‘പെഡഗോഗി ഓഫ് ഡിസന്റ്.’ – വിയോജിപ്പിന്റെ ബോധനശാസ്ത്രം

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂട ആശയങ്ങളുടെ വിമര്‍ശനമാണ് Pedagogy of Dissent എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. റമിന്‍ ജഹന്‍ബഗ്ലൂ ആണ് പുസ്തകത്തിന്റെ കര്‍ത്താവ്.

വിദ്യാഭ്യാസത്തെ തൊഴില്‍ നേടാനും പണം സമ്പാദിക്കാനുമുള്ള ഒരു മാര്‍ഗ്ഗമായാണ് പൊതുസമൂഹം ഇന്ന് കാണുന്നത്. വല്ലതും നാലക്ഷരം പഠിച്ച് രക്ഷപ്പെടാനാണ് നാം കുട്ടികളെ ഉപദേശിക്കാറുള്ളത്. വ്യക്തികള്‍ക്ക് കരപറ്റാനുള്ള കുറുക്കുവഴിയായി വിദ്യാഭ്യാസത്തെ നാം കാണാന്‍ തുടങ്ങിയിരിക്കുന്നു. മുതലാളിത്ത ലോകത്തിന്റെ യുക്തിയാണ് മല്‍സരം. അതേറ്റവും ശക്തമായി നിലനില്‍ക്കുന്ന ഒരു വ്യവഹാരമണ്ഡലമാണ് വിദ്യാഭ്യാസം. നമ്മുടെ രാജ്യത്ത് നടപ്പാക്കുന്ന വിദ്യാഭ്യാസനയങ്ങളും ഈ മല്‍സരത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. സമൂഹത്തെ മൗലികമായി മാറ്റിത്തീര്‍ക്കാന്‍ ശേഷിയുള്ള പൗരരെ സൃഷ്ടിക്കാനുള്ള യത്‌നമായി വിദ്യാഭ്യാസത്തെ ഭരണകൂടം കാണുന്നില്ല. സാമൂഹികമായ കാര്യക്ഷമതയുള്ള പൗരസമൂഹമാണ് ജനാധിപത്യത്തിന്റെ കരുത്ത് എന്ന് അംബേദ്ക്കര്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കാര്യക്ഷമത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സൃഷ്ടിക്കാന്‍ കഴിയൂ. ഭരണകൂടവും വിയോജിപ്പും തമ്മിലുള്ള ബന്ധമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. വിയോജിപ്പ് എന്നതിന് യോജിപ്പില്ലായ്മ എന്ന് മാത്രമല്ല അര്‍ത്ഥം. ആത്മനിഷ്ഠമായ ഇഷ്ടാനിഷ്ടങ്ങളല്ല സാമൂഹികമായ യോജിപ്പിനും വിയോജിപ്പിനും ആധാരം. ബൗദ്ധികവും ധാര്‍മ്മികവുമായ ആര്‍ജ്ജവത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം വിയോജിപ്പ്. ഇത്തരമൊരു ആര്‍ജ്ജവം ഉണ്ടാക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ചുരുക്കത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആദര്‍ശവും അതിന്റെ പ്രയോഗവും തമ്മിലുള്ള ഈ വൈരുദ്ധ്യം സാമൂഹ്യവികാസത്തെ വലിയ തോതില്‍ തടയുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ വിമോചനമൂല്യത്തെ ഉന്‍മൂലനം ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ അതിനെ തിരിച്ചു പിടിക്കാന്‍ നിരന്തരം യത്‌നിച്ച ചിന്തകരും ചരിത്രത്തിലുടനീളം ഉണ്ടായിരുന്നു. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഭരണകൂട ആശയങ്ങളുടെ വിമര്‍ശനമാണ് Pedagogy of Dissent എന്ന പുസ്തകത്തിന്റെ ഉള്ളടക്കം. റമിന്‍ ജഹന്‍ബഗ്ലൂ ആണ് പുസ്തകത്തിന്റെ കര്‍ത്താവ്.

വിയോജിപ്പ് എന്നാല്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തലും സാമൂഹ്യയാഥാര്‍ത്ഥ്യം, അനീതി, അസമത്വം എന്നിവയെ ചോദ്യം ചെയ്യലുമാണ്. വിയോജിക്കാനുള്ള ശേഷി താനേ കരഗതമാകുന്നതല്ല. അത് നിരന്തരമായ സമരങ്ങളിലൂടെ നേടിയെടുക്കേണ്ടതാണ്. സമൂഹവുമായും ചുറ്റുമുള്ള ലോകവുമായും വിമര്‍ശനാത്മകമായി ഇടപെട്ടുകൊണ്ടേ ഈ ശേഷി കൈവരിക്കാനാകൂ. ഒരു സമൂഹത്തിലെ രാഷ്ട്രീയവും സാമൂഹ്യവുമായ മാമൂലുകളെ വെല്ലുവിളിക്കാനും അട്ടിമറിക്കാനുമുള്ള ഇച്ഛയും കഴിവുമാണ് വിയോജിക്കുന്ന ഒരാള്‍ ആര്‍ജ്ജിക്കേണ്ടത്. ഇതിനായി തന്റെ ബൗദ്ധികവും സൗന്ദര്യശാസ്ത്രപരവും ധാര്‍മ്മികവുമായ മൂല്യങ്ങളെ അയാള്‍ക്ക് നിരന്തരം പുനരുല്‍പ്പാദിപ്പിക്കാന്‍ കഴിയണം. മാറ്റത്തിന്റെ വക്താക്കളായി പൗരസമൂഹത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്ന ബോധനശാസ്ത്രത്തെയാണ് വിയോജിപ്പിന്റെ ബോധനശാസ്ത്രം എന്ന് പറയുന്നത്. മാനവികതയിലടിയുറച്ച തെളിഞ്ഞ ബോധവും ധൈര്യവുമാണ് വിദ്യാഭ്യാസത്തിലൂടെ ഉണ്ടായി വരേണ്ടത്. സാമൂഹ്യമായ നിസ്സംഗതക്കും സ്വാര്‍ത്ഥതക്കും ഭയത്തിനുമെതിരെ ഉണര്‍ന്നിരിക്കുന്ന ധിഷണയാണ് വിയോജിപ്പിനുള്ള മുന്നുപാധി. നീതിയുക്തമായ ഒരു സമൂഹം നിര്‍മ്മിക്കുന്നതിനുള്ള പോരാട്ടം പരിവര്‍ത്തിപ്പിക്കപ്പെട്ടതും ശാക്തീകരിക്കപ്പെട്ടതുമായ മാനവികതക്കായുള്ള പോരാട്ടം കൂടിയാണ്. മനുഷ്യസമൂഹം അതിന്റെതന്നെ വിധാതാക്കളായിത്തീരുമ്പോഴാണ് വിയോജിപ്പ് അര്‍ത്ഥപൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി മുന്നോട്ട് വെക്കുന്ന പ്രധാന ആശയം ഇതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അധികാരത്തോട് സത്യം പറയാന്‍ ധൈര്യം കാണിച്ച ഏതാനും ആക്റ്റിവിസ്റ്റുകളുടെ ചിന്താലോകത്തെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയാണ് ജഹന്‍ബെഗ്ലു ഈ പുസ്തകത്തില്‍. സോക്രട്ടീസ്, മാല്‍ക്കം എക്‌സ്, ഗാന്ധി, പൗലോഫ്രെയര്‍, ഗുസ്താവോ ഗുത്തീറസ്സ്, ബി.ആര്‍. അംബേദ്ക്കര്‍ എന്നിവരുടെ വിദ്യാഭ്യാസ ദര്‍ശനങ്ങളാണ് ഇതില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ജനാധിപത്യത്തില്‍ വിയോജിപ്പിനുള്ള സ്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ് ഈ പുസ്തകം. മേല്‍പ്പറഞ്ഞ ചിന്തകരുടെ ആശയങ്ങള്‍ക്ക് ആഗോളതലത്തില്‍ത്തന്നെ പ്രസക്തിയേറുകയാണ്. കാരണം വിയോജിപ്പുകളെ ഉന്‍മൂലനം ചെയ്യാനുള്ള പ്രവണത ലോകത്തുടനീളം വളര്‍ന്നുവരുന്നു. സമകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ഇക്കാര്യം എത്ര പ്രസക്തമാണെന്നതിന് വിശദീകരണം ആവശ്യമില്ലല്ലോ.

വിയോജിപ്പിന് ഇടമില്ലാത്ത സമൂഹം അസന്തുഷ്ടസമൂഹമായിരിക്കും. വിയോജിപ്പ് എന്നത് ഒരു രാഷ്ട്രീയ തന്ത്രമോ സാംസ്‌ക്കാരിക പ്രതിഭാസമോ അല്ല. അത് യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യാനുള്ള ഒരു മാര്‍ഗ്ഗമാണ്. വിയോജിക്കുക എന്ന അര്‍ത്ഥമുള്ള dissent എന്ന വാക്കിന്റെ നിരുക്തമെന്താണെന്നോ ആ വാക്കിന്റെ പ്രയോഗചരിത്രം എന്താണെന്നോ അറിഞ്ഞില്ലെങ്കിലും മാനവസംസ്‌ക്കാരത്തില്‍ എല്ലായ്‌പ്പോഴും വിയോജിപ്പിന് ഇടം ഉണ്ടായിരുന്നുവെന്ന് ഊഹിക്കാം. സാമൂഹ്യമായ ഒരു ഒത്തുതീര്‍പ്പില്‍നിന്നോ പൊതുസമ്മതിയില്‍നിന്നോ വിട്ടുനില്‍ക്കുന്നതാണ് വിയോജിപ്പ്. എന്നാല്‍ വിയോജിക്കുക എന്നതിന് എതിര്‍ക്കുക എന്ന് മാത്രമല്ല അര്‍ത്ഥം. വിയോജിക്കുക എന്നാല്‍ വ്യവസ്ഥക്ക് പുറത്തുകടക്കലല്ല. അത് വ്യവസ്ഥക്കകത്തുനിന്ന് നിര്‍വ്വഹിക്കുന്ന വിമര്‍ശനമാണ്. വിയോജിക്കുന്ന ഒരാള്‍ എപ്പോഴും യാഥാസ്ഥിതികത്വത്തിന് പുറത്തു നിലയുറപ്പിച്ചിരിക്കുന്ന ഒരാളാണ്.

വിയോജനത്തിന്റെ സൗന്ദര്യശാസ്ത്രം ലോകത്തെ പഠിപ്പിച്ചത് സോക്രട്ടീസാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഉല്‍കൃഷ്ടതയുടെ ആവിഷ്‌ക്കാരമാണ് വിയോജിപ്പ്. അഭിപ്രായങ്ങളുടെ വാഹകനായിരുന്നില്ല സോക്രട്ടീസ്. അദ്ദേഹം വിയോജിപ്പിന്റേയും അതുവഴി അല്‍ഭുതങ്ങളുടേയും വേദന സഹിക്കാന്‍ തയ്യാറായ ഒരു ചിന്തകനാണെന്ന് അന്ന ആര്‍ഡന്‍ സൂചിപ്പിക്കുന്നുണ്ട്. അഥീനിയന്‍ പൊതുസമൂഹത്തില്‍ സോക്രട്ടീസ് നടത്തിയ ഇടപെടലുകള്‍ വിയോജനത്തിന്റെ ഏറ്റവും മികച്ച സൗന്ദര്യരൂപങ്ങളായിരുന്നു. വിയോജിപ്പ് എന്നാല്‍ കേവലം ഇഷ്ടക്കേടല്ല എന്നും അതിന് ബൗദ്ധികവും ധാര്‍മ്മികവുമായ ആര്‍ജ്ജവം ആവശ്യമാണെന്നും ലോകത്തെ പഠിപ്പിച്ചത് സോക്രട്ടീസാണ്. വിയോജിക്കുന്നയാള്‍ പലപ്പോഴും രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍നിന്നും ഭരണകൂടത്തില്‍നിന്നും നിശ്ചിത അകലം പാലിക്കും. നീതിരഹിതമായ എന്തിനോടും അയാള്‍ വിമര്‍ശനമുന്നയിക്കും. തന്റെതന്നെ നിലപാടുകളെ നിരന്തരം വിമര്‍ശനത്തിന് വിധേയമാക്കും.

സോക്രട്ടീസിന്റെ പരമ്പരയില്‍ വരുന്ന മറ്റൊരു പാശ്ചാത്യചിന്തകന്‍ റൂസ്സോയാണ്. അദ്ദേഹം ബോധനശാസ്ത്രത്തിന് നല്‍കിയ സംഭാവന ഗണനീയമാണ്. അദ്ദേഹത്തിന്റെ എമിലി എന്ന പുസ്തകം ഇപ്പൊഴും പ്രസക്തമായ ഒന്നാണ്. എമിലി എന്ന കുട്ടിയുടെ വളര്‍ച്ചയാണ് റൂസ്സോയുടെ പുസ്തകത്തിലെ മൂന്ന് അദ്ധ്യായങ്ങള്‍. ഇത് ഒരു കല്‍പ്പിത കഥാപാത്രമാണ്. കുട്ടിയില്‍ സ്വാശ്രയത്വം വളര്‍ത്താനുതകുന്ന ബോധനശാസ്ത്രമാണ് റൂസ്സോ അഭിലഷണീയമായിക്കരുതുന്നത്. അധികാരത്തിന്റെ നിയന്ത്രണങ്ങളില്‍നിന്ന് മുക്തമായി കുട്ടി സ്വയം പഠിക്കാന്‍ പ്രാപ്തിനേടുന്നിടത്താണ് ഒരു ബോധനശാസ്ത്രത്തിന്റെ വിജയം. ബൂര്‍ഷ്വാസമൂഹത്തിന്റെ അല്‍പ്പത്തങ്ങളില്‍നിന്ന് ‘എമിലി’യെ പുറത്തുകടക്കാന്‍ സഹായിക്കലാണ് റൂസ്സോയുടെ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യവും സ്‌നേഹവും തമ്മിലും പ്രകൃതിയും സമൂഹവും തമ്മിലും സമവായമുണ്ടാക്കാനുള്ള പരിശീലനമാണ് കുട്ടി ആര്‍ജ്ജിക്കേണ്ടത്. റൂസ്സോയെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടേയും ആത്മബോധനത്തിന്റേയും കേന്ദ്രം ധാര്‍മ്മികതയാണ്. മനുഷ്യരെ മാറ്റിത്തീര്‍ക്കാന്‍ കഴിയുമെന്ന ഉത്തമബോധ്യമാണ് വിയോജിപ്പിന്റെ ബോധനശാസ്ത്രത്തിലുള്ളത്. ജാത്യാലുള്ളത് തൂത്താല്‍ പോകില്ല എന്ന് കരുതുന്ന ഒരു സമൂഹം വിയോജിപ്പിനേയും അതിനെ ശാക്തീകരിക്കുന്ന ബോധനപദ്ധതിയേയും ഭയപ്പെടുക സ്വാഭാവികമാണ്. സ്വന്തം പരിമിതികളെ അതിവര്‍ത്തിക്കാനുള്ള ശേഷി ആര്‍ജ്ജിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യം. വിയോജിപ്പിന്റെ ബോധനശാസ്ത്രം കുട്ടിയെ ഇവ്വിധം പ്രാപ്തമാക്കുന്നു. ബോധനശാസ്ത്രത്തെ ജനാധിപത്യവുമായി ബന്ധിപ്പിക്കുന്നതും വിയോജിപ്പിന്റെ ബോധനശാസ്ത്രമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സോക്രട്ടീസിന്റേയും റൂസ്സോയുടേയും വഴിയില്‍ സമകാല വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദര്‍ശനത്തിന് രൂപം നല്‍കിയവരില്‍ പ്രമുഖനാണ് ജോണ്‍ ഡ്യൂയി. പൗരവിദ്യാഭ്യാസം എന്ന ആശയം അവതരിപ്പിച്ചത് ജോണ്‍ ഡ്യൂയി ആണ്. പരീക്ഷണാത്മകത, മൗലിക ജനാധിപത്യം, വിദ്യാഭ്യാസം എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ഡ്യൂയിയുടെ പൗരവിദ്യാഭ്യാസം എന്ന ആശയം. ജനാധിപത്യത്തെക്കുറിച്ച് ഡ്യൂയി നല്‍കുന്നത് രാഷ്ട്രീയ വിശദീകരണമല്ല. ജനാധിപത്യത്തെ ഒരു സാംസ്‌ക്കാരിക പ്രക്രിയയായാണ് അദ്ദേഹം കാണുന്നത്. അതായത് ജനാധിപത്യം എന്നത് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു ജീവിത ചര്യയാണ്. സമൂഹത്തില്‍നിന്ന് വേറിട്ട് നില്‍ക്കുന്നതിനെയല്ല ഡ്യൂയി വിയോജിപ്പായി കാണുന്നത്. സാഹോദര്യം എന്നത് ഒരു ജനാധിപത്യസമൂഹത്തിന്റെ അനിവാര്യ പ്രവണതയായി അദ്ദേഹം കാണുന്നു. നാമിന്ന് മനസ്സിലാക്കുന്നതുപോലെയുള്ള ഒരു രാഷ്ട്രീയ രൂപമല്ല ഡ്യൂയിയുടെ ജനാധിപത്യം. ആധുനിക അമേരിക്കയിലെ മൗലികമായ രാഷ്ട്രീയ പ്രവര്‍ത്തനമായാണ് ഡ്യൂയി വിദ്യാഭ്യാസത്തെ കണ്ടത്. ‘ജനാധിപത്യവും വിദ്യാഭ്യാസവും’ എന്നത് ജോണ്‍ ഡ്യൂയിയുടെ പ്രധാന കൃതിയാണ്. ഇത് പ്രസിദ്ധീകരിക്കുന്നതിനും ഏഴ് വര്‍ഷം മുമ്പ് ഹെന്റി ഡേവിഡ് തോറോ തന്റെ ‘സിവില്‍ ഡിസ്ഒബീഡിയന്‍സ്’ എന്ന കൃതി പ്രസിദ്ധീകരിച്ചു കഴിഞ്ഞിരുന്നു. ചോദ്യം ചെയ്യുക, വിയോജിക്കുക എന്നത് ഡ്യൂയിയുടെ കൃതിയിലേയും തോറോയുടെ കൃതിയിലേയും പ്രധാന ആശയങ്ങളാണ്. തോറോ നിയമലംഘനത്തെ ധാര്‍മ്മികമായ തിരുത്തല്‍ ശക്തിയായിക്കാണുന്നു. ആദര്‍ശാത്മകമായ ഒരു ജനാധിപത്യ സമൂഹത്തിലെ ജനകീയവിദ്യാഭ്യാസത്തിനുള്ള മഹത്തായ രൂപമായാണ് തോറോ നിയമലംഘനത്തെ കാണുന്നത്. നിയമങ്ങളെ അനുസരിക്കുന്ന ഒരാളെ തോറോ ഉത്തമപൗരനോ പൗരിയോ ആയി കാണുന്നില്ല. മറിച്ച് അനീതിക്കെതിരായ നിലപാട് സ്വീകരിക്കുകയും നീതിക്കായി പോരാടുകയും ചെയ്യുന്ന പൗരബോധമാണ് ജനാധിപത്യത്തിന്റെ ആത്മാവെന്ന് അദ്ദേഹം കരുതുന്നു. തങ്ങളുടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു ജനതക്കുണ്ട് എന്നതുകൊണ്ട് ആ സമൂഹത്തില്‍ ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് പറയാനാവില്ല. സാമൂഹ്യമായ കാര്യക്ഷമതയുള്ള പൗരര്‍ക്ക് പരസ്പരം പഠിക്കാന്‍ കഴിയണം. പൊതുവിഷയത്തില്‍ പരസ്പരം പ്രതിപ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള പൗരരെ സൃഷ്ടിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലുതായ പങ്കുണ്ട്. ഡച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന ഭരണക്രമത്തോടുള്ള വിയോജിപ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ജനാധിപത്യം, അവകാശം, വിയോജിപ്പ് എന്നിവയെക്കുറിച്ചുള്ള ആശയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്ത സ്പിനോസയാണ് ഈ ഗണത്തില്‍ സ്മരിക്കേണ്ട മറ്റൊരു പേര്. സാമൂഹ്യമായ കരാറും സഹിഷ്ണുതയും തമ്മിലുള്ള ബന്ധത്തെ വിശദീകരിച്ചു എന്നതാണ് സ്പിനോസയുടെ പ്രധാന സംഭാവന. ഈ ബന്ധത്തില്‍ ഏറെ നിര്‍ണ്ണായകമായിരിക്കുന്നത് വിദ്യാഭ്യാസമാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്പിനോസയുടെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്. മനുഷ്യര്‍ക്ക് അവരുടെ ലക്ഷ്യത്തിലെത്താനുള്ള ഓരോ പ്രവൃത്തിയും ബാഹ്യശക്തികളുടെ നിയന്ത്രണ സീമക്കകത്തുനിന്നേ നിര്‍വ്വഹിക്കാനാവൂ. ഈ സന്ദര്‍ഭത്തില്‍ യുക്തി ഏറെ പ്രധാനമായിത്തീരുന്നു. ഈ യുക്തിയാണ് നമ്മെ നിയന്ത്രിക്കുന്ന ബാഹ്യശക്തികളെ മനസ്സിലാക്കാനും നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്താനും സഹായിക്കുന്നത്. ഭരണവര്‍ഗ്ഗത്തിന്റെ അവകാശവും സ്വാതന്ത്ര്യവും നിര്‍വ്വചിക്കപ്പെടേണ്ടത് പൗരസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും അനുപൂരകമായിക്കൊണ്ടായിരിക്കണമെന്ന് സ്പിനോസ കരുതുന്നു.

തോറോയെപ്പോലെ ഗാന്ധിയും വിയോജിപ്പിനെക്കുറിച്ച് ചിന്തിക്കുന്നത് പൗരബോധനത്തിന്റെ അടിസ്ഥാനത്തിലാണ്. ഭരണകൂടത്തിന്റെ ജനവിരുദ്ധ സമീപനങ്ങളെ ധാര്‍മ്മികബോധംകൊണ്ട് നേരിടാനാണ് ഗാന്ധി ശ്രമിക്കുന്നത്. വിയോജിപ്പിന്റെ ബോധനശാസ്ത്രം സ്വരാജിലേക്കുള്ള പാതയാണെന്ന് അദ്ദേഹം കരുതുന്നു. നിയമലംഘനത്തെ ഒരു ധാര്‍മ്മികസമരമായാണ് ഗാന്ധി കണ്ടത്. ധാര്‍മ്മികബോധത്തെ വികസിപ്പിക്കുന്ന വിദ്യാഭ്യാസമാണ് ഗാന്ധിക്ക് വിയോജിപ്പിന്റെ വിദ്യാഭ്യാസം. ഈ ധാര്‍മ്മികബോധം ‘ആന്തരശബ്ദ’മായി പരിണമിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നാം നമ്മുടെ പ്രവൃത്തികളെ വിലയിരുത്താവൂ എന്നും ഗാന്ധി പറയുന്നു. ഒരു പക്ഷെ നമ്മുടെ ശബ്ദം ഭൂരിപക്ഷത്തിന്റെ ശബ്ദമായിരിക്കുകയില്ല. പക്ഷെ എത്ര ദുര്‍ബ്ബലമായാലും ആഭ്യന്തര ശബ്ദത്തെ മാത്രമേ ഒരാള്‍ പിന്തുടരാവൂ എന്ന കാര്യത്തില്‍ ഗാന്ധിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഈ ആന്തരശബ്ദത്തെ സത്യത്തിന്റെ ശബ്ദം എന്ന് അദ്ദേഹം വിളിച്ചു. നിയമലംഘനത്തെക്കുറിച്ചുള്ള ഗാന്ധിയന്‍ ദര്‍ശനമാണ് ആധുനികകാലത്തെ ഏറ്റവും വികസിതമായ ‘വിയോജിപ്പിന്റെ ബോധനശാസ്ത്രം’ എന്ന് ജഹന്‍ബഗ്ലൂ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഭരണകൂടത്തെ തിരിഞ്ഞുനിന്ന് ചോദ്യം ചെയ്യാന്‍ പൗരസമൂഹം സവിശേഷ ശിക്ഷണം നേടണമെന്ന് ഗാന്ധി കരുതി. സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയുന്ന പൗരസമൂഹമാണ് ജനാധിപത്യത്തിന്റെ കരുത്ത് എന്ന് ഗാന്ധി വിശ്വസിച്ചു. കുഞ്ഞാടുകളെപ്പോലെ പൗരരെ പരിചരിക്കുന്ന ഒരു ഇടയനല്ല ആധുനിക ഭരണകൂടമെന്ന് ഗാന്ധി പറയുന്നു.

ജാതിബദ്ധമായ ഇന്ത്യന്‍ സമൂഹത്തെ ഉടച്ചുവാര്‍ക്കാനാവശ്യമായ ഒരു പദ്ധതിയായിരുന്നു അംബേദ്ക്കര്‍ക്ക് വിദ്യാഭ്യാസം. ഹിന്ദുയിസത്തില്‍നിന്നുള്ള വിമോചനം, അവസര സമത്വം, പൗരാവകാശം എന്നിവയില്‍ ഊന്നിയുള്ള ബോധനശാസ്ത്രമാണ് അംബേദ്ക്കര്‍ അഭിലഷണീയമായിക്കരുതിയത്. സാമൂഹ്യജീവിതത്തിലും സാമ്പത്തിക ജീവിതത്തിലുമുള്ള അസമത്വമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകതയെന്ന് അംബേദ്ക്കര്‍ വിലയിരുത്തി. സമുദായരൂപത്തെക്കുറിച്ചുള്ള ഭാവനയാണ് അംബേദ്ക്കര്‍ വികസിപ്പിച്ചത്. ജാതി/മതങ്ങളായി വേറിട്ട് കിടക്കുന്ന ഇന്ത്യന്‍ സമൂഹത്തെ സമുദായമായി ഉദ്ഗ്രഥിക്കേണ്ടതെങ്ങനെയെന്ന് അംബേദ്ക്കര്‍ ആലോചിക്കുന്നു. സമുദായത്തിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ അവകാശങ്ങളുണ്ടായിരിക്കണം. ആ സമുദായത്തിന് രാഷ്ട്രീയമായി പ്രതിനിധീകരിക്കാനുള്ള ശേഷിയുണ്ടായിരിക്കണം. സമുദായങ്ങള്‍ പരസ്പരം അംഗീകരിക്കുന്ന സ്ഥിതിയുണ്ടാകണം. ഈ മൂന്ന് മാനദണ്ഡങ്ങളാണ് ഒരു സാമൂഹ്യഗണത്തെ സമുദായമായി പരിഗണിക്കാനുള്ള യുക്തി. ഇന്ത്യയിലെ ദലിതര്‍ ഹിന്ദുയിസത്തില്‍നിന്ന് പുറത്തുകടന്ന് സമുദായമായി മാറിയാല്‍ മാത്രമേ അവരുടെ വിമോചനം സാദ്ധ്യമാകൂ. ഇതിലേക്കുള്ള ഒരു നീക്കമായിരുന്നു അംബേദ്ക്കറുടെ ബുദ്ധമതപ്രവേശം. ബുദ്ധനോടൊപ്പം അംബേക്കറെ പ്രചോദിപ്പിച്ച മറ്റൊരു ചിന്തകന്‍ ജോണ്‍ ഡ്യൂയിയാണ്. ഡ്യൂയിയെപ്പോലെ അംബേദ്ക്കറും ജനാധിപത്യത്തെ ഒരു ഭരണവ്യവസ്ഥയായല്ല പരിഗണിച്ചത്. മറിച്ച് അതൊരു ജീവിതമാതൃകയാണെന്നാണ് അദ്ദേഹം കരുതിയത്. വിയോജിപ്പിന്റെ കല ഇന്ത്യക്കാരെ പഠിപ്പിച്ചതില്‍ അംബേദ്ക്കര്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. മനുഷ്യപദവിയിലെത്താന്‍ കഴിയാത്ത ഒരു സാമൂഹ്യവിഭാഗമായി ദലിതരെ മനസ്സിലാക്കാന്‍ അംബേദ്ക്കറെ പ്രാപ്തമാക്കിയത് വിയോജിപ്പിന്റെ ബോധനശാസ്ത്രമാണ്. ഹൈന്ദവമായ ജീവിതദര്‍ശനത്തെ പൂര്‍ണ്ണമായും കയ്യൊഴിയാതെ ദലിതര്‍ക്ക് മോചനമില്ലെന്ന് അംബേദ്ക്കര്‍ മനസ്സിലാക്കി. ഹൈന്ദവം എന്ന് കരുതപ്പെട്ട ഇതിഹാസപുരാണങ്ങളേയും വേദങ്ങളേയും അംബേദ്ക്കര്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഇതിനുള്ള മാതൃകകള്‍ അദ്ദേഹത്തിന് ലഭിക്കുന്നത് വിയോജിപ്പിന്റെ ബോധനശാസ്ത്രത്തിലൂടെയാണ്.

ചുരുക്കത്തില്‍ വിയോജിപ്പിന്റെ ബോധനശാസ്ത്രം എന്നത് വിദ്യാലയങ്ങളിലെ ഔപചാരിക വ്യവഹാരം മാത്രമല്ല. വിദ്യാഭ്യാസത്തേയും രാഷ്ട്രീയ പ്രയോഗത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന വിപുലമായ ദര്‍ശനപദ്ധതിയാണത്. അതിന് ആധുനിക കാലത്ത് ദീര്‍ഘമായ വംശാവലിയുണ്ട്. അത് പരിചയപ്പെടുത്തുന്ന കൃതിയാണ് ‘പെഡഗോഗി ഓഫ് ഡിസന്റ്.’

(കടപ്പാട് പാഠഭേദം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply