ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെ പ്രത്യേക നിയമ നിര്‍മ്മാണം വേണം.

മനുഷ്യന്റെ പ്രധാന ഭയങ്ങളിലൊന്ന് മരണമാണ് എന്ന് പ്രശസ്ത ഇംഗ്ലീഷ് തത്വചിന്തകന്‍ തോമസ് ഹോബ്സ് പറയുന്നുണ്ട്.

മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട നീതിയുടെ കാളിമയില്‍ പ്രാണന്‍ വെടിഞ്ഞിട്ട് അഞ്ചുവര്‍ഷം തികഞ്ഞതിനു ശേഷം മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ നിന്നും വിധി വന്നിരിക്കുന്നു. വിധി കേട്ട് മധുവിന് നീതി ലഭിച്ചു എന്ന് ഹൃദയം പൊള്ളാതെ ആര്‍ക്കും പറയാന്‍ കഴിയില്ല. കാരണം അഞ്ചുവര്‍ഷത്തെ നീണ്ട കാലയളവിനു ശേഷം ഉണ്ടായ കോടതിവിധി തീര്‍ച്ചയായും ആശ്വാസകരമായത് പ്രതികള്‍ക്കാണ്. മധുവിന്റെ കൈകള്‍ അരയില്‍ ചേര്‍ത്ത് കെട്ടി ആള്‍ക്കൂട്ടം അവനെ വിചാരണ ചെയ്ത് ക്രൂരമായ വധശിക്ഷ നടപ്പാക്കിയിട്ടും ഒന്ന് നിലവിളിക്കാന്‍ പോലും ശേഷിയില്ലാത്തവന്റെ പിടഞ്ഞു മരണം കാണാന്‍ കോടതിക്ക് കഴിഞ്ഞില്ലത്രേ! ഒപ്പം പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല.

2018ഫെബ്രുവരി 22, ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥയിലെ ജാതി വിവേചനത്തിന്റെ ഇരുണ്ട യഥാര്‍ത്ഥ്യങ്ങളിലേക്ക് ഒരു ജനത ഞെട്ടിയുണര്‍ന്ന ദിനമായിരുന്നു എങ്കില്‍ അതിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ച ദിനം (5-4-2023) നിരാശയും സംഭ്രമവുമാണ് അനുഭവപ്പെട്ടത്. കൊലക്കുറ്റം തെളിഞ്ഞിട്ടില്ല എന്നാണ് കോടതി പറയുന്നത്. മര്‍ദ്ദനം നരഹത്യ ഉദ്ദേശിച്ചല്ല പ്രതികള്‍ ചെയ്തത് എന്നും കോടതി നിരീക്ഷിക്കുന്നുവത്രേ! അത്യപകടകരമാണ് ഈ പ്രതികരണങ്ങള്‍. പട്ടിണികിടന്ന് അസ്ഥിപഞ്ജരമായ ഒരു മനുഷ്യനെ 14 പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചാല്‍ കൊല്ലപ്പെടും എന്നറിയാത്ത നിഷ്‌കളങ്കരാണോ കൊലയാളികള്‍…? ഏഴുവര്‍ഷം കഠിനതടവും പിഴയും മാത്രമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. എന്തുകൊണ്ടാണ് 302 വകുപ്പനുസരിച്ച് കോടതി ഇതില്‍ കൊലക്കുറ്റം കാണാത്തത്.. ? എന്തുകൊണ്ട് 304 IPC മാത്രമായി മധുവിന്റെ ഭയാനകമായ ക്രൂര പീഡന മരണം നിര്‍വചിക്കപ്പെടുന്നു?

ഓരോ ദളിത് ആദിവാസി മരണത്തിനും പിന്നില്‍ നേരിട്ടും അല്ലാത്തതുമായ ഒരു ഇന്‍സ്റ്റിറ്റിയൂഷനല്‍ ആസൂത്രണമുണ്ട്.. ആ സാമൂഹ്യപരമായ ആസൂത്രണത്തില്‍ ഒന്നാണ് മധുവിന്റെ പീഡന കൊല. ആ ആസൂത്രണത്തിന്റെ ഫലമാണ് മധുവിന്റെ മരണത്തിന് കാരണക്കാരായവര്‍, അവന്റെ വാരിയെല്ല് അടിച്ചൊടിച്ചവര്‍, നാഭിയില്‍ ചവിട്ടിയവര്‍ ഏഴുവര്‍ഷം കഴിഞ്ഞ് ഇനിയും സമൂഹത്തില്‍ വാഴേണ്ടവരാണ് എന്ന ന്യായവിധി ഉണ്ടാകുന്നത്.. ഇതില്‍ മധു അവസാനത്തേതാണ് എന്ന് കരുതേണ്ടതുമില്ല. കാരണം മരണത്തിലും വംശീയതയുണ്ട്, മധുവിന്റെ മരണത്തിലും ആ വംശീയതയുടെ പിടച്ചിലുകളുണ്ട്.. രണ്ടു പേരെ കോടതി വെറുതെ വിട്ടു. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളാണ് വെറുതെ വിടപ്പെട്ട പ്രതികളില്‍ ഒരാളായ അനീഷ്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അത് എത്തിച്ച പ്രതി കുറ്റവിമുക്തനാകുന്നു എന്നതിന്റെ വൈരുദ്ധ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയില്‍ പശുവിന്റെ പേരിലും മറ്റും നടക്കുന്ന ദളിത് ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ എല്ലാം ഇത്തരം മനപ്പൂര്‍വമല്ലാത്ത ഹിംസകളായി ഇനിമേല്‍ കോടതികള്‍ കാണാന്‍ ഈ വിധി കാരണമാകും. ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ചുമത്തുന്നതെല്ലാം ഇത്തരത്തില്‍ 304ാം വകുപ്പാണ്. ഓരംചേര്‍ക്കപ്പെട്ട സമൂഹം അഭിമുഖീകരിക്കുന്ന അഭിശപ്തജീവിതത്തിന്റെ ഇരുണ്ട വഴികള്‍ ഇന്നും അറ്റമില്ലാതെ നീണ്ടു കിടക്കുകയാണ്. അതുകൊണ്ട് ഈ കോടതി/ഭരണകൂട കീഴ് വഴക്കം മാറണം.. ആള്‍ക്കൂട്ട തല്ലിക്കൊലകള്‍ക്കെതിരെ പ്രത്യേക നിയമ നിര്‍മ്മാണം ഉണ്ടാകണം. കോടതിയുടെ ഇരുള്‍മൂടിയ ഇടനാഴിയില്‍വെച്ച് എന്ത് നിര്‍വചനം നല്‍കിയാലും ഒറ്റയ്ക്കാണെങ്കിലും കൂട്ടം ചേര്‍ന്നായാലും കൊല കൊലയല്ലാതാകുന്നില്ല.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ രാജ്യത്തുടനീളം സ്വതന്ത്രമായി നടക്കുന്ന പശ്ചാത്തലത്തില്‍ തന്നെ വേണം മധുവിന്റെ വധവും പരിഗണിക്കാന്‍. അക്രമത്തിന്റെ രീതി (modus operandi) കൃത്യമായും അതാണ് സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖ് മുതല്‍ കേരളത്തിലെ അട്ടപ്പാടിയില്‍ മോഷണം നടത്തി എന്നാരോപിക്കപ്പെട്ട മധു വരെ. സമാന്തരവും ബദല്‍ ജുഡീഷ്യല്‍ ഡെസ്‌കും (Alternative Judicial Desk) പ്രവര്‍ത്തിക്കുന്നതു പോലെയുമാണ് ആള്‍ക്കൂട്ടം കുറ്റവിചാരണ നടത്തി വിധി പറയുന്നതും ഹിംസ നിര്‍വ്വഹിക്കുന്നതും. ഇത് അപകടകരമായി വികസിച്ച പൊതുസമ്മതിയെ സൂചിപ്പിക്കുന്നു. അത്തരം സമവായങ്ങള്‍ തീര്‍ച്ചയായും ഉറച്ച തെളിവുകള്‍ക്കപ്പുറം നിരവധി സാമൂഹിക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെ കോടതികളില്‍ എത്തുമ്പോള്‍ ‘കൊലപാതകത്തിന് തെളിവില്ലാത്ത നടപടി’കളുടെ ഉദാഹരണങ്ങള്‍ രാജ്യത്ത് ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലീങ്ങള്‍, സ്ത്രീകള്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരെ പീഡിപ്പിക്കുന്നത് പ്രധാനമായും പേരും രൂപവും പോലുള്ള സാമൂഹിക ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഈ സംഭവങ്ങളും അതിന്റെ പ്രാദേശിക വ്യത്യാസങ്ങളും സൂചിപ്പിക്കുന്നത് നിയമവാഴ്ചയെ അപലപിക്കുകയും നിയമവിരുദ്ധമായ രീതികള്‍ അവലംബിക്കുകയും ചെയ്യുന്ന ജനക്കൂട്ടം-മനഃശാസ്ത്രം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്നു എന്നാണ്. നീതിയുക്തവും വേഗത്തിലുള്ളതുമായ പരീക്ഷണങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. രാജാ മാന്‍ സിങ്ങിന്റെ കേസും 40 മുസ്ലിംകളെ കശാപ്പ് ചെയ്ത 28 വര്‍ഷം നീണ്ട ഹാഷിംപുര കേസും ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ഉദാഹരണങ്ങളാണ് (ദ ഹിന്ദു , 2020).

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ക്ക് മറ്റൊരു തലമുണ്ട്, അത് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. അസമത്വവും ദാരിദ്ര്യവും അനീതിയും തുടച്ചുനീക്കുന്നതിന് സാധ്യതകളില്ലാത്ത ഇടങ്ങളിലേക്കാണ് ആള്‍ക്കൂട്ടക്കൊലകള്‍ കടന്നുവരുന്നത്. പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റായ ആശിഷ് നന്ദി കൃത്യമായി ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലിഞ്ചിംഗിന് (lynching) വൈകാരികമായ പശ്ചാത്തലങ്ങളുണ്ടായിരുന്ന വിഭജനത്തിന്റെ ആദ്യ നാളുകളെ അദ്ദേഹം ഈ പഠനത്തിന്റെ ഭാഗമായി പരാമര്‍ശിക്കുന്നുണ്ട്.

ആള്‍ക്കൂട്ടക്കൊലകള്‍ നിരോധിച്ചുകൊണ്ട് ഏറ്റവും അവസാനം നിയമം കൊണ്ടുവന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ നിയമം പാസാക്കിയത്. ബിജെപി അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് ബില്‍ പാസാക്കിയത്. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയുമാണ് ബില്ലില്‍ പറയുന്നത്. സ്ഫോടനാത്മകവും നിരുത്തരവാദപരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, ഇരകള്‍ക്ക് സൗജന്യ വൈദ്യസഹായം നല്‍കല്‍, ഇരകള്‍ക്കോ സാക്ഷികള്‍ക്കോ ജീവന് ഭീഷണയുണ്ടാക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ വകുപ്പുകളും നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ജാര്‍ഖണ്ഡില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിയന്ത്രിക്കാനും നടപടിയെടുക്കാനും ഐജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയോഗിക്കണമെന്നും ബില്ലില്‍ പറയുന്നു. പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റുകളുടെ യോഗം മാസത്തിലൊരിക്കലെങ്കിലും നോഡല്‍ ഓഫീസര്‍ വിളിച്ചുചേര്‍ക്കണം. സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ നിരീക്ഷിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ കര്‍ശനമായി തടയാന്‍ നടപടി സ്വീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. എന്നാല്‍ അത്തരമൊരു നിയമം നിര്‍മ്മിക്കാന്‍ കേരളം ഇന്നുവരെ തയ്യാറായീട്ടില്ല എന്നത് കേരളം ഭരിക്കുന്നത് ഒരു ‘സവിശേഷ ഇടതുപക്ഷം’ ആണെന്ന് ബോധ്യപ്പെടുത്തുന്നതാണ്.

അട്ടപ്പാടിയിലെ മധുവും ചിറയന്‍ കീഴിലെ ചന്ദ്രനും കേരളത്തിന്റെ രോഗാതുരമായ സാമൂഹ്യ മനസാക്ഷിയുടെ മായാത്ത അടയാളങ്ങളാണ്. ചിറയന്‍ കീഴ് സ്വദേശിയായ ചന്ദ്രനെ ജനക്കൂട്ടം തടഞ്ഞുവയ്കുകയും മര്‍ദ്ദിക്കുകയും ചെയ്തത് സമീപത്തെ വീട്ടിലെ പാത്രങ്ങള്‍ മോഷ്ടിച്ചുവെന്ന് കുറ്റം ചാര്‍ത്തിയാണ്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ചന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചു. കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതുപോലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സദാചാര കൊലയും ദുരഭിമാന കൊലയും വരെ കേരളത്തില്‍ ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളായി നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം ജനങ്ങളും കോടതികളും വിസ്മരിക്കരുത്. ആരെയും കൊല്ലാന്‍ മടിയില്ലാത്ത സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞുവോ?

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാധാരണ ആദിവാസി എന്ന നിലക്കപ്പുറം പ്രാക്തന ഗോത്ര വിഭാഗമാണ് മധു. പി.ഡി.പി.ജി. എന്നുപറയും. കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍, കൊറക, കുറുമ്പ, കാടര്‍ എന്നീ അഞ്ച് വിഭാഗക്കാരാണ് അവരില്‍ വരുന്നത്. ഇനിയും മുന്നോട്ടുവരാത്തവരാണെന്ന് പറഞ്ഞ് ഈ വിഭാഗക്കാരെ സര്‍ക്കാര്‍ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. അമേരിക്ക ഉള്‍പ്പെടെ പല രാജ്യങ്ങളിലും ആള്‍ക്കൂട്ടക്കൊല വിദ്വേഷ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമായി കാണുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ല എന്നാണ് ഇന്ത്യയിലെ ഭരണകൂടങ്ങളുടെ നിലപാട്..

കേസിലെ പ്രതിയെ 2021 -ല്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തത് നാം ഓര്‍ക്കണം. അട്ടപ്പാടി മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായാണ് കേസിലെ മൂന്നാം പ്രതി ഷംസുദ്ദീനെ തിരഞ്ഞെടുത്തത്. പിന്നീട് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മാത്രമാണ് അയാളെ മാറ്റിയത്. സാക്ഷി വിസ്താരം തുടങ്ങി 11 മാസം കൊണ്ട് 185 സിറ്റിംഗോടെയാണ് കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.എന്നിട്ടും പുറത്തുവന്ന വിധി ഇതാണ്. ജനാധിപത്യ വ്യവസ്ഥയില്‍ തങ്ങള്‍ക്ക് ജീവവായു പോലും നിഷേധിക്കുന്നവര്‍ക്കെതിരെ തുറന്ന പോരാട്ടം മാത്രമാണ് ദളിത് ആദിവാസി ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് മുന്നില്‍ അവശേഷിച്ചിട്ടുള്ള ഏക പോംവഴി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply