അമേരിക്കന്‍ സന്ദര്‍ശനം വിവേകാനന്ദനില്‍ നിന്നും നോഹ്‌റുവില്‍ നിന്നും മോദിയിലെത്തുമ്പോള്‍

മോദിയുടെ അമേരിക്കന്‍ യാത്രയില്‍ ടെക്‌സാസിലെ ആ വേദിയില്‍ സ്വാഗത പ്രാസംഗികന്‍ വിശേഷിപ്പിച്ചത് ഗാന്ധിയും നെഹ്‌റുവും നയിച്ച ഇന്ത്യയുടെ നേതാവെന്നാണ്. അതൊരു ഓര്‍മ്മപ്പെടുത്തലും താക്കീതുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവര്‍ പുറത്തുണ്ട്.

എഴുപതു വര്‍ഷം മുമ്പാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായി അമേരിക്ക സന്ദര്‍ശിച്ചത്. ”ഞാനിവിടെ എത്തിയത് അമേരിക്കയുടെ മനസ്സും ഹൃദയവും കാണാനുള്ള യാത്രയിലാണ്. അവിടെ ഞങ്ങളുടെ മനസ്സും ഹൃദയവും ചേര്‍ത്തു വെയ്ക്കാനാണ്” എന്ന വിനീതവും പ്രൗഢവുമായ ഭാഷണം 1893ലെ ചരിത്രപ്രസിദ്ധമായ ഒരു പ്രസംഗത്തിന്റെ സ്മരണ ഉണര്‍ത്തുന്നതായിരുന്നു. അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ എന്നാരംഭിച്ച സ്വാമി വിവേകാനന്ദന്റെ സ്വരപ്രഭാവം തുടരുകയായിരുന്നു.

1949ല്‍ പ്രസിഡണ്ട് ട്രൂമാനെ അദ്ദേഹത്തിന്റെ വെള്ളക്കൊട്ടാരത്തില്‍ കാണുമ്പോള്‍ കൊളോണിയല്‍ അധീശത്വത്തെ വിജയിച്ച ഒരു രാജ്യത്തിന്റെ തലയെടുപ്പും ആത്മാഭിമാനവും പ്രകടമായി. നവസ്വതന്ത്ര രാജ്യങ്ങള്‍ക്കു വെച്ചു നീട്ടിയ സോപാധിക സഹായങ്ങള്‍ക്കു മുട്ടു മടക്കി യാചിച്ചു നിന്നില്ല നെഹ്‌റു. രണ്ടാംലോക യുദ്ധ ശേഷം അമേരിക്കയാരംഭിച്ച ശീതയുദ്ധത്തോടു വിയോജിക്കാതെ വയ്യായിരുന്നു അദ്ദേഹത്തിന്. പൊരുതുന്ന വന്‍ ചേരികളില്‍നിന്നു വിട്ടുള്ള ഒരു മൂന്നാം പാതയാണ് ഇന്ത്യ പിന്തുടരുകയെന്ന് അദ്ദേഹം ഉറച്ച ശബ്ദത്തില്‍ വ്യക്തമാക്കി. അതു ലോകത്തിലെ വേറിട്ട ശബ്ദവും വഴിയുമായിരുന്നു.

സഹോദര തുല്യമായ സ്‌നേഹത്തോടെ അവര്‍ രണ്ടു രാഷ്ട്രത്തലവന്മാര്‍ ആലിംഗനം ചെയ്തു. വിധേയത്വത്തിന്റെ ഉടല്‍വളവുകളോ ഉപജാപ കൗശലങ്ങളുടെ ഉടലഭ്യാസങ്ങളോ പ്രകടിപ്പിക്കാതെ ഇന്ത്യ ശിരസ്സുയര്‍ത്തി നിന്നു. പിന്നീടു നമുക്കു തുടരാനുള്ള മാതൃകയായി അതു മാറി. ഇന്ത്യക്കു സഹായകമായ കരാറുകളൊന്നും ഒപ്പിടാന്‍ കഴിഞ്ഞില്ലെങ്കിലും നിശ്ചയദാര്‍ഢ്യമുള്ള ഒരു രാജ്യം എന്തെന്നു പഠിപ്പിച്ചാണ് നെഹ്‌റു മടങ്ങിയത്.

[widgets_on_pages id=”wop-youtube-channel-link”]

എന്തിനാണ് ഞാനിപ്പോള്‍ സ്വാമി വിവേകാനന്ദനെയും നെഹ്‌റുവിനെയും ഓര്‍ത്തത്? ഇന്ത്യന്‍ ദര്‍ശനങ്ങളുടെ ഉള്‍ക്കരുത്തും പ്രകാശവും സ്വാമിയില്‍ ജ്വലിച്ചിരുന്നു. നെഹ്‌റുവില്‍ അതിന്റെ രാഷ്ട്രീയ മുഖവും. ഇന്ത്യത്വമെന്തെന്ന് അവര്‍ ലോകത്തെ അറിയിച്ചു. അമേരിക്കന്‍മണ്ണില്‍ സമഭാവത്തില്‍ ഇന്ത്യന്‍ പതാക പാറി. ഇപ്പോഴോ, ലജ്ജാകരമായ വിധേയത്വത്തിന്റെ ഉടമ്പടികള്‍ ഒപ്പുവെയ്ക്കപ്പെടുന്നു. അമേരിക്കന്‍ യുദ്ധോത്സുകതയ്ക്കു കൂട്ടാകുന്നു. ചൈനയെ തളയ്ക്കാനുള്ള യാങ്കി മോഹങ്ങള്‍ക്ക് പാക്കിസ്ഥാനൊപ്പം തുണയാകുന്നു. നമ്മുടെ തുറമുഖങ്ങളും വിമാനത്താവളങ്ങളും അവരുടെ യുദ്ധവാഹിനികള്‍ക്കു തുറന്നു കൊടുക്കുന്നു. ചേരിചേരാ നയം കടലിലെറിയുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കുന്നിടത്തോളം നയം വഷളായിരിക്കുന്നു.

ഹൂസ്റ്റണില്‍ ആ വിധേയത്വത്തിന്റെ ആഭാസ നൃത്തം അരങ്ങേറി. രാഷ്ട്രത്തലവന്മാര്‍ പുണര്‍ന്നും കൈകോര്‍ത്തും തകര്‍ത്തത് നമ്മുടെ വേറിട്ട നിലയും ആത്മാഭിമാനവുമാണ്. സ്വാമിയും നെഹ്‌റുവും നാട്ടി നിര്‍ത്തിയ ഇന്ത്യാത്വത്തിന്റെ വേരാണ് ഛേദിക്കപ്പെട്ടത്. സ്റ്റേഡിയത്തിനു പുറത്തിരമ്പിയ പ്രതിഷേധ പ്രകടനങ്ങളിലേക്ക് നമ്മുടെ അഭിമാനം ചുരുക്കപ്പെട്ടു. എങ്കിലും ലോകം കോമാളികളിലൊടുങ്ങില്ലെന്ന് ട്രമ്പും മോദിയും തെഹ്ന്യാഹുവും നമ്മെക്കൊണ്ടു പറയിക്കും. മോദിയുടെ അമേരിക്കന്‍ യാത്രയില്‍ ടെക്‌സാസിലെ ആ വേദിയില്‍ സ്വാഗത പ്രാസംഗികന്‍ വിശേഷിപ്പിച്ചത് ഗാന്ധിയും നെഹ്‌റുവും നയിച്ച ഇന്ത്യയുടെ നേതാവെന്നാണ്. അതൊരു ഓര്‍മ്മപ്പെടുത്തലും താക്കീതുമാണ്. ഇന്ത്യയെ കണ്ടെത്തുന്നവര്‍ പുറത്തുണ്ട്.

ഫേസ് ബുക്ക് പോസ്റ്റ്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply