശോധിക്കാന്‍ നാളെ പാര്‍ട്ടി കമ്മീഷനെ വച്ചാലും അത്ഭുതപ്പെടാനില്ല. എത്ര കുങ്കുമം ചാര്‍ത്തുന്നവരെ, എത്ര ചരട് കെട്ടുന്നവരെ അനില്‍കുമാറിന്റെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് വിശുദ്ധരാക്കി എന്ന് പറയുന്നില്ല. ‘അയ്യപ്പനോടാ കളി, അയ്യപ്പനോട് കളിച്ചാല്‍ കളി പഠിക്കും’ എന്നു പറഞ്ഞ കടകംപള്ളി സുരേന്ദ്രനെ കമ്മ്യൂണിസ്റ്റ് വിശുദ്ധനായി പ്രഖ്യാപിക്കാന്‍ കഴിയാത്ത അനില്‍കുമാര്‍ മലപ്പുറം പെണ്‍കുട്ടികളുടെ തട്ടം ലക്ഷ്യം വയ്ക്കുന്നിതിന്റെ സനാതനച്ചുവപ്പ് കേരള ജനതയ്ക്ക് പെട്ടെന്ന് മനസ്സിലാകും.

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ഫാസിസ്റ്റ് അടിച്ചമര്‍ത്തല്‍ ഇന്നൊരു വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യമാണ്. അക്കാരണത്താല്‍, എല്ലാ മതങ്ങളിലെയും തീവ്രവാദ-മത മൗലിക വാദ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുമ്പോള്‍ തന്നെ, മര്‍ദ്ദിത മതന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുടെ കടമയാണ്.

ലിബറല്‍ ഇടതുപക്ഷത്തുനിന്ന് ഇഎംഎസ് ഉള്‍പ്പെടെയുള്ള അതിശയ നേതാക്കളുടെ കാലം മുതല്‍ ഇടയ്ക്കിടെ ഉയര്‍ത്തുന്ന വിഷയം മുസ്ലീങ്ങളിലെ ‘പാട്രിയാര്‍ക്കി’ യെ സംബന്ധിച്ചാണ്. സ്ത്രീ എന്ന മാനവരാശിയുടെ പകുതി ഒഴിവാക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ സ്ത്രീ പക്ഷത്തു നിന്നുയര്‍ന്നു വരുന്ന വിമര്‍ശനം അതീവ പ്രസക്തമാണ്. പക്ഷേ ഇതു ഇസ്ലാമിനു മാത്രം ബാധകമല്ലെന്നും എല്ലാ മതങ്ങളുടെയും, വ്യവസ്ഥയുടെയും പൊതു സവിശേഷതയാണെന്നും കാണാതെ, സ്ത്രീ ഏറ്റവും കൂടുതല്‍ അവഹേളിക്കപ്പെട്ടിട്ടുള്ളതും കൊല്ലപ്പെട്ടിട്ടുള്ളതും പീഡിപ്പിക്കപ്പെട്ടിട്ടുള്ളതും ഹിന്ദുത്വ വംശീയ കലാപങ്ങളിലാണ് എന്നും കാണാതെ, സ്ത്രീ വിമോചന പ്രശ്‌നത്തില്‍ ഇസ്ലാമിക വിരുദ്ധ സന്മാര്‍ഗ പ്രസംഗം നടത്തി സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ അര്‍ത്ഥവും ചരിത്രവും ഭേദ്യം ചെയ്യുകയാണ് സിപിഎം ചെയ്തു പോന്നിട്ടുള്ളത്.. സ്ത്രീവിരുദ്ധത ഇസ്ലാമിനു മാത്രം ബാധകമാണെന്ന പ്രതീതി ഉളവാക്കുന്നതുമായ ലിബറല്‍ ഇടതുപക്ഷത്തു നിന്നുള്ള ഇത്തരം പരാമര്‍ശങ്ങളില്‍ ഇസ്ലാമോഫോബിയയുടെ അനുരണനങ്ങള്‍ കാണാവുന്നതാണ്. വസ്ത്രധാരണത്തിലെ സ്വാതന്ത്ര്യത്തില്‍ നിന്നു പോലും ‘മോചിപ്പിക്കുന്ന’ അനിലിനെ പോലെയുള്ള ഇടതു വാചകമടിക്കാര്‍ കൊണ്ടോട്ടിയില്‍ ആയിഷ യെന്ന യെ വളഞ്ഞു വെച്ച് സിപിഎമ്മുകാര്‍ ‘പാട്രിയാര്‍ക്കി’ പ്രയോഗിച്ചതും നമ്മള്‍ കാണുകയുണ്ടായി..

എന്നാല്‍, ഇവിടെയും പ്രകടമാകുന്നത് അരാഷ്ട്രീയവല്‍ക്കരണത്തിനും രജിമെന്റേഷനും വന്‍ തോതില്‍ വിധേയമായിക്കൊണ്ടിരിക്കുന്ന, കേരളത്തിലെ ‘ഫാസിസത്തിന്റെ മോഡറേറ്റ് വിങ്ങി’ ല്‍ അന്തര്‍ലീനമായ ഇസ്ലാമോഫോബിയ തന്നെയാണ്. ഇസ്ലാമോഫോബിയയെ അധിഷ്ഠിതമാക്കി, രണ്ടാം മോദി സര്‍ക്കാര്‍ NIA യുമായി ഉദ്ഗ്രഥിച്ച് UAPA നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നും draconian എന്നും വിശേഷിപ്പിച്ച പാര്‍ട്ടി ഭരിക്കുന്നിടത്ത് മുസ്ലിം നാമധാരികള്‍ കൂടിയായ സ്വന്തം യുവ കേഡര്‍മാര്‍ക്കെതിരെ ആസൂത്രിതമായി അതു ചുമത്തി ഹിന്ദുത്വ ഫാസിസ്റ്റു ഭരണകൂടത്തിനു ഏല്പിച്ചു കൈ കഴുകുന്നതും ഈ ദിശയില്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിനെല്ലാം നീതീകരണം കണ്ടെത്തുന്ന കപട ഇടതിന്റെയും കേരളത്തിലെ ‘രവിചന്ദ്ര’ ബാധയേറ്റ ലിബറല്‍, ലെഫ്റ്റ് ബുദ്ധി ജീവിതങ്ങളുടെയും പ്രകടമായ മുസ്ലിം-ദളിത് വിരുദ്ധതക്ക് അംബേദ്കറുടെ ‘ബ്രാഹ്മിന്‍ ബോയ്‌സ്’ എന്ന വ്യാഖ്യാനമാണ് ഉചിതം. ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാസിസത്തിന്റെ അടിത്തറ തകര്‍ക്കാന്‍ പോകുന്ന ദളിത് -മുസ്ലീം ഐക്യത്തില്‍ വിറളി കൊണ്ടതിന്റെ സൂചനയാണ് അനില്‍ കുമാറിന്റെ ചിത്തഭ്രമം സംഭവിച്ച ഇത്തരം പ്രതികരണങ്ങള്‍..

ഭരണഘടനാപരമായ അവകാശങ്ങളെ മുന്നില്‍ നിര്‍ത്തി ഐക്യപ്പെടുന്നവര്‍ക്കേ ഇന്ത്യയിലെ ഫാസിസ്റ്റ് സമരത്തില്‍ പങ്കാളിത്തമുണ്ടാകൂ. കേരളത്തില്‍, മുസ്‌ളീം സ്ത്രീകളുടെ സമരങ്ങളിലെ അസാന്നിദ്ധ്യത്തില്‍ കുണ്ഠിതപ്പെടുന്നവര്‍, ‘കൗ ബെല്‍റ്റി’ ല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ നയിക്കുക മാത്രമല്ല, ആശയ വ്യക്തത നല്‍കുന്നതും മുസ്ലീം സ്ത്രീകളാണെന്നു കൂടി തിരിച്ചറിയുന്നതു നന്നാകും. യുപിയിലെ ‘കുടുംബിനി’ കളായ മുസ്ലിം വനിതകള്‍ പറയുന്നത് CAA ക്കാള്‍ ഭയാനകം NRC ആണെന്നു തങ്ങള്‍ തിരിച്ചറിയുന്നുവെന്നാണ് ( ‘ദി ഹിന്ദു’ വിന്റെ ഫുള്‍പേജ് പഠനം, ജനുവരി 4, 2020, പേജ് 10 കാണുക). ഇതു തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ് ബംഗാളിലെ മമത സര്‍ക്കാര്‍ NRC ക്കെതിരെ 2019 സെപ്റ്റംബറില്‍ തന്നെ പ്രമേയം പാസ്സാക്കിയതെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്. അലിഗഡ് സര്‍വകലാശാലക്കു പുറത്ത് ചേരികളില്‍ താമസിക്കുന്ന മുസ്ലീം സ്ത്രീകളുടെ മുന്‍കയ്യില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരായ സമരത്തില്‍ ‘ഹിന്ദു’ സ്ത്രീകളും തെരുവുകളില്‍ ഇറങ്ങുന്ന വാര്‍ത്തയാണ് അന്ന് പുറത്തു വന്നിരുന്നത്. അതുകൊണ്ട്, ഫാസിസ്റ്റ് വിരുദ്ധ സമരത്തില്‍ കേരളം ഇന്ത്യക്കു മാതൃകയാണെന്ന അവകാശവാദമൊക്കെ അട്ടത്തു വെക്കുന്നതാണ് ഭേദം.

ഹിന്ദുത്വ ഫാസിസ്റ്റുകള്‍ക്കുള്ളത്ര കഠിനമല്ലെങ്കിലും ഇസ്ലാമോഫോബിയയുടെ മൃദു പതിപ്പ് പേറുന്ന കേരളത്തിലെ മജോറിറ്റേറിയന്‍ ഇടതു ലിബറലുകളോട് പറയാനുള്ളത് ചരിത്രബോധമുണ്ടാകണമെന്നാണ്. ശീതയുദ്ധം അവസാനിക്കുകയും കമ്മ്യൂണിസം എന്ന ശത്രു പ്രത്യക്ഷത്തില്‍ ഇല്ലാതായി എന്നു ബോദ്ധ്യപ്പെടുകയും ചെയ്തതോടെയാണ് ‘ഇസ്ലാം ഭീകരത’ എന്ന പുതിയ ആഗോള ശത്രുവിനെ അമേരിക്ക പ്രതിഷ്ഠിക്കുന്നത്. അതായത്, ഇസ്ലാമോഫോബിയ സാമ്രാജ്യത്വത്തിന്റെ നവ ഉദാര നിര്‍മ്മിതിയാണെന്നു ചുരുക്കം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായിരുന്നു ചരിത്രം ? ഏറ്റവും കുറഞ്ഞത് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതലാരംഭിക്കുന്ന ഇടമുറിയാത്ത ധീര ദേശാഭിമാനത്തിന്റെ ഉജ്ജ്വലമായ ചരിത്രത്തിനുടമകളാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യ സൂത്രധാരകര്‍ മുസ്ലീങ്ങളാണെന്നു കണ്ടെത്തിയ (വിശദാംശങ്ങള്‍ക്ക് – William Wilson Hunter ന്റെ Indian Mussalmans എന്ന ഗ്രന്ഥം) ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ തുടര്‍ന്നു വന്ന ദശകങ്ങളിലും നിരന്തര കൂട്ടക്കൊലകള്‍ക്കും കൊടിയ പീഢനങ്ങള്‍ക്കുമാണ് മുസ്ലീങ്ങളെ വിധേയമാക്കിയത്. അതോടൊപ്പം, കൃത്രിമമായ ഹിന്ദു – മുസ്ലീം കലാപങ്ങള്‍ അഴിച്ചു വിട്ട് വെള്ളക്കാരന്റെ divide and rule policy യും ഫലപ്രദമായി നടപ്പാക്കി. എന്നാല്‍, ഈ സാമ്രാജ്യത്വ കെണിയില്‍ വീഴാതെ, 20ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ കൊളോണിയല്‍ മേധാവികളുടെ ഉറക്കം കെടുത്തുക മാത്രമല്ല, ഹിന്ദു -മുസ്ലീം ഐക്യത്തിലൂന്നുന്ന ദേശീയ പ്രസ്ഥാനത്തിനു ദിശാബോധം നല്‍കാനും ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കു കഴിഞ്ഞു.

ഇടതുപക്ഷ കപട ജനാധിപത്യ ഭാവുകത്വത്തിന്റെ പാല്‍പ്പായസം നുകര്‍ന്ന് ജീവിക്കുന്ന അനില്‍കുമാറിനെ പോലെയുള്ള സിപിഎം നേതാക്കള്‍ ചരിത്രം വായിച്ചില്ലെങ്കിലും ചരിത്ര യാഥാര്‍ഥ്യത്തെ മാനഭംഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയെങ്കിലും കാണിക്കണം..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply