ഒന്നിന്റെ ഔന്നത്യം സ്ഥാപിക്കാന്‍ അപരത്വത്തെ പ്രതിഷ്ഠിക്കുമ്പോള്‍.

ടെലിവിഷന്‍ കോമഡി ഷോകളില്‍ നിറവും തൊഴിലും ഭാഷയും മുന്‍നിര്‍ത്തിയുള്ള ഹാസ്യമെന്ന ലേബലുള്ള അവതരണങ്ങള്‍ തൂടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ മലയാളത്തിലെ അത്തരം പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു മുന്‍നിര ചാനലിന് ലഭിച്ച പരാതിക്ക് അവര്‍ നല്‍കിയ മറുപടിയില്‍ ഇത്തരം പരിപാടികളുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവരിലെ ഭൂരിപക്ഷം ആക്ഷേപവിധേയമാകുന്ന സാഹചര്യങ്ങളില്‍ നിന്നും ‘ഉയര്‍ന്നുവന്നവരാണ്’ എന്നതിനെ പ്രത്യേക ന്യായീകരണമായി അവതരിപ്പിച്ചിരുന്നു…

മലയാളിയുടെ ഭാഷാ വ്യവഹാരത്തില്‍, പ്രത്യേകിച്ച് സൈബര്‍ മലയാളത്തില്‍ ഇന്ന് ഏറ്റവും സുപരിചിതമായ വാക്കുകളില്‍ ചിലതാണ് ‘കോളനി വാണം’, ‘കണ്ണാപ്പി’ തുടങ്ങയവ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും താഴേക്കിടയിലുള്ള, ചുരുങ്ങിയ അടിസ്ഥാന സൗകര്യങ്ങളിലും പരിമിതമായ ഭൂവിസ്തൃതിയിലും ജീവിക്കുന്ന കുടുംബങ്ങളെയും വ്യക്തികളെയും ആക്ഷേപാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്ന പദങ്ങളാണ് ഇവ. വസ്ത്രധാരണം, ഭാഷ തുടങ്ങി കയ്യിലെ ചരടും നെറ്റിയിലെ കുറിയും വരെയുള്ള മാനദണ്ഡങ്ങള്‍ ആക്ഷേപങ്ങളുടെ പ്രധാന അനുബന്ധങ്ങളുമാകുന്നു. അംഗങ്ങളിലെ ഭൂരിഭാഗവും സ്വന്തം വ്യക്തിത്വം മറച്ചുവക്കുകയൂം അപരനാമത്തില്‍ ട്രോളുകളും മീമുകളും പോസ്റ്റ് ചെയ്യുകയൂം ചെയ്തുപോരുന്ന Fan Fight Club (FFC) എന്ന ഫേസ്ബുക്ക് ഗ്രൂപ്പാണ് ആദ്യകാലങ്ങളില്‍ ഇത്തരമൊരു സാംസ്‌കാരികാക്രമണത്തിന് തുടക്കം കുറിക്കുന്നത്. മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തില്‍ നടന്‍ സലിംകുമാറിന്റെ ചിത്രത്തിനെ അയ്യങ്കാളിയുടേതിന് സമാനമാക്കിമാറ്റി ‘ഗുഹാത്മാ പഴവങ്കാളി’ എന്ന വിശേഷണത്തോടെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ച കൗമാരക്കാരനെതിരെ പൊലീസ് നടപടിയടക്കം ഒരു ഘട്ടത്തില്‍ നടന്നിരുന്നുവെങ്കിലും അതിന് തുടര്‍ച്ചകളുണ്ടായില്ല. പിന്നീട് പാര്‍വതി തിരുവോത്തിനെ പോലുള്ള മലയാളസിനിമയിലെ ആ ഘട്ടത്തിലെ പ്രമുഖ താരങ്ങള്‍ അടക്കം FFC ഉല്‍പ്പന്നങ്ങളിലോന്നായ ‘OMKV’ എന്ന പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതോടെ ഘട്ടം ഘട്ടമായി ഗ്രൂപ്പിന്റെ സ്വീകാര്യത പലമടങ്ങ് വര്‍ദ്ധിക്കുകയും ആക്ഷേപങ്ങള്‍ അപരാനാമങ്ങളുടെ ഭൂതകാലത്തെ വിസ്മരിപ്പിക്കുന്ന വിധത്തില്‍ മലയാളിയുടെ സൈബര്‍ സംസ്‌കാരത്തിന്റെ മുഖം തന്നെയായി മാറുകയും ചെയ്തു. Some of the most familiar words today in Malayalam parlance, especially cyber Malayalam, are ‘Colony Vanam’,

‘ഇകഴ്ത്തലിന്റെ ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ ഡോ. ജെയ്മി ചിത്ര കെ.എസും ലക്ഷ്മി പി.എസും ചേര്‍ന്നെഴുതി മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനം ഭാഷയിലൂടെയുള്ള ശിശുവല്‍കരണവും ഇകഴ്ത്തലുകളും സാമൂഹിക വ്യവഹാരങ്ങളില്‍ ഒരു ആയുധമായി മാറുന്നത് എങ്ങനെ എന്ന അന്വേഷണമാണ് നടത്തുന്നത്. 1990 കളില്‍ അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ പുരുഷന്മാരെ വെള്ളക്കാര്‍ ‘ആണ്‍കുട്ടികള്‍’ (Boys) എന്നാണ് വിളിക്കുകയും വിശേഷിപ്പിക്കുകയും ചെയ്തിരുന്നത് എന്ന് ഇതീല്‍ പറഞ്ഞുകാണുന്നുണ്ട്. (ആണ്‍കുട്ടികള്‍ എന്നതിനേക്കാള്‍ ‘ചെക്കന്മാര്‍’ എന്നൊ ‘പിള്ളേര്’ എന്നൊ ഉപയോഗിക്കുകയായിരിക്കും മലയാള ഭാഷയുടെ സാംസ്‌കാരിക പരിസരത്തില്‍ കൂടുതല്‍ ഉചിതം എന്നു തോന്നുന്നു). മുതിര്‍ച്ചയെത്തിയ കറുത്തവര്‍ഗക്കാരായ പുരുഷന്മാരുടെ പക്വതയെയും സമ്പൂര്‍ണ വ്യക്തി എന്ന സ്ഥാനത്തെയും നിഷേധിച്ച് തങ്ങളുടെ അധീശത്വം നിലനിര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു ഇത്തരം ചിത്രീകരണങ്ങളും സൂചനകളും എന്നും. ഈയിടെ കേരള രാഷ്ട്രീയത്തില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട യുവ ഡോക്ടര്‍ വന്ദനാ ദാസിന്റെ കൊലപാതകത്തെ ഇത്തരമൊരു ചരിത്രപരിസരത്തെ മുന്‍നിര്‍ത്തിയാണ് ലേഖനം നോക്കിക്കാണുന്നത്. ഡോക്ടര്‍ വന്ദനയെ തൊഴില്‍ നിഷേധത്തിന്റെ തിക്തകാലമനുഭവിച്ച ഡോ പല്‍പുവിന്റെയും വിദ്യാഭ്യാസ പോരാട്ടത്തിന്റെ സമ്പന്ന ഭൂതകാലമുള്ള ഈഴവ വിഭാഗത്തിന്റെത്തന്നെയും പ്രതിനിധിയായി വിലയിരുത്തുന്നതിലൂടെ, കൊലപാതകവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ പ്രതികരണത്തെ നിശിതമായ വിമര്‍ശനങ്ങള്‍ക്കാണ് ഈ എഴുത്ത് വിധേയമാക്കുന്നത്. ആരോഗ്യമന്ത്രിയുടെ ‘മോള്‍, ‘പരിശീലനത്തിലുണ്ടായിരുന്ന ഹൗസ് സര്‍ജന്‍’, ‘ഭയന്നുപോയി’ എന്നീ പ്രയോഗങ്ങള്‍ ഭാഷയിലൂടെയുള്ള ഇകഴ്ത്തലായി ഇവിടെ അടയാളപ്പെടുത്തപ്പെടുന്നു. രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിശേഷിപ്പിക്കുകയും അതിനെ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയും ഗൂഗിള്‍ സെര്‍ച്ചില്‍ പപ്പു എന്ന് സെര്‍ച് ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രപ്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ എപ്രകാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഗൗരവ സ്വഭാവം ചോര്‍ത്തിക്കളഞ്ഞതെന്നും ഇതേ ലേഖനം പറയുന്നുണ്ട്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ ‘ഉള്ളിസുര’ എന്ന് വിശേഷിപ്പിച്ചും മുന്‍ പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരുമായി ബന്ധപ്പെടുത്തി ‘കുമ്മനടി’ എന്ന പ്രയോഗം തന്നെ കൊണ്ടുവന്നും കേരളരാഷ്ട്രീയത്തില്‍ ഇരുവരെയും എപ്രകാരം അപ്രസക്തരാക്കി എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു രാഷ്ട്രീയ ധാരണയില്‍ നിന്നു വേണം കേരളത്തിലെ ‘കോളനിവിരുദ്ധ സമരങ്ങളെയും’ നോക്കിക്കാണാന്‍. അപ്രകാരം നോക്കിയാല്‍ ഒരു വിഭാഗത്തിന് മുഴുവനായും അപ്രസക്തിയും പതിതത്വവും ചാര്‍ത്തിക്കൊടുക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള പ്രയോഗങ്ങളാണ് മേല്‍പ്പറഞ്ഞവ എന്ന് മനസ്സിലാക്കാനാകും. Milestone Makers എന്ന യുട്യൂബ് ചാനലില്‍ മലയാളനടി പൊന്നമ്മ ബാബുവുമായി നിലവിലെ പ്രശസ്ത അഭിമുഖനിര്‍വാഹകരില്‍ ഒരാളായ പാര്‍വ്വതി ബാബു നടത്തുന്ന സംഭാഷണത്തില്‍, താന്‍ ഈയടുത്ത് കണ്ട ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ട ഒന്ന് ‘മാളികപ്പുറം’ ആണെന്നും നായകനായ ഉണ്ണിമുകുന്ദനെ തനിക്ക് അയ്യപ്പനായിത്തന്നെ തോന്നിയെന്നുമുള്ള പൊന്നമ്മയുടെ പ്രസ്താവന കാണാം. അതിനോടു ചേര്‍ന്ന് പൊന്നമ്മ നടത്തുന്ന മറ്റൊരു പരാമര്‍ശം മലയാളത്തില്‍ ഈയിടെയായി ധാരാളം ‘കോളനിപ്പടങ്ങള്‍’ വരുന്നുണ്ടെന്നാണ്. ഒരു കോളനിപ്പടം ഹിറ്റായാല്‍ പിന്നെ കോളനിപ്പടങ്ങള്‍ തുടര്‍ച്ചയായി നിര്‍മിക്കേണ്ടതുണ്ടൊ എന്നും അവര്‍ തുടര്‍ന്ന് ചോദിക്കുന്നു. നമ്മള്‍ക്ക് എല്ലാ തരത്തിലുള്ള സിനിമകളും വേണ്ടേ എന്ന ചോദ്യം തനിക്കുനേരെ ഉയരുമ്പോള്‍ ‘യുക്തിപരം’ എന്ന് തോന്നിക്കാവുന്ന അതിനെ അംഗീകരിച്ച് മുന്നോട്ടു പോവുകയാണ് ചോദ്യകര്‍ത്താവും ഇവിടെ ചെയ്യുന്നത്. ഗ്രാമീണ ചിത്രങ്ങള്‍, കുടുംബ ചിത്രങ്ങള്‍, പ്രണയ ചിത്രങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളില്‍, ഇന്നോളം ചിത്രീകരിക്കപ്പെട്ട മുഴുവന്‍ മലയാള സിനിമകളിലെ ഭൂരിഭാഗത്തെയും ഉള്‍പ്പെടുത്താം എന്നിരിക്കെയാണ് പൊന്നമ്മയുടെ ‘യുക്തി’ സ്വീകാര്യത നേടുന്നത്. എന്നാല്‍ ഈ അഭിമുഖ സംഭാഷണം കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ‘സ്വാഭിമാന സമരത്തിന്റെ’ ആന്തരിക കാരണം വ്യക്തമാക്കുന്നു എന്നതാണ് ശ്രദ്ധേയമായം. മലയാളത്തില്‍ തിയേറ്റര്‍ റിലീസ് നടത്തുന്ന തൊണ്ണൂറിലേറെ ശതമാനം സിനിമകളും കനത്ത സാമ്പത്തിക പരാജയം നേടുന്ന സാഹചര്യത്തില്‍ അതില്‍ നിന്ന് വേറിട്ടതെന്ന് അവകാശപ്പെടുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിനും രാഷ്ട്രീയത്തിന് അതീതമായി വിലിയൊരു വിഭാഗം ആളുകള്‍ അംഗീകരിച്ചുപോരുന്ന ഉണ്ണി മുകുന്ദന്‍ എന്ന താര ശരീരത്തിനും ശ്രേഷ്ഠത കല്‍പിക്കുന്നതിനായാണ് പൊന്നമ്മക്ക് തൊട്ടടുത്ത വാചകമായി ഇത്തരമൊരു അപരവല്‍കരണം നടത്തേണ്ടിവരുന്നത് എന്നതാണത്. സത്യം ഉണ്ടാവുന്നതു കൊണ്ടാണ് അസത്യത്തിന് നിലനില്‍പുണ്ടാകുന്നത് എന്നതുപോലെ, ഇരുട്ടുള്ളതുകൊണ്ടാണ് വെളിച്ചത്തെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നത് എന്നതുപോലെ, ഒന്നിന്റെ ഔന്നത്യം സ്ഥാപിക്കാനായി എക്കാലവും ഉപയോഗിച്ചു കാണുന്നതാണ് അപരത്വത്തെ (പതിതം എന്ന് ആരോപിക്കപ്പെടുന്ന ഒന്നിനെ) പ്രതിഷ്ഠിക്കുന്ന രീതി.

റിലയെന്‍സ് ജിയൊയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടന്ന ടെലികോം വിപ്ലവവും അതിന്റെ അനുബന്ധമായി നടന്ന ഡാറ്റാ വിസ്‌ഫോടനവും രാജ്യമാകെ ഉയര്‍ന്ന ചലനങ്ങള്‍ സൃഷ്ടിച്ചതും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. ലോകത്തെക്കുറിച്ചും ആഗോളതലത്തില്‍ ആകമാനമായി നടന്നുകൊണ്ടിരിക്കുന്ന സര്‍വ്വതോന്മുഖമായ പുരോഗതികളെക്കുറിച്ചുള്ള വിവരങ്ങളുടെ പെട്ടെന്നുള്ള കുത്തൊഴുക്കിനാണ് രാജ്യം ഇക്കാലയളവില്‍ സാക്ഷ്യം വഹിച്ചതെന്നുപറയാം. സ്മാര്‍ട്ട് ഫോണുകളുടെയും മറ്റ് സാങ്കേതിക സൗകര്യങ്ങളുടെയും ധാരാളിത്തം കേരളത്തിലെ ഇതിന്റെ കുതിപ്പിന് ശക്തിയേറ്റുകയും ചെയ്തു. താരതമ്യേന പെട്ടെന്നുള്ള ഈ അറിവുസമാഹരണം ‘ലോകനിലവാരം’ എന്ന മുന്‍ധാരണയില്‍ അധിഷ്ഠിതമായ, താരതമ്യാത്മകമായ ആലോചനകളിലേക്കും സ്വയം വിലയിരുത്തലുകളിലേക്കുമാണ് സമൂഹത്തെ നയിച്ചത്. യുവാക്കള്‍ക്കിടയില്‍ പ്രത്യേകമായ സാംസ്‌കാരിക അനിശ്ചിതത്വങ്ങള്‍ ഉടലെടുക്കുന്നതിനും നവീകരണ മത്സരങ്ങള്‍ ഉടലെടുക്കുന്നതിനും ഇതിടയാക്കി. അതോടൊപ്പമാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനും കേരളീയ സ്വത്വത്തിന്റെ സംസ്ഥാപനത്തിനും ശേഷമുള്ള ഏറ്റവും സങ്കീര്‍ണമായ മറ്റൊരു സാംസ്‌കാരിക പ്രതിസന്ധിക്ക് ‘പൊതുമലയാളി’കള്‍ ഒന്നാകെ സാക്ഷ്യം വഹിച്ചത്. ഇന്ത്യ എന്ന മൂന്നാംലോകരാജ്യത്തിന്റെ ഒരു യൂണിറ്റ് എന്ന സ്ഥാനത്തുനിന്ന് തങ്ങളുടെ വ്യതിരിക്തത ഉയര്‍ത്തിപ്പിടിക്കാനായി ഇവര്‍ എക്കാലവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരുന്ന ഒന്നാണ് ഉയര്‍ന്ന സാക്ഷരതാ നിലവാരം. എന്നാല്‍ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരില്‍ ഭൂരിഭാഗവും ‘തറവാടുപേക്ഷിച്ച്’ പോയിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലം അതിനുമേല്‍ ഏല്‍പ്പിച്ചത് ഒട്ടും ചെറുതല്ലാത്ത ക്ഷതമാണ്. ദേശീയ മാധ്യമങ്ങള്‍ കണക്കുകള്‍ നിരത്തിക്കൊണ്ട് തങ്ങളുടെ സുകൃതക്ഷയത്തെ പരിഹസിക്കുകയും സംസ്ഥാന സര്‍ക്കാര്‍ വൃദ്ധസദന പരിചരാണാര്‍ത്ഥം നിയമം നിര്‍മിക്കുമെന്ന് നെടുവീര്‍പ്പിടുകയും ചെയ്യുമ്പോള്‍ ഇവര്‍ പ്രതിനിധീകരിക്കുന്ന സാമൂഹിക അഹംബോധം അതിനെ ഏതുവിധേനെയും ചെറുക്കുവാനുള്ള മരണപ്പാച്ചിലിന് തുടക്കമിടുക കൂടിയായിരുന്നു. തങ്ങളുടെ സാമൂഹിക ക്രമം അതീവ മലിനമായിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ‘പ്രബുദ്ധമാംവിധം’ ആംഗീകരിക്കുന്ന ഇവര്‍, ‘നമ്മുടെ മാതാവായ ജര്‍മ്മനിയുടെ മുഖം വികൃതമാക്കിയ ജൂതപ്പട്ടികളെ നേരിടുക’ എന്ന നാസിസ സമാനമായ അന്ധ ഹിംസയോടെ ആരംഭിച്ച ഈ അപരസംഹാരമാണ് ഇന്ന് അനുദിനം പെരുകുന്ന ശക്തിയോടെ മുന്നോട്ടു കുതിക്കുന്നത്.

പാ. രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജ്‌നികാന്ത് നായകനായി 2018 ല്‍ പുറത്തിറങ്ങിയ ‘കാല’ എന്ന തമിഴ് ചിത്രം, 2023 ല്‍ റിലീസ് ചെയ്ത ‘Almost Pyaar with Dj Mohbaat’ എന്ന അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി ചിത്രം, David Schickler, Jonathan Tropper എന്നിവര്‍ ചേര്‍ന്ന് രൂപകല്പന ചെയ്ത് 2013-2016 കാലഘട്ടത്തില്‍ സ്ട്രീമിംഗ് നടന്ന ‘Banshee’ എന്ന അമേരിക്കന്‍ വെബ്‌സീരീസ് എന്നിവയിലെല്ലാം നായക കഥാപാത്രങ്ങളുടെ ജയില്‍വാസം ഒരു പൊതു ഘടകമാകുന്നതായി കാണാം. ഇവ മൂന്നിലും ജയില്‍വാസം അനുഭവിക്കുന്നവര്‍ ഒരുപോലെ ചെയ്യുന്ന കാര്യം കായികശക്തി വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വ്യായാമങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള ഉന്നത സ്വാധീനങ്ങളില്ലാതിരിക്കെ മൂല്യം കല്‍പിക്കപ്പെടാത്ത, സഹതടവുകാരില്‍ നിന്നുതന്നെ കായികഭീഷണി നേരിടാവുന്ന, തടവറക്കു പുറത്തെ സ്വതന്ത്ര ലോകത്തിന്റെ നിലനില്‍പ്പിനെ സങ്കല്‍പിക്കുക മാത്രം സാധ്യമായ ഒരു സാഹചര്യത്തില്‍ ശാരീരികമായ കരുത്ത് നല്‍കുന്ന ആശ്വാസം വളരെ വലുതാണെന്നതിനാലാണ് ഇത്. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ എന്ന നിലയില്‍ ആധിപത്യബോധം അകറ്റിനിര്‍ത്തുന്നതും തങ്ങള്‍ക്കിടയില്‍ തന്നെ കായിക സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യതയെ നിലനിര്‍ത്തുന്നതും പരിമിതികള്‍ നിര്‍മിക്കുന്ന അപരത്വത്താല്‍ ‘ഒരു പരിധിക്കു മുകളിലുള്ള’ ആനന്ദങ്ങളെ പ്രാപിക്കാനാവാത്തതുമായ ‘കോളനി’ പ്രദേശങ്ങളെ ഒരു തടവറയോടുതന്നെ ഉപമിക്കാന്‍ കഴിയും. അതിനാല്‍ തന്നെ കായികശക്തിയും അതിന്റെ പ്രയോഗ സാധ്യതയും (ഒരേ സമയം മുഷ്ടിയുദ്ധത്തിന് പ്രാപ്തരാവുകയും അത് പ്രയോഗിക്കാതിരിക്കുകയുമാകാം. അത്തരമൊരു ശേഷിയാണ് പ്രധാനം) ഈ വിഭാഗത്തെ സംബന്ധിച്ചിടത്തോളവും ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകമാണ്. മലയാളത്തില്‍ ഇത്തരത്തിലുള്ള ജീവിതപരിസരങ്ങളെ അഥവാ അവയുടേതിന് സമാനമായ സാഹചര്യങ്ങളും പരിഗണനയും ഉള്ളവയെ അവതരിപ്പിച്ചിരിക്കുന്ന കമ്മട്ടിപ്പാടം, ഈ.മ.യൗ, രേഖ, തുറമുഖം, 2018 Everyone is a hero (സിനിമയിലെ ഒരു വിഭാഗത്തിന്റെ അവതരണം) എന്നിങ്ങനെയുള്ള ചിത്രങ്ങളെടുത്തു പരിശോധിച്ചാല്‍ തന്നെ കൈക്കരുത്തും മെയ്ക്കരുത്തും കഥാപാത്ര രൂപീകരണത്തിന്റേ കേന്ദ്രസ്ഥാനമാകുന്നതായി കാണാം. അതുകൊണ്ടുതന്നെ ഈ വിഭാഗത്തിനുമേല്‍ പൂര്‍ണമായ സാംസ്‌കാരിക ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വഴിയും കായികമായ അവരുടെ കരുത്തിനെ ആശയതലത്തില്‍ തന്നെ അപ്രസക്തമാക്കുക എന്നതാണ്. അത്തരമൊരു സമീപനത്തെ കൃത്യതയോടെയും മൂര്‍ച്ചയോടെയും കൈകാര്യം ചെയ്യുന്ന വൈറല്‍ റീലുകളുടെയും മറ്റ് വീഡിയൊകളുടെയും ഒരു വലിയ നിരതന്നെ ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ആവേശപൂര്‍വ്വം പ്രചരിപ്പിക്കപ്പെടുന്നും ‘കോളനി’ വിളികളുടെ അകമ്പടിയോടെ ആഘോഷിക്കപ്പെടുന്നുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുവ്യക്തിത്വങ്ങളും (Public Figure) ഒന്നാംകിട പൗരന്മാരും അടങ്ങുന്ന ഒരു മൃഗീയ ഭൂരിപക്ഷം സ്വന്തം സ്വത്വ പ്രതിസന്ധിയെ മറികടക്കുന്നതിന്റെ ഭാഗമായി മാരകമായ പ്രഹരശേഷിയോടെ നടത്തുന്ന ഈ രണ്ടാം വിമോചനസമരത്തിന് നാമമാത്രമായ ബൗദ്ധിക ശ്രദ്ധ പോലും ആകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അസമത്വങ്ങളെക്കുറിച്ചും ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും ഇന്ത്യയിലെങ്ങുമുള്ളതിനേക്കാളേറെ ചര്‍ച്ചകള്‍ നടക്കുന്ന ഒരിടത്താണ് ഇത് നടന്നുകൊണ്ടിരിക്കുന്നതും. ഏതെങ്കിലും പ്രത്യേക ജാതി, മതം, ലിംഗം എന്നിവയെ ലക്ഷ്യംവച്ചുകൊണ്ടല്ലാത്ത, കൃത്യമായ അതിരുകള്‍ കല്‍പിക്കാനാവാത്ത ഒന്നായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പ്രാഥമികമായും കരുതാവുന്നതാണ്. മറ്റുള്ള വിഷയങ്ങളിലേതുപോലെ മുന്‍ വിമര്‍ശ മാതൃകകള്‍ ഇക്കാര്യത്തില്‍ ഇല്ല എന്നതും അത്തരമൊരു പ്രവണത (അക്കാദമികമൊ അനക്കാദമികമൊ) ഇവിടെ ഉയര്‍ന്നു വന്നിട്ടില്ല എന്നും ഇതോടൊപ്പം പറയാന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമായും നേരിടുന്ന പ്രതിസന്ധികളിലൊന്ന് ആക്രമിക്കപ്പെടുന്നവര്‍ സ്വത്വബോധത്തിന്റെ നാമമാത്രമായ അടയാളങ്ങള്‍ പോലും പുറപ്പെടുവിച്ചു തുടങ്ങിയിട്ടില്ല എന്നതാണ്. ഒന്നാം വിമോചന സമരക്കാലത്ത് കേരള മന്ത്രിസഭയിലെ ആദ്യ വനിതാപ്രതിനിധിയായ കെ.ആര്‍ ഗൗരിയമ്മ പുല്ലു പറിക്കാന്‍ പോകട്ടെയെന്നും ചാക്കൊ നാട് ഭരിക്കട്ടെയെന്നുമുള്ള മുദ്രാവാക്യമുയര്‍ന്നപ്പോഴും നിലവിലെ മുഖ്യമന്ത്രിയെക്കുറിച്ച് ‘തെങ്ങില്‍ കയറേണ്ടവനെ തലയില്‍ കയറ്റിയിരുത്തി’ എന്ന അടിക്കുറിപ്പോടെ പ്രമുഖ പത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടപ്പോഴും അവര്‍ പ്രതിനിധീകരിക്കുന്ന വിഭാഗം തുടര്‍ന്നുപോരുന്ന സമീപനത്തെ ഓര്‍മിപ്പിക്കുന്ന ഒരു സാഹചര്യംകൂടിയാണിത്. ടെലിവിഷന്‍ കോമഡി ഷോകളില്‍ നിറവും തൊഴിലും ഭാഷയും മുന്‍നിര്‍ത്തിയുള്ള ഹാസ്യമെന്ന ലേബലുള്ള അവതരണങ്ങള്‍ തൂടര്‍ച്ചയായി വന്നുകൊണ്ടിരുന്ന ഒരു സാഹചര്യത്തില്‍ മലയാളത്തിലെ അത്തരം പരിപാടികള്‍ അവതരിപ്പിക്കുന്ന ഒരു മുന്‍നിര ചാനലിന് ലഭിച്ച പരാതിക്ക് അവര്‍ നല്‍കിയ മറുപടിയില്‍ ഇത്തരം പരിപാടികളുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവരിലെ ഭൂരിപക്ഷം ആക്ഷേപവിധേയമാകുന്ന സാഹചര്യങ്ങളില്‍ നിന്നും ‘ഉയര്‍ന്നുവന്നവരാണ്’ എന്നതിനെ പ്രത്യേക ന്യായീകരണമായി അവതരിപ്പിച്ചതും ഈ ഘട്ടത്തില്‍ ഓര്‍ക്കാം. അപ്രകാരം പരിശോധിച്ചാല്‍ ഭൂപരിഷ്‌കരണത്താലും ഗള്‍ഫ്-അറേബ്യന്‍ കുടിയേറ്റത്തൊഴിലാളികളാലും ‘ഉയര്‍ച്ച’ നേടിയവരുടെ പരിഹാസ വിരുന്നായിക്കൂടി നിലവിലെ സാഹചര്യത്തെ കാണാന്‍ കഴിയും. ഗ്രാമത്തിലെ കഴുവേറികളോട് നഗരങ്ങളില്‍ തങ്ങള്‍ക്ക് പ്രവേശനമില്ലാത്ത മദ്യശാലകളെ തച്ചുതകര്‍ക്കാനും അവരുടെ മണിയറകളിലെ ലാവന്‍ഡര്‍ സൂഗന്ധങ്ങളെ അപമാനിക്കാനും ആഹ്വാനം ചെയ്യുന്ന എണ്‍പതുകളിലെ ഒരു കഥ മുന്നോട്ടുവക്കുന്ന രാഷ്ട്രീയ ധാരണയോടെയും കമ്മട്ടിപ്പാടത്തെ കുട്ടികള്‍ക്കായി തെരുവില്‍ തല്ലിജയിക്കുന്ന ബാലന്‍ ചേട്ടന്റെ മനക്കരുത്തോടെയും കേരളീയതയുടെ കസവുപേക്ഷിച്ച ബൗദ്ധിക പക്ഷം ഇവരുടെ സല്‍ക്കാരത്തിനിടയിലേക്ക് ഇരച്ചുകയറേണ്ട ‘അടിയന്തരാവസ്ഥാക്കാലമാണിത്’.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply