ഇന്ത്യയെന്നാല്‍ ബഹുസ്വരതയാണ്

ഇന്ത്യയെ കുറിച്ച് പ്രധാനമായും മൂന്നു അവകാശവാദങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ ഉന്നയിക്കുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, ആര്യന്മാരുടെ രാജ്യമാണ്, ഹിന്ദി സംസാരിക്കുന്നവരുടെ രാജ്യമാണ് എന്നിവയാണവ. ഇവമൂന്നും വസ്തുതാപരമായി തെറ്റാണെന്നാണ് ചരിത്രപഠനങ്ങള്‍ തെളിയിക്കുന്നത് – കോസ്റ്റ് ഫോഡ് തൃശൂരില്‍ സംഘടിപ്പിച്ച ഇ എം എസ് സ്മൃതിയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍

ഒരുപാട് പറഞ്ഞ് ക്ലീഷേ ആയതായി തോന്നുമായിരിക്കാം. പക്ഷെ ഇനിയും പറയാതിരിക്കാനാവില്ല. ഇന്ത്യയുടെ കരുത്ത് ബഹുസ്വരതയാണ്. ഇന്ത്യയുടെ സാംസ്‌കാരികവും രാഷ്ട്രീയവും മതപരവും ദാര്‍ശനികവുമായ വൈവിധ്യത്തെ കുറിക്കാന്‍ ഏറ്റവും ഉചിതമായ പദം മറ്റൊന്നല്ല. ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുന്നതുതന്നെ ഈ വൈവിധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇന്ത്യ ഒന്നാണ് എന്നു പറയാന്‍ തുടങ്ങുന്ന നിമിഷം ഇന്ത്യ നശിക്കുമെന്ന് യു ആര്‍ അനന്തമൂര്‍ത്തി പറഞ്ഞതും ഇതേ ആശയമാണ്. India means pluralism. Hindutva forces are trying to destroy it.

ഇന്ത്യയെ കുറിച്ച് പ്രധാനമായും മൂന്നു അവകാശവാദങ്ങളാണ് ഫാസിസ്റ്റ് ശക്തികള്‍ ഉന്നയിക്കുന്നത്. ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, ആര്യന്മാരുടെ രാജ്യമാണ്, ഹിന്ദി സംസാരിക്കുന്നവരുടെ രാജ്യമാണ് എന്നിവയാണവ. കോര്‍പ്പറേറ്റ് മൂലധനവും ഹൈന്ദവവര്‍ഗ്ഗീയതയും തമ്മിലുള്ള അവിശുദ്ധമല്ല, സ്വാഭാവിക കൂട്ടുകെട്ടിലൂടെയാണ് ഫാസിസത്തിന്റെ തിരനോട്ടം. അല്ല, തിരനോക്കുക മാത്രമല്ല, ഫാസിസം തിരശീലമാറ്റി രംഗത്തെത്തി അലറിവിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ജനാധിപത്യത്തിന്റെ എല്ലാ കളിനിയമങ്ങളും തെറ്റിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ക്കുപോലും വില കല്‍പ്പിക്കുന്നില്ല. ഗവേഷണ – സാംസ്‌കാരിക – ചരിത്ര സ്ഥാപനങ്ങളെപോലും സ്വന്തം അജണ്ടകള്‍ നടപ്പാക്കാനായി ഉപയോഗിക്കുന്നു. സമൂഹത്തിലെ വൈവിധ്യങ്ങളെ ഓരോ നിമിഷവും വെല്ലുവിളിക്കുന്നു. ഭക്ഷണം മുതല്‍ ചിന്തവരെ നിയന്ത്രിക്കാനും മാറ്റാനും ശ്രമിക്കുന്നു.

അടുത്തയിടെ അടിയന്തരാവസ്ഥയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഭരണഘടനയിലെ പഴുതുകള്‍ ഉപയോഗിച്ച് ജനാധിപത്യത്തെ താല്‍ക്കാലികമായി തകര്‍ത്ത ഒന്നായിരുന്നു അടിയന്തരാവസ്ഥ. അപ്പോഴും അടിയന്തരാവസ്ഥ താല്‍ക്കാലികമാണെന്ന് നമുക്കറിയാമായിരുന്നു. നിയമപരമായി അത് ചോദ്യം ചെയ്യപ്പെടുമെന്ന് അറിയാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഫാസിസം കടന്നുവരുന്നത്. നിത്യമായ അടിയന്തരാവസ്ഥയിലേക്കാണോ നാം നീങ്ങുന്നതെന്ന് ദേശീയരാഷ്ട്രീയം സൂക്ഷ്മമായി വീക്ഷിക്കുന്ന ആര്‍ക്കും തോന്നും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നേരത്തെ പറഞ്ഞ മൂന്നു വിഷയങ്ങളിലേക്ക് തിരിച്ചുവരാം. ഒന്നാമത്തേത് ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന അവകാശവാദം. എന്താണ് വാസ്തവം. ഹിന്ദു എന്ന മതംപോലും 19-ാം നൂറ്റാണ്ടുവരെ നിലവില്‍ ഉണ്ടായിരുന്നില്ല. സെമിറ്റിക് മതങ്ങളില്‍ പെടാതിരുന്നവരെ മുഴുവന്‍ ഒറ്റയടിക്ക് വിദേശികളായിരുന്നു ഹിന്ദുക്കള്‍ എന്നു വിശേഷിപ്പിച്ചത്. അവരില്‍ ആദിവാസികളും വിവിധ വര്‍ണ്ണങ്ങളിലും സമുദായങ്ങളിലുമെല്ലാം പെട്ടവര്‍ ഉള്‍പ്പെട്ടിരുന്നു. ആദിവാസി മതങ്ങളുണ്ടായിരുന്നു. അറബികളാകട്ടെ ഈ മേഖലയെ അല്‍ ഹിന്ദ് എന്നാണ് വിളിച്ചിരുന്നത്. ഹിന്ദു എന്ന പദം അന്നുപയോഗിച്ചത് മതപരമായിട്ടായിരുന്നില്ല. വിദേശികള്‍ക്ക് ഈ ജനതയുടെ സങ്കീര്‍ണ്ണതകളേയും വൈവിധ്യങ്ങളേയും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്രയേറെ മതങ്ങള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എല്ലാം നിലനില്‍ക്കുന്ന ഈ ബ്രഹത് രാഷ്ട്രത്തിന്റെ വിശാലമായ സാംസ്‌കാരിക പൈതൃകത്തെ ഉള്‍ക്കൊള്ളാനോ മനസ്സിലാക്കാനോ സെമിറ്റിക് മതവിശ്വാസികള്‍ക്ക് കഴിയാത്തത് സ്വാഭാവികം. അതിനാലായിരുന്നിരിക്കണം അവര്‍ സൗകര്യപൂര്‍വ്വം എല്ലാവരേയും ചേര്‍ത്ത് ഹിന്ദുക്കള്‍ എന്നു വിളിച്ചത്.

ഹിന്ദു എന്നു ഇന്നു വിശേഷിക്കപ്പെടുന്ന മതം രൂപപ്പെടാന്‍ തുടങ്ങിയത് 19-ാം നൂറ്റാണ്ടിന്റെ അവസാനവും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്. അതിനുമുമ്പ് ശൈവം, ശാക്തേയും, താന്ത്രികം, വൈഷ്ണവം തുടങ്ങി പല മതങ്ങളുണ്ടായിരുന്നു. നിരവധി ദേവന്മാരും ആചാരങ്ങളും ഉണ്ടായിരുന്നു. അവരെ ഒരിക്കവും ഹിന്ദുക്കള്‍ എന്നു രാജ്യത്തിനകത്തുള്ളവര്‍ വിളിച്ചിരുന്നില്ല. 1914ല്‍ ഹിന്ദുമഹാസഭയുടെ രൂപീകരണത്തോടെയാണ് ഹിന്ദുസ്വത്വത്തിന്റെ തുടക്കം കുറിക്കുന്നതെന്നു പറയാം. സെമിറ്റിക് മതവിഭാഗങ്ങള്‍ ഒഴികെയുള്ളവരെ ഹിന്ദു എന്ന സ്വത്വത്തില്‍ ഏകീകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അപ്പോഴും ആരംഭത്തില്‍ അതിന് കാര്യമായ തീവ്രവാദസ്വഭാവം ഉണ്ടായിരുന്നില്ല. പിന്നീടാണ് ഹിംസാത്മകമായ ഹിന്ദുത്വത്തില്‍ അവരെത്തിയത്. സവര്‍ക്കറെപോലുള്ളവര്‍ നേതൃത്വത്തിലെത്തിയപ്പോഴാണ് ഈ മാറ്റം സംഭവിക്കുന്നത്. ഗോള്‍വാള്‍ക്കറെ പോലുള്ളവര്‍ പുസ്തകങ്ങളിലൂടെ ഹിന്ദു ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം മുന്നോട്ടുവെച്ചു. തുടര്‍ന്ന് 1925ല്‍ ആര്‍ എസ് എസ് രൂപീകരിച്ചു. അതോടെ ആദ്യമായി ഹിന്ദുസൈന്യം രൂപീകൃതമായി. അതുവരെ ഹിന്ദുത്വം ആശയതലത്തിലായിരുന്നു നിലനിന്നിരുന്നത്. സൈന്യത്തോടൊപ്പം ഒരുപാട് ഉപസൈന്യങ്ങളും രൂപം കൊണ്ടു. അങ്ങനെയാണ് ഹിന്ദുമഹാസഭ തീവ്രവാദ സംഘടനയായത്.

ഇങ്ങനെ രൂപം കൊണ്ട ഹിന്ദുമതം രാജ്യത്തെ എല്ലാ ചിന്താധാരകളേയും ഉള്‍ക്കൊണ്ടിരുന്നോ? ഇല്ല. നിരീശ്വരവാദമടക്കം അനേകം ചിന്തകളും പ്രപഞ്ച സമീപനങ്ങളും ഇവിടെ നിലനിന്നിരുന്നു. ചാര്‍വാകനും ഗാര്‍ഗിയും സാംഖേയനും ജൈനനും ബുദ്ധനുമൊക്കെ ഉണ്ടായിരുന്നു. അവയില്‍ പാശ്ചാത്യ സങ്കല്‍പ്പത്തിലേതുപോലുള്ള ദൈവം എന്ന സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ല. മറിച്ച് പ്രകൃതിശക്തികള ആരാധിക്കുന്ന ശ്ലോകങ്ങള്‍ ഋഗ്വേദത്തില്‍ കാണാം. ഉപനിഷത്തുകളിലും ദൈവസങ്കല്‍പ്പം കാണാനാകില്ല. മറിച്ച് കാണാനാകുക സംശയങ്ങളാണ്. അവയിലെ ബ്രഹ്മസങ്കല്‍പ്പം പാശ്ചാത്യ ദൈവസങ്കല്‍പ്പവുമായി തുലനം ചെയ്യാവുന്ന ഒന്നല്ല. മനുഷ്യന്‍ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ച ദൈവത്തെ എവിടേയും കാണാനാകില്ല. പകരം പ്രാപഞ്ചിക ഊര്‍ജ്ജത്തെ കുറിച്ചുള്ള സങ്കല്‍പ്പമാണ് കാണാനാകുക. തീര്‍ച്ചയായും കാണാനോ കേള്‍ക്കാനോ കഴിയാത്ത എന്തോ ഒന്നിനെ ഉപനിഷത്തുകളില്‍ കാണാം. അത് നാം കരുതുന്ന ദൈവസങ്കല്‍പ്പമല്ല. ബ്രഹ്മമെന്നത് പ്രപഞ്ചത്തിന്റെ രഹസ്യങ്ങളെ, നിഗൂഢതയെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്ന സങ്കല്‍പ്പം മാത്രം. ലോകത്തിലുള്ള എല്ലാ നല്ല ചിന്തകളും നമ്മിലേക്കു വരട്ടെ എന്ന ഋഗ്വേദ ശ്ലോകം സഹിഷ്ണതയുടെ സൂചനല്ലാതെ മറ്റെന്താണ്?

ഇതിനെയെല്ലാം തിരിച്ചിടുകയും ഇവിടെ നിലനിന്നിരുന്ന ശാസ്ത്രീയ ചിന്തകളേയും അന്വേഷണത്തിന്റേയും സമവായത്തിന്റേയും സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയുമായ അന്തരീക്ഷത്തെ നിഷേധിക്കുകയും സംവാദങ്ങളുടെ പാരമ്പര്യത്തെ തള്ളിക്കളയുകയുമാണ് ഹിന്ദത്വവാദികള്‍ ചെയ്യുന്നത്. നിരന്തരമായി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്ന, ഏകശിലാരൂപമല്ലാത്ത ഒന്നായിരുന്നു അത്. തീര്‍ച്ചയായും അപ്പോഴും വിദ്വേഷങ്ങളും ശൂദ്രരേയും ആദിവാസികളേയും ദളിതരേയും മറ്റും അടിച്ചമര്‍ത്തുന്ന വര്‍ണ്ണ – ജാതിവ്യവസ്ഥയും നിലനിന്നിരുന്നു എന്നത് സത്യമാണ്. അപ്പോഴും സഹവര്‍ത്തിത്വത്തിന്റെ അന്തരീക്ഷവും ഉണ്ടായിരുന്നു എന്നതിനു തെളിവാണ് വാവരുടേയും അയ്യപ്പന്റേയും ഐതിഹ്യം. ആരാധനാലയങ്ങളില്‍ എല്ലാ മതസ്ഥര്‍ക്കും പ്രവേശനമുണ്ടായിരുന്നു. ദര്‍ഗ്ഗകളെല്ലാം മതസമന്വയത്തിന്റെ ഇടങ്ങളായിരുന്നു. എന്തിനേറെ ഗുജറാത്തിലെ മസ്ജിദ് പോലും സംരക്ഷിക്കുന്നത് ഹിന്ദുക്കളായ പട്ടേലുമാരാണല്ലോ.

പേഴ്‌സ്യന്‍, അറബി ഭാഷകളില്‍ നിന്ന് എത്രയോ തര്‍ജ്ജമകള്‍ സംസ്‌കൃതത്തിലേക്ക് ഉണ്ടായിട്ടുണ്ട്. മഹാഭാരതവും രാമായണവുമൊക്കെ അങ്ങോട്ടും തര്‍ജ്ജമ ചെയ്യപ്പെട്ടിരുന്നു. നമ്മുടെ സംസ്‌കാരം ഏതെങ്കിലും ഒരു മതത്തിന്റെ സംഭാവനയാണെന്ന് പറയാനാകില്ല. വിവിധ മതങ്ങളിലെ ആരാധനാലയങ്ങളുടെ ഗോപുരങ്ങളുടെ സാമ്യംതന്നെ നോക്കുക. വാസ്തുശില്‍പ്പങ്ങള്‍ പരിശോധിക്കുക. മതങ്ങളെല്ലാം ഒരുമിച്ച് നിലനില്‍ക്കുക മാത്രമല്ല, അവയെല്ലാം നമ്മുടെ സാംസ്‌കാരികജീവിതത്തിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നമ്മുടെ ആദ്യനിഘണ്ടു, ആദ്യ വ്യാകരണം എന്നിവയൊക്കെ കൃസ്ത്യന്‍ പാതിരിമാരുടെ സംഭാവനകളായിരുന്നല്ലോ. വിദ്യാഭ്യാസത്തിന് മിഷണറിമാര്‍ നല്‍കിയ സംഭാവന ചെറുതല്ല. ഗസല്‍, ഹവാലി പോലുള്ള സംഗീതരൂപങ്ങളില്‍ ഇസ്ലാമിന്റെ സംഭാവന പ്രത്യേകം പറയേണ്ടതില്ല. അതുപോലെ രാജ്യമെമ്പാടും എത്രയോ ബുദ്ധമന്ദിരങ്ങളും ചുവര്‍ചിത്രങ്ങളും ഇന്നും കാണാം. സിക്കുമതം എല്ലാ മതങ്ങളുടേയും സമ്മിശ്രരൂപമാണ്. സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും മതമാണത്. നമ്മുടെ സംസ്‌കാരത്തില്‍ ഇവയെല്ലാമുണ്ട്, മഥുര മീനാക്ഷി ക്ഷേത്രമുണ്ടെങ്കില്‍ ടാജ് മഹലും .വിശുദ്ധരുടെ പള്ളികളും നമുക്കുണ്ട്. സാഹിത്യത്തിലും ചിത്ര – ശില്‍പ്പ കലകളിലും സംഗീതത്തിലുമൊക്കെ സാംസ്‌കാരിക സമന്വയത്തിന്റെ പാരമ്പര്യം വര്‍ദ്ധിതമായി കാണാം. അതാണ് ഇന്ത്യ എന്ന യഥാര്‍ത്ഥ ആശയം.

രണ്ടാമത്തേത് വംശവാദമാണ്. സമീപകാല ചരിത്രകാരന്മാലെല്ലാം തള്ളുന്ന ഒന്നാണ് ആര്യവംശവാദം. ചരിത്രമെന്നു പറയുന്നത് ഒറ്റ വിജ്ഞാന മേഖലയല്ല. അതില്‍ പുരാവസ്തു, നാണ്യ വിനിമയം, ഭാഷാ വിജ്ഞാനീയം, ജനിതകം, ജനസംഖ്യ എല്ലാമുണ്ട്. ഇതെല്ലാം ചേര്‍ന്നു നടത്തിയ സമീപകാല അന്വേഷണങ്ങള്‍ വ്യക്തമാക്കുന്നത് ആര്യന്മാര്‍ എന്ന വംശം തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. ഇന്തോ – ആര്യന്‍ എന്ന ഭാഷാരൂപമുണ്ടായിരുന്നു. അതു സംസാരിക്കുന്നവര്‍ സ്വയം ആര്യര്‍ എന്നു വിശേഷിപ്പിച്ചു. പിന്നീട് ചില ചരിത്രകാരന്മാര്‍ ആ വാക്ക് ഒരു വംശത്തിന്റെ സൂചനയായി ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പുസ്തകങ്ങള്‍ ഇന്ന് ലഭ്യമാണ്.

ഈ പഠനങ്ങളില്‍ നിന്നു വ്യക്തമാകുന്നത് 65000 വര്‍ഷങ്ങള്‍ക്കുമുമ്പ് ആഫ്രിക്കയില്‍ നിന്നും അറേബ്യയില്‍ നിന്നും മറ്റുമാണ് ഇന്ത്യയിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നത് എന്നാണ്. പിന്നീട് കൃസ്തുവിനു മുമ്പ് 7000ത്തിനും 3000ത്തിനും ഇടക്ക് മധേഷ്യയില്‍ നിന്നും വിശേഷിച്ച് ഇറാനില്‍ നിന്നും നിരവധി പേരെത്തി. അവര്‍ പ്രധാനമായും കര്‍ഷകരായിരുന്നു. കൃസ്തുവിനു മുമ്പ് 2000ത്തിനും 1000ത്തിനും ഇടക്കാണ് ഇന്തോ – യൂറോപ്യന്‍ സംസ്‌കൃതം പോലുള്ള ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയത്തിയത്. ആര്യന്മാര്‍ എന്നു പൊതുവില്‍ വിളിക്കുന്നത്. ഈ വൈകിയകാലത്ത് ഇവിടെ വന്ന് എത്രയോ മുമ്പുതന്നെ എത്തിയവരുമായി ഇടകലര്‍ന്ന് ജീവിക്കാനാരംഭിച്ച ഈ ചെറിയ വിഭാഗത്തെയാണ്. അങ്ങനെയാണ് ഇന്ത്യ ആര്യന്മാരുടേതാണ് എന്നവകാശപ്പെടുന്നത്. നാസികളുടെ വംശവാദവും അതുതന്നെയായിരുന്നല്ലോ. ആ വാദത്തിലാണല്ലോ വംശഹത്യകള്‍ അരങ്ങേറിയത്. ആതുപോലൊരു ഭീഷണമായ കാലം ഇവിടേയും വരുമോ എന്ന ഭീതിയിലാണ് ഇന്നു നമ്മള്‍. ഇപ്പറഞ്ഞതെല്ലാം തന്നെ ലളിതമായ ഡി എന്‍ എ ടെസ്റ്റിലൂടെ തെളിയിക്കാവുന്നതാണ്. അനേകം വംശങ്ങളുടെ മിശ്രണമായിരുന്നു വാസ്തവത്തില്‍ ഇവിടെ നിലനിന്നിരുന്നത്. ജാതിയുടെ ആവിര്‍ഭാവം വരെ അവരിവിടെ സ്വതന്ത്രമായി ജീവിച്ചു. പരസ്പരം വിവാഹം കഴിച്ചു. ശുദ്ധരക്തം എന്ന അവകാശവാദം തന്നെ തെറ്റാണ്. സമ്മിശ്രമായ രക്തമാണ്, വംശമാണ്, അഥവാ ഹൈബ്രിഡാണ്. ആര്യവാദമെന്നതിന് ഒരടിസ്ഥാനവുമില്ല.

മൂന്നാമത്തേത് ഹിന്ദിവാദമാണ്. ഹിന്ദി സംസാരിക്കുന്നവരുടെ രാജ്യമാണ് ഇന്ത്യയെന്ന്. ഈ വാദത്തിനായി ഗാന്ധിയെപോലും കൂട്ടുപിടിക്കുന്നത് കാണാം. ഗാന്ധി ഹിന്ദുസ്ഥാനി ഭാഷയെകുറിച്ച് പറഞ്ഞിരുന്നു. അതുപക്ഷെ ഇന്നത്തെ സംസ്‌കൃതവല്‍ക്കരിക്കപ്പെട്ട ഹിന്ദിയല്ല. ഉറുദവുവിന്റേയും ഹിന്ദിയുടേയും സമ്മിശ്രരൂപമാണ്. കൂടാതെ പേഴ്‌സ്യന്‍ സാന്നിധ്യവും അതില്‍ കാണാം. ഹിന്ദു – മുസ്ലിം സൗഹൃദത്തിന്റെ പ്രതീകമായിട്ടായിരുന്നു ഗാന്ധി അതിനെ കണ്ടത്. എന്നാലിവര്‍ പറയുന്ന ഹിന്ദി അതല്ല, സംസ്‌കൃതവല്‍ക്കരിച്ച ഹിന്ദിയാണ്. ഹിന്ദുസ്ഥാനിയില്‍ നിന്നും ഉറുദു വാക്കുകളെയും മറ്റും നീക്കം ചെയ്താണ് ഈ ഹിന്ദിയുണ്ടാക്കിയത്. ആ ഹിന്ദിക്കുള്ള വാദമാണ് ഫാസിസ്റ്റുകള്‍ ഉയര്‍ത്തുന്നത്. ഹിന്ദു, ആര്യന്‍, ഹിന്ദി എന്നിവയാണ് ഇന്ത്യ എന്ന ആശയത്തിന്റെ അടിത്തറ എന്ന വലതു തീവ്രവാദികളുടെ വാദം അടിസ്ഥാനരഹിതമാണെന്നു സാരം,

സാഹിത്യരംഗം പരിശോധിച്ചാല്‍ ഇത് കൂടുതല്‍ ബോധ്യമാകും. ഇന്ത്യന്‍ സാഹിത്യം എന്ന ഒന്ന് നിലവിലില്ല. ഉള്ളത് ഇന്ത്യന്‍ സാഹിത്യങ്ങളാണ്. മലയാളസാഹിത്യം, തമിഴ് സാഹിത്യം, മറാഠി സാഹിത്യം, ബംഗാളി സാഹിത്യം തുടങ്ങിയവയൊക്കെയാണ് നിലവിലുള്ളത്. ഇവയെല്ലാം പല കാലത്തുണ്ടായ ഭാഷകളാണ്. തമിഴിനു 3000ത്തോളം വര്‍ഷത്തെ പാരമ്പര്യമുണ്ട്. മറാഠിക്കും മലയാളത്തിനുമൊന്നും അതില്ല. പല രീതിയില്‍ വികസിച്ച ഭാഷകളാണിവ. ഈ വൈവിധ്യമാര്‍ന്ന ഭാഷകളിലെഴുതിയ സാഹിത്യമെല്ലാം ഒന്നാണെന്നു പറ.യാനാകില്ല. ഈ ഭാഷകളിലെ സാഹിത്യങ്ങളുടെ വികാസവും അങ്ങനെതന്നെ. പല രീതിയിലുള്ള സാഹ്ിത്യവീക്ഷണങ്ങളും പ്രസ്ഥാനങ്ങളും സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളും സാഹിത്യരൂപങ്ങളും വിവിധ ഭാഷകളിലുമുണ്ടായിട്ടുണ്ട്. ബാഹ്യസ്വാധീനങ്ങളെ പലരീതിയിലാമിവ സ്വാശീകരിച്ചത്. അവയൊന്നും ഏകമാനമല്ല. ഇന്ത്യന്‍ സാഹിത്യങ്ങള്‍ എന്നുതന്നെയാണ് അവയെ വിളിക്കേണ്ടത്. അപ്പോഴും പരസ്പരം കൊള്ളകൊടുക്കലുകള്‍ ഉണ്ടായിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുപറഞ്ഞാലും രാഷ്ട്രീയമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മള്‍ രാഷ്ട്രീയം വേണ്ട എന്നു വെച്ചാലും അത് നമ്മെ തേടിവരും. നമ്മുടെ ചിന്തകളേയും സമീപനത്തേയും ജീവിതത്തേയുമെല്ലാം മാറ്റും. അതാണ് ഇന്ന് രാജ്യത്തെ വലതുപക്ഷം ചെയ്യുന്നത്. പലപ്പോഴും ദൃശ്യമല്ല, അദൃശ്യമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. അടിത്തട്ടിലൂടെയാണ് ഈ സൈന്യം മുന്നേറുന്നത്. അത് വാക്കുകളെ മാറ്റുന്നു. ആചാരങ്ങളുടെ അര്‍ത്ഥം മാറ്റുന്നു. പഴയകാലത്ത് ക്ഷേത്രങ്ങളില്‍ ഒതുങ്ങിയിരുന്ന ഒരു ചെറിയ ആഘോഷമായ അഷ്ടമിരോഹിണി ഇന്നു നാടുമുഴുവനുമുള്ള ശോഭായാത്രയായി മാറിയത് അങ്ങനെയാണ്. ഓണം വാമനജയന്തിയാകുന്നു. രാജ്യത്തെ എല്ലാ ആഘോഷങ്ങളും ഹിന്ദുത്വവല്‍ക്കരിക്കപ്പെടുകയാണ്. ആദിവാസികളുടേയും ദളിതരുടേയുമെല്ലാം അമ്മ ദൈവങ്ങളടക്കമുള്ള ആരാധനാമൂര്‍ത്തികള്‍ പ്രധാനപ്പെട്ട ചില ദൈവങ്ങളുടെ അവതാരങ്ങള്‍ മാത്രമായി. അങ്ങനെ അവരേയും ഹിന്ദുക്കളാക്കിമാറ്റി.

ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന ഏറ്റവും വലിയെ വെല്ലുവിളി സാംസ്‌കാരികമായ ബഹുസ്വരതക്കെതിരായ വെല്ലുവിളികളാണ്. പകരം വെക്കുന്നത് കേന്ദ്രീകൃതമായ ഹിന്ദുത്വമാണ്. ജനാധിപത്യത്തിന്റെ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുന്നു. യുഎപിഎയും ആര്‍ടിഎയിലും പരിസ്ഥിതി നിയമങ്ങളിലും വെള്ളം ചേര്‍ക്കലും ഭരണഘടനയില്‍ കൊണ്ടുവരുന്ന പല തരത്തിലുള്ള മാറ്റങ്ങളും രാജ്യദ്രോഹനിയമത്തിന്റെ ദുരുപയോഗങ്ങളും ഇഡിയുടെ നടപടികളും മറ്റും ഉദാഹരണം. പ്രതിപക്ഷത്തിന്റെ സ്വരങ്ങള്‍ ഇല്ലാതാക്കുന്നു. ഹിംസയെ പ്രോത്സാഹിപ്പിക്കുന്നു. ലഹളകള്‍ കൃത്രിമമായി സൃഷട്ിക്കുന്നു. വംശഹത്യകള്‍ നടക്കുന്നു. മാധ്യമങ്ങളുടേയും ബുദ്ധിജീവികളുടേയും എഴുത്തുകാരുടേയും മറ്റും സ്വാതന്ത്ര്യത്തിനു കടിഞ്ഞാണിടുന്നു. . വിമര്‍ശിക്കുന്നവരെ തുറുങ്കിലടക്കുകയോ അക്രമിക്കുകയോ ഇല്ലായ്മ ചെയ്യുകയോ ചെയ്യുന്നു. വികസനപദ്ധതികള്‍ ഏതാനും കോര്‍പ്പറേറ്റ് കുത്തകഖള്‍ക്കായിട്ടാണ്. എല്ലാ മേഖലകളിലുമുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയിലാണ്. ഏതെങ്കിലും പാര്‍ട്ടിയോ സമൂഹമോ മാത്രമല്ല ബഹുസ്വരമായ ഇന്ത്യ എന്ന ആശയം തന്നെയാണ് വെല്ലുവിളി നേരിടുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ എന്ന രാഷ്ട്രവും ആശയവും സംരക്ഷിക്കാനായിരിക്കണം നമ്മിുടെ ഏതൊരു പ്രവൃത്തിയും….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply