ട്രംബ്, കീടനാശിനി നിര്‍മാണ ഭീമന്‍ ബെയറിനൊപ്പം

ഡൈകാംബ (Dicamba-3,6-dichloro-2-methoxybenzoic acid) എന്ന രാസസംയുക്തം അടിസ്ഥാനമാക്കി ബെയര്‍, BASF എന്നീ കീടനാശിനി കമ്പനികള്‍ പുറത്തിറക്കുന്ന കളനാശിനികള്‍ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്ക് കൂടി ഉപയോഗിക്കാന്‍ അമേരിക്കന്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി അനുമതി നല്‍കി.

ഈ വര്ഷം ജൂണില്‍ അമേരിക്കന്‍ അപ്പീല്‍ കോടതി ബെയര്‍ നിര്‍മിക്കുന്ന സെന്റി മാക്‌സ് (XtendiMax) BASF നിര്‍മിക്കുന്ന എന്‍ജിനിയ (Engenia) എന്നീ കളനാശിനികളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചിരുന്നു.  ഡൈകാംബ അടിസ്ഥാനമായ ഈ രണ്ടു കളനാശിനികളും ഉപയോഗിക്കുന്നത് വഴി 2017 ലും 2018 ലും ഏകദേശം 1 .5 മില്യണ്‍ ഹെക്ടര്‍ സ്ഥലത്തെ സോയാബീന്‍ കൃഷി നശിച്ചു എന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ആയിരുന്നു കോടതിയുടെ ഈ നടപടി. ഈ വിധിയെയാണ് ട്രംപ് ഭരണകൂടത്തിന് കീഴില്‍ ഉള്ള പരിസ്ഥിതി സംരക്ഷണ ഏജന്‍സി മറികടന്നിരിക്കുന്നത്.

2018 ല്‍ അമേരിക്കന്‍ കീടനാശിനി നിര്‍മാണ കമ്പനി ആയിരുന്ന മൊണ്‍സാന്റോയെ ഏറ്റെടുക്കുക വഴി വന്‍ ബാധ്യതയിലായ ജര്‍മന്‍ കമ്പനി ബെയറിനെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ആണ് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെ ഈ നടപടി എന്ന് വിലയിരുത്തപ്പെടുന്നു. മൊണ്‍സാന്റോയുടെ ഉല്‍പ്പന്നം ആയിരുന്ന റൗണ്ട് ആപ്പ് ഉപയോഗിച്ചത് വഴി ക്യാന്‍സര്‍ മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്ന ആയിരക്കണക്കിന് പേരാണ് വിവിധ അമേരിക്കന്‍ കോടതികളെ സമീപിച്ചിരിക്കുന്നത്. ഈ കേസുകള്‍ മൂലം ബെയറിന് 20 ബില്യണ്‍ ഡോളര്‍ ബാധ്യത ഉണ്ടാകും എന്നാണ് കണക്കു കൂട്ടപ്പെടുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

റൗണ്ട് അപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലൈഫോസ്ഫേറ്റ് നേക്കാള്‍ അപകടകാരിയായ രാസസംയുക്തം ആണ് ഡൈകാംബ എന്ന് വിദഗര്‍ പറയുന്നു. ബെയര്‍ കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഡൈകാംബ പ്രതിരോധ ശേഷിയുള്ള ജനിതകമാറ്റം വരുത്തിയ സോയാബീന്‍ ചെടികള്‍ക്ക് ഇടയിലാണ് സാധാരണയായി കര്‍ഷകര്‍ ഇത് ഉപയോഗിക്കാറ്. എന്നാല്‍ ബെയര്‍ നിര്‍മിക്കുന്ന സെന്റിമാക്‌സ് താപനില കൂടുമ്പോള്‍ പെട്ടെന്ന് ബാഷ്പീകരിച്ചു മറ്റു തോട്ടങ്ങളില്‍ എത്തി സാധാരണ സോയാബീന്‍ ചെടികളെയും മറ്റു വിളകളെയും നശിപ്പിക്കുന്നു. ഡൈകാംബ ചെടികള്‍ക്ക് റൗണ്ട് ആപ്പില്‍ ഉള്ള ഗ്ലൈഫോസ്ഫറ്റിനെ ക്കാള്‍ 75 മുതല്‍ 300 ശതമാനം വരെ അപകടകാരി ആണ് എന്ന് 2004 ല്‍ കാലിഫോര്‍ണിയ പെസ്റ്റിസൈഡ് റെഗുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ മൊത്തം സോയാബീന്‍ കൃഷിയുടെ 4 ശതമാനത്തോളം ഈ കളനാശിനികള്‍ നശിപ്പിച്ചിട്ടുണ്ട് എന്ന് മിസ്സോറി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ആയ കെവിന്‍ ബ്രാഡ്ലി നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു.

ഡൈകാംബ സംയുക്തങ്ങള്‍ മണ്ണിലെ ചില സൂക്ഷ്മ ജീവികളെ നശിപ്പിക്കുകയും അത് വഴി മണ്ണിന്റെ ഗുണമേന്മ നശിപ്പിക്കുകയും ചെയ്യുന്നു. ഡൈകാംബ കളനാശിനികള്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ തേനീച്ചകളുടെ എണ്ണം 50 ശതമാനത്തോളം കുറഞ്ഞതായി നാഷണല്‍ പബ്ലിക് റേഡിയോ ന്യൂസ് 2017 ഇല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയില്‍ ഉപയോഗത്തിലുള്ള കളനാശിനികളില്‍ മണ്ണിലും വെള്ളത്തിലും ഏറ്റവും വേഗത്തില്‍ കലര്‍ന്ന് അവയെ മലിനമാക്കാനുള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉള്ളത് ഡൈകാംബ കളനാശിനികള്‍ക്കു ആണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമേരിക്കന്‍ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങള്‍ പ്രകാരം ഡൈകാംബ കളനാശിനികളുമായി നിരന്തര സമ്പര്‍ക്കത്തില്‍ വരുന്ന കര്‍ഷകര്‍ക്ക് ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു ഇരട്ടി ആണ് എന്ന് ചൂണ്ടിക്കാട്ടുന്നു.

മിക്ക ഡൈകാംബ അധിഷ്ഠിത കളനാശിനികളും നിര്‍മാതാക്കള്‍ വ്യാപാര രഹസ്യങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന ചില രാസ സംയുക്തങ്ങള്‍ ചേര്‍ക്കുന്നുണ്ട്. അവര്‍ നിഷ്‌ക്രിയ സംയുതകങ്ങള്‍ (Inert compounds) എന്ന് വിശേഷിപ്പിക്കുന്നു എങ്കിലും ഈ ചേരുവകള്‍ ജൈവശാസ്ത്രപരമായും രാസപരമായും നിനിഷ്‌ക്രിയമല്ല എന്നതാണ് സത്യം. കളനാശിനികളും കീടനാശിനികളും രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നടത്തുന്ന ആഘാത പഠനങ്ങള്‍ (ടോക്‌സിക്കോളജി, പരിസ്ഥിതി ആഘാത പരിശോധന മുതലായവ ) മിക്കതും അതിലെ പ്രധാനപ്പെട്ട രാസ സംയുക്തം ( ഉദാ: ഡൈകാംമ്പ, ഗ്ലൈഫോസ്ഫേറ്റ്) ഉപയോഗിച്ചാണ് നടത്താറ്. അതിനാല്‍ തന്നെ ഒരു ബ്രാന്‍ഡഡ് കളനാശിനി അതിന്റെ പൂര്‍ണ രൂപത്തില്‍ പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് ഒരു കൃത്യമായ വിലയിരുത്തല്‍ ഒരിക്കലും നടക്കാറില്ല. കീടനാശിനി നിര്‍മാണ ഭീമന്മാര്‍ ഒരിക്കലും തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന രാസ സംയുക്തങ്ങള്‍ വെളിപ്പെടുത്താറില്ല, എന്ന് തന്നെയല്ല മിക്ക രാജ്യങ്ങളിലും അത് രഹസ്യമായി സൂക്ഷിക്കാന്‍ നിയമം അവരെ അനുവദിക്കുകയും ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അമേരിക്കയില്‍ നിലവില്‍ ഉള്ള സോയാബീന്‍ കൃഷിയില്‍ 60 ശതമാനം ബെയറിന്റെ ഡൈകാംബ പ്രതിരോധശേഷിയുള്ള ജനിതകമാറ്റം വരുത്തിയ സോയാബീന്‍ ഇനങ്ങള്‍ ആണ്. അതായത് നിലവിലെ അവസ്ഥ അനുസരിച്ചു വന്‍തോതില്‍ കളനാശിനികള്‍ ഉപയോഗിക്കുന്ന തോട്ടങ്ങളുടെ പരിസരത്തു സാധാരണ സോയാബീന്‍ കൃഷി ചെയ്താല്‍ അവയെയും കളനാശിനികള്‍ നശിപ്പിക്കും. ബെയര്‍, BASF കമ്പനികളുടെ അഭിപ്രായ പ്രകാരം കര്‍ഷകര്‍ മുന്‍പ് ഉപയോഗിച്ചിരുന്ന ഗ്ലൈഫോസ്ഫേറ്റ് അധിഷ്ഠിത കളനാശിനികളോട് മിക്ക കളകളും പ്രതിരോധ ശേഷി കൈവരിച്ചിരിക്കുന്നു. അതിനാല്‍ തീവ്രത കൂടിയ ഡൈകാംബ കളനാശിനികള്‍ ഉപയോഗിച്ചാല്‍ മാത്രമേ കൃത്യമായ ഫലം കിട്ടൂ. ഇത് ഇത്തരം കമ്പനികള്‍ എങ്ങനെയാണ് കര്‍ഷകരെ തങ്ങളുടെ ആശ്രിതര്‍ ആക്കി മാറ്റുന്നത് എന്നതിന് കൃത്യമായ ഉദാഹരണമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply