തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ ആക്രോശിക്കുന്നവര്‍ ഓര്‍ക്കേണ്ടത്

തെരുവുനായ്ക്കള്‍ വര്‍ദ്ധിക്കുന്നതിനും അവ അക്രമാസക്തമാകുന്നതിനും പ്രധാന കാരണം നമ്മുടെ പ്രവര്‍ത്തനങ്ങളാണെന്നു വ്യക്തമായിട്ടും കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ വന്‍നഗരങ്ങളില്‍ പോലും നായ്ക്കള്‍ അക്രമാസക്തമാകുന്നില്ലെന്നും കാര്യകാരണസഹിതം എത്രയോ വിദഗ്ധര്‍ ചൂണ്ടികാട്ടിയിട്ടും അതൊന്നും പരിശോധിക്കാതെ, തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ തെരുവുകളില്‍ കാണുന്ന നായ്ക്കളെ ഒന്നടങ്കം കൊന്നൊടുക്കണമെന്ന ആക്രോശം സംസ്ഥാനത്തുടനീളം ഉയരുന്നുണ്ട്. അപ്രായോഗികവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടകരവുമാണ് ഈ നിലപാട്.

തെരുവുനായ വിഷയം തന്നെയാണ് സമകാലികാവസ്ഥയില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇടക്കിടക്ക് ആവര്‍ത്തിക്കുന്ന വിഷയമായിട്ടും ഇതിന് ശാശ്വതമായൊരു പരിഹാരം കാണാന്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്കായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴാകട്ടെ മൊബൈല്‍, സിസി ടിവി ക്യാമറകളിലൂടെ നായ്ക്കളുടെ അക്രമണത്തിന്റെ ഭീതിദാവസ്ഥ കാണാനും കഴിയുന്നു.

വിഷയത്തില്‍ അടിയന്തരവും ദീര്‍ഘകാലാധിഷ്ഠിതവുമായ നടപടികള്‍ സ്വീകരിക്കുമെന്ന് പുതുതായി സ്ഥാനമേറ്റ മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചിട്ടുണ്ട്. തെരുവ് നായകള്‍ക്ക് എത്രയും വേഗം വാക്‌സിന്‍ നല്‍കുക എന്നതാണതില്‍ പ്രധാനം. ഈ മാസം 20 ന് പദ്ധതിക്ക് തുടക്കമാകും. അതിനായുള്ള ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനായി താല്‍പ്പര്യമുള്ള കോവിഡ് സന്നദ്ധ സേന, കുടുംബശ്രീ അംഗങ്ങള്‍ക്ക് വെറ്റനറി സര്‍വകലാശാല പരിശീലനം നല്‍കും. ദീര്‍ഘകാലാടിസ്ഥാനത്തിലാകട്ടെ പഞ്ചായത്ത് തലത്തില്‍ ഷെല്‍ട്ടറുകള്‍ ആരംഭിക്കും. മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മാംസ വ്യാപാരികള്‍, കല്യാണ മണ്ഡപ ഉടമകള്‍ തുടങ്ങിയവരുടെ യോഗം വിളിക്കും. എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡല അടിസ്ഥാനത്തിലും തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തിലും യോഗം വിളിക്കാനും തീരുമാനമുണ്ട്. 152 ബ്ലോക്കുകളില്‍ എബിസി സെന്റര്‍ ആരംഭിക്കും. കൂടാതെ പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാന്‍ സുപ്രീം കോടതിയുടെ അനുമതി തേടും. വളര്‍ത്ത് നായ്ക്കളുടെ വാക്‌സിനും കര്‍ശനമാക്കും. ഉടമസ്ഥന്‍ ഇല്ലാത്ത നായ്ക്കളെ വാക്‌സിനേഷന് എത്തിച്ചാല്‍ 500 രൂപ പാരിതോഷികം നല്‍കും. ഏകദേശം 2.89 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് കണക്കെന്നും മന്ത്രി പറയുന്നു. ജനങ്ങള്‍ നായ്ക്കളെ കൊല്ലാന്‍ രംഗത്തിറങ്ങരുതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തീര്‍ച്ചയായും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് മന്ത്രിയുടേത്. തെരുവുനായ്ക്കള്‍ വര്‍ദ്ധിക്കുന്നതിനും അവ അക്രമാസക്തമാകുന്നതിനും പ്രധാന കാരണം നമ്മുടെ പ്രവര്‍ത്തനങ്ങളാണെന്നു വ്യക്തമായിട്ടും കേരളത്തേക്കാള്‍ ജനസാന്ദ്രത കൂടിയ വന്‍നഗരങ്ങളില്‍ പോലും നായ്ക്കള്‍ അക്രമാസക്തമാകുന്നില്ലെന്നും കാര്യകാരണസഹിതം എത്രയോ വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. എന്നാല്‍ അതൊന്നും പരിശോധിക്കാതെ, തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കാതെ തെരുവുകളില്‍ കാണുന്ന നായ്ക്കളെ ഒന്നടങ്കം കൊന്നൊടുക്കണമെന്ന ആക്രോശം സംസ്ഥാനത്തുടനീളം ഉയരുന്നുണ്ട്. അപ്രായോഗികവും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അപകടകരവുമാണ് ഈ നിലപാട്. പേ പിടിച്ച നായ്ക്കളേയും അക്രമകാരികളേയും കൊന്നൊടുക്കാന്‍ അല്ലെങ്കിലും കഴിയും. സ്വയംരക്ഷക്കായി മനുഷ്യനെ തന്നെ കൊല്ലുന്നത് ന്യായീകരിക്കപ്പെടുന്നുണ്ടല്ലോ. കൃഷിക്കും മനുഷ്യജീവനും അപകടകരമായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുമതി നല്‍കിയിട്ടുമുണ്ട്. രോഗം വന്ന താറാവുകളേയും കോഴികളേയും കൊന്നൊടുക്കാറുമുണ്ട്. അടുത്ത ദിവസം ആത്മരക്ഷാര്‍ത്ഥം പുലിയെ കൊന്നയാള്‍്‌ക്കെതിരെ കേസെടുക്കില്ലെന്ന്് വനംമന്ത്രി പ്രഖ്യാപിച്ചതും നാം കേട്ടു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് മേയര്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ഏതാനും വര്‍ഷം മുമ്പ് രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഭീത്ിയിലാഴ്ത്തിയ സൂറത്തിലെ പ്ലേഗ് ബാധക്കുള്ള പ്രധാനകാരണം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയതാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിച്ചത്. പ്ലേഗിനു കാരണമായ എലിയടക്കമുള്ള ജീവികളുടെ വംശവര്‍ദ്ധനയെ നിയന്ത്രിക്കുന്നതില്‍ നായക്കുള്ള പങ്കാണ് അവര്‍ ചൂണ്ടികാട്ടിയത്. ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്നേഹിതരുമാണ് നായകള്‍ എന്നുമവര്‍ ചൂണ്ടികാട്ടി. ആ സൗഹൃദം തകരുന്നുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം മനുഷ്യരുടെ പ്രവര്‍ത്തികളല്ലാതെ മറ്റെന്താണ്? അതിന് ദീര്‍ഘകാലപരിഹാരം കാമാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഇപ്പോഴത്തെ കോലാഹലങ്ങളും ഒരു ഫലവും കാണാതെ അവസാനിക്കും.

ജീവികള്‍ തമ്മിലുള്ള പരസ്പരാശ്രയവും ബന്ധങ്ങളും എങ്ങനെയാണ് ഒരു ജൈവമണ്ഡത്തിന്റെ നിലനില്‍പ്പിനു പ്രധാനമാകുന്നതെന്നതിനു ലോകത്ത് ഒരുപാട് ഉദാഹരണങ്ങള്‍ ഉണ്ട്. അതിലേറ്റവും കുപ്രസിദ്ധമായ ഒരനുഭവം ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. 1950 കളുടെ അവസാനത്തില്‍ ചൈനയില്‍ അധികാരത്തില്‍ വന്ന മാവോയുടെ നടപടിയാണ് സൂചിപ്പിക്കുന്നത്. എങ്ങിനെയും ചൈനയെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായാണ് Great Leap Forward എന്ന പദ്ധതി അദ്ദേഹം ആവിഷ്‌ക്കരിച്ചത്. എല്ലാ മേഖലയിലുമുള്ള മുന്നേറ്റമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അതിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലെ കുതിച്ചുചാട്ടവുമായി ബന്ധപ്പെട്ടുള്ള ഒരു നടപടിയാണ് എന്നും എല്ലാവരും ഓര്‍ക്കേണ്ട ഒന്നായി മാറിയത്. കാര്‍ഷിക മേഖലക്ക് ഏറ്റവും ഭീഷണിയായ, ചെടികളും കായ്കളും ധാന്യങ്ങളും തിന്ന് നശിപ്പിക്കുന്ന, ഒരു കൂട്ടം ജീവികളെ ഉന്മ്മൂലനം ചെയ്യാനായിരുന്നു തീരുമാനം. എലികള്‍, വണ്ട് മുതലായ കീടങ്ങള്‍, രോഗം പരത്തുന്ന കൊതുകുകള്‍, ധാന്യങ്ങള്‍ തിന്നുന്ന കുരുവികള്‍ എന്നിവയെയായിരുന്നു ലക്ഷ്യമിട്ടത്. പദ്ധതിക്ക് The Four Pests campaign ‘ എന്നു പേരുമിട്ടു. എലികളെയും കുരുവികളെയും കൊല്ലുവാനുള്ള വിവിധ പരിശീലന പരിപാടികള്‍ രാജ്യമാകെ അരങ്ങേറി. കൊല്ലുന്ന കുരുവികളുടെയും എലികളുടെയും തൂക്കമനുസരിച്ച് വിവിധ പാരിതോഷികങ്ങളും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പറയാത്ത ചില രീതികള്‍ നാട്ടുകാരും വികസിപ്പിച്ചെടുത്തു . ചെടികളിലും മറ്റും വിഷം പുരട്ടല്‍ ആയിരുന്നു അത്. ആ ഇലകളും കായ്കളും കഴിക്കുന്ന കുരുവികള്‍ അവിടെ തന്നെ ചത്ത് വീഴും. ഏകദേശം നൂറു മില്ല്യന്‍ കുരുവികളാണ് കശാപ്പ് ചെയ്യപ്പെട്ടത്. പക്ഷെ സംഭവിച്ചതോ? കുരുവികള്‍ ഇല്ലാതായതോടെ വെട്ടുകിളികളും പുഴുക്കളും വണ്ടുകളും പിന്നെ കൊല്ലാന്‍ തളിച്ച വിഷവും ചേര്‍ന്ന് കൃഷിയെ തകര്‍ത്തുതരിപ്പണമാക്കി. ലോകം കണ്ട ഏറ്റവും വലിയ ക്ഷാമത്തിലേക്ക് ചൈന വീണു. ക്ഷാമത്തില്‍ മുപ്പതു മില്ല്യനോളം ജനം മരിച്ചെന്നാണ് കണക്ക്. വിഷയത്തെ പര്‍വ്വതീകരിക്കുകയാണെന്ന് ആരോപിക്കാം. അവര്‍ക്കുള്ള മറുപടിയാണ് കോഴിക്കോട് മേയര്‍ നല്‍കിയത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യുനസ്‌കോയുടെ പാരീസിലെ ആസ്ഥാനത്തുവച്ച് 1978 ഒക്ടോബര്‍ 15ന് വിളംബരം ചെയ്യപ്പെട്ട സാര്‍വ്വദേശീയ മൃഗാവകാശ പ്രഖ്യാപനവും ഈയവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. മാനവരാശി ആയിരകണക്കിനു തലമുറകളിലൂടെ നേടിയെടുത്ത സംസ്‌കാരത്തിന്റെ ഭാഗമാണ് ഈ പ്രഖ്യാപനം. ഇന്ത്യയും യു എന്നില്‍ അംഗമാണല്ലോ. മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനും യഥോചിതമായ പരിപാലനത്തിനും ശുശ്രൂഷയ്ക്കും അവകാശമുണ്ടെന്നും യാതൊരു സാഹചര്യത്തിലും മൃഗങ്ങളെ നീതീകരിക്കാനാവാത്തവിധം ഉപേക്ഷിക്കുകയോ കൊല്ലുകയോ അരുതെന്നും മൃഗ പ്രജനന രീതി ഏതും അതാത് ജീവിവര്‍ഗ്ഗത്തിന്റെ ശരീരശാസ്ത്രം, പെരുമാറ്റം എന്നിവയെ ബഹുമാനിച്ചുകൊണ്ടായിരിക്കണമെന്നും ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്കു നയിക്കുന്ന ഏതൊരു തീരുമാനവും ജീവനുനേരെയുള്ള കുറ്റകൃത്യമാണെന്നും പ്രകൃതിയിലെ ഒരു പ്രത്യേക സ്പീഷീസിന്റെ നിലനില്‍പ്പു തന്നെ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തനവും അത്തരം പ്രവര്‍ത്തനങ്ങളിലേയ്ക്ക് നയിക്കുന്ന ഏതൊരു തീരുമാനങ്ങളും ആ ജീവജാതിയുടെ വംശഹത്യയ്ക്ക് സമാനമായ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടേണ്ടതാണെന്നും വന്യമൃഗങ്ങളുടെ കൂട്ടക്കൊല, അവയുടെ സ്വാഭാവിക ആവാസസ്ഥലം നശിപ്പിക്കല്‍, മലിനീകരണം എന്നിവ വംശഹത്യാ പ്രവര്‍ത്തനങ്ങളാണെന്നും ജീവശൃംഖലയില്‍ മൃഗങ്ങളുടെ സവിശേഷ സ്ഥാനവും പദവിയും അവകാശങ്ങളും നിയമം വഴി അംഗീകരിക്കപ്പെടണമെന്നും മൃഗങ്ങളുടെ സുരക്ഷിതത്വവും സംരക്ഷണവും സര്‍ക്കാര്‍ തലത്തിലുള്ള സംഘടനകള്‍ ഏറ്റെടുക്കുകയും ഉറപ്പുവരുത്തുകയും വേണമെന്നും കുട്ടിക്കാലം മുതലേ മൃഗങ്ങളെ നിരീക്ഷിക്കാനും മനസ്സിലാക്കാനും ബഹുമാനിക്കാനും പഠിക്കാനും ഇടപഴകാനും ഉതകുന്ന വിദ്യാഭ്യാസ-പഠനരീതികളും പൗരന്/പൗരിക്ക് വിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഉറപ്പു വരുത്തണമെന്നുമെല്ലാം പ്രഖ്യാപനത്തിലുണ്ട്. ഇതെല്ലാം ചൂണ്ടികാട്ടുന്നവരോട് ബീഫും കോഴിയുമെല്ലാം കഴിക്കുന്നില്ലേ എന്ന മറുചോദ്യം ചോദിക്കുന്നതില്‍ എന്തര്‍ത്ഥം? എല്ലാ ജീവികളേയും ഒരുപോലെ കാണാത്തതിന് എത്രയോ കാരണങ്ങളുണ്ട്. നായ്ക്കളെ കൊല്ലാന്‍ പറയുന്നവര്‍, അവയേക്കാള്‍ കൂടുതല്‍ മനുഷ്യരെ കൊന്ന നാട്ടാനകളെ കൊല്ലാന്‍ പറയുന്നുണ്ടോ? പല മരണങ്ങള്‍ക്കും കാരണം വളര്‍ത്തുനായ്ക്കളാണെന്നു ബോധ്യമായിട്ടും അവയെ കൊല്ലാന്‍ പറയുന്നുണ്ടോ? ഒരു വര്‍ഷം നാലായിരത്തില്‍ കൂടുതല്‍ പേരുടെ മരണത്തിനും പതിനായിരകണക്കിനുപേരുടെ ജീവിതം തകര്‍ക്കാനും കാരണം റോഡപകടങ്ങളായിട്ടും വാഹനങ്ങള്‍ തല്ലിതകര്‍ക്കാന്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യവും അവരോട് ചോദിക്കാവുന്നതാണ്.

ചുരുക്കത്തില്‍ ആയിരകണക്കിനു തലമുറകളിലൂടെ മാനവസമൂഹം ആര്‍ജ്ജിച്ച സംസ്‌കാരത്തില്‍ നിന്നു പുറകോട്ടുപോകാനല്ല, മുന്നോട്ടുപോകാനാണ് നാം തയ്യാറാകേണ്ടത്. ഈ വിഷയത്തിലും ആ ദിശയിലുള്ള നടപടികള്‍ക്കാണ് സര്‍ക്കാരും ജനങ്ങളും തയ്യാറാകേണ്ടത്. അല്ലാതെ കോട്ടയത്ത് കഴിഞ്ഞ ദിവസം ഉണ്ടായ പോലെ നായ്ക്കളെ കൊന്നൊടുക്കുകയും കെട്ടിതൂക്കുകയുമല്ല വേണ്ടത്. ഭൂമിയുടെ അവകാശികള കുറിച്ചുള്ള ബഷീറിന്റെ വാക്കുകളും ഓര്‍ക്കാവുന്ന സമയമാണിത്. ഒരു രാജ്യത്തെ മൃഗങ്ങളോട് മനുഷ്യന്‍ എങ്ങിനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ രാജ്യത്തെ ജനങ്ങളുടെ സംസ്‌കാരത്തെ ദര്‍ശിക്കാനാവും എന്ന ഗാന്ധിവചനവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply