ഈ കാനത്തിനെന്തു പറ്റി?

ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായാണ് സി.പി.ഐ. സ്വയം വിലയിരുത്തിയത്. കാനത്തെ ഒഴിവാക്കാന്‍ സിപിഐ സെക്രട്ടറി പദത്തിലേക്ക് ഇസ്മയെലിനെ കൊണ്ടുവന്നത് സിപിഎമ്മാണെന്ന വാര്‍ത്ത അന്നുണ്ടായിരുന്നു. അതുപക്ഷെ ജയിച്ചില്ല. എന്നാലിപ്പോളിതാ പിണറായിയും കോടിയേരിയും ബാലനും ചേര്‍ന്ന് കാനത്തെ നിശബ്ദനാക്കിയിരിക്കുന്നു.

 

സി കെ ചന്ദ്രപ്പന്റേയും വെളിയം ഭാര്‍ഗ്ഗവന്റേയും പാത പിന്തുടര്‍ന്നാണ് കാനം രാജേന്ദ്രന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായത്. അവരെപോലതന്നെ ആര്‍ജ്ജവമായ നിലപാടുകളായിരുന്നു ആദ്യകാലത്തൊക്കെ കാനം സ്വീകരിച്ചത്. വല്ലേട്ടനായ സിപിഎമ്മിന്റെ സമഗ്രാധിപത്യ നയങ്ങളെ മുന്നണിയില്‍ മാത്രമല്ല, സമൂഹമധ്യത്തിലും എതിര്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. അതിന്റെ പേരില്‍ പല ഭാഗത്തുനിന്നും അദ്ദേഹത്തിനു കയ്യടി ലഭിക്കുകയും ചെയ്തു. എന്നാലടുത്ത കാലത്തായി അദ്ദേഹം സിപിഎമ്മിന്റേയും പിണറായിയുടേയും നാവായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എല്‍ദോ എബ്രഹാം എംഎല്‍എയെ പോലീസ് മര്‍ദ്ദിച്ച വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാടുകള്‍.
എംഎല്‍എയെ പോലീസ് ബോധപൂര്‍വ്വം മര്‍ദ്ദിക്കുകയായിരുന്നു എന്നതിനു ദൃശ്യങ്ങള്‍ തന്നെ സാക്ഷി. ഒരാള്‍ക്കും ന്യായീകരിക്കാനാവാത്ത ആ സംഭവത്തെയാണ്, സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നുപോലും വിമര്‍ശനമേറ്റിട്ടും അപലപിക്കാന്‍ അദ്ദേഹം തയ്യാറാകാത്തത്. എന്തിനേറെ, പോലീസിനെ പ്രകടമായിതന്നെ ന്യായീകരിക്കാനും അദ്ദേഹം മടിച്ചില്ല. വീട്ടില്‍ കയറിയല്ലല്ലോ പോലീസ് മര്‍ദ്ദിച്ചത് എന്ന അദ്ദേഹത്തിന്റെ മറുചോദ്യം തെരുവിലിറങ്ങുന്നവരെ പോലീസിന് മര്‍ദ്ദിക്കാനവകാശമുണ്ടെന്ന പ്രഖ്യാപനമല്ലാതെ മറ്റെന്താണ്? കേരളത്തിലെ ജനകീയസമരങ്ങള്‍ക്കുനേരെ ഭീകര നിയമങ്ങള്‍ പ്രയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതും മറക്കാറായിട്ടില്ലല്ലോ. എന്നും പരോക്ഷമായെങ്കിലും പരസ്പരം വിമര്‍ശിക്കുന്ന കോടിയേരി ബാലകൃഷ്ണനും എ കെ ബാലനും കാനത്തെ പിന്തുണച്ച് രംഗത്തുവന്നതും വെറുതെയല്ലല്ലോ.
എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റിട്ടും കാനം മിണ്ടാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. കാനത്തിന്റെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മര്‍ദ്ദനമേറ്റ എംഎല്‍എ എല്‍ദോ പോലും പറഞ്ഞിരുന്നത്. ഇത്രയും മോശം പോലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മുന്‍ എം പി സി എന്‍ ജയദേവനടക്കമുള്ളവരും പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. കാനത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാനാവശ്യപ്പെട്ട് ആലപ്പുഴയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. എന്നിട്ടുപോലും കാനം ന്യായീകരണം തുടരുകയായിരുന്നു. മാത്രമല്ല ഇതിനെല്ലാം കാരണമായ എ ഐ എസ് എഫിനു നേരെ എസ് എഫ് ഐ നടത്തിയ അക്രമണത്തേയുംം അതില്‍ പ്രതിഷേധിച്ച എം എല്‍ എ രാജുവിനെയും ജില്ലാ സെക്രട്ടറിയേയും പോലീസ് തടഞ്ഞതിനേയും അപലപിക്കാനും അദ്ദേഹം തയ്യാറായില്ല. മര്‍ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിനപ്പുറം എന്തുവേണമെന്ന തരത്തിലായിരുന്നു കാനത്തിന്റെ പ്രതികരണം. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങളിലും അവിടെ എ ഐ എസ് എഫ് യൂണിറ്റ് രൂപീകരിച്ചതിലും കാനം ഏറെക്കുറെ നിശബ്ദനായിരുന്നു. ആതൂര്‍ സംഭവത്തിലും നസീര്‍ അക്രമിക്കപ്പെട്ടപ്പോഴുമൊക്കെ അവസ്ഥ അതുതന്നെ.
വാസ്തവത്തില്‍ ഏറെ കാലമായി സിപിഐയുടെ നിലനില്‍പ്പ് സിപിഎമ്മിനെ വിമര്‍ശിച്ചുകൊണ്ടുമാത്രമാണ്. അസംതൃപ്തരായ അണികളെ പിടിച്ചുനിര്‍ത്താന്‍ നേതൃത്വം കണ്ട മാര്‍ഗ്ഗമാണത്. അതിനുള്ള അവസരങ്ങള്‍ സിപിഎം സൃഷ്ടിക്കുന്നു എന്നത് വേറെ കാര്യം. സിപിഎം നടത്തിയ അഡ്ജസ്റ്റ്മെന്റ് സമരവും മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും മറ്റും തകര്‍ത്തത് പ്രധാനമായും സിപിഐയായിരുന്നു. അതിന്റെ രാഷ്ട്രീയ നേട്ടം ഉണ്ടായത് സിപിഐക്കുതന്നെയാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലയിലൂടെ മാവോയിസ്റ്റുകളെ വധിച്ചതിനെ കോണ്‍ഗ്രസ്സിലെ പല നേതാക്കള്‍ പോലും ന്യായീകരിച്ചപ്പോള്‍ അതിശക്തമായി രംഗത്തുവന്നത് കാനമായിരുന്നു. മഹിജയുടെ സമരത്തിലും തോമസ് ചാണ്ടിയുടെ വിഷയത്തിലുമെല്ലാം ശക്തമായ നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. സിപിഎം നേതൃത്വത്തിന് എന്നും തലവേദനയായ വിഎസിനൊപ്പമാണ് എന്നു കാനം നില കൊണ്ടിരുന്നത്. ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായാണ് സി.പി.ഐ. സ്വയം വിലയിരുത്തിയത്. കാനത്തെ ഒഴിവാക്കാന്‍ സിപിഐ സെക്രട്ടറി പദത്തിലേക്ക് ഇസ്മയെലിനെ കൊണ്ടുവന്നത് സിപിഎമ്മാണെന്ന വാര്‍ത്ത അന്നുണ്ടായിരുന്നു. അതുപക്ഷെ ജയിച്ചില്ല. എന്നാലിപ്പോളിതാ പിണറായിയും കോടിയേരിയും ബാലനും ചേര്‍ന്ന് കാനത്തെ നിശബ്ദനാക്കിയിരിക്കുന്നു. അതിനു പുറകില്‍ അ്‌ദ്ദേഹത്തിന്റെ മകന്റെ അഴിമതിയുമായി ബന്ധപ്പെട്ട ഒരു വിഷയമുണ്ടെന്നും അതിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ കൈവശമുണ്ടെന്നുമുള്ള ആരോപണമുണ്ട്. ബ്ലാക്ക് മെയിലിങ്ങ് എന്ന പരാമര്‍ശം സി എന്‍ ജയദേവന്‍ നടത്തുകയും ചെയ്തിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news, Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply