വീണ്ടും പ്രളയദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം ചര്‍ച്ച ചെയ്യാത്തത്

വികസനത്തിന്റെ പേരുപറഞ്ഞ് മറ്റനവധി പാരിസ്ഥിതിക നിയമങ്ങളും നാം തിരുത്തി കൊണ്ടിരിക്കുകയണ്. മൈന്‍ ആന്റ് മിനറല്‍ ആക്ട്, ഭൂഗര്‍ഭ ജലവിനിയോഗ നിയമം, മരം വളര്‍ത്തല്‍ പ്രോത്സാഹന നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവ ഉദാഹരണം.

ഒരു വര്‍ഷത്തിനിടയില്‍ കേരളം ഒരിക്കല്‍ കൂടി പ്രളയദിനങ്ങളിലൂടെ കടന്നുപോകുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ശക്തമായി നടക്കേണ്ട സമയമാണിത്. നടക്കുന്നുമുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷവും മാതൃകാപരമായ രീതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു. പക്ഷെ തുടര്‍ന്നു നടക്കേണ്ട പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാം വളരെ പുറകിലാണ്. അതിനിടയിലാണ് അതേ സമയത്തുതന്നെ വീണ്ടും പ്രളയം ആവര്‍ത്തിച്ചിരിക്കുന്നത്.
പ്രളയത്തിനു കാരണം കനത്ത മഴയാണെന്നതില്‍ സംശയമില്ല. അതേസമയം കനത്ത മഴയൊക്കെ മുമ്പും പെയ്യാറുണ്ട്. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ പക്ഷെ ഉണ്ടാകാറില്ല. പെയ്യുന്ന മഴക്കനുപാതികമായല്ല ദുരന്തങ്ങള്‍. അതിനേക്കാള്‍ വളരെ കൂടുതലാണ്. അതിന്റെ കാരണങ്ങള്‍ പോയ വര്‍ഷം ഏറെക്കുറെ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ദുരന്തങ്ങള്‍ കുറക്കാനുള്ള ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നതാണ് വസ്തുത.
പ്രളയദുരന്തങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാകുന്ന പ്രധാന കാരണങ്ങള്‍ രണ്ടാണ്. ഒന്ന് വെള്ളത്തിനു സ്വച്ഛന്ദമായി ഒഴുകാനോ മണ്ണിലേക്ക് താഴാനോ പറ്റുന്നില്ല. രണ്ടാമത്തേത് ഉരുള്‍പൊട്ടലും മണ്ണൊലിപ്പുമാണ്. ഇതില്‍ രണ്ടിനും പ്രധാന കാരണം വികസനമാണെന്ന ധാരണയില്‍ നമ്മള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. അതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എത്രയോ കാലമായി മുന്നറിയിപ്പ് നല്‍കുന്നതാണ്. എന്നാല്‍ ആ ദിശയില്‍ നീങ്ങാന്‍ സര്‍ക്കാരുകളോ ഭൂരിഭാഗം ജനങ്ങളോ തയ്യാറാകുന്നില്ല എന്നുമാത്രം.
മഴവെള്ളത്തിന് ഒഴുകാനുള്ള മാര്‍ഗ്ഗങ്ങളൊക്കെ ഏറെക്കുറെ വളച്ചുകെട്ടുന്നതാണ് നമ്മുടെ വികസനം. കേരളത്തിലെ വന്‍കിട – ചെറുകിട നഗരങ്ങളിലൊന്നും വെള്ളത്തിനൊഴുകാന്‍ സൗകര്യമില്ല. അതാണ് അവിടങ്ങളിലെല്ലാം ജലനിരപ്പുയരുന്നത്. മൂന്നാറും നിലമ്പൂരിലും കല്‍പ്പറ്റയിലുമൊക്കെ നാം ഇപ്പോള്‍ കണ്ടതതാണ്. ഇനി ഒഴുകുന്ന വെള്ളത്തെ മണ്ണിലേക്ക് ആഗിരണെ ചെയ്തിരുന്ന നെല്‍വയല്‍, നീര്‍ത്തടങ്ങളുടെ അവസ്ഥ പറയാതിരിക്കുകയണ് ഭേദം. നിരവധി പോരാട്ടങ്ങളുടെ ഭാഗമായി നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും സംരക്ഷണത്തിനായി 2008 ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ കേരള നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഇപ്പോള്‍ ഭേദഗതി ചെയ്തിരിക്കുകയാണ്. ‘പൊതു ആവശ്യം’ എന്ന പേരില്‍ സര്‍ക്കാര്‍/സ്വകാര്യ പദ്ധതികള്‍ക്ക് വയല്‍ നികത്താന്‍ അവസരം നല്‍കുക, 2008ന് മുമ്പ് നികത്തിയ വയലുകള്‍ കരഭൂമിയായി പ്രഖ്യാപിക്കുക, ഡാറ്റ ബാങ്കില്‍ വിഞ്ജാപനം ചെയ്യപ്പെടാത്ത വയലുകളെ നെല്‍വയലായി കണക്കാക്കാക്കാതിരിക്കുക, പ്രാദേശിക നിരീക്ഷണ സമിതികളുടെ അധികാരം എടുത്തുകളയുക തുടങ്ങിയ അപകടകരമായ തിരുത്തലുകളാണ് ഭേദഗതിയിലൂടെ കൊണ്ടുവന്നത്. നിയമഭേദഗതിയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടുകളും അഞ്ച് സെന്റില്‍ 400 ചതുരശ്രയടി വിസ്തീര്‍ണമുള്ള കടമുറികളും നിര്‍മ്മിക്കാം. 10 സെന്റില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലത്ത് ആര്‍.ഡി.ഒയുടെ അനുമതിയുടെ അടിസ്ഥാനത്തില്‍ 10 സെന്റില്‍ 1300 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീട് വെക്കാം, മൊത്തം സ്ഥലത്തിന്റെ പത്ത് ശതമാനം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കണം, കൃഷിനാശമുണ്ടാകരുത്, നീരൊഴുക്ക് തടയരുത് എന്നീ നിബന്ധനകളുമുണ്ട്. 50 സെന്റിന് മുകളില്‍ നിലം നികത്തിയവര്‍ക്ക് സ്ഥലത്തിന്റെ ന്യയായവിലയുടെ പത്ത് ശതമാനം പഞ്ചായത്തിലും, കോര്‍പ്പറെഷന്‍ ആണെങ്കില്‍ 30 ശതമാനവും, മുനിസിപ്പാലിറ്റി ആണെങ്കില്‍ 20 ശതമാനവും അടച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താം. കഴിഞ്ഞ വര്‍ഷത്തെ പ്രളയാനുഭവങ്ങള്‍ക്കുശേഷം പോലും ഈ വിഷയം പുനപരിശോധിക്കപ്പെടുന്നില്ല. കേരള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കനുസരിച്ച് 1975-76 കാലഘട്ടത്തില്‍ നെല്‍കൃഷി ചെയ്യുന്ന വയലുകളുടെ അളവ് 8.76 ലക്ഷം ഹെക്ടറായിരുന്നു. 2007-08 കാലഘട്ടത്തിലെത്തിയപ്പോഴേക്കും അത് 2.29 ലക്ഷമായി കുറഞ്ഞു. 2016 -17 എത്തിയപ്പോഴേക്കും 1,71,398 ഹെക്ടറായി മാറി. കഴിഞ്ഞ 40 വര്‍ഷം കൊണ്ട് 80 ശതമാനം നെല്‍വയല്‍ ഇല്ലാതായതിന്റെ ഫലം അരിയില്ലാതായി എന്നതുമാത്രമല്ല, വെള്ളത്തെ ആഗിരണം ചെയ്യുന്ന പ്രകൃതിയുടെ വരദാനം തന്നെ ഇല്ലാതായി എന്നതു കൂടിയാണ്. വയല്‍ നികത്തിയാണ് നെടുമ്പാശ്ശേരി വിമാനത്താവളങ്ങളും പരിസരങ്ങളും സൃഷ്ടിച്ചതിനാലാണല്ലോ മഴ പെയ്യുമ്പോഴേക്കും പൂട്ടിയിടേണ്ടി വരുന്നത്. കാട് സംരക്ഷിക്കുന്നതുപോലെ സുശക്തമായ നിയമങ്ങളുണ്ടാക്കി സംരക്ഷിക്കേണ്ട പ്രദേശങ്ങളാണ് നെല്‍വയലുകള്‍. മറ്റു നീര്‍ത്തടങ്ങളുടേയും ജലാശയങ്ങളുടേയും അവസ്ഥയും വ്യത്യസ്ഥമല്ല.
മറ്റൊന്ന് ഉരുള്‍ പൊട്ടലാണല്ലോ. പരിസ്ഥിതി ദുര്‍ബ്ബലമായ മലയോരമേഖലകളില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഉരുള്‍പ്പൊട്ടലിനു കാരണമെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനെ നിയന്ത്രിക്കാനായി നിര്‍ദ്ദേശിക്കപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നതും കേരളമായിരുന്നല്ലോ. മാറിവന്ന സര്‍ക്കാരുകള്‍ പോലും റിപ്പോര്‍ട്ടിനെതിരെ നടന്ന കലാപങ്ങള്‍ക്കൊപ്പമായിരുന്നു. ഭൂപ്രകൃതിയും ഭൂഘടനയും പരിഗണിച്ചുകൊണ്ടാണ് പശ്ചിമഘട്ട നിരകളെ മൂന്ന് മേഖലകളായി തിരിച്ച് സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയത്. സോണ്‍ ഒന്നില്‍ മനുഷ്യര്‍ക്ക് ജീവിക്കാം പക്ഷേ, യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും- അണക്കെട്ട്, ഖനികള്‍, ആണവനിലങ്ങള്‍, വലിയ ടൂറിസം പദ്ധതികള്‍-അനുവദനീയമല്ല. അതായത് ഒരു നഗരവല്‍കരണം അവിടെ സാധ്യമല്ല. അവിടത്തെ വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പാടില്ല. സോണ്‍ രണ്ടില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ 15 വര്‍ഷത്തേക്ക് തുടരും. പക്ഷേ, അതിനുശേഷം ഒരു സംരക്ഷണ നയത്തിലേക്ക്- അതായത് ഒരു സുസ്ഥിര വികസനത്തിലേക്ക്- എത്തണമെന്നാണ് നിര്‍ദേശം ഉന്നല്‍ നല്‍കുന്നത്. സോണ്‍ മൂന്നില്‍ വികസനമാവാം. നഗരവല്‍ക്കരണമാവാം. ഈ മേഖലകളുടെ വ്യാപ്തി, അതിര്‍ത്തി എന്നിവ നിര്‍ണ്ണയിക്കുന്നതിലും ജനാഭിപ്രായം പരിഗണിക്കണം. പരിസ്ഥിതിലോലപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള ഇടങ്ങളില്‍ ഖനനം, ക്വാറി പ്രവര്‍ത്തനം, താപവൈദ്യുതനിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററോ അതിലധികമോ വരുന്നകെട്ടിടങ്ങളോ മറ്റ് നിര്‍മിതികളോ ഉണ്ടാക്കുന്നത് എന്നിവ നിരോധിക്കാന്‍ നിര്‍ദ്ദേശമുണ്ടയിരുന്നു. കൂടാതെ 50 ഹെക്ടറിലധികം വിസ്തൃതി വരുന്ന ടൗണ്‍ഷിപ്പും വികസനപദ്ധതികളും ‘ചുവപ്പ്’ വിഭാഗത്തില്‍പ്പെടുന്ന വ്യവസായങ്ങളും നിരോധിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാത്രമല്ല, അതില്‍ വെള്ളം ചേര്‍ത്ത കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും നടപ്പാക്കാതെയാണ് നമ്മള്‍ പ്രളയദുരന്തത്തെ കുറിച്ച് വാചാലരാകുന്നത്.
ഇവ മാത്രമല്ല, വികസനത്തിന്റെ പേരുപറഞ്ഞ് മറ്റനവധി പാരിസ്ഥിതിക നിയമങ്ങളും നാം തിരുത്തി കൊണ്ടിരിക്കുകയണ്. മൈന്‍ ആന്റ് മിനറല്‍ ആക്ട്, ഭൂഗര്‍ഭ ജലവിനിയോഗ നിയമം, മരം വളര്‍ത്തല്‍ പ്രോത്സാഹന നിയമം, തീരദേശ സംരക്ഷണ നിയമം എന്നിവ ഉദാഹരണം. കൂടാതെ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്ന പാരിസ്ഥിതിക വാഗ്ദാനങ്ങള്‍ നടപ്പാക്കാതിരിക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നു. വനം, കണ്ടല്‍, പശ്ചിമഘട്ടം, ജല മലിനീകരണം, മണല്‍ – പാറ ഖനനം എന്നിവയെ കുറിച്ചും ഏറെ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്ന വാഗ്ദാനത്തെ കുറിച്ച് പിന്നീട് മിണ്ടാട്ടമില്ല. നിര്‍മ്മാണ പ്രവര്‍ത്തനങ്ങൡ നിയന്ത്രണം, പൊതുവാഹനങ്ങള്‍ക്ക് പ്രോത്സാഹനം, ശബ്ദമലിനീകരണം കുറക്കും എന്നിവയില്‍ ഒരു പടിപോലും മുന്നോട്ടുപോയില്ല. പ്ലാച്ചിമട ട്രൈബ്യൂണല്‍, എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ തുടങ്ങിയ വിഷയങ്ങളിലൊന്നും പ്രകടനപത്രികയില്‍ പറയുന്ന ഒന്നും തന്നെ പ്രാവര്‍ത്തിക്കിയിട്ടില്ല. ഈ വിഷയങ്ങളൊന്നും ഉന്നയിച്ച് പോരാടാന്‍ പ്രതിപക്ഷവും തയ്യാറല്ല. അതിനാല്‍തന്നെ വരും വര്‍ഷങ്ങളിലും ഇതെല്ലാം ആവര്‍ത്തിക്കുക തന്നെ ചെയ്യും, ശാശ്വതമായ ഒരു പരിഹാരവും ഉണ്ടാകാന്‍ പോകുന്നില്ല എന്നുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply