വനിതാദിനം ഹൈജാക്ക് ചെയ്യപ്പെടുമ്പോള്‍

എടുത്തുപറയത്തക്ക ഒന്ന് സംസ്ഥാനത്തെ 14 ജില്ലാകളക്ടര്‍മാരില്‍ 10 പേരും സ്ത്രീകളാണെന്നതാണ്. മിക്കവരും ചെറുപ്പക്കാര്‍. മാത്രമല്ല നിരവധി വനിതാ ഐപിഎസുകാരും ഇന്നു സംസ്ഥാനത്തുണ്ട്. അവരില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിച്ചേക്കാമെന്ന ഏക പ്രതീക്ഷ മാത്രമാണ് ഇത്തവണത്തെ വനിതാദിനം കടന്നുപോകുമ്പോള്‍ ബാക്കിയാകുന്നത്

ഓരോ വര്‍ഷം കഴിയുന്തോറും കേരളത്തില്‍ വനിതാദിനാഘോഷം വ്യാപകമാകുകയാണ്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ ഒന്നാണത്. എന്നാല്‍ അതിന് ഗൗരവമായൊരു മറുവശവുമുണ്ട്. വനിതാദിനം എന്ന സങ്കല്‍പ്പത്തിലെ സമരോത്സുകമായ ഊര്‍ജ്ജത്തെ ഊറ്റിയെടുത്താണ് ഈ ആഘോഷമെന്നതാണത്. തുല്യതക്കായി ആത്മാഭിമാനമുള്ള സ്ത്രീകള്‍ നടത്തുന്ന പോരാട്ടങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും എതിര്‍ക്കുന്നവരേയും ഈ ആഘോഷങ്ങളുടെ മുന്‍നിരയില്‍ കാണുന്നു. ഇത്തവണ ഈ പ്രവണത കൂടുതല്‍ ശക്തമായി എന്നു പറയാതിരിക്കാനാവില്ല. വനിതാദിനം ഹൈജാക്ക് ചെയ്യപ്പെടുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനുമാവില്ല.

സ്വന്തം ജീവിതം പോരാട്ടമാക്കി മാറ്റി, സ്ത്രീകള്‍ക്ക് അപ്രാപ്യമാണെന്നു വിശ്വസിക്കുന്ന പല മേഖലകളും കൈയെത്തി പിടിച്ച നിരവധി സ്ത്രീകളെ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും മാധ്യമങ്ങള്‍ പരിചയപ്പെടുത്തി. തീര്‍ച്ചയായും മറ്റുള്ളവര്‍ക്ക് അതെല്ലാം പ്രചോദനമാകും. എന്നാലവിടെയവസാനിക്കുന്നതല്ല വനിതാദിന സന്ദേശം. ജീവിതത്തിന്റെ സമസ്തമേഖലകളിലും തുല്ല്യതക്കായുള്ള അവകാശമാണതില്‍ പ്രധാനം. സമകാലികാവസ്ഥയില്‍ അതിലേറ്റവും പ്രധാനം രാഷ്ട്രീയാധികാരത്തിലെ പങ്കാളിത്തമാണ്. നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന വേദികളിലെ സാന്നിധ്യമാണ്. ആ ദിശയില്‍ പരിശോധിക്കുമ്പോള്‍ ഇവിടെ നടക്കുന്ന വനിതാദിനാഘോഷങ്ങള്‍ ഉപരിപ്ലവമാണന്നു മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിന്റെ ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുന്നതാണെന്നു കാണാനാവും. സര്‍ക്കാരും മുഖ്യധാരാ പ്രസ്ഥാനങ്ങളുമെല്ലാം വനിതാദിനാചരണമേറ്റെടുക്കുകയും ആഘോഷങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് അതിനകത്തെ വിമോചനാത്മകമായ ഉള്ളടക്കമായിരുന്നു. പരിസ്ഥിതി ദിനവും നേരിടുന്നത് ഇതേ ദുരന്തം തന്നെയാണ്.

ഇത്തവണത്തെ വനിതാദിനാഘോഷം നടന്ന പശ്ചാത്തലം തന്നെ നോക്കുക. രാജ്യസഭയിലേക്ക് ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കണമെന്ന ആവശ്യത്തോട് പൊതുവില്‍ നിഷേധാത്മക സമാപനമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്. കോണ്‍ഗ്രസ്സ് ഈ ആവശ്യത്തിനുനേരെ കണ്ണടക്കുമെന്നാണ് വാര്‍ത്ത. കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികളില്‍ വനിതകളുടെ എണ്ണം എത്രയോ തുച്ഛമാണ്. അതാകട്ടെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ കുറവും. എ ഐ സി സി പ്രസിഡന്റായും പലയിടത്തും മുഖ്യമന്ത്രിമാരായും പ്രധാനമന്ത്രിയായും വനിതയെ കൊണ്ടുവന്നിട്ടുള്ള പാര്‍ട്ടിയുടെ അവസ്ഥയാണിത്. ഒരിക്കല്‍ ഒരു ഡിസിസി പ്രസിഡന്റ് സ്ഥാനം വനിതക്കു നല്‍കിയതൊഴിച്ചാല്‍ സംഘടനക്കകത്തെ സ്ഥിതിയും വ്യത്യസ്ഥമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മറുവശത്ത് ഒരു രാജ്യസഭാംഗത്വം വനിതക്ക് കൊടുക്കാന്‍ സിപിഎം തയ്യാറാകുമെന്ന വാര്‍ത്തയുണ്ട്. എന്നാല്‍ സിപിഎമ്മിലും പാര്‍ട്ടികത്തും ജനപ്രതിനിധികളിലും അവസ്ഥ വ്യത്യസ്ഥമല്ല. സംസ്ഥാനസമ്മേളത്തില്‍ മന്ത്രി ആര്‍ ബിന്ദുവടക്കം ഇക്കാര്യമുന്നയിച്ചല്ലോ. തമാശയുടെ രൂപത്തിലാണെന്നു പറയുമ്പോഴും പകുതി സ്ത്രീകള്‍ വന്നാല്‍ പാര്‍ട്ടി തകരുമെന്ന കോടിയേരിയുടെ വാക്കുകള്‍ കേരളത്തിലെ മിക്കവാറും പുരുഷ രാഷ്ട്രീയ നേതാക്കളുടെ ഉള്ളിലിരിപ്പാണ്. അങ്ങനെ പറഞ്ഞതിനു പുറകെയാണല്ലോ സെക്രട്ടറിയേറ്റില്‍ 17ല്‍ ഒന്നായി വനിതാ പ്രാതിനിധ്യം ഒതുക്കിയത്. മറുവശത്ത് വനിതാപ്രാതിനിധ്യത്തിനായി നിലകൊള്ളുന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ വകുപ്പുമായി ബന്ധപ്പെട്ട, സംസ്‌കൃത സര്‍വ്വകലാശാല വി സിയായി ഒരു വനിത എന്ന പ്രഖ്യാപനം വനിതാദിനത്തിലുണ്ടാകുമെന്നു പലരും പ്രതീക്ഷിച്ചു. എന്നാല്‍ ഫലം നിരാശ തന്നെ.

അധികാരകേന്ദ്രങ്ങളിലും അവയെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളിലും അര്‍ഹതയുള്ളതിന്റെ പത്തിലൊന്നു പ്രാതിനിധ്യം പോലും കൊടുക്കാത്ത ഈ പ്രസ്ഥാനങ്ങളും പൂര്‍വ്വാധികം ഉഷാറായി ഇക്കുറിയും വനിതാദിനം ആഘോഷിക്കുന്നതു കണ്ടു. വര്‍ഷത്തില്‍ ഒരു ദിവസം ഇവരുടെ അകമ്പടിയോടെ കുറെ സ്ത്രീകള്‍ തെരുവില്‍ രാത്രിയുടെ സൗന്ദര്യം ആസ്വദിച്ച് നടക്കുന്നതും കണ്ടു. അതേസമയം ശബരിമലയിലും മറ്റും അയിത്തം ഇപ്പോഴും തുടരുകയാണ്. തങ്ങള്‍ക്കു നിഷേധിക്കപ്പെടുന്ന നീതിക്കായി പോരാടുന്ന സ്ത്രികളോട് ഇവരെടുക്കുന്ന സമീപനവും എത്രയോ തവണ നാം കണ്ടതാണ്. അതിന്റെ അടുത്തകാല ഉദാഹരണമായിരുന്നല്ലോ സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടാനായി അനുപമ നടത്തിയ സമരത്തോട് ഇവരെല്ലാം സ്വീകരിച്ച സമീപനം. അനുപമക്കെതിരെ തെറിയഭിഷേകം നടത്തിയവരും വനിതാദിനാഘോഷത്തിന്റെ പ്രചാരകരായി കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?

തിരശീലക്കു പുറകില്‍ നിന്ന്, മുന്നില്‍ വന്ന് തന്റെ ഇപ്പോഴത്തെ ജീവിതം ലോകത്തിനുമുന്നില്‍ തുറന്നു പറഞ്ഞ നടി ഭാവന സ്വാഭാവികമായും ഈ വനിതാദിനത്തില്‍ പോരാട്ടത്തിന്റെ പ്രതീകമായി മാറി എന്നതു ശരിയാണ്. പക്ഷെ കോടതിയില്‍ 15 ദിവസം താന്‍ നേരിട്ട മാനസികപീഡനങ്ങളെ കുറിച്ചവര്‍ പറഞ്ഞത് ഏവരേയും നൊമ്പരപ്പെടുത്തി. ഇരകള്‍ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെടുന്ന സാഹചര്യമാണ് കോടതികളും പോലീസ് സ്‌റ്റേഷനുകളുമടക്കമുള്ള സ്ഥാപനങ്ങളിലും നിലനില്‍ക്കുന്നത്. ഇപ്പോഴത്തെ ജഡ്ജിയില്‍ നിന്ന് നീതികിട്ടില്ലെന്ന നിഗമനത്തില്‍ നടിയും പ്രൊസിക്യൂഷനും ആവശ്യപ്പെട്ടിട്ടും ജഡ്ജിയെ മാറ്റിയില്ല എന്നതും ഒര്‍ക്കേണ്ടതാണ്. കേസ് കേള്‍ക്കുന്നത് വനിതാജഡ്ജിയാകണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ച് നിയമിച്ച ഒരാളാണ് ആ ജഡ്ജി എന്നതും ഈ ചര്‍ച്ചാവേളയില്‍ ഓര്‍ക്കേണ്ടതാണ്. സാക്ഷികളുടെ കൂറുമാറ്റം നീതി നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കാമെന്ന ആശങ്കയും ശക്തമാണ്. ബിഷപ്പിന്റെ കേസില്‍ നാമത് കണ്ടതാണ്. നടിക്കും കന്യാസ്ത്രീക്കുമൊപ്പം കേരളം എന്നൊക്കെ പറയുമ്പോഴും മഹാഭൂരിപക്ഷവും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന കേരളത്തെയാണ് നാം സ്ത്രീപക്ഷ കേരളം എന്നു വ്യാഖ്യാനിക്കുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ സോഷ്യല്‍ മീഡിയ. വനിതാദിനവേളയില്‍ തന്നെയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവിന്റെ ആത്മകഥയും പുറത്തുവന്നിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചുരുക്കത്തില്‍ തികച്ചും ഉപരിപ്ലവമായ രീതിയിലാണ് ഈ വര്‍ഷത്തേയും വനിതാദിനാഘോഷം കടന്നുപോയത്. സാമൂഹ്യനീതിയും അധികാരത്തിലെ പങ്കാളിത്തവുമാണ് പ്രധാനമെന്ന വസ്തുതയെ വിസ്മരിച്ചായിരുന്നു ഈ ആഘോഷങ്ങള്‍ മിക്കവാറും. എണ്‍പതുകളില്‍ തുടക്കമിട്ട്, ഏറെവര്‍ഷം കൃത്യമായ സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് പോരാടിയ ഫെമിനിസ്റ്റ് സംഘടനകള്‍ ഏറെക്കുറെ ഇല്ലാതായതോടെയാണ് ഇത്തരമൊരു മാറ്റത്തിലേക്ക് വനിതാദിനാഘോഷം മാറിയതെന്നും പറയേണ്ടതുണ്ട്. ഇപ്പോഴുള്ളത് ഫെമിനിസ്റ്റ് സംഘടനകളല്ല, പുരുഷാധിപത്യത്തില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനങ്ങളുടെ പോഷക വനിതാ സംഘടനകള്‍ മാത്രമാണ്. വര്‍ഗ്ഗസമരത്തിന്റെ ഭാഗമായി നടക്കേണ്ട ഒന്നാണ് സ്ത്രീവിമോചനമെന്ന കാലഹരണപ്പെട്ട ആശയത്തിനും ഇവിടെ പ്രചാരകരുണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ. എടുത്തുപറയത്തക്ക ഒന്ന് സംസ്ഥാനത്തെ 14 ജില്ലാകളക്ടര്‍മാരില്‍ 10 പേരും സ്ത്രീകളാണെന്നതാണ്. മിക്കവരും ചെറുപ്പക്കാര്‍. മാത്രമല്ല നിരവധി വനിതാ ഐപിഎസുകാരും ഇന്നു സംസ്ഥാനത്തുണ്ട്. അവരില്‍ നിന്ന് സ്ത്രീകള്‍ക്ക് നീതി ലഭിച്ചേക്കാമെന്ന ഏക പ്രതീക്ഷ മാത്രമാണ് ഇത്തവണത്തെ വനിതാദിനം കടന്നുപോകുമ്പോള്‍ ബാക്കിയാകുന്നതെന്ന് വേദനയോടെ പറയേണ്ടിവരുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply