പശു ഒരു രാഷ്ട്രീയ മൃഗമല്ല

ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പ്രണയദിനം കൗ ഹഗ് ഡേ ആയി ആഘോഷിക്കാനുള്ള നീക്കത്തില്‍ നിന്ന് യൂണിയന്‍ സര്‍ക്കാര്‍ പിന്മാറി. എന്നാല്‍ പശുവിനോടുള്ള വ്യാജമായ സ്‌നേഹത്തെ മുന്നില്‍ നിര്‍ത്തി വെറുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് സംഘപരിവാറിന്റേതെന്ന് സമകാലിക സംഭവങ്ങള്‍ വീണ്ടും വീണ്ടും വ്യക്തമാകുന്നു. ഗോമാതാവിന്റെ പേരില്‍ നടക്കുന്ന കൊലകള്‍ ഇപ്പോള്‍ വാര്‍ത്തപോലുമാകാതെ സ്വാഭാവിക സംഭവങ്ങളായി മാറുന്നു. ഈ സാഹചര്യത്തില്‍ കെ അരവിന്ദാക്ഷന്‍ രചിച്ച് 2019ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘രാജ്യദ്രോഹി v/s രാജ്യസ്‌നേഹി’ എന്ന പുസ്തകത്തിലെ 15-ാം അധ്യായം പുനപ്രസിദ്ധീകരിക്കുന്നു.

രാജ്യസ്‌നേഹി: പശു ഒരു രാഷ്ട്രീയ മൃഗമാണെന്ന തലവാചകം ഒരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ്…..

രാജ്യദ്രോഹി: താങ്കള്‍ പറഞ്ഞത് ശരിയാണ്….. നൂറ്റാണ്ടുകളായി പശു എന്ന സാധുമൃഗം നമ്മുടെ സാമൂഹ്യ – സാമ്പത്തിക – രാഷ്ട്രീയ – ആത്മീയ ജീവിതത്തിലുണ്ട്. തീര്‍ച്ചയായും പ്രശ്‌നം നമ്മുടേതാണ്. പശുവിന്റേതല്ല. പശുവിന്റെ കണ്ണുകളിലേയ്ക്ക് നോക്കിയിട്ടുണ്ടോ? സജലങ്ങളായ ആ കണ്ണുകളില്‍ ഈ പ്രപഞ്ചത്തിന്റെ കാരുണ്യം കാണാനാവും. ആ കണ്ണുകളിലൂടെ കാലത്തിന് പിന്നിലേയ്ക്ക് നടക്കാനാവും….. കാരുണ്യത്തിന്റെ അധികമാരും കാണാത്ത, കണ്ടിട്ടും അതവിടെയുണ്ടെന്ന് തിരിച്ചറിയാന്‍ വിസമ്മതിക്കുന്ന പച്ചപ്പുല്‍ത്തകിടിയിലാണ് നാമെത്തുക.

രാജ്യസ്‌നേഹി: താങ്കള്‍ പശുവിനെ കാരുണ്യത്തിന്റെ പ്രതീകമായി അടയാളപ്പെടുത്തി കഴിഞ്ഞു……

രാജ്യദ്രോഹി: പക്ഷേ, ആ പാവം സഹോദരിയുടെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ എന്തെല്ലാം ക്രൂരമായ പ്രവൃത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു……

രാജ്യസ്‌നേഹി: താങ്കള്‍ അങ്ങിനെ പറയുന്നത് തെറ്റാണ്. പശു ഹിന്ദുവിന്റെ കാമധേനുവാണ്. പശുവിനെ പൂജിക്കാത്ത ഒരു ഹിന്ദുവും ഇന്ത്യയിലില്ല. ഇന്ത്യയിലേയ്ക്ക് എന്ന് ഇസ്‌ളാം കടന്നുവരാന്‍ തുടങ്ങിയോ അന്നുമുതല്‍ ഞങ്ങളുടെ കാമധേനുവിന് ശാന്തി കിട്ടിയിട്ടില്ല. ഞങ്ങളുടെ ദൈവത്തെ ശാന്തിയുടെ യുഗത്തിലേയ്ക്ക് കൊണ്ടുവരികയാണ് ഞങ്ങളുടെ കടമ…. അത് ഹിന്ദുക്കളായ ഞങ്ങളല്ലാതെ ആരേറ്റെടുക്കും?

രാജ്യദ്രോഹി: നമുക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നത് വെറുപ്പുകൊണ്ട് ശത്രുക്കളെ നിര്‍വചിച്ചെടുക്കുക എന്നതാണ്. സുഹൃത്തുക്കളെ സൃഷ്ടിക്കുന്നതിനേക്കാള്‍ മുന കൂര്‍പ്പിക്കാന്‍ എളുപ്പം ശത്രുക്കളുടെ നേരെയാണ്. അതുകൊണ്ടാണ് എല്ലാ ദേശീയതകളും, പ്രതേ്യകിച്ചും സ്റ്റെയിറ്റ് അധിഷ്ഠിതമായതോ മതാധിഷ്ഠിതമായതോ വെറുപ്പിനെ ആഹരിച്ചാണ് ശക്തി വെയ്ക്കുന്നത്. ശത്രുക്കളുടെ നേരെ ജനങ്ങളെ സംഘടിപ്പിക്കുകയാണ് ഏറ്റവും എളുപ്പമായത്. സ്‌നേഹം മിക്കപ്പോഴും അമൂര്‍ത്തമാണ്. വെറുപ്പാകട്ടെ മൂര്‍ത്തമാണ്. ഒരാളെ, മറ്റൊരു മതവിശ്വാസിയെ, വിഭിന്ന വര്‍ണ്ണമുള്ളവനെ, ലിംഗത്തില്‍ പെടുന്നവളെ, ദേശക്കാരനെ എത്രവേഗം നമുക്ക് വെറുപ്പിലൂടെ ശത്രുവാക്കാനാവും. ഉരുക്ക് കോട്ടകള്‍ കെട്ടി വിവേകത്തിന്റെ ശബ്ദങ്ങളെ പൊതുജനാഭിപ്രായം എന്ന ഭൂരിപക്ഷത്തിന് ഇല്ലാതാക്കാനാവും. ഇത് തന്നെയാണ് പശു രാഷ്ട്രീയത്തിലും സംഭവിക്കുന്നത്.

രാജ്യസ്‌നേഹി: പശുവിനെ ഒരു ദാക്ഷിണ്യവുമില്ലാതെ കൊല്ലുകയും കാമധേനുവിന്റെ ഇറച്ചി വില്‍ക്കുകയും തിന്നുകയും ചെയ്യുന്നവരോട് എന്ത് ദയയാണ് കാണിക്കേണ്ടത്?

രാജ്യദ്രോഹി: താങ്കളുടെ പാര്‍ട്ടിയുടെ ഭരണകാലത്താണ് പശുവിന്റെ പേരില്‍ അന്യമതസ്ഥര്‍, ദളിതര്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. 2010നും 2017നുമിടയിലുണ്ടായ ഇത്തരം അക്രമണങ്ങളില്‍ 97 ശതമാനവും നടന്നത് മോദി സര്‍ക്കാറിന്റെ കാലത്താണ്. 63 അക്രമണങ്ങള്‍ പാവപ്പെട്ട മുസ്‌ളീംകളുടെ നേരെ നടന്നു, ഈയൊരൊറ്റ വിഷയത്തില്‍. 2017 വരെയായി 28 പേര്‍ കൊല്ലപ്പെട്ടു. 124 പേര്‍ക്ക് പരിക്ക് പറ്റി. 11/7/2016ല്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന്റെ പേരില്‍ ഗുജറാത്തിലെ ഉനയില്‍ ദളിത് യുവാക്കളെ വണ്ടിയില്‍ റോഡിലൂടെ മര്‍ദ്ദിച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യം ഏതൊരു ജനാധിപത്യരാഷ്ട്രത്തിനും അപമാനമല്ലേ സ്‌നേഹിതാ? സംഘപരിവാറിന്റെ ദളിത് പ്രേമം വെറും ഇരട്ടത്താപ്പാണെന്നതിന് ഇതില്‍പ്പരം എന്ത് തെളിവ് വേണം? 28/9/2016 ലാണ് ഉത്തര്‍പ്രദേശിലെ ബിസാരല ഗ്രാമത്തില്‍ ഗോമാംസം കൈവശം വെച്ചുവെന്നാരോപിക്കപ്പെട്ട് ദരിദ്രനായ മുഹമ്മദ് അഖ്‌ലഖിനെ ഗോസംരക്ഷകര്‍ കൂട്ടംകൂടി തല്ലിക്കൊന്നത്. 2017 ഏപ്രില്‍ ഒന്നിനാണ് ഹരിയാണ സ്വദേശിയായ ഫെല്ലൂര്‍ഖാന്‍ രാജസ്ഥാനില്‍ ആള്‍കൂട്ടത്താല്‍ കൊല്ലപ്പെട്ടത ്. പശുവിന്റെ പേരില്‍. ഈ പട്ടിക വളരെ നീണ്ടതാണ്. ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയെന്ന് മാത്രം.

രാജ്യസ്‌നേഹി: ഇവയൊക്കെ ഹിന്ദുഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് സംഭവിക്കാവുന്നതാണ്. താങ്കളെപ്പോലുള്ളവര്‍ക്ക് ഉയര്‍ത്തിക്കാട്ടാവുന്ന ഒന്നോ രണ്ടോ സംഭവങ്ങള്‍…….

രാജ്യദ്രോഹി: അതങ്ങിനെയല്ല സഹോദരാ…….. ഹിന്ദു സൈക്കിലേയ്ക്ക് ഹിന്ദുദേശീയവാദികള്‍ പതിറ്റാണ്ടുകളായി കുത്തിവെച്ചു കൊണ്ടിരിക്കുന്ന വ്യാജമായ പ്രചരണ വിഷമാണ്…… ഒരു സാധു മൃഗത്തിനെ മുന്നില്‍ നിര്‍ത്തി നിസ്സഹായനായ ഒരു മനുഷ്യജീവിയെ അടിച്ചു കൊല്ലുക.

രാജ്യസ്‌നേഹി: ഞാന്‍ മനസ്സിലാക്കിയ ചരിത്രത്തില്‍ മുസ്‌ളീം പശുവിന്റെ ഘാതകനാണ്…… അപ്പോള്‍?

രാജ്യദ്രോഹി: നമുക്ക് ചരിത്രവസ്തുതകള്‍ പരിശോധിക്കാം. ടി.എം. മുകുന്ദനും, ചരി്രതകാരനായ ധരംപാലും ചേര്‍ന്നെഴുതിയ ഒരു പുസ്തമുണ്ട്. THE BRITISH ORIGIN OF COW- SALAUGHTER IN INDIA. 2002ല്‍ പ്രസിദ്ധീകൃതമായ ആ പുസ്തകത്തിന്റെ കവര്‍ പേജില്‍ വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചിട്ടുള്ള ഒരു വാചകമുണ്ട്. ഇന്ത്യ ഭരിച്ചിരുന്ന വിക്‌ടോറിയ രാജ്ഞി അവരുടെ വൈസ്രോയി ലാന്‍സ് ഡൗണിന് 1893 ഡിസംബര്‍ എട്ടിന് എഴുതിയ കത്തില്‍ നിന്നുള്ള ഒരു വാചകമാണ്. ‘പ്രതിഷേധത്തിന്റെ ഹേതുവായി പറയപ്പെടുന്നത് മുഹമ്മദീയരുടെ ഗോഹത്യയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് നമുക്കെതിരായിട്ടുള്ളതാണ്; കാരണം മുഹമ്മദീയരേക്കാള്‍ എത്രയോ കൂടുതല്‍ പശുക്കളെ നമ്മള്‍ പട്ടാളത്തിനും മറ്റുമായി കൊല ചെയ്യുന്നുണ്ട്’ .

രാജ്യസ്‌നേഹി: എന്തടിസ്ഥാനത്തിലാണ് താങ്കളീ പ്രഖ്യാപനം ഉദ്ധരിക്കുന്നത്?

രാജ്യദ്രോഹി: എട്ടാം നൂറ്റാണ്ടിലാണ് ഇസ്‌ളാം ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ പ്രവേശിക്കുന്നത്. ആയിരത്തി ഇരുനൂറാമാണ്ടോടെ ഇസ്‌ളാമിന്റെ ആഘാതം വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ വ്യാപകമായി. പശ്ചിമ മദ്ധേ്യഷ്യയില്‍ നിന്നെത്തിയ ഇസ്‌ളാം 1200 നും 1700നുമിടയില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ – കിഴക്കന്‍ മേഖലകളില്‍ ഭരണാധികാരികളായി മാറി ഈ ഭാഗങ്ങളുടെ ഭാഗധേം നിര്‍ണയിക്കാന്‍ തുടങ്ങി. ഭരണാധികാരികളെല്ലാം അധിവാസമുറപ്പിച്ചത് നഗരങ്ങളിലും പട്ടണങ്ങളിലുമാണ്. ഈയഞ്ച് നൂറ്റാണ്ടുകളില്‍ ഇന്ത്യയില്‍ ഗ്രാമീണ ജനങ്ങളില്‍, പ്രതേ്യകിച്ചും പഞ്ചാബ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അനേകം പേര്‍ ഇസ്‌ളാമിലേയ്ക്ക് പരിവര്‍ത്തിതരായി. ഇന്ത്യയിലെ ശ്രേണീബദ്ധമായ ജാതി വ്യവസ്ഥ അവരുടെ മതം മാറ്റത്തിന് പ്രധാന കാരണമാണ്. ഇസ്‌ളാം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും മതമായിട്ടാണ് അവരിലെത്തിയത്. പിന്നീട്, മതം മാറിയവര്‍ക്ക് അതേ ശ്രേണീബദ്ധമായ ജാതി വ്യവസ്ഥ പുതിയ മതത്തിലും നേരിടേണ്ടി വന്നുയെന്നത് മറ്റൊരു കാര്യം. മതം മാറിയ ഗ്രാമീണരിലെ കര്‍ഷകരും നെയ്ത്തുക്കാരും കൈവേലക്കാരും അവരുടെ ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലും പഴയപോലെത്തന്നെ ജീവിച്ചു. ബംഗാളിലും ബീഹാറിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഇതുണ്ടായിട്ടുണ്ട്. അതേസമയം മുസ്‌ളീം ഭരണാധികാരികളാകട്ടെ നഗര-പട്ടണങ്ങളിലും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാജ്യസ്‌നേഹി: മുസ്‌ളിമിന്റെ മുഖ്യാഹാരം പശുയിറച്ചിയല്ലേ?

രാജ്യദ്രോഹി: താങ്കള്‍ക്ക് തെറ്റ് പറ്റി. കാരണം ഇസ്‌ളാം രൂപപ്പെട്ടയിടങ്ങളില്‍ പശു എന്ന മൃഗം അപൂര്‍വമായിരുന്നു. അവിടെ കൂടുതലുണ്ടായിരുന്നത് ആടും, ചെമ്മരിയാടും ഒട്ടകവുമായിരുന്നു. ഇവയുടെ ഇറച്ചിയും ഒരു തരം റൊട്ടിയുമായിരുന്നു ഉത്തര-പശ്ചിമേഷ്യയില്‍ നിന്നെത്തിയ കുടിയേറ്റക്കാരുടെ ആഹാരം. ബക്രീദിനും മറ്റ് മതോത്സവങ്ങളിലും ചെമ്മരിയാടോ ആടോ, ചിലപ്പോള്‍ ഒട്ടകമോ ബലിമൃഗങ്ങളായി കൊല്ലപ്പെട്ടു. കാലം ചെന്നതോടെ, ആടിനും ചെമ്മരിയാടിനുമൊപ്പം പശുവും ഒട്ടകത്തിനുപകരം ബലി മൃഗമായി. മുസ്‌ളീം അധിനിവേശികളും ഇന്ത്യന്‍ ജനങ്ങളും തമ്മില്‍ സ്വാഭാവികമായും സ്പര്‍ധ, ക്രമേണ വളര്‍ന്നു വന്നു. അധിനിവേശപ്പെട്ടവരില്‍ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാന്‍ അധിനിവേശക്കാര്‍ പശുക്കളെ കൊന്ന് ഗ്രാമീണരെ അപമാനിക്കാനും വ്രണപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്, പലപ്പോഴും…….

രാജ്യസ്‌നേഹി: അത് തന്നെയാണ് എനിക്കും കേള്‍ക്കേണ്ടത്, സുഹൃത്തെ.

രാജ്യദ്രോഹി: ചരിത്രം മുഴുവനായിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ജനതയുമായുള്ള സംഘര്‍ഷം ലഘൂകരിക്കേണ്ടത് ഭരണപരമായ കാര്യങ്ങള്‍ക്ക് ആവശ്യമായി വന്നതോടെ അനേകം മുസ്‌ളിം രാജാക്കന്മാര്‍ തങ്ങള്‍ ഭരണം നടത്തിയ പ്രദേശങ്ങളില്‍ ഗോവധം നിരോധിച്ചു. പിന്നീട് 200 – 300 കൊല്ലക്കാലം ഗോവധം വ്യാപകമായി ഉണ്ടായിട്ടില്ല. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. 1950 ല്‍ ഗോവധ നിരോധനത്തിനായി വാദിച്ചിരുന്ന ഒരു അഡ്വക്കേറ്റിന്റെ കണക്കനുസരിച്ച് ഇസ്‌ളാമിന്റെ പ്രതാപകാലത്ത് ഇന്ത്യയില്‍ ഓരോ വര്‍ഷവും 20000 കൂടുതല്‍ പശുക്കള്‍ കൊല്ലപ്പെട്ടിട്ടില്ല. ആയിരത്തി എഴുനൂറിനുശേഷം വളരെ കുറച്ച് ഗോവധങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒന്നാമതായി ഇസ്‌ളാം മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ പശുവിനെ കൊല്ലുന്നതിനോ പശുയിറച്ചി തിന്നുന്നതിനോ ഇഷ്ടപ്പെട്ടില്ല. രണ്ടാമതായി ആയിരത്തി എഴുനൂറുകളോടെ ഇന്ത്യയില്‍ ഇസ്‌ളാം പ്രതാപം മങ്ങി. ഗോവധവും അസ്തമിക്കാന്‍ തുടങ്ങി. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇസ്‌ളാം ഇന്ത്യയില്‍ വന്നതു മുതല്‍ ഇന്നുവരെയും ഗോവധം തുടരുന്നുയെന്ന പ്രചാരണം പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചു. ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിമാര്‍ പോലും ഇസ്‌ളാം മതപരമായോ രാഷ്ട്രീയമായോ എത്ര പശുക്കളെ കൊന്നു ഇക്കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിലെന്ന് വേര്‍തിരിച്ച് കാണാത്തവരാണെന്ന് പറയാതെ വയ്യ.

രാജ്യസ്‌നേഹി: താങ്കള്‍ പറഞ്ഞുവരുന്നത്……..

രാജ്യദ്രോഹി: 1498 ല്‍ വാസ്‌കോ ഡ ഗാമ കോഴിക്കോട് കപ്പലിറങ്ങുന്നതോടെയാണ് ഇന്ത്യയില്‍ യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. 1750കളോടെ പട്ടാള ആവശ്യത്തിനായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ആദ്യം മദ്രാസിലും പിന്നീട് ബംഗാളിലും ബീഹാറിലും ഒറീസ്സയിലും ഗോവധം വ്യാപകമാക്കുകയും അറവുശാലകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 1800കളോടെ ഫാക്ടറി ടൈപ്പ് അറവുശാലകള്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ കേന്ദ്രീകരിച്ച സ്ഥലങ്ങളിലെല്ലാം നിലവില്‍ വന്നു.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തുന്നതുവരെ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രാമീണ മുസ്‌ളീമിനെ മറ്റ് ഗ്രാമീണരില്‍ നിന്ന് വ്യത്യസ്തമാക്കിയിരുന്ന ഘടകങ്ങള്‍ ഇല്ലായിരുന്നുയെന്നുതന്നെ പറയാം. അവരെല്ലാം പാവപ്പെട്ട കര്‍ഷകരായിരുന്നു. അവര്‍ പശുയിറച്ചി തിന്നിരുന്നില്ല. ഈ സത്യം ഇന്നത്തെ പാക്കിസ്ഥാന്‍ – ബംഗ്‌ളാദേശ് മുസ്‌ളീംകളെപ്പറ്റിയും ശരിയാണ്. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് മുസ്‌ളീമിന് പ്രതേ്യകമായ അടയാളങ്ങളുണ്ടാക്കി അവരെ ഹിന്ദുവില്‍ നിന്ന് വേര്‍തിരിച്ച് നിര്‍ത്തേണ്ടത് തന്ത്രപരമായ കാര്യമായിരുന്നു. ഹിന്ദുവും മുസ്‌ളീമും തമ്മിലുള്ള സാമൂഹ്യബന്ധങ്ങള്‍ ഇല്ലാതാക്കേണ്ടതും. അതോടെ മുസ്‌ളീമുകള്‍ ഒരു പ്രദേശത്തു തന്നെ പ്രതേ്യകം ഭാഗങ്ങളിലേയ്ക്ക് മാറ്റപ്പെട്ടു. ക്രിസ്ത്യാനികളും. സംഘപരിവാര്‍ ഈ ബ്രിട്ടീഷ് തന്ത്രമാണ് കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായിചെയ്തുകൊണ്ടിരിക്കുന്നത്.

രാജ്യസ്‌നേഹി: താങ്കള്‍ ചരിത്രത്തിലൂടെ പറയുന്ന കാര്യങ്ങള്‍ സത്യമാണെങ്കില്‍……

രാജ്യദ്രോഹി: കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷ് അധികാര ശക്തി ഇന്ത്യയെ കീഴടക്കിയതോടെ അന്യായമായ നികുതി ചുമത്തിയും കൃഷി ഭൂമികള്‍ കണ്ടുകെട്ടിയും ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചു. ബ്രിട്ടീഷ് നയങ്ങള്‍ ഇന്ത്യക്കാരെ പാപ്പരാക്കി. 1769-70 കളില്‍ ബ്രിട്ടീഷുകാരാണ് ബംഗാള്‍ ക്ഷാമം വരുത്തി വെച്ചത്. ബംഗാളിലും ഉത്തരേന്ത്യന്‍ ദക്ഷിണേന്ത്യന്‍ ഗ്രാമങ്ങളിലും ജനങ്ങള്‍ പട്ടിണിയിലായി. കര്‍ഷകര്‍ ഭൂരഹിതരായി, കൈവേലക്കാരുടെ തൊഴിലുകള്‍ നഷ്ടപ്പെട്ടു. 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണം ഇന്ത്യയ്‌ക്കേറ്റ അശനിപാതമായിരുന്നു. 1800 – 1900 കാലയളവില്‍ ഒരു കോടി തൊണ്ണൂറ് ലക്ഷം ഇന്ത്യക്കാരെയാണ് ബ്രിട്ടീഷ് ഭരണം പട്ടിണിക്കിട്ട് കൊന്നൊടുക്കിയത്; തോക്കുകൊണ്ടല്ല, കൃഷി ഭൂമി ഊഷരമാക്കിയും, നികുതികള്‍ ചുമത്തിയും, കൈവേലകളും നാട്ടറിവും നശിപ്പിച്ചും. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പിലുണ്ടായ എല്ലാ യുദ്ധങ്ങളിലുമായി കൊല്ലപ്പെട്ടവര്‍ 50 ലക്ഷം പേരില്‍ കൂടുതലില്ലയെന്നും ഓര്‍ക്കണം.

രാജ്യസ്‌നേഹി: എന്നെ ഇത് വേദനിപ്പിക്കുന്നു….

രാജ്യദ്രോഹി: 1930കള്‍ വരെയും, തീവണ്ടി ഗതാഗതമില്ലാത്ത സ്ഥലങ്ങളില്‍ പട്ടാളസാമഗ്രികളും, ഭക്ഷണവും മറ്റും കൊണ്ടുപോയിരുന്നത് കാളകളെ ഉപയോഗിച്ചാണ്. ബ്രിട്ടീഷുകാരനുവേണ്ടി നമ്മുടെ കാലി സമ്പത്തും മനുഷ്യാദ്ധ്വാനവും യാതൊരു പ്രതിഫലവും നല്‍കപ്പെടാതെ കവര്‍ച്ച ചെയ്യപ്പെട്ടു. തൊഴില്‍ നഷ്ടപ്പെട്ട കര്‍ഷകരും, കൈവേലക്കാരും, ഇവരില്‍ ഗ്രാമീണ മുസ്‌ളീമുകളും ഉണ്ടായിരുന്നു, ഉപജീവനത്തിനായി മറ്റ് തൊഴിലുകള്‍ തേടി. ജാതിശ്രേണിയുടെ താഴെത്തട്ടിലുള്ളവരും മുസ്‌ളീമുകളും അറവ് തൊഴിലായെടുക്കാന്‍ പലപ്പോഴും ബ്രിട്ടീഷുകാരാല്‍ നിര്‍ബന്ധിക്കപ്പെട്ടു. ഇന്ത്യയില്‍ മിക്കയിടങ്ങളിലും ദരിദ്രനായ മുസ്‌ളീമിന് പശുവിനെ അറക്കുന്ന അറവുകാരന്റെ റോളിലേയ്ക്ക് തന്നെ മാറ്റിയെടുക്കേണ്ടി വന്നു; ആധുനിക വിപണിയ്ക്കുള്ള ആഡംബരവസ്തുക്കള്‍ ഉണ്ടാക്കാനുള്ള പശുത്തോല്‍, ചത്ത പശുക്കളില്‍ നിന്ന് ഉരിഞ്ഞെടുക്കാന്‍ കീഴാളരില്‍ കുറേപ്പേരും നിര്‍ബ്ബന്ധിതരായി.

ഒരു ലക്ഷം പട്ടാളക്കാരാണ് ബ്രിട്ടീഷിന്ത്യയില്‍ ഉണ്ടായിരുന്നത്. അനേകലക്ഷം ബ്രിട്ടീഷുകാരും വെള്ളക്കാരും മറ്റ് ജോലികളില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്നു. ഇവര്‍ക്കെല്ലാം പശു ഇറച്ചി തിന്നാന്‍ എത്ര പശുക്കള്‍ കൊല്ലപ്പെട്ടു? 1880 – 1893 ലെ ബ്രിട്ടീഷ് ഇന്റലിജന്‍സ് രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചതില്‍ നിന്ന് ധരംപാലിന് വ്യക്തമായത്, പഞ്ചാബ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, എന്നിവിടങ്ങളില്‍ മുസ്‌ളീം ഗോവധം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. തങ്ങളുടെ ആവശ്യത്തിനായി ബ്രിട്ടീഷുകാര്‍ മുസ്‌ളീമുകളെ ഗോവധത്തിന് നിര്‍ബ്ബന്ധിക്കുകയാണുണ്ടായത്. 1891ല്‍ ഇരുപത്തി രണ്ടാം വയസ്സില്‍ നിയമം പഠിക്കാന്‍ ലണ്ടനിലെത്തിയ ഗാന്ധിയ്ക്ക് അക്കാലത്തെ ഇന്ത്യയില്‍ ഗോവധ നിരോധന സമരങ്ങള്‍ നടന്നിരുന്നതായി അറിയാമായിരുന്നു. മുപ്പതിനായിരം പശുക്കള്‍ ഒരു ദിവസം ബ്രിട്ടീഷുകാരന്റെ ഭക്ഷണത്തിനായി കൊല്ലപ്പെട്ടിരുന്നുയെന്ന് 1917ല്‍ ഗാന്ധി പറയുന്നുണ്ട്. ഇനി താങ്കള്‍ പറയൂ, ഗോവധത്തിന്റെ അടിസ്ഥാന പ്രയോക്താക്കള്‍ ആരാണ് ബ്രിട്ടീഷ് സാമ്രാജ്യത്തമോ, മുഗള്‍ ഭരണമോ? ദാദ്രിയിലെ പാവപ്പെട്ട മുസ്‌ളീമിനെ പശുയിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് തല്ലിക്കൊന്ന ഹിന്ദുദേശീയവാദികളുടെ ഹിംസയെ, കാമധേനുവിന്റെ ഏത് ധര്‍മ്മ ശാസ്ത്രമനുസരിച്ചാണ് ന്യായീകരിക്കുക? മുമ്പൊരദ്ധ്യായത്തില്‍ വ്യക്തമാക്കിയതുപോലെ പടിഞ്ഞാറന്‍ ആധുനിക നാഗരികതയുടെ ഹിംസയില്‍ അഭിരമിച്ച് അതാണ് ശരിയെന്ന് വിശ്വസിക്കുന്ന ഹിന്ദുത്വവാദികള്‍ക്ക് എന്തുത്തരമാണിതിനുള്ളത്? ഗോവധത്തിനെതിരെ ഹിംസ അഴിച്ചുവിടുന്നവര്‍ ആധുനിക നാഗരികതയെ ആദ്യം പ്രതിരോധിക്കണം.

രാജ്യസ്‌നേഹി: താങ്കളുടെ വാദമുഖങ്ങള്‍ ശക്തമാണ്…… താങ്കളുടെ ഗാന്ധിയ്ക്ക് ഗോവധത്തെപ്പറ്റി എന്താണ് പറയാനുള്ളത്?

രാജ്യദ്രോഹി: ആ ചോദ്യത്തിലേയ്ക്ക് നമുക്ക് വരാം. ഗാന്ധിയുടെ ജീവിതത്തിന്റെ ആധാരശില രണ്ട് അടിസ്ഥാന പ്രമാണങ്ങളിലാണ്. സത്യം – അഹിംസ. ഒന്നില്ലെങ്കില്‍ മറ്റേതില്ല. രണ്ടും സചേതനമാണ്. ഗോവധത്തിന്റെ കാര്യത്തിലും ഈ അടിസ്ഥാനപ്രമാണമാണ് നാം നോക്കേണ്ടത്. ഒന്നാമതായി, ജീവനുള്ള ഏതിന്റെയും ജീവന്‍ അപഹരിക്കുന്നത് അഹിംസയുമായി ചേരുന്നതല്ല. ഗോവധം ഗാന്ധിയ്ക്ക് ധാര്‍മ്മികവും ആത്മീയവും സാംസ്‌കാരികവും സാമ്പത്തികവുമായ വിഷയമാണ്. ഹിന്ദുത്വവാദിയ്ക്ക് പശുയെന്നത് ഒരു രാഷ്ട്രീയ വിഷയമാണ്, മുസ്‌ളീമിനോടുള്ള ചരിത്രത്തോടുള്ള പകവീട്ടല്‍. മതേതര വാദിക്ക് അത് വെറും കച്ചവട കാര്യമാകാം. പശു ഒരു കച്ചവട വസ്തു. ഹിന്ദുത്വവാദിയും മതേതരവാദിയും പശുവിനെ കാണുന്നത് ഉപകരണമായിട്ടാണ്.

രാജ്യസ്‌നേഹി: കുറെക്കൂടി വിശദീകരണം ആവശ്യമാണ്.

രാജ്യദ്രോഹി: 1926ല്‍ ഗാന്ധി എഴുതി: മനുഷ്യനുമായി മാത്രമല്ല എന്റെ ധര്‍മ്മം എന്നെ സാഹോദര്യപ്പെടുത്തുന്നത്; തേളുമായും ആടുമായും കുതിരയുമായും സിംഹവും പുലിയും പാമ്പുമായും സാഹോദര്യപ്പെടുത്തുന്നുണ്ട്. എന്റെ ധര്‍മ്മം എല്ലാമതത്തിലുമുണ്ട്. പക്ഷേ, വ്യക്തി സ്വത്വത്തെ ഏക ദൈവത്തിനും ദൈവത്തെ സംഘടിത ഹിന്ദുത്വത്തിനും അതിന്റെ ഹിംസാത്മക സ്ഥാപനങ്ങള്‍ക്കും ഹിന്ദുത്വാ കീഴ്‌പ്പെടുത്തുന്നു. പശു ദൈവത്തിന്റെ കാമധേനുവാകുന്നതിനു പകരം കാമാതുരമായ ഹിംസയുടെ മാംസക്കഷ്ണമായി മാറുന്നു. ഗാന്ധിയുടെ മതബോധം സഹോദരനായ മുസ്‌ളീമിനെ ഗോഹത്യയുടെ പേരില്‍ കൊല്ലാന്‍ ഒരിക്കലും അനുവദിക്കുന്നില്ല.

മിണ്ടാപ്രാണിലോകത്തിന്റെ സേവനമാണ്, സ്‌നേഹമാണ് ഗാന്ധിയ്ക്ക് ഗോസേവ. ദരിദ്രനായ ഇന്ത്യക്കാരന് ഗോസംരക്ഷണം സാമ്പത്തിക സഹകരണത്തിന്റെ മാര്‍ഗ്ഗമാണ്. സാമൂഹ്യമായി അത് സമുദായിക മൈത്രി സൃഷ്ടിക്കുന്നു. ആത്മീയമായി എല്ലാ ജീവജാലങ്ങളുമായുള്ള തിരിച്ചറിവാണത്. നല്ല ജനുസ്സുള്ള കാലികള്‍ക്കായി പരീക്ഷണങ്ങള്‍ ആവശ്യമാണ്. ഇന്ത്യയില്‍ തന്നെ നൂറ് കണക്കിന് കാലി ജനുസ്സുകളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം നാടന്‍ ജനുസ്സുകളെ അഭിവൃദ്ധിപ്പെടുത്തി ഇന്ത്യയുടെ കാലിസമ്പത്തിനെ പുഷ്ടിപ്പെടുത്തിയാല്‍, ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരക്കുറവിന് വലിയൊരളവോളം പരിഹാരമാകും. വ്യത്യസ്തയിനം സ്വാഭാവിക ഭക്ഷണങ്ങള്‍ കാലികള്‍ക്ക് നല്കി പാലിന്റെ ഗുണമേന്മയും വര്‍ധനവും നിലനിര്‍ത്തണം. പാല്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. കാളക്കുട്ടികളെ വേദന കുറഞ്ഞ മാര്‍ഗ്ഗങ്ങളിലൂടെ വന്ധീകരിക്കണം. ഇവയെല്ലാം ഗാന്ധിയുടെ ആശ്രമത്തില്‍ ചെയ്തിരുന്നു. തോല്‍ സംസ്‌കരണം ശാസ്ത്രീയമായും നൈതിക ബോധത്തോടെയും നിര്‍വഹിച്ചാല്‍ പശുക്കളോടുള്ള ക്രൂരതയും അവയെ വാര്‍ധക്യത്തില്‍ അനാഥമായി മരിക്കാന്‍ വിടുന്നതും ഒഴിവാക്കാം. അവയുടെ എല്ലുകള്‍ വളമാക്കാം. തോല് ചെരിപ്പിനും ബൂട്ടിനും ഉപയോഗപ്പെടുത്താം. നൂല്‍നൂല്പ് പോലെത്തന്നെ ‘ഗോസേവ’യും ഗാന്ധിയ്ക്ക് സാംസ്‌കാരികമായ നിര്‍മ്മാണ പ്രവര്‍ത്തനമാണ്. ഗാന്ധിയുടെ മതവും ശാസ്ത്രബോധവും സാമ്പത്തിക ശാസ്ത്രവും സാംസ്‌കാരികമായ തിരിച്ചറിവും നാടന്‍ സാങ്കേതിക വിദ്യകളുടെ അറിവും ഇവിടെ സമന്വയിക്കുന്നു.ഇത്തരം ഗോസേവ കേന്ദ്രങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ, സ്വരാജിലേയ്ക്കുള്ള ഒരിടവഴിയും ഗാന്ധി തുറന്നിടുന്നുണ്ട്.

രാജ്യസ്‌നേഹി: ഇത്തരം ഗോസേവ കേന്ദ്രങ്ങളില്‍ ഞങ്ങള്‍ക്കും താല്പര്യമുണ്ട്.

രാജ്യദ്രോഹി: 2014 മുതലുള്ള താങ്കളുടെ പാര്‍ട്ടിയുടെ ഭരണകാലത്ത് ഗാന്ധിയന്‍ രീതിയിലുള്ള ഒരു ഗോസേവ കേന്ദ്രവും തുറന്നിട്ടില്ല. ഗോവസേവ കേന്ദ്രങ്ങളില്‍ പശുക്കള്‍ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങുകയാണ്. പട്ടിണി കിടക്കുന്ന പശുക്കള്‍ തെരുവോരങ്ങളിലെ ഭക്ഷണാവിശിഷ്ടങ്ങളുടെ പ്‌ളാസ്റ്റിക് ഉറകള്‍ വിഴുങ്ങി ചത്തൊടുങ്ങുന്നത് ഇന്ത്യയില്‍ നിത്യ സംഭവമാണ്. പാവപ്പെട്ട മുസ്‌ളീമല്ല, പശുവിന്റെ ശത്രുവെന്ന്, ഗാന്ധി തന്റെ ആത്മകഥയിലൊരിടത്ത് പറയുന്നുണ്ട്. ഫൂക്ക എന്ന അതിക്രൂരമായ ഒരു പ്രവൃത്തിയെപ്പറ്റി ഗാന്ധി വിവരിക്കുന്നുണ്ട്. പശുവിന്റെ യോനിയിലൂടെ ഉരുണ്ട നീളമുള്ള വടി കുത്തിയിറക്കി അതിന്റെ അകിട്ടില്‍ നിന്ന് അവസാന തുള്ളി പാലും ഊറ്റിയെടുക്കുന്നവര്‍ ഹിന്ദുക്കള്‍ തന്നെയാണെന്ന് ഗാന്ധി പറയുന്നുണ്ട്. അത്രയ്ക്കുണ്ട് അവരില്‍ ചിലരുടെ ഗോസ്‌നേഹം! അതറിഞ്ഞതോടെ ഗാന്ധി പില്‍ക്കാല ജീവിതത്തില്‍ പശുവിന്‍ പാല്‍ ഉപേക്ഷിച്ചു. 25/2/1920 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ The Cruelty to Animals Act,1920 പ്രകാരം ഫുക്കാ നിരോധിക്കുകയുണ്ടായി.

രാജ്യസ്‌നേഹി: അത് തീര്‍ച്ചയായും അതി ക്രൂരം തന്നെയാണ്………(മൈതാനത്തിന്റെ അറ്റത്ത് മൂന്നരക്കാലില്‍ ഞൊണ്ടി നടക്കുന്ന പശുവിനെ ചൂണ്ടിക്കാട്ടി) നോക്കു, സ്‌നേഹിതാ …… ആ സാധു മൃഗത്തിന്റെ അവസ്ഥ!

രാജ്യദ്രോഹി: വേദനാജനകം തന്നെ! പക്ഷേ, ചെറിയൊരു സമാധാനം തോന്നുന്നു……? ഒരു കര്‍ഷന്‍ അതിനെ അനുഗമിക്കുന്ന കണ്ടോ? അയാളതിന്റെ ഉടമസ്ഥനാണ്….

രാജ്യസ്‌നേഹി: ശരിയാണ്. അയാള്‍ അതിനോട് എന്തോ പറയുന്നുണ്ട്….

രാജ്യദ്രോഹി: അതാണ് ഞാന്‍ പറഞ്ഞത് ക്രൂരതകള്‍ക്കിടയിലും സാധാരണ മനുഷ്യനില്‍ കാരുണ്യത്തിന്റെ ജീവബിന്ദുക്കളുണ്ട്. ഇന്ത്യയുടെ കര്‍ഷകഗ്രാമങ്ങളെ അനുഭവത്തിലൂടെ തൊട്ടറിഞ്ഞ പത്രപ്രവര്‍ത്തകന്‍ പി. സായിനാഥ് പതിനെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒറീസ്സയിലെ നൗപദയിന്‍ നിന്ന് ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ജീവിച്ചിരുന്ന കാലത്തോളം ജാതിഹിന്ദുവിന് പശു വിശുദ്ധയാണ്. അന്നേരം ദളിതുകള്‍ പശുവിനേക്കാള്‍ എത്രയോ താഴ്ന്നവരാണ്. എന്നാല്‍ പശു ചത്ത് കഴിഞ്ഞാല്‍ അതിന്റെ വിശുദ്ധിയും ജാതിഹിന്ദുക്കളില്‍ ഇല്ലാതാവുന്നു. ചത്ത പശുവിനെ കുഴിച്ചിടാന്‍ ദളിതന്‍ വേണം….. നമ്മുടെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ഈ റിപ്പോര്‍ട്ട് നേരത്തെ അഹമ്മദാബാദിലെ ഉനയില്‍ ചത്ത പശുവിന്റെ തോലുരിഞ്ഞതിന് ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ദളിതുകളുടെ ചിത്രത്തിലേയ്ക്ക് നയിക്കുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും ദളിതന് പശുവിനേക്കാള്‍ എത്രയോ താഴ്ന്ന അവസ്ഥയാണ് ഇന്ത്യയിലെ ജാതിഹിന്ദുക്കള്‍ കല്പിച്ചുകൊടുത്തിരിക്കുന്നത്….. ഇതിനേക്കാള്‍ ദയനീയമായ ഒരവസ്ഥ ഒരു ജനാധിപത്യത്തിന് സംഭവിക്കാനുണ്ടോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാജ്യസ്‌നേഹി: താങ്കള്‍ പറഞ്ഞത് ഞാനും നൂറ് ശതമാനം അംഗീകരിക്കുന്നു……. ഉനയിലെ സംഭവം എന്റെ കണ്ണ് നനയിക്കുന്നു……

രാജ്യദ്രോഹി: നമുക്കീ അദ്ധ്യായം ഉപസംഹരിക്കേണ്ടതുണ്ട്. നമുക്ക് ഗാന്ധിയിലേയ്ക്ക് വരാം. ഒരിക്കല്‍ സാരമായി പരിക്കുപറ്റിയ ഒരു പശുക്കിടാവിനെ ഗാന്ധിയുടെ ആശ്രമത്തില്‍ വെച്ച് വിഷം കുത്തിവെച്ച് മരണത്തിലേയ്ക്ക് നയിക്കുകയുണ്ടായി. അത് ജൈന – വൈഷ്ണവ വിഭാഗങ്ങള്‍ക്കിടയില്‍ ഏറെ അലോസരമുണ്ടാക്കി. അഹിംസയുടെ അപ്പസ്‌തോലനെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ഗാന്ധി പറഞ്ഞു: ‘നമ്മുടെ അഹിംസാവാദികളുടെ ഒരു പ്രശ്‌നം അവര്‍ അഹിംസയെ അന്ധമായ ഒരു വസ്തുവായി കാണുന്നു. അത് ശരിയായ അഹിംസ നമുക്കിടയില്‍ പ്രചരിക്കുന്നതിന് തടസ്സമാണ്. …. അഹിംസയെക്കുറിച്ചുള്ള നമ്മുടെ ഇപ്പോഴത്തെ വീക്ഷണം ഹിംസയുടെ മറ്റ് രൂപങ്ങളായ പരുഷമായ വാക്ക്, പരുഷമായ വിധി കല്പനകള്‍, ദോഷൈകത, കോപം, വെറുപ്പ്, ക്രൂരതയോടുള്ള അഭിനിവേശം എന്നിവയാല്‍ മനസാക്ഷിയുടെ സംവേദനത്തെ റദ്ദാക്കുന്നു. അത് നമ്മെ ഹിംസയുടെ തീവ്രരൂപങ്ങള്‍ മറക്കാന്‍ പ്രേരിപ്പിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നേരെയുള്ള ഇഞ്ചിഞ്ചായുള്ള പീഡനം; സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി അവരെ പട്ടിണിക്കിടുന്നതും ചൂഷണം ചെയ്യുന്നതും; ദുര്‍ബ്ബലരെ അനിയന്ത്രിതമായി മര്‍ദ്ദിക്കുന്നതും അപമാനിക്കുന്നതും; അവരുടെ ആത്മാഭിമാനത്തെ കൊല്ലുന്നതും; ദയാവായ്‌പോടെ ജീവനെടുക്കുന്നതിനേക്കാള്‍ ഭീകരമാണ്. ഇതാണ് നാം ചുറ്റും കാണുന്നത്’.

ഇക്കാര്യത്തെ വിശകലനം ചെയ്യുന്ന രാമചന്ദ്രഗുഹ ‘ഗാന്ധി (1914 – 48)’ എന്ന തന്റെ ബൃഹദ് ഗ്രന്ഥത്തില്‍ എഴുതുന്നത് വായിക്കേണ്ടതാണ്. സാരമായി പരിക്കേറ്റ് വേദന തിന്നുന്ന പശുക്കിടാവിനെ ദയാവധത്തിന് വിധേയനാക്കിയ ഗാന്ധിക്കെതിരെ നൂറുകണക്കിന് കത്തുകളാണ് വന്നത്. ഗാന്ധി അഹിംസയുടെ ലേബലില്‍ ഹിംസ ചെയ്യുന്നവനാണെന്നായിരുന്നു മിക്കവയുടെയും ഉള്ളടക്കം. എന്നാല്‍, ഒരു കത്ത് ഗാന്ധിയുടെ ശ്രദ്ധ ആകര്‍ഷിച്ചു. ആ കത്തെഴുതിയ വ്യക്തി ഇങ്ങിനെയാണ് വാദിച്ചത്: ഒരു ജനതയെ മുഴുവന്‍ ഒരു വ്യക്തി മര്‍ദ്ദിച്ചൊതുക്കാന്‍ തുടങ്ങിയാല്‍ അയാളുടെ മര്‍ദ്ദനത്തില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അയാളെ വധിക്കുന്നത് ‘ഗാന്ധിയുടെ ഇത്തരം വീക്ഷണത്തില്‍ അഹിംസ തന്നെയല്ലേ? ആ കത്തെഴുതിയ വ്യക്തി ചോദിച്ചു: കര്‍ഷകന്റെ വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെയും മറ്റും നശിപ്പിക്കുന്നതില്‍ ഹിംസയില്ല; എന്തുകൊണ്ട് പിന്നെ സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് വലിച്ചിടുന്ന സ്വേഛാപതികളായ മനഷ്യകീടങ്ങളെ കൊന്നുകൂടാ?’

അദ്ദേഹത്തിന് ഇപ്രകാരമാണ് ഗാന്ധി മറുപടി നല്‍കിയത്. ‘മനുഷ്യവധത്തെ ഒരു കാരണവശാലും താന്‍ ന്യായീകരിക്കില്ല. പശുക്കിടാവിനെ വധിക്കാന്‍ സമ്മതിച്ചത് അതിന്റെ വേദന ഇല്ലാതാക്കാനാണ്. വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെയും മൃഗങ്ങളെയും കൊല്ലുന്നതില്‍ ഹിംസയില്ലെന്ന് വാദിച്ചത്, മനുഷ്യനിന്നുവരെയും അത്തരം കീടങ്ങളുടെയും മൃഗങ്ങളുടെയുംമനസ്സ് മാറ്റാനുള്ള വിദ്യ കണ്ടെത്തിയിട്ടില്ലാത്തതുകൊണ്ടാണ്. എന്നാല്‍ ഒരു മനുഷ്യനും, അയാളെത്ര ക്രൂരനായാലും, പശ്ചാത്താപത്തിനും മനോനവീകരണത്തിനും സാധ്യമല്ലാത്തവനല്ല…. അതുകൊണ്ടാണ് സ്വാര്‍ത്ഥ താല്പര്യത്തിനുവേണ്ടി ഒരു മനുഷയനെ കൊല്ലുന്നത് അഹിംസാ പദ്ധതിയില്‍ സ്ഥാനം പിടിക്കാത്തത്…’

രാജ്യസ്‌നേഹി: ഇതും ഗോവധവും തമ്മിലെന്ത് ബന്ധം?

രാജ്യദ്രോഹി: ഉണ്ടല്ലോ…. ഗോസംരക്ഷണത്തിന്റെ പേരില്‍ സാധുക്കളായ മുസ്‌ളീമിനെയും ദളിതനെയും തെരുവിലിട്ട് കൊല്ലുന്നത്, ദൈവത്തിനെയും, വിശ്വാസത്തെയും രക്ഷിക്കാനല്ല. എന്ത് ദൈവമാണ്, ഏത് വിശ്വാസമാണ് അതിന് സാധുത നല്‍കുക? അത്തരം ദൈവങ്ങള്‍ കള്ളനാണയങ്ങളാണ്. വിശ്വാസങ്ങള്‍ കപടമാണ്. അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പേക്കൂത്തുകളാണവ. ഞാന്‍ ആവര്‍ത്തിക്കുന്നു. പശു ഒരു രാഷ്ട്രീയ മൃഗമല്ല, തീവ്ര ഹിന്ദുത്വാവാദികള്‍ക്ക് അധികാരത്തിലെത്താനുള്ള ഒരുപകരണമല്ല. അതിന്റെ പേരില്‍ ഒരു മനുഷ്യനെയും കൊല്ലാന്‍ ഈ ഭൂമിയില്‍ ആര്‍ക്കും അധികാരമില്ല. എല്ലാ ജീവനെയും സ്‌നേഹിക്കുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും ഭാഗമായി പശുയിറച്ചി ഭക്ഷണത്തിന്റെ ഭാഗമാക്കുന്ന സഹോദരങ്ങളോട് നമുക്ക് വിനയേത്താടെ, സ്‌നേഹത്തോടെ അപേക്ഷിക്കാം. ദയവുണ്ടായി പശുവെന്ന സാധുമൃഗത്തെ വെറുതെ വിടുക…. എന്നാല്‍ പരിക്കേറ്റവയും വാര്‍ധക്യത്തിലെത്തിയവയുമായ പശുക്കളെയും കാളകളെയും ശാസ്ത്രീയമായി കൊന്ന്, അവയെ നമ്മുടെ സാമൂഹ്യസമ്പത്തിന്റെ ഭാഗമാക്കുന്നത് അഭികാമ്യമാണ്, ഗാന്ധിയന്‍ സാമ്പത്തിക വീക്ഷണത്തില്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply