ഇടതുഭരണത്തിലും അഭംഗുരം തുടരുന്ന പോലീസ് അതിക്രമങ്ങള്‍

ചെറിയ ചെറിയ ഇടവെളകളില്‍ ആവര്‍ത്തിക്കുന്ന ഒന്നായി ലോക്കപ്പ് കൊലകളും പോലീസിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളും മാറുന്നു. പോലീസിനെ ജനകീയവല്‍ക്കരിക്കുമെന്ന് മാറി മാറി ഭരിച്ച ഇരുമുന്നണി സര്‍ക്കാരുകളുടേയും പ്രഖ്യാപനങ്ങളൊക്കെ വെള്ളത്തില്‍ വരച്ച വരയായി.

 

വീണ്ടുമൊരു ലോക്കപ്പ് കൊലപാതകം കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. ചെറിയ ചെറിയ ഇടവെളകളില്‍ ആവര്‍ത്തിക്കുന്ന ഒന്നായി ലോക്കപ്പ് കൊലകളും പോലീസിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളും മാറുന്നു. പോലീസിനെ ജനകീയവല്‍ക്കരിക്കുമെന്ന് മാറി മാറി ഭരിച്ച ഇരുമുന്നണി സര്‍ക്കാരുകളുടേയും പ്രഖ്യാപനങ്ങളൊക്കെ വെള്ളത്തില്‍ വരച്ച വരയായി. അടിയന്തരാവസ്ഥകാലത്ത് ലോക്കപ്പില്‍ കൊല്ലപ്പെട്ട രാജന്റെ മരണവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടെങ്കിലും പിന്നീട് ഒരു രാഷ്ട്രീയനേതാവിനും കാര്യമായ നഷ്ടമൊന്നും ഉണ്ടായിട്ടില്ല. അതുപോലെ ഉദയകുമാറിന്റെ ലോക്കപ്പ് കൊലയുമായി ബന്ധപ്പെട്ടു മാത്രമാണ് പോലീസ് ഉദ്യാഗസ്ഥര്‍ ശിക്ഷിക്കപ്പെട്ടത്. മിക്കവാറും സംഭവങ്ങളിലെല്ലാം കുറ്റവാളികള്‍ സംരക്ഷിക്കപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാപ്പുഴ ശ്രീജിത്തിന്റെ കൊലപാതകം. ശ്രീജിത്തിന്റെ കൊലയാളികളായ പോലീസ് ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സര്‍വ്വീസിലുണ്ട്. കുറ്റപത്രം പോലും സമര്‍പ്പിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ എന്തതിക്രമം ചെയ്യാനും പോലീസ് ഭയപ്പെടേണ്ടതില്ലല്ലോ.
അടിയന്തരാവസ്ഥാ കാലത്ത് ലോക്കപ്പ് മര്‍ദ്ദനത്തിനിരയായി എന്നു പറയപ്പെടുന്ന പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ പോലീസ് അതിക്രമങ്ങള്‍ രൂക്ഷമായിരിക്കുകയാണ്. എപ്പോഴും പോലീസിന്റെ ആത്മവീര്യത്തെ കുറിച്ച് പറഞ്ഞ് പിണറായി അവയെ ന്യായീകരിക്കുകയാണ് പതിവ്. രാജ് കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് പോലീസ് നടപടിക്കെതിരെ ആദ്യമായി ശക്തമായ ഭാഷയില്‍ അദ്ദേഹം സംസാരിച്ചത്. അപ്പോഴും എസ് പി അടക്കമുള്ളവരെ രക്ഷിക്കാന്‍ നീക്കമുള്ളതായി ആരോപണണുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 25-ഓളം പേര്‍ മരിച്ചതായാണ് പിയുസിഎല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ പി എ പൗരന്‍ പറയുന്നത്. എന്നിട്ടും ഇതൊരു ഗൗരവമായ വിഷയമായി കേരളീയ സമൂഹം കാണുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യം. പിണറായി ഭരണത്തില്‍ പോലീസുമായി ബന്ധപ്പെട്ട് മരിച്ചവരുടെ ഏകദേശലിസ്റ്റാണ് താഴെ.

1. 11.09.2016 – അബ്ദുല്‍ ലത്തീഫ് – വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ മലപ്പുറം. മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയില്‍ എടുത്ത ലത്തീഫിനെ സ്റ്റേഷനിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
2. പ്രിജിത് – എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. തൃശൂര്‍ ജില്ല..
3. 08.10.2016 – കാളിമുത്തു. തമിഴ്‌നാട് സ്വദേശി.മോഷണക്കുറ്റം ആരോപിച്ചു തലശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത കാളിമുത്തു സ്റ്റേഷനില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു.
4. 9.11.2016 – U.K. ഉണ്ണികൃഷ്ണന്‍ – J. Fem – കാസര്‍ഗോഡ്. പോലീസ് ജാതീയമായി അധിക്ഷേപിച്ചതിനെത്തുടര്‍ന്നു ആത്മഹത്യ ചെയ്തു.
5. 26.10.2016 – കുഞ്ഞുമോന്‍ – കൊല്ലം – കുണ്ടറ – പെറ്റികേസില്‍ കസ്റ്റഡിയില്‍ എടുത്ത കുണ്ടറ പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചു.
6. 16.10.2016 – വിനായകന്‍ – തൃശൂര്‍ ജില്ല – പാവറട്ടി -19 വയസ് – മുടി നീട്ടി വളര്‍ത്തി എന്ന് ആരോപിച്ചു സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചു. മര്‍ദനത്തിലും അധിക്ഷേപത്തിലും മനം നൊന്തു പിറ്റേന്ന് ആത്മഹത്യ ചെയ്തു.
7. 12.02.2017 – ബെന്നി – അട്ടപ്പാടി വനമേഖലയില്‍ മാന് പിടിക്കാന്‍ പോയ ബെന്നിയെ മാവോയിസ്‌റ് എന്ന് തെറ്റിദ്ധരിച്ചു തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചു കൊന്നു.
8. 22.02.2017 – മധു – അട്ടപ്പാടിയിലെ ആദിവാസി യുവാവ്.ഭക്ഷണം മോഷ്ടിച്ചു
എന്നാരോപിച്ചു ഒരു സംഘം ആളുകള്‍ കെട്ടിയിട്ടു മര്‍ദിച്ചു. പോലീസ് എത്തി മധുവിനെ ജീപ്പില്‍ കയറ്റി ആശുപത്രി അന്വേഷിച്ചു ഓടി. ഏകദേശം 3 മണിക്കൂര്‍ കഴിഞ്ഞു യുവാവ് മരിച്ചു.
9. 26.07.2013 – സാബു പെരുമ്പാവൂര്‍ – ജിഷ വധക്കേസില്‍ ആദ്യമായി പ്രതിചേര്‍ക്കപ്പെട്ട സാബു പോലീസ് കസ്റ്റഡിയില്‍ മരിച്ചു. യാതൊരു അന്വേഷണവും നടക്കാത്ത രൂപത്തില്‍ കാര്യങ്ങള്‍.
10. 9.08.2017 – ബൈജു – പട്ടിക്കാട്. ചേങ്കുഴി – ഫോറസ്റ്റര്‍ – കസ്റ്റഡിയില്‍ എടുത്തു. പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടു.
11. 3.09.2017 – വിക്രമന്‍ – തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി. പട്ടാളത്തില്‍ നിന്നും വിരമിച്ച വിക്രമന്‍ വാഹനപരിശോധനക്കിടെ പോസ്റ്റില്‍ തലയടിച്ചു മരിച്ചു.
12. 4-12-2018 – രജീഷ് – തൊടുപുഴ. ഒരു നായര്‍ യുവതിയുമായി പ്രണയത്തിലായി ഒരുമിച്ചു ജീവിച്ചു വന്നു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
13. 23.03.2018 – അപ്പുനാടാര്‍ – ശേഖരമംഗലം – പോലീസ് കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ചു അധിക്ഷേപിച്ചതിനെത്തുടര്‍ന്നു ആത്മഹത്യ ചെയ്തു.
14. 07.04.2018 – S.R. ശ്രീജിത്ത് – വരാപ്പുഴ – എറണാകുളം – A .V ജോര്‍ജ് (റൂറല്‍ എസ് പി)യുടെ പോലീസ് സംഘം (റോയല്‍ ടൈഗര്‍ ഫോഴ്‌സ്) ആളുമാറി കസ്റ്റഡിയില്‍ എടുത്തു. ക്രൂരമായി മര്‍ദിച്ചു കൊലപെടുത്തി. A V ജോര്‍ജ് അടക്കം പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് എല്ലാവരും ജോലിയില്‍ തിരിച്ചു കയറി.
15. 14.05.2018 – മനു – കൊട്ടാരക്കര – എക്സൈസ് സംഘം കസ്റ്റഡിയില്‍ എടുത്ത മനു പിന്നീട് മരണപ്പെട്ടു.
16. 02.05.2018 – ഉനൈസ് – ധര്‍മടം – കണ്ണൂര്‍ – ഭാര്യാപിതാവിന്റെ പരാതിയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചു – സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉനൈസ് അഡ്മിറ്റായി. അതിനുശേഷം മരിച്ചു.
17. 08.04.2015 – സന്ദീപ് – കാസര്‍ഗോഡ് പരസ്യമായി മദ്യപിച്ചെന്നാരോപിച്ചു കസ്റ്റഡിയില്‍ എടുത്തു മര്‍ദിച്ചു സ്റ്റേഷനില്‍ എത്തിക്കുന്നതിനുമുമ്പ് മരിച്ചു.
18. 27.05.2018 – കെവിന്‍ പി ജോസഫ് – 23 വയസുകാരനായ ദളിത് യുവാവ് നീനു എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചു. 2 ദിവസം കഴിഞ്ഞു ഒരു സംഘം കെവിനേ തട്ടിക്കൊണ്ടുപോയി. കെവിന്റെ വീട്ടുകാര്‍ പരാതിയുമായി ചെന്നെങ്കിലും നടപടി ഉണ്ടായില്ല. തെന്മലക്ക് സമീപം കാടിനോട് ചേര്‍ന്ന റബര് തോട്ടത്തിനടുത്തുള്ള തോടില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ പോലീസിനും പങ്കണ്ടെന്ന് ആരോപണം.
19. 03.08.2018 – അനീഷ് – തിരുവനന്തപുരം – ലഹരിമരുന്ന് കൈവശം വച്ച് എന്നാരോപിച്ചു എക്സൈസ് കസ്റ്റഡിയില്‍ എടുത്ത അനീഷ് തിരുവനതപുരം മെഡിക്കല്‍ കോളേജില്‍ തടവുകാരുടെ സെല്ലില്‍ തൂങ്ങിമരിച്ചു.
20. 23.11.2018 – സ്വാമിനാഥന്‍ – കോഴിക്കോട് – മെഡിക്കല്‍ കോളേജ് പോലീസ് മോഷണക്കുറ്റം ആരോപിച്ചു കസ്റ്റഡിയില്‍ എടുത്ത സ്വാമിനാഥന്‍ കസ്റ്റഡിയില്‍ മരിച്ചു.
21. 19.05.2019 – നവാസ് – കോട്ടയം – മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ മദ്യപിച്ചു ബഹളം വെച്ചതിനു മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
22. 24.11.2016 – കുപ്പു ദേവരാജ് – നിലബൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
23. 24.11.2016 – അജിത – നിലംബൂര്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
24. 06.03.2019 – സി പി ജലീല്‍ – വൈത്തിരി പോലീസ് – വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
25. 24.06.2019 – രാജ്കുമാര്‍ – പീരുമേട് – സബ്ജയിലില്‍ രാജ്കുമാര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പോലീസിന്റെ ക്രൂരമായ പീഡനത്തിന്റെ ഇര.

ഈ സംഭവങ്ങളിലെല്ലാം പോലീസ് ഉത്തരവാദിയാകണമെന്നില്ല. എന്നാല്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. എന്നാല്‍ പോലീസ് പ്രതികളായി വരുമ്പോള്‍ കൃത്യമായ രീതിയില്‍ അന്വേഷണം നടക്കാത്തതിനാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാറില്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ രാജ്കുമാര്‍ കൊലപാതകേസിന്റെ ഭാവിയും മറ്റൊന്നാകാന്‍ ഇടയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply