അടിച്ചേല്‍പ്പിച്ച സ്‌നേഹത്തില്‍ നിന്നുള്ള നാടുകടത്തല്‍

The struggle of man against power is the struggle of memory against forgetting” – Milan Kundera

ജോര്‍ജ് ഓര്‍വെലിന്റെ ‘1984’ എന്ന നോവലിന്റെ സമകാലീന വായന

ഇന്നേവരേയുള്ള തത്ത്വചിന്തകര്‍ ലോകത്തെ വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും എന്നാല്‍ ഇനിയത് തിരുത്തപ്പെടാന്‍ പോവുകയാണെന്നും കാള്‍ മാര്‍ക്‌സ് പ്രഖ്യാപിക്കുന്നത് 1845 ല്‍ ആണ്. എന്നാല്‍ പ്രവചനങ്ങളുടെ എതിര്‍ സാധ്യതകളാലെന്ന വിധം കമ്മ്യൂണിസ്റ്റ് സ്വപ്നങ്ങളുടെ ഭൂരിഭാഗവും അസ്ഥാനത്താവുകയാണ് പില്‍ക്കാലത്തുണ്ടായത്. ഇനിയങ്ങോട്ടുള്ള കാലത്ത് യുദ്ധത്തേക്കാളേറെ മനുഷ്യര്‍ മരിക്കാനിരിക്കുന്നത് പൊണ്ണത്തടിയാലായിരിക്കും എന്ന് ഇസ്രായേലി ചരിത്രകാരനും ചിന്തകനുമായ യുവാല്‍ നോവാ ഹരാരി പറഞ്ഞുവച്ചതിന് തൊട്ടുപിന്നാലെ യുക്രൈനില്‍ റഷ്യന്‍ അധിനിവേശം പൊട്ടിപ്പുറപ്പെടുന്നതായും നമ്മള്‍ കണ്ടുകഴിഞ്ഞു. മനുഷ്യര്‍ ഇല്ലായിരുന്നെങ്കില്‍, അവന്റെ പ്രതിലോമകരമായ ഇടപെടലുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഭൂമി അതിമാനുഷര്‍ക്ക് ജന്മം നല്‍കുമായിരുന്നു എന്ന മേതില്‍ രാധാകൃഷ്ണന്റെ വാക്കുകളെ പിന്‍പറ്റുന്ന വിധം, തങ്ങളിലെത്തന്നെ ക്രാന്തദര്‍ശികളെ അപ്രസക്തരാക്കാന്‍ നിര്‍ബന്ധിതരാകുന്ന ശരാശരി മനുഷ്യരുടെ ഭൂരിപക്ഷം (അവരുടെ പ്രതിനിധികള്‍) നടത്തിപ്പോരുന്ന ബൗദ്ധികക്കൊലകളായിക്കൂടി കാണാവുന്നവയാണ് ഇവ രണ്ടും. ഫ്രാന്‍സ് കാഫ്കയും ദസ്തയെവ്‌സ്‌കിയും ജോര്‍ജ് ഓര്‍വെലും ആല്‍ബര്‍ട്ട് ഹക്സ്ലിയുമടങ്ങുന്നവരുടെ സാഹിത്യ അന്തര്‍ജ്ഞാനങ്ങളുടെയും സ്ഥിതി മറിച്ചായിരുന്നില്ല. എന്നാല്‍ സൈദ്ധാന്തികര്‍ക്ക് സംഭവിച്ച ദുര്‍വിധിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാഹിത്യത്തിന്റെ സൂചക-സൂചിത ഗോപ്യതകള്‍ അവയെ ഒരു വലിയ പരിധിവരെ ആസൂത്രിത അപ്രസക്തിയില്‍ നിന്ന് സംരക്ഷിച്ചു എന്നു പറയാം. ജോര്‍ജ് ഓര്‍വെല്‍ 1948 ല്‍ എഴുതി 1949 ല്‍ പുറത്തുവന്ന 1984 എന്ന നോവല്‍ ഇതിനെ ശരിവക്കുന്ന ഒന്നാണ്.

യുദ്ധം സമാധാനമാകുന്നു, സ്വാതന്ത്ര്യം അടിമത്തമാകുന്നു, അജ്ഞത ശക്തിയാകുന്നു (WAR IS PEACE, FREEDOM IS SLAVERY, IGNORANCE IS STRENGTH) എന്ന മുദ്രാവാക്യത്തെ മുന്‍നിര്‍ത്തുന്ന, സമഗ്രാധിപത്യപരവും സമ്പൂര്‍ണ നിരീക്ഷണത്തില്‍ അടിയുറച്ചതുമായ ഒരു സാങ്കല്‍പിക ഭരണവ്യവസ്ഥയും ജീവിതക്രമവുമാണ് ഈ നോവലിന്റെ ആഖ്യാനഭൂമികയാവുന്നത്. പൗരന്മാര്‍ എന്ത് കാണണം, ധരിക്കണം, അറിയണം എന്ന് തുടങ്ങി മുടി മുറിക്കുന്നതിലടക്കം കര്‍ശനമായ ഉപാധികള്‍ പാലിക്കപ്പെടുന്ന ഉത്തരകൊറിയന്‍ മാതൃക ഇതിന്റെ നേര്‍സാക്ഷ്യമെന്നോണം ഇന്ന് നമുക്കു മുന്‍പിലുണ്ട്. എന്നാല്‍ ഇത് അവിടെ മാത്രം ഒതുങ്ങുന്ന ഒന്നായി ചുരുക്കിക്കാണാനാവില്ല; പ്രത്യേകിച്ചും ഈ കോവിഡാനന്തര കാലഘട്ടത്തില്‍. ഒരു മഹാമാരി നമ്മെ വിഴുങ്ങാന്‍ പോകുന്നെന്നും ലോകാവസാനം പോലും സംഭവിച്ചേക്കാമെന്നുമുള്ള പ്രതീതി സൃഷ്ടിച്ചെടുത്ത ഭീതി, ഭരണകൂടങ്ങളുടെ പിടിമുറുക്കലിനും നവസമവാക്യങ്ങള്‍ക്കുമായിരുന്നു വഴിമാറിയത്. നിങ്ങള്‍ക്ക് ഒരു സമൂഹത്തെ നിയന്ത്രിക്കണം എന്നുണ്ടെങ്കില്‍ അവര്‍ക്ക് ആരാധിക്കാനൊരു ദൈവത്തെ നല്‍കിയാല്‍ മതിയാകും എന്നത് നോം ചോംസ്‌കിയുടെ പ്രസ്താവനയാണ്. ഈയര്‍ത്ഥത്തില്‍, പേടി തോന്നുമ്പോള്‍ പിതാവിനെ അഭയം പ്രാപിക്കുന്ന കുഞ്ഞിനെപ്പോലെ അധികാരികളെ ദൈവസമാനരായി അവരോധിക്കുകയും അവരുടെ ആരാധകരായി സ്വമേധയാ അധഃപതിക്കുകയായിരുന്നു ഇന്ത്യയിലും കേരളത്തിലും ഭരണത്തുടര്‍ച്ചക്ക് വഴിയൊരുക്കിക്കൊണ്ട് ജനത. കോവിഡ് ഭീതിയും പ്രകടമായ നിയന്ത്രണ കോലാഹലങ്ങളും ഓര്‍മയില്‍ ലയിച്ചില്ലാതയിലെ അസ്വഭാവികതയെക്കുറിച്ചും അതിന്റെ അതിവേഗതയെക്കുറിച്ചുമുള്ള മൗനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തങ്ങളുടെ അബദ്ധങ്ങളെയും പതര്‍ച്ചകളെയും മറവുചെയ്യാന്‍ ശ്രമിക്കുന്ന പൊതു അബോധമാണ് (Collective Unconscious) എന്ന് കരുതുന്നതിലും തെറ്റില്ല.

Modi : The Indian Question എന്ന പേരില്‍ BBC പുറത്തിറക്കിയ, 2 ഭാഗങ്ങളുള്ള ഡോക്യുമെന്ററി രാജ്യതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് കാട്ടി ഇന്ത്യന്‍ ഗവണ്‍മെന്റ് നിരോധിക്കുകയുണ്ടായി. ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കുന്നതിന്റെ ഭാഗമായി ഏതറ്റം വരെയും തങ്ങള്‍ പോകുമെന്നും കൊല്ലേണ്ടിവന്നാല്‍ കൊല്ലുമെന്നും പ്രസംഗിക്കുന്ന, നിലവിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോദിയുടെ വാക്കുകളോടെ തുടങ്ങുന്ന ഒന്നാണ് ഈ ഡോക്യുമെന്ററി. ഇസ്ലാം മതവിശ്വാസികളെയാകെ രാജ്യത്തിന്റെ (രാഷ്ട്രീയ സ്വയം സേവക് സംഘം വിഭാവനം ചെയ്യുന്ന അഖണ്ഡ ഭാരതത്തിന്റെ) ശത്രുക്കളായി അപരവല്‍കരിച്ചുകൊണ്ടും അവരുമായുമുള്ള യുദ്ധവും വിജയവും രാജ്യത്തെ അത്യുന്നതിയിലെത്തിക്കുമെന്ന വിഷവാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചും ഒന്നാം മോദി സര്‍ക്കാര്‍ അധികാരം പിടെച്ചെടുത്തതിന്റെ സംക്ഷിപ്ത വിവരണമാണ് ഇതിന്റെ ഉള്ളടക്കം. ഒരേസമയം വെറുപ്പും ഭയവും കുത്തിവച്ച് ഭൂരിപക്ഷാധിപത്യത്തെ (ജനാധിപത്യത്തെ) തങ്ങള്‍ക്കനുകൂലമായി മാറ്റിയെടുത്ത രാഷ്ട്രീയ തന്ത്രം വ്യക്തമാക്കുന്ന ഒന്നുമാണ് ഈ ഡോക്യുമെന്ററി. ഇതിനെ പിന്‍പറ്റി ചിന്തിച്ചാല്‍, 1984 നെ മൂടിനില്‍ക്കുന്ന, ഒരിക്കലുമവസാനിക്കാത്ത യുദ്ധം (ആഭ്യന്തരവും അനാഭ്യന്തരവും) എന്ന ആശയം നിലവിലെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളോട് വളരെയേറെ ചേര്‍ന്നുപോകുന്നതാണെന്ന് മനസ്സിലാക്കാനാകും. ആദ്യം മുസ്ലീങ്ങളെയും പിന്നീട് തങ്ങള്‍ക്ക് വഴങ്ങാത്ത ഇതരമതസ്ഥരെയും മതേതരരെയും ഒടുവില്‍ നിങ്ങളെത്തന്നെയും (വ്യക്തിയെ) അവര്‍ തേടിയെത്തും എന്നുള്ള, പ്രഖ്യാപിത ഹൈന്ദവ അജണ്ടയെ മുന്‍നിര്‍ത്തിയുള്ള വാക്കുകള്‍ ഇതിനെ അടിവരയിടുകയും ചെയ്യുന്നു.

മുന്‍ തീവ്ര ഇടത് അനുഭാവിയും എഴുത്തുകാരനുമായ പി.കെ നാണുവിന്റെ അലകള്‍ എന്ന കഥയില്‍ അറിവിനെക്കുറിക്കുന്ന ശ്രദ്ധേയമായ ഒരു പരാമര്‍ശം കടന്നുവരുന്നുണ്ട്. ‘നിങ്ങള്‍ കാര്യങ്ങള്‍ കൂടുതലായി അറിയേണ്ടതില്ല. അറിവ് അപകടകാരിയായ ഒരു വിധ്വംസകമാണെന്ന് ഓര്‍ക്കുക. അനുസരിച്ചാല്‍ മതി. അനുസരണയും അറിവിലേക്ക് നയിക്കും’ : എന്നതാണത്. കോവിഡ് കാലത്തെ അടച്ചിടല്‍ ഓര്‍മകളുടെ പശ്ചാത്തില്‍ എഴുതപ്പെട്ട ഈ കഥ, വ്യക്തിയുടെ ആന്തരിക സ്വകാര്യതയിലേക്ക് പോലും നടക്കാനിടയുള്ള കടന്നുകയറ്റത്തെ ഭ്രമകല്‍പനകളുടെ അകമ്പടിയോടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ലോകത്തിന്റെ യഥാര്‍ത്ഥ മുഖം നമുക്കുമുന്‍പില്‍ മറഞ്ഞുകിടക്കുന്നുവെന്നും മനുഷ്യജീവിതം അസത്യങ്ങളാല്‍ ആവരണം ചെയ്യപ്പെട്ട ഒന്നാണെന്നും അടിമത്തമാണ് ഇവയുടെ ആകെത്തുകയെന്നും പറഞ്ഞുവക്കുന്ന Matrix സിനിമാ പരമ്പരകളോട് അറിഞ്ഞൊ അറിയാതെയൊ ചേര്‍ന്നുനില്‍ക്കുന്നതുകൂടിയാണ് അലകള്‍ എന്ന കഥ. Matrix സിനിമകള്‍ രാജ്യാന്തര തലത്തില്‍ തന്നെ പുനര്‍വിശകലനം ചെയ്യപ്പെടുന്ന ഒരു കാലമാണ് നിലവിലത്തേതെന്നും ഇതോടൊപ്പം ഓര്‍ക്കേണ്ടതായുണ്ട്. 1984 ല്‍ അനേകം തവണ ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്നു ഒരു വാക്കാണ് ചിന്താക്കുറ്റം എന്നത്. ഭരണകൂടത്തിനെതിരെയൊ അതിന്റെ പ്രഖ്യാപിത നേതാവായ വല്യേട്ടനെതിരെയൊ (Big Brother) ചിന്തിക്കുന്നത് പോലും, കുറ്റകരമായ ഒരു പ്രവര്‍ത്തിയാണ് നോവലില്‍. അതുപ്രകാരം പരിശോധിക്കുമ്പോള്‍ ‘അലകളില്‍’ പരാമര്‍ശിക്കപ്പെടുന്ന മാനസിക അധിനിവേശം എന്ന ആശയം കൂടുതല്‍ പ്രസക്തി നേടുന്നു; സാങ്കേതിക രംഗത്തെ അത്യാഹിത വേഗതയോടുകൂടിയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

‘ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭാവിയെ നിയന്ത്രിക്കുന്നു. വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭൂതകാലത്തെയും നിയന്ത്രിക്കുന്നു’ (Who controls the past controls the future. Who controls the present controls the past) :- എന്നത് 1984 ലെ പ്രധാനപ്പെട്ട മറ്റൊരു സൂത്രവാക്യമാണ്. ഇന്ത്യയില്‍ നടപ്പിലാക്കപ്പെട്ട ‘ആധാര്‍ കാര്‍ഡ്’, നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പൗരത്വഭേദഗതി ബില്‍ എന്നിവ, നോവലില്‍ പരാമര്‍ശിക്കപ്പെടുന്നതും മൂന്നുകാലങ്ങളെയും നിയന്ത്രിക്കാന്‍ പര്യാപ്തവുമായ ഭരണകൂടസ്‌നേഹത്തിന്റെ (നോവലില്‍ ഭരണകൂട ഹിംസയെ ‘സ്‌നേഹം’ എന്നാണ് വിശേഷിപ്പിക്കുന്നത്. പൗരന്മാരെ അടിച്ചമര്‍ത്തുന്ന ഒരു ഭരണകൂട വിഭാഗത്തിന്റെ പേര് തന്നെയും ‘സ്‌നേഹകാര്യ മന്ത്രാലയം’ എന്നാണ്) ആദ്യ ചുവടുവയ്പുകളായി കണക്കാക്കാവുന്നവയാണ്. എല്ലാ തരത്തിലുമുള്ള ഒറ്റപ്പെടലുകള്‍ സഹിച്ചും വെറുക്കപ്പെടലുകളെയും അവയുടെ പ്രയോഗങ്ങളെയും ചെറുത്തും, നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കെതിരെ പോരാടാനുറച്ച മനുഷ്യരുടെ ചാലകശക്തി മിക്കവാറും, വരും കാലം കാത്തുവച്ചേക്കാവുന്ന ‘രക്തസാക്ഷിത്വം’ എന്ന നീതിയാണ്. ‘അശാന്തിയുടെ പുസ്തകം’ എന്ന കൃതിയില്‍ ഫെര്‍ണാണ്ടൊ പെസ്സോവ നടത്തുന്ന പരാമര്‍ശങ്ങള്‍ ബൗദ്ധിക രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള ഏറ്റവും മികച്ച രേഖപ്പെടുത്തലുകളിലൊന്നാണ്. അതിലെ ഒരു ഭാഗം ഇവിടെ ചേര്‍ക്കുന്നു : ‘ഒരുനാള്‍ ഒരുപക്ഷേ, അവര്‍ മനസ്സിലാക്കിയെന്നു വരാം, നമ്മുടെ നൂറ്റാണ്ടിന്റെ ഒരു സവിശേഷകാലത്തിന്റെ വ്യാഖ്യാതാവെന്ന നിലയിലുള്ള എന്റെ സഹജമായ കടമ മറ്റാരെക്കാളും നന്നായി ഞാന്‍ നിറവേറ്റിയെന്ന്; സ്വന്തം കാലഘട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു ഞാനെന്ന് അവര്‍ എഴുതിയെന്നു വരാം; ചുറ്റും അവഗണനയും സ്‌നേഹശൂന്യതയുമായിട്ടാണ് ഞാന്‍ ജീവിച്ചതെന്നും അതൊരു കഷ്ടമായിപ്പോയെന്നും അവര്‍ എഴുതും. അതെഴുതുന്ന വ്യക്തിക്ക്, ആ സ്ത്രീയോ പുരുഷനോ ഏതു ഭാവികാലഘട്ടത്തിലേതുമാകട്ടെ, ആ ഭാവികാലത്ത് എനിക്കു തുല്യനായ ഒരാളെ കണ്ടിട്ട് മനസ്സിലാകാതെപോവുകയും ചെയ്യും’ (വിവര്‍ത്തനം : രവികുമാര്‍ വാസുദേവന്‍)

ഭാവികാലത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ളതും ഒരേസമയം ത്യാഗവും നിഷേധവും നുരയുന്നതുമായ സമാന്തരജീവിതങ്ങളുടെ, വീണ്ടെടുക്കപ്പെടല്‍ എന്ന പ്രതീക്ഷയെ തച്ചുതകര്‍ക്കുന്നതിനായി (ഫലമിച്ഛിക്കാത്തവരും പ്രതിജ്ഞാബദ്ധരും നിരാശാരഹിതരുമായ പോരാളികളുടെ നിരയെ സൃഷ്ടിക്കാന്‍) ഒരു നീണ്ട ഖണ്ഡിക ഈ നോവല്‍ പ്രത്യേകമായി മാറ്റിവക്കുന്നുണ്ട് (പുറം : 276,277). രക്തസാക്ഷിത്വത്തിന്റെ പൊതുസ്വഭാവവും ചരിത്രവും തന്നെ അതിനായി ഇവിടെ ഉദ്ധരിക്കപ്പെടുന്നു. മദ്ധ്യയുഗത്തില്‍ നിലനിന്നിരുന്ന മതദ്രോഹ വിചാരണ സഭകള്‍ ചുട്ടുകൊന്ന ഓരോ നാസ്തികന്റെയും സ്ഥാനത്ത് അനേകായിരങ്ങള്‍ ഉയര്‍ന്നുവന്നെന്നും ദൈവനിന്ദ അനശ്വരമായെന്നും പറയുന്ന ഈ ഭാഗം, അതിന്റെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് പശ്ചാത്തപിക്കാനൊ തങ്ങളുടെ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കാനൊ തയ്യാറാവാത്തവരുടെ പരസ്യമായ കൊലകളില്‍ ഉള്ളടങ്ങിയ അയുക്തിയെയാണ്. അടുത്തതായി ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത ജര്‍മന്‍, റഷ്യന്‍ സര്‍വ്വാധിപത്യത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടു എന്ന് സ്വയം വിശ്വസിച്ചിരുന്ന ഇവര്‍, രക്തസാക്ഷികള്‍ക്ക് വഴിയൊരുക്കരുത് എന്ന ബോധ്യത്തോടെ, ശിക്ഷാവിധികള്‍ക്ക് മുന്‍പ് ദണ്ഡനവും ഏകാന്തത്തടവും വഴി സ്വയവും പരസ്പരവും തള്ളിപ്പറയുന്നവരാക്കി കുറ്റാരോപിതരെ മാറ്റിയെടുത്തെന്നും അങ്ങനെ അവരുടെ ബഹുമാന്യ പദവി നശിപ്പിച്ചുവെന്നും എന്നാല്‍ ആദ്യത്തെ അനുഭവം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടെന്നും ഇതിനോട് അനുബന്ധമായി പറഞ്ഞുകാണാം. സ്വേച്ഛയാലല്ലാത്ത ഏറ്റുപറച്ചിലുകളും കള്ളങ്ങളും കാലം തിരിച്ചറിഞ്ഞു എന്നതാണ് ഈ വിഭാഗത്തിന്റെ രക്തസാക്ഷിത്വ പദവിയുടെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള സാധ്യതകളൊന്നും തന്നെ തങ്ങളൊ തങ്ങളുടെ കാലമൊ ബാക്കിവക്കില്ല എന്ന സന്ദേശത്തോടെയാണ് ഈ ഖണ്ഡിക അവസാനിക്കുന്നത്. ഇതിനെ വിശദീകരിക്കുന്ന ഏതാനും വരികള്‍ ഇങ്ങനെയാണ് : ‘നീ ആദ്യം മനസ്സിലാക്കേണ്ടതെന്തെന്നാല്‍, ഇവിടെ രക്തസാക്ഷിത്വമെന്നൊന്നില്ല. മരിച്ചവര്‍ ഞങ്ങള്‍ക്കെതിരെ എഴുന്നേറ്റുവരാന്‍ ഞങ്ങളനുവദിക്കില്ല. ഭാവി തലമുറ നിന്നെ ന്യായീകരിക്കും എന്ന സങ്കല്‍പം നീയവസാനിപ്പിക്കണം. ഭാവിതലമുറ ഒരിക്കലും നിന്നെക്കുറിച്ച് കേള്‍ക്കില്ല. നിന്റേതായ ഒന്നും അവശേഷിക്കില്ല; ഒരു രജിസ്റ്ററിലും നിന്റെ പേര് കാണില്ല. ജീവിച്ചിരിക്കുന്ന ഒരു തലച്ചോറും നിന്നെക്കുറിച്ച് ചിന്തിക്കില്ല. ഭൂതകാലത്തിലും ഭാവികാലത്തിലും നിന്നെ ഉന്മൂലനാശം വരുത്തിയിരിക്കും. നീയൊരിക്കലും ഉണ്ടായിരുന്നില്ലെന്നുവരും’.

സമൂഹത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ലോകപ്രശസ്ത ഭാഷാശാസ്ത്രജ്ഞന്‍ നോം ചോംസ്‌കി നടത്തിയ ഒരു നിരീക്ഷണം ഇവിടെ പരാമര്‍ശിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയായി പരിഗണിക്കാവുന്നതാണ് ‘മാധ്യമങ്ങളെ ആര് നിയന്ത്രിക്കുന്നുവൊ അവര്‍ മനസ്സിനെയും നിയന്ത്രിക്കുന്നു’ (He who controls the media controls the mind) എന്ന അദ്ദേഹത്തിന്റെത്തന്നെ വാക്കുകള്‍. നിലനില്‍ക്കുന്ന എല്ലാ വാര്‍ത്താമാധ്യമങ്ങളും, ഏറിയൊ കുറഞ്ഞൊ പക്ഷപാതപരമായ നിലപാടുകളും അജണ്ടകളും കാത്തുസൂക്ഷിക്കുന്നവയാണ് എന്നത് തര്‍ക്കരഹിതമായ ഒരു വസ്തുതയാണ്. സ്ഥാപനവത്കൃത മാധ്യമങ്ങള്‍ക്ക് സമാനമായി സാമൂഹിക മാധ്യമങ്ങളും അവസരത്തിനൊത്ത് സ്ഥാപിത താല്‍പര്യങ്ങള്‍ പുറത്തെടുക്കുന്ന സ്ഥിതിയും നിലവിലുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ഇലക്ഷന്‍ ക്യാംപെയ്‌നുകളിലടക്കം പക്ഷം ചേര്‍ന്നുള്ള ഇടപെടല്‍ നടന്നതായി തെളിവുകള്‍ പുറത്തുവന്നതുമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലുമടക്കം മാധ്യമങ്ങള്‍ വളരെ വലിയ പങ്ക് വഹിക്കുന്നതായിക്കാണാം. മുതലകള്‍ക്കൊപ്പം നീന്തിത്തുടിച്ച ബാല്യവും ഒരൊറ്റ സഹപാഠിയെപ്പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയാത്ത ഉപരിപഠനകാലവും കാലം അപ്രസക്തമായ ചായക്കടക്കയിലെ തൊഴില്‍ ജീവിതവും തങ്ങളുടെ പ്രധാനമന്ത്രിക്കുണ്ടായിരുന്നതായി വിശ്വസിക്കാന്‍ പൗരന്മാര്‍ നിര്‍ബന്ധിക്കപ്പെടുന്ന ഭയാനകരമായ സ്ഥിതി ട്രോളുകള്‍ക്കപ്പുറം സഞ്ചരിക്കാത്ത ഒരു നടപ്പുകാലം, 1984 ലെ ‘സഖാവ് ഓള്‍ഗ’യുടെ (ഒരിക്കലും ജനിക്കുകയൊ ജീവിക്കുകയൊ ചെയ്തിട്ടില്ലാത്ത, പാര്‍ട്ടി ചരിത്രത്തില്‍ മാത്രം നിലനില്‍ക്കുന്ന, രാജ്യത്തിന് വേണ്ടി ഉജ്ജ്വലമായ പോരാട്ടം നടത്തി രക്തസാക്ഷിത്വം വഹിച്ച കഥാപാത്രം) നിര്‍മിത വ്യക്തിചരിത്രത്തിന്റെ തനിപ്പകര്‍പ്പായി കണക്കിലെടുക്കാവുന്നതാണെന്ന് പറയാം. ഇത്തരമൊന്നിന്റെ രൂപീകരണത്തിലും അതിനെ തകരാതെ കാത്തുസൂക്ഷിക്കുന്നതിലുമുള്ള മാധ്യമ ഇടപെടല്‍ (ഇടപെടാതിരിക്കല്‍) കൃത്യതയോടെ പഠിക്കപ്പെടേണ്ടതായ ഒരു മേഖലയുമാണ്. സോഷ്യല്‍ മീഡിയ പ്രചരണ-ന്യായീകരണ പ്രവര്‍ത്തികളില്‍ ഊന്നിയ കേരളീയ സാഹചര്യത്തിലാകട്ടെ, ‘ക്യാപ്‌സ്യൂള്‍’ എന്ന പ്രയോഗം ഇന്ന് പരക്കെ പരിചിതമായിക്കഴിഞ്ഞു. ഒരു പ്രത്യേക വിഷയത്തില്‍ ഭരണകക്ഷി (സി.പി.ഐ.എം എന്ന ക്യാഡര്‍ പാര്‍ട്ടി) സമ്മര്‍ദ്ദത്തിലാകുമ്പോള്‍, സംഘടനയുടെ സോഷ്യല്‍ മീഡിയാ സെല്ലുകള്‍, പ്രചരണാര്‍ത്ഥം അണികളിലേല്‍പിക്കുന്ന ലഘു ആശയമാണ് ‘ക്യാപ്‌സ്യൂള്‍’ എന്നതിന്റെ രാഷ്ട്രീയ വിവക്ഷ. വ്യക്തിയെ ഭരണകൂടത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാക്കി മാറ്റുന്ന ഈ തുറന്ന പ്രക്രിയ ഇന്നും ഗൗരവതരമായ വിമര്‍ശനങ്ങള്‍ക്കും സ്വയംവിമര്‍ശനങ്ങള്‍ക്കും വിധേയമാകാതെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിലക്കപ്പെട്ട കാര്യങ്ങള്‍ക്കെതിരെ തിരിയുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവങ്ങളിലൊന്നാണ്. Vince Gilligan ന്റെ സംവിധാനത്തില്‍ പുറത്തുവന്ന Breaking Bad എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരീസില്‍ തന്റെ ബന്ധുവുമായി ക്യൂബന്‍ സിഗാര്‍ പങ്കുവക്കുന്ന ഒരു ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി (DEA) ഉദ്യോഗസ്ഥാനെ കാണാം. പ്രസ്തുത പുകയിലയുല്‍പന്നം നിരോധിതമല്ലെ എന്ന ചോദ്യത്തിന്, വിലക്കപ്പെട്ട കനികള്‍ക്ക് മധുരമേറും എന്നാണ് അയാള്‍ നല്‍കുന്ന മറുപടി. ആസിഫ് അലി നായകനായി 2022 ല്‍ പുറത്തിറങ്ങിയ കൂമന്‍ എന്ന മലയാള സിനിമയിലും ഇതിന് സമാനമായ, എന്നാല്‍ ഇതിനേക്കാള്‍ തീവ്രതയേറിയ നിയമപാലക സൃഷ്ടി കാണാന്‍ കഴിയും. വ്യക്തിഗതമായ വിരോധങ്ങളെ പരിഹരിക്കുന്നതിന്റെ ഭാഗമായി മോഷണം തുടങ്ങിയ ഒരു സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മോഷണഭ്രമത്തില്‍ നിന്ന് മോചിതനാകാന്‍ സാധിക്കാത്ത വിധം അതിന് അടിപ്പെടുന്നതായാണ് ഈ സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. പ്രണയത്തില്‍ ഊന്നിയതൊ ലൈംഗിക ആനന്ദത്തെ ലക്ഷ്യം വക്കുന്നതൊ ആയ വ്യക്തിബന്ധങ്ങളും ശാരീരിക ബന്ധങ്ങളും നിരോധിക്കപ്പെട്ട ഒരു സാമൂഹിക സംവിധാനമാണ് 1984 ല്‍ ഉള്ളത്. ലൈംഗികതയെന്നത് ക്രമപ്രകാരം നടക്കേണ്ടതും പ്രത്യുല്‍പാദനത്തെ ലക്ഷ്യംവച്ചുള്ളതും ആകേണ്ടതുണ്ട്. ശാരീരിക ബന്ധം അറിയപ്പെടുന്നതുതന്നെ ‘പാര്‍ട്ടിയോടുള്ള കടമ’ എന്ന പേരിലാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് നായകനായ വിന്‍സ്റ്റണും ജൂലിയ എന്ന സ്ത്രീയും തമ്മില്‍ നിയമത്തെ നിഷേധിക്കുന്ന തരത്തിലുള്ള രഹസ്യബന്ധം നടന്നുപോരുന്നത്. ആദ്യത്തെ ലൈംഗിക വേഴ്ചയില്‍, ‘നീ എത്രയധികം പേരുമായി ബന്ധപ്പെടുന്നുവൊ അത്രയുമധികം നിന്നെ ഞാന്‍ സ്‌നേഹിക്കും’ എന്ന വിചിത്രമായ വാക്കുകള്‍ വിന്‍സ്റ്റണ്‍ ഉച്ചരിക്കുമ്പോള്‍, വല്യേട്ടന്‍ വ്യവസ്ഥ വ്യക്തിയിലേല്‍പിക്കുന്ന സമ്മര്‍ദ്ദത്തിന്റെ തോത് വായനക്കാരനെക്കൂടി ബാധിച്ചേക്കാവുന്നതായി മാറുന്നുണ്ട്. അനേകരുമായുള്ള ലൈംഗികത അനുവദനീയമാകേണ്ടതുണ്ടെന്നും മനുഷ്യര്‍ ആത്യന്തികമായി ബഹുപങ്കാളിത്തം ആഗ്രഹിക്കുന്നവരാണെന്നുമുള്ള ആശയം പ്രബലത നേടുകയും സ്വാഭാവികവല്‍കരിക്കപ്പെടുകയും ചെയ്ത പടിഞ്ഞാറന്‍ നാടുകളില്‍ ഇന്ന് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്നതും സൈദ്ധാന്തിക പിന്‍ബലമേറുന്നതുമായ ഏകപങ്കാളിത്തവാദം കാലത്തെയും സാഹചര്യത്തെയും പിന്‍പറ്റുന്ന മോഹങ്ങളുടെ ആപേക്ഷികതയെ സൂചിപ്പിക്കുന്നതും നോവലിലെ സ്ഥിതിയുമായി താരതമ്യം ചെയ്ത് തത്ത്വചിന്താപരമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാവുന്നവയുമാണ്.

‘അയാളുടെ ഗദ്യശൈലിയെന്നത് അയാളുടെ ചിന്താശൈലി തന്നെയാണ്. അതിലെ ഒരു അര്‍ദ്ധ വിരാമം പോലും അനുകരിക്കാന്‍ കഴിയാത്ത വിധം അര്‍ത്ഥസമ്പുഷ്ടമാണ്’ -: വ്‌ളാദമിര്‍ നബകോവിന്റെ, സെബാസ്റ്റ്യന്‍ നൈറ്റിന്റെ യഥാര്‍ത്ഥ ജീവിതം എന്ന നോവലിലെ വരികളാണിവ. മനുഷ്യവംശത്തിന്റെ ഇന്നുകാണുന്നവിധമുള്ള വളര്‍ച്ചയില്‍ ഏറ്റവും നിര്‍ണായകമായ പങ്കു വഹിച്ച ഒന്നാണ് ഭാഷ. ഭാഷയുടെ വികാസമെന്നത് മനുഷ്യന്റെയാകെ വികാസവുമായി കൂടിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മനുഷ്യരാശിയെ അടിമപ്പെടുത്താനുള്ള ഏറ്റവും മികച്ച ഉപായങ്ങളിലൊന്ന് ഭാഷയുടെ പരിമിതപ്പെടുത്തലൊ ഇല്ലാതാക്കലൊ ആണ്. Chat GPT പോലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ വളരെ പെട്ടെന്ന് ഏറ്റെടുത്ത, അതിന്റെ സാധ്യതകളെ മടികൂടാതെ അംഗീകരിച്ച ഒരു ബൗദ്ധിക സമൂഹമാണ് കേരളത്തിലേത്. ഇമെയ്ല്‍ മുതലായ ഔദ്യോഗിക സന്ദേശങ്ങളയക്കുന്നതു മുതല്‍ സാഹിത്യവും വിമര്‍ശനവും വരെ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം സാങ്കേതികവിദ്യകള്‍. Spike Jonze ന്റെ സംവിധാനത്തില്‍ 2013 ല്‍ റിലീസ് ചെയ്ത Her എന്ന ഫ്യൂചറിസ്റ്റിക് ചിത്രം വിഭാവനചെയ്ത Self developing operating system പത്തുവര്‍ഷത്തിനിപ്പുറം അതിന്റെ ഒരു ചെറുമാതൃകയായി അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ് Chat GPT യിലൂടെ. മനുഷ്യ ജീവിതത്തിന്റെ ആയാസം ലഘൂകരിക്കുക എന്ന ഉദ്ദേശത്തോടെയൊ മനുഷ്യബുദ്ധിയെ പിന്‍തള്ളും എന്ന അവകാശവാദത്തോടെയൊ പുറത്തുവരുന്ന ഇത്തരം നിര്‍മിതികള്‍ അല്‍പമൊ അനല്‍പമൊ ആയ ആശങ്ക അര്‍ഹിക്കുന്നവയാണ്; ഭാഷയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ അവ നടത്തുന്ന ഇടപെടലുകള്‍ സവിശേഷ പ്രാധാന്യത്തോടെയും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനങ്ങളുടെ ചിന്താവ്യാപ്തിയെ അതിന്റെ പരമാവധിയിലധികം ചുരുക്കുക എന്ന ഉദ്ദേശത്തോടെ നിര്‍മിക്കപ്പെടുന്ന ‘പുതുമൊഴി ഡിക്ഷണറി’യുടെ അവസാനത്തേതും പൂര്‍ണവുമായ രൂപത്തെക്കുറിച്ചുള്ള വിവരണമാണ് രചയിതാവ് 1984 ന്റെ അനുബന്ധമായി എഴുതിച്ചേര്‍ത്തിട്ടുള്ളത്. ബഹുസ്വരമായ ചിന്താരീതികളെ അസാദ്ധ്യമാക്കുക, തങ്ങളുടെ തത്ത്വങ്ങളില്‍ നിന്ന് വിഭിന്നമായ ഏതൊരു ചിന്തയെയും അചിന്തനീയമാക്കുക എന്നിവ ലക്ഷ്യം വക്കുന്ന ഈ ഡിക്ഷ്ണറി, വാക്കുകളുടെ ആസ്പഷ്ടമായ അര്‍ത്ഥങ്ങളെ എടുത്തുമാറ്റുകയാണ് അതിന്റെ ഭാഗമായി ചെയ്തുപോരുന്ന പ്രധാന കാര്യം. ചരിത്രം ഇതിനകം തന്നെ തിരുത്തിയെഴുതപ്പെട്ടുവെന്നിരിക്കെത്തന്നെയാണ് പഴയ ഭാഷയെ ഇല്ലാതാക്കുന്നതിലൂടെ ഭൂതകാലവുമായുള്ള അവസാന കണ്ണിയും അറുത്തുമാറ്റാനുള്ള ഈ ഭരണകൂടനീക്കം. സമഗ്രാധിപത്യ കാലത്ത് അര്‍ത്ഥപൂര്‍ണ്ണമായ സംഭാഷണങ്ങളും കൃത്യതയുള്ള ആശയവിനിമയവും കൈവരിക്കുന്ന സമരായുധ സ്വഭാവത്തെ അടയാളപ്പെടുത്തുന്ന ഒരു സന്ദര്‍ഭവും നോവലിന്റെ അവസാനഭാഗങ്ങളിലൊന്നില്‍ കണ്ടെത്താന്‍ കഴിയും. ഭരണകൂടത്തിന്റെ ചാരപ്രമുഖനും മര്‍ദ്ദക വര്‍ഗത്തിന്റെ പ്രതിനിധിയുമായ ഓബ്രിയനെക്കുറിച്ച് നായകനില്‍ ഉടലെടുക്കുന്ന ചിന്തകളിലൂടെയാണ് അത് പ്രകടമാകുന്നത്. ‘ഓബ്രിയനോടവനുള്ള ആദരവ്, ഒന്നിനുമതിനെ നശിപ്പിക്കാനാവില്ലെന്നുതോന്നി. അത് വീണ്ടും അവന്റെ ഹൃദയത്തില്‍ ഒഴുകിയെത്തി. എന്തൊരു ബുദ്ധിമാന്‍ എന്നവനോര്‍ത്തു. അയാളോടവന്‍ പറഞ്ഞിട്ടുള്ളതൊക്കെ മനസ്സിലാക്കുന്നതില്‍ അയാളൊരിക്കലും പരാജയപ്പെട്ടിട്ടില്ല’ :- എന്നതാണ് ആ വിവരണം. മനസ്സിലാക്കലിന്റെ അന്ത്യമെന്നാല്‍ മരണമാണെന്നാണെന്നറിഞ്ഞിട്ടുകൂടി മനസ്സിലാക്കപ്പെടലിലെ അമൂല്യതയെ മുറുകെപ്പിടിക്കുന്ന തടവുകാരന്‍ എന്ന കഥാപാത്രനിര്‍മിതി ഭാഷയുടെ ആത്മാവിലേക്ക് തുറക്കുന്ന വാതിലാവുകയാണ് ഇതിലൂടെ. ആഴമുള്ള ദീര്‍ഘ സംഭാഷണങ്ങളുടെയും ആത്മബന്ധങ്ങളുടെയും തിരോധാനം ത്വരിതപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ആദര്‍ശ പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കല്‍പത്തെ ഹാസ്യരൂപേണ അവതരിപ്പിക്കുന്ന സ്ലൊവേനിയന്‍ ചിന്തകന്‍ സ്ലാവോയ് ഷിഷെകിന്റെ സംഭാഷണം ഈ ആശയത്തെ അതിന്റെ പൂര്‍ണതയിലെത്തിക്കാനുതകുന്നതാണ്. ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് വ്യക്തികളുടെ കണ്ടുമുട്ടലില്‍ സ്ത്രീ ഒരു കൃത്രിമ ലിംഗവും (ഡില്‍ഡൊ) പുരുഷന്‍ യന്ത്ര യോനിയും കൂടെക്കരുതുകയും, സ്വകാര്യ കൂടിക്കാഴ്ചയുടെ തുടക്കത്തില്‍ തന്നെ ഇവയെ പരസ്പരം പ്രവര്‍ത്തിപ്പിക്കാനുവദിക്കുകയും ചെയ്യുന്നതിലൂടെ, ഒന്നിച്ചിരുന്ന് കാപ്പി കുടിക്കാനും സാഹിത്യവും തത്ത്വചിന്തയും ചര്‍ച്ചചെയ്യാനുമുള്ള അവസരം തുറന്നുകിട്ടുമെന്നും ലൈംഗികകേളികളെ സംബന്ധിക്കുന്ന രോഗാതുരമായ ആകാംക്ഷകളെ തുരത്താന്‍ കഴിയുമെന്നുമാണ് ഈ സംഭാഷണത്തിന്റെ കാതല്‍. ഹ്രസ്വത സര്‍വാത്മനാ പുല്‍കപ്പെടുന്ന ഇക്കാലത്ത്, ‘ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്കൊരു ജാലകമുണ്ടെന്നവര്‍ പറയുന്നു; ചുവരുകളില്ലാത്തിടത്തെങ്ങനെയാണ് ജാരകമുണ്ടാകുന്നത്’ എന്ന ജലാലുദ്ദീന്‍ റൂമിയുടെ വരികളെ അന്വര്‍ത്ഥമാക്കുന്ന, ബാബേല്‍ ഗോപുരത്തിന്റെ പണി പൂര്‍ത്തിയാവുന്ന, ശാപം തിരിച്ചെടുക്കപ്പെട്ട ഒരു കാലത്തെ കുറിച്ചുള്ള പ്രതീക്ഷകളാവട്ടെ നമ്മെ മുന്നോട്ടുനയിക്കുന്നത്.

Reference

1) ജോര്‍ജ് ഓര്‍വെല്‍. 1984, ഡി.സി.ബുക്‌സ്, കോട്ടയം, മെയ്, 2021

2) യുവാല്‍ നോവാ ഹരാരി. ഹോമൊ ദിയൂസ്, ഡി.സി.ബുക്‌സ്, കോട്ടയം, മെയ്, 2019

3) വില്‍ഹം റീഹ്. ഫാസിസത്തിന്റെ ആള്‍ക്കൂട്ട മനഃശാസ്ത്രം, പുസ്തക ഭവന്‍, കണ്ണൂര്‍, ഏപ്രില്‍, 2010

4) വ്‌ളാദമിര്‍ നബകോവ്. സെബാസ്റ്റ്യന്‍ നൈറ്റിന്റെ യഥാര്‍ത്ഥ ജീവിതം, ഡി.സി.ബുക്‌സ്, കോട്ടയം, സെപ്റ്റംബര്‍, 2012

5) നാണു.പി.കെ. അലകള്‍, പച്ചക്കുതിര മാസിക, മാര്‍ച്ച്, 2023

6) ഫെര്‍ണാണ്ടൊ പെസ്സോവ. അശാന്തിയുടെ പുസ്തകം, വിവര്‍ത്തനം : വി.രവികുമാര്‍

7) Sanal Haridas. The seasons of time : an introduction to post love era, highonfilms.com, https://www.highonfilms.com/spike-jonze-her-essay

8) കൂമന്‍, സംവിധാനം : Jeethu Joseph, 2022, https://www.amazon.com/Kooman-Asif-Ali/dp/B0B8SZRKBP

9) Her, Director : Spike Jonze, 2013, https://www.amazon.com/Her-Joaquin-Phoenix/dp/B00IA3KGMG

10) The Matrix, Directors : Lana Wachowski, Lilly Wachowski, 1999, https://www.amazon.com/Matrix-Keanu-Reeves/dp/B000GJPL1S

11) The Matrix Reloaded, Directors : Lana Wachowski, Lilly Wachowski, 2003, https://www.amazon.com/Matrix-Reloaded-Keanu-Reeves/dp/B001EBWIV8

12) The Matrix Revolutions, Directors :
Lana Wachowski, Lilly Wachowski, 2003, https://m.imdb.com/title/tt0242653/

13) The Matrix Resurrections, Director :
Lana Wachowski, 2021, https://m.imdb.com/title/tt10838180/

14) Breaking Bad, American crime drama television series, Created and produced by Vince Gilligan, 2008-2013, https://www.justwatch.com/us/tv-show/breaking-ba

15) മേതില്‍, Documentary, സംവിധാനം : കെ. ഗോപിനാഥന്‍, https://youtu.be/HZ2LsG3uNfw

16) 2016 ലെ US Presidential തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ Mark Zuckerberg സംസാരിക്കുന്നു : https://youtu.be/zynjFpQHhtg

17) Slavoj Žižek സംസാരിക്കുന്നു : https://youtu.be/7xYO-VMZUGo

*ലേഖനത്തിന്റെ തലക്കെട്ട്, നോവലിലെ ഒരു മരണത്തിന് നല്‍കപ്പെടുന്ന നിര്‍വചനമാണ്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply