അട്ടപ്പാടിയിലെ ആദിവാസികള്‍ പോരാട്ടം തുടരുകയാണ്

1960 കളില്‍ സെറ്റില്‍മെന്റ് രജിസ്റ്ററുകളില്‍ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയിന്മേലുള്ള എല്ലാ ക്രയവിക്രയങ്ങളെക്കുറിച്ചും ഒരു ഉന്നത ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കയ്യേറ്റകേസുകളില്‍ പോലീസിന്റെ ആദിവാസി വിരുദ്ധമായ ഇടപെടല്‍ അവസാനിപ്പിക്കുക., ആദിവാസി ഭൂമിയില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തിയ ഏകദിന സത്യാഗ്രഹം ശ്രദ്ധേയമായി.

അട്ടപ്പാടിയിലെ ആദിവാസിഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് എത്രയോ പത്ിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട് എത്രയോ സമരങ്ങളും നടന്നു. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചെടുക്കാനുള്ള 1975ലെ നിയമം ദുര്‍ബലപ്പെടുത്തിയതോടെ, ആദിവാസി ഭൂമികയ്യേറ്റത്തിന് പരസ്യമായ പിന്തുണയാണ് ഭരണസംവിധാനം നല്‍കിവരുന്നത് എന്നുകാണാം. 1950-60 കാലഘട്ടങ്ങളില്‍ അട്ടപ്പാടിയിലെ ആദിവാസിഭൂമി തട്ടിയെടുത്തവരില്‍ ഏറെയും മധ്യതിരുവിതാംകൂറില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയവരായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതിമാറി. വ്യാജമായി സംഘടിപ്പിക്കുന്ന റവന്യൂ റസീറ്റുകളും അത് ഉപയോഗിച്ച് നടത്തുന്ന ആധാരങ്ങളുമുണ്ടാക്കി കേരളത്തിന് അകത്തും പുറത്തുമുള്ള റിസോര്‍ട്ട് ഉടമകളും കമ്പനികളും ട്രസ്റ്റുകളും ഭൂമി പിടിച്ചെടുക്കുകയാണ്. ഇത്തരം കയ്യേറ്റങ്ങള്‍ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയും പോലീസിന്റെ തുറന്ന സംരക്ഷണവും നല്‍കിവരുന്നതായി ആരോപണങ്ങളുണ്ട്. . വട്ടുലക്കി ഊര് മൂപ്പന്‍ സൊറിയന്‍ മൂപ്പനെയും മകന്‍ വി.എസ്. മുരുഗനെയും ഭൂമാഫിയകളുടെ പരാതിയിന്മേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ചീരക്കടവിലെ ആദിവാസികളെ തിരുവോണ നാളില്‍ പോലും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവവും ഇതിന് ഉദാഹരണമാണ്.

മേല്‍പറഞ്ഞ സംഭവങ്ങള്‍ കൂടാതെ ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മ; ഭൂതിവഴിയിലെ കാളിക്കാടന്‍ മൂപ്പന്‍; കമ്പളക്കാട് പുതൂരിലെ ആദിവാസികള്‍; മരപ്പാലം ഊരിലെ ആദിവാസികുടുംബം; അഗളിമേലെ ഊരിലെ ആദിവാസികുടുംബം; ചാള ഊരിലെ മല്ലന്‍; ഭൂതിവഴിയിലെ ആദിവാസികുടുംബം, തുടങ്ങി നിരവധി ആദിവാസികളുടെ ഭൂമിയില്‍ കയ്യേറ്റമുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. എന്‍.ജി.ഒ.കള്‍ ദീര്‍ഘകാല പാട്ടത്തിന് ഭൂമി കൈവശപ്പെടുത്തിയതു കൂടാതെ അട്ടപ്പാടി ഗിരിജന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഭൂമി തട്ടിയെടുക്കാന്‍ ഒരു പ്രമുഖ ജൂവല്ലറി കമ്പനി നടത്തിയ ശ്രമത്തിന് പട്ടികവര്‍ഗ്ഗവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേരിട്ടുള്ള പിന്തുണ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാറ്റാടി പാടങ്ങള്‍ക്ക് വേണ്ടിയുള്ള ഇടപാടുകള്‍ ഇപ്പോഴും നടന്നുവരുന്നുണ്ട്. മണ്ണാര്‍ക്കാട് കോടതിയില്‍ കൃത്രിമമായ രേഖകള്‍ക്ക് അംഗീകാരം നല്‍കുന്നതായും വാര്‍ത്തകളുണ്ട്. കിഴക്കന്‍ അട്ടപ്പാടിയില്‍ വ്യാജരേഖകളിലൂടെ ഭൂമി തട്ടിയെടുക്കുമ്പോള്‍, ഗ്രാമസഭകള്‍ അംഗീകരിച്ച അപേക്ഷകള്‍ വനംവകുപ്പ് അംഗീകാരം നല്‍കാതെ വനാവകാശമുള്ള ആദിവാസി ഭൂമി പിടിച്ചെടുക്കുന്നതായും പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. മറുവശത്ത് അട്ടപ്പാടിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ശിശുമരണവും, മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനയും ആദിവാസിസമൂഹത്തിന് നേരെ ഉയരുന്ന വംശീയ വെല്ലുവിളിയായി കാണേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് 960 കളില്‍ സെറ്റില്‍മെന്റ് രജിസ്റ്ററുകളില്‍ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയിന്മേലുള്ള എല്ലാ ക്രയവിക്രയങ്ങളെക്കുറിച്ചും ഒരു ഉന്നത ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കുക, ഭൂമി കയ്യേറ്റകേസുകളില്‍ പോലീസിന്റെ ആദിവാസി വിരുദ്ധമായ ഇടപെടല്‍ അവസാനിപ്പിക്കുക., ആദിവാസി ഭൂമിയില്‍ നടക്കുന്ന ക്രയവിക്രയങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പാലക്കാട് കളക്ടറേറ്റിനു മുന്നില്‍ ആദിവാസികള്‍ നടത്തിയ ഏകദിന സത്യാഗ്രഹം ശ്രദ്ധേയമായത്. കെ കെ രമ എം എല്‍ എ ഉദ്ഘാടനം ചെയത സത്യഗ്രഹത്തില്‍ എം ഗീതാനന്ദന്‍, സൊറിയന്‍ മൂപ്പന്‍, വട്ടുലക്കി (ചെയര്‍മാന്‍), ഭഗവതി അമ്മ (വൈസ് ചെയര്‍പേഴ്‌സണ്‍), വെള്ളി പൊട്ടിക്കല്‍ (ജന. കണ്‍വീനര്‍) തുടങ്ങി നിരവധി ആദിവാസി ദളിത് സംഘടനാ പ്രതിനിധികളും സാമൂഹ്യ – രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. നീതിക്കും ഭൂമിക്കുമായുള്ള പോരാട്ടം അട്ടപ്പാടി ആദിവാസിഭൂമി – വനാവകാശ സംരക്ഷണസമിതിയുടെ തീരുമാനം.

അട്ടപ്പാടിയില്‍ നടക്കുന്നത് വംശീയഹത്യയെന്നു പറയുമ്പോള്‍ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാല്‍ അവിടത്തെ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയില്‍ താഴെയായതായാണ് കണക്കുകളെന്ന് അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തിയവര്‍ ചൂണ്ടികാട്ടുന്നു. ഇതിനു പ്രധാന കാരണം ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള അവര്‍ നിഷ്‌കാസിതരാകുന്നു എന്നതാണ്. വനാശ്രിതത്വവും പരമ്പരാഗത കാര്‍ഷിക സമ്പദ്വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. അതാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്. പരിരക്ഷാ നിയമങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തികൊണ്ടാണ് ആദിവാസികളെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കുന്നത്. ഭൂപരിഷ്‌ക്കരണവും ജന്മിത്വവിരുദ്ധ ആശയങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനമായിട്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നാം ഒട്ടും പരിഗണന നല്‍കുന്നില്ല. പരമ്പരാഗത ഗ്രാമസമൂഹങ്ങളായി നിലനില്‍ക്കാനുള്ള ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്ന ഒരു നിയമവും കേരളത്തില്‍ ഉണ്ടാക്കിയില്ല. കൊളോണിയല്‍ കാലഘട്ടത്തിലെ എസ്റ്റേറ്റുകള്‍ ഇപ്പോഴും അങ്ങനെതന്നെ നിലനില്‍ക്കുന്നു. ഭൂപരിഷ്‌ക്കരണം നടപ്പാക്കിയ കാലഘട്ടത്തില്‍ പോലും ആദിവാസികളുടെ സ്വയംഭരണം, പട്ടികവര്‍ഗ്ഗ പ്രദേശം, വനാവകാശം തുടങ്ങിയ ഭരണഘടനാവകാശങ്ങളൊനന്ു ഇവിടെ ചര്‍ച്ച ചെയ്തില്ല. മാത്രമല്ല, നിലനിന്ന ഒരേയൊരു ആദിവാസി സംരക്ഷണ നിയമം (KSTA 1975) 1999ല്‍ റദ്ദാക്കുകയും ചെയ്തു.

ഇതിനിടയില്‍ വനഭൂമിയില്‍ നിന്നും കൃഷിഭൂമിയില്‍ നിന്നും ഗോത്രജീവിതത്തെ തുടച്ചുമാറ്റാന്‍ പുതിയൊരു തന്ത്രം കൂടി ബ്യൂറോക്രസിയും ഭരണകൂടങ്ങളും കണ്ടുപിടിച്ചതായും ചൂണ്ടികാട്ടപ്പെടുന്നു. ആദിവാസി ഫണ്ട് കോണ്‍ട്രാക്ടര്‍ ലോബികളിലൂടെയും ഇടനിലക്കാരിലൂടെയും തട്ടിയെടുക്കുന്ന സംവിധാനമാണ് അട്ടപ്പാടിയില്‍ വികസിപ്പിച്ചത്. പിന്നീടാകട്ടെ കോണ്‍ട്രാക്ടര്‍മാര്‍ക്ക് പകരം എന്‍.ജി.ഒകളും കണ്‍സള്‍ട്ടന്‍സികളും വലിയൊരു ഉദ്യോഗസ്ഥനിരയും രംഗത്തുവന്നു. ഇതോടൊപ്പം ത്രിതല പഞ്ചായത്ത്രാജും നിലവില്‍ വന്നതോടെ ഫലത്തില്‍ ആദിവാസി ഫണ്ട് കുടിയേറ്റക്കാരുടെ നിയന്ത്രണത്തിലായി. പതുക്കെ പതുക്കെ ഭൂമിയില്‍ നിന്നും വിഭവാധികാരത്തിന്റെ മറ്റ് സാധ്യതകളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഗോത്രസമൂഹത്തിന്റെ അവശേഷിക്കുന്ന കൃഷിഭൂമി വരള്‍ച്ച ബാധിതപ്രദേശമായി. പോഷകാഹാരവും ആരോഗ്യവും നഷ്ടപ്പെട്ട ഒരു ജനതയായി മാറിയ ആദിവാസി സമൂഹം വംശഹത്യയിലേയ്ക്ക് അടുത്തു കൊണണ്ടിരിക്കുന്നു. സ്ത്രീകളുടെ പോഷകാഹാരകുറവും രക്തക്കുറവുമാണ് വ്യാപകമായ നവജാത ശിശുമരണത്തിന് കാരണമെന്നത് വ്യക്തം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അട്ടുപ്പാടിയിലെ ശിശുമരണവാര്‍ത്തകള്‍ വ്യാപകമായതോടെ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടു. വാട്ടര്‍ അതോറിറ്റി 30 കോടി, ജലനിധി നാല് കോടി, പട്ടികവര്‍ഗ്ഗം ഒരു കോടി, വെജിറ്റബിള്‍ പ്രമോഷന്‍ ഒന്നേമുക്കാല്‍ കോടി, പാരമ്പര്യകൃഷിക്ക് മൂന്ന് കോടി, കമ്മ്യൂണിറ്റി കിച്ചണ്‍ എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു. എന്നാല്‍ കാര്യമായ മാറ്റമൊന്നുമില്ലാതെ ശിശുമരണം തുടരുന്നു. മറുവശത്ത് ആദിവാസികളുടെ കൂട്ടായ്മയും പരമ്പരാഗത ഊരുകളുടെ ഗ്രാമസഭാ സംവിധാനവും തകരുകയും ചെയ്യുന്നു. പെസാ നിയമത്തിന്റെ പരിധിയില്‍ അട്ടപ്പാടിയെ ഉള്‍പ്പെടുത്തിയിട്ടുമില്ല. തീര്‍ച്ചയായും മധുവിന്റെ കൊലപാതകത്തെ സ്പംര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. ക്രൂരമായ ആ ആള്‍ക്കൂട്ടകൊലപാതകകേസ് അട്ടിമറിക്കപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് വ്യക്തം. എന്നിട്ടും കാര്യമായ പ്രതികരണമൊന്നും കേരളീയ സമൂഹത്തില്‍ നിന്നുയരുന്നില്ല എന്നതില്‍ നിന്നുതന്നെ കൊട്ടിഗോഷിക്കപ്പെടുന്ന നമ്മുടെ രാഷ്ട്രീയപ്രബുദ്ധത എത്രമാത്രം കപടമാണെന്നതിന്റെ തെളിവാണ്.

വാസ്തവത്തില്‍ 1999-ലെ നിയമം റദ്ദാക്കുകയു അതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിര്‍ത്തലാക്കുകയും ചെയ്ത് വനാവകാശനിയമവും പെസാ നിയമവും നടപ്പാക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്. കൂടാതെ ആദിവാസി പ്രോജക്ട് ഭൂമിയും കേന്ദ്രസര്‍ക്കാര്‍ കൈമാറിയ നിക്ഷിപ്ത വനഭൂമിയും അവര്‍ക്ക് കൈമാറണം. അതൊന്നും ചെയ്യാതെയുള്ള ഫണ്ട് വിനിയോഗ പദ്ധതികളൊന്നും ഫലം കാണില്ല. ആദിവാസികളുടെ താല്‍പ്പര്യങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള വികസനപദ്ധതികള്‍ക്ക് തയ്യാറുണ്ടോ എന്ന ചോദ്യം തന്നെയാണ് ഈ സമരത്തിലൂടേയും ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ഉത്തരത്തിനായി കാത്തിരിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply