വേണം ട്രാന്‍സ്‌ജെന്‍ഡര്‍ സെന്‍സിറ്റീവായ സമൂഹവും ആരോഗ്യരംഗവും

കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. അവക്ക് മുകളില്‍ നിലവില്‍ സര്‍ക്കാറിന് നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ പരാതികള്‍ പരിഹരിക്കപ്പെടാറുമില്ല. ഏകീകൃത സ്വഭാവം ഉള്ള ഒരു ചികിത്സാ പ്രോട്ടോക്കോള്‍ ഇവിടേയും ഉണ്ടാകേണ്ടതുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ അറിവില്ലാത്ത, സമൂഹത്തിന്റെ പ്രതിലോമകരമായ സമീപനങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒട്ടേറെ ആളുകള്‍ ആരോഗ്യരംഗത്തും ഉണ്ട് അതിനാല്‍ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ പോലും പലരും ആശുപത്രികളില്‍ പോവാറില്ല.

ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യയുടെ ആത്മഹത്യക്കുശേഷം ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത്തരമൊരു ശസ്ത്രക്രിയ അനാവശ്യമാണെന്നു വാദിക്കുന്ന വലിയൊരു വിഭാഗമുണ്ട്. വാസ്തവത്തില്‍ ട്രാന്‍സ് ജെന്‍ഡല്‍ വിഭാഗത്തില്‍ പെട്ട എല്ലാവരും ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല. ട്രാന്‍സ് സെക്ഷ്വല്‍ എന്നു വിളിക്കപ്പെടുന്ന ചെറിയ ഒരു വിഭാഗമാണ് തീവ്രമായ രീതിയില്‍ ലിംഗമാറ്റം ആഗ്രഹിക്കുന്നത്. ഒരു വ്യക്തി ട്രാന്‍സ് ജെന്‍ഡര്‍ ആയി ഐഡന്റിഫൈ ചെയ്യുക എന്നത് മാനസികരോഗമായി വിലയിരുത്തിയിരുന്ന കാലമുണ്ടായിരുന്നു. ആ നിലപാട് തെറ്റാണെന്ന് ഇന്ന് ലോകം പൊതുവില്‍ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. അപ്പോഴും സമൂഹവും കുടുംബവും വെച്ചുപുലര്‍ത്തുന്ന അവജ്ഞയും അവഗണനയും വിവേചനവും മൂലം പലതരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളില്‍ കൂടിയാണ് അവര്‍ കടന്നു പോകുന്നത്. തങ്ങളാഗ്രഹിക്കുന്ന ജെന്‍ഡര്‍ ഐഡന്റിറ്റിയില്‍ ജീവിക്കാനാവാത്തതും തങ്ങളുടെ ജെന്‍ഡര്‍ ഐഡന്റിറ്റിക്കു ചേരാത്ത ശരീരത്തില്‍ ജീവിക്കേണ്ടി വരുന്നതും പലര്‍ക്കും മാനസിക സംഘര്‍ഷം ഉണ്ടാക്കും. ചിലര്‍ക്ക് ‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ’ എന്ന അവസ്ഥ ഉണ്ടാവുകയും തങ്ങളുടെ ജെന്‍ഡര്‍ ഐഡന്റിറ്റിക്കു യോജിച്ച ശാരീരിക മാറ്റങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യും. അങ്ങനെള്ളവരാണ് ഹോര്‍മോണ്‍ ചികിത്സക്കും ലിംഗമാറ്റ ശസ്ത്രക്രിയക്കും തയ്യാറാകുന്നത്. ഇതൊരിക്കലും മാനസികരോഗമല്ല എന്ന് ആധുനികലോകം അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ ആഗ്രഹിക്കുന്നവരില്‍ തന്നെ പലരും മുഖത്തില്‍ മാത്രം മാറ്റം വരുത്തുന്നുള്ളു. ചിലര്‍ ശബ്ദം മാറ്റാനാഗ്രഹിക്കുന്നു. ചിലര്‍ മാറിടവും. വലിയൊരു വിഭാഗം ഹോര്‍മോണ്‍ ചികിത്സ നടത്തും. വളരെ കുറച്ചുപേര്‍ മാത്രമേ പൂര്‍ണ്ണമായ രീതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നുള്ളു. പലരുടേയും ജെന്‍ഡര്‍ ഫ്‌ളൂയിഡിറ്റി മാറിവരുകയും ചെയ്യാം. ലിംഗമാറ്റ ശസ്ത്രക്രിയയാല്‍ പൂര്‍ണ്ണമായും ആണാകാനും പൂര്‍ണ്ണമായും പെണ്ണാകാനും കഴിയുമോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പൂര്‍ണ്ണമായ പെണ്ണ്, പൂര്‍ണ്ണമായ ആണ് എന്ന അവസ്ഥ തന്നെ നിലവിലില്ല എന്ന് ഇന്ന് ശാസ്ത്രം അംഗീകരിക്കുന്നുണ്ടല്ലോ.

ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ തന്നെ നിരവധി ഗൈഡ് ലൈനുകളും പ്രോട്ടോക്കോളുകളും നിലവിലുണ്ട്. WPATH (World Professional Association of Transgender Health) എന്ന സംഘടനയാണ് ഇതു സംബന്ധിച്ച് അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് വിധേയമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും മുന്‍കൂട്ടി തിരിച്ചറിയുകയും, അവ എത്രത്തോളം യാഥാര്‍ത്ഥ്യബോധമുള്ളതാണ് എന്ന് മനസ്സിലാക്കുകയും, അതിനെ കുറിച്ച് ശരിയായ അറിവ് നല്‍കുകയും ചെയ്യുക എന്നത് സര്‍ജറി ചെയ്യുന്ന ഡോക്ടറുടെ ചുമതലയാണ്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ആ മേഖലയില്‍ പ്രത്യേക വിദഗ്ധപരിശീലനം ലഭ്യമായിട്ടുണ്ട് എന്നുള്ളതും ഉറപ്പാക്കണം. ഹോര്‍മോണ്‍ ചികിത്സ/ ശാസ്ത്രക്രിയക്ക് വേണ്ട മാനസികമായ തയ്യാറെടുപ്പുണ്ടോ; മാനസിക ബുദ്ധിമുട്ടുകള്‍ നിലവില്‍ അനുഭവിക്കുന്നുണ്ടോ; എടുക്കാന്‍ പോകുന്ന ചികിത്സകളെക്കുറിച്ച് ശരിയായ അറിവുണ്ടോ എന്നിവയെല്ലാം പരിശോധിച്ച് സര്‍ജറിക്ക് മാനസികമായി ഫിറ്റ് ആണെന്നുള്ള സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. സര്‍ജറിക്ക് ശേഷമുള്ള പോസ്റ്റ് ഓപ്പറേറ്റീവ് സമയത്തും ഇവര്‍ക്ക് കൃത്യമായ സേവനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കേണ്ടതുണ്ട്. എന്തെങ്കിലും തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ കണ്ടെത്തിയാല്‍ അതിനെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയോട് പറയുകയും അതിനുള്ള പരിഹാരം വ്യക്തിയുടെ താല്പര്യത്തിനനുസരിച്ച് നടത്താന്‍ ശ്രമിക്കുകയും വേണം. ഏതൊരു ശസ്ത്രക്രിയയും പോലെ ഇതും 100 ശതമാനം വിജയമാകുമെന്നു ഉറപ്പു പറയാനുമാകില്ല. ഓപ്പറേഷന്‍ കഴിഞ്ഞുള്ള സമയത്തും ഹോര്‍മോണ്‍ ചികിത്സയും അതോടൊപ്പം മാനസിക ആരോഗ്യസേവനങ്ങളും നല്‍കണം. ആരോഗ്യസേവനങ്ങള്‍ സംബന്ധിച്ചിട്ടുള്ള Standards of Care (SOC) WPATH നല്‍കിയിട്ടുണ്ട്. ഇതിനു പുറമേ ആരോഗ്യവിദഗ്ധര്‍ക്ക് ആവശ്യമായ പരിശീലനം, സര്‍ട്ടിഫിക്കേഷന്‍ എന്നിവയും നല്‍കുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതേസമയം പല ആശുപത്രികളും ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പിന്തുടരാറില്ല. റീനയ് മെഡിസിറ്റിക്കെതിരേയും അനന്യക്ക് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്കെതിരേയും ഈ ആരോപണമുണ്ട്. അതെകുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാല്‍ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാം. അപ്പോഴും ഏതൊരു രോഗിയുടേയും അവകാശമായ മെഡിക്കല്‍ റിപ്പോര്‍ട്ട് അനന്യക്ക് നല്‍കിയില്ല എന്നും പരാതിയുണ്ട്. അതിനാലവര്‍ക്ക് തുടര്‍ചികിത്സക്ക് പോകാനായില്ല. സമാനമായ സംഭവം തിരുവനന്തപുരത്തുണ്ടായപ്പോള്‍ തുടര്‍ ചികിത്സ നടത്തി പ്രശ്‌നം പരിഹരിച്ച ഉദാഹരണമുണ്ട്. തന്റെ പരാതികള്‍ ആശുപത്രി അധികൃതരെയും മറ്റ് അധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നുവെങ്കിലും അതില്‍ ഒരു നടപടിയും ഉണ്ടായില്ല എന്ന് മരണത്തിനു രണ്ടുദിവസം മുമ്പ് അനന്യതന്നെ പറഞ്ഞിരുന്നു. പിഴവ് ഉണ്ടായോ എന്ന് ഇപ്പോള്‍ പറയാനാകില്ലെങ്കിലും ഫെയിലിയര്‍ ഉണ്ടായെന്നുറപ്പ്.

കേരളത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്കായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ കൂടുതല്‍ ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്. അവക്ക് മുകളില്‍ നിലവില്‍ സര്‍ക്കാറിന് നിയന്ത്രണമില്ല. അതുകൊണ്ടുതന്നെ പരാതികള്‍ പരിഹരിക്കപ്പെടാറുമില്ല. ഏകീകൃത സ്വഭാവം ഉള്ള ഒരു ചികിത്സാ പ്രോട്ടോക്കോള്‍ ഇവിടേയും ഉണ്ടാകേണ്ടതുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയങ്ങളില്‍ അറിവില്ലാത്ത, സമൂഹത്തിന്റെ പ്രതിലോമകരമായ സമീപനങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒട്ടേറെ ആളുകള്‍ ആരോഗ്യരംഗത്തും ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഹോമോ സെക്ഷ്വലും ട്രാന്‍സ് ജെന്‍ഡറും ഒന്നാണെന്നു ധരിച്ചുവെച്ചവര്‍ പോലുമുണ്ട്. അതിനാല്‍ തന്നെ അടിയന്തര സാഹചര്യങ്ങളില്‍ പോലും പലരും ആശുപത്രികളില്‍ പോവാറില്ല. വാസ്തവത്തില്‍ നിലവിലെ അവസ്ഥയില്‍ അന്തസ്സായി ജീവിക്കാനുള്ള അവസ്ഥ സമൂഹത്തിലുണ്ടെങ്കില്‍ വലിയൊരു വിഭാഗം ശസ്ത്രക്രിയ ആഗ്രഹിക്കില്ല. ആണിനേയും പെണ്ണിനേയും മാത്രം അംഗീകരിക്കുന്ന ലോകത്ത് അതിലൊന്നാകാന്‍ ആഗ്രഹിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ലല്ല. അതിനുള്ള അവകാശം അംഗീകരിക്കപ്പെടുകയും വേണം. അതേസമയം ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെടാത്ത എത്രയോ പേര്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തുന്നു എന്നതും മറക്കരുത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തായാലും അനന്യയുടെ മരണശേഷം ഈ വിഷയവുമായി ബന്ധപ്പെട്ട് Team Sex Education Kerala, മുഖ്യമന്ത്രിക്ക് വിശദമായ നിവേദനം നല്‍കിയിട്ടുണ്ട്. അതിലെ പ്രധാന ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്.

1) ട്രാന്‍സ്‌ജെന്‍ഡര്‍ ആരോഗ്യസേവനങ്ങള്‍ സംബന്ധിച്ച് ഒരു വിദഗ്ധ സമിതി സംസ്ഥാന തലത്തില്‍ രൂപീകരിക്കണം. ആരോഗ്യവിദഗ്ധര്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരും, നിയമവിദഗ്ധരും അതില്‍ ഉണ്ടാവണം.

2) ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാക്കുക, ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കൊണ്ടുവരുക ഇവയൊക്കെ ഈ വിദഗ്ധസമിതിയുടെ ചുമതലയില്‍ വരണം.

3) ഹോര്‍മോണ്‍ ചികിത്സ, ലിംഗമാറ്റ ശസ്ത്രക്രിയ ഇവ നല്‍കുന്ന ആശുപത്രികള്‍ക്ക് അതിനുള്ള സംവിധാനങ്ങള്‍ ഉണ്ടോ എന്നുള്ളത് ഉറപ്പാക്കുകയും, കാലാകാലങ്ങളില്‍ വീണ്ടും വിലയിരുത്തുകയും ചെയ്യണം.

4) ചികിത്സയില്‍ നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നുള്ളതും ഉറപ്പാക്കണം.

5) ചികിത്സാചിലവുകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം കൊണ്ടുവരികയും, സാമ്പത്തിക സഹായം ആവശ്യമായവര്‍ക്ക് അത് നല്‍കുകയും വേണം.

6) ഇത്തരം ആരോഗ്യസേവനങ്ങള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് നല്‍കാനുള്ള സംവിധാനം രൂപീകരിക്കണം. അതിനായി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കണം.

7) ശസ്ത്രക്രിയയ്ക്ക് മുന്‍പും ശേഷവും ഉള്ള മാനസികാരോഗ്യ സേവനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണം.

8) ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള റിക്കവറി സമയത്ത് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ആവശ്യമായ സാമ്പത്തിക- സാമൂഹിക പിന്തുണ ഉറപ്പാക്കണം.

9) ചികിത്സയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനവും ഉണ്ടാവേണ്ടതുണ്ട്. ഈ സംവിധാനം വഴി പരാതികള്‍ക്ക് വേഗം തന്നെ പരിഹാരമുണ്ടാക്കാന്‍ സാധിക്കണം.

10. Queer population ന് ചികിത്സ നല്‍കുന്ന മെഡിക്കല്‍ വിദഗ്ധര്‍ക്കു Queer affirmative counseling practice (QACP) പരിശീലനം ഉറപ്പ് വരുത്തണം.

11. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ഉന്നമനത്തിനായി നിരവധി സാമൂഹിക പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കി വരുന്നുണ്ട്. അതിനോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇവര്‍ക്ക് ലഭിക്കേണ്ട ആരോഗ്യസേവനങ്ങള്‍. പലപ്പോഴും ഇതിന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ സെന്‍സിറ്റീവായ ഒരു ആരോഗ്യരംഗം വളര്‍ത്തിയെടുക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ കാലഘട്ടം തൊട്ടുതന്നെ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ഉടന്‍ ആരംഭിക്കണം.

12. അനന്യ കുമാരി അലക്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള ആരോപണങ്ങള്‍ പരിശോധിക്കുകയും, അന്വേഷണം നടക്കുകയും, വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ നടപടികള്‍ ഉണ്ടാവുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply