ക്യൂബന്‍ പ്രക്ഷോഭങ്ങളുടെ അന്തര്‍ധാരകള്‍

അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പില്‍ ഉറച്ചുനിന്നതാണ് ക്യൂബയെ ശ്രദ്ധേയമാക്കിയത്.. 1990 കളിലെ പ്രതിസന്ധിയിലും ഇത് തുടര്‍ന്നു. ജൈവകൃഷിയുടെ പ്രോത്സാഹനവും നഗരകൃഷിയിലൂടെ ഭക്ഷ്യലഭ്യത മെച്ചെപ്പെടുത്താനുള്ള ശ്രമവും അതിന്റെ ഭാഗമായിരുന്നു. പക്ഷെ, സാമ്രാജ്യത്വം ഒരു ലോക വ്യവസ്ഥയാണ്. ഒരു രാജ്യം മാത്രമല്ല. ഒരു സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ മറ്റൊന്നിന് ആശ്രിതമാകുമ്പോള്‍ ആ രാജ്യത്തെ ജനങ്ങളുടെ വിമോചന സ്വപ്നമാണ് വഞ്ചിക്കപ്പെടുന്നത്. ഇന്നത്തെ ലോകത്ത് ദേശീയ വിമോചന താല്പര്യത്തെ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍നിന്ന്, തൊഴിലാളിവര്‍ഗ വിപ്ലവോദ്യമത്തില്‍ നിന്ന്, വേര്‍പെടുത്തി യാഥാര്‍ത്ഥ്യമാക്കാനാവില്ല – മാവോയിസ്റ്റ് ചിന്തകന്‍ കെ മുരളി എഴുതുന്നു

ക്യൂബയില്‍ അടുത്ത ദിവസങ്ങളില്‍ നടന്ന ജനകീയപ്രക്ഷോഭം അന്താരാഷ്ട്രതലത്തില്‍ തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടത് സ്വാഭാവികം. പതിറ്റാണ്ടുകളായി ക്യൂബക്ക് പ്രതിരോധമേര്‍പ്പെടുത്തിയിട്ടുള്ള അമേരിക്കയാണ് പ്രക്ഷോഭങ്ങള്‍ക്കു പുറകിലെന്ന നിരീക്ഷണം ശക്തമാണ്. അയല്‍രാജ്യമായ ഹെയ്തിയിലെ പ്രസിഡന്റ് ജൊവനെല്‍ മോസെ വെടിയേറ്റു മരിച്ചതിനു പുറകില്‍ അമേരിക്കയുടെ പങ്ക് കാണാം. ക്യൂബയിലും അമേരിക്കന്‍ പങ്ക് പ്രകടമാണ്. പ്രക്ഷോഭത്തിന് സഹായകരമായ രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെട്ട soscuba എന്ന ഹാഷ്ടാഗിന്റെ ഉറവിടം സ്പെയിനാണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രക്ഷോഭം തീവ്രമായ 10,11 തിയതികളില്‍ സെക്കന്റില്‍ അഞ്ചുവീതം ട്വീറ്റുകളാണ് പ്രത്യേക്ഷപ്പെട്ടത്. വൈദഗ്ധ്യത്തോടെ ഇതെല്ലാം സമന്വയിപ്പിച്ചതില്‍ സിഐഎയുടെ പങ്ക് വ്യക്തമാണ്. ആഗോളതലത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍പോലും അമേരിക്കയുടെ പങ്ക് ഭാഗികമായി അംഗീകരിക്കുന്നുണ്ട് – അതുമാത്രമല്ല, അവിടത്തെ ആഭ്യന്ത വിഷയങ്ങളുമുണ്ടെന്നു പറയുന്നതോടൊപ്പം. ക്യൂബയുമായി ഐക്യപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും അമേരിക്കക്കെതിരെ പ്രചാരണം നടക്കുന്നു. അമേരിക്കയിലെ തന്നെ ‘ബ്ലാക്കു് ലൈവ്‌സ് മാറ്റര്‍’പ്രസ്ഥാനവും ക്യൂബയെ പിന്തുണച്ചത് ശ്രദ്ധേയമാണ്.

എന്താണ് ക്യൂബയിലെ ആഭ്യന്തരപ്രശ്നങ്ങള്‍? അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ ക്ഷാമം ക്യൂബന്‍ ജനതയുടെ ജീവിതത്തെ തകര്‍ക്കുകയാണ്. കൊവിഡിന്റെ ഒന്നാം ഘട്ടത്തെ ഫലപ്രദമായി നേരിട്ട രാജ്യത്തിന് രണ്ടാംതരംഗത്തെ അത്ര ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും പ്രക്ഷോഭത്തിന് കാരണമാണ്. സര്‍ക്കാരിന്റെ സെന്‍സര്‍ഷിപ്പുകള്‍ക്കെതിരായ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങളും സജീവമായിരുന്നു. യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായ റാപ്പര്‍മാര്‍ക്കെതിരായ നടപടികള്‍ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായി.

ക്യൂബന്‍ ഭരണത്തെ പിന്തുണയ്ക്കുന്നവര്‍ പോലും ഇതെല്ലാം അംഗീകരിയ്ക്കുന്നു. ജനങ്ങളുടെ അസ്വസ്ഥതയെ മുതലെടുത്ത് യൂഎസ് അനുകൂലികള്‍ കരുതികൂട്ടി ഇളക്കിവിട്ടതാണു് പ്രക്ഷോഭം എന്നാണ് അവരുടെ പക്ഷം. അതല്ല സഹികെട്ട ജനങ്ങള്‍ സ്വയമേവ തെരുവില്‍ ഇറങ്ങിയതാണെന്ന് മറുപക്ഷം വാദിയ്ക്കുന്നു. കിട്ടിയിടത്തോളം വിവരങ്ങള്‍ പരിശോധിച്ചു നോക്കിയാല്‍, പല ധാരകളും ഒത്തുചേര്‍ന്നതാണ് കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പിനെതിരെ രൂപംകൊണ്ട കലാ, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സാന്‍ ഇസിഡ്രോ പ്രസ്ഥാനമാണ് ഇതിലെ ഒരു സംഘടിത ശക്തി. കുറച്ച്‌ വര്‍ഷങ്ങളായി ഇവര്‍ നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ പ്രക്ഷോഭം ഉയര്‍ന്നുവന്നത്. കോവിഡ് മൂലം ആളുകള്‍ മരിക്കുന്നതില്‍ പ്രതിഷേധിച്ച് കലാ, സാംസ്‌കാരിക പ്രവര്‍ത്തകരോട് തെരുവിലിറങ്ങാന്‍ നേരത്തെ പറഞ്ഞ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് ആഹ്വാനംചെയ്തത് അടിയന്തിര കാരണമായി. ഇങ്ങനെ, ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍, ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥമേധാവിത്വപരമായ നിയന്ത്രണങ്ങളോടുള്ള അമര്‍ഷം, ഇതിനെയെല്ലാം തെരുവിലേയ്ക്കു് തള്ളിവിടാനുള്ള കരുതികൂട്ടിയുള്ള ഗൂഢനീക്കം – സാമാന്യമായി പറഞ്ഞാല്‍ ഇതൊക്കെയാണു് ക്യൂബന്‍ പ്രക്ഷോഭങ്ങളുടെ അന്തര്‍ധാര.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

യു എസ് ഉപരോധം ക്യൂബയുടെ സമ്പദ് വ്യവസ്ഥയെ വളരെയധികം പ്രതികൂലമായി ബാധിച്ചു എന്നതില്‍ സംശയമില്ല. കൊറോണ വാക്സിന്‍ നിര്‍മ്മിക്കാനാവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയെ പോലും അത് ബാധിച്ചു. ടൂറിസത്തിലൂടെ ലഭിച്ചിരുന്ന വരുമാനവും കുറഞ്ഞു. അപ്പോഴും ചില ചോദ്യങ്ങള്‍ ബാക്കിയാണ്. വിപ്ലവം കഴിഞ്ഞ് 60 വര്‍ഷം കഴിഞ്ഞിട്ടും ഇതിനെയൊന്നും അതിജീവിക്കാവുന്ന ഒരു സമ്പദ് ഘടന കെട്ടിപ്പടുക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ല എന്നതാണതില്‍ പ്രധാനം. ഫലഭൂയിഷ്ഠമായ ഭൂമി ഉണ്ടായിട്ടും വാക്സിന്‍ നിര്‍മ്മിക്കാനാവശ്യമായ സാങ്കേതികവിദ്യ ഉണ്ടായിട്ടും ഒന്നേകാല്‍ കോടി ജനങ്ങള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? ഭക്ഷ്യവസ്തുക്കളുടെ 80 ശതമാനത്തിനും എന്തുകൊണ്ട് മറ്റു രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടിവരുന്നു? ഈ ചോദ്യത്തിന്റെ ഉത്തരമാണ് പ്രധാനം.

ക്യൂബയില്‍ കൃഷിയെന്നത് ഏറെക്കുറെ കരിമ്പും വ്യവസായമെന്നത് പഞ്ചസാരനിര്‍മ്മാണവും അതിനാവശ്യമായ യന്ത്രങ്ങളും ഇതിന്റെ കയറ്റിറക്കിനു വേണ്ട ഗതാഗതവുമാണ്. ഗോതമ്പ് സംസ്‌കരണം, പരുത്തി സംസ്‌കരണം, ഇരുമ്പുരുക്ക് സംസ്‌കരണം, എണ്ണ സംസ്‌കരണം എന്നിവയൊക്കെ ഉണ്ടെങ്കിലും ഇവയുടെയൊക്കെ അസംസ്‌കൃതവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നു. ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. അവിടത്തെ വിഭവങ്ങളെ ആശ്രയിച്ചുള്ള വ്യവസായവല്‍ക്കരണമില്ല. സ്വാശ്രിതമായ ഒരു സമ്പദ് ഘടന കെട്ടിപ്പടുക്കാനുമായില്ല.

ദീര്‍ഘകാലം സ്പാനിഷ് കോളനിയായിരുന്നല്ലോ ക്യൂബ. തദ്ദേശീയരായ ആദിവാസികളെ വംശഹത്യനടത്തിയ അവര്‍ കരിമ്പിന്‍ കൃഷിക്കായി ലക്ഷകണക്കിന് ആഫ്രിക്കന്‍ വംശജരെ അടിമകളായി കൊണ്ടുവരുകയായിരുന്നു. ക്യൂബ ഒന്നാകെ കരിമ്പിന്‍ തോട്ടമായി മാറ്റി. അടിമകളുടെ പല കലാപങ്ങളും നടന്നെങ്കിലും അവയെല്ലാം അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. ഒടുവില്‍ 1895ല്‍ മാക്‌സിമൊ ഗോമസിന്റെയും ഹോസ് മാര്‍ടിയുടെയും നേതൃത്വത്തിലുള്ള വിപ്ലവം സ്‌പേണിഷ് കൊളോണിയല്‍ ഭരണം അവസാനിപ്പിച്ചു. ഈ യുദ്ധത്തില്‍ യുഎസ് സാമ്രാജ്യത്വം വിമോചനപോരാളികളുടെ പക്ഷത്തുനിന്നു. വിജയിച്ചപ്പോള്‍ ക്യൂബന്‍ സൈന്യത്തെ നിരായുധരാക്കി ആ രാജ്യത്തിന്റെ നിയന്ത്രണം കൈയ്യടക്കി. 1902ല്‍ പരോക്ഷ നിയന്ത്രണത്തിലേയ്ക്കു് മാറും മുമ്പു് എപ്പോള്‍ വേണമെങ്കിലും ക്യൂബയില്‍ സൈനിക ഇടപെടല്‍ സാധ്യമാക്കുന്ന ഒരു ഭരണഘടനാ ഭേദഗതി തിരുകികേറ്റുകയും ചെയ്തു. കരിമ്പ് തോട്ടങ്ങള്‍ കൈയ്യടക്കിയ അമേരിക്കന്‍ കമ്പനികള്‍ക്കു് കര്‍ഷകരെ കുടിയൊഴുപ്പിക്കാനും എത്രവേണമെങ്കിലും ഭൂമി കൈക്കലാക്കാനും അനുവദിയ്ക്കുന്ന നിയമങ്ങളും ഉണ്ടാക്കി. 18-ാം നുറ്റാണ്ടിന്റെ പകുതിയോടെ തെക്ക്ു വടക്ക് അമേരിക്കന്‍ ഭൂഖണ്ടങ്ങളിലെ എറ്റവും വലിയ നഗരങ്ങളില്‍ മൂന്നാമനായി ഹവാന മാറിയിരുന്നു. രാജ്യാന്തര തീവണ്ടിശൃംഖല രൂപപ്പെട്ടു. എല്ലാം കരിമ്പു കൃഷിയും പഞ്ചസാര ഉല്പാദനവും കയറ്റുമതിയുമായി ബന്ധപ്പെട്ടുതന്നെ. ഹവാന സമ്പന്ന അമേരിക്കക്കാരുടെ വിനോദകേന്ദ്രവുമായി.

ഭക്ഷ്യവസ്തുക്കളുടെയും മറ്റെല്ലാ അവശ്യവസ്തുക്കളുടെയും യന്ത്രസാമഗ്രികളുടെയും ആവശ്യം ഇറക്കുമതിയിലൂടെ നിറവേറ്റുകയും അതിനാവശ്യമായ വിദേശനാണ്യം പഞ്ചസാര കയറ്റുമതിയിലൂടെ സമ്പാദിക്കുകയും ചെയ്യുന്ന രാജ്യമായി ക്യൂബ. ഇന്നും ഏറെക്കുറെ അതാണവസ്ഥ. വിളഭൂമിയിലെ 75ശതമാനത്തിലും കരിമ്പാണ് കൃഷി. കയറ്റുമതിയിലെ 82ശതമാനവും പഞ്ചസാരയാണ്.. ഭക്ഷ്യാവശ്യത്തിന്റ 70-80 ശതമാനം ഇറക്കുമതി ചെയ്യുന്നു.

വിദേശനാണ്യ വരുമാന സ്രോതസ്സില്‍ ഇടക്കാലത്ത് ടൂറിസം ഒന്നാം സ്ഥാനത്തെത്തിയതാണ് ഒരു മാറ്റം. ഈ മാറ്റവും ആകെ മോത്തത്തിലുള്ള വിധേയത്വ ബന്ധത്തിനകത്താണു്. വിദേശ ആവശ്യത്തെ ആശ്രയിച്ചാണ് അതിന്റെയും നിലനില്പ്. സ്വയാശ്രതത്വം, സ്വയംപര്യാപ്തത ഇപ്പോഴും അകലെതന്നെ. ഇതാണു് ക്യൂബ നേരിടുന്ന എറ്റവും വലിയ, മാരകമായ, സാമ്രാജ്യത്വ ഞെരുക്കം.

കാസ്‌റ്റ്രോക്കും കൂട്ടര്‍ക്കും എന്തുകൊണ്ടാണു് ഈ ബന്ധനം തകര്‍ക്കാന്‍ കഴിയാതെ പോയത്? അതവരുടെ വര്‍ഗവീക്ഷണത്തിന്റെ, കാഴ്ചപ്പാടിന്റെ പ്രശ്‌നമാണു്. 1965ല്‍ ഔപചാരികമായി കമ്മ്യൂണിസ്റ്റ് മേലങ്കി അണിഞ്ഞെങ്കിലും അവരുടെ വിപ്ലവസംരംഭത്തിനു പ്രചോദനമായ ബൂര്‍ഷ്വാ ദേശീയവാദ താല്പര്യങ്ങളില്‍നിന്ന് തെറ്റിപിരിയാനോ, തൊഴിലാളിവര്‍ഗ നിലപാട് സ്വീകരിക്കാനോ അവരൊരിക്കലും തയ്യറായിരുന്നില്ല. അമേരിക്കന്‍ സാമ്രാജ്യത്വം തങ്ങളെ പിന്തുണയ്ക്കും എന്നാണ് അവരാദ്യം പ്രതീക്ഷിച്ചത്. വെറുതെയല്ല, പുതിയ വിപ്ലവ സര്‍ക്കാരിനെ ഔപചാരികമായി ആദ്യമായി അംഗീകരിച്ചവരില്‍ മുമ്പനായിരുന്നു അമേരിക്ക. ക്യൂബയുമായുള്ള അമേരിക്കയുടെ ബന്ധം സമാനതയുടേതാക്കും, ക്യൂബന്‍ ജനങ്ങള്‍ക്ക് ഉപകരിക്കും വിധം പഞ്ചസാര കയറ്റുമതി കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയും എന്നൊക്കെയായിരുന്നു കാസ്‌റ്റ്രോയുടെ പ്രതീക്ഷ. എന്നാല്‍ അതല്ല സംഭവിച്ചത്. കര്‍ഷകരുടെ സമ്മര്‍ദ്ദത്തിനു് വഴങ്ങി ചില വന്‍കിട കരിമ്പ് തോട്ടങ്ങളുടെ കുറച്ചു ഭൂമി ഏറ്റെടുത്തു് വിതരണം ചെയ്തതോടെ അമേരിക്ക തെറ്റി. കാസ്‌റ്റ്രോ നയിച്ച ജൂലൈ 26 പ്രസ്ഥാനവും പഴയ കമ്മ്യൂണിസ്റ്റ് പാര്‍ടിയും തമ്മില്‍ വളരുന്ന സൗഹാര്‍ദ്ദത്തിന്റെ അനന്തരഫലമായി ഇത് വിലയിരുത്തപ്പെട്ടു. കാസ്‌റ്റ്രോയെ തകിടം മറിയ്ക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അപ്പോഴാണ് കാസ്‌റ്റ്രോ സോവിയറ്റ് യുണിയന്റെ പക്ഷത്തേയ്ക്ക് ചാഞ്ഞത്. ആ ബന്ധത്തിലും പഞ്ചസാര കയറ്റുമതി ആയിരുന്നു പ്രധാന കണ്ണി. അമേരിക്ക നല്കിയതിനേക്കാള്‍ മെച്ചപ്പെട്ട വ്യവസ്ഥയില്‍ അതു മുറുകി.

‘കരിമ്പ് കൃഷിയോളം ലാഭം മറ്റൊരു വിളയില്‍നിന്നും കിട്ടില്ല എന്ന് ക്യൂബന്‍ സാമ്പത്തിക ചരിത്രം വ്യക്തമാക്കുന്നു. വിപ്ലവത്തിന്റെ ആരംഭകാലത്തു് നമ്മളില്‍ അധികംപേര്‍ക്കും അടിസ്ഥാനപരമായ ഈ സാമ്പത്തിക വസ്തുതയെകുറിച്ച് അറിയില്ലായിരുന്നു. കാരണം, യഥാര്‍ത്ഥ കാരണത്തെ, അതായത് അസമാനമായ വ്യാപാരമിച്ചത്തിന്റെ പ്രശ്‌നത്തെ വിശകലനം ചെയ്യാത്ത ഒരു കപടാവബോധം പഞ്ചസാരയെ സാമ്രാജ്യത്വ വിധേയത്വവും നാട്ടിന്‍പുറത്തെ ദുരിതവുമായി ബന്ധിപ്പിച്ച് കാണിച്ചു.” എന്നാണ് കാസ്‌റ്റ്രോ ന്യായീകരിച്ചത്. വിധയത്വത്തിന്റെ ബാഹ്യരൂപങ്ങളില്‍ തങ്ങിനില്ക്കുന്ന ഈ ഉപരിപ്ലവ വീക്ഷണം, ബൂര്‍ഷ്വാസാമ്പത്തികശാസ്ത്ര വീക്ഷണം, ഇതാണ് അവരെ നയിച്ചത്. സാമ്രാജ്യത്വ കുത്തകകളുമായുള്ള ഇടപാടില്‍ മിച്ചത്തിന്റെ പങ്കുവയ്ക്കലില്‍ ഒരു പുനര്‍ക്രമീകരണം മാത്രമാണ് ആഗ്രഹിച്ചത്. ജനപ്രിയ ഭരണം നിലനില്ക്കുന്നിടത്തോളം കാലം മെച്ചപ്പെട്ട സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങളുടെയും മറ്റും രൂപത്തില്‍ അതിന്റെ കുറച്ചു ഗുണം ജനങ്ങള്‍ക്കും കിട്ടും. ഷാവേസിന്റെ കീഴില്‍ വെനുസുവേലയിലും ഇത് കണ്ടതാണ്. പക്ഷെ സാമ്രാജ്യത്വത്തിനുമേലുള്ള ആശ്രിതത്വം അവസാനിക്കില്ല. അതുമൂലമുണ്ടാകുന്ന സമ്പദ്ഘടനയുടെ ഏങ്കോണിപ്പും അനിവാര്യമായും അത് സൃഷ്ടിച്ചുകൊണ്ടേയിരിയ്ക്കുന്ന ഞെരുക്കങ്ങളും പ്രതിസന്ധികളും അവസാനിക്കില്ല. അതാണു് ക്യൂബയില്‍ കാണുന്നത്.

ഇതിനിടെ മുതലാളിത്ത പുനര്‍സ്ഥാപനം നടന്ന് സാമ്രാജ്യത്വശക്തിയായി മാറിയ സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ ഉപഭൂഖണ്ടത്തിലേയ്ക്കുള്ള ഉറച്ച പ്രവേശനമായിരുന്നു ക്യൂബന്‍ ബന്ധം. വിവിധ രാജ്യങ്ങള്‍ തങ്ങള്‍ക്ക് ഏറ്റവും ലാഭകരമായ ഉല്പന്നനിര്‍മ്മാണത്തില്‍ കേന്ദ്രീകരിക്കണം എന്ന ബൂര്‍ഷ്വായുക്തിയെ അന്താരാഷ്ട്ര തൊഴില്‍വിഭജനം എന്ന പേരിട്ട് നടപ്പാക്കിയ സോവിയറ്റ് തിരുത്തല്‍വാദികള്‍ക്ക് പഞ്ചസാര കയറ്റുമതിയ്ക്കുമേലുള്ള ക്യൂബയുടെ ആശ്രിതത്വം സൗകര്യപ്രദമായി.

സ്വാശ്രിതമായ സമ്പദ് ഘടന കെട്ടിപ്പടുക്കുന്നതാണ് സാമ്രാജ്യത്വത്തില്‍ നിന്ന് മോചനം നേടാനാഗ്രഹിക്കുന്ന ഏതൊരു മര്‍ദ്ദിത രാജ്യവും നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാവശ്യമായ മൂലധനവും വൈദഗ്ദ്യവുമുണ്ടാകില്ല എന്നൊരു പ്രശ്നമുണ്ട്. അങ്ങനെയാണ് വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന പല മൂന്നാം ലോക ഭരണകൂടങ്ങളും ഒരു സാമ്രാജ്യത്വത്തിന്റെ അല്ലെങ്കില്‍ മറ്റൊന്നിന്റെ ആശ്രിതരായത്. എന്നാലിത് അനിവാര്യതയല്ല. മാര്‍ക്‌സിസത്തിന്റെ മാര്‍ഗ്ഗദര്‍ശനത്തില്‍ ബഹുജന ക്രിയാശേഷിയെ കെട്ടഴിച്ചുവിട്ടാല്‍ ഏതൊരു പിന്നാക്ക രാജ്യത്തിനും അത് സാധ്യമാണ്. ചൈനയത് തെളിയിച്ചു. ക്യൂബക്കും കഴിയുമായിരുന്നു. ക്യൂബയ്ക്കും ആ വഴിയാണ് അവര്‍ ചൂണ്ടികാട്ടിയത്. ഭക്ഷ്യസ്വയംപര്യാപ്തത നേടാന്‍ ആകുംവിധം നെല്ലുല്പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള സാങ്കേതിക സഹായം നല്കി. അത്തരത്തിലുള്ള ചില പദ്ധതികള്‍ക്ക് തുടക്കമിട്ടു. എന്നാല്‍, രാഷ്ട്രീയത്തിനു പകരം ലാഭത്തെ കേന്ദ്രസ്ഥാനത്തു വച്ച കാസ്‌റ്റ്രോ നേതൃത്വം അതിന് വിലകല്പിച്ചില്ല. സോവിയറ്റ് സോഷ്യല്‍ സാമ്രാജ്യത്വവുമായുള്ള ബാന്ധവം മുറുകിയ മുറയ്ക്ക് നെല്ലുല്പാദനം വര്‍ദ്ധിപ്പിയ്ക്കാനായി തുടങ്ങിവച്ച ആ പദ്ധതികളും നിര്‍ത്തലാക്കി. വന്‍കിട കരിമ്പിന്‍ തോട്ടങ്ങലിലെ ഭൂമി കര്‍ഷകര്‍ക്കു് വീതം വച്ചാല്‍ അതിലൊരു ഭാഗം നെല്ലുല്പാദനത്തിലേയ്ക്ക് അവര്‍ തിരിയ്ക്കും. അതോടെ കരിമ്പു് ഉല്പാദനം കുറയും. ഭൂപരിഷ്‌കരണത്തെ എതിര്‍ക്കാന്‍ കാസ്‌റ്റ്രോ വാദിച്ചതിങ്ങനെയാണ്..

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ 1990കളില്‍ സോവിയറ്റ് തകര്‍ച്ചയോടെ ക്യൂബയും പ്രതിസന്ധിയിലായി. പഞ്ചസാരയുടെ ആഗോളവിലയിടിഞ്ഞു. ഇതില്‍ നിന്നു കരകയറാന്‍ ശ്രമിച്ചത് വിനോദ സഞ്ചാരത്തിലൂടെയായിരുന്നു. വിദേശനാണ്യ പ്രശ്‌നം പരിഹരിയ്ക്കാന്‍ ആ മേഖലയിലെ നാണ്യം ഡോളറാക്കി. അങ്ങനെ സമ്പദ് ഘടന രണ്ടായി മാറി. ഡോളറുമായി ബന്ധപ്പെട്ടവരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. മറ്റുള്ളവരുടേത് മോശമായി. അസമാനത വര്‍ദ്ധിച്ചു. ആഫ്രോ ക്യൂബക്കാരുടെ അവസ്ഥയാകട്ടെ മഹാമോശമായി. മുമ്പേ നിലനില്ക്കുന്നതാണു് ഈ അസമാനത. 3000 ഡോളറിനു താഴെ വരുമാനമുള്ള വെള്ളക്കാരായ ക്യൂബക്കാര്‍ 58 ശതമാനമാണെങ്കില്‍ ആഫ്രോക്യൂബക്കാര്‍ 95 ശതമാനമായിരുന്നു. അവരില്‍ ബഹുഭൂരിപക്ഷവും ദരിദ്രരാണെന്നു സാരം. ഇന്നത്തെ വിമത റാപ്പര്‍മാരില്‍ ഭൂരിഭാഗവും ഇവരില്‍ നിന്നുള്ളവരാണ്. പ്രക്ഷോഭത്തില്‍ അവരുടെ സജീവസാന്നിധ്യം സ്വാഭാവികമായിരുന്നു. ഈ പരിഷ്‌കരണങ്ങള്‍ മൂലം വളര്‍ന്നു വന്ന ചെറുകിട മുതലാളിമാരുടെ നിര അമേരിക്കന്‍ കുത്തിതിരിപ്പുകള്‍ക്കുള്ള സാമൂഹ്യ അടിത്തറ വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്തു. 2021ല്‍ ഇരട്ട നാണയരീതി നിര്‍ത്തലാക്കിയതോടെ ഇവര്‍ക്കും പ്രശ്‌നമായി. തെറ്റായ നയങ്ങളുടെ ഫലമായുണ്ടായ പ്രക്ഷോഭങ്ങളെ സേച്ഛാധിപത്യപരമായി അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിച്ചത്. ജനപക്ഷത്തുനില്‍ക്കാന്‍ അവര്‍ക്കായില്ല. ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവം തന്നെയാണ് പ്രശ്നം. ഇതൊക്കെയാണു് സോഷ്യലിസമായി അവതരിയ്ക്കുന്നതെങ്കില്‍ കമ്മ്യൂണിസം നശിക്കട്ടെ എന്നു് അവിടത്തെ ജനങ്ങള്‍ പാടുന്നതില്‍ ഒരു അത്ഭുതവുമില്ല.

അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പില്‍ ഉറച്ചുനിന്നതാണ് ക്യൂബയെ ഇതിനിടയിലും ശ്രദ്ധേയമാക്കിയത്.. 1990 കളിലെ പ്രതിസന്ധിയിലും ഇത് തുടര്‍ന്നു. ജൈവകൃഷിയുടെ പ്രോത്സാഹനവും നഗരകൃഷിയിലൂടെ ഭക്ഷ്യലഭ്യത മെച്ചെപ്പെടുത്താനുള്ള ശ്രമവും അതിന്റെ ഭാഗമായിരുന്നു. ഇന്നത്തെ ലോക സാഹചര്യത്തില്‍ ഈ എതിര്‍പ്പിന് അതിന്റേതായ പ്രാധാന്യമുണ്ട്. ഇന്നും ലോകത്തെ ഏക വന്‍ശക്തി അമേരിക്കയാണ്. പക്ഷെ, സാമ്രാജ്യത്വം ഒരു ലോക വ്യവസ്ഥയാണ്. ഒരു രാജ്യം മാത്രമല്ല. ഒരു സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ മറ്റൊന്നിന് ആശ്രിതമാകുമ്പോള്‍ ആ രാജ്യത്തെ ജനങ്ങളുടെ വിമോചന സ്വപ്നമാണ് വഞ്ചിക്കപ്പെടുന്നത്. ഇന്നത്തെ ലോകത്ത് ദേശീയ വിമോചന താല്പര്യത്തെ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍നിന്ന്, തൊഴിലാളിവര്‍ഗ വിപ്ലവോദ്യമത്തില്‍ നിന്ന്, വേര്‍പെടുത്തി യാഥാര്‍ത്ഥ്യമാക്കാനാവില്ല. അങ്ങനെ ആഗ്രഹിയ്ക്കുകയും, അതിനായി ശ്രമിയ്ക്കുകയും ചെയ്തവരില്‍ കാസ്‌റ്റ്രോവിനെ പോലെ മണ്‍മറഞ്ഞുപോയ നിരവധി ജനപ്രിയ നേതാക്കളുണ്ട്. പക്ഷെ അവരെല്ലാം ഒന്നുകില്‍ കൊല്ലപ്പെട്ടു. അതല്ലെങ്കില്‍ അതാത് രാജ്യത്തെ ദല്ലാള്‍ ബൂര്‍ഷാസികളുടെ നേതാക്കളായി രൂപാന്തരപ്പെട്ടു. സ്വന്തം രാജ്യത്തെ സാമ്രാജ്യത്വ വ്യവസ്ഥയില്‍ വിളക്കിനിര്‍ത്തുന്ന പണിയില്‍ ഏര്‍പ്പെട്ടു. സ്വന്തം പട്ടാളത്തെ പോലും കാസ്‌റ്റ്രോ സോവിയറ്റ് സോഷ്യല്‍ സാമ്രാജ്യത്വത്തിനു വിട്ടുകൊടുത്തിരുന്നു.

ഇതിനു വിരുദ്ധമായി യഥാര്‍ത്ഥ ദേശീയ വിമോചനവും സോഷ്യലിസവും സാധ്യമാക്കണമെങ്കില്‍ മാര്‍ക്‌സിസം-ലെനിനിസം-മാവോയിസത്തിന്റെ മാര്‍ഗദര്‍ശനത്തില്‍ കമ്മ്യൂണിസം വരെ വിപ്ലവം തുടരുന്ന തൊഴിലാളിവര്‍ഗ കാഴ്ചപ്പാട് വേണം. അതുകൊണ്ടാണ് ക്യൂബന്‍ സാഹചര്യത്തെ വിലയിരുത്തുമ്പൊള്‍ അവിടത്തെ ഭരണാധികാരികളുടെ കപട കമ്മ്യൂണിസം തുറന്നുകാട്ടുന്നത് നിര്‍ണ്ണായകമാകുന്നത്. ക്യൂബ മുകുന്ദന്മാര്‍ എത്ര നല്ലവരും, ആത്മാര്‍ത്ഥതയുള്ളവരും ആയാലും ശരി, ശുദ്ധന്‍ ചിലപ്പൊള്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നു് മറക്കരുത്. കല്പിത ധാരണകളില്‍ നിന്നല്ല വസ്തുതകളില്‍ നിന്ന് സത്യം കണ്ടെത്തണം.

(ഈ ലേഖനത്തിന്റെ ശബ്ദലേഖനം http://ajithspage.in/ ല്‍ ലഭ്യമാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply