ട്രാന്‍സ് അഥവാ അച്ഛാ ദിന്‍

വേറിട്ട കാഴ്ചകള്‍ക്കുള്ള നിരവധി വാതായനങ്ങള്‍ ഈ ചിത്രം കാണികള്‍ക്ക് മുന്‍പില്‍ തുറക്കുന്നു. മതത്തേയും ദൈവത്തേയും മനുഷ്യരുടെ വിശ്വാസഭ്രാന്തിനേയും പശ്ചാത്തലമാക്കി തങ്ങളുടെ കീശവീര്‍പ്പിക്കാനുള്ള മുതലാളിത്ത ശക്തികളുടെ മൂലധന നിക്ഷേപ തന്ത്രങ്ങള്‍ എങ്ങനെയാണ് ആളുകളുടെ ജീവിതങ്ങളെ ബാധിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ സിനിമ പറയുന്നത് .എല്ലാ മതങ്ങളും തങ്ങളുടെ അനുയായികള്‍ക്കായി ഒരു ”വാഗ്ദത്തദേശം” വാഗ്ദാനം ചെയ്യുന്നു. അതിലേക്ക് പ്രവേശനമുള്ള ഒരു സവിശേഷ ജനതയേയും മതങ്ങള്‍ വാര്‍ത്തെടുക്കുന്നു .

കുറെ നാളുകള്‍ക്ക് ശേഷം ശരിക്കും ”ഹൌസ് ” ഫുള്ളായ ഒരു തീയേറ്ററില്‍ ഇരുന്നാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമയായ ട്രാന്‍സ് കണ്ടത് .അന്‍വര്‍ റഷീദ് സംവിധാനം ,അമല്‍ നീരദ് ക്യാമറ ,റസൂല്‍ പൂക്കുട്ടി ശബ്ദലേഖനം ഫഹദ് ഫാസില്‍ നായകന്‍ ,ഭര്‍ത്താവിനൊപ്പമുള്ള നസ്രിയയുടെ വരവ് ,ചെമ്പന്‍ വിനോദ് ,ധമ്മജന്‍ ,ശ്രീനാഥ് ഭാസി ,സൗബിന്‍ ,സ്രിന്ദ ,വിനായകന്‍ ,ദിലീഷ് പോത്തന്‍ ഒപ്പം സംവിധായകന്‍ ഗൗതം മേനോനും അഭിനയിക്കുന്ന ചിത്രം .ഈ വലിയ താരനിര തന്നെയാണെന്ന് തോന്നുന്നു ഈ സിനിമയുടെ ആദ്യ ദിവസത്തിലെ ഹൌസ് ഫുള്ളിന്റെ രഹസ്യം .മലയാളത്തിലെ ആസ്ഥാന അരപ്പിരി ലൂസ് താന്‍ തന്നെയാണെന്ന് ഒരിക്കല്‍ കൂടിഫഹദ് ഫാസില്‍ തെളിയിക്കുന്ന ഒരു ചിത്രം എന്ന് പുറമെ തോന്നുമെങ്കിലും വേറിട്ട കാഴ്ചകള്‍ക്കുള്ള നിരവധി വാതായനങ്ങള്‍ ഈ ചിത്രം കാണികള്‍ക്ക് മുന്‍പില്‍ തുറക്കുന്നു എന്ന് ഞാന്‍ കരുതുന്നു .മതത്തേയും ദൈവത്തേയും മനുഷ്യരുടെ വിശ്വാസഭ്രാന്തിനേയും പശ്ചാത്തലമാക്കി തങ്ങളുടെ കീശവീര്‍പ്പിക്കാനുള്ള മുതലാളിത്ത ശക്തികളുടെ മൂലധന നിക്ഷേപ തന്ത്രങ്ങള്‍ എങ്ങനെയാണ് ആളുകളുടെ ജീവിതങ്ങളെ ബാധിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ സിനിമ പറയുന്നത് .എല്ലാ മതങ്ങളും തങ്ങളുടെ അനുയായികള്‍ക്കായി ഒരു ”വാഗ്ദത്തദേശം” വാഗ്ദാനം ചെയ്യുന്നു. അതിലേക്ക് പ്രവേശനമുള്ള ഒരു സവിശേഷ ജനതയേയും മതങ്ങള്‍ വാര്‍ത്തെടുക്കുന്നു .ഒരിക്കലും കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ വാഗ്ദത്ത രാജ്യത്തേക്കുള്ള അണികളുടെ പാലായനത്തെ വഴികാട്ടുന്ന പ്രവാചകരുടെ നിരകള്‍ എല്ലാ മതത്തിലും ഉണ്ട് .വിശ്വാസം എന്നത് മനുഷ്യര്‍ ഉണ്ടായ കാലം മുതല്‍ക്കേ അവനില്‍ ഉണ്ടായ ഒരു വികാരമാണ് .ഗോചരവും അഗോചരവുമായ ,പ്രവചനീയവും പ്രവചനാതീതവുമായ ഭീതികളില്‍ നിന്നും മനുഷ്യരെ രക്ഷിച്ച അവരുടെ തന്നെ ശുഭാപ്തി വിശ്വാസം ആയിരിക്കാം ദൈവമെന്ന സങ്കല്‍പ്പത്തിലേക്ക് മനുഷ്യരെ നയിച്ചത് .ഭീതിയും ശുഭാപ്തി വിശ്വാസവും ചേരുമ്പോള്‍ അത് ദൈവമായും മതമായും രൂപാന്തരം പ്രാപിക്കുന്നു .മനുഷ്യരുടെ ഭീതികള്‍ ,കഷ്ടപ്പാടുകള്‍ ,നിസ്സഹായതകള്‍ ,ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അടങ്ങാത്ത ത്വര ,തടസ്സങ്ങളെ മറികടക്കാനുള്ള ഒരിക്കലും അവസാനിക്കാത്ത ശ്രമങ്ങള്‍ ,പാതിവഴിയില്‍ എല്ലാം നഷ്ടപ്പെട്ട് മുന്‍പോട്ട് എങ്ങനെ പോകുമെന്നറിയാതെ ഇരുട്ടില്‍ തപ്പി നില്‍ക്കുമ്പോഴാണ് വഴികാട്ടികളായി വാഗ്ദത്ത രാജ്യങ്ങളുടെ പാസ്പോര്‍ട്ടുമായി ആള്‍ദൈവങ്ങള്‍ വരുന്നത് .വാക്കുകള്‍ കൊണ്ടും വചനം കൊണ്ടും വാഗ്ദത്ത ലോകത്തിന്റെ വാതിലുകള്‍ മറ്റുള്ളവര്‍ക്ക് തുറന്നുകൊടുക്കുന്ന ഒരു സുവിശേഷ പ്രഘോഷകന്റെ കഥയായി മാത്രം കണ്ടുമറക്കാന്‍ സാധ്യതയുള്ള ട്രാന്‍സ് എന്ന സിനിമക്കകത്ത് അതി മനോഹരമായി എന്നാല്‍ അതിനിഗൂഢമായി ഒളിപ്പിച്ചുവച്ച ഒരു അച്ഛാ ദിന്‍ കഥയുണ്ട് .അര്‍ദ്ധബോധാവസ്ഥയിലായിപ്പോയ ശരാശരി ഇന്ത്യക്കാര്‍ക്ക് ഇപ്പോഴും മനസിലാകാത്ത ഒരു അച്ഛാ ദിന്‍ കഥ .അതാണ് ട്രാന്‍സിന്റെ യഥാര്‍ത്ഥ മൂല്യം .

വാഗ്ദത്തഭൂമിയുടെ മറ്റൊരു പേരാണ് അച്ഛാ ദിന്‍ .ഹിന്ദുരാഷ്ട്രം എന്നും വിളിക്കാം .നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും എല്ലാ കഷ്ടപ്പാടുകളില്‍ നിന്നും നിങ്ങളെ വിമോചിപ്പിക്കുന്നതിനായി ഞാനിതാ ആകാശത്തിലെ മൂന്നുനക്ഷത്രങ്ങളെ സാക്ഷിയാക്കി അവതരിച്ചിരിക്കുന്നു .സ്റ്റേജില്‍ മുഴങ്ങുന്ന ഹല്ലേലൂയാകളുടെ സ്ഥാനത്ത് നോട്ടുനിരോധനവും, ജി എസ് റ്റിയും ,
പുല്‍വാമയും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കും ,കാശ്മീരിനെ ഇല്ലാതാക്കലും ,അയോധ്യയിലെ അമ്പലം പണിയും ,പൗരത്വ നിയമവും അവര്‍ ഉറക്കെയുറക്കെ മുഴക്കുന്നു .കള്ളപ്പണക്കാരില്‍ നിന്നും അഴിമതിക്കാരില്‍ നിന്നും തീവ്രവാദികളില്‍ നിന്നും പശുഹത്യക്കാരില്‍ നിന്നും നിങ്ങളെ രക്ഷിക്കാനായി ഇതാ അവന്‍ പിറവികൊണ്ടിരിക്കുന്നു .നിങ്ങളുടെ മോചനം അവന്റെ കൈകൊണ്ട് .ഹല്ലേലൂയാകളുടെ സ്ഥാനത്ത് ജയ് ശ്രീറാം വിളികള്‍ മുഴങ്ങുന്നു .എന്താണ് സത്യം എന്താണ് മിഥ്യ എന്നാര്‍ക്കും മനസിലാകുന്നില്ല .ഒരുവശത്ത് വികസനത്തിന്റെ വേലിയേറ്റം മറുവശത്ത് ആള്‍കൂട്ടക്കൊലകളുടെ ഭീകരതകള്‍ .ജനാധിപത്യത്തെ പറ്റി ബഹുസ്വരതയെ പറ്റി വാചാലരാകുമ്പോള്‍ തന്നെ അപരവല്‍ക്കരണവും ഡിറ്റന്‍ഷന്‍ ക്യാമ്പുകളും ഉണ്ടാക്കുന്ന വന്യതകളും .രക്ഷകന് ചുറ്റും മുടന്തരും കണ്ണുകാണാത്തവരും ,കൈകള്‍ ഇല്ലാത്തവരും ,മൂകരും ,കുഷ്ഠരോഗികളും തിരക്ക് കൂട്ടുന്നു .കുരുടന് കാഴ്ച കിട്ടുന്നു ,ഊമ സംസാരിക്കുന്നു ,മുടന്തന്‍ നടക്കുന്നു ,കുഷ്ഠരോഗിയുടെ കൊഴിഞ്ഞുപോയ വിരലുകള്‍ മുളച്ചുവരുന്നു .നോക്കൂ അവന്‍ വരുന്നു അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇതാ അവന്‍ വരുന്നു അവന്റെ വഴിയില്‍ കടല്‍ രണ്ടായി മാറി അവന് വഴിയൊരുക്കുന്നു ,മലകള്‍ അവനായി മാറി നില്‍ക്കുന്നു .ഇതാ അവനെത്തിക്കഴിഞ്ഞിരിക്കുന്നു .നമ്മുടെ രക്ഷകന്‍ ,കോട്ടണ്‍ പാടങ്ങളില്‍ ആത്മഹത്യാ ചെയ്ത ലക്ഷകണക്കിന് കര്‍ഷകരെ ശവക്കുഴിയില്‍ നിന്നും തിരിച്ചുകൊണ്ടുവരുവാന്‍ ,യൂണിവേഴ്‌സിറ്റികള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ട വെമൂലമാരെ പുനരുഥാനം ചെയ്യാന്‍ ഇതാ അവനെത്തിക്കഴിഞ്ഞിരിക്കുന്നു .ആളുകള്‍ ഈയാം പാറ്റകളെ പോലെ രക്ഷകന് ചുറ്റും നിറഞ്ഞിരിക്കുകയാണ് .നിയമ നിര്‍മ്മാണ സഭകളെ പോലും ഉണ്ടാക്കുന്ന ,നിയന്ത്രിക്കുന്ന ,താഴെ വീഴ്ത്തുകയും താങ്ങി നിര്‍ത്തുകയും ചെയ്യുന്ന മൂലധനമുതലാളി തയ്പ്പിച്ചുകൊടുത്ത കുപ്പായമിട്ട് സ്റ്റേജില്‍ ഹിസ്റ്റീരിയ ബാധിച്ച ഒരഭിനേതാവ് മാത്രമാണ് ,മുതലാളി പറയുമ്പോള്‍ കോട്ടൂരി മുഖത്തെ ചായവും മായ്ച്ച് കളംവിടേണ്ട ഒരാള്‍ മാത്രമാണ് രക്ഷകനെന്ന സത്യം തിരിച്ചറിയാതെ ആളുകള്‍ ആര്‍ത്ത് വിളിക്കുകയാണ് ഭാരത് മാതാ കി ജയ് ,ജയ് ശ്രീറാം .രാജ്യം അര്‍ദ്ധ ബോധാവസ്ഥയിലാണ് .അപകടകരമായ മതസ്പര്‍ദകളും ,ജാതി വെറികളും ,അപരവല്‍ക്കരണത്തിന്റെ വന്യതകളും ,വരാനിടയില്ലാത്ത നല്ല നാളെകളെ പറ്റിയുള്ള വ്യാജ സ്തുതികളും ചേര്‍ന്ന് രാജ്യത്തെ അതീന്ദ്രിയമായ അര്‍ദ്ധബോധാവസ്ഥയില്‍ മയക്കി കിടത്തിയിരിക്കുകയാണ് .അവര്‍ക്കായി സത്യാനന്തര ജനാധിപത്യാനന്തര ഇന്ത്യയെന്ന സ്റ്റേജ് ഒരുക്കിയിരിക്കുന്നു .

ഇവിടെയാണ് ട്രാന്‍സ് എന്ന സിനിമയുടെ സാമൂഹ്യ പ്രാധാന്യം കിടക്കുന്നത്.ഫഹദിന്റെ ശ്രീനാഥ് ഭാസിയുടെയൊക്കെ അഭിനയം അസാധ്യമാണ് .റസൂല്‍ പൂക്കുട്ടിയുടെ ശബ്ദവിന്യാസമാണ് സിനിമയുടെ മൂഡ് നിലനിര്‍ത്തുന്നത് .നല്ല സിനിമ .സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply