മുഖ്യധാരാസിനിമയില്‍ വീണ്ടും വസന്തത്തിന്റെ ഇടിമുഴക്കം

കേരളീയസമൂഹത്തില്‍ ഇന്നു വളരെ പ്രസക്തമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ, എന്നാല്‍ ഏറ്റവും ലളിതമായ ആഖ്യാനശൈലിയില്‍ രൂപപ്പെടുത്തിയ ഏതാനും സിനിമകളാണ് ഇത്തരമൊരു നിലപാടിനു ഉപോല്‍ഫലകമായി ചൂണ്ടികാട്ടാന്‍ ആഗ്രഹിക്കുന്നത്. പ്രധാനമായും ഈ സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

 

മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ വീണ്ടും വസന്തകാലമോ? കഴിഞ്ഞ രണ്ടുമാസം പുറത്തിറങ്ങിയ ഏതാനും സിനിമകള്‍ പരിശോധിച്ചാല്‍ അതെ എന്നു പറയാനാണ് തോന്നുക. കേരളീയസമൂഹത്തില്‍ ഇന്നു വളരെ പ്രസക്തമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ, എന്നാല്‍ ഏറ്റവും ലളിതമായ ആഖ്യാനശൈലിയില്‍ രൂപപ്പെടുത്തിയ ഏതാനും സിനിമകളാണ് ഇത്തരമൊരു നിലപാടിനു ഉപോല്‍ഫലകമായി ചൂണ്ടികാട്ടാന്‍ ആഗ്രഹിക്കുന്നത്. പ്രധാനമായും ഈ സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

 

 

 

 

 

 

മെയ് മാസത്തില്‍ റിലീസ് ചെയ്ത നവസംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്ത ‘ഉയരെ’ ആണ് ഈ ലിസ്റ്റില്‍ ആദ്യം വരുന്നത്. വളരെ പ്രസക്തമായ ഒരു പശ്ചാത്തലത്തോടെയാണല്ലോ ആ സിനിമ പുറത്തുവന്നത്. നടിയെ അക്രമിച്ചതും wcc രൂപീകരണവുമായി ബന്ധപ്പെട്ടും കര്‍ക്കശ നിലപാടെടുത്ത പാര്‍വ്വതിയടക്കമുള്ള നടികളെ ബഹിഷ്‌കരിക്കാനുള്ള നീക്കം ശക്തമായപ്പോഴാണ് എത്രയോ ഉയരെയാണ് താനെന്നു പ്രഖ്യാപിച്ച് ഈ സിനിമയുമായി അവര്‍ രംഗത്തെത്തിയത്. രാജ്യത്തെ നൂറുകണക്കിനു സ്ത്രീകള്‍ നേരിട്ട, പുരുഷാധിപത്യത്തിന്റെ ഏറ്റവും ക്രൂരമായ ആസിഡ് ആക്രമണത്തിനെതിരായ യുവതിയെയാണ് പാര്‍വ്വതി അവതരിപ്പിച്ചത്. മിക്കവാറും നടികളും നടന്മാരും ചെയ്യാന്‍ മടിക്കുന്ന വികൃതമായ മുഖവുമായാണവര്‍ ചിത്രത്തില്‍ നിറഞ്ഞുനിന്നത്. അക്രമണത്തോടെ പൈലറ്റായി ഉയരത്തല്‍ പറക്കുക എന്ന സ്വപ്‌നം തകര്‍ന്ന അവര്‍ പക്ഷെ നിരാശയായിരിക്കാതെ മുന്നോട്ടുപോകുകയും തന്നെ ആക്രമിച്ച കാമുകനെതിരെ വിട്ടുവീഴ്ചയില്ലാതെ കേസ് നടത്തുകയും ചെയ്തു. എയര്‍ ഹോസ്റ്റസായിട്ടാണെങ്കിലും ഉയരത്തിലായിരുന്നു അവരുടെ ജീവിതം. യാദൃച്ഛികമായി വിമാനം പറത്തുക എന്ന അവരുടെ സ്വപ്‌നവും സഫലമാകുന്നു. ലിംഗനീതിയെ കുറിച്ചും സ്ത്രീശാക്തീകരണത്തെ കുറിച്ചുമെല്ലാം ഏറെ ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത് സ്ത്രീശക്തിയുടെ പ്രഖ്യാപനമാണ് ഈ സിനിമ.

 

 

 

 

കേരളീയ സമൂഹത്തില്‍ ഇന്നും അതിശക്തമായി നിലനില്‍ക്കുന്ന കപടസദാചാരബോധത്തോടും ആണത്തത്തോടുമുള്ള കലഹമാണ് അനുരാജ് മനോഹര്‍ എന്ന നവാഗതസംവിധായകന്റെ ‘ഇഷ്‌ക്’ എന്ന ചെറിയ, വലിയ ചിത്രം. പുരുഷന്റെ നെഞ്ചിലേക്കാണ് ഈ സിനിമ തുളച്ചുകയറുന്നത്. കൊച്ചിക്കാരനായ സച്ചിദാനന്ദനും കാമുകി കോട്ടയം സ്വദേശിനിയും കോളേജ് വിദ്യാര്‍ത്ഥിനിയുമായ വസുധയും തമ്മിലുള്ള പ്രണയത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. അവരുടെ ഒരു പ്രണയ ദിനത്തിലെ നൈറ്റ് ഡ്രൈവും ഒരു ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ വെച്ചുണ്ടാകുന്ന മോറല്‍ പൊലീസിങ് അനുഭവവുമാണ് ഇഷ്‌ക് പറയുന്നത്. അതത്ര പുതിയ കാര്യമല്ലായിരിക്കാം. എന്നാല്‍ തന്റെ കാമുകിയുടെ ശരീരത്തില്‍ ഒരാള്‍ സ്പര്‍ശിച്ചു എന്ന തോന്നലില്‍ അയാളുടെ കുടുംബത്തിനു നേരെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയും കാമുകിയെ ഉപേക്ഷിക്കുകയും ചെയ്ത നായകന്‍ രാവണന്റെ തടവില്‍ നിന്നു വന്ന സീതയെ ഉപേക്ഷിച്ച രാമനെ ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഇവിടെ വസുധ, സീതയാകുകയല്ല ചെയ്തത്. അതിഗംഭീരമായ ക്ലൈമാക്‌സിലൂടെ നവകാലത്തെ പെണ്ണത്തത്തിന്‍രെ പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. മലയാളിയുടെ ആണത്തത്തിനെതിരെ ഇന്നോളം ഒരു സിനിമയിലും ഉണ്ടാകാത്ത പ്രഹരം.

 

 

 

 

 

 

 

 

‘തമാശ’യിലെത്തുമ്പോള്‍ മലയാള നവസിനിമ ഔന്നത്യത്തിന്റെ ഉന്നതിയിലെത്തുന്നു. ഇഷ്‌കിനെപോലെ വളരെ ചെറിയ ഒരു വലിയ സിനിമയാണ് നവാഗതന്‍ തന്നെയായ അഷ്റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത തമാശ. ‘ബോഡി ഷെയിം’ ആക്രമണത്തിനെതിരേയുള്ള ശക്തമായ സന്ദേശമാണ് തമാശയിലൂടെ കഥ പറയുന്ന തമാശ. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത്. അമിതമായ തടിയും കഷണ്ടിയുമെല്ലാം വ്യത്യസ്ഥതകള്‍ മാത്രമാണെന്നും ഈ സ്‌പെയ്‌സില്‍ – അത് വെര്‍ച്യുലായാലും റിയലായാലും – എല്ലാ വൈവിധ്യങ്ങള്‍ക്കും തുല്ല്യസ്ഥാനമൊണെന്നും തമാശ പ്രഖ്യാപിക്കുന്നു. ആ പ്രഖ്യാപനവും ഉറക്കെ നടത്തുന്നത് പെണ്ണുതന്നെ. അതിനുള്ള ഊര്‍ജ്ജമായി സി അയ്യപ്പനെന്ന ദളിത് എഴുത്തുകാരന്റെ വരികളും സിനിമയെ ഉജ്ജ്വല നിലവാരത്തിലെത്തിക്കുന്നു.

 

 

 

 

 

ഏറെ കൊട്ടിഘോഷിക്കപ്പെട്ട ആഷിക് അബുവിന്റെ ‘വൈറസ്’ നിപയെന്ന മഹാരോഗത്തിനെതിരായി, നായകനോ നായികയോ ഇല്ലാതെ ഒരു ജനത നടത്തിയ പോരാട്ടത്തിന്റെ കഥ തന്നെയാണ് പറയുന്നത്. ഇത്തരമൊരു വിഷയം അഭ്രപാളിയിലെത്തിക്കുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന ഡോക്യുമെന്ററിയാകാനുള്ള സാധ്യതയെ, പൂര്‍ണ്ണമായല്ലെങ്കിലും പരമാവധി മറികടക്കാന്‍ സംവിധായകനായി. മലയാളസിനിമയിലെ യുവതലമുറയെ, പ്രത്യേകിച്ച് wccയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നടികള്‍ വൈറസില്‍ അണിനിരക്കുന്നു. ഒരു ഫീച്ചര്‍ ഫിലം എന്ന നിലയില്‍ നിപകാലത്തെ വരുംതലമുറക്കായി രേഖപ്പെടുത്തുന്നതില്‍ സംവിധായകന്‍ വിജയിച്ചു. അതേസമയം കേരളീയസമൂഹത്തില്‍ വലിയൊരു ഭാഗം ഇപ്പോഴും എത്ര സങ്കുചിതമാണെന്ന് ഈ സിനിമയോടുള്ള ചില പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് പശ്ചാത്തലമായി ഒരു സിനിമയില്‍ സ്വാഭാവികമായും കാണുന്ന മുസ്ലിം പശ്ചാത്തലവും ക്രിമിനലായ ഒരാള്‍ക്ക് ഹിന്ദുനാമം നല്‍കിയതും ഒരു വിഭാഗത്തെ ചൊടിപ്പിച്ചെങ്കില്‍ തങ്ങളുടെ നേതാക്കള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാത്തതാണ് മറ്റൊരു വിഭാഗത്തിനു പ്രശ്‌നമായത്. രണ്ടും തള്ളിക്കളയേണ്ടവ.

 

 

 

 

 

വിനായകന്‍ മുഴുനീള നായക കഥാപാത്രമായി ആദ്യമായി വരുന്ന, ഫ്രാന്‍സിസ് നൊറോണയുടെ ശ്രദ്ധേയ കഥയെ ആസ്പദമാക്കി ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പനാണ് മറ്റൊരു ശ്രദ്ധേയമായ സിനിമ. കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചായായി തൊട്ടപ്പനെ കാണുന്നത് സ്വാഭാവികമാണ്. സമീപകാലത്ത് നിരവധി മലയാളസിനിമകളിലെ പശ്ചാത്തലമായ പശ്ചിമ കൊച്ചിയിലെ, ബഹിഷ്‌കൃത ജീവിതം തന്നെയാണ് ഈ സിനിമയിലും കടന്നു വരുന്നത്. മോഷണം തൊഴിലാക്കിയിരുന്ന തൊട്ടപ്പന്, ആത്മസുഹൃത്തിന്റെ തിരോധാനത്തോടെ അയാളുടെ മകളുടെ സംരക്ഷകനാകേണ്ടിവന്നതും തുടര്‍ന്നു നടത്തുന്ന അതിജീവന പോരാട്ടവുമാണ് കായലും ചെമ്മീന്‍കെട്ടും കള്ള് ഷാപ്പുകളുമൊക്കെയുള്ള പശ്ചിമകൊച്ചി പശ്ചാത്തലത്തില്‍ നാം കാണുന്നത്. ആശയത്തില്‍ പുതുമില്ലായിരിക്കാം. എന്നാല്‍ കാഴ്ചാനുഭവത്തില്‍ തൊട്ടപ്പന്‍ പുതുമ സമ്മാനിക്കുന്നു. അതേസമയം സിനിമക്കു പുറത്ത് വിനായകനെതിരെ രൂക്ഷമായ ആരോപണം നിലനില്‍ക്കുന്നതു മറക്കേണ്ടതില്ല.

 

 

 

 

 

 

 

 

ഈ ധാരയില്‍ വരുന്ന വ്യത്യസ്ഥമായ ചിത്രമാണ് ഖാലിദ് റഹ്മാന്റെ ‘ഉണ്ട’. മമ്മുട്ടിയാണ് നായകനെന്നതാണ് വ്യത്യസ്ഥമാണെന്നു പറയാനുള്ള പ്രധാന കാരണം. പക്ഷെ മെഗാസ്റ്റാര്‍ മമ്മുട്ടിയല്ല, നടന്‍ മമ്മുട്ടിയാണ് സിനിമയിലുള്ളത്. മാവോയിസ്റ്റ് മേഖലയായ ബസ്തറില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോകുന്ന, ആവശ്യത്തിനുള്ള വെടിയുണ്ടകള്‍ പോലുമില്ലാത്ത കേരള പൊലീസിലെ ഒരു സംഘത്തിന്റെ ഏതാനും ദിവസത്തെ ജീവിതമാണ് ചിത്രം വരച്ചുകാട്ടുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ ചിത്രത്തിന്റെ അടിയൊഴുക്കായി വര്‍ത്തിക്കുന്നു. ഭരണകൂടത്തിനും മാവോയിസ്റ്റുകള്‍ക്കുമിടയില്‍ ദുരിതജീവിതം നയിക്കുന്ന ആദിവാസികളെ സിനിമയില്‍ കാണാം. പോലീസിനെ അമിതമായി ഉദാത്തവല്‍ക്കരിക്കുന്നു എന്ന വിമര്‍ശനം സ്വാഭാവികമായും ഉയര്‍ന്നുവന്നിട്ടുണ്ട്. അതേസമയം കേരളത്തില്‍ പോലും സംഭവിച്ച വ്യാജഏറ്റുമുട്ടല്‍ കൊലയും സിനിമയിലുണ്ട്. അതോടൊപ്പം പോലീസില്‍ പോലും ആദിവാസികളടക്കമുള്ളവര്‍ നേരിടുന്ന ജാതി വിവേചനവും ഉണ്ടയില്‍ കടന്നുവരുന്നു. ജാതീയ അവഹേളനത്തിന്റെ പേരില്‍ താന്‍ പോലീസ് ജോലി വിടുകയാണെന്ന സിനിമയിലെ ആദിവാസിയായ ഒരു പോലീസുകാരന്‍ പറയുന്നു. ഈ സിനിമ തിയറ്ററില്‍ കളിക്കുമ്പോള്‍ തന്നെ അത്തരമൊരു സംഭവം കേരളത്തിലുണ്ടായി എന്നതാണ് കൗതുകകരം.

 

 

 

 

 

ഈ ലിസ്്റ്റില്‍ വരാവുന്ന മറ്റൊരു സിനിമയാണ് മഹരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന, എതിരാളികളാല്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന ‘നാന്‍ പെറ്റ മകന്‍’. സജി എസ്.ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഭിമന്യുവിനെ പ്രേക്ഷകരില്‍ നൊമ്പരമുണ്ടാക്കുന്ന രീതിയില്‍ അവരതിപ്പിക്കുന്നു. പക്ഷെ നമ്മുടെ കലാലയങ്ങളിലടക്കം നിലനില്‍ക്കുന്ന ക്രൂരമായ അക്രമരാഷ്ട്രീയത്തേയോ കേരളത്തിലെ ദയനീയമായ ആദിവാസി ജീവിതത്തേയോ അതര്‍ഹിക്കുന്ന രീതിയില്‍ പരിഗണിക്കുന്നില്ല എന്നു പറയാതെ വയ്യ. വളരെ മോശം സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഇടതുപക്ഷക്കാര്‍ ഈ സിനിമക്ക് പരിഗണന നല്‍കുന്നില്ല എന്ന സംവിധായകന്റെ പരാതിയും കണ്ടു.

 

 

 

 

 

ആധുനിക കാലത്ത ലൂക്കയെന്ന കലാകാരന്റെയും നിഹാരികയെന്ന നാഗരിക പെണ്‍കുട്ടിയുടേയും സത്യസന്ധമായ ജീവിതവും പ്രണയവും ആവിഷ്‌കരിക്കുന്ന ‘ലൂക്ക’യാണ് ഈ പട്ടികയിലെ അവസാന സിനിമ. കാവ്യാത്മകമായി അതാവിഷ്‌കരിക്കാന്‍ മൃദുല്‍ ജോര്‍ജിന്റെ തിരക്കഥക്കും അരുണ്‍ ബോസിന്റെ സംവിധാനത്തിനും കഴിഞ്ഞു. ജീവിതത്ത ഗൗരവത്തോട കാണുന്നവര്‍ക്കുമുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഈ ചിത്രം ഉയര്‍ത്തുന്നു. ബാല്യകാലത്തു കുടുംബത്തില്‍ നിന്നു തന്നെ നേരിട്ട പീഡനങ്ങള്‍ വേട്ടയാടുമ്പോഴും ജീവിതത്തെ പോസറ്റീവ് ആയി സമീപിക്കാനാണ് പെണ്‍കുട്ടി ശ്രമിക്കുന്നത്. പുതിയ കാല യുവത്വങ്ങളെ ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ലൂക്കയെന്ന കഥാപാത്രം. ഒപ്പം സ്‌നേഹത്തിനു പുതിയ നിര്‍വ്വചനങ്ങളുമായി മറ്റു കഥാപാത്രങ്ങളും. നിറങ്ങളുടെ ലോകത്തേക്കും ആഴത്തേക്കുമുള്ള ലൂക്കയുടേയും നിഹാരികയുടേയും യാത്രക്കൊപ്പവുംകലാകാരന്മാരുടെ ഫോര്‍ട്ട് കൊച്ചി ജീവിതത്തോടൊപ്പവും പ്രേക്ഷകര്‍ക്കും ചേരാനാവില്ല. ടൊവീനോ തന്നെയാണ് ഇവിടെ ലൂക്ക. നിഹാരികയാകട്ടെ അഹാന കൃഷ്നും.
തുടക്കത്തില്‍ സൂചിപ്പിച്ച പോല ഈ സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ കുറിച്ചാണ് വിശദീകരിക്കാന്‍ ശ്രകമിച്ചത്. തീര്‍ച്ചയായും സിനിമയെന്ന കലാരൂപത്തോട് പരമാവധി നീതിപുലര്‍ത്താന്‍ ഇവക്കായിട്ടുണ്ട്. പ്രധാനമായും പുതുതലമുറയുടെ നിരയാണ് ഈ സിനിമകളുടെ മുന്നിലും പിന്നിലുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. അതിനാല്‍ തന്നെ മവലയാളസിനിമക്ക് ഭാവിയുണ്ടെന്നുതന്നെയാണ് ഈ ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply