വേണം ഒരു ഓണ്‍ലൈന്‍ പാര്‍ലമെന്ററി ലോക ഭരണകൂടം

രണ്ടാം ലോക മഹായുദ്ധം കഴിയുന്ന കാലത്ത് നിലവില്‍വന്ന ഐക്യരാഷ്ട്ര സഭയുടെ ഘടന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തികച്ചും അപര്യാപ്തമാണ് എന്നും, ഐക്യരാഷ്ട്ര സഭക്ക് പകരം 18/21 വയസ്സു തികഞ്ഞ ഓരോ വ്യക്തിക്കും ഒരു വോട്ട് (ലിംഗഭേദം ഇല്ലാതെ) എന്ന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പാര്‍ലമെന്റ് ലോക സര്‍ക്കാരിനെ കുറിച്ച് നമുക്ക് കൂട്ടായി ആലോചിച്ചു തുടങ്ങാം.

രണ്ടാം ലോകമഹാ യുദ്ധം കഴിയുന്ന സമയത്ത്, ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അസ്വതന്ത്രര്‍ ആയിരുന്ന സമയത്ത് , നിലവില്‍ വന്ന ഐക്യരാഷ്ട്ര സഭയുടെ ഘടന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ അപര്യാപ്തമാണെന്ന് ദിനംപ്രതി വ്യക്തമായി കൊണ്ടിരിക്കയാണ്. സ്വാതന്ത്ര്യബോധവും, പ്രായപൂര്‍ത്തി വോട്ടവകാശവും, സ്മാര്‍ട്ട് ഫോണ്‍ ഉപയോഗവും വ്യാപകമായി കഴിഞ്ഞ ഇക്കാലത്ത് നിലവിലുള്ള സാര്‍വദേശീയ സംവിധാനങ്ങള്‍ക്ക് ബദല്‍ ആയി സാങ്കേതിക വിദ്യയുടെ അടക്കം പുത്തന്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന ഒരു ജനാധിപത്യ ലോക ഭരണകൂടത്തെ കുറിച്ച് നമുക്ക് ചിന്തിച്ചു തുടങ്ങാം. മഹാത്മാഗാന്ധി മുന്നോട്ടു വെച്ച ട്രസ്റ്റീഷിപ്പ് സിദ്ധാന്തവും, കാറല്‍ മാര്‍ക്‌സ് മുന്നോട്ടു വെച്ച സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യവും, മഹാനായ ഭൗതിക ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മുന്നോട്ടു വെച്ച ലോക ഭരണകൂടം (World Government) എന്ന ആശയവും ഉള്‍പ്പെടെ പലതും ഈ അന്വേഷണത്തില്‍ നമുക്ക് വഴികാട്ടികള്‍ ആയി ഉണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എല്ലാത്തരം നിയന്ത്രണങ്ങളേയും (കോവിഡ് കാലത്ത് പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം എന്ന നിര്‍ദ്ദേശത്തെ പോലും) തള്ളി പറയുന്ന ആധുനിക സ്വാതന്ത്ര്യ സങ്കല്പം ഒരു പക്ഷേ ലോക സര്‍ക്കാര്‍ എന്ന ആശയത്തെ ഉള്‍ക്കൊള്ളുന്നതിന് പലര്‍ക്കും തടസ്സം ആയേക്കാം. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാന്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറക്കണം എന്ന നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവരും ഒരു കാലത്ത് വാദിച്ചത് ഇത്തരം നിര്‍ദ്ദേശങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ നിഷേധം ആണ് എന്നാണ്. എന്നാല്‍ ഭരണകൂടവും, നികുതി പിരിവും, പോലീസും, കോടതിയും, ക്രമസമാധാന പാലനവും, കള്ളനോട്ട്/ ക്രിപറ്റോ കറന്‍സി നിയന്ത്രണവും, ഫോസില്‍ ഇന്ധന നിയന്ത്രണവും, മാസ്‌കും, വാക്‌സിനേഷനും ഉള്‍പ്പെടെയുള്ള പൊതു ജനാരോഗ്യ നടപടികളും ഇല്ലാത്ത ഒരു ലോകം പ്രായോഗികമല്ല എന്നതാണ് അനുഭവം. മനുഷ്യസമൂഹത്തിന്റെ നിലനില്പ് തന്നെ ഭീഷണി നേരിടുമ്പോള്‍ ഇക്കാണുന്ന പ്രശ്‌നങ്ങള്‍ എല്ലാം മായയാണ് എന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാന്‍ ഇഹലോകത്ത് തുടര്‍ന്ന് ജീവിക്കാന്‍ ആഗ്രഹം ഉള്ള സാധാരണക്കാര്‍ക്ക് കഴിയില്ല.

തുടക്കം

രണ്ടാം ലോക മഹായുദ്ധം കഴിയുന്ന കാലത്ത് നിലവില്‍വന്ന ഐക്യരാഷ്ട്ര സഭയുടെ ഘടന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തികച്ചും അപര്യാപ്തമാണ് എന്നും, ഐക്യരാഷ്ട്ര സഭക്ക് പകരം 18/21 വയസ്സു തികഞ്ഞ ഓരോ വ്യക്തിക്കും ഒരു വോട്ട് (ലിംഗഭേദം ഇല്ലാതെ) എന്ന അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു പാര്‍ലമെന്റ് ലോക സര്‍ക്കാരിനെ കുറിച്ച് നമുക്ക് കൂട്ടായി ആലോചിച്ചു തുടങ്ങാം. ഇതെല്ലാം നടക്കുമോ എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ആധുനിക ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം. ഏതാണ്ട് ഒന്നര നൂറ്റാണ്ട് മുന്‍പ് 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിറവി എടുക്കുമ്പോള്‍, ആ പിറവിക്കു നേരിട്ടു സാക്ഷ്യം വഹിച്ച ഇന്ത്യക്കാരുടെ സ്വപ്നങ്ങളില്‍ പോലും സ്വതന്ത്ര്യഇന്ത്യ (പൂര്‍ണസ്വരാജ്) ഉണ്ടായിരുന്നില്ല. നാല്‍പത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 1930ലാണ് ഇന്ത്യക്ക് പൂര്‍ണസ്വരാജ് വേണം എന്നാവശ്യപ്പെടുന്ന പ്രമേയത്തിന് ഭൂരിപക്ഷ പിന്തുണ ലഭിച്ച് പ്രമേയം പാസ്സായത്. അതിനു ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം ശക്തിയാര്‍ജിച്ചു. രണ്ടാം ലോക മഹായുദ്ധം 1945ല്‍ അവസാനിച്ചപ്പോള്‍ ബ്രിട്ടന്‍ ഉള്‍പ്പെട്ട ചേരിയാണ് വിജയിച്ചതെങ്കിലും ബ്രിട്ടീഷ് ശക്തി കാര്യമായി മെലിഞ്ഞു. മാത്രമല്ല ഇന്ത്യന്‍ നാവിക കലാപം പോലുള്ള സംഭവങ്ങള്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യക്കാരെ ഇനിയും അടിച്ചമര്‍ത്താന്‍ കഴിയില്ല എന്ന കാര്യം ബ്രിട്ടീഷ് ഭരണാധികാരികളെ ബോധ്യപ്പെടുത്തി. ഈ സാഹചര്യത്തില്‍ മാന്യമായി അധികാരം വെച്ചൊഴിയാന്‍ ബ്രിട്ടന്‍ തയ്യാറായി. ജനങ്ങള്‍ തങ്ങളുടെ ഉറക്കം വിട്ട് ഉണര്‍ന്നാല്‍ മാറ്റത്തെ തടുത്തുനിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രം. ഓണ്‍ലൈന്‍ പാര്‍ലമെന്ററി ലോകഭരണകൂടം എന്ന ആശയം അവതരിപ്പിക്കാന്‍ പ്രചോദനം നല്‍കുന്നത് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്രം തന്നെയാണ്.

നിര്‍ദ്ദേശങ്ങള്‍

a) 16/18/21 വയസ്സ് പൂര്‍ത്തിയായ എല്ലാവര്‍ക്കും ഒരു വോട്ട്,അവര്‍ താമസിക്കുന്ന സ്ഥലത്ത്.

b) 1000ല്‍ താഴെ പ്രതിനിധികള്‍ മതി ലോകപാര്‍ലമെന്റില്‍ എന്നു തീരുമാനിച്ചാല്‍ ഏതാണ്ട് 50/60 ലക്ഷം വോട്ടര്‍മാര്‍ ചേര്‍ന്ന് ഒരു പ്രതിനിധിയെ തിരഞ്ഞെടുക്കും. ഏതെങ്കിലും കാരണവശാല്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ആബ്‌സെന്റ് ആയാല്‍, ബന്ധപ്പെട്ട വോട്ടര്‍മാരുടെ പ്രാധിനിധ്യം ഉറപ്പാക്കാനായി ഒന്നോ രണ്ടോ പകരം (ആള്‍ട്ടര്‍നേറ്റ്) പ്രതിനിധികളെ കൂടി വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുക്കാം

c) തീരെ ചെറിയ രാജ്യങ്ങള്‍ക്ക് തങ്ങളുടെ ശബ്ദം കേള്‍പ്പിക്കാനായ് ഇന്നത്തെ ഐക്ക്യരാഷ്ട്രസഭയെ ഒരു ഉപരിസഭ(സെനറ്റ്) ആയി നിലനിര്‍ത്തണം. അതേസമയം നികുതി ചുമത്തലും, മറ്റു ധനകാര്യ തീരുമാനങ്ങളും, ആഗോള കറന്‍സിയുടെ മാനേജ്‌മെന്റും പൂര്‍ണമായും വോട്ടര്‍മാര്‍ നേരിട്ട് തിരഞ്ഞെടുത്ത സഭയുടെ അധികാരപരിധിയില്‍ ആയിരിക്കണം.

d) കാലാവസ്ഥ വ്യതിയാനം,കോവിഡ് പോലുള്ള മഹാമാരികള്‍, കൂട്ട നശീകരണായുധങ്ങളുടെ വ്യാപനം തുടങ്ങി ലോകത്തിന്റെ നിലനില്പിനെ തന്നെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും നിയമ നിര്‍മാണം നടത്താനും,തീരുമാനങ്ങള്‍ എടുക്കാനും, നടപ്പാക്കാനും ഉള്ള അധികാരം പാര്‍ലമെന്ററി ലോക സര്‍ക്കാരിന് ഉണ്ടാകണം.

e) പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിരിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

f) ഓണ്‍ലൈന്‍ വോട്ടിങ്ങ് വഴി എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ പ്രതിനിധിയെ തിരിച്ചുവിളിക്കാന്‍ ഉള്ള അവകാശം വോട്ടര്‍മാര്‍ക്കുണ്ടായിരിക്കും. പകരം വെക്കാന്‍ മുന്‍കൂര്‍ തിരഞ്ഞെടുത്ത പകരം (ആള്‍ട്ടര്‍നേറ്റ്) പ്രതിനിധികള്‍ ഉണ്ടാകും എന്നതുകൊണ്ട് തിരിച്ചുവിളിക്കല്‍ നടപടി പ്രാതിനിധ്യ നഷ്ടം ഉണ്ടാക്കില്ല.

g) തിരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രതിനിധിക്കും/ പകരം (ആള്‍ട്ടര്‍നേറ്റ്) പ്രതിനിധിക്കും അവരുടെ മാതൃഭാഷയില്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം തര്‍ജ്ജമ വഴി ലഭ്യമാക്കണം. ലോകത്തിലെ പ്രധാനഭാഷകളില്‍ ഇതിപ്പോള്‍ തന്നെ സുസാധ്യമാണ്.മറ്റു ഭാഷകളിലേക്കും കൂടി ഇത്തരം സൗകര്യങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉള്ള നടപടികള്‍ എടുക്കണം. യഥാര്‍ത്ഥ ജനാധിപത്യം മാതൃഭാഷ വഴി മാത്രമേ സാധ്യമാകൂ.

h) പ്രതിനിധികളുടെ ജോലിഭാരം കുറക്കാനായി നിര്‍മിത ബുദ്ധി ഉള്‍പ്പെടെയുള്ള ആധുനിക വിവരവിശ്ലേഷണ സാങ്കേതിക വിദ്യകളുടെ സേവനം വ്യാപകമായ് ഉപയോഗപ്പെടുത്തണം.ഭരണ തീരുമാനങ്ങള്‍ എടുക്കുന്ന പ്രവര്‍ത്തി ലഘൂകരിക്കുന്നതു വഴി സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്ക് വരെ സ്ത്രീപുരുഷ ഭേദമെന്യേ ഭരണചക്രം തിരിക്കാനുള്ള അവസരം ലഭ്യമാക്കും. യഥാര്‍ത്ഥ ജനാധിപത്യത്തിലേക്കുള്ള വലിയ കാല്‍വെയ്പ്പാകും അത്.

i) പ്രസിഡന്റ് മുതലായ പദവികളിലേക്ക് ആവശ്യമെങ്കില്‍ സഭക്കു പുറത്തുനിന്നുള്ളവര്‍ ഉള്‍പ്പെടെ ആരെയും നിര്‍ദ്ദേശിക്കാനുള്ള അധികാരം ലോക പാര്‍ലമെന്റിനു ഉണ്ടാകണം. അതേ സമയം ഇവരും എപ്പോള്‍ വേണമെങ്കിലും തിരിച്ചുവിളിക്കപ്പെടാവുന്നവര്‍ ആയിരിക്കണം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply