അഞ്ചു രൂപയുടെ ബിസ്‌കറ് വാങ്ങാന്‍ കഴിവില്ലാത്ത ജനതയായി ഇന്ത്യ മാറുമ്പോള്‍

റിസേര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2017 വരെ നല്‍കിയ വായ്പ തുക 71.5 ലക്ഷം കോടിയും 2018 ല്‍ 77 ലക്ഷവും കോടിയുമാണ്. ഇതില്‍ 13 മുതല്‍ 14% വരെയാണ് കര്‍ഷകര്‍ക്ക് നല്‍കപ്പെട്ട വായ്പകള്‍. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ വരുമാനം 611% കൂടുന്നത്. ശരാശരി 81 കോടി രൂപയോടടുത്താണ് അദാനി ഗ്രൂപ്പിന്റെ വരുമാനം പ്രതിവര്‍ഷം വര്‍ധിക്കുന്നത്. 77000 കോടി രൂപ ടേണ്‍ ഓവര്‍ ഉള്ള കമ്പനികളാണ് അദാനി ഗ്രൂപ്പിന് രാജ്യത്താകമാനം ഉള്ളത്.

റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍മാരുമായി കേന്ദ്ര സര്‍ക്കാരിനുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ കരുതല്‍ ധനത്തില്‍ നിന്നും 1.76 ലക്ഷം കോടി നല്കാന്‍ റിസേര്‍വ് ബാങ്ക് കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചിരിക്കുകയാണല്ലോ. 2016ല്‍ രഘുറാം രാജന്‍ റിസേര്‍വ് ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ തുടങ്ങിയ സംഘര്‍ഷമാണ് ഇതോടെ അവസാനിച്ചിരിക്കുന്നത്. റിസേര്‍വ് ബാങ്കിലെ കരുതല്‍ ശേഖരത്തില്‍ നിന്നും പണം കേന്ദ്ര സര്‍ക്കാറിനു നല്‍കുന്നതിനെ രഘുറാം രാജന്‍ മുതലുള്ള റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍മാര്‍ വിമര്‍ശിച്ചിരുന്നു. ബാങ്കുകള്‍ക്ക് തിരികെ ലഭിക്കുവാനുള്ള വലിയ കോര്പറേറ്റ് ലോണുകള്‍ ചൂണ്ടിക്കാട്ടികൊണ്ടു കൂടിയാണ് രഘു റാം രാജന്‍ ഇതിനെ എതിര്‍ത്തത്. ഈ തര്‍ക്കത്തെ തുടര്‍ന്നാണ് രഘുറാം രാജന് ശേഷം റിസേര്‍വ് ബാങ്ക് സ്ഥാനത്തു തുടര്‍ന്ന ഉര്‍ജിത്ത് പട്ടേലും ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്ന വിരല്‍ ആചാര്യയും സ്ഥാനമൊഴിഞ്ഞത്. ഉര്‍ജിത്ത് പട്ടേലിനെ നിയമിച്ചത് കേന്ദ്രസര്‍ക്കാര്‍ തന്നെയായിരുന്നു എങ്കിലും കരുതല്‍ ശേഖരം കേന്ദ്രസര്‍ക്കാരിന് നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ഇടയുകയായിരുന്നു.
ഉര്‍ജിത്ത് പട്ടേല്‍ രാജിവച്ച ഉടനെ 2018 ഡിസംബര്‍ 26 ന് റിസര്‍വ് ബാങ്കിന്റെ റിസര്‍വ് ഫണ്ടില്‍ എത്ര പണം സൂക്ഷിക്കണം, സര്‍ക്കാരിന് എത്രമാത്രം കൈമാറ്റം ചെയ്യണമെന്ന് തീരുമാനിക്കാന്‍ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ 6 അംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ആഗോള മാനദണ്ഡങ്ങള്‍ പാലിച്ചു റിസേര്‍വ് ബാങ്കിന്റെ കരുതല്‍ ധനം സര്‍ക്കാരിന് കൈമാറണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ തര്‍ക്കം തുടരുന്നതിനിടയില്‍ അര്‍ജന്റീനയില്‍ സര്‍ക്കാര്‍ റിസേര്‍വ് ബാങ്കിന്റെ ട്രഷറി തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം വിരല്‍ ആചാര്യ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിലുള്ള മാന്ദ്യത്തിനു കരുത്തേകാന്‍ ഇത് ഗുണകരമാകും എന്നാണ് പ്രസ്താവന വന്നിരിക്കുന്നതെങ്കിലും 2016 മുതല്‍ സര്‍ക്കാര്‍ ഈ കരുതല്‍ ശേഖരത്തിന്റെ കാര്യത്തില്‍ നീക്കം തുടങ്ങിയിരുന്നു എന്നതാണ് വസ്തുത. ഇപ്പോള്‍ കൈമാറുന്ന തുകയില്‍ 123414 കോടി രൂപ 2018-19 വര്‍ഷത്തേക്കാണ്. ഇതില്‍ 28000 കോടി രൂപ ഇതിനകം കൈമാറിയിരുന്നു. കൂടാതെ പുതുക്കിയ സാമ്പത്തിക മൂലധന ചട്ടക്കൂട് അനുസരിച്ചു കണക്കാക്കിയിട്ടുള്ള 52637രൂപയും കൂടി കൈമാറും.

 

 

 

 

 

 

 

 

ഈയവസരത്തില്‍ ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന മറ്റുഘടകങ്ങള്‍ കൂടി പരിശോധിക്കുേമ്പാള്‍ ഇന്ത്യയുടെ സാമൂഹിക ഘടനയില്‍ എന്ത് തരത്തിലുള്ള മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നമുക്ക് ബോധ്യമാകും. ലോക സാമ്പത്‌വ്യവസ്ഥയിലെ ആറാമത്തെ കരുത്താര്‍ജ്ജിച്ച രാജ്യം ഇന്ത്യയാണെന്നാണ് വെപ്പ്. ലോകബാങ്ക്, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് തുടങ്ങിയ വലിയ അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ 2018 ലെ കണക്കുകള്‍ പ്രകാരം അങ്ങനെയാണ്. നിയോ ലിബറല്‍ സാമ്പത്തിക വിദഗ്ധരെ സംബന്ധിച്ച് കോരിത്തരിക്കാന്‍ ഇത് ധാരാളമാണ്. അവരെ സംബന്ധിച്ച് സമ്പദ്ഘടനയുടെ വലിപ്പം എന്തോ വലിയ കാര്യമാണ്. പക്ഷെ സാമ്പത്തിക ശാസ്ത്രം എന്നത് പൗരന്മാരുടെ സാമ്പത്തിക വ്യവഹാരങ്ങളെക്കൂടി സംബന്ധിക്കുന്ന വിഷയമാണ്. അതിന്റെ കൂടി പരിഗണനയിലാണ് സാമ്പത്തിക ശാസ്ത്രത്തിന്റെ നീതിയുക്തമായ പരിശോധനയുള്ളത്.
രാജ്യത്തെ പൗരന്റെ ജീവിതനിലവാരം, പല സാമൂഹിക വിഭാഗങ്ങള്‍ തമ്മിലുള്ള ജീവിതനിലവാരത്തിലുള്ള വ്യത്യാസങ്ങള്‍ ഇതെല്ലാം പരിശോധിക്കുകയാണെങ്കില്‍ ഈ അഭിമാനം ഒരു ഘടകമായി മാറില്ല എന്നതാണ് വസ്തുത. ഉള്ളതില്‍ അഭിമാനിക്കുകയല്ല ഇല്ലാത്തതിനെക്കുറിച്ചു ചോദ്യം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ പൗരന്‍ ക്രിയാത്മകമാകുന്നത്. രാജ്യത്തെ സമ്പത്തിന്റെ മൂന്നില്‍ ഒരു ഭാഗം പോലും ഇവിടുത്തെ വേതനവ്യവസ്ഥയിലേക്ക് എത്തപ്പെട്ടിട്ടില്ല എന്ന് സാമ്പത്തിക വിദഗ്ദര്‍ സൂചിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവസാനമായി ഇന്ത്യന്‍ ബിസ്‌കറ് കമ്പനി ആയ ബ്രിട്ടാനിയ ആണ് ഇപ്പോള്‍ അവരുടെ കച്ചവടത്തിലുണ്ടായ കുറവ് ചൂണ്ടികാണിച്ചിരിക്കുന്നത്. അഞ്ചു രൂപയുടെ ബിസ്‌ക്കറ് പോലും വാങ്ങാന്‍ ശേഷിയില്ലാത്തവിധം രാജ്യത്തെ പൗരന്മാരുടെ വാങ്ങല്‍ ശേഷിയും വരുമാനവും കുറഞ്ഞിരിക്കുന്നു. പാര്‍ലെ കമ്പനിയില്‍ 10000 തൊഴിലാളികളെ ഏപ്രിലോടെ പിരിച്ചുവിട്ടിരുന്നു. അവരും അനുഭവിക്കുന്നത് ഇതേ പ്രശ്‌നമാണ്. അസംഘടിതമേഖലയില്‍ നിന്നുള്ള വരുമാനം പോലും രാജ്യത്തെ കുത്തക മൂലധനം കുന്നുകൂട്ടുന്നു എന്നതാണ് സത്യം.

 

 

 

 

 

 

 

 

രാജ്യത്തെ സാമ്പത്തിക സാമൂഹ്യശാസ്ത്രജ്ഞര്‍ ഈ പ്രതിഭാസങ്ങളെ വിശകലനം ചെയ്യുമ്പോള്‍ സംഘപരിവാര്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന സാമ്പത്തിക നയങ്ങളെ മാത്രമല്ല പരിഗണിക്കുന്നത്. ഇത് ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ ഉണ്ടാക്കുന്ന സൂക്ഷ്മമായ മാറ്റങ്ങളെക്കൂടി പരിഗണിക്കുന്നു. ചെറുകിട കച്ചവടക്കാരെകൂടി ജി.എസ്.ടി ക്കുള്ളില്‍ കൊണ്ടുവന്നത് കടുത്ത മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കേന്ദ്ര അധികൃതര്‍ ലക്ഷ്യം വച്ച റവന്യൂ പിരിച്ചെടുക്കാനാകാതെ ഇപ്പോള്‍ ഓഹരി വിപണിയിലേക്ക് കൂടി ടാക്‌സ് വര്‍ധിപ്പിച്ചിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി ബിസ്‌കറ് കമ്പനികളെ മുതല്‍ വാഹന നിര്‍മാതാക്കളെ വരെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. മഹിന്ദ്ര, ടാറ്റ , ഹീറോ എന്നിവ പോലെയുള്ള കമ്പനികളുടെ വില്പനയിലെ വന്‍കുറവ് തുടരുകയാണ്. 8000 കോടി രൂപയുടെ മൂലധന ഓഹരികളാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചത്. അതേസമയം റിലയന്‍സും അദാനി ഗ്രൂപ്പും സ്റ്റെര്‍ലൈറ്റും (വേദാന്ത ഗ്രൂപ്പ്) നീരവ് മോദിയും അടക്കം വിജയ് മല്യ വരെ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് എടുത്ത കോടിക്കണക്കിനു രൂപയുടെ വായ്പകളെക്കുറിച്ചാരും ഗൗരവമായി സംസാരിക്കാന്‍ തുടങ്ങിയിട്ടില്ല. ഇതേ കുത്തകകളുടെ നിഷ്‌ക്രിയ മൂലധനമായി രാജ്യത്തെ സമ്പത്തു മുഴുവന്‍ നിലനില്‍ക്കുകയാണ്. തീര്‍ത്തും കുത്തകകള്‍ക്ക് വഴങ്ങി നില്‍ക്കുമ്പോഴും കര്‍ഷകര്‍ക്ക് നല്‍കിയ വായ്പാ ഇളവും കമ്പനികള്‍ക്ക് കൊടുക്കുന്ന വായ്പ ഇളവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് മാധ്യമങ്ങള്‍ ഇതിനെക്കുറിച്ചൊക്കെ മുന്‍പേ സൂചന നല്കുന്നുണ്ടായിരുന്നു. റിസേര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം 2017 വരെ നല്‍കിയ വായ്പ തുക 71.5 ലക്ഷം കോടിയും 2018 ല്‍ 77 ലക്ഷവും കോടിയുമാണ്. ഇതില്‍ 13 മുതല്‍ 14% വരെയാണ് കര്‍ഷകര്‍ക്ക് നല്‍കപ്പെട്ട വായ്പകള്‍. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ വരുമാനം 611% കൂടുന്നത്. ശരാശരി 81 കോടി രൂപയോടടുത്താണ് അദാനി ഗ്രൂപ്പിന്റെ വരുമാനം പ്രതിവര്‍ഷം വര്‍ധിക്കുന്നത്. 77000 കോടി രൂപ ടേണ്‍ ഓവര്‍ ഉള്ള കമ്പനികളാണ് അദാനി ഗ്രൂപ്പിന് രാജ്യത്താകമാനം ഉള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സമ്പത്തു അകെ 1.72 ലക്ഷം കോടി രൂപയില്‍ എത്തിയിരിക്കുന്നു. അങ്ങനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുമായി നടത്തുന്ന ചങ്ങാത്ത മുതലാളിത്തം ഇന്ത്യന്‍ സമ്പത്തിനെ കൈവശപ്പെടുത്തുന്നതും അവരുടെ നിഷ്‌ക്രിയ ആസ്തിയായി ഇന്ത്യന്‍ സമ്പത്തു മാറുന്നതുമാണ് ഈ പ്രതിഭാസത്തിന്റെ കാരണം. പരസ്യവരുമാനം കുറയുന്നത് മാധ്യമങ്ങളെയും ഭയപ്പെടുത്താന്‍ തുടങ്ങി. അതാണ് ഈ സന്ദര്ഭത്തില് ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പുറത്തുവരുന്നതിന്റെ അടിസ്ഥാനം. രാജ്യത്തെ സാമൂഹിക ഘടനക്കകത്തു നിലനില്‍ക്കുന്ന സമ്പത്തിന്റെ ജാതീയമായ അസന്തുലിതമായ വിതരണം കൂടി പരിഗണിക്കുമ്പോള്‍ രാജ്യം കൂടുതല്‍ ഭീതിതമായ അവസ്ഥയിലേക്കാണ് പോകുന്നത് എന്ന് ബോധ്യപ്പെടും. രാഷ്ട്രീയ അധികാരത്തിലൂടെ നടത്തപ്പെടുന്ന ഈ സമ്പത്തിന്റെ ചൂഷണം താഴെത്തട്ടിലുള്ളവരെ കൂടുതല്‍ പ്രശ്‌നബാധിതരാക്കും.
ലോകത്തെ മാനുഷിക വികസന സൂചികയില്‍ 2018 ലെ കണക്കനുസരിച്ചു ഇന്ത്യ 130-ാമത്തെ രാജ്യമാണ്. 2017 ലെ കണക്കനുസരിച്ചു ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്തവരുമാനം അകെ കണക്കാക്കുമ്പോള്‍ അത് ഫിലിപ്പീന്‍സിനും ഇന്തോനേഷ്യക്കും വിയറ്റ്‌നാമിനും പുറകിലാണ്. ഐക്യരാഷ്ട്ര സഭയുടെ 2019 ലെ റിപ്പോര്‍ട്ട് അനുസരിച്ചു വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സില്‍ ഇന്ത്യ 140 എന്ന നിലയിലാണ്. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പുറകിലാണ് ഇന്ത്യയിലെ പൗരന്മാരുടെ ജീവിത നിലവാരം.2018 ലെ 133 എന്ന റാങ്കില്‍ നിന്നാണ് ഇന്ത്യ വളരെ പെട്ടെന്ന് താഴേക്ക് പോയത്. വി ദി ഹങ്കര്‍ ലൈഫ് എന്ന സന്നദ്ധ സംഘടന 2018 ല്‍ വിശപ്പിനെക്കുറിച്ചു 119 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യ 103-ാമത് സ്ഥാനത്താണ് നിലനില്‍ക്കുന്നത്. 2017ല്‍ ഇന്ത്യ ഈ റാങ്ക് പട്ടികയില്‍ 100-ാമത് ആയിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ 2017 ല്‍ ലോക ലിംഗ വിവേചനത്തിന്റെ അളവില്‍ 108-ാമത്തേതായി മാറി, 2006 ല്‍ നടത്തിയ കണക്കില്‍ നിന്നും 10 സ്ഥാനങ്ങള്‍ പിറകോട്ടു മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റാങ്കിങ്ങില്‍ ഇന്ത്യ 140-ാമത് റാങ്കിങ്ങില്‍ ആണ്. ശ്രീലങ്കയും നേപ്പാളും മ്യാന്മറും എല്ലാം മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. ഇതെല്ലാം തന്നെയും നാളിതുവരെ സ്വീകരിച്ച ചങ്ങാത്ത മുതലാളിത്തത്തിന്റെയും സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും അനന്തര ഫലങ്ങളാണ്. ഇനിയെങ്കിലും ഇതു മനസ്സിലാക്കാനും രംഗത്തിറങ്ങാനും ജനങ്ങളും പ്രസ്ഥാനങ്ങളും തയ്യാരാകുന്നില്ലെങ്കില്‍ നമ്മെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “അഞ്ചു രൂപയുടെ ബിസ്‌കറ് വാങ്ങാന്‍ കഴിവില്ലാത്ത ജനതയായി ഇന്ത്യ മാറുമ്പോള്‍

  1. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തില്‍ ജന സംഖ്യയില്‍ നമ്മള്‍ ഒന്നാമതല്ലേ ? അത് നമ്മുടെ കര്‍മ്മ ശേഷിയെയല്ലേ കാണിക്കുന്നത് ? പ്രമേഹം, ക്ഷയം എന്നിവയിലൊക്കെ നമ്മള്‍ വളരെ ‘ഉയര്‍ന്ന’ സ്ഥാനത്ത് അല്ലേ ? എന്നിട്ടും ഈ ലേഖനം പറയുന്നു. . ഫാരതം വളരെ മോശമാണെന്ന് . . .

Leave a Reply