അട്ടപ്പാടിയില്‍ നടക്കുന്നത് വംശീയഹത്യയല്ലാതെ മറ്റെന്ത്

കഴിഞ്ഞ ആഴ്ച നാലുദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു നവജാതശിശുക്കളും ഒരമ്മയും പോഷകാഹാരക്കുറവുമൂലം മരിച്ചതിനെ തുടര്‍ന്നാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വിഷയത്തില്‍ പട്ടികജാതി, വര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന്തതില്‍ കേരളം ഒന്നാം സ്ഥാനത്താകാനുള്ള കാരണം ആരാണെന്ന തര്‍ക്കം കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ഈ വാര്‍ത്തയും പുറത്തുവന്നത്. പട്ടിണി എന്ന കുറ്റത്തിന് കൊല ചെയ്യപ്പെട്ട മധുവിന്റെ മാതാവ് തങ്ങള്‍ക്ക് നീതി കിട്ടുന്നില്ല എന്നു പറഞ്ഞതും ഇതേസമയത്തായിരുന്നു.

കേരളത്തിലെ ആദിവാസികളുടെ അവസ്ഥ സോമാലിയക്കു തുല്ല്യമാണെന്നു രാഷ്ട്രീയ താല്‍പ്പര്യത്തിന്റെ പേരിലായിരിക്കാം ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്. എന്നാല്‍ കക്ഷിരാഷ്ട്രീയം മാറ്റിവെച്ച് പരിശോധിച്ചാല്‍ മോദി പറഞ്ഞതില്‍ സത്യമില്ലെന്നു പറയാനാകില്ല. പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്ന ചെറിയ ആദിവാസി മേഖലയില്‍ പോഷകാഹാരമില്ലാത്തതിനെ തുടര്‍ന്ന്് വര്‍ഷം തോറും മരിക്കുന്ന നവജാത ആദിവാസി ശിശുക്കളുടെ കണക്ക് ഇന്ത്യയിലെവിടേയുമില്ല എന്നതാണ് വസ്തുത. മൂന്ന് പഞ്ചായത്തുകളില്‍ ഇരുനൂറോളും ഊരുകളിലായി 33000 ത്തോളം വരുന്ന ജനസംഖ്യയുള്ള സമൂഹമാണ് അട്ടപ്പാടിയിലെ ആദിവാസികള്‍. ഐക്യകേരളം രൂപപ്പെട്ടതിനുശേഷം ഇവര്‍ക്കായി ചെലവാക്കി എന്നു പറയുന്ന പണം വീതിച്ചു കൊടുത്താല്‍ ഇവരോരുത്തരും കോടീശ്വരന്മാരാകുമായിരുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ ആഴ്ച നാലുദിവസങ്ങള്‍ക്കുള്ളില്‍ മൂന്നു നവജാതശിശുക്കളും ഒരമ്മയും പോഷകാഹാരക്കുറവുമൂലം മരിച്ചതിനെ തുടര്‍ന്നാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. വിഷയത്തില്‍ പട്ടികജാതി, വര്‍ഗ്ഗ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന്തതില്‍ കേരളം ഒന്നാം സ്ഥാനത്താകാനുള്ള കാരണം ആരാണെന്ന തര്‍ക്കം കൊടുമ്പിരി കൊള്ളുമ്പോഴായിരുന്നു ഈ വാര്‍ത്തയും പുറത്തുവന്നത്. പട്ടിണി എന്ന കുറ്റത്തിന് കൊല ചെയ്യപ്പെട്ട മധുവിന്റെ മാതാവ് തങ്ങള്‍ക്ക് നീതി കിട്ടുന്നില്ല എന്നു പറഞ്ഞതും ഇതേസമയത്തായിരുന്നു. കഴിഞ്ഞില്ല, ഞെട്ടിക്കുന്ന മറ്റു പല വാര്‍ത്തകളും ഇതൊടൊപ്പം പുറത്തുവന്നു. ്അതിലൊന്ന് ഏതാനും വര്‍ഷം മുമ്പ് ഏറെ മികച്ചതെന്നു കൊട്ടിഘോഷിക്കപ്പെട്ടിരുന്ന കോട്ടത്തറയിലെ ട്രൈബല്‍ ആശുപത്രിയുടെ ദയനീയ അവസ്ഥയെ കുറിച്ചായിരുന്നു. ഈ ആശുപത്രിയുടെ വികസനത്തിനായി ചെലവാക്കേണ്ടിയിരുന്ന കോടികളുടെ ഫണ്ട് പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിക്കു നല്‍കുകയാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ചെയ്യുന്നത്. അവിടേക്ക് രോഗികളെ റഫര്‍ ചെയ്യക മാത്രമാണ് ഇവിടെ ചെയ്യുന്നത്. ആ പണമുപയോഗിച്ച് ഈ ആശുപത്രിയില്‍ വികസനം കൊണ്ടുവന്നിരുന്നെങ്കില്‍ അവസ്ഥ എത്രയോ മെച്ചപ്പെടുമായിരുന്നു. ആദിവാസികള്‍ക്ക് എന്തിന് ആശുപത്രി എന്നായിരിക്കാം അധികാരികള്‍ ചിന്തിക്കുന്നത്. അങ്ങനെ ഫലത്തില്‍ നടക്കുന്നത് ആദിവാസികളുടെ വംശീയഹത്യയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ച് ആദ്യകാല കണക്കുകള്‍ ഒന്നും ലഭ്യമല്ല. എന്നാല്‍ ഏതാനും ദശകങ്ങളായുള്ള ഏകദേശകണക്കുകള്‍ ലഭ്യമാണ്. ആദിവാസി ശിശുമരണ നിരക്കിലെ വര്‍ദ്ധന കണ്ട് ഐക്യരാഷ്ട്രസംഘടനയും സന്നദ്ധസംഘടനകളും അട്ടപ്പാടിയിലേക്ക് പഠനസംഘങ്ങളെ അയച്ചിട്ടുണ്ട്. ഷോളയൂര്‍ പഞ്ചായത്തിലെ ഊത്തുക്കുടി, അഗളി പഞ്ചായത്തിലെ നെല്ലിപ്പതി, കതിരമ്പതി, കൊല്ലങ്കടവ്, പുതൂര്‍ പഞ്ചായത്തിലെ പാടവയല്‍, മുള്ളി, പാലൂര്‍ എന്നീ ഊരുകളിലെ ജീവിതം അതീവ ഗുരുതരമാണെന്ന് പല പഠന റിപ്പോര്‍ട്ടുകളും ചൂണ്ടികാട്ടി. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം പലപ്പോഴും വിഷയത്തിലിടപെട്ടു. കേന്ദ്രമന്ത്രിമാരും പലതവണ സ്ഥലത്തെത്തി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 50 ശതമാനത്തിലധികം പേര്‍ക്കു രക്തക്കുറവ് (അനീമിയ) രേഖപ്പെടുത്തിയിരുന്നു. പലരുടെയും ഹീമോഗ്‌ളോബിന്റെ അളവ് ഏഴില്‍ താഴെയാണ് രേഖ പ്പെടുത്തിയത്. പ്രായപൂര്‍ത്തിയായ പുരുഷന്മാരില്‍ 10 ശതമാനത്തിന് രക്തക്കുറവുണ്ടായിരുന്നു. ത്വക്ക് രോഗങ്ങള്‍, വന്ധ്യത, അരിവാള്‍ രോഗം എന്നിവയും ഊരുകളില്‍ വ്യാപകമാണ്.

2001ല്‍ 50ല്‍ പരം കുഞ്ഞുങ്ങളാണ് ഇവിടെ മരിച്ചത്. 2004 മുതല്‍ 2008 വരെ മേഖലയില്‍ 84ഉം 2008 മുതല്‍ 2011 വരെ 56ഉം ശിശുമരണങ്ങള്‍ നടന്നതായി രേഖകളുണ്ട്. ഗര്‍ഭിണികളുടെ പോഷകാഹാരക്കുറവ്, ഗര്‍ഭശൂശ്രൂഷകളുടെ അഭാവം, അമ്മമാരുടെ തുടര്‍ച്ചയായുള്ള പ്രസവം, ജനനവൈകല്യങ്ങള്‍, അണുബാധ, പ്രതിരോധശേഷിയില്ലായ്മ എന്നിവയൊക്കെയാണ് ഇതിനു പ്രധാന കാരണങ്ങള്‍. പോഷകാഹാരക്കുറവിനോടൊപ്പം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ജനിതക കാരണങ്ങളും മരണകാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ശിശുമരണവിഷയത്തില്‍ 2001ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് പ്രക്ഷോഭം ശക്തമായത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തായിരുന്നു. അന്ന് ആദിവാസിയായ പി കെ ജയലക്ഷ്മിയും മന്ത്രിയായിരുന്നു. ഗോത്രമഹാസഭ ശക്തമായ രീതിയില്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫും രംഗത്തിറങ്ങി. കേരളത്തിലെ ആദിവാസിമേഖലകള്‍ പട്ടികവര്‍ഗ്ഗ മേഖലകളായി പ്രഖ്യാപിക്കണമെന്ന ഗോത്രമഹാസഭയുടെ അടിസ്ഥാന ആവശ്യത്തോട് യോജിക്കാതെയായിരുന്നു എല്‍ഡിഎഫിന്റെ സമരം. ശിശുമരണങ്ങള്‍ തടയുന്നതിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് എം.ബി. രാജേഷ് എം.പി അഗളിയില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സിപിഐ നേതാവും ആദിവാസി മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഈശ്വരിരേശനും അനിശ്ചിതകാല നിരാഹാരം തുടങ്ങി. യുഡിഎഫിനുമാത്രമല്ല എല്‍ഡിഎഫിനും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നാരോപിച്ചായിരുന്നു ഗോത്രമഹാസഭയുടെ സമരം. എന്തായാലും സമരം അഖിലേന്ത്യാതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ജയലക്ഷ്മി, ശിവകുമാര്‍, മുനീര്‍ എന്നീ സംസ്ഥാന മന്ത്രിമാര്‍, കൊടിയേരി ബാലകൃഷ്ണന്‍, എ.കെ. ബാലന്‍, ശ്രീമതി ടീച്ചര്‍, വി.സി.കബീര്‍, ടി.കെ.ഹംസ, മുല്ലക്കര രത്നാകരന്‍, നീലലോഹിതദാസ നാടാര്‍ എന്നീ മുന്‍മന്ത്രിമാര്‍, കേന്ദ്ര തൊഴില്‍കാര്യ സഹമന്ത്രിയായിരുന്ന കൊടിക്കുന്നില്‍ സുരേഷ്, വി.എസ്. സുനില്‍കുമാര്‍, ഷംസുദ്ദീന്‍ എന്നീ എം.എല്‍.എ മാര്‍, പി കെ.ബിജു എം പി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സിപി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, ബിജെ.പി.സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍, ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികല, കുമ്മനം രാജശേഖരന്‍ തുടങ്ങിയ നേതാക്കന്മാര്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുടെ തലവന്മാര്‍ തുടങ്ങിയവരൊക്കെ സ്ഥലത്ത് പാഞ്ഞെത്തി. പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.പി.അനില്‍കുമാര്‍, കെ.സി.ജോസഫ് എന്നീ സംസ്ഥാന മന്ത്രിമാര്‍, കേന്ദ്രമന്ത്രി ജയറാം രമേഷ് എന്നിവരും എത്തി. പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ വിഷയത്തിലിടപെട്ടു. തുടര്‍ന്ന് കുറെ പ്രഖ്യാപനങ്ങളും നടപടികളുമുണ്ടായി. അതിനുശേഷം ഇതുവരെ 131 കോടിയുടെ പദ്ധതികളാണ് അട്ടപ്പാടിയില്‍ നടപ്പാക്കിയത്. എന്നാല്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത ഒന്നായി ഈ വിഷയം തുടരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറച്ചുകാലം മുമ്പുവരെ സ്വന്തമായി ഭൂമിയും സംസ്‌കാരവും കൃഷിയും ഭാഷയുമാക്കെയുണ്ടായിരുന്ന, സ്വന്തം കാലില്‍ നിന്നിരുന്ന ഒരു ജനതയുടെ ഇന്നത്തെ അവസ്ഥ വ്യക്തമാക്കാന്‍ ഈ ശിശുമരണങ്ങള്‍ മാത്രം മതി. 1951ല്‍ 90.26% ആദിവാസികളായിരുന്ന അട്ടപ്പാടിയില്‍ 2001 ആകുമ്പോഴേക്കും 42% മാത്രമായി കുറഞ്ഞതും ഇതുമായി ചേര്‍ത്തുവായിക്കണം. പരമ്പരാഗത ആഹാരമായിരുന്ന രാഗി, ചാമ തുടങ്ങിയവക്കെല്ലാം പകരം റേഷനരി ഭക്ഷിക്കാന്‍ തുടങ്ങിയതാണ് അവരുടെ ആരോഗ്യത്തിനു ഭീഷണിയായതെന്ന്് പല വിദഗ്ധരും പറയുന്നു. അട്ടപ്പാടി കോ-ഓപ്പറേറ്റീവ് ഫാമിങ്ങ് സൊസൈറ്റി, പശ്ചിമഘട്ട പുനരുദ്ധാരണ പദ്ധതി, അട്ടപ്പാടി ഗ്രാമ ജല സേചന പദ്ധതി, ജനകീയാസൂത്രണ പദ്ധതി, അട്ടപ്പാടി ഹില്‍സ് ഏരിയാ ഡവലപ്പ്മെന്റ് സൊസൈറ്റി (അഹാഡ്‌സ്) തുടങ്ങി നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കി. കോടികള്‍ ധൂര്‍ത്തടിച്ചു. എന്നിട്ടും ഇന്നത്തെ അവസ്ഥ ഇതാണ്.

പുതിയ സംഭവവികാസങ്ങളെ തുടര്‍ന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ സ്ഥലത്തെത്തുകയും പല പ്രഖ്യാപനങ്ങളും നടത്തുകയും ചെയ്തിട്ടുണ്ട്. ഒരു കാലത്ത് കൊട്ടിഘോഷിച്ചു നടപ്പാക്കിയ സമൂഹ അടുക്കളയല്ല, സ്വാശ്രയത്വമാണ് ആദിവാസികള്‍ക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അട്ടപ്പാടിയുടെ വികസനത്തിനായി രൂപരേഖ തയ്യാറാക്കുമെന്നും നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും മൂന്നു മാസം കൂടുമ്പോള്‍ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുന്‍കാലത്തെ വീഴ്ചകളും അഴിമതിയുമെല്ലാം വ്യക്തമായ സാഹചര്യത്തില്‍ അതാവര്‍ത്തിക്കാതെ മുന്നോട്ടുപോകാന്‍ കഴിഞ്ഞാല്‍ നന്ന്. ശിശുമരണം അവസാനിപ്പിക്കല്‍ മാത്രമല്ല, ആദിവാസിവിഭാഗങ്ങളുടെ സര്‍വ്വതോന്മുഖമായ വികസനമായിരിക്കണം ലക്ഷ്യം. ഉന്നത നിലവാരമുള്ള ആശുപത്രി മാത്രമല്ല, വിദ്യാഭ്യാസസ്ഥാപനങ്ങളും തൊഴിലവസരങ്ങളും കാര്‍ഷികവികസനവും മറ്റെല്ലാ പദ്ധതികളും നടപ്പാക്കണം. അതിനെല്ലാം ക്രിയാത്മകമായ നേതൃത്വം നല്‍കാന്‍ കഴിയുമെങ്കില്‍ ചരിത്രപരമായ ഏറ്റവും വലിയ ഉത്തരവാദിത്തമായിരിക്കും മന്ത്രി നിര്‍വ്വഹിക്കുന്നത്. അല്ലെങ്കില്‍ സംഭവിക്കുക പൂര്‍ണ്ണമായ വംശീയഹത്യയായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply