പ്രതിക്കൂട്ടിലകപ്പെടുന്ന തെയ്യം

ബ്രാഹ്മണ പൗരോഹിത്യത്തെ പുറത്താക്കിയ തെയ്യക്കാവുകളെയൊക്കെ ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളാക്കി പുനപ്രതിഷ്ഠിക്കുന്നത് ആരുടെ താല്‍പര്യപ്രകാരമാണ്. കാവെന്നത് പ്രക്യതിയൊരുക്കിയ ഹൃദയവിശാലതയാണ്. പ്രകൃതിയെ ഉപാസിക്കുന്ന മനുഷ്യരാണ് വര്‍ഷത്തിലൊരിക്കലോ മുന്നോ നാലോ വര്‍ഷം കൂടുമ്പോഴോ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷമോ കാവില്‍ ഒത്തുകൂടുന്നത്. പോയകാലത്തിന്റെ തിരുശേഷിപ്പുകളെ സാംസ്‌ക്കാരിക മുദ്രകളെ കാറ്റെടുക്കാതെ കടലെടുക്കാതെ കാത്ത് സംരക്ഷിക്കുന്ന ആര്‍ക്കര്‍ക്കൈവ്‌സ് ആണ് ഒരോ തെയ്യക്കാവും. നോഹയുടെ പെട്ടകം പോലെ നമ്മുടെ ഗോത്രജീവിത സാക്ഷ്യങ്ങളെ പല രൂപത്തിലുള്ള അനുഷ്ഠനരൂപകങ്ങളിലൂടെ കാലമിത്രയായിട്ടും നഷ്ടപ്പെട്ടു പോകാതെ ഇവിടെ കാത്തുവെക്കുന്നുണ്ട്.

ഉത്തരകേരളത്തിന്റെ ജനജീവിതവുമായി ആഴത്തില്‍ ബന്ധമുള്ള തെയ്യം അനുഷ്ഠാനം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാവിലെ സ്വാഭാവിക പ്രകൃതിയില്‍ നിന്നും അത് കുടിയിറക്കപ്പെടുന്നു എന്നതാണ്. കാവിനകത്ത് ക്ഷേത്രവല്‍ക്കരണത്തിലൂടെ പാരിസ്ഥിതികമായ ആവാസവ്യവസ്ഥ തെയ്യത്തിന് നഷ്ടമാകുമ്പോള്‍ കാവിന് പുറത്ത് യാതൊരു അനുഷ്ഠാനനിഷ്ഠയും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജൈവികമായ സൗന്ദര്യമില്ലാതെ ഉള്ളുപൊള്ളയായ കേവലം കെട്ടുകാഴ്ച്ച മാത്രമായ ഒരു കലാപ്രകടനമായി തെയ്യത്തെ അത്തരം രംഗാവതരണങ്ങള്‍ പുതുക്കിപ്പണിയുന്നു. വിശുദ്ധ വൃക്ഷങ്ങളിലെ ശേഷിപ്പെടല്‍ വിട്ട് തെയ്യം വിഗ്രഹത്തില്‍ സ്ഥിതമാകുന്നതും കാവുമുറ്റത്തെ പാര്‍കോഴിയും മധുകലശലവും പാരണയും വിട്ട് സ്റ്റേജില്‍ ഒരു പെര്‍ഫോമന്‍സായി വേഷം മാറുന്നതും രണ്ടും നിലവില്‍ തെയ്യത്തിന് ഒരു ഗുണവും ചെയ്യില്ല. മുദ്രാവാക്യം വിളിക്കുന്ന ജാതക്ക് മുന്നിലെ അലങ്കാരമായ തെയ്യവും വിഗ്രഹത്തില്‍ പൂണൂലിട്ടിരിക്കുന്ന നിര്‍ഗുണദൈവവും രണ്ടും ഒരുപോലെ അപകടകരമായ കാഴ്ച്ചയാണ്. ആത്മീയവും ഭൗതികവുമായ ഇടപെടലുകള്‍ കൊണ്ട് തെയ്യം അകപ്പെട്ടുപോയ രണ്ട് വന്‍പ്രതിസന്ധികളാണിത്. ഈ പാതാളത്താഴ്ച്ചയില്‍ നിന്നും തെയ്യത്തിന് കരകേറാന്‍ ഇനിയാകില്ല. ബ്രാഹ്മണ പൗരോഹിത്യത്തെ പുറത്താക്കിയ തെയ്യക്കാവുകളെയൊക്കെ ബ്രാഹ്മണാധിപത്യത്തിന്‍ കീഴിലുള്ള ക്ഷേത്രങ്ങളാക്കി പുനപ്രതിഷ്ഠിക്കുന്നത് ആരുടെ താല്‍പര്യപ്രകാരമാണ്. കാവെന്നത് പ്രക്യതിയൊരുക്കിയ ഹൃദയവിശാലതയാണ്. പ്രകൃതിയെ ഉപാസിക്കുന്ന മനുഷ്യരാണ് വര്‍ഷത്തിലൊരിക്കലോ മുന്നോ നാലോ വര്‍ഷം കൂടുമ്പോഴോ ഒരു പാട് വര്‍ഷങ്ങള്‍ക്ക് ശേഷമോ കാവില്‍ ഒത്തുകൂടുന്നത്. പോയകാലത്തിന്റെ തിരുശേഷിപ്പുകളെ സാംസ്‌ക്കാരിക മുദ്രകളെ കാറ്റെടുക്കാതെ കടലെടുക്കാതെ കാത്ത് സംരക്ഷിക്കുന്ന ആര്‍ക്കര്‍ക്കൈവ്‌സ് ആണ് ഒരോ തെയ്യക്കാവും. നോഹയുടെ പെട്ടകം പോലെ നമ്മുടെ ഗോത്രജീവിത സാക്ഷ്യങ്ങളെ പല രൂപത്തിലുള്ള അനുഷ്ഠനരൂപകങ്ങളിലൂടെ കാലമിത്രയായിട്ടും നഷ്ടപ്പെട്ടു പോകാതെ ഇവിടെ കാത്തുവെക്കുന്നുണ്ട്. ജീവന്‍ ഉല്ലസിക്കുന്ന കാവകപ്പച്ചയില്‍ ദൈവമില്ല. ജാതിയില്ല. മതമില്ല, പൂണൂലില്ല, ചുറ്റുമതിലില്ല, അകവും പുറവുമില്ല. വിളക്കുപോലും വെക്കാറില്ല. ദിവസപൂജകളില്ല. പൂപ്പാലിക കയ്യിലേന്തി കസവുവേഷ്ടി ചിറ്റിയ കരിവളക്കവിതയില്ല. മനുഷ്യരില്ല. കാവെന്നാല്‍ ഭൂമിക്കു മുളില്‍ പടര്‍ന്ന, ഭൂമിയിലേക്ക് തുറന്ന തുറസ്സാണ്. കാവ് മനുഷ്യകേന്ദ്രീകൃതമല്ല. തെയ്യമില്ലാത്ത സമയങ്ങളില്‍ കാവിന്റെ അവകാശികള്‍ വേറെയാണ്. അതുകൊണ്ടാണ് തെയ്യം എകര്‍ന്ന മല പോലെയും പടര്‍ന്ന വള്ളി പോലെയും എന്ന ഉപമാലങ്കാരം സ്വയം എടുത്തണിയുന്നത്. വള്ളിയും മലയും ആഴിയും പോലെ സ്വാഭാവികമായ ആവാസവസ്യസ്ഥ തന്നെയായി തെയ്യം സ്വയം രൂപാന്തരപ്പെട്ട് മനുഷ്യജീവിതത്തിന്റെ ഭാഗമാകുന്നത്.

തെയ്യം കലയാണോ അനുഷ്ഠാനമാണോ?

തെയ്യത്തില്‍ കോടതിക്കെന്താണ് കാര്യം. തെയ്യം കലയാണോ അനുഷ്ഠാനമാണോ എന്ന് നമ്മുടെ പരമോന്നത നീതിന്യാപീഠത്തിന് തീര്‍പ്പാക്കാന്‍ പറ്റുന്നതാണോ. കലയുടെയും അനുഷ്ഠാനത്തിന്റേയും രാഷ്ട്രീയത്തെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സ്വാധീനിക്കുന്ന വര്‍ത്തമാനത്തില്‍ തെയ്യത്തിലെ കലയും അനുഷ്ഠാനവും രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. മത, മൂലധനശക്തികളും സവര്‍ണ്ണ അധികാരവ്യവസ്ഥയും കലയുടേയും സംസ്‌കാരത്തിന്റേയും മുകളില്‍ ആധിപത്യമുറപ്പിക്കുമ്പോള്‍ തെയ്യത്തിലെ കലയെ കുറിച്ചുള്ള സംസാരങ്ങള്‍ക്ക് മുമ്പില്ലാത്ത വിധം പ്രാധാന്യം ഇന്നുണ്ട്. തെയ്യം കലയാണോ തെയ്യക്കാരന്‍ കലാകാരനാണോ എന്ന ചിന്തയ്ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ. തെയ്യത്തിലെ മനുഷ്യനെ കുറിച്ച്, കലാകാരനെ കുറിച്ച് സാംസ്‌കാരികമേഖലയിലെ തമ്പുരാക്കന്മാര്‍ എന്നെങ്കിലും സംസാരിച്ചിട്ടുണ്ടോ? ഇതൊന്നും ഒരുപക്ഷേ മുഖ്യധാരാ സമൂഹത്തിന്റെ പരിഗണനയില്‍ തീരെ വരാത്ത കാര്യങ്ങളാണ്.

ആരാണ് കലാകാരന്‍. ഏതെങ്കിലും ഒരു പ്രത്യേക കലയില്‍ പ്രാവീണ്യമുള്ള ആ കല അവതരിപ്പിക്കുന്നതിനുള്ള പ്രതിഭയുള്ള വ്യക്തിയെയാണ് കലാകാരന്‍ എന്ന് വിളിക്കുന്നത്. അങ്ങനെയാണെങ്കില്‍ തെയ്യത്തില്‍ എന്ത് തരത്തിലുള്ള കലയാണുള്ളത്. പ്രത്യേകിച്ചൊരു കലാംശം
എടുത്തു പറയാനാകാത്തതിനാല്‍ തെയ്യക്കാരനെ കാലാകാരന്‍ എന്ന സാങ്കേതിക സംജ്ഞയ്ക്കുള്ളില്‍ എങ്ങനെ പരിമിതപ്പെടുത്തും. നടന്‍ അഭിനയത്തിലും പാട്ടുകാരന്‍ സംഗീതത്തിലും നര്‍ത്തകന്‍ നൃത്തത്തിലും പ്രാഗല്‍ഭ്യം തെളിയിക്കുമ്പോള്‍ തെയ്യം കാലാകാരന്‍ ഏത് കലയിലാണ് വൈദഗ്ധ്യം നേടീട്ടുള്ളത്. നൃത്തവും സംഗീതവും അഭിനയവും വാദ്യവും ചിത്രകലയും കൈവേലയും കൈത്തുന്നലും ശില്‍പകലയും ആയോധനകലയും വൈദ്യവും മന്ത്രവും തന്ത്രവും എന്നിങ്ങനെയുള്ള എത്രയോ കഴിവുകളുടെ ആകെത്തുകയാണ് തെയ്യം അനുഷ്ഠാനം. തെയ്യം അവതരിപ്പിക്കുന്നയാളെ തെയ്യക്കാരന്‍, കോലധാരി, കോലക്കാരന്‍, ജമ്മാരി, കനലാടി എന്നൊക്കെയാണ് വിളിക്കുന്നത്. തെയ്യക്കാരനെന്ന കലയുടെ ആകെയുള്ള കലര്‍പ്പ് തെയ്യംകലാകാരനാകുമ്പോള്‍ വല്ലാതെ ചുരങ്ങിപ്പോകുന്നുണ്ട്. ഇതര കലകളെപോലെ തെയ്യത്തില്‍ കാണലില്ല. ഏതെങ്കിലും പാട്ടോ നൃത്തമോ വാദ്യമോ അഭിനയമോ വേര്‍തിരിച്ച് ആസ്വദിക്കാവുന്ന ഇടമല്ല കളിയാട്ടമുറ്റം. ശ്രദ്ധയോടെ ഇരുന്ന് കണ്ടാസ്വദികക്കേണ്ടതായ യാതൊന്നും തെയ്യത്തിലില്ല. കാണുന്നതിന് പകരം കാഴ്ച്ചക്കാരന്‍ ഒരു വലിയ അനുഷ്ഠാനപ്രക്രിയയയുടെ ഭാഗമാകുകയാണ് ചെയ്യുന്നത്. തന്റെ മുന്നിലെത്തുന്ന കാണി അറിയാതെ തെയ്യം അയാളെ അനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്നു. ഒരാള്‍ക്കിഷ്ടമില്ലെങ്കില്‍കൂടി അയാള്‍ അനുഷ്ഠാനമായിത്തീരുന്നു. തുടങ്ങിക്കഴിഞ്ഞാല്‍ ഏത് സമയത്തും നിങ്ങള്‍ക്ക് തെയ്യം കാണാം. ഓരോ സമയത്തും മാറിമാറി വുന്ന വ്യത്യസ്തങ്ങളായ അനുഷ്ഠാനകര്‍മ്മങ്ങള്‍ തെയ്യത്തിന് നിര്‍വഹിക്കാനുണ്ട്. തുടങ്ങിക്കഴിഞ്ഞാല്‍ കഴിയുന്നതു വരെയുള്ള ഏത് സമയത്തും ഒരാളെ അതിന്റെ ഭാഗമാക്കിമാറ്റാനുള്ള ശക്തിവിശേഷം തെയ്യംപോലുള്ള അനുഷ്ഠാനങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഏത് സമയത്തും ഒരാള്‍ക്ക് തെയ്യത്തോടൊപ്പമാകാം.

തെയ്യത്തിന്റെ കലാപരതയെ കുറിച്ച് ഇങ്ങനെ ചിന്തിക്കാന്‍ കാരണം ഈയടുത്ത് തെയ്യാവതരണമുമായി ബന്ധപ്പെട്ട് ചില ആശങ്കകളും ആശയക്കുഴപ്പങ്ങളും വിവാദങ്ങളും പ്രചരിക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് തായക്കാവെന്ന കേരളത്തിലെ ഒരോയൊരുകണ്ടല്‍ക്കാവില്‍ കേന്ദ്ര, കേരള സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന തെയ്യം ക്രൂയിസ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈവിധത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നത്. തെയ്യത്തിന്റെ ചരിത്രത്തിലാദ്യമായി പുറംവേദിയിലെ രംഗാവതരണവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഓര്‍ഡറും നിലവില്‍ വന്നിരിക്കുകയാണ്. പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ടില്‍ തെയ്യാവതരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളുണ്ട്. വിനോദസഞ്ചാരികളുടെ ആവശ്യപ്രാകാരം തെയ്യം പൊതുവേദിയില്‍ അവതരിപ്പിക്കുമോ അങ്ങനെ അവതരിപ്പിക്കുന്ന തെയ്യത്തിന് വേണ്ടി പ്രത്യേകം പെര്‍ഫോര്‍മിങ് യാര്‍ഡ് തെക്കുമ്പാട് കണ്ടല്‍ക്കാവില്‍ പണിയുമോ എന്നൊക്കെയുള്ള ആശങ്കകകളാണ് നിലനില്‍ക്കുന്നത്. തെക്കുമ്പാട് തെയ്യക്കാവിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സമാനതകളില്ലാത്ത ജൈവവൈവിദ്ധ്യം തന്നെയാണ്. മറ്റൊന്ന് സ്ത്രീ കോലധാരിയായുള്ള ഒരേയൊരു തെയ്യക്കാവും ഇതു തന്നെയാണ്. കായലാല്‍ ചുറ്റപ്പെട്ട കണ്ടല്‍ക്കാടുകളുടെ വൈവിദ്ധ്യങ്ങള്‍ വേലിപ്പടര്‍പ്പുകളൊരുക്കീട്ടുള്ള അതീവപാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ് തെയ്യം ക്രൂയിസ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെയാണ് തെയ്യത്തിന് വേണ്ടി പ്രത്യേകതട്ടകമൊരുങ്ങുന്നുവെന്ന സൂചനകള്‍ ഉണ്ടായത്. ഇതര രംഗകലകള്‍ പോലെ ആസ്വദിക്കാവുന്ന ഒരു കലാപ്രകടനമല്ലാതിരിക്കെ തെയ്യത്തിനെന്തിനാണ് പെര്‍ഫോര്‍മിങ് യാര്‍ഡ്. കെട്ടിയുയര്‍ത്തിയ ഇരിപ്പിടത്തില്‍ സ്വസ്ഥമായിരുന്നുള്ള കാണല്‍ തെയ്യത്തിനില്ല. ഒരു കളിയാട്ടമുറ്റത്താടുന്ന തെയ്യത്തിന്റെ മുഴുവന്‍ അനുഷ്ഠാനങ്ങളും ഒരാള്‍ക്ക് ഒരിടത്ത് മാത്രമിരുന്ന് കാണാനാകില്ല. കളിയാട്ടപ്പറമ്പ് മുഴുവനുമാണ് തെയ്യത്തിന്റെ അനുഷ്ഠാനഭൂമിക. കാലിച്ചാന്‍, ഒറ്റക്കോലം. കതിവനൂര്‍ വീരന്‍ പോലുള്ള തെയ്യങ്ങള്‍ അനുഷ്ഠാന കേന്ദ്രം വിട്ട് രണ്ടോ മൂന്നോ കിലോമീറ്റര്‍ അപ്പുറത്തേക്കുവരെ യാത്ര ചെയ്യും. തെയ്യം അനുഷ്ഠാനത്തിന്റെ അവതരണപരിധിയുടെ വ്യാപ്തി മറ്റേത് കലാപ്രകടനത്തിനും ഉണ്ടാവില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തെയ്യത്തിന്റെ പെര്‍ഫോര്‍മിങ് യാര്‍ഡ് എന്നത് അതിന്റെ കാവകങ്ങളാണ്. കാവ് എന്നത് അകവും പുറവുമില്ലാത്ത തുറസ്സാണ്. വിശുദ്ധവൃക്ഷങ്ങളും കാട്ടുവള്ളിപ്പടര്‍പ്പുകളും നിറഞ്ഞ സ്വാഭാവികമായ ആവാസ വ്യവസ്ഥയിലാണ് തെയ്യം അധിവസിക്കുന്നത്. ഇങ്ങനെയുള്ള സാസ്‌കാരിക അന്തരീക്ഷത്തില്‍ പുലരുന്ന തെയ്യത്തിനെ എങ്ങനെയാണ് നിര്‍ജീവമായ കേവലം ഒരു തട്ടിന്റെ ദൂരപരിധിയിലേക്ക് കൊണ്ടു വരാനാവുക. തെയ്യത്തിന്റെ പ്രചാരണം, സംരക്ഷണം അതിന്റെ കലാപരമായ സ്വീകാര്യതയെ ഉയര്‍ത്തിക്കാട്ടല്‍ തുടങ്ങിയ ന്യായങ്ങളാണ് പൊതുവേദിയിലേക്ക് തെയ്യത്തെ ആനയിക്കുന്നവര്‍ക്ക് പറയാനുള്ളത്. വിനോദ സഞ്ചാരവകുപ്പിന്റെ പരിപാടികളിലും കേരളത്തിനകത്തും പുറത്തുമുള്ള സംസ്‌കാരികോത്സവങ്ങളിലും തെയ്യാവതരണം ഇഷ്ടപോലെ നടക്കുന്നുണ്ട്. അനുഷ്ഠാനപരിസരത്തിന് പുറത്തെ തെയ്യാവതരണം എന്നതിന് ദീര്‍ഘകാലത്തെ ചരിത്രമുണ്ട്. 1960 മുതല്‍ തന്നെ തെയ്യം കല എന്ന സ്വതന്ത്രസ്വത്വത്തോടെ അനുഷ്ഠാനപരിസരത്തിന് പുറത്ത് അവതരിപ്പിക്കപ്പെടുന്നുണ്ട്. എങ്കിലും 1982 ലെ ഏഷ്യാഡോടുകൂടിയാണ് പുറംലോകത്തെ തെയ്യാവതരണത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നത്. പ്രസിദ്ധനായ തെയ്യംകലാകാരന്‍ കൊടക്കാട് കണ്ണപെരുവണ്ണാനാനാണ് തെയ്യത്തിന് കേവലം അനുഷ്ഠാനം എന്നതിനപ്പുറം ഒരു സാംസ്‌കാരികമായ അസ്തിത്വം ഉണ്ടാക്കിക്കൊടുത്തിട്ടുള്ളത്. തുടര്‍ന്നിങ്ങോട്ട് തെയ്യത്തിന്റെ ആത്മാവായ അനുഷ്ഠാനങ്ങള്‍ ഒന്നുമറിയാതെ പകരം വെക്കാനില്ലാത്ത സൗന്ദര്യം മാത്രം ചൂഷണം ചെയ്തുകൊണ്ട് വിവിധ ഏജന്‍സികള്‍ ലാഭം കൊയ്യുന്നതിന് വേണ്ടി അന്താരാഷ്ട്രവിപണിയില്‍ നല്ല വില ലഭിക്കുന്ന ചരക്കാക്കി വില്‍പ്പന നടത്തുകയുമാണുണ്ടായിട്ടുള്ളത്.

പ്രതിക്കൂട്ടിലകപ്പെട്ട തെയ്യം

തെയ്യത്തെ സംരക്ഷിക്കുന്നതിന് പുറത്തു നിന്നുള്ള ഏജന്‍സികളുടെയൊന്നും ആവശ്യമില്ല. ഉത്തരകേരളത്തിലെ ജനമനസ്സില്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള വേരുറപ്പുള്ള സംസ്‌കാരമാണത്. ദൈവീകത്വം കല്‍പിക്കപ്പെട്ട് മതത്തിന് വിധേയമായ അനുഷ്ഠാനമാകുമ്പോഴും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളേയും ഉല്‍ക്കൊള്ളാനുള്ള അതിന്റെ പ്രാകൃതികമായ ഹൃദയവിശാലത തന്നെയാണ് ഉയര്‍ന്ന് നില്‍ക്കുന്നത്. മൂലധനവും പൗരോഹിത്യവും എത്ര കിണഞ്ഞ് ശ്രമിച്ചാലും ചോരപ്പരിഷായ തെയ്യത്തിന്റെ ഹരിതദര്‍ശനത്തെ അത്ര എളുപ്പത്തിലൊന്നും ഇല്ലായ്മ ചെയ്യാനാകില്ല. കാരണം മതവും അതുല്‍പാദിപ്പിക്കുന്ന ദൈവവുമല്ല തെയ്യത്തിന്റെ അടിസ്ഥാനനിര്‍മ്മാണഘടകം. പ്രകൃതിയുമായി സമരസപ്പെട്ട ജീവിതാവബോധത്തില്‍ നിന്നുമാണ് അതിന്റെ വിത്തുകള്‍ മുളപൊട്ടിയത്. മനുഷ്യന്‍ അകപ്പെട്ടുപോകുന്ന അറ്റമില്ലാത്ത സങ്കടങ്ങളാണ് ഒരാധീനവുമില്ലാത്ത നിസ്വജനതയ്ക്ക് വേണ്ടി തെയ്യമെന്ന മനുഷ്യനിലൂടെ ദൈവമായി ഉരുവപ്പെടുന്നത്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരാണ് അതിന്റെ ഉപജ്ഞാതാക്കള്‍. അവര്‍ക്ക് വേണ്ടിയാണ് തെയ്യം പാടുന്നത് ആടുന്നത്, കളിയാട്ടമുറ്റത്ത് മരിച്ചു വീഴുന്നത്. ഓരോ കീഴാളന്റേയും മുനയൊടിച്ച ശരികളുടെ പുനരുത്ഥാനമാണ് ഓരോ തെയ്യവും. തുലാമഴമുതല്‍ ഇടവപ്പാതിവരെയുള്ള ഋതുഭാദാനുസരിയായ പ്രകൃതിയാണ് അതിന്റെ അനുഷ്ഠാന ഭൂമികയെ നിര്‍ണ്ണയിക്കുന്നത്. നിക്ഷിപ്ത താല്‍പര്യങ്ങള്‍ നമിര്‍മ്മിച്ച അജയ്യരായ അവതാരദൈവങ്ങള്‍ക്ക് തെയ്യത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. തെയ്യം ജയിച്ചവരുടെ വിജയാഘോഷമല്ല. തോറ്റവരുടെ, പുറത്താക്കിയവരുടെ, അധികാര വര്‍ഗ്ഗം നിഷ്‌ക്കരുണം കൊലചെയ്തവരുടെ രക്തസാക്ഷിദിനാചരണങ്ങളാണ്. മരണഗര്‍ത്തത്തിലേക്ക് കഴുത്തറുത്തെറിഞ്ഞവരുടെ ജീവിതത്തിലേക്കുള്ള തിരിച്ചു നടത്തമാണ്. വിളികേള്‍ക്കാത്ത അകലത്തിലായവരെ കെട്ടിച്ചുറ്റിയ തെയ്യക്കാര ന്‍ അരിയെറിഞ്ഞ് സ്വശരീരത്തിലേക്ക് വരവിളിച്ചാനയിക്കലാണ്.

തെയ്യവും തെയ്യത്തിന്റെ അനുഷ്ഠാനഭൂമികയും ഒരു ശരീരത്തിലെ പരസ്പരപൂരകമായ രണ്ടവയവങ്ങളാണ്. പലവിധത്തിലുള്ള സാമൂഹിക സാംസ്‌ക്കാരിക സാഹചര്യങ്ങളോടെ നിലനില്‍ക്കുന്ന പരിസരവുമായി ബന്ധപ്പെടുത്തി മാത്രമേ തെയ്യത്തിന്റെ അനുഷ്ഠാനശരീരത്തെ കാണനാകൂ. ദേശമാണ് അനുഷ്ഠാനത്തെ നിര്‍മ്മിക്കുന്നത്. അനുഷ്ടഠാനങ്ങളുടെ കാണാവുന്ന പ്രകിടിത രൂപമാണ് തെയ്യം. അനുഷ്ഠാന പരിസരം മാറുന്നത് തെയ്യത്തിലെ വലിയ സാങ്കേതികത്വമാണ്. കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയെ കോടതി വ്യവഹാരത്തിലേക്കെത്തിച്ചതും തെയ്യത്തിലെ അനുഷ്ഠാനഭൂമിക തന്നെയാണ്. അതീവനിഗൂഢമായ പ്രക്രിയകളിലൂടെയാണ് വ്രതം നോല്‍ക്കുന്ന കോലക്കാരന്‍ തെയ്യമായി മാറുന്നത്. ഇങ്ങനെയുള്ള തെയ്യത്തെ ജനങ്ങള്‍ കണ്‍കണ്ട ദൈവമായി ആരാധിക്കുകയും ചെയ്യുന്നു. ദിവസങ്ങളോളം നീളുന്ന നിരവധി കര്‍മ്മങ്ങള്‍ പരിണമിച്ച് ഒടുവില്‍ ഒരുമനുഷ്യന്‍ തെയ്യമായി മാറുന്ന ഗൗരവമായ കാര്യങ്ങളെ വിനോദത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി മാത്രം ഉപയോഗിക്കുന്നു എന്നതാണ് പരാതിയുടെ അടിസ്ഥാനം. തെയ്യം മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നത്. കേന്ദ്ര, കേരള ടൂറിസം ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് അഡ്വക്കേറ്റ് എ. പി. കണ്ണന്‍ ഇത് ചൂണ്ടിക്കാണിച്ച് പരാതി നല്‍കീട്ടുണ്ട്. പദ്ധതി നടപ്പാക്കുന്ന വകുപ്പുകളുടെ മറുപടി ലഭിക്കുന്നതുവരെയാണ് പൊതുവേദിയിലുള്ള തെയ്യാവതരണത്തെ കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുള്ളത്. ഉത്തരകേരള അനുഷ്ഠാന അവകാശ സംരക്ഷണ സമിതിക്കുവേണ്ടി അഡ്വക്കേറ്റ് എ. പി. കണ്ണനാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കേസ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.

തെയ്യം ഉത്തരമലബാറുകാരുടെ അങ്ങേയറ്റത്തെ വൈകാരികമണ്ഡലങ്ങളിലാണ് വിഹരിക്കുന്നത്. മതം, വിശ്വാസം, അനുഷ്ഠാനം, പ്രാദേശികത അങ്ങനെ പല നിലയിലാണ് അത് ജനങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നത്. അനുഷ്ഠാനത്തെ കുറിച്ച് സൂക്ഷ്മമായി മനസ്സിലാക്കാത്തവര്‍ കരുതിയിരിക്കുന്നത് കാവമുറ്റത്താടുന്ന തെയ്യം മാത്രമാണ് അനുഷ്ഠാനത്തിന്റെ മുഖ്യാകര്‍ഷണം എന്നാണ്. തെയ്യത്തോടൊപ്പമോ അതിനെക്കാളേറെയോ പ്രാധാന്യമുള്ള നിരവധി ആചാരക്കാര്‍ അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഒരു ദേശത്തിലെ എല്ലാ ജാതി, മത വിഭാഗങ്ങള്‍ക്കും തെയ്യത്തില്‍ കൃത്യമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനുണ്ട്. സ്റ്റേജിലേക്ക് തെയ്യത്തെ മാത്രം കൊണ്ടുപോകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പൊതുവേദിയിലെ തെയ്യം എന്നത് ഇന്ന് യൊതൊരു ചിട്ടവട്ടവുമില്ലാതെയാണ് അവതരിപ്പിച്ചുവരുന്നത്. തെയ്യത്തിന്റെ തനത് സൗന്ദര്യമില്ലാതെ, ആവിഷ്‌ക്കാരത്തിന്റെ തീക്ഷ്ണതയൊട്ടുമില്ലാതെയാണ് സംഘാടകരും തെയ്യക്കാരും തെയ്യത്തെ പൊതുവേദിയിലെത്തിക്കുന്നത്. പലവിധം കോപ്രായങ്ങള്‍ കാണിച്ച് കാഴ്ച്ചക്കാരെ പറ്റിച്ച് കയ്യടി നേടുകയാണ് പൊതുസ്ഥലത്തെ തെയ്യം ചെയ്യുന്നത്. ദീര്‍ഘമായ അനുഷ്ഠാങ്ങളുടെ ചിട്ടവട്ടങ്ങള്‍ പാലിച്ച് പിന്നീട് സ്റ്റേജ് കയ്യടക്കിയ ശാസ്ത്രീയകലകളായ കൂടിയാട്ടം കൂത്ത് കഥകളി പോലുള്ള രംഗ കലകള്‍ ക്ഷേത്രം വിട്ട് പൊതുവേദിയിലേക്ക് വന്നപ്പോള്‍ കൂടുതല്‍ ജനകീയമാവുകയും ആഗോള പ്രസിദ്ധി നേടുകയും ചെയ്തു. ക്ഷേത്രങ്ങളുടെ പാരമ്പര്യ അരങ്ങുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ കലാപരമായും സൗന്ദര്യപരമായും ഉയര്‍ന്ന നില കൈവരിക്കുകയും ചെയ്തു എന്നത് അതിന്റെ ചരിത്രപരമായ വിജയമാണ്. പക്ഷേ എന്തുകൊണ്ടോ തെയ്യത്തില്‍ ഇത് നേരെ വിപരീത ഫലമാണ് ഉണ്ടാക്കീട്ടുള്ളത്. ശാസ്ത്രീയകലകള്‍ക്ക് തെയ്യം പോലെ ജനങ്ങളെ അത്രയും ആഴത്തില്‍ വൈകരാരികമായി സ്വാധീനിക്കാനും അവരുടെ ദൈനംജിന ജീവിതവൃത്തിയുട ഭാഗമാകാനും സാധിക്കാതെ പോയതുകൊണ്ടായിരിക്കണം ഒരു കലാസൃഷ്ടി എന്ന നിലയില്‍ കാലികമായ മാറ്റങ്ങളോടെ കൂടുതല്‍ ഉന്നതിയിലേക്കും പ്രശസ്തിയിലേക്കും മുന്നേറാനായത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പൊതുവേദിയിലെ തെയ്യാവതരണമുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ കൊടക്കാട് കണ്ണപെരുവണ്ണാന്‍ ചിലമ്പിട്ട ഓര്‍മ്മകള്‍ എന്ന ആത്മകഥയില്‍ വിവരിക്കുന്നുണ്ട്. അനുഷ്ഠാന പരിസരത്തിന് പുറത്തെ തെയ്യത്തിന്റെ സൗന്ദരര്യപരമായ, സാംസ്‌കാരികമായ സ്വത്വം എന്ത് എന്ന് തെയ്യം കെട്ടുന്നവരോ അതിനെ ആഗോള വിപണിയിലെത്തിക്കുന്നവരോ ഇന്നുവരെ ചിന്തിച്ചിട്ടില്ല. സങ്കീര്‍ണ്ണമായ അനുഷ്ഠാനങ്ങളുടെ വിരാട്‌രൂപത്തില്‍ നിന്നും മുപ്പതോ നാല്‍പതോ മിനിട്ട്‌ നീളുന്ന ഒരു പേര്‍ഫോമന്‍സിലേക്കുള്ള തെയ്യത്തെ എങ്ങനെ സംവിധാനം ചെയ്തവതരിപ്പിക്കണമെന്ന് ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുവരെ ചിന്തിച്ചിട്ടില്ല. അതുകൊണ്ടാണ് ഓരോ തെയ്യക്കാരനും തോന്നിയപോലുള്ള കോപ്രായങ്ങള്‍ സ്‌റേറജില്‍ കാണിക്കുന്നത്. തെയ്യം അനുഷ്ഠാനത്തിലെ ആചാര്യന്മാരും ഗവേഷകരും പഠിതാക്കളും ഒരുമിച്ചിരുന്ന് പൊതുവേദിയിലെ തെയ്യം എങ്ങനെ സാദ്ധ്യമാക്കാം എന്ന് സര്‍ഗാത്മകമായി ആലോചിച്ച് അതിന് പുതിയ ആട്ടുപ്രകാരം ഉണ്ടാക്കണം. അല്ലാത്തിടത്തോളം കാലം ഈ രംഗാവാതരണങ്ങള്‍ വലിയതോതില്‍ ചോദ്യം ചെയ്യപ്പെടും.

പൊട്ടന്‍തെയ്യം, കതിവനൂര്‍വീരന്‍തെയ്യം, മുത്തപ്പന്‍തെയ്യം,മാക്കവുംമക്കളും പോലുള്ള ചില തെയ്യങ്ങള്‍ എവിടേയും അവതരിപ്പിക്കാവുന്ന അനുഷ്ഠാനഘടനയുള്ളതാണ്. അത്തരം തെയ്യങ്ങളുടെ അവതരണ സാദ്ധ്യതകള്‍ ഈ മേഖലയിലെ തലമുതിര്‍ന്നവര്‍ ആലോചിക്കണം. അതല്ലാതെ ഇന്നുതുടരുന്ന സമ്പ്രദായങ്ങള്‍ ഒരു വിധത്തിലും സര്‍ഗാത്മകമല്ല. കേവലം പണം സമ്പാദിക്കുക എന്നതിനപ്പുറം യാതൊരു ധര്‍മ്മവും സ്റ്റേജ് തെയ്യം നിര്‍വഹിക്കുന്നില്ല. ആവിഷ്‌ക്കാരങ്ങളേയും അവതരണങ്ങളേയും അന്ധമായ മതബോധം അത്രമേല്‍ തീവ്രമായി ഗ്രസിച്ചിരിക്കുന്ന വര്‍ത്തമാനത്തിലാണ് ഇങ്ങനെയൊരു ഒരു ചിന്ത മുന്നോട്ട് വെക്കുന്നത്. അനുഷ്ഠനമേഖല അത്രയധികം അസഹിഷ്ണുതയുടെ പിടിയിലാണ്. നാടകത്തിലോ നൃത്തത്തിലോ വീഡിയോ ആല്‍ബങ്ങളിലോ തെയ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചിഹ്നങ്ങളുപയോഗിക്കുമ്പോള്‍ തീവ്രമായ അതിവൈകാരിക ചിന്ത ആളിക്കത്തുകയാണ് ചെയ്യുന്നത്. തെയ്യത്തിലെ കലാംശത്തെ ഇതരമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന കലാകാരന്മാരെ ശാരീരീരികമായും സൈബര്‍ ഇടങ്ങളിലും ആക്രമിക്കാനുള്ള ആഹ്വാനങ്ങളാണ് മുഴങ്ങിക്കേള്‍ക്കുന്നത്. ഇത്തരം എത്രയോ സംഭവങ്ങള്‍ അടുത്ത കാലത്തായി ഉത്തരമലബാറില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.

മതവും മൂലധനശക്തികളും അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും മുകളില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് പൊതുവേദിയിലെ തെയ്യാവതരണത്തെ താല്‍ക്കാലികമായി ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. തെയ്യക്കാരുടേയും പൊതുജനങ്ങളടേയും വിശ്വാസത്തെ ഹനിക്കുന്നതും വ്രതശുദ്ധനായി അനുഷ്ഠാനങ്ങളുടെ കഠിനമായ ഉപാസനകളിലൂടെ സാക്ഷാത്ക്കരിക്കുന്ന തെയ്യത്തെ വികലമായി പൊതുവേദിയില്‍ അവതരിപ്പിക്കുന്നു എന്ന കാതലായ വസ്തുതകളുമാണ് പരാതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്. പക്ഷേ അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാവന്തരീക്ഷം കാവുമുറ്റങ്ങളെ ഓഡിറ്റേറിയങ്ങളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. കാവിലെ അനുഷ്ഠാനത്തിന്റെ മറവില്‍ കാവധികാരികള്‍ നടപ്പാക്കുന്ന അനുഷ്ഠാന വിരുദ്ധ പ്രക്രിയകള്‍ പക്ഷേ എവിടേയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. പുനപ്രതിഷ്ഠ ബ്രഹ്മകലശം, കാവ്മുറ്റം നവീകരിക്കല്‍, പള്ളിയറ ചെമ്പടിക്കല്‍, കാവിന് മുകളില്‍ മേല്‍ക്കൂര പണിയല്‍, കല്യാണമണ്ഡപങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ കാവിന്റെ പാരിസ്ഥിതികമായ നിലനില്‍പ്പിനെ അത്യധികം അപകടകരമായാണ് ബാധിക്കുന്നത്. പക്ഷേ ഇതും അനുഷ്ഠാന വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് ആരും കണക്കാക്കുന്നില്ല. അത്യപൂര്‍വ്വങ്ങളായ വന്‍മരങ്ങളൊക്കെ മുറിച്ചുമാറ്റി കാവുമുറ്റം വിലകൂടിയ ടൈല് പതിച്ച് മോടികൂട്ടി മേല്‍ക്കൂര ലോഹത്തകിടുകൊണ്ട് മേഞ്ഞ് ഏതാണ്ടെല്ലാ കാവുകളും ഓഡിറ്റോറിയങ്ങളായി മാറിക്കഴിഞ്ഞു. പള്ളിയറയും അണിയറയും നിര്‍മ്മിച്ച കൈകൊണ്ട് മെടഞ്ഞ ഓല ഏറെക്കുറെ കാവില്‍ നിന്നും അപ്രത്യക്ഷമാകാന്‍ തുടങ്ങിയിരിക്കുന്നു. സ്വര്‍ണ്ണപ്രശ്‌നചിന്തയിലൂടേയും താന്ത്രികര്‍മ്മങ്ങളിലൂടേയും അനുഷ്ഠാനങ്ങളുടെ ആധിപത്യം കീഴാള ജനതയില്‍ നിന്നും ബ്രാഹ്മമണ്യം കൈക്കലാക്കി. അല്ലെങ്കില്‍ ഓരോ കീഴാളനും ബ്രാഹ്മണനാകാനുള്ള അതിമോഹം കൊണ്ട് സ്വന്തം അധികാരവും തനത്‌സംസ്‌കാരവും സവര്‍ണ്ണ പൗരോഹിത്യത്തിന് അടിയറ വെച്ചുകഴിഞ്ഞു.

കാവില്‍ അനുഷ്ഠാനം മാത്രമേയുള്ളു. വ്യക്തിയുടെ ജാതിയോ മതമോ പ്രസക്തമല്ല. അനുഷ്ഠാനം ഇല്ലാതാകുമ്പോള്‍ വ്യക്തി ജാതിയോ മതമോ മാത്രമായി പരിണമിക്കും. തൊഴിലാണ് കാവിലെ അനുഷ്ഠാനത്തിന്റെ ആധാരം. ഒരാള്‍ തീയ്യനായതുകൊണ്ടല്ല കാവിലെ ആചാരക്കാരനാകുന്നത്. അയാളുടെ തൊഴിലാണ് തീയ്യനെ കാവിലെത്തിക്കുന്നത്. അല്ലാതെ ജാതിയല്ല. തീയ്യന് കാവിലെ കലയക്കാരന്‍ എന്ന സുപ്രധാനമായ ആചാരസ്ഥാനമുണ്ട്. തെയ്യത്തിനുവേണ്ടുന്ന തിരിയോലയും കലശം വെക്കുന്നതിനുള്ള കള്ളും കാവിലെത്തിക്കേണ്ടത് തീയ്യനാണ്. തീയ്യന്റെ ജീവനോപാധിയായ തെങ്ങിന്റെ ഉല്‍പ്പന്നങ്ങളാണ് അയാള്‍ അനുഷ്ഠാന ആവശ്യങ്ങള്‍ക്കായി കാവിലെത്തിക്കേണ്ട്. ആശാരി, കൊല്ലന്‍, മണിയാണി, പുലയന്‍ കുശവന്‍ വാണിയന്‍ തുടങ്ങിയ ജാതിസമൂഹങ്ങള്‍ക്കൊക്കെ കാവില്‍ ആചാരപദവി നേടിക്കൊടുത്തത് അവരവരുടെ തൊഴിലാണ്. ഒരു സമൂഹത്തിന്റെ സാമ്പത്തികമായും സാംസ്‌ക്കാരികമായയുമഉള്ള അഭിവൃദ്ധിക്ക് ശക്തമായ തൊഴില്‍ സംവിധാനം നിലനില്‍ക്കണമെന്ന് മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയത് തെയ്യമാണ്. തൊഴിലിന്റെ അഭിവൃദ്ധിയാണ് സമൂഹപുരോഗതിയുടെ ആണിക്കല്ലെന്ന് തെയ്യം ഉദ്‌ഘോഷിക്കുന്നു.

ഇന്ന് തൊഴില്‍ കുലങ്ങളില്ല. കുലവൃത്തിയായ തൊഴില്‍ ഇന്ന് കീഴ്‌മേല്‍ മറിഞ്ഞു. തെങ്ങുകയറ്റം അറിയാത്ത തീയ്യനാണ് ഇന്ന് കലയക്കാരന്‍. ചക്കെന്തെന്നറിയാത്ത വാണിയനാണ് കാവില്‍ വരുന്നത്. കൊല്ലനും ആശാരിക്കും മണിയാണിക്കും അവരുടെ പാരമ്പര്യത്തൊഴിലുകള്‍ നഷ്ടമായിരിക്കുന്നു. ഏത് തൊഴിലും ഏത് ജാതിക്കും എടുക്കാവുന്ന അവസ്ഥാണിന്നുള്ളത്. പാരമ്പര്യമായ കുലവൃത്തി തകിടം മറിഞ്ഞ പുതിയ കാലത്താണ് കുലം മുറുകെ പിടിച്ച് തെയ്യക്കാരന്‍ തെയ്യത്തിന് വേണ്ടി സ്വയം ബലിയാകുന്നത്. കുലത്തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്ന തെയ്യക്കാരന് മുകളില്‍ കുലത്തൊഴില്‍ കാറ്റില്‍ പറത്തിയ മറ്റ് ജാതിക്കാര്‍ക്കെന്തധികാരമാണ് ഇന്നുള്ളത്. മാറുന്ന കാലത്തിനനുസരിച്ച് പ്രകൃതിക്കനുസരിച്ച് തെയ്യത്തെ കാണാനും മനസ്സിലാക്കാനുമുള്ള സാക്ഷരത കാവധികാരികള്‍ സ്വായത്തമാക്കണം. ഭക്തിയും മതവും ജാതിയും തലക്ക് പിടിച്ച് കാവിനെ ക്ഷേത്രമാക്കി മാറ്റുന്നവര്‍ക്ക് തെയ്യത്തെ അറിയാനുള്ള നവഭാഷാജ്ഞാനം ഇല്ലാതെ പോയതാണ് തെയ്യം നേരിടുന്ന ഏറ്റവും കടുത്ത പ്രതിസന്ധി. അതിന്റെ അനന്തരഫലമായാണ് മതം തലക്ക് പിടിച്ച ഭക്തിഭ്രാന്തന്മാരും ലാഭക്കണ്ണുവെച്ച പുരോഗമനവാദികളും തെയ്യത്തെ ഒരുപോലെ പ്രതിക്കൂട്ടിലാക്കുന്നത്.

സമൂലം അനുഷ്ഠാനമായ തെയ്യത്തിന്റെ പൊതുവേദിയിലെ പെര്‍ഫോമന്‍സ് നിയമം മൂലം കോടതി തടയുമ്പോള്‍ അതിന്റെ സാമൂഹികമായ പദവിയെ നിയമനടപടികള്‍ എങ്ങനെ ബാധിക്കും എന്നത് ആശങ്കയുളവാക്കുന്നതാണ്. തീര്‍ത്ഥാടന ടൂറിസത്തിന്റേയും ഇക്കോ ടൂറിസത്തിന്റേയും മറവില്‍ തെയ്യത്തെ വില്‍ക്കാനൊരുങ്ങുന്ന കുത്തകകളുടെ നെഞ്ചത്തേറ്റ കനത്ത പ്രഹരമാണിതെന്നതില്‍ സംശയമില്ല. അതേ സമയം അതിവൈകാരികമായ പ്രര്‍ത്തനങ്ങളിലൂടെ ഏറ്റവും സ്വതന്ത്രവും ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗാതീതമായി നിലനില്‍ക്കുന്ന അതിശക്തമായ സംസ്‌കാരത്തെ വിധിയുടെ മറവില്‍ കൂടുതല്‍ക്കൂടുതല്‍ മതാത്മകമാക്കുന്നതിന്ന് ഇത് വഴിവെക്കുമോ എന്നും ചിന്തിക്കേണ്ടകതുണ്ട്. തെയ്യത്തിന്റേതായ എല്ലാ തുറസ്സുകളേയും വിപരീതമായി ബാധിക്കുന്ന വിധിന്യായം കോടതിക്ക് പുറപ്പെടുവിക്കാനാകില്ലല്ലോ. ഭരണകൂടത്തിനും കലയ്ക്കും നിലക്ക് നിര്‍ത്താന്‍ കഴിയാത്ത തെയ്യത്തെ നിയമം കൊണ്ടും പ്രതിരോധിക്കാനാകില്ല.

ഈ ഭൂമി ആരുടേതാണ്…

കോടതി നടപടികളിലേക്ക് വലിച്ചിഴക്കുമ്പോഴും തെയ്യം ചോദിക്കുന്ന ചോദ്യമുണ്ട് ഈ ഭൂമി ആരുടേതാണ്. തെക്കുമ്പാട് തായക്കാവെന്ന ജൈവവൈവിദ്ധ്യം നിറഞ്ഞ ഭൂമിതേടിയാണ് ദേവക്കൂത്താടുന്നതിനായി തെയ്യം വരുന്നത്. കുളക്കോഴികളും നീര്‍ക്കാക്കകളും കൊക്കുകളും ചൂരലാമകളും ചെമ്മീനുകളും ഉപ്പണ്ടിക്കണ്ടലുകളും മനുഷ്യരും ഒരു പുഷ്പത്തിലെ ദളങ്ങള്‍ പോലെ, ഒരുമാലയിലെ മുത്തുകള്‍ പോലെ, ഒരാലയിലെ പൈക്കളെപോലെ പ്രകൃതിയുടെ പാരസ്പര്യത്തിന്റെ കണ്ണികളായി ഇവിടെ വര്‍ത്തിക്കുന്നു. പണം ഇരട്ടിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികള്‍ വരുന്നതിവിടെയാണ്. തെയ്യത്തിനായി അണിയച്ചൊരുക്കിയ മണ്‍ഡപങ്ങളും ടൈല് പാകിയ വിശാലമായ കളിയാട്ടമുറ്റവും സഞ്ചാരികള്‍ക്കായി സൈക്കിള്‍ പാത്തും പാര്‍ക്കിങ് യാര്‍ഡും ടോയിലറ്റ് ബ്‌ളോക്കും പരിഗണനയിലുണ്ട്. സഞ്ചാരികളുടെ ആവശ്യാനുസരണം തെയ്യാവതരണവും ഉണ്ടാകുമെന്ന് പറയുന്നു. ദേവക്കൂത്തെന്നത് അതിമനോഹരമായ പരികല്‍പനയാണ്. ആശയറ്റ കീഴാള ജനത മണ്ണിലെഴുതിയ സ്വപ്നങ്ങളാണ് അവന്റെ തെയ്യങ്ങള്‍. അങ്ങനെ മനുഷ്യന്‍ മണ്ണിലാവിഷ്‌ക്കരിച്ച സ്വപ്നമാണ് ദേവക്കൂത്തെന്ന സ്ത്രീ കെട്ടിയാടുന്ന ഒരേയൊരു തെയ്യം. പക്ഷേ അനന്തകോടി ജൈവസമൃദ്ധിയുടെ ശവപ്പറമ്പാണ് പരിഷ്‌ക്കിച്ച തീര്‍ത്ഥം തളിച്ച് ശുദ്ധപ്പെടുത്തി നവീകകരിച്ച കളിയാട്ടമുറ്റമെന്ന പാരിസ്ഥിതികവിവേകം എത്ര പേര്‍ക്കുണ്ട്.

ദേവക്കൂത്തെന്നാല്‍ അത്രയും വിശേഷപ്പെട്ട തെയ്യമാണ്. പെണ്ണ് തെയ്യമായി അരങ്ങിലെത്തുന്ന ഭൂമിയിലെ ഒരോടൊരിടം. കേരളത്തിലെ ഒരോയൊരു കണ്ടല്‍ക്കാവ്. ദേവനാരിയുടെ മണ്ണുതേടിയുള്ള, പൂക്കളള്‍ തേടിയുള്ള വരവ് എത്ര മനോഹരമായാണ് തെയ്യത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ആകാശ നീലിമയെ മുറിച്ചുകൊണ്ട് പുഷ്പകവിമാനം പറന്നു. ദേവനാരിയും തോഴിമാരും അതിരറ്റ് സന്തോഷിച്ചു. ദേവകന്യാവ് മണ്ണിലേക്ക് നോക്കി. വിമാനത്തിലിരുന്ന് വിളഞ്ഞുപൊലിഞ്ഞ തെക്കുമ്പാട് ദ്വീപ് നിറയെപ്പൊലിയെ കണ്ടു. പാരിജാതത്തിന്റെ സ്വര്‍ഗ്ഗസുഗന്ധങ്ങള്‍ക്ക് മുകളില്‍ പടരുന്ന പ്രാന്തന്‍ കണ്ടല്‍ക്കാടുകള്‍ കണ്ടു. ദിവ്യസുഗന്ധങ്ങളെ മായ്ച്ചു കളയുന്ന പൂക്കൈതത്താരൊളി കണ്ടു. ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കുന്ന ഭൂമിയുടെ വൃക്കയായ ഉപ്പട്ടി ക്കണ്ടലിന്റെ ഇന്ദ്രജാലം. കണ്ണാം പൊട്ടിപ്പടര്‍പ്പുകളിലിരലതേടുന്ന ജലപതംഗങ്ങള്‍. വിശാലമായ ജലരാശിയില്‍ അന്നത്തെ അന്നം തേടിയിറങ്ങിയ നിസ്വരായ മനുഷ്യരെ കണ്ടു. നാകലോകം തലകുനിക്കുന്ന ഈ ഇടവിലോക ചാരുതയുടെ പേരെന്ത്? ദേവലോകസുന്ദരി നേര്‍ചങ്ങാതിയോട് ചോദിച്ചു.

പുക്കളിറുക്കുന്നതിനായി പൂങ്കന്യ തായെക്കാവിലിറങ്ങി. പൂക്കള്‍, പൂക്കളാണ് എന്നും ജീവിതത്തെ വഴി തിരിച്ചു വിട്ടത്. ചെക്കി, തൃത്ത, ചെമ്പകം, അശോകം , തുളസി, പിച്ചകം, സൗഗന്ധികം, സൂര്യമലര്‍, പനിനീര്‍, നന്ത്യാര്‍വട്ടം, മന്ദാരം, ആമ്പല്‍ , പാരിജാതം, അംബുജം. സുമവനത്തിലകപ്പെട്ട പെണ്ണിന്റെ കിനാവ് പൊട്ടി. പൂക്കളില്‍ നിന്നും പൂക്കളിലേക്ക് ശലഭങ്ങള്‍ക്കൊപ്പം അവള്‍ പറന്നു. പൂവ് തേടിയ പെണ്‍കിനാവിന് തെക്കുമ്പാട് ദ്വീപില്‍ വഴി പിഴച്ചു.. കൈനിറയെ മടിനിറയെ കനവ് നിറയെ പൂക്കളുമായി കണ്ടല്‍ വനത്തില്‍ കന്യ ഒറ്റപ്പെട്ടു. ചുള്ളിപ്പൂനുള്ളുന്നതിനിടയില്‍ ചുള്ളിമുള്ളില്‍ക്കുരുങ്ങി ഇണച്ചേല നഷ്ടപ്പെട്ടു. പുറത്ത് കാണുന്നപാതിപ്പെണ്ണുടല്‍.

ദേവലോക വാനില്‍ പുഷ്പകവിമാനത്തില്‍ സഞ്ചരിക്കവെ തെക്കുമ്പാടിന്റെ മണ്ണഴക് കണ്ട് തെയ്യ മിറങ്ങിയ പച്ചയുടെ വിസ്താരം. ഭൂമിയില്‍ ശേഷിക്കുന്ന തെയ്യങ്ങളുടെ, ശതകോടി സൂക്ഷ്മസ്ഥൂല ജീവജാലങ്ങളുടെ അവസാനത്തെ ആവാസവ്യവസ്ഥയും വേട്ടയാടപ്പെടുകയാണ്. അധികാരം എന്നും സ്വന്തം ഇന്ദ്രപ്രസ്ഥങ്ങളൊക്കെയൊരുക്കീട്ടുള്ളത് മറ്റുള്ള ജീവജാതികളുടെ ആവാസവനങ്ങള്‍ക്ക് തീയിട്ടുകൊണ്ടാണ്. ദണ്ഡകാരണ്യവും ഖാണ്ഡവവനങ്ങളും നമ്മുടെ കണ്‍മുന്നില്‍ എരിഞ്ഞാടുങ്ങുകയാണ്. പുതിയ പുതിയ കോട്ടകൊത്തളങ്ങള്‍, രാജവീഥികള്‍, ഉദ്യാനങ്ങള്‍, നാട്യമന്ദിരങ്ങള്‍, കുട്ടിക്കളിപ്പന്തലുകള്‍, മധുശാലകള്‍, മദിരാലയങ്ങള്‍ പടുത്തുയര്‍ത്തിയത് എത്രയോ തിരസ്‌കൃത ജീവിതങ്ങള്‍ക്ക് മുകളിലാണ്. കോവിഡ് രോഗത്തിന്റെ ദുരന്ത പശ്ചാത്തലത്തില്‍ അനിശ്ചിതകാലത്തേക്ക് തൊഴില്‍ നഷ്ടപ്പെട്ട തെയ്യക്കാരന്‍ തൂങ്ങിച്ചാകാനുള്ള കയര്‍ വാങ്ങാന്‍ പോലും ശേഷിയില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കോടികളുടെ വികസന പ്രവര്‍ത്തനങ്ങളുമായി തെയ്യത്തെ സംരക്ഷിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നത്.

പൂക്കള്‍, ഉപ്പട്ടിക്കണ്ടല്‍, പ്രാന്തന്‍ കണ്ടല്‍, കണ്ണാംപൊട്ടി, പൂക്കൈത, ഉപ്പുവെള്ളം, ചെമ്മീനുകള്‍, വെള്ളാമകള്‍, നീര്‍ക്കിളികള്‍, അരിക് ജീവിതങ്ങള്‍, പുലപ്പൊട്ടന്‍, ദേവക്കൂത്ത്, ഇണച്ചേല തായെക്കാവിലെ മണ്ണ് മൊഴിയുന്ന ഓരോ വാക്കിലും ജീവിതമുണ്ട്. കേള്‍വിയില്‍ സ്‌നേഹമുണ്ട്. ഈഭൂമി ആരുടേതാണ്. മഡ്‌യാര്‍ഡ്, മൂസിയം, ബോട്ട് ടര്‍മിനല്‍, പെര്‍ഫോമിങ്ങ് യാര്‍ഡ്, റിവര്‍ ഫുട്ട് പാത്ത്, ഓപ്പണ്‍ എയര്‍ തിയറ്റര്‍, ആര്‍ട്ടിസാന്‍സ് ആല, ഓര്‍ഗാനിക്ക്കിയോസ്‌ക്ക്. ഈവാക്കുകള്‍ ആര്‍ക്ക് വേണ്ടിയാണ്. കാവായകാവുകളൊക്കെ പൂണൂലിട്ട് ചാതുര്‍വര്‍ണ്യപരീക്ഷയെഴുതി ക്ഷേത്രങ്ങളാകാന്‍ മത്സരിക്കുമ്പോള്‍ തെയ്യം അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് വേണ്ടി ശ്വാസം മുട്ടുകയാണ്. വിശുദ്ധ വൃക്ഷങ്ങളെ കാട്ടുവള്ളിപ്പടര്‍പ്പുകളെ , ചാണകമെഴുകിയ മുറ്റങ്ങളെ, മതില്‍ക്കെട്ടുകളില്ലാത്ത കാറ്റും വെളിച്ചവുമൊഴുകുന്ന കാവകത്തുറസ്സുകളെ സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍, തിരിച്ചുകൊണ്ടുവരാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ .ചത്തുപോകുന്നതിന് മുന്‍പ് തെയ്യക്കാരുടെ സമാനതകളില്ലാത്ത നാട്ടറിവുകള്‍, കെന്ത്രോന്‍ പാട്ടുകള്‍, കുറുന്തിനിപ്പട്ടുകള്‍, മാക്കഠതോറ്റം, ബാലിത്തോറ്റം, പുലിമറഞ്ഞ തൊണ്ടച്ചന്‍തോറ്റം തുടങ്ങിയ പകരംവെക്കാനില്ലാത്ത വിജ്ഞാനശേഖരത്തെ രേഖപ്പെടുത്തി സംരക്ഷിച്ചു വെക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോ. അറിവിന്റെ മഹാഖനികളായ, പുലയര്‍, മാവിലര്‍, നല്‍ക്കത്തായ, മലവേട്ടുവര്‍. എവിടെയും രേഖപ്പെടുത്തി വെക്കാത്ത പാര്‍ശ്വവല്‍കൃതജീവിതങ്ങള്‍. പ്രതിക്കൂട്ടില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും തെയ്യത്തിന്റെ കാതില്‍ ഈ ഭൂമിയെ കുറിച്ചുള്ള പാട്ട് മുഴങ്ങുന്നുണ്ട്.

ചെക്കി മലരല്ലോ തോട്ടത്തിലെല്ലാം
ചെക്കി മലരോ കൊയ്യാമോ തോഴീ
തൃത്ത മലരല്ലോ തോട്ടത്തിലെല്ലാം
തൃത്തമലരോ കൊയ്യാമോ തോഴീ
ചെമ്പകമലരല്ലോ തോട്ടത്തിലെല്ലാം
ചെമ്പകമലരോ കൊയ്യാമോ തോഴീ…..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “പ്രതിക്കൂട്ടിലകപ്പെടുന്ന തെയ്യം

 1. Avatar for വി കെ അനില്‍ കുമാര്‍

  വൈക്കത്ത് അനിൽ കുമാർ

  വായിച്ചു കഴിയുമ്പോൾ ഒരു തെയ്യം കണ്ട പ്രതീതി ! ലേഖകനും മാധ്യമത്തിനും
  ഗുണം വരുത്തട്ടെ !

 2. Avatar for വി കെ അനില്‍ കുമാര്‍

  സുർജിത്ത് naalukettil

  അല്ലെങ്കില്‍ ഓരോ കീഴാളനും ബ്രാഹ്മണനാകാനുള്ള അതിമോഹം കൊണ്ട് സ്വന്തം അധികാരവും തനത്‌സംസ്‌കാരവും സവര്‍ണ്ണ പൗരോഹിത്യത്തിന് അടിയറ വെച്ചുകഴിഞ്ഞു.

  ഈ വാക്കുകളിലെ ബ്രാഹ്മണൻ ആകാനുള്ള അതിമോഹം എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമായില്ല. ബ്രാഹ്മണൻ ആകുന്നത് അതിമോഹമാകുന്നത് എങ്ങനെ? അതിനു മാത്രം മേന്മ എന്താണ് ബ്രാഹ്മണ്യത്തിന് ഉള്ളത്.?

Leave a Reply