ബഷീറിയന്‍ ഭാഷാ കലാപം : ഒരു ആധുനികോത്തര വായന

തമിഴ് ഉത്തരാധുനിക സാഹിത്യകാരന്‍ ചാരുനിവേദിതയുടെ കോളിളക്കം സൃഷ്ടിച്ച പ്രഥമ നോവല്‍ ‘സീറോ ഡിഗ്രി’ യിലെ മുനിയാണ്ടി എന്ന കഥാപാത്രം ഉന്നയിക്കുന്ന ചരിത്രപരവും ദാര്‍ശനികവുമായ ഒരു യുക്തി ഇങ്ങനെയാണ് : ‘We are trained as clerk’s for the last one hundred and fifty years’. ആഗോളവല്‍ക്കരണ യുക്തികള്‍ക്കു കീഴില്‍ ദീനാനുദാസന്മാരാകാനുള്ള സമരം കൊടുമ്പിരി കൊള്ളുന്ന വര്‍ത്തമാനകാലത്ത് ‘കൊളോണിയല്‍ ദാനധര്‍മ്മങ്ങളുടെ’ വാഴ്ത്തുപാട്ടുകള്‍ പക്ഷേ യുക്തിസഹമാണുതാനും

ലോകത്തില്‍ ഇന്നുവരേക്കും ഉരുവം ചെയ്ത സാമൂഹികനിര്‍മിതികളെല്ലാം തന്നെ ശ്രേണീബദ്ധമായ ഉച്ചനീചത്വങ്ങളെ ഉള്ളടക്കം ചെയ്തിരിക്കുന്നവയാണ്. പ്രാകൃത കമ്മ്യൂണിസത്തില്‍ നിലനിന്നിരുന്നതായി കരുതപ്പെടുന്ന സാങ്കല്‍പ്പിക സമത്വം മാത്രമാണ് ഇതിനൊരു അപവാദമായി എടുത്തു പറയാനുള്ളത്. സാമാന്യമായി കാണപ്പെടുന്ന ഈ അസമത്വങ്ങള്‍ കാലാകാലങ്ങളില്‍ അനുയോജ്യമായ രൂപപരിണാമങ്ങളിലൂടെ നിരന്തര നവീകരണങ്ങള്‍ക്ക് സ്വയം വിധേയമായിപ്പോരുന്നതുമാണ്. ആരോപിതമായ സൂചക-സൂചിത ബന്ധത്തിലൂടെ മനുഷ്യന്‍ ചിട്ടപ്പെടുത്തിയ ‘ഭാഷ’ എന്ന നിര്‍മിതിയും മേല്‍പ്പറഞ്ഞ നിമ്‌നോന്നതികളില്‍ നിന്നും വിമുക്തമായ ഒന്നല്ല. അശ്രദ്ധമായൊരു കേള്‍വി പോലും ജീവനപഹരിച്ചേക്കാമെന്നിരുന്ന സംസ്‌കൃത ഭാഷയുടെ ചരിത്രവും അക്ഷരമഭ്യസിച്ച ശൂദ്രനെ കൊന്നുതള്ളാന്‍ ആഹ്വാനം ചെയ്യുന്ന ആര്യന്മാരുടെ തത്വസംഹിതകളും നമ്മുടെ നേര്‍യാഥാര്‍ത്ഥ്യങ്ങളാണ്. ആര്യാധിനിവേശം കഴിഞ്ഞാല്‍, ഭാരതത്തെ ഏറ്റവുമേറെക്കാലം അടക്കിവാണ ബ്രിട്ടന്റെ ഭരണം ഇവിടങ്ങളില്‍ നിര്‍ലോഭം വിതച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും വിരല്‍ ചൂണ്ടുന്നത് ഭാഷ എന്ന ആധിപത്യോപാധിയിലേക്ക് തന്നെയാണ്. ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ ‘ബ്രിട്ടീഷുകാര്‍ വന്നതുകൊണ്ടുള്ള നേട്ടങ്ങള്‍’ എന്ന പേരില്‍ സ്‌കൂള്‍ കുട്ടികള്‍ ഉരുവിട്ടു പഠിക്കുന്ന ഒന്നാണ് ‘ആംഗലേയ വിദ്യാഭ്യാസം’ എന്നുകൂടി നാം ഈയവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തമിഴ് ഉത്തരാധുനിക സാഹിത്യകാരന്‍ ചാരുനിവേദിതയുടെ കോളിളക്കം സൃഷ്ടിച്ച പ്രഥമ നോവല്‍ ‘സീറോ ഡിഗ്രി’ യിലെ മുനിയാണ്ടി എന്ന കഥാപാത്രം ഉന്നയിക്കുന്ന ചരിത്രപരവും ദാര്‍ശനികവുമായ ഒരു യുക്തി ഇങ്ങനെയാണ് : ‘We are trained as clerk’s for the last one hundred and fifty years’. ആഗോളവല്‍ക്കരണ യുക്തികള്‍ക്കു കീഴില്‍ ദീനാനുദാസന്മാരാകാനുള്ള സമരം കൊടുമ്പിരി കൊള്ളുന്ന വര്‍ത്തമാനകാലത്ത് ‘കൊളോണിയല്‍ ദാനധര്‍മ്മങ്ങളുടെ’ വാഴ്ത്തുപാട്ടുകള്‍ പക്ഷേ യുക്തിസഹമാണുതാനും

വാമൊഴിയില്‍ നിന്ന് വരമൊഴിയിലേക്കും അതിന്റെത്തന്നെ മാനകീകരണങ്ങളിലേക്കും നീണ്ട ഭാഷാധിനിവേശത്തിന്റെ ചരിത്രത്തിലേക്കുതന്നെ തിരിച്ചു വന്നാല്‍, വരമൊഴിയുടെ രൂപവല്‍കരണ-പ്രചരണ കാലമാണ് ആശയവിനിമയോപാധിയെ ആധിപത്യോപാധിയായി പരുവപ്പെടുത്തിയതെന്ന് വേര്‍തിരിച്ചറിയാന്‍ കഴിയും. ആഫ്രിക്കന്‍-ഫിന്നിഷ് സാഹിത്യചരിത്രങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍, ലോകസാഹിത്യ ചരിത്രം അതിന്റെ ഉത്ഭവമായി കണക്കാക്കുന്നതു തന്നെ വരമൊഴി സാഹിത്യത്തെയാണല്ലോ. (മലയാളത്തില്‍ ഒരു പടികൂടി കടന്ന് ‘ലക്ഷണമൊപ്പിക്കലുകളുടെ’ സവര്‍ണേച്ഛാ പ്രതിഷ്ഠകള്‍ കൂടി കാണാം) വാമൊഴി വഴക്കങ്ങളുടെ അതിസമ്പന്നമായ ധാരയെ പാടേ അവഗണിച്ചുകൊണ്ടും അദൃശ്യവല്‍കരിച്ചുകൊണ്ടുമാണ് ഇത്തരം ചരിത്രനിര്‍മിതികള്‍ നടന്നുപോന്നത്. ആദ്യകാല ചരിത്രരചയിതാക്കളുടെ വരേണ്യ പശ്ചാത്തലവും അക്കാലത്ത് പൊതുവേ പ്രബലമായിരുന്ന കീഴാളവിരുദ്ധതയുമെല്ലാം ഇത്തരത്തിലുള്ള ബൗദ്ധിക ഹിംസകള്‍ക്ക് നിദാനമായി എടുത്തു പറയാവുന്നതാണ്. ചരിത്രപഠനത്തിലൂടെ സ്വഭാവികമായും രൂപപ്പെടുന്ന/പ്പെടേണ്ടുന്ന വ്യക്തിബോധങ്ങളെ, അധീശവിഭാഗങ്ങളുടെ അപൂര്‍ണ്ണവും അനീതിനിഷ്ഠവുമായ ലോകവീക്ഷണത്തിലേക്ക് മുറിച്ചു തുന്നുന്നു എന്നതും ഇതിന് അപരിമിതമായ ആക്കം നല്‍കുകുന്നു.

രാജ്യത്ത് ഇന്നും നിലനില്‍ക്കുന്ന ഭാഷാപരമായ കൊളോണിയല്‍ ഭരണതന്ത്രങ്ങളെ (സ്ഥൂലമായ) അമര്‍ച്ചചെയ്യാനുള്ള ആശാവഹമായ ശ്രമങ്ങള്‍ പ്രാദേശിക ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നുണ്ട്. ‘ഭരണഭാഷ മാതൃഭാഷ’ എന്ന കേരളസര്‍ക്കാര്‍ നയം ഇതിന് ഉദാഹരണമാണ്. ജനങ്ങളെ അകറ്റിനിര്‍ത്തുകയും അന്യവല്‍കരിക്കുകയും ചെയ്തുകൊണ്ട് ഭരണകൂടസ്ഥാപനങ്ങള്‍ നിലനിര്‍ത്തിപ്പോന്ന അസ്പൃശ്യതാകാന്തി മങ്ങിയില്ലാതാവുന്നത് ആശ്യാസ്യകരമായ ഒന്നുതന്നെയാണ്. ദേശീയ തലത്തിലേക്കു വരുമ്പോള്‍ തീവ്ര ദേശാഭിമാനത്തിലൂന്നിയ ഭരണകൂടത്തിന്റെ നിര്‍ബന്ധിതമായ ഏകീകരണ ശ്രമങ്ങളെ മുന്‍നിര്‍ത്തിക്കൂടി പരിശോധിക്കപ്പെടേണ്ട ഒന്നായി ‘ഭാഷാസ്‌നേഹം’ മാറുന്നുണ്ട്. ഏകപക്ഷീയമായി ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളും മൃതഭാഷയായ സംസ്‌കൃതത്തിന്റെ പുനരുജ്ജീവന പ്രക്രിയയുമെല്ലാം ഹൈന്ദവ ദേശീയതയുടെ ചിരപ്രതിഷ്ഠാ തന്ത്രങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാണ്.

പതിറ്റാണ്ടുകള്‍ക്കു ശേഷം അവതരിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലും ഉള്‍ക്കാഴചാരഹിതമായ ആദര്‍ശ ദൗര്‍ബല്യങ്ങള്‍ കാണാനാകും. പ്രാഥമിക വിദ്യാഭ്യാസം അതാത് പ്രാദേശിക ഭാഷകളില്‍ വേണമെന്ന നിഷ്‌കര്‍ഷയാണ് ഇതില്‍ പ്രഥമസ്ഥാനത്തുള്ളത്. ഒഴിവാക്കാനാകാത്ത ആഗോള യാഥാര്‍ത്ഥ്യത്തെ കണക്കിലെടുത്താല്‍, ഇംഗ്ലീഷ് ഭാഷോപയോഗത്തിനുള്ള വ്യക്തിയുടെ ശേഷി പരമപ്രധാനമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനെ അപ്പാടെയും അവഗണിച്ചുകൊണ്ടാണ് വിദ്യാഭ്യാസ നയത്തിലെ ‘അഭിമാനകരമായ’ ആജ്ഞ. ഭാഷാര്‍ജനത്തിന് വിദ്യാലയ ഇതരമായ മറ്റു മാര്‍ഗങ്ങളൊന്നുമില്ല അടിസ്ഥാനവര്‍ഗ ജനതയെ പതിറ്റാണ്ടുകളോളം ഇത് പിന്നോട്ടടിക്കുമെന്നുറപ്പാണ്. ഭാഷയെ മുന്‍നിര്‍ത്തിയുള്ള വിമര്‍ശന ചിന്തകളെ സംബന്ധിക്കുന്ന ചില വിരുദ്ധയാഥാര്‍ത്ഥ്യങ്ങളുടെ വെളിപാടുകൂടിയാണിത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിലുമായി പ്രചാരത്തിലിരുന്ന പ്രബല സിദ്ധാന്തമാണ് ‘സോഷ്യല്‍ ഡാര്‍വിനിസം’. Natural Selection, Survival of the Fittest എന്നീ ചാഴ്‌സ് ഡാര്‍വിന്‍ തിയറികള്‍ സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും മാത്രം ബാധകമായ ഒന്നല്ലെന്നും അവ മനുഷ്യനും മനുഷ്യസമൂഹങ്ങള്‍ക്കു കൂടി ബാധകമാണെന്നുമാണ് Social Darwinism സിദ്ധാന്തിക്കുന്നത്. Herbert Spencer പ്രോദ്ഘാടകനായ ഈ ആശയം, സാമ്രാജ്യത്വം, വര്‍ണവിവേചനം തുടങ്ങിയവയെ സ്വാഭാവികവല്‍കരിക്കുന്ന ഒന്നായാണ് അക്കാലങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നിരുന്നത്. സൂക്ഷ്മമായ വായനയില്‍ ഇത് എല്ലാത്തരം വലിപ്പച്ചെറുപ്പങ്ങളേയും മനുഷ്യ സമുദായത്തിന്റെ സ്വാഭാവികതയായി എണ്ണുന്ന ഒന്നായി മനസ്സിലാക്കാം. ഇതിനെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍, ദേശീയതയില്‍ ഊന്നിയ ഹിന്ദി അടിച്ചേല്‍പിക്കലും കൊളോണിയല്‍ പിന്‍തുടര്‍ച്ചയിലും ആഗോളവല്‍കരണത്തിലും നിലയുറപ്പിക്കുന്ന ഇംഗ്ലീഷ് അധിനിവേശവും മാനകഭാഷയെ ആദര്‍ശവല്‍ക്കരിക്കുന്ന മേല്‍ത്തട്ടു യുക്തികള്‍ തന്നെയും ‘സ്വാഭാവികതകളാ’ണെന്ന് വേര്‍തിരിച്ചറിയാനാകും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിവിദൂരവും ഏറെക്കുറെ അദൃശ്യവുമായ മാനവ ഭൂതകാലം മുതല്‍ ഏകലോകം വേവുന്ന വെര്‍ച്ച്വല്‍ റിയാലിറ്റികള്‍ വരെ നീളുന്ന ഭാഷാപരമായ സങ്കീര്‍ണ്ണതകളെ മുന്‍നിര്‍ത്തി മാത്രം പരിശോധിക്കപ്പെടേണ്ട ഒന്നായി ബഷീറിയന്‍ ഭാഷാ കലാപം മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. ‘മേലാളര്‍ മേലാളര്‍ക്കുവേണ്ടി മേലാളരാല്‍’ സാഹിത്യം എഴുതപ്പെട്ടിരുന്ന ലോകത്ത് റൊമാന്റിസിസത്തില്‍ തന്നെ കായ്ക്കുകയും റിയലിസത്തോടെ മാത്രം വിടരുകയും ചെയ്ത ഒന്നാണ് ‘അകാല്‍പനികത’. എന്നിരുന്നാലും, അവതരണമാധ്യമത്തിന്റെ സാമ്പ്രദായികത അവയെ ആധിപത്യ രുചികളായിത്തന്നെ പരിമിതപ്പെടുത്തിപ്പോന്നു. ‘ആട്ടിറച്ചി വെന്തപ്പോള്‍ നിശാഗന്ധിയുടെ മണം പരന്നു’ എന്നെഴുതിയ മറാഠി സാഹിത്യകാരന്‍ ശരണ്‍കുമാര്‍ ലിംബാളെയുടെ രചനാ വിപ്ലവത്തെപ്പോലും ലയിപ്പിച്ചാവാഹിക്കാനുള്ള ശേഷി മേധാവിത്വമൂല്യങ്ങള്‍ ഇന്നും പുലര്‍ത്തിപ്പോരുന്ന ഒന്നാണ്. വ്യതിരിക്തതകളെ ഉള്‍ക്കൊള്ളലുകളിലൂടെ സമീകരിക്കുകയെന്നത് തിരസ്‌കരണം അസാധ്യമായ ഒരു കാലഘട്ടത്തിന്റെ സമര്‍ദ്ദ തന്ത്രം കൂടിയാണ്.

‘ഏകത’ എന്ന ആശയത്തിന് ‘വിധേയത്വ നിര്‍മിതി’യുടെ അനേക സാധ്യതകള്‍ ആരോപിക്കാവുന്ന ഒരു ലോകസാഹചര്യമാണ് ഇന്ന് നടപ്പിലുള്ളത്. ആധിപത്യത്തിന്റെ ഭീമാകാരമായ ജന്തുശരീരത്താല്‍ പാതി വിഴുങ്ങപ്പെട്ടും അപകര്‍ഷമായ മറുപാതിയെ മറയ്ക്കാനാകാതെ പരാജയപ്പെട്ടും അവസാന കിതപ്പ് തുടരുന്ന നിര്‍മിത ദൗര്‍ബല്യങ്ങള്‍ ഇവിടെ സര്‍വസാമാന്യമായിരിക്കുന്നു. ഇത്തരമൊരു അവസ്ഥാവിശേഷത്തിലാണ് ‘അതിഭിന്നതകളുടെ ശേഷീ സ്വരൂപമായി’ ബഷീറിയന്‍ ഭാഷ നിലകൊള്ളുന്നത്. അതിസൂക്ഷ്മമായ വായനയില്‍ ഭാഷാപരമായ പരീക്ഷണമെന്നോ എതിര്‍സ്വരമെന്നോ ഉള്ള വിശകലനങ്ങളെപ്പോലും അതിപരിമിതമാക്കിക്കൊണ്ട് അനേകം മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കാലാതിവര്‍ത്തിയായ വിമോചന ഭ്രമണമായും അത് മാറുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply