”നവകേരളീയ”മല്ല, സമാശ്വാസപദ്ധതിയാണ് ആവശ്യം

കുടിശ്ശിക നിവാരണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച നവകേരളീയം കുടിശിക നിവാരണം 2020 രണ്ടാംഘട്ട സര്‍ക്കുലര്‍, കടക്കെണിയില്‍പ്പെട്ട സാധാരണ ജനങ്ങള്‍ക്ക് കടപരിഹാരമോ കടാശ്വാസമോ നല്‍കുന്നില്ലെന്നു മാത്രമല്ല, സമയബന്ധിതമായി ഒറ്റത്തവണ തീരിച്ചടക്കാനുള്ള തീര്‍പ്പാക്കലുകളിലൂടെ ജീവിതം വഴിമുട്ടിയ നിസ്വ കുടുംബങ്ങളെ കൂടുതല്‍ ബാധ്യതകളിലേക്കും അരക്ഷിതത്വത്തിലേക്കും ആസ്തികള്‍ പിടിച്ചെടുത്ത് തെരുവിലേക്കും തള്ളിവിടാനാണ് പോകുന്നതെന്ന് ചൂണ്ടികാട്ടി നവകേരളീയം ഒറ്റതീര്‍പ്പാക്കല്‍ പദ്ധതിക്ക് പകരം കടക്കെണിയിലായ സാധാരണ ജനങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന ബദല്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം

പൊതുമേഖലാ ബാങ്കുകളെ ഇല്ലാതാക്കികൊണ്ട്, വിദേശ – സ്വദേശ സ്വകാര്യ കുത്തകബാങ്കുകള്‍ ബാങ്കിംഗ് ബിസിനസ് രംഗത്ത് പിടിമുറുക്കുന്നതോടെ വായ്പ കിട്ടാക്കനിയായ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്ന സഹകരണ സംഘങ്ങളും / ബാങ്കുകളും കേന്ദ്ര സര്‍ക്കാരിന്റേയും റിസര്‍വ്വ് ബാങ്കിന്റേയും മേല്‍നോട്ടത്തിനു കീഴില്‍ ആകുന്നതോടെ മൈക്രോ ഫിനാന്‍സ്, സ്മോള്‍ ബാങ്ക്, ബ്ലേഡ് മാഫിയ സംഘങ്ങളുടെ പിടിയിലേക്ക് ജനങ്ങളെ എറിഞ്ഞ് കൊടുക്കുന്ന അവസ്ഥ ഉണ്ടാകുകയാണ്. ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള സഹകരണ മേഖല ജനങ്ങളില്‍ നിന്ന് വിട്ടകന്ന് പോകുന്നതിനിടയാക്കിയിട്ടുള്ള നവലിബറല്‍ നയസമീപനങ്ങളെ തിരുത്തി സഹകാരികളുടെ ക്ഷേമത്തിനും പുരോഗതിക്കും ഊന്നല്‍ കൊടുക്കാന്‍ ധീരമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയോടെയാണ് ഈ നിവേദനം സമര്‍പ്പിക്കുന്നത്.

നോട്ടുനിരോധനം, ജി.എസ്.ടി, പ്രളയം, പ്രകൃതി ദുരന്തം, കോവിഡ് മഹാമാരി എന്നിവകൊണ്ട് രാജ്യം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സന്ദര്‍ഭത്തില്‍, ഒരു വിട്ടുവീഴ്ചയുമില്ലാതെ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും മോറട്ടോറിയവും പലിശ ഇളവും അനുവദിക്കാതെ മുന്നോട്ടുപോകുമെന്ന ഭീഷണി നിലനില്‍ക്കുമ്പോഴാണ് വിവാദ നവകേരളീയം സര്‍ക്കുലര്‍ സഹകരണവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കടക്കെണിയുടെ തീരാദുരിതത്തില്‍ അമര്‍ന്ന കേരളത്തിലെ ഏതാണ്ട് പകുതിയോളം വരുന്ന കുടുംബങ്ങള്‍ക്ക് അത്താണിയാകുവാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമാശ്വാസ പദ്ധതി ഉറ്റുനോക്കുമ്പോഴാണ് സഹകരണ വകുപ്പ് ഒക്ടോബര്‍ 31 ന് ശേഷം ഒറ്റത്തവണ തീര്‍പ്പുണ്ടാക്കാത്തവരെ മുഴുവന്‍ ആര്‍ബിട്രേഷന്‍, സര്‍ഫാസി നടപടികളിലേക്ക് തള്ളിവിടുന്ന കുടിശ്ശിക നിവാരണവുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാതെ തികച്ചും യാന്ത്രികമായി ആണ്ടോടാണ്ട് പ്രഖ്യാപിക്കുന്ന ”ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി” വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് സര്‍ക്കുലറായി ഇറക്കിയിരിക്കുകയാണ് സഹകരണവകുപ്പ്. കടം തിരിച്ചുപിടിക്കുന്നതിനുള്ള ഉന്നത ഉദ്യോഗസ്ഥലോബിയുടെ ഉപദേശമനുസരിച്ച് നിര്‍ദ്ദിഷ്ട സംഖ്യയ്ക്ക് ഇളവുകള്‍ നല്‍കാന്‍ അധികാരപ്പെടുത്തിയ വിവിധ തട്ടുകളിലുള്ള കമ്മിറ്റികളുടെ അരിപ്പകളിലൂടെ ജനങ്ങളെ കടത്തിവിടുന്ന നവകേരളീയം രണ്ടാം ഘട്ടം ഒന്നാം ഘട്ടത്തെപോലെ തന്നെ നിഷ്ഫലവും ജനങ്ങള്‍ക്ക് കൂടുതല്‍ കട പ്രതിസന്ധികളും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നതുമാണ്.

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങള്‍, വറുതിയിലായ തീരദേശജനതയുടെ കടങ്ങള്‍, ദരിദ്ര കര്‍ഷകരുടെ കടങ്ങള്‍, വിദ്യാഭ്യാസ വായ്പ വാങ്ങി ഉദ്യോഗാര്‍ത്ഥികളായി തുടരുന്നവരുടെ കടങ്ങള്‍, ചെറിയ വായ്പകള്‍ പുതുക്കി പുതുക്കി വെച്ച് ഭീമമായ കടബാധ്യതയായി മാറിക്കഴിഞ്ഞ കടങ്ങള്‍, നോട്ടുനിരോധനത്തില്‍ തുടങ്ങി കോവിഡ് മഹാമാരിവരെയുള്ള പ്രതിസന്ധികള്‍ മറികടക്കാനാവാത്ത ചെറുകിട വ്യാപാര വ്യവസായ രംഗത്തെ കടങ്ങള്‍ എന്നിങ്ങനെ സവിശേഷമായ പ്രശ്നങ്ങളില്‍ ഒരു സമീപനവും വ്യക്തമാക്കാതെയുള്ള കുടിശിക നിവാരണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കൂടുതല്‍ സങ്കീര്‍ണ്ണതയില്‍ എത്തിക്കാനാണ് പോകുന്നത്.

സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് കേരളത്തില്‍ ബാങ്ക് റിക്കവറി നേരിടുന്ന സാധാരണ ജനങ്ങള്‍ക്കിടയില്‍ സമയബന്ധിതമായി പഠനം നടത്തി നാളിതുവരെ തുടര്‍ന്നുപോന്ന സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സുവ്യക്തമായ ദീര്‍ഘകാല സമാശ്വാസ പദ്ധതികള്‍, ജീവിതം വഴിമുട്ടിയ നിസ്വരും നിസ്സഹായവരുമായ ആളുകള്‍ക്കുവേണ്ടി പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് ആനുഷംഗികമായി സൂചിപ്പിക്കുകയാണ്. (ഈ ആവശ്യം ഉന്നയിച്ച് 15.01.2020ല്‍ സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം മുഖ്യമന്ത്രിക്കും ഇതരവകുപ്പ് മേധാവികള്‍ക്കും നിവേദനം നല്‍കിയിട്ടുള്ളതാണ്).

ബദല്‍ സമാശ്വാസപദ്ധതിക്കായുള്ള നിര്‍ദ്ദേശങ്ങള്‍

1. കിടപ്പാടങ്ങള്‍ ജപ്തിചെയ്യില്ലെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം പ്രയോഗത്തില്‍ വരുത്തുക.

2. സഹകരണ ബാങ്കുകള്‍ക്ക് സര്‍ഫാസി നിയമനടപടികള്‍ കൈക്കൊള്ളാമെന്ന സുപ്രീംകോടതി വിധി വന്നതോടെ ‘സര്‍ഫാസി നടപടികള്‍ സഹകരണ ബാങ്കുകള്‍ സ്വീകരിക്കരുതെന്ന’ സംസ്ഥാന സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കില്ലെന്ന് വന്നതും, ആര്‍ബിഐയുടെ മേല്‍നോട്ടത്തിനു കീഴിലേക്ക് സഹകരണ സംഘങ്ങളെ കൂടിക്കൊണ്ടുവന്നത് സഹകരണ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതും കണക്കിലെടുത്ത് അതു മറികടക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഫെഡറല്‍ അധികാരങ്ങള്‍ക്കും, ഭരണഘടന ഉറപ്പുനല്‍കിയ 97-ാം ഭേദഗതിയിലൂടെ സഹകരണ സംഘങ്ങള്‍ രൂപീകരിക്കാനുള്ള മൗലീകാവകാശത്തിനും മേലുള്ള കൈയ്യേറ്റമായി കണ്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ്.

3. സര്‍ഫാസി പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമസഭ നിയോഗിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

4. വ്യക്തിഗത വായ്പകളിന്മേല്‍ വിട്ടുവീഴ്ചയില്ലാതെ ഇടപെടാന്‍ സര്‍ഫാസി നിയമ നടപടി, കോര്‍പ്പറേറ്റ് കടങ്ങള്‍ക്കാവട്ടെ സമവായത്തോടുകൂടിയ പാപ്പരത്ത നിയമ ( Bankruptcy and Insolvency Code IBC) നടപടി എന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണം. സാധാരണക്കാരുടെ കടം കര്‍ക്കശതയോടെ പിടിച്ചെടുക്കാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകള്‍ (DRT), എന്നാല്‍ കോര്‍പ്പറേറ്റുകളുടെ കിട്ടാകടത്തിന് അയവുള്ള നാഷണല്‍ കമ്പിനി ലോ ട്രിബ്യൂണലുകള്‍ (NCLT) എന്ന വിഭാഗീയത ഇനിയും വെച്ചു പൊറുപ്പിക്കരുത് കേന്ദ്രതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണം.

5. സഹകരണ സംഘം രജിസ്ട്രാര്‍ മത്സ്യതൊഴിലാളി മേഖലയിലെ കടങ്ങള്‍ക്ക് 31.12.2020 വരെ റിക്കവറി നടപടികള്‍ വിലക്കിക്കൊണ്ട് 09.01.2020ന് ഇറക്കിയ മോറട്ടോറിയം ഉത്തരവ് മറ്റ് ദുര്‍ബ്ബല ജനവിഭാഗങ്ങള്‍ക്ക് കൂടി ലഭ്യമാക്കത്തക്കവിധം കാലയളവ് നീട്ടി പുന:പുറപ്പെടുവിക്കണം.

6. കേരള കോപ്പറേറ്റീവ് വികസന ക്ഷേമഫണ്ട് ബോര്‍ഡിന്റെ റിസ്‌ക്ക് ഫണ്ടെന്ന ജീവകാരുണ്യപദ്ധതി അര്‍ഹരായവര്‍ക്ക് നിഷേധിക്കുന്ന സമീപനം മാറ്റണം. ഏറ്റവുമൊടുവില്‍ 20.09.2019 നടത്തിയ റിസ്‌ക്ക് ഫണ്ട് ഭേദഗതി G.O. (MS) 35/2009 കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുമില്ല. മരണപ്പെട്ടവര്‍ക്ക് നല്‍കുന്ന 2 ലക്ഷം രൂപയുടെ സമാശ്വാസം ആറുമാസത്തെ ‘തിരിച്ചടവ് വീഴ്ച’ എന്ന കടമ്പയില്‍ കുടുങ്ങിക്കിടക്കുകയാണ്. മാരകരോഗബാധിതരായവര്‍ക്ക് 1 ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നതിന് തടസ്സമില്ലാത്ത വ്യവസ്ഥ രോഗബാധിതനായി മരിക്കുന്നയാള്‍ക്കെതിരെ കൊണ്ടുവരുന്നതിലെ യുക്തി എന്തെന്ന് മനസ്സിലാകുന്നില്ല. ഫണ്ട് ബോര്‍ഡിന്റെ 2008 മുതലുള്ള ധനസമാഹരണവും, വിനിയോഗവും വ്യക്തമാക്കുന്ന ധവളപത്രം ഇറക്കണം. വായ്പയുടെ 0.5 ശതമാനം മുതല്‍ 1000 രൂപവരെയാണ് വായ്പക്കാരില്‍ നിന്നും റിസ്‌ക്ക് ഫണ്ടിനായി ഈടാക്കിയെടുക്കുന്നത്.

7. ആര്‍ബിട്രേഷന്‍ നടപടി ഒഴിവാക്കാനുള്ള സമ്മര്‍ദ്ദത്തില്‍ വായ്പ പുതുക്കി പുതുക്കി വെയ്ക്കുന്നതിലൂടെ ഭീമമായ കടബാധ്യതയിലെത്തിച്ച് അധമര്‍ണ്ണന്റെ ഉള്ളതെല്ലാം പിടിച്ചെടുക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് നടപടി കൈക്കൊള്ളണം. കോപ്പറേറ്റീവ് സംഘത്തെ / ബാങ്കിനെ കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയാ സംഘങ്ങള്‍ വളരാനും ചുളുവിലയ്ക്ക് കടത്തില്‍പെട്ടവരുടെ ആസ്തികള്‍ തട്ടിയെടുത്ത് കൊള്ളലാഭം വീതിച്ചെടുക്കുന്നതിനും, മാത്രമല്ല പുതുക്കിവെയ്ക്കാന്‍ ബോര്‍ഡ് അംഗങ്ങളുടെ ബിനാമികള്‍ ബ്ലേഡ് പലിശയ്ക്ക് പണം നല്‍കി മണിക്കൂര്‍ കണക്കാക്കി കൊള്ളപ്പലിശ ഈടാക്കിയെടുക്കുന്നതിനും വഴിയൊരുക്കുന്ന വായ്പ പുതുക്കിവെയ്ക്കല്‍ രീതിക്ക് തടയിടാന്‍ കഴിയണം. വായ്പ തുകയേക്കാള്‍ പലിശ ഈടാക്കുന്നില്ലെന്ന നയം പിന്തുടരുന്ന സഹകരണസംഘങ്ങളും / ബാങ്കുകളും പലിശകൊള്ള നടത്തുന്ന മറ്റു കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും ധനകാര്യസ്ഥാപനങ്ങള്‍ക്കും മാതൃകയാണ്. എന്നാല്‍ പുതുക്കി വെയ്ക്കല്‍ ഏര്‍പ്പാടിലൂടെ മുതലിന്റെ എത്രയോ ഇരട്ടി തുക തിരിച്ചു പിടിക്കുന്നതിലൂടെ മുന്‍ചൊന്ന മാതൃക പൊളിഞ്ഞടിയുകയാണ്.

8. നോട്ടു നിരോധനം മുതല്‍ കോവിഡ് മഹാമാരിവരെയുള്ള പ്രതിസന്ധികളെ ഏറ്റവും തീക്ഷ്ണമായി ബാധിച്ചിട്ടുള്ളത് ചെറുകിട വ്യാപാര വ്യവസായ മേഖലയെയാണ്. വരുമാനം നിലച്ച ഈ മേഖലയിലുള്ളവരുടെ വായ്പാ കുടിശ്ശികയിന്മേല്‍ ഇളവും സാവകാശവും നല്‍കുമെന്ന് ഉറപ്പുവരുത്തണം.

9.കേന്ദ്രധനകാര്യവകുപ്പിനും ആര്‍.ബി.ഐ.ക്കും കീഴില്‍ വരുന്ന ദേശസാല്‍ക്കൃത സ്വകാര്യ കൊമേഴ്സ്യല്‍ ബാങ്കുകളിലെ റെക്കവറി നടപടി നേരിടുന്ന സാധാരണക്കാരുടെ വായ്പകളിന്മേലുള്ള സര്‍ഫാസി നടപടികള്‍ക്ക് സാവകാശവും ഇളവും നല്‍കുന്നതിനും കിടപ്പാടങ്ങള്‍ ജപ്തി ചെയ്യില്ലെന്ന് ഉറപ്പുവരുത്തുന്നതിനും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ (SLBC) എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന കാര്യവും ഈ സമാശ്വാസ പദ്ധിയുടെ ഭാഗമാകണം.

10. അഭിനവ ഷൈലോക്കുകളെ പോലെ ജനങ്ങളെ കടക്കെണിക്കെണിയില്‍ വീഴ്ത്തി പിഴിഞ്ഞൂറ്റുന്ന ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും (NBFC), Small Bank കളും ഗ്രാമീണ മേഖലയില്‍ സഹകരണസംഘങ്ങളുടെ അഭാവത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെ നിയന്ത്രിക്കുന്ന നയസമീപനങ്ങള്‍ ആവിഷ്‌ക്കരിക്കണം.

11. ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ കടാശ്വാസവും വായ്പാ ലഭ്യതയും 2010 ല്‍ വായ്പാകാലാവധി തീര്‍ന്ന 1 ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളാന്‍ ഉണ്ടായ ഉത്തരവ് തന്നെ ഫലപ്രദമായി നടപ്പാക്കാനായിട്ടില്ലെന്ന വസ്തുത കണക്കിലെടുത്ത് ദലിത്, ആദിവാസി ജനവിഭാഗങ്ങളുടെ വായ്പകള്‍ എഴുതി തള്ളുന്നതിനും അവര്‍ക്ക് വായ്പാ ലഭ്യതയും ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. എസ്.സി.എസ്.ടി. വിഭാഗങ്ങളുടെ വായ്പാ തുക കണക്കാക്കിയാല്‍ മൊത്തം വായ്പാതുകയില്‍ ഉപേക്ഷിക്കത്തക്ക അളവില്‍ നിസ്സാരമായ തുകയായിരിക്കും.

മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളുടെ സത്ത ഉള്‍ക്കൊണ്ട്, അടിയന്തിരമായി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്ന സഹകരണവകുപ്പിന്റെ കുടിശ്ശിക നിവാരണ പദ്ധതിക്ക് പകരം നിസ്വരും നിസ്സഹായരുമായ ജനലക്ഷങ്ങള്‍ക്ക് സമാശ്വാസം നല്‍കുന്ന ബദല്‍ പദ്ധതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തോടെ ഈ നിവേദനം സമര്‍പ്പിച്ചുകൊള്ളുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply