രാമായണ വായനയുടെ രാഷ്ട്രിയം – ഡോ കെ എസ് മാധവന്‍

രാമായണ രാമരാജ്യം കീഴാളരോടും സ്ത്രീകളോടും കരുണയും നീതിയും കാണിക്കാതെ ഹിംസയാണ് പ്രയോഗിച്ചിട്ടുള്ളത്. അപ്പോള്‍ ഹിംസയെ സാധൂകരിക്കുന്ന ഭരണകൂടം, ഹിംസ ഉപയോഗിച്ചുകൊണ്ട് അപരസാന്നിധ്യങ്ങളെയും അപരകര്‍ത്തൃത്വങ്ങളെയും ഉച്ചാടനം ചെയ്യുകയും നിഷ്പ്രഭമാക്കുകയും അതുവഴി ഏകാധിപത്യരൂപത്തിലുള്ള ഫാഷിസ്റ് മനഃശാസ്ത്രത്തെ സൃഷ്ടിക്കുകയും ചെയ്യുന്നത്തിനു മനുഷ്യരെ പരുവപ്പെടുത്തുന്ന ഒരു പാരായണ സംസ്‌കാരമാക്കി രാമായണത്തിന്റെ ഹിന്ദുത്വവായന മാറുന്നു.

‘രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം’ എന്ന ലേഖനപരമ്പരയുടെ അവസാന ഭാഗം

രാമായണം വായന 1980 കളില്‍ വൈകി ഉണ്ടായിവന്ന തികച്ചും രാഷ്ട്രീയ അനുഷ്ടാന രൂപമാണ്. അല്ലെങ്കില്‍ ഒരു വിശ്വാസരൂപമായിട്ട് ഒരു മാസമുറക്രമം പോലെ ഉണ്ടായിട്ടുള്ള ഒരു രീതിയാണത്. ഇവിടെ പറയാന്‍ ശ്രമിക്കുന്നത് രാമനും സീതയും രാമായണത്തിന്റെ പ്രധാനപ്പെട്ട റിച്വല്‍സൊന്നും കാവ് പാരമ്പര്യങ്ങളില്‍ പെട്ട കീഴാള അധസ്ഥിത അയിത്ത ജാതി സമൂഹങ്ങളുടെ ആരാധനാ രൂപവുമായി നിലനിന്നിരുന്നില്ല. മാത്രമല്ല അത് പഞ്ഞമാസങ്ങളില്‍ വായിക്കേണ്ട ഒരു പുസ്തകമായിട്ട് പോലും കീഴാളരില്‍ കടന്നുവന്നിട്ടില്ല. എന്നുവച്ചാല്‍ ചരിത്രപരമായി എഴുത്തുപരമ്പര്യത്തിനു പുറത്തുള്ള മനുഷ്യര്‍ക്ക് ഇതുവായിക്കേണ്ട ആവശ്യം പോലും ചരിത്ര ഭൂത കാലത്തില്‍ ഉണ്ടായിരുന്നില്ല. പഞ്ഞമാസത്തില്‍ പട്ടിണികിടക്കുന്ന സമയത്തു എഴുത്തറിയാത്ത മനുഷ്യര്‍ പുസ്തകം വായിക്കാനും സാധ്യതയില്ല. എഴുത്തറിയാമെങ്കില്‍ പോലും വായിക്കുകയുമില്ല. അതാണ് പ്രധാനപ്പെട്ട കാര്യം. കേരളത്തിലെ ക്ഷേത്ര ബ്രഹ്മണ്യപാരമ്പര്യത്തില്‍ പോലും പ്രധാനപ്പെട്ട ഭാഗമാകാതിരുന്ന ഈ രാമായണവും സീതയും രാമനും കേരളത്തിലെ ഹിന്ദു കുടുംബങ്ങളുടെ പ്രധാനപ്പെട്ട ഒരു ആരാധന വിശ്വാസ സംഹിതയായി മാറിയതും അതിനെ നിലനിര്‍ത്തുന്ന ഒരു അനുഷ്ഠാന ക്രമമായി രാമായണ വായന മാറിയതും തികച്ചും ആധുനികമായ പ്രക്രിയയാണ് എന്നാണ് ഇത് കാണിക്കുന്നത്.

ദേശീയത, രാമായണം, ജാതി വിരുദ്ധ ജനാധിപത്യം

ദേശീയപ്രസ്ഥാനത്തിന്റെയും ഗാന്ധിയന്‍ ദേശീയതയുടെയും ഭാഗമായിട്ടാണ് രാമരാജ്യവും ശ്രീരാമന്‍ ആദര്‍ശ പുരുഷനുംമായിട്ടുള്ള രാമന്റെ ഇമേജ് കടന്നു വരുന്നത്. രാമയണത്തില്‍ വിഭാവനം ചെയുന്ന ശ്രീരാമന്‍ ഒരു ആദര്‍ശ പുരുഷനായും ആദര്‍ശ ഭരണാധികാരിയുമായുള്ള രാഷ്ട്ര വ്യവസ്ഥഭാവന തീര്‍ത്തും സ്ത്രീ വിരുദ്ധവും കീഴാള ബഹുജന വിരുദ്ധവുമായിട്ടുള്ള ഒരു ഭരണകൂട അധികാരവും ചൂഷണ രൂപവുമാണ്. വാല്‍മീകി രാമായണത്തില്‍ ശൂദ്രരോടും ഗോത്രസമൂഹങ്ങളോടും ഇല്ലാ വിഭാഗത്തിലുമുള്ള സ്ത്രീകളോടും രാമനും രാമരാജ്യവും എങ്ങനെ ഹിംസയും ക്ഷാത്ര ധര്‍മ്മവുമായി ഇടപെട്ടു എന്നു വ്യക്തമാക്കുന്നുണ്ട്. ഈ ലോകവീക്ഷണത്തെയും സമൂഹവിഭജന ക്രമവും ധര്‍മ്മവ്യവസ്ഥയായി സംരക്ഷിക്കപ്പെടുന്ന ഒന്നാണ് രാമരാജ്യ ഭാവന. ഇത്തരത്തിലുള്ള ഒരു ബ്രാഹ്മണ്യ സാമൂഹിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണകൂട രൂപത്തെ ആദര്‍ശാത്മക ഹിന്ദു രാഷ്ട്ര വ്യവസ്ഥയായി ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് സന്നിവേശിപ്പിച്ചത് ഗാന്ധിയാണ്. ഗാന്ധിയുടെ ഗുജറാത്തി ബനിയ പശ്ചാത്തലത്തില്‍ രൂപപ്പെട്ട ജാതി ബോധ്യങ്ങളും വര്‍ണ്ണ ധര്‍മ്മ ഭാവനയുമാണ് ഇതിനു കാരണം. അതിന്റെ ഭാഗമായിട്ടാണ് രാമരാജ്യം എന്ന് പറയുന്ന, ഏതോ ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്ന് പുരാണത്തിലും ഇതിഹാസത്തിലെ പാഠവത്കരിക്കപ്പെട്ട വിശ്വാസമായി നിലനിന്നതിനെ, ഒരു മഹത്തായ ഹിന്ദു ഭൂതകാലമെന്നു വ്യാഖ്യാനിച്ച് കൊളോണിയല്‍ വിരുദ്ധ സമരത്തിലുപയോഗിച്ചത്. ആദര്‍ശാത്മക ദേശരാഷ്ട്രമെന്ന് മുന്നോട്ടു വെച്ച ഗാന്ധിയന്‍ ഭാവനയുടെ ഒരു തലം ഈ രാമരാജ്യത്തില്‍ ഉണ്ട്.
രാമനെയും രാമരാജ്യത്തെയും അടിസ്ഥാനപ്പെടുത്തി ദേശീയ പ്രസ്ഥാനത്തിന്റെ ദേശ രാജ്യ ബിംബമായി രാമരാജ്യത്തെ രാഷ്ട്രിയ ഭാവനയാക്കിയ ഗാന്ധിയന്‍ രീതിയെ കീഴാള ബഹുജനങ്ങളുടെ രാഷ്ട്രീയം പ്രതിരോധിച്ചിട്ടുണ്ട്. ത്രൈവര്‍ണ്ണിക ഹിന്ദു ഭൂതകാല രാജ്യ ഭാവനയെ ദേശിയതയായി അവതരിപ്പിച്ചപ്പോള്‍ രാമരാജ്യസങ്കല്പത്തിനും ശംബൂകനെ കൊന്ന രാമന്റെ ചാതുര്‍വര്‍ണ്ണ ഹിംസക്കുമെതിരെ ‘രാവണായനം’ എന്ന തമിഴ് ദേശീയത സങ്കല്‍പ്പം മുന്നോട്ടു വച്ചുകൊണ്ടാണ് പെരിയോര്‍ രാമസ്വാമി നായ്ക്കര്‍ ജനാധിപത്യത്തെയും തുല്യനീതിരാഷ്ട്രീയത്തെയും പറ്റി സംസാരിച്ചത്. ഇതേ ഘട്ടത്തില്‍ തന്നെയാണ് രാമായണം ഉള്‍പ്പടെയുള്ള വര്‍ണ്ണ സാഹിത്യങ്ങള്‍ ബ്രാഹ്മണിസത്തിന്റെ പ്രതിവിപ്ലവ തത്വ ശാസ്ത്രമായി അംബേദ്കര്‍ പ്രഖ്യാപിച്ചതും. അംബേദ്കര്‍ എഴുതിയ Riddles in Hinduism, Philosophy of Hinduism, Annihilation of Caste എന്നി ഗ്രന്ഥങ്ങള്‍ ഇന്ത്യ ആധുനിക ജനാധിപത്യ ദേശരാഷ്ട്രവും ഇന്ത്യക്കാര്‍ ഒരു ദേശീയജനതയും ആകണമെങ്കില്‍ ജാതി നശീ കരണത്തോടൊപ്പം വര്‍ണ വ്യവസ്ഥയുടെ സാംസ്‌കാരിക അധീശത്വത്തെ നശിപ്പിക്കണം എന്നുകൂടി പ്രഖ്യാപിക്കുന്ന ഗ്രന്ഥങ്ങളാണ് ഇവയെല്ലാം. ജാതി വിരുദ്ധ ജനാധിപത്യത്തിനായി അംബേദ്കര്‍ ചിട്ടപ്പെടുത്തുന്ന ദര്‍ശനം ഉള്ളടങ്ങിയ ഗ്രന്ഥങ്ങള്‍ കൂടിയാണിവ. അംബേദ്കറും തന്തൈ പെരിയോര്‍ ഇ വി ആറും നിരാകരിച്ച ജാതിഹിന്ദുക്കളുടെ മേല്‍കോയ്മയില്‍ രൂപപ്പെട്ട അവരുടെ ഭാവനക്കനുസൃതമായിട്ടുള്ള ഒരു ദേശീയതയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചിഹ്നമായിരുന്നു രാമന്‍. അത് യഥാര്‍ത്ഥത്തിലുള്ള ഒരു രാഷ്ട്രവ്യവസ്ഥയായി ഭാവിയില്‍ മുന്നോട്ട് വച്ചാല്‍ അതിന് പുറന്തള്ളപ്പെട്ട മനുഷ്യരും അപരകര്‍തൃത്വങ്ങളും ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയില്ല. അത് ദളിതരാകാം. ന്യൂനപക്ഷങ്ങളാകാം. മുസ്ലിങ്ങളാകാം. ആരുമാകാം. ഇല്ലെങ്കില്‍ ഈ ത്രൈവര്‍ണിക സാംസ്‌കാരിക ജീവിതത്തെയും ജീവിത പദ്ധതിയെയും അംഗീകരിക്കാത്തവരെല്ലാം. അതിന്റെ ഇരകളായിരിക്കും. അപരത്വങ്ങളായി ദളിതരെയും മുസ്ലിം ന്യൂനപക്ഷങ്ങളെയും നിരന്തരമായി സൃഷ്ടിക്കാനാവശ്യമായിട്ടുള്ള തത്വശാസ്ത്രപരവും സാമൂഹ്യവും സാംസ്‌കാരികവുമായ ബ്രാഹ്മണിക് മൂല്യവ്യവസ്ഥ ഏറ്റവും കൂടുതല്‍ പ്രദാനം ചെയ്യുന്ന ഒരു കള്‍ട്ട് എന്ന നിലയിലാണ് രാമായണം ഹിന്ദുത്വവാദികള്‍ക്ക് ഏറ്റവും സ്വീകാര്യമായി വരുന്നത്. ഇതിന്റെ ആത്യന്തികമായ ലക്ഷ്യം കേരളം പോലെ ജനസംഖ്യാനുപാതികമായും രാഷ്ട്രീയമായും സാമ്പത്തികമായും പങ്കാളിത്തമുള്ള ന്യൂനപക്ഷങ്ങളെ മുന്‍നിര്‍ത്തി രാമായണം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രധാന രാഷ്ട്രിയ പദ്ധതിയായി മാറുന്നത്. രാവണനെന്ന അസുരന്റെ പ്രതിച്ഛായയില്‍ ഹിന്ദു ധര്‍മ്മവ്യവസ്ഥക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ലിം അപരത്വത്തെ സൃഷ്ടിക്കാന്‍ എളുപ്പമാക്കുന്ന ഒരു പാരായണ സംസ്‌കാരത്തെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിന്യസിക്കുക എന്നതാണതിന്റെ രാഷ്ട്രിയം ലക്ഷ്യം വയ്ക്കുന്നത്. കാവ് പാരമ്പര്യങ്ങളെ ക്ഷേത്ര ബ്രാഹ്മണത്തിന്റെ യജ്ഞ ഹോമ സംസ്‌കാരത്തിന്റെ ഭാഗമാക്കിയും കീഴാള ദലിത് സമൂഹത്തെ മുസ്ലിം വിരുദ്ധരുമാക്കുന്ന സാംസ്‌കാരിക ബോധ്യത്തെ പ്രചണ്ഡ പ്രചാരണത്തിലൂടെ നിരന്തരം നിര്‍മിച്ചും സാധ്യ മാക്കികൊണ്ടിരിക്കുന്നു. ധര്‍മ്മവ്യവസ്ഥയെ, ബ്രഹ്മണ്യത്തെ, ജാതിവ്യവസ്ഥയെ, പുരുഷാധിപത്യത്തെ ചോദ്യം ചെയ്യാത്ത ആദര്‍ശ ധര്‍മ്മപദ്ധതിയായി സാംസ്‌കാരിക ദേശീയതയുടെ രാഷ്ട്രിയ ബോധം സാമാന്യബോധം ആക്കി മാറ്റുന്നു. ജയ് ശ്രീ രാം വിളികള്‍ ഭരണഘടന മൂല്യങ്ങള്‍ക്കും തുല്യ പൗരത്വത്തിനും എതിരായ കൊലവിളികളായി മാറിയിരിക്കുന്നു. അക്രമത്തെ സംരക്ഷിക്കുന്ന ഫാസിസ്റ്റു ഭരണകൂടാധിപത്യത്തിനു കീഴടങ്ങി നില്‍ക്കുന്ന വിധേയ കര്‍ത്തൃത്വങ്ങളായി മനുഷ്യരെ മാറ്റുന്ന ഒരു പ്രത്യയശാസ്ത്രധര്‍മം രാമരാജ്യ സങ്കല്‍പ്പത്തിലുണ്ട്. അതിന്റെ പുരുഷ പ്രതീകമാണ് രാമന്‍. വര്‍ണ ജാതി ധര്‍മത്തെ, കാലാനുസൃതമായി വരുന്ന ഏതു തരത്തിലുള്ള മേല്‍കീഴ് ബന്ധത്തെയും പുനഃസ്ഥാപിക്കുന്ന ഒരു ടെക്സ്റ്റ് ആണ് രാമായണം എന്നതുകൊണ്ടാണ് മഹാഭാരതത്തിന് പകരമായി രാമാണം ഹിന്ദുത്വത്തിന്റെ പ്രതീകവും രാമന്‍ ഹിന്ദുരാഷ്ട്രത്തിന്റെ കള്‍ട്ടു ഫിഗറും ആയി മാറുന്നത്.

രാമായണ രാമരാജ്യം കീഴാളരോടും സ്ത്രീകളോടും കരുണയും നീതിയും കാണിക്കാതെ ഹിംസയാണ് പ്രയോഗിച്ചിട്ടുള്ളത്. അപ്പോള്‍ ഹിംസയെ സാധൂകരിക്കുന്ന ഭരണകൂടം, ഹിംസ ഉപയോഗിച്ചുകൊണ്ട് അപരസാന്നിധ്യങ്ങളെയും അപരകര്‍ത്തൃത്വങ്ങളെയും ഉച്ചാടനം ചെയ്യുകയും നിഷ്പ്രഭമാക്കുകയും അതുവഴി ഏകാധിപത്യരൂപത്തിലുള്ള ഫാഷിസ്റ് മനഃശാസ്ത്രത്തെ സൃഷ്ടിക്കുകയും ചെയ്യുന്നത്തിനു മനുഷ്യരെ പരുവപ്പെടുത്തുന്ന ഒരു പാരായണ സംസ്‌കാരമാക്കി രാമായണത്തിന്റെ ഹിന്ദുത്വവായന മാറുന്നു. അതായതു ഒരു ഹിന്ദുത്വ ഫാഷിസ്റ് മനോഘടനക്ക് അനുസൃതമായ ഒരു സംഘപരിവാര്‍ ബോധത്തെ എല്ലാ മനുഷ്യരിലും – സവര്‍ണരിലും അവര്‍ണരിലും ദളിതരിലും പിന്നോക്കക്കാരിലും ഭക്തിയുടെ രൂപത്തില്‍ സാമാന്യ ബോധത്തിന്റെ സമ്മതത്തിന്റെ തലത്തില്‍ പ്രച്ഛന്നമായി സൃഷ്ടിക്കുന്ന ഒരു ബോധ്യവും വിചാരവും പ്രത്യയശാസ്ത്രമായിട്ടുള്ള ഒരു പരിസരം നിര്‍മിക്കുന്നു. മനുഷ്യരുടെ പൊതു സാമാന്യമാകുന്നതോടു കൂടി അതായത് കോമണ്‍ സെന്‍സ് ആകുന്നതോടു കൂടി തങ്ങള്‍ നിരന്തരം പാരായണം ചെയ്യുന്ന രാമായണം ഏതു തരം പ്രത്യയ ശാസ്ത്രവും ജീവിത ബോധവും ആണ് ആന്തരവല്‍ക്കരിക്കുന്നതു എന്ന് സാമാന്യജനത്തിന് സ്വയം ചോദിക്കാന്‍ കഴിയാത്ത വിധം അവരുടെ ദൈന്യം ദിന സാമാന്യ ബോധത്തെ മെരുക്കിയെടുക്കുകയും വര്‍ഗ്ഗീയവല്‍ക്കരിക്കാനും കഴിയുന്നു. ഹിന്ദുത്വ ഫാഷിസ്റ് ഏകാധിപത്യ ഭരണത്തിനോ ഭരണകൂടത്തിനോ അതിന്റെ പ്രത്യശാസ്ത്രത്തിനോ അനുഗുണമായി വ്യക്തികളെ സബ്ജെക്റ്റുകളാക്കി പ്രജകളും ഇരകളും ആക്കി മാറ്റുന്നു. അതിനെ എതിര്‍ക്കുന്നവരെ, അതിനോട് കലഹിക്കുന്നവരെ വിമര്‍ശിക്കുന്നവരെ ഹിന്ദു വിരുദ്ധരും ദേശ ദ്രോഹികളുമാക്കുന്നു. ദലിത് ചിന്തകര്‍, ന്യൂനപക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റുകള്‍ യുക്തിവാദികള്‍ സ്വാതന്ത്രചിന്തകര്‍ എന്നിവരെ രാക്ഷസന്മാരായി കാണുന്നു. രാക്ഷസന്മാരായ അപരത്വങ്ങളെ ധര്‍മ്മ രാജ്യം പുനഃസ്ഥാപിക്കാന്‍ വേണ്ടി, ഒരു ഹിന്ദു രാജാവ് എങ്ങനെ ഹിംസ പ്രയോഗിച്ചോ അതുപോലെ ഹിംസ ഉപയോഗിക്കുന്നതിനെ സാധൂകരിക്കുന്ന ഒരു പാഠം അതിലടങ്ങിയിരിക്കുന്നതുകൊണ്ടാണ് സംഘപരിവാറുകാര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഗ്രന്ഥമായി രാമായണവും രാമനും മാറുന്നത്.

മലയാളിയുടെ സാംസ്‌കാരിക ബോധത്തില്‍ ഇതിനെ എപ്പോഴും നിലനിര്‍ത്തുക എന്ന ഒരു പരിപാടിയിലൂടെ മാത്രമേ കേരളം നവോത്ഥാനത്തിന്റെ ഭാഗമായി ഉയര്‍ത്തികൊണ്ടു വന്ന ജാതി വിരുദ്ധ ജനാധിപത്യ ഭാവനയെയും മത നിരപേക്ഷ മാനവിക ബോധത്തെയും അട്ടിമറിക്കാന്‍ കഴിയുകയുള്ളു. ഹിന്ദുത്വ രാമായണം പാരായണം ഒരാള്‍ക്ക് ഭരണഘടന മൂല്യങ്ങള്‍ക്ക് പകരമായി രാമരാജ്യം വിഭാവനം ചെയ്യുന്ന ബ്രാഹ്മണിക് സാമൂഹിക മൂല്യമായിരിക്കും സമൂഹത്തെ വിലയിരുത്താനുള്ള അളവുകോല്‍. ഒരിക്കലും ഒരു ജനാധിപത്യ വാദിയാവാന്‍ കഴിയാത്തവിധം ഫാസിസിസ്റ്റു മനോഘടന സൃഷ്ടിക്കുന്ന പ്രത്യയ ശാസ്ത്രമാണ് പാരമ്പര്യ ജാതി മൂല്യങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്നതു. സാമൂഹിക നീതിയെക്കുറിച്ചു ആലോചിക്കുന്നയാള്‍ക്ക്, തുല്യമനുഷ്യരെ ഭാവനപ്പെടുത്തുന്നയാള്‍ക്ക്, ജനാധിപത്യത്തെക്കുറിച്ചു ഉത്കണ്ഠപ്പെടുന്നൊരാള്‍ക്ക്, ജനാധിപത്യവാദിയായ ഒരാള്‍ക്ക് ഭരണകൂട ഹിംസയെയും അപരത്വങ്ങളെ ഹിംസാത്മകമായി നശിപ്പിക്കുന്ന രാമന്റെ പ്രതീകത്തെ എങ്ങനെ അംഗീകരിക്കാന്‍ കഴിയും? പറയരുടെയും പുലയരുടെയും ഈഴവരുടെയും പിന്നോക്കക്കാരുടേയും അനുഷ്ഠാനകേന്ദ്രങ്ങളും ആത്മീയ കേന്ദ്രങ്ങളുമായിരുന്ന, അബ്രാഹ്മണമായിരുന്ന ആരാധനാസ്ഥലങ്ങളെ ഹിന്ദുവത്കരിക്കുകയും ബ്രഹ്മണ്യ അനുഷ്ഠാന യജ്ഞസംസ്‌കാരത്തിന്റെ വിളനിലമാക്കി മാറ്റുകയും ചെയ്തതിന്റെ ഭാഗമായിട്ടു കൂടിയാണ് 80കള്‍ മുതല്‍ രാമായണം വായന ഉണ്ടായി വന്നത്. മറ്റൊന്ന് 80 കള്‍ക്ക് ശേഷമുള്ള രാമനെ കേന്ദ്രീകരിച്ചുകൊണ്ടുള്ള സീരിയലുകളാണ്. പോപ്പുലര്‍ കള്‍ച്ചര്‍ എന്ന് പറയുന്ന ജനപ്രിയ ദൃശ്യസംസ്‌കാരത്തിലേക്ക് ഇത്തരം രൂപങ്ങളെ കുടുംബത്തിലേക്ക് എത്തുന്ന രീതിയില്‍ കുടുംബ രാമായണമായി മാറ്റിയപ്പോള്‍ ഹിന്ദുകുടുംബങ്ങളില്‍ ഹിന്ദുത്വത്തിന്റെ ഒരു സാംസ്‌കാരിക ബോധ്യം അനുഷ്ഠനത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി വന്നു. രാമായണ വായനയടക്കമുള്ള പ്രക്രിയകളിലൂടെ ഒരു ഹിന്ദുത്വവാദി എല്ലാ കുടുംബങ്ങളിലും ചെറുതോ വലുതോ ആയി നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നതു ഉറപ്പാക്കുന്നതാണ് പരിവാര്‍ രാഷ്ട്രീയത്തിന്റെ ലക്ഷ്യം.

രാമായണവും മഹാഭാരതവും എഴുതിയത് ദളിതരോ കിഴാളരോ ആണെന്നും അവര്‍ണ്ണ സമൂഹങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് ഇതിഹാസങ്ങള്‍ എന്നിങ്ങനെയുള്ള വാദങ്ങള്‍ സാധാരണ കേള്‍ക്കാറുള്ളതാണ്. എന്നാല്‍ രാമായണം ഏതു സാമൂഹിക വ്യവസ്ഥിതിയെയാണ്, ജാതി വര്‍ണ്ണ ഘടനയെയാണ് അലംഘനീയമായി ധര്‍മവ്യവസ്ഥയായി ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ആദര്‍ശ വ്യവസ്ഥയായി നിലനിര്‍ത്തുന്നത് എന്നതാണ് പ്രധാനം. ചാതുര്‍വര്‍ണ്ണത്തിന്റെയും ജാതിഭേദങ്ങളുടെയും ബ്രാഹ്മണ്യ പുരുഷാധിപത്യ ത്തെയും ധര്‍മ്മവ്യവസ്ഥയായി കരുതുന്ന ഒരു പ്രത്യയശാസ്ത്രം കിഴാളരേയും സ്ത്രീസമൂഹത്തെയും ഭക്തിയിലൂടെ വിധേയ കര്തൃത്വങ്ങളാക്കി അംഗീകരിപ്പിക്കുന്ന കോയ്മ പ്രത്യയശാസ്ത്രമാണ് രാമായണവും മറ്റു ഇതിഹാസ പുരാണ പാരമ്പര്യങ്ങളും ചരിത്രത്തില്‍ വഹിച്ച പ്രധാനപങ്ക് എന്നാണ് ഡി ഡി കോസംബി, ബി ആര്‍ അംബേദ്കര്‍, ഇ വി രാമസ്വാമി നായ്ക്കര്‍ രാഹുല്‍ സംസ്‌കൃത്യയാന്‍ മുതലായവര്‍ അവരുടെ എഴുത്തുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുള്ളത് എന്ന കാര്യം ഇത്തരം വാദക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

(അവസാനിച്ചു.)

ഈ ലേഖനപരമ്പയുടെ ആദ്യഭാഗങ്ങള്‍ താഴെ

രാമായണം ജാതീയ വര്‍ണ്ണ മേല്‍ക്കോയ്മ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്രം

ദക്ഷിണേന്ത്യയിലെ ക്ഷേത്രസംസ്‌കാരവും രാമായണവും

ഇതിഹാസപാരമ്പര്യമല്ല, കേരളത്തിന്റേത് കാവ് പാരമ്പര്യം – ഡോ കെ എസ് മാധവന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “രാമായണ വായനയുടെ രാഷ്ട്രിയം – ഡോ കെ എസ് മാധവന്‍

  1. 1960 കളിലും 70 കളിലും (ഇതിന്റെ തുടക്കം നൂറ്റാണ്ടുകള്‍ക്ക് മുമ്പ്) ഹിന്ദുത്വ ശക്തികള്‍ അധികാരം ആര്‍ജ്ജിക്കാന്‍ വേണ്ടി അസംഘടിതരായ ഹിന്ദുക്കളില്‍ ഒരു പൊതു തീവ്ര വികാരമുണ്ടാക്കാന്‍ വേണ്ടി തല പുകഞ്ഞ് ആലോചിച്ച് കണ്ടെത്തിയ കുതന്ത്രങ്ങളില്‍ ഒന്നാണ് ഈ രാമനൈസേഷന്‍. മാത്രമല്ല, 1980 എന്നത് നിങ്ങള്‍ക്ക് / നമുക്ക് മാറ്റാം . .പലയിടത്തും പല കാലത്ത് . .പക്ഷേ . . ഇത് അവര്‍ണ്ണര്‍ക്കിടയില്‍ അടുത്ത കാലത്ത് തുടങ്ങിയതാണ് എന്ന് ഞാന്‍ പറയില്ല. കാരണം. . ഇപ്പോഴും അവര്‍ണ്ണര്‍ രാമായണം വായിക്കാറില്ല. അതിനെ കുറിച്ച് പറയാറേ ഉള്ളൂ. . . ഈ അടുത്ത കാലത്ത് അമ്പലങ്ങളില്‍ റിക്കാര്‍ഡ് പാട്ട് വെക്കും. . .എന്നാല്‍ രാമയണമെന്ന കൃതിക്ക് ഇന്ത്യന്‍ സമൂഹത്തില്‍ / കേരള സമൂഹത്തില്‍ നൂറ്റാണ്ട്കള്‍ക്ക് മുമ്പെ ഒരു ഗൃഹാതുരതമായി നില നില്‍ക്കുന്നുണ്ട്. ചൊല്ല് പറയാറുള്ളത് പോലെ രാമായണം നേരിട്ട് കണ്ടവരും അത് പാരായണം ചെയ്തവരും വിരലിലെണ്ണാവുന്നവരായിരുന്നു. അതിന്റെ ചരിത്രവും പശ്ചാത്തലവും അറിയുന്നവര്‍ ആരുമുണ്ടായിരുന്നില്ല എന്ന് പറയുന്നതായിരുന്നു സത്യം. പിന്നീട് രാമായണമെന്ന മൂല കൃതിയെ തങ്ങളുടെ ഭാവനക്ക് അനുസരിച്ച് വ്യാഖ്യാനിച്ച് എഴുതപ്പെട്ട നിരവധി കൃതികളിലൂടെയാണ് സത്യത്തില്‍ രാമായണം നില നിന്നത്. അത് പലതും പല രൂപത്തിലും. . .

Leave a Reply