തുടര്‍ഭരണം യുപിയില്‍ – ഇനി കേന്ദ്രത്തിലും….?

തകര്‍ന്നടിഞ്ഞു എന്നു പറയാനാകാത്ത വിധം ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമൊക്കെ കുറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ്സിനായിട്ടുണ്ട്. എന്നാലതൊന്നും 2024ലെ ലക്ഷ്യത്തിനടുത്തൊന്നും എത്തുന്നതല്ല. കൈപ്പത്തി ചിഹ്നം കണ്ടാല്‍ പോലും മുഖം തിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഉത്തര്‍പ്രദേശിലും ബീഹാറിലും ഇപ്പോള്‍ പഞ്ചാബിലുമെല്ലാം ഉള്ളതെന്ന് നേതൃത്വം തിരിച്ചറിയണം. തങ്ങള്‍ക്ക് ഒറ്റക്ക് ഭരണം തിരിച്ചു പിടിക്കാനുള്ള പിന്തുണയില്ലെന്നു അംഗീകരിച്ചാകണം ഭാവി പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍.

തുടര്‍ഭരണത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്തവരാണല്ലോ മലയാളികള്‍. ഇപ്പോഴിതാ 1996നുശേഷം യുപിയിലും തുടര്‍ഭരണം വന്നിരിക്കുന്നു. ഏറെക്കുറെ പ്രതീക്ഷിച്ച ഒന്നായിരുന്നു ഇതെങ്കിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ എസ് പി നടത്തിയ പോരാട്ടം വിധി മറ്റൊന്നാക്കുമെന്ന പ്രതീക്ഷ ചുരുക്കം രാഷ്ട്രീയനിരീക്ഷകരിലെങ്കിലും ഉണ്ടായിരുന്നു. സീറ്റുകളുടെ എണ്ണത്തില്‍ എസ് പിക്ക് വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. അവ പ്രധാനമായും ബിഎസ്പിയില്‍ നിന്നായിരുന്നെങ്കിലും ബിജെപിക്കും കുറെ സീറ്റുകള്‍ നഷ്ടപ്പെട്ടു. എന്നാലിതൊന്നും ഭരണമാറ്റത്തിലെത്തിക്കാന്‍ മതിയായില്ല എന്നുമാത്രം. യുപി യുപി എങ്ങനെ ചിന്തിക്കുന്നു, രാജ്യം അങ്ങനെ ചിന്തിക്കുമെന്ന ചൊല്ല് കുറെകാലമായി കേള്‍ക്കാറുണ്ട്. അങ്ങനെയെങ്കില്‍ 2024ലും ബിജെപി തന്നെയായിരിക്കും രാജ്യം ഭരിക്കുക. അതിനെ തടയാമെന്ന പ്രതീക്ഷക്കു മങ്ങലേല്‍പ്പിക്കുന്നവ തന്നെയാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍. കൊവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നു പറയുന്നപോല ഫാസിസത്തിനൊപ്പം ജീവിക്കാന്‍ പഠിക്കുക എന്നതു മാത്രമായിരിക്കുമോ ഒരുപക്ഷെ നമ്മുടെ ഭാവി. എന്നാലങ്ങനെയല്ല കാര്യങ്ങള്‍ എന്നു സൂക്ഷ്മപിശോധനയില്‍ കാണാനാകും.

പഞ്ചാബിലൊഴികെ മറ്റെവിടേയും കാര്യമായ അട്ടിമറി നടന്നില്ല എന്നതാണ് വസ്തുത. അപ്പോഴും ബിജെപിയുടെ ഏറ്റവും പ്രധാന മുദ്രാവാക്യമായ കോണ്‍ഗ്രസ്സ് വിമുക്തഭാരതം എന്നതിലേക്ക് രാജ്യം നീങ്ങുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഛത്തിസ്ഗഡിലും രാജസ്ഥാനിലും മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഭരണമുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെക്ക് ഒപ്പവുമുണ്ട്. ഉത്തരാഖണ്ഡില്‍ കുറച്ചു സീറ്റുകള്‍ കൂടുതല്‍ നേടാനായിട്ടുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നേരിട്ടത് വന്‍തിരിച്ചടിതന്നെയാണ്. നഷ്ടപ്പെട്ടത് പക്ഷെ ഏറ്റവും ശക്തിയുണ്ടായിരുന്ന സംസ്ഥാനമാണ്. കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയുടെ വന്‍തോല്‍വി പ്രതീക്ഷിച്ചതുന്നെ. പക്ഷെ അതിന്റ ഗുണഭോക്താക്കളായത് സമരത്തില്‍ കാര്യമായി ഇടപെടാതിരുന്ന ആം ആദ്മി പാര്‍ട്ടിയാണെന്നതാണ് കൗതുകകരം. നിലനിനിന്നിരുന്ന കോണ്‍ഗ്രസ്സ് ഭരണത്തിനെതിരായ വികാരം തിരിച്ചറിയാന്‍ പാര്‍ട്ടിക്കായില്ല. തുടര്‍ഭരണത്തിനായി എടുത്ത സംഘടനാപരമായ നടപടികളാകട്ടെ വന്‍ദുരന്തവുമായി. 30 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളെ ലക്ഷ്യമാക്കി ചരണ്‍ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കിയതും തിരിച്ചടിയായി. രണ്ടിടത്ത് തോല്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ വിധി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രധാനപ്പെട്ടത് പഞ്ചാബിലെ എ എ പിയുടെ വിജയം തന്നെ. കര്‍ഷകസമരവും ഭരണവിരുദ്ധ വികാരവും മാത്രമല്ല, ഡെല്‍ഹിയിലെ ഭരണത്തെ കുറിച്ചുള്ള മികച്ച അഭിപ്രായവും അതിനു കാരണമായിട്ടുണ്ട്. കെജ്രിവാളിനെ അരാഷ്ട്രീയവാദിയെന്ന് ആക്ഷേപിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ സാധാരണക്കാരനു ഗുണകരമായതും അഴിമതിയില്ലാത്തതുമായ ഭരണം രാഷ്ട്രീയം തന്നെയാണ്, അരാഷ്ട്രീയമല്ല. എന്നാല്‍ ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എപിപി സ്വീകരിക്കുന്നില്ല എന്നത് സത്യമാണ്. രാഷ്ട്രീയമായി ബിജെപിയുടെ ബി ടീമാണ് എ പി പി എന്ന ആരോപണത്തിന്റെ കാതല്‍ അതാണ്. ഈ വിജയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെജ്രിവാളിന്റെ സ്ഥാനമുയര്‍ന്നു എന്നത് സത്യമാണ്. എന്നാല്‍ ലോകസഭാതെരഞ്ഞെടുപ്പിനു മുമ്പ് വിശാലമായ പ്രതിപക്ഷനിര രൂപീകരിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിക്കുമോ എന്ന ചോദ്യമാണ് പ്രസക്തമായിരിക്കുന്നത്. മൃദുഹിന്ദുത്വമെന്ന നിലപാടിലാണ് നില്‍ക്കുന്നതെങ്കില്‍ അതിനുള്ള സാധ്യത കുറവാണ്.

സ്വാഭാവികമായും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന പ്രധാന സംസ്ഥാനം യു പി തന്നെ. വികസനത്തിന്റെ കാര്യത്തില്‍ വളരെ പുറകിലുള്ള ഈ സംസ്ഥാനത്തിന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് പലപ്പോഴും മറ്റു ഘടകങ്ങളാകാറുണ്ട്. തീര്‍ച്ചയായും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റേയും പിന്നോക്ക – ദളിത് രാഷ്ട്രീയത്തിന്റേയുമൊക്കെ ചരിത്രം യുപിക്കുണ്ട്. എന്നാല്‍ രാമക്ഷേത്രത്തിലൂടേയും വര്‍ഗ്ഗീയ കലാപങ്ങളിലൂടേയും മുസ്ലിംവിരുദ്ധതയിലൂടേയും അതിനെയെല്ലാം മറികടന്നാണ് ഒരു സന്യാസിയെ തന്നെ മുന്നില്‍ നിര്‍ത്തി ബിജെപി അവിടെ ഭരിച്ചതും ഭരണതുടര്‍ച്ച നേടിയതും. ഇത്തവണ തങ്ങള്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയിട്ടില്ല എന്നും അവര്‍ വാദിക്കുന്നുണ്ട്. മണ്ഡല്‍ കമ്മീഷന്‍ കാലത്തിനു സമാനമായി ബിജെപിയുടെ ഹിന്ദുത്വരാഷ്ട്രീയത്തെ പിന്നോക്ക ദളിത് മുസ്ലിം രാഷ്ട്രീയം കൊണ്ട് തകര്‍ക്കാമെന്ന അഖിലേഷിന്റെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. അത്തരമൊരു മുദ്രാവാക്യം മുന്നോട്ടുവെക്കുമ്പോഴും അതനുസരിച്ചുള്ള ഐക്യനിര കെട്ടിപ്പടുക്കാന്‍ അദ്ദേഹത്തിനായില്ല. കോണ്‍ഗ്രസ്സുമായും ഐക്യമുണ്ടായില്ല. എന്നിട്ടുപോലും ബിജെപിയുടെ സീറ്റില്‍ കുറവുണ്ടായി. എസ് പിക്ക് വര്‍ദ്ധനവും. ഇതില്‍ നിന്നു പാഠം പഠിച്ച് രാഷ്ട്രീയമായും സംഘടനാപരമായും ബിജെപിക്കെതിരെ വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമിക്കുകയാണ് ലോകസഭാതെരഞ്ഞെടുപ്പിനു മുന്ന് അഖിലേഷ് ചെയ്യേണ്ടത്. 2014 ലെ ലോകസഭ തെരഞ്ഞെടുപ്പു മുതല്‍ യുപിയില്‍ മേധാവിത്വം ബിജെപിക്കാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തോളം വോട്ടാണവര്‍ക്കു ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തികാട്ടിയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍, 20 ശതമാനത്തിനെതിരെ 80 ശതമാനത്തിന്റെ മുദ്രാവാക്യമുയര്‍ത്തിയുമായിരിക്കും ബിജെപി ലോകസഭാതെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. അതിനെതിരെ 15 : 85 (സവര്‍ണര്‍ അവര്‍ണര്‍) എന്ന അഖിലേഷ് യാദവിന്റെ നിലപാടിനു സ്വീകാര്യത ലഭിക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തകര്‍ന്നടിഞ്ഞു എന്നു പറയാനാകാത്ത വിധം ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലുമൊക്കെ കുറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസ്സിനായിട്ടുണ്ട്. എന്നാലതൊന്നും 2024ലെ ലക്ഷ്യത്തിനടുത്തൊന്നും എത്തുന്നതല്ല. കൈപ്പത്തി ചിഹ്നം കണ്ടാല്‍ പോലും മുഖം തിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് ഉത്തര്‍പ്രദേശിലും ബീഹാറിലും ഇപ്പോള്‍ പഞ്ചാബിലുമെല്ലാം ഉള്ളതെന്ന് നേതൃത്വം തിരിച്ചറിയണം. തങ്ങള്‍ക്ക് ഒറ്റക്ക് ഭരണം തിരിച്ചു പിടിക്കാനുള്ള പിന്തുണയില്ലെന്നു അംഗീകരിച്ചാകണം ഭാവി പരിപാടികള്‍ക്ക് രൂപം കൊടുക്കാന്‍. എന്നാല്‍ കേരളത്തിലെ ഭരണം എന്നതില്‍ കൂടിയ രാഷ്ട്രീയമൊന്നുമില്ലാത്ത പല സിപിഎം നേതാക്കളും പ്രവര്‍ത്തകരും പറയുന്ന പോലെ കോണ്‍ഗ്രസ്സിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടുമില്ല. അവരുടെ ഈ നിലപാട് ഫലത്തില്‍ സഹായിക്കുക കോണ്‍ഗ്രസ്സ് വിമുക്തഭാരതത്തെ കുറിച്ച് കിനാവു കാണുന്ന ബിജെപിയെയാണ്. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരായ വോട്ടുകളില്‍ പിളര്‍പ്പുണ്ടാകാത്ത വിധത്തില്‍ ഓരോ സംസ്ഥാനത്തിലും അനുയോജ്യമായ കൂട്ടുകെട്ടുകള്‍ക്ക് രൂപം നല്‍കാനുള്ള മെയ് വഴക്കമാണ് ഇപ്പോഴാവശ്യം. ഛത്തിസ്ഗഡ്, രാജസ്ഥാന്‍, കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, തെലുങ്കാന, മഹാരാഷ്ട്ര, പഞ്ചാബ്, യു പി, എം പി, ബീഹാര്‍, ബംഗാള്‍, ഒറീസ, ഗാവ, കാശ്മീര്‍, ഡെല്‍ഹി തുടങ്ങി മിക്ക സംസ്ഥാനങ്ങളുമെടുത്തു പരിശോധിച്ചാല്‍ തേരോട്ടം നടത്താനുള്ള അവസ്ഥയൊന്നും ബിജെപിക്കില്ല എന്നതാണ് വസ്തുത. നിയമസഭാതെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ വോട്ട് ബിജെപിക്കു കിട്ടുമെന്നത് ശരി തന്നെ. അപ്പോഴും ഒത്തുപിടിച്ചാല്‍ തടയാവുന്നതാണ് ബിജെപിയുടെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 30 ശതമാനത്തിനു മുകളില്‍ മാത്രമായിരുന്നു ബിജെപിക്കു ലഭിച്ച വോട്ടുകള്‍ എന്നതും പ്രസക്തമാണ്.

സംഘടനാപരമായി തികച്ചും ദുര്‍ബ്ബലമായ അവസ്ഥയിലാണ് ഇന്ന് കോണ്‍ഗ്രസ്സ്. ജനാധിപത്യപരമായി ആ വിഷയം പരിഹരിച്ച് ബിജെപിക്കെതിരായ നിലപാടെടുക്കുന്ന എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ചകള്‍ നടത്താനും ഓരോ സംസ്ഥാനത്തും അനുയോജ്യമായ സംഖ്യങ്ങള്‍ രൂപീകരിക്കാനുമാണ് കോണ്‍ഗ്രസ്സ് മുന്‍കൈയെടുക്കേണ്ടത്. അത്തരം ലക്ഷ്യത്തില്‍ കേരളത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കേണ്ടിവരാം. ബംഗാളില്‍ ഐക്യപ്പെടേണ്ടിവരാം. അതാണ് ഇന്ത്യ. അനന്തമായ വൈവിധ്യങ്ങല്‍ നിലനില്‍ക്കുന്ന ഈ രാജ്യത്ത് രാഷ്ട്രീയത്തിലും ആ വൈവിധ്യം നിലനില്‍ക്കും. അതില്ലാതാക്കുന്നതാണ് സംഘപരിവാറിന്റെ മതരാഷ്ട്രീയം. അതിനെ വൈവിധ്യമാര്‍ന്ന രീതിയില്‍ തന്നെ നേരിടണം. എം കെ സ്റ്റാലിനേയും മമതയേയും യെച്ചൂരിയേയും പോലുള്ള നേതാക്കളുമായുള്ള ചര്‍ച്ചകളിലൂടെ അത്തരമൊരു വിശാല മഹാമുന്നണിക്കു രൂപം നല്‍കാന്‍ മുന്‍കൈ എടുക്കാന്‍ ഇപ്പോഴും കഴിയുക കോണ്‍ഗ്രസ്സിനു തന്നെയാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധം മാറ്റിവെച്ച് ഈ മഹാമുന്നണിയുടെ ഭാഗമാകാനും മോദിയുടെ കാവി യാഗാശ്വത്തെ തടയാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും ഈ പ്രസ്ഥാനങ്ങള്‍ തയ്യാറാകുകയാണെങ്കില്‍ 2024ലെ തുടര്‍ഭരണം എന്ന ബിജെപിയുടെ സ്വപ്‌നം ദുസ്വപ്‌നമാകുമെന്നതില്‍ സംശയമില്ല. അതിനുള്ള കരുത്ത് ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply