രാമനെ മാതൃകയാക്കി ഹിന്ദുത്വഫാസിസത്തെ ചെറുക്കാനാവില്ലെന്ന് ദളിത് ചിന്തകര്‍

ഇന്ന് ഇന്ത്യയില്‍ രൂപംകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളടക്കമുള്ള ഭീകരമായ ആള്‍ക്കൂട്ട അഴിഞ്ഞാട്ടം, ബ്രഹ്മണ്യത്തിനു വേണ്ടിയുള്ള പരസ്യമായ വെല്ലുവിളി, ജാതി മേധാവികളുടെ അഴിഞ്ഞാട്ടങ്ങള്‍ ഇതിനെല്ലാമെതിരെയുള്ള പ്രതിരോധം തീര്‍ക്കാന്‍ കഴിയണമെങ്കില്‍ അടിസ്ഥാനപരമായി ഹിന്ദുത്വ രാഷ്ടീയ ശക്തികള്‍ അവരുടെ അടിത്തറയിയായി ഉപയോഗിക്കുന്ന വേദ ഇതിഹാസ പുരാണങ്ങളോടും അത് ഉല്പാദിപ്പിക്കുന്ന മൂല്യബോധേത്താടും അടിസ്ഥാനപരമായി വിയോജിപ്പു രേഖപെടുത്തണം. അതിന്റെ ഒരു പ്രധാനപ്പെട്ട പാതയാണ് ഡോ. ബി ആര്‍ അംബേദ്കര്‍ നമ്മുടെ മുന്നില്‍ തുറന്നു തന്നിട്ടുള്ളത്.

അടിസ്ഥാനപരമായി ശ്രീരാമനെയും ശീരാമന്റെ മൂല്യബോധത്തെയും അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെയും ആരാധിക്കുന്ന ഒരാളാണ് താനെന്നു പറയുന്ന അടൂര്‍ ഗോപാലകൃഷ്ണനും അഗ്രഹാരങ്ങളില്‍ ദളിത് കോളനികളേക്കാള്‍ ദാരിദ്ര്യമെന്നു പറയുന്ന കോടിയേരിയും പ്രിതിനിധാനം ചെയ്യുന്ന വീക്ഷണങ്ങള്‍ക്ക് ബി ഗോപാലകൃഷ്ണന്റെ ഹിന്ദുത്വഫാസിസത്തെ ചെറുക്കാനാകില്ലെന്നും ഗോപാലകൃഷ്ണന്മാരും ബാലകൃഷ്ണന്മാരും ഒരേ ലക്ഷ്യത്തിലെത്തുന്നതിന്റെ രസതന്ത്രം പരിശോധിക്കണമെന്നും ദളിത് ചിന്തകരും ആക്ടിവിസ്റ്റുകളുമായ സണ്ണി എം കപിക്കാട്, കെ കെ കൊച്ച്, കെ എം സലിംകുമാര്‍, എം ഗീതാനന്ദന്‍, രേഖാരാജ്, കെ സന്തോഷ് കുമാര്‍, മൃദുലാദേവി ശശിധരന്‍ തുടങ്ങിയവര്‍ അഭിപ്രായപ്പെടുന്നു.

 

 

 

 

 

 

 

 

സണ്ണി എം കപിക്കാട്

ജയ് ശ്രി റാം വിളിയുമായി ബന്ധപ്പെട്ടു കേരളത്തില്‍ ഈയടുത്തു ഉണ്ടായ വിവാദമാണ് അടൂര്‍ ഗോപാലകൃഷ്ണനും ബിജെപി വക്താവായിട്ടുള്ള ബി ഗോപാലകൃഷ്ണനുമായിട് ഉണ്ടായത്. ആ വിവാദം വളരെ ഗൗരവത്തിലുള്ള ചില രാഷ്ട്രീയ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്.കാരണം ബി ഗോപാലകൃഷ്ണന്‍ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞ ഒരു കാര്യം വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നില്‍ വേണമെങ്കിലും ജയ് ശ്രീരാം വിളിക്കും ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അദ്ദേഹത്തിന് ചന്ദ്രനിലേക്ക് പോകാം എന്നായിരുന്നു. അതേക്കുറിച്ചു അടൂര്‍ ഗോപലകൃഷ്ണന്‍ പറഞ്ഞത്, അതാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ”ബി ഗോപാലകൃഷ്ണനും സംഘവും ജയ് ശ്രി റാം വിളിക്കാനായിട്ട് എന്റെ വീട്ടിലേക്ക് വന്നാല്‍ ഞാന്‍ അവര്‍ക്കായി വീട് തുറന്നു കൊടുക്കും എന്നും അതൊരു കൊലവിളി ആകാതിരുന്നാല്‍ മതി എന്നുമാണ്”. അടിസ്ഥാനപരമായി ശ്രീരാമനെയോ ശ്രീരാമന്റെ മൂല്യബോധത്തെയോ അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെയോ ഒക്കെ ആരാധിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറയുകയുണ്ടായി.

ഇവിടെയാണ് ഈ ബ്രഹ്മണ്യ സര്‍വ്വാധികാരം അതിന്റെ എല്ലാ ഭീകര രൂപങ്ങളോടും കൂടി അഴിഞ്ഞാടികൊണ്ടിരിക്കുന്ന സമയത്തു ഉണ്ടായിരിക്കേണ്ടതായ പ്രതിഷേധത്തിന്റെ സ്വഭാവം എന്തായിരിക്കണമെന്ന ആലോചിക്കേണ്ടത്. ഇന്ന് ഇന്ത്യയില്‍ രൂപംകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളടക്കമുള്ള ഭീകരമായ ആള്‍ക്കൂട്ട അഴിഞ്ഞാട്ടം, ബ്രഹ്മണ്യത്തിനു വേണ്ടിയുള്ള പരസ്യമായ വെല്ലുവിളി, ജാതി മേധാവികളുടെ അഴിഞ്ഞാട്ടങ്ങള്‍ ഇതിനെല്ലാമെതിരെയുള്ള പ്രതിരോധം തീര്‍ക്കാന്‍ കഴിയണമെങ്കില്‍ അടിസ്ഥാനപരമായി ഹിന്ദുത്വ രാഷ്ടീയ ശക്തികള്‍ അവരുടെ അടിത്തറയിയായി ഉപയോഗിക്കുന്ന വേദ ഇതിഹാസ പുരാണങ്ങളോടും അത് ഉല്പാദിപ്പിക്കുന്ന മൂല്യബോധേത്താടും അടിസ്ഥാനപരമായി വിയോജിപ്പു രേഖപെടുത്തണം. അതിന്റെ ഒരു പ്രധാനപ്പെട്ട പാതയാണ് ഡോ. ബി ആര്‍ അംബേദ്കര്‍ നമ്മുടെ മുന്നില്‍ തുറന്നു തന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ ‘റിഡ്ഡില്‍ ഓഫ് രാമ ആന്‍ഡ് കൃഷ്ണ’ എന്ന കൃതിയില്‍ രാമന്‍ പ്രതിനിധാനം ചെയുന്ന മൂല്യബോധം ചാതുര്‍വര്‍ണ്യത്തിന്റേതാണെന്നും അത് സ്ത്രീ വിരുദ്ധമാണെന്നും ഒരിക്കലുമത് മാതൃകയാക്കാന്‍ കഴിയുന്നതല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ രാമായണം പ്രതിനിധാനം ചെയുന്ന മൂല്യ ബോധം വളരെ വിനാശകാരിയാണ് എന്ന് തിരിച്ചറിയുവാനും അതിനെ വിലക്ഷണപരമായി തള്ളിക്കളയാനും കഴിയുന്നില്ലെങ്കില്‍ ഇപ്പോള്‍ സംഭവിച്ചതുപോലെ ഈ ജയശ്രി റാം വിളിക്കാര്‍ക്ക് സ്വന്തം വീട് തുറന്നു കൊടുക്കുന്ന ദുരന്തത്തിലേക്കായിരിക്കും കാര്യങ്ങള്‍ ചെന്നെത്തുക.

ഫലത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രതിരോധം വളരെ പരിഹാസ്യമായി മാറിയിട്ടുണ്ട് എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്. ആ നിലക്കുള്ള ഈ ലിബറല്‍ ബുദ്ധിജീവികളുടെ ഈ പ്രതിരോധം ഒരു തരത്തിലും ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ തിരിച്ചുവരവിനെ പ്രതിരോധിക്കില്ല. അതുകൊണ്ട് ഈ ഹിന്ദുത്വ ആശയ പ്രപഞ്ചത്തോട് അടിസ്ഥാനപരമായ ഒരു വിമര്‍ശാവബോധം സൃഷ്ടിക്കണം. അതിലുറച്ചു നിന്ന് ജാതിവിരുദ്ധവും വര്‍ണശ്രമ ധര്‍മങ്ങള്‍ക്കെതിരുമായിട്ടുള്ള ഒരു മാനവിക മൂല്യ ബോധത്തെയാണ് നമ്മള്‍ പ്രതിനിധാനം ചെയേണ്ടത്. അടൂര്‍ ഗോപാലകൃഷ്ണനുമായി ബന്ധപ്പെട്ട ഈ വിഷയം ഇത്തരമൊരു തിരിച്ചറിവിലേക്ക് കൊണ്ടുചെന്നെത്തിക്കാന്‍ പറ്റണം..

ഈ സാഹചര്യമാണ് കോടിയേരി ബാലകൃഷ്ണനെക്കൊണ്ട് അഗ്രഹാരങ്ങളിലെ ദാരിദ്ര്യത്തെക്കുറിച്ചു പറയിപ്പിക്കുന്നത്. അതായതു കേരളത്തിലെ രാഷ്ട്രീയ മേഖലയെ പരിപൂര്‍ണമായും സവര്‍ണ പ്രീണനത്തിലേക്ക് നീക്കുക എന്നതാണ് ഇപ്പോള്‍ ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്.അത്തരത്തിലൊരു രാഷ്ട്രീയ അന്തരീക്ഷം രൂപംകൊണ്ടിരിക്കുന്നതു യാഥാര്‍ഥ്യമാണെന്നും നമ്മള്‍ തിരിച്ചറിയണം. ചിദംബരേഷിനെപ്പോലുള്ള ഒരു ജസ്റ്റിസ് ഭരണഘടയെ പരസ്യമായി തള്ളിക്കളയുക, കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സംസ്ഥാന സെക്രട്ടറി അഗ്രഹാരങ്ങളിലെ അവസ്ഥ കോളനികളേക്കാള്‍ മോശമാണെന്നു യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രഖ്യാപിക്കുക., അവര്‍ക്ക് വേണ്ടി പ്രത്യേകമായി പാക്കേജ് പ്രഖ്യാപിക്കണമെന്ന് പറയുക. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ വ്യവഹാരങ്ങളിളെല്ലാം തന്നെ സവര്‍ണ കേന്ദ്രീകൃതമായിരിക്കുന്നു എന്നതാണ് പ്രധാനമായ കാര്യം. അടിസ്ഥാനപരമായി ഈ മൂല്യബോധത്തോടു കലഹിക്കാതെ ഈ വിഷയത്തെ വിമര്ശന ബോധത്തോടെ സമീപിക്കാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണനേയും കോടിയേരി ബാലകൃഷ്ണനേയും പോലുള്ള ദുരന്തങ്ങളായിരിക്കും നമ്മുടെ സമൂഹത്തില്‍ സംഭവിക്കുക.

 

 

 

 

 

 

കെ കെ കൊച്ച്

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഒരു പ്രത്യയശാസ്ത്ര രൂപമുണ്ട്. സ്വയം പ്രവര്‍ത്തന ശേഷിയുള്ള ആ പ്രത്യയശാസ്ത്ര രൂപം ജര്‍മന്‍ ആര്യ വംശ ബോധത്തിനു തുല്യമായിട്ടാണ് നിലനില്ക്കുന്നത്. അത് ഒരു ജനതയെ ശത്രുപക്ഷത്തു നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നത്. കൊല്ലപെടുന്നവര്‍ മുഴുവനും അക്രമിക്കപ്പെടുന്നവര്‍ മുഴുവനും ദളിതുകളും മുസ്ലിങ്ങളുമാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ ഇതൊരു കക്ഷി രാഷ്ട്രീയ പ്രശ്നമായാണ് കാണുന്നത്. ഇത് വംശീയ വിദ്വേഷത്തിന്റെ അപകരമായ വിഷയമാണ്. അക്കാഡമീഷ്യന്മാരും ബുദ്ധിജീവികളുമടങ്ങുന്ന വിശാലമായ ഐക്യമാണ് സഖ്യമാണ് ഇതിനെതിരെ ഉണ്ടാകേണ്ടത്.
സിപിഎം ഇപ്പോള്‍ ഈ അഗ്രഹാരവിഷയമുയര്‍ത്തുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ്. ശബരിമല വിഷയം യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തുന്നത് ബ്രാഹ്മണരും ക്ഷത്രിയരുമാണ്. പിന്നീടാണ് ശൂദ്രര്‍ അതിനോട് ചേരുന്നത്. അങ്ങനെയാണ് ആ വിഷയത്തില്‍ ഒരു സവര്‍ണ ബോധം സമൂഹത്തില്‍ പെട്ടെന്ന് രൂപപ്പെട്ടത്. അവരാണ് വിശ്വാസ സംരക്ഷണ ജാഥ നടത്തിയത്. ഇതൊരു വോട്ട് ബാങ്ക് ആണ് എന്ന് മനസിലാക്കിയാണ് സംഘപരിവാര്‍ പിന്നീട് ഇതില്‍ ചാടിവീണത്. കേരളത്തില്‍ സവര്‍ണരും അവര്‍ണരും വിഭജിക്കപ്പെട്ടു. അങ്ങനെയൊരു പ്രതിഭാസം ആദ്യമായിരുന്നു. എന്നാല്‍ സിപിഎം ഇപ്പോള്‍ ഭയപ്പെടുന്നത് അവര്‍ തോറ്റത് ശബരിമല വിഷയം ഒന്നുകൊണ്ടാണെന്നാണ്. സത്യത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കണമെന്ന ആഗ്രഹവും രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതും ആയിരുന്നു അവര്‍ തോല്‍ക്കാന്‍ കാരണം. മുസ്ലിങ്ങളും ക്രിസ്ത്യാനികളും അടക്കം മത ന്യൂന പക്ഷങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായതും സിപിഎം ന്റെ തോല്‍വിക്ക് കാരണമാണ്. ഇവിടെയാണ് കോണ്‍ഗ്രസിന്റെ രമേശ് ചെന്നിത്തല നായര്‍ സമുദായത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാകാന്‍ നോക്കുന്നതിനെ സിപിഎം തിരിച്ചറിയുന്നത്. അതുകൊണ്ടാണ് സിപിഎം സവര്‍ണ വോട്ട് മൊബിലൈസ് ചെയ്യാന്‍ ശ്രമിക്കുന്നത്.
ദലിത്, നായര്‍, അല്ലെങ്കില്‍ മത ന്യൂനപക്ഷങ്ങള്‍ ഇതിലേതെങ്കിലും രണ്ടു വിഭാഗം കൂടെ നിന്നാല്‍ ഇലക്ഷന്‍ ജയിക്കാവുന്ന സാഹചര്യം സംസ്ഥാനത്തുണ്ട്. ഇതില്‍ ദളിതകളുടെ വോട്ട് സിപിഎം നു കാലങ്ങളായി ലഭിക്കുന്നുണ്ട്. അതുകൊണ്ടു സവര്‍ണ വോട്ട് കേന്ദ്രീകരിക്കുവാനാണ് സിപിഎം ശ്രമിക്കുന്നത്. അല്ലാതെ അഗ്രഹാരങ്ങളില്‍ ഒരു തരത്തിലുള്ള പിന്നോക്കാവസ്ഥയുമുണ്ടായിട്ടല്ല. ബി എസ് എന്‍ എലും എല്‍ ഐ സിയും ദേവസ്വവും പോലെയുള്ള മെച്ചപ്പെട്ട സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ് അതില്‍ ഭൂരിഭാഗവും. ആത്യന്തികമായി സിപിഎം എന്നത് ഒരു ഹിന്ദു പാര്‍ട്ടിയാണ്. സവര്‍ണരാണ് അതിന്റെ നേതൃത്വം അതുകൂടിയാണ് ഈ വിഷയത്തിന്റെ കാര്യം.

 

 

 

 

 

 

കെ എം സലീംകുമാര്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നതുപോലെയല്ല ആ വിഷയത്തില്‍ ചെയ്യേണ്ടത്. ഇപ്പോള്‍ ഈ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു എന്നത് പ്രധാന വിഷയമാണ്. ജനങ്ങളെ ഭരണഘടന ധാര്‍മികതയില്‍ പരിശീലിപ്പിച്ചിരുന്നു എങ്കില്‍ സമൂഹം ഇത്തരത്തില്‍ പ്രതികരിക്കുമായിരുന്നില്ല. ശബരിമലയില്‍ തോറ്റത് അതുകൊണ്ടാണ്. ജനങ്ങള്‍ ഹിന്ദു ധാര്‍മികതയിലാണ് വിശ്വസിക്കുന്നത്. ഭരഘടനാ ധാര്‍മികത തകരുകയാണ്.
സുഗതകുമാരിയെപോലെയുള്ള ആളുകള്‍ എന്നും ഹിന്ദുത്വ ധാര്‍മികതയുടെ പക്ഷത്തായിരുന്നു. മലയാളികള്‍ വിശ്വസിക്കുന്നത് മനുസ്മൃതിയിലാണ്. അതിന്റെ കാരണം ഈ ഭരണഘടാ ധാര്‍മികത പരിശീലിപ്പിക്കുന്ന ആളുകള്‍ ഇല്ല എന്നതാണ്. മൗലികമായ പ്രശ്നം ഭരണഘടന സംരക്ഷണമാണ്. അത് പക്ഷെ ചര്‍ച്ച ചെയ്യുന്നില്ല.

 

 

 

 

 

എം ഗീതാനന്ദന്‍

സംഘപരിവാര്‍ ശക്തികളില്‍ നിന്ന് കല സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കും മതേതരവിശ്വാസികള്‍ക്കും എതിരായ നീക്കം ശക്തിയായി നടക്കുന്നു. അമ്പതോളം വരുന്ന ബുദ്ധിജീവികളും കലാസാംസ്‌കാരിക പ്രവര്‍ത്തകരും നടത്തിയ ഇടപെടല്‍ ശ്ലാഘനീയമാണെങ്കിലും അത് ഗുണം ചെയുന്നത് പ്രാഥമികമായി സംഘപരിവാറിന് തന്നെയാണ്. തന്റെ വീടിനു മുന്നില്‍ രാമനാമം ജപിക്കാന്‍ വന്നാല്‍ താനും കൂടാം എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന. അതുതന്നെ ഈ കലാസംകാരിക പ്രവര്‍ത്തകരുടെയും സെക്യൂലറിസ്റ്റുകളുടെയും ആന്തരിക ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. പ്രബല ദേശീയ കക്ഷികള്‍ക്കടക്കം ഉണ്ടായ ഈ ദൗര്‍ബല്യത്തെയാണ് ഹിന്ദുത്വ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നത്. ഏറ്റവും മര്‍മ പ്രധാനമായ ഹിന്ദുത്വ സാംസ്‌കാരികതയെയും അതിന്റെ മൂല്യബോധത്തെയും വിമര്‍ശിക്കുവാനോ ബദലായി മറുവാനോ ഇവര്‍ക്ക് കഴിയുന്നില്ല. ഈ പറയുന്ന സെക്യൂലറിസ്റ്റുകളായാലും കലാസംസ്‌കരിക പ്രവര്‍ത്തകരായാലും ദേശീയ പ്രസ്ഥാനങ്ങളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായാലും മാര്‍ക്സിസ്റുകാരായാലും ഇതിനു കഴിയുന്നില്ല. ഇവിടുത്തെ മൗലികമായ പ്രശ്നം ജാതിയാണെന്നും അത് പ്രത്യുല്‍പാദനം ചെയ്യുന്ന മൂല്യബോധത്തോടും സാംസ്‌കാരിക രൂപത്തോടും നേരിട്ട് ഏറ്റുമുട്ടാതെ സംഘപരിവാറിനെ തകര്‍ക്കാന്‍ കഴിയുകയില്ല.
എന്നാല്‍ ഈ മൂല്യബോധത്തിന്റെയും സാംസ്‌കാരിക രൂപത്തിന്റെയും മേഖലയില്‍ വരുമ്പോള്‍ തങ്ങള്‍ ഹിന്ദുത്വത്തിനു എതിരല്ല എന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന് വീടിനു മുന്‍പിലുള്ള ശ്രീരാം വിളിയോട് എതിരല്ലെന്നും പറയാന്‍ കഴിയുന്നത്. സിപിഎം ഇപ്പോള്‍ കോടിയേരിയുടെ ഇടപെടലിലൂടെ പറയുന്നതും ഇതേ വിഷയമാണ്. ഈ ഭക്തിയുടെ രാഷ്ട്രീയവും പോപ്പുലര്‍ ഹിന്ദു രാഷ്ട്രീയവും ഉപയോഗിച്ച് തന്നെയാണ് സിപിഎം അടക്കമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജയിച്ചു വന്നത്. കടകംപിള്ളി സുരേന്ദ്രന്‍ ശബരിമലയില്‍ കാണിച്ചുകൊണ്ടിരുന്നതും മലബാറില്‍ തിരഞ്ഞെടുപ്പ് ജയിച്ചത്തിനു ശേഷം പാര്‍ട്ടി പരിപാടിയില്‍ പിണറായി വിജയന് തലപ്പാവും ചെങ്കോലും കൊടുക്കുന്നതും ഇതേ സാംസ്‌കാരിക മൂല്യ ബോധത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. സംഘപരിവാറിന്റെ ബി ടീം ആയി ഇടതുപക്ഷം മാറി എന്നതാണ് സത്യം.
ശബരിമലയില്‍ തെറ്റുപറ്റിപ്പോയി എന്ന് സിപിഎം അംഗീകരിക്കുന്നത് ഈ ഹിന്ദുത്വത്ത മൂല്യബോധത്തെ നോവിക്കാതിരിക്കുവാനാണ്. ഇത് തെളിയിക്കുന്നത് സമൂഹത്തിലെ ജാതി സമസ്ത്വങ്ങള്‍ക്കെതിരെ ഡോ. അബേദ്കര് ചിന്തകളാകണം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അടിത്തറ എന്നാണ്. ഹിന്ദുത്വവുമായി ബന്ധപ്പെട്ടു ഏറ്റവും പ്രധാനമായത് ജാതിയുടെ രാഷ്ട്രീയമാണ് എന്നതാണ് പ്രധാനം.

 

 

 

 

 

 

രേഖ രാജ്

ഒന്നാമതായി കേരളത്തില്‍ ഹൈന്ദവ ബാഹ്യമായ ഒരു പുരോഗമന ലോകം ഉണ്ടായിരുന്നു അല്ലെങ്കില്‍ ഉണ്ട് എന്ന വാദം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല. കേരളം ഒരു സമൂഹമെന്ന നിലയില്‍ അങ്ങേയറ്റം ഹൈന്ദവവത്കരിച്ച ഇടമാണ്. ഹൈന്ദവതയുടെ ഉല്‍പ്പന്നമായ ജാതിയെ സുരക്ഷിതമായി ഒളിച്ചു കടത്താന്‍ കേരളത്തിലെ ഇടതു ആഭിമുഖ്യമുള്ള പൊതുമണ്ഡലത്തിനു കഴിഞ്ഞിട്ടുണ്ട്. പണ്ടേതോ സുഹൃത്ത് പറഞ്ഞത് പോലെ വിപ്ലവഗാനങ്ങളില്‍ വരെ ഗീതയും അദ്വൈതവും ഒക്കെ രൂപകങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നത് വെറുതെയല്ല. സവര്‍ണ ജീവിതങ്ങളെ (ഹൈന്ദവം എന്ന് പറയാം) മാതൃകയാക്കി കൊണ്ടുള്ള സാംസ്‌കാരിക സാമൂഹ്യ ഇടപെടല്‍, വലിയൊരു വിഭാഗത്തിന്റെ ജീവിത രീതികളെ മോശമായി കരുതുന്ന, അതി തീവ്ര ഹിന്ദു ആള്‍ക്കൂട്ടത്തെ ഇത്ര വേഗത്തില്‍ വളരാന്‍ അനുവദിച്ചത് ഈ മൂല്യബോധമാണ്. പോര്‍വിളി നടത്തുന്ന ബി ഗോപാലകൃഷ്ണന്‍ എതിര്‍ക്കപ്പെടേണ്ടതാണ് അത്ര പോലെ തന്നെ വിമര്‍ശിക്കപ്പെടേണ്ടതാണ് അടൂരിന്റെ സിനിമാ പ്രപഞ്ചവും. അതും സവര്‍ണ ഹൈന്ദവതയെ താലോലിക്കുന്നു. കോടിയേരിയുടെ പ്രസ്താവന ഇടതുപക്ഷത്തിന്റെ സാമ്പത്തിക സംവരണ നീക്കത്തിന്റെ തുടര്‍ച്ചയായേ കാണാന്‍ കഴിയു. ഒപ്പം ഭൂസമരങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന ഇടതു പക്ഷത്തില്‍ എനിക്ക് പ്രതീക്ഷയില്ല.

 

 

 

 

 

 

 

കെ സന്തോഷ് കുമാര്‍

ബ്രാഹ്മണ്യം വീണ്ടും ശക്തിപ്പെടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് കോടിയേരിയുടെ ദേശാഭിമാനിയിലെ ലേഖനം. ഹിന്ദുത്വ ഭരണകൂടം കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും ശക്തി പ്രാപിക്കുന്ന ഘട്ടത്തില്‍ ജാതിബോധം മറനീക്കി കൊടിയേരിയിലൂടെയും മറ്റും പുറത്തു വരികയാണ്. ‘ചേരിക്ക് സമാനമായ ദുഃസ്ഥിതിയില്‍ അഗ്രഹാരങ്ങള്‍ മാറിയിട്ടുണ്ട്’ എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം മുന്നോക്ക സമുദായ സംവരണത്തെ (‘സാമ്പത്തിക സംവരണം’ ) സാധൂകരിച്ചു എടുക്കാനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി വേണം മനസിലാക്കാന്‍. ‘ബ്രാഹ്മണര്‍ വരെ’ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം പോയി എന്ന് വരുത്തി തീര്‍ക്കുകയും പൊതുസമൂഹത്തില്‍ അത്തരമൊരു വ്യാജപ്രതീതി ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ സി പി എം ഉള്‍പ്പടെയുള്ളവര്‍ മുന്നോട്ട് വെയ്ക്കുന്ന സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടും. ഇടതുപക്ഷ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡില്‍ നടപ്പിലാക്കിയ മുന്നോക്ക സമുദായ സംവരണം ‘സര്‍ക്കാര്‍ സര്‍വ്വീസില്‍ നടപ്പിലാക്കണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണം. ഇത് നടപ്പിലാക്കാന്‍ ബിജെപി തയ്യാറാണോ’ എന്ന് ആര്‍ എസ് എസ് നിയന്ത്രിത കേന്ദ്ര സര്‍ക്കാരിനെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിക്കുന്നത് 2017 ലാണ്. അതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. ഇതില്‍ നിന്നും വളരെ ആസൂത്രിതമായ നീക്കമാണ് സി പി ഐ എമ്മും സവര്‍ണ്ണ പാര്‍ട്ടികളും നടത്തുന്നത് എന്ന് വ്യക്തമാണ്. ‘ചാതുര്‍വര്‍ണ്യത്തിന്റെ പ്രസക്തി’ തേടുന്ന തമിഴ് ബ്രാഹ്മണര്‍ക്കും ഹൈക്കോടതി ജഡ്ജി വി ചിദംബരേഷിനും സി പി ഐ എം നല്‍കുന്ന നിരുപാധിക രാഷ്ട്രീയ പിന്തുണകൂടിയാണിത്.
2011 ല്‍ കിലെ നടത്തിയ പഠനം അനുസരിച്ച് ദളിതരിലെ 47.5 ശതമാനം ജീവിക്കുന്നത് 26193 കോളനികളിലാണ്. കോളനിയുടെ സമാന സാമൂഹികാവസ്ഥയിലാണ് 29.5 ശതമാനം കഴിയുന്നത്. അതായത് 77 ശതമാനം ദലിതരും കഴിയുന്നത് അടിസ്ഥാന സൗകാര്യങ്ങള്‍ ഇല്ലാതെയാണ്. ഈ കോളനികളിലെ കുടുംബത്തിന്റെ ഭൂഉടമസ്ഥത രണ്ടര സെന്റില്‍ താഴെയാണ്. ചേരികളുടെ അവസ്ഥ ഇതിനേക്കാള്‍ മോശമാണ്. ആദിവാസികളുടെ ജീവിത സാഹചര്യം എന്താണെന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്. ഇതിന് സമാനമാണ് കേരളത്തിലെ ബ്രാഹ്മണരുടെ അഗ്രഹാരങ്ങള്‍ക്ക് എന്ന് കോടിയേരി ബാലകൃഷ്ണന് തോന്നുന്നത് അത്ര നിഷ്‌ക്കളങ്കമല്ല. കൊടിയേരിയോ സി പി ഐ എമ്മോ ഒരിക്കലും ബ്രാഹ്മണ്യത്തെയോ കോളനികളുടെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെയോ പ്രശ്നവല്‍ക്കരിക്കാത്തതിന്റെ അരാഷ്ട്രീയ ബോധ്യം കൂടിയാണിത്.
ഏത് പഠനത്തിന്റെ, കണക്കിന്റെ അടിസ്ഥാനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ ഇത്തരമൊരു വ്യാജ പ്രസ്താവന നടത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്ന് തോന്നുന്ന സവര്‍ണ്ണ പിന്തുണ ബ്രാഹ്മണ്യ വിധേയത്വത്തിലൂടെ നേടിയെടുക്കാനുള്ള കോടിയേരിയുടെ ശ്രമം വസ്തുതാവിരുദ്ധവും സാമൂഹിക നീതി നിഷേധിക്കുന്നതുമാണ്.

 

 

 

 

 

മൃദുലദേവി ശശിധരന്‍

സിപിഎം ഒരിക്കലും ദലിത് രാഷ്ട്രീയം അടയാളപ്പെടുത്തിയിട്ടില്ല. അവരുടേത് സൈദ്ധാന്തികമായിത്തന്നെ വര്‍ഗ വിശകലന രീതിയാണ്. പൂര്‍വ സൂരികളുടെ ഗുണമാണ് ബ്രാഹ്മണ്യം എന്നും ആ ഗുണഗണങ്ങള്‍ ഒരു പ്രത്യേക ജീന്‍ വഴി വരുന്നതാണ് എന്നൊക്കെയാണ് ചിദംബരേഷ് പറയുന്നത്. പട്ടിക ജാതി പട്ടികവര്‍ഗ പീഠന നിരോധന നിയമം പോലും ഇന്റെര്‍പ്രെറ് ചെയ്യണ്ട ഭരണഘടന സ്ഥാനത്തിരിക്കുന്ന ഒരാളാണ് ഇത് പറഞ്ഞിരിക്കുന്നത്. ആര്യന്‍ സുപ്രമസി തിയറി ആണ് ഇതിന്റെ അടിസ്ഥാനം എന്ന് ഞാന്‍ പറയും. അതാണ് ചിദംബരേഷ് പറയുന്നതിന്റെ അടിസ്ഥാനം.
അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ചലച്ചിത്രലോകത്തു വലിയ ആളൊക്കെ തന്നെയാണെങ്കിലും അദ്ദേഹത്തിന് സ്വന്തം രാജ്യത്തെ മനുഷ്യാവകാശ ധ്വംസനങ്ങളെയു ജാതിയെയും ഒരിക്കല്‍ പോലും അഡ്രസ് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോഴാണ് അടൂരിനോക്കെ ഇതൊക്കെ ഒരു പ്രശ്നമായി തോന്നുന്നത്. ഈ ജാതി വിവേചനം അനുഭവിച്ച ആളുകളുടെ അപകര്‍ഷതാ ബോധം കൂട്ടിക്കെട്ടി സ്വന്തം പ്രിവിലേജില്‍ അഭിരമിക്കുകയാണ് ഇവരൊക്കെ ചെയ്തത്. അത് അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രകടമാണ് വിധേയനോക്കെ അതിന്റെ ഉദാഹരണമാണ്. നായരില്‍ നിന്നും മുകളിലേക്കുള്ള ആളുകളുടെ പ്രശ്നങ്ങള്‍ മാത്രമേ ഇവര്‍ക്കൊക്കെ പ്രശ്നങ്ങളായി അനുഭവപ്പെട്ടിട്ടുള്ളു.
അതുപോലെ തന്നെയാണ് ഇവിടുത്തെ മാര്‍ക്സിസ്റ്റു പാര്‍ട്ടി ചെയ്തതും. മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രത്തിനു സമൂഹത്തിലെ ജാതിയുടെ സോഷ്യല്‍ എഞ്ചിനീറിങ്ങിനെ ബ്രേക് ചെയ്യാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുന്നത് ബ്രാഹ്മണരും, നായരും, ഈഴവരും ആയിട്ടാണ്. ഈ രാജ്യം തന്നെ അങ്ങനെയാണ്. ഈ ജാതി വ്യവസ്ഥയെ അഭിമുഖീകരിക്കാന്‍ ഇവിടുത്തെ രാഷ്ട്രീയ കല സാംസ്‌കാരിക മേഖലകളിലുള്ളവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല, അക്കാഡമിക്സിനും കരിക്കുലത്തിനും കഴിഞ്ഞിട്ടില്ല.
ഇവിടുത്തെ ഉല്പാദന വ്യവസ്ഥയില്‍ ഈ ബ്രാഹ്മണര്‍ ഒന്നും ചെയ്തിട്ടില്ല. നൂലിന്റെ ബലത്തിലാണ് ഇവര്‍ നിത്ു. ഇപ്പോഴും ഭരണഘടന ചുമതലയിലയുള്ള സ്ഥാനത്തിരിക്കുമ്പോഴും ഈ ജാതി മാമൂലുകളെ ആണ് അവര്‍ പിന്തുടരുന്നത്. പുരോഹിത വര്‍ഗമായി ഇരിക്കലായിരുന്നു ഇവരുടെ പ്രധാന അധികാരം. ദലിതുകള്‍ എന്നും ഇടതുപക്ഷത്തിനൊപ്പമാണ് നിലനിന്നത് എന്ന ധൈര്യമാണ് കൊടിയേരിയെപോലെയുള്ളവര്‍ക്ക്. എന്നാല്‍ ഇടതുപക്ഷം ഇപ്പോഴും സവര്‍ണരോടും കോര്‍പറേറ്റുകളോടും ചേര്‍ന്നു ഈ സംവിധാനത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.
കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ബ്രാഹ്മണനായ വ്യക്തി എത്ര ഉന്നതമായ സ്ഥാനം നേടിയാലും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം നേടിയാലും അവരുടെ ജാതി കൊണ്ടുനടക്കുന്നത് അഭിമാനമാകുകയും എന്നാല്‍ ഒപ്പം മറ്റുള്ളവരുടെ ഗോത്രാചാരങ്ങള്‍ അപമാനമാകുകയും ചെയുന്നു. ഈ പൗരോഹിത്യ നിയന്ത്രണത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. പൗരോഹിത്യത്തിന് പുറത്തുള്ളവരുടെ ആചാരങ്ങള്‍ അപമാനകരമാകുകയും അതിനു മുകളിലുള്ളവരുടെ ആചാരങ്ങളും ജാതി അസ്തിത്വങ്ങളും അഭിമാനകരമാകുകയും ചെയ്യുന്നു. തിരുവാതിരക്കളിക്ക് ഉള്ള സ്വീകാര്യത മംഗലം കളിക്ക് കിട്ടുന്നില്ല. കലയും ജാതിയോ കൂടി ചേരുകയാണ് ഇവിടെ. കലക്കും സാഹിത്യത്തിനും വരെ വരേണ്യതയുണ്ട് ജാതിയുണ്ട്. അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങളൊന്നും വേദനകളൊന്നും ഇവര്‍ വിഷയമാക്കിയിട്ടില്ല. നായര്‍ മുകള്‍ മുകളിലേക്കുള്ളവരുടെ വേദനകളെ ഇവര്‍ക്ക് കാണാനായിട്ടുള്ളു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply