ആദിവാസികളോട് കേരളം ചെയ്യുന്നത്……

കേരളത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. ശരിയായ രീതിയില്‍ എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ കഴിയാതെയാണ് അവര്‍ പത്താം ക്ലാസിലെത്തുന്നതെന്ന ആരോപണത്തെ 2021ലെ ദേശീയ പഠന നിലവാര സര്‍വ്വേ റിപ്പോര്‍ട്ട് ശരിവെക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്താണ് ഇതു നടക്കുന്നത്. കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിന്റെ തുടര്‍ച്ചയാണ് മധുവും വിശ്വനാഥനും മുത്തങ്ങയും നവജാതശിശുമരണവുമെല്ലാം എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

കേരളം നമ്പര്‍ വണ്‍ എന്ന് സ്ഥാനത്തും അസ്ഥാനത്തും അഹങ്കരിക്കുന്നവരാണല്ലോ പൊതുവില്‍ മലയാളികള്‍. അപൂര്‍വ്വം ചില മേഖലകളിലൊഴികെ മിക്കവാറും മേഖലകളില്‍ അതങ്ങനെയല്ല എന്ന് എത്രയോ പഠനങ്ങളും കണക്കുകളും അനുഭവങ്ങളും പുറത്തുവന്നിട്ടും ഇതേ വാചകം നിരന്തരം ആവര്‍ത്തിക്കുന്നത് നാം കേള്‍ക്കാറുണ്ട്. ആദിവാസികളുടെ ജീവിതനിലവാരത്തില്‍ കേരളം എത്രപുറകിലാണെന്നു വളരെ വ്യക്തമാണ്. എന്നാലതുപോലും അംഗീകരിച്ച്, മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ നമുക്കാവുന്നില്ല. ശ്രീ തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് ഒരിക്കല്‍, കേരളത്തിന്റെ വികസനത്തിന്റെ വിഹിതം കിട്ടാത്ത വിഭാഗമാണ് ആദിവാസികള്‍ എന്നു സമ്മതിക്കുകയുണ്ടായതു മാത്രമാണ് മുഖ്യധാരാ രാഷ്ട്രീയക്കാരില്‍ നിന്നു മറിച്ചുകേട്ട ഏകസ്വരം.

അട്ടപ്പാടിയില്‍ ആവര്‍ത്തിക്കുന്ന നവജാതശിശുമരണങ്ങളും മധുവെന്ന ചെറുപ്പക്കാരനെ ക്രൂരമായി തല്ലികൊന്നതും മാത്രം മതി ആദിവാസികളുടെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാകാന്‍. എന്നാല്‍ അതെല്ലാം സംഭവിച്ചിട്ടും നമ്മുടെ പൊതുസമൂഹത്തിന്റേയും അതിന്റെ ഭാഗമായി തന്നെ സര്‍ക്കാരിന്റേയും ആദിവാസികളോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ല എന്നതിന്റെ തെളിവാണ് പുറത്തുവരുന്ന പല സംഭവങ്ങളും. അതിലവസാനത്തേതാണ് വയനാട് ആദിവാസി യുവാവ് വിശ്വനാഥന്റെ (46) മരണം. ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ വന്ന വിശ്വനാഥനെ മോഷ്ടാവെന്നാരോപിച്ച്, മധുവിനെ മര്‍ദ്ദിച്ചപോലെതന്നെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. അതേസമയം മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പോലീസ് പറയുന്നത്. അതു ശരിയാണെന്നു സമ്മതിച്ചാല്‍ തന്നെ അതിനു കാരണം ആള്‍ക്കൂട്ട അക്രമണമാണെന്ന് പകല്‍പോലെ വ്യക്തമാണ്. ഒരാളുടെ ജാതിയും നിറവും വസ്ത്രധാരണവും ഭാഷയുമൊക്കെ നോക്കി കളളനാണെന്നു മുദ്രകുത്തുന്ന മലയാളി പൊതുബോധമാണ് വിശ്വനാഥന്റെ മരണത്തിനു കാരണം. മര്‍ദ്ദിച്ചവര്‍ക്കു മാത്രമല്ല, ഈ പൊതുബോധം പേറുന്ന എല്ലാവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വാഴകൃഷിചെയ്ത് അഭിമാനത്തോടെയായിരുന്നു വിശ്വനാഥന്റെ ജീവിതം. അത്തരമൊരാള്‍ക്ക് കള്ളനെന്ന ആരോപണവംു മര്‍ദ്ദനവും സഹിക്കുക എളുപ്പമായിരിക്കില്ല. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു സത്യത്തില്‍ വിശ്വനാഥന്‍. കുഞ്ഞിനെ ആദ്യം കണ്ടശേഷം ‘കുട്ടിയെ നോക്കാന്‍ ഒരു 15 വര്‍ഷമെങ്കിലും ആയുസ്സ് എനിക്ക് തരണേ’ എന്നാണ് വിശ്വനാഥന്‍ പറഞ്ഞതെന്ന് ജ്യേഷ്ഠന്‍ ഗോപി സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയുള്ള വിശ്വനാഥന്‍ ആത്മഹത്യ ചെയ്യേണ്ടുന്ന ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നുമവര്‍ കൂട്ടിചേര്‍ക്കുന്നു. മാത്രമല്ല വെള്ളിയാഴ്ച ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടതെന്നും മൃതദേഹത്തില്‍ മുറിവുകളും മൂക്കില്‍ നിന്ന് ചോരയും വന്നിരുന്നു എന്നുമവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മരത്തില്‍ കയറുമ്പോഴുണ്ടായ മുറിവുകളേ ഉള്ളു എന്നാണത്രെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആശുപത്രിയില്‍ വരുമ്പോള്‍ വിശ്വനാഥന്റെ കൈയ്യില്‍ ആവശ്യത്തിന് പണമുണ്ടായിരുന്നുവെന്നു ഭാര്യ ബിന്ദു പറയുന്നു. കാണാതായ അന്നുതന്നെ കേസ് നല്‍കാന്‍ ഭാര്യ ബിന്ദുവും അമ്മ ലീലയും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ പോലീസ് കേസ് എടുത്തില്ല. പിറ്റേന്ന് വിശ്വനാഥന്റെ സഹോദരന്‍ വിനോദ് കേസ് നല്‍കാന്‍ ചെന്നപ്പോള്‍ മദ്യപിച്ചു എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയാണ് പോലീസ് ചെയ്തത്. മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണത്രെ പോലീസ് കേസെടുത്തത്. പോലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മധു കൊലചെയ്യപ്പെട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ആ കുടുംബത്തിനു നീതി കിട്ടിയിട്ടില്ല എന്നു മാത്രമല്ല, കേസ് അട്ടിമറിക്കാനും സാക്ഷികളെ കൂറുമാറ്റാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുകയാണല്ലോ. കേസു നടത്തുന്നതില്‍ സര്‍ക്കാരിന്റെ ഉദാസീനതയും പ്രകടമാണ്. ആദിവാസികള്‍ രണ്ടാംതര പൗരന്മാരും മോഷ്ടാക്കളും ക്രിമിനലുകളും മദ്യപാനികളുമാണെന്ന ജാതീയ-വംശീയ ബോധ്യമാണ് ആധുനികരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളിയുടേത് എന്നതുതന്നെയാണ് സത്യം. ഈ ബോധ്യമാണ് ഒരു തെളിവുമില്ലാതെ വിശ്വനാഥനാണ് മോഷ്ടാവെന്നു തീരുമാനിച്ച മെഡിക്കല്‍ കോളേജ് പോലീസിന്റേതും സെക്യൂരിറ്റിക്കാരുടേയും. sc/st കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്ത പോലീസിനെ വിമര്‍ശിക്കുകയും sc/ts പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കറുത്തവരോടും വസ്ത്രം മോശമായി തോന്നുന്നവരോടുമുള്ള നമ്മുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അല്‍പ്പം പ്രതീക്ഷ നല്‍കുന്നത്. ദളിത് സമുദായ മുന്നണിയടക്കമുള്ള സംഘടനകള്‍ നീതിക്കായി സമരരംഗത്തിറങ്ങിയിട്ടുണ്ട്.

സ്വന്തമായി ഭൂമിയും സ്വയംഭരണവും സ്വപ്‌നം കണ്ട വയനാട്ടിലെ ആദിവാസികള്‍ മുത്തങ്ങില്‍ നടത്തിയ ഐതിഹാസിക സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കിയതിന്റെ ഇരുപതാം വാര്‍ഷികം ആചരിക്കുന്ന ഫെബ്രുവരി മാസത്തില്‍ തന്നെയാണ് ഈ ദുരന്തവും സംഭവിച്ചിരിക്കുന്നത്. അതിനുമുമ്പ് അടിയോരുടെ പെരുമണായിരുന്ന വര്‍ഗ്ഗീസ് അതിക്രൂരമായി കൊല്ലപ്പെട്ടതും ഒരു ഫെബ്രുവരിയിലായിരുന്നു. മുത്തങ്ങ സമരത്തിന്റെ 20-ാം വാര്‍ഷികം ഫെബ്രുവരി 18, 19 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കാനാണ് ആദിവാസി സംഘടനകളുടെ നീക്കം. അതിന്റെ ഭാഗമായി മുത്തങ്ങ സമര ചരിത്രം പ്രസിദ്ധീകരിക്കാനുള്ള ബൃഹത് പദ്ധതിക്കുള്ള രൂപരേഖ തയ്യാറാക്കുമെന്ന് സംഘാടകര്‍ പറയുന്നു. മുത്തങ്ങ സമരത്തിന്റെ സാമൂഹിക രാഷ്ട്രീയ കാരണങ്ങള്‍, മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെയും പത്രപ്രവര്‍ത്തകരുടെയും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും സമരാനുഭവങ്ങള്‍, സമരവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗികവും അനൗദ്യോഗികമായ രേഖകളും ഉള്‍പ്പെടുത്തി സമഗ്രമായ ഒരു രേഖപ്പെടുത്തല്‍ മൂന്ന് വോള്യങ്ങളിലായി ചെയ്യുതിനുള്ള പരിപാടിയാണ് വിഭാവനം ചെയ്യുന്നത്. ആദിവാസി-ദലിത്-പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ രാഷ്ട്രീയ മഹാസഭ എന്ന പേരില്‍ ഒരു സാമൂഹിക- രാഷ്ട്രീയ വേദിക്കുള്ള നയപ്രഖ്യാപനവും അനുസ്മരണ സമ്മേളനത്തില്‍ നടത്തും. വനാവകാശനിയമം-പെസ നിയമം ഇവ നടപ്പാക്കുക, ബഫര്‍ സോണ്‍ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേതവിജ്ഞാപനം പുനഃപരിശോധിക്കുക,, ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേ നിയോജകമണ്ഡലം ഏര്‍പ്പെടുത്തുക, തണ്ണീര്‍ത ആശ്രിത സമൂഹങ്ങള്‍ക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക, തീരദേശമത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്ക് കടലവകാശനിയമം കൊണ്ടുവരിക,, ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക, ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം ഭൂമി പതിച്ചുനല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഇതര ന്യൂനപക്ഷ മതത്തില്‍പെട്ട ദലിതര്‍ക്കും പട്ടികജാതി പദവി നല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പഞ്ചായത്ത്രാജില്‍ സംവരണം നടപ്പാക്കുക, ത്രിതല പഞ്ചായത്ത്രാജിലെ SC/സ് ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, EWS റിസര്‍വേഷന്‍ പിന്‍വലിക്കുക, SC/ST വിഭാഗത്തിലെ അതി പിന്നോ ക്കം നില്‍ക്കുവര്‍ക്ക് പ്രത്യേക വികസന പാക്കേജും റിക്രൂട്ട്‌മെന്റും നടപ്പാക്കുക, എയ്ഡഡ് മേഖല നിയമനം PSC ക്ക് വിടുക, SC/ST വകുപ്പിലെ നിയമനത്തില്‍ 50% SC/ST വിഭാഗങ്ങള്‍ക്ക് നല്‍കുക, PSC റോസ്റ്റര്‍ സംവിധാനം ശാസ്ത്രീയമായ പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ നിയോജകമണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുക ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹങ്ങള്‍ക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് രാഷ്ട്രീയ മഹാസഭയുടെ നയപ്രഖ്യാപനത്തിലുണ്ടാകുക. ആദിവാസി-ദലിത് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളെ ഒരു വോട്ട് ബാങ്ക് ആക്കുക എന്ന ലക്ഷ്യമുണ്ടെങ്കിലും സാമൂഹികമായ ഒഴിവാക്കലുകള്‍ക്കെതിരെ (social exclusion) ശക്തമായ സമരം നടത്താനുള്ള കൂട്ടായ വേദി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിനാണ് ഇന്നത്തെ സാഹചര്യത്തില്‍ ഊന്നല്‍ നല്‍കുക എന്ന് സംഘാടകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്ന 2021ലെ ദേശീയ പഠന നിലവാര സര്‍വ്വേ പരിശോധിച്ചാല്‍ ആദിവാസികളുടെ ഇന്നത്തെ അവസ്ഥയും അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ പ്രസക്തിയും ബോധ്യമാകും. അതനുസരിച്ച് കേരളത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. ശരിയായ രീതിയില്‍ എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ കഴിയാതെയാണ് അവര്‍ പത്താം ക്ലാസിലെത്തുന്നതെന്ന ആരോപണത്തെ റിപ്പോര്‍ട്ട് ശരിവെക്കുന്നു. പ്രാഥമിക വിദ്യാഭ്യാസത്തില്‍ ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന സംസ്ഥാനത്താണ് ഇതു നടക്കുന്നത്. എസ് ടി വിദ്യാര്‍ത്ഥികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും അവസ്ഥ വ്യത്യസ്ഥമല്ല. അവരുടെ വിദ്യാഭ്യാസനിലവാരമുയര്‍ത്താനായി നിരവധി പദ്ധതികള്‍ നിലവിലുണ്ടെന്നു പറയുമ്പോഴും അവയെല്ലാം പരാജയമാണെന്നും കുട്ടികളുടെ കൊഴിഞ്ഞുപോകല്‍ വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിന്റെ തുടര്‍ച്ചയാണ് മധുവും വിശ്വനാഥനും മുത്തങ്ങയും നവജാതശിശുമരണവുമെല്ലാം എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഐസക് പറഞ്ഞപോലെ കേരളവികസനത്തിന്റെ അര്‍ഹമായ വിഹിതത്തിന് ആദിവാസിജനതയെ അര്‍ഹരാക്കുന്ന സമീപനങ്ങളും നിലപാടുകളും തീരുമാനങ്ങളുമാണ് കാലം ആവശ്യപ്പെടുന്നത്. അല്ലാതെ പതിവു വാചാടോപങ്ങളല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply