ലൈംഗികപീഡനം : ആള്‍ക്കൂട്ട അക്രമണമല്ല മറുപടി

സിവിക് ഒരു കാലത്ത് ഭാഗഭാക്കായിരുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തെ പോലും കടന്നാക്രമിക്കാനുള്ള അവസരമായി പലരും ഇതുപയോഗിക്കുന്നു. എങ്കില്‍ സിപിഎമ്മിന്റേയും ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയുമൊക്കെ അവസ്ഥ എന്താകും? എന്തിനേറെ, കെ വേണുപോലും സ്ത്രീപീഡനം നടത്തിയെന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് പോലും ഇടക്കു പ്രചരിച്ചല്ലോ. സിവിക് എഡിറ്ററായ പാഠഭേദത്തില്‍ എഴുതുന്നവര്‍ പോലും അക്രമത്തിനിരയാകുന്നു. പാഠഭേദം ബഹിഷ്‌കരിക്കാനും ആഹ്വാനം വരുന്നു.

വടക്കേന്ത്യയില്‍ നിന്നു പലപ്പോഴും കേള്‍ക്കുന്ന കോടതിവിധികളും പരാമര്‍ശങ്ങളുമൊക്കെ കേട്ട് നമ്മളിപ്പോള്‍ ജീവിക്കുന്നത് ഈ നൂറ്റാണ്ടിലാണോ എന്ന് അത്ഭുതപ്പെടാറുണ്ട്.. എന്നാല്‍ കോഴിക്കോട് നിന്ന് അത്തരമൊരു കോടതിവിധി കേട്ടുള്ള ഞെട്ടലില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനകേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോടതിവിധിയിലെ പരാമര്‍ശങ്ങള്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. വാദിയായ സ്ത്രീയുടെ വസ്ത്രധാരണം പ്രകോപിപ്പിക്കുന്ന രീതിയിലാണെന്ന കോടതിയുടെ പരാമര്‍ശമാണ് ഏറെ പ്രകോപനകരം. ഫലത്തില്‍ ലൈംഗികപീഡനങ്ങളെ ന്യായീകരിക്കുക തന്നെയാണ് ഇതിലൂടെ കോടതി ചെയ്യുന്നത്. വസ്ത്രധാരണം ബലാല്‍ക്കാരത്തിനു കാരണമാകുന്നു എന്ന സിദ്ധാന്തമൊക്കെ എന്നേ ആധുനികലോകം തള്ളിക്കളഞ്ഞതാണ്. അതുമായി ബന്ധപ്പെട്ട്, പല സംഭവങ്ങളിലും ഇരകളണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ പ്രദര്‍ശനം പോലും പലയിടത്തും നടന്നിട്ടുമുണ്ട്. അതൊന്നുമറിയാത്ത ഒരാളാണോ നീതിപീഠത്തിലിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതിനാല്‍ സവര്‍ണ്ണന്‍, അവര്‍ണ്ണയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യില്ല എന്ന മറ്റൊരു കോടതിവിധിയാണ് ഓര്‍മ്മവരുന്നത്.

സ്വാഭാവികമായും കോടതി ഇത്തരത്തില്‍ നിരീക്ഷിക്കാനാവശ്യമായ ഫോട്ടോകള്‍ പ്രതിഭാഗം സമര്‍പ്പിച്ചതല്ലേ എന്ന ചോദ്യമുയരും. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് നിരവധി പേരുണ്ടായിരുന്നു എന്നു കോടതിയെ ബോധ്യമാക്കാനായിരുന്നു ചിത്രങ്ങള്‍ നല്‍കിയതെന്നും ബാക്കിയൊക്കെ കോടതിയുടെ വ്യാഖ്യാനം മാത്രമാണെന്നുമാണ് പ്രതിഭാഗം പറയുന്നത്. കോടതിയുടെ ഈ പരാമര്‍ശങ്ങളെ സിവിക്കിനൊപ്പം നില്‍ക്കുന്നു എന്നാരോപിക്കപ്പെടുന്നവരും തള്ളിക്കളയുന്നുണ്ട്. അതു ശരിയായാലും തെറ്റായാലും ഈ പരാമര്‍ശം കോടതിയുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു എന്നതില്‍ സംശയമില്ല. അതുപോലെ രണ്ടുകേസിലുമായി തള്ളിക്കളയേണ്ടതായ മറ്റു പല പരാമര്‍ശങ്ങളും കോടതിയില്‍ നിന്നുണ്ടായതായും കണ്ടു. എസ് എസ് എല്‍ സി ബുക്കില്‍ പോലും ജാതി രേഖപ്പെടുത്താത്ത, സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരെ പോരാടുന്ന ഒരാള്‍ ദളിത് സ്ത്രീയെ കടന്നാക്രമിക്കുമെന്ന് കരുതുന്നില്ല എന്നതാണ് ഒന്ന്. കൂടാതെ ഉന്നത സ്ഥാനത്തുള്ള മക്കളെ കുറിച്ചും പരാമര്‍ശമുണ്ടായി. പ്രായത്തെ പരിഗണിച്ച് ജാമ്യം നല്‍കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഈ പ്രായത്തില്‍ ഇത്തരത്തില്‍ ചെയ്യാനാവുമെന്നു കരുതുന്നില്ലെന്ന രീതിയിലുള്ള പരാമര്‍ശവും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏതാനും വര്‍ഷമായി ലോകമാകെ പടര്‍ന്നു പന്തലിച്ച മി ടൂ പ്രസ്ഥാനത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്. കേരളത്തിലും അതിന്റെ പ്രത്യാഘാതങ്ങള്‍ സജീവമായി. അതിന്റെ ഭാഗമായി തന്നെയാണ് സിവികിനെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. മിക്ക മി ടൂ ആരോപണങ്ങളിലും കാണുന്ന പ്രധാന ഘടകം അധികാരമോ പ്രിവിലേജോ ഉപയോഗിച്ചോ പ്രലോഭനമോ വാഗ്ദാനങ്ങളോ നല്‍കിയോ പീഡിപ്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നു എന്നതാണ്. സിവികിന്റെ വിഷയത്തില്‍ പ്രധാനമായും ഉന്നയിക്കപ്പെടുന്നത് തന്റെ സാംസ്‌കാരികമായ അധികാരവും പ്രിവിലേജും ഉപയോഗിച്ച് പീഡന ശ്രമം നടത്തിയെന്നാണ്. അതിന്റെ ശരിതെറ്റുകള്‍ കോടതി തീരുമാനിക്കട്ടെ. ഇത്തരം കേസുകളില്‍ വിശദമായ അന്വേഷണം നടത്തണമെന്നും എടുത്തുചാടി നടപടികളിലേക്ക് പോകരുതെന്നും സുപ്രിംകോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. സിവികിനു ജാമ്യം ലഭിക്കാന്‍ അതും കാരണമായിട്ടുണ്ടാകാം. ജാമ്യം ലഭിച്ചതല്ല, അതിനായി കോടതി നടത്തിയ പരാമര്‍ശങ്ങളാണ് ഇവിടെ പ്രശ്‌നം.

ഏതു കേസുമെന്നപോലെ ഇവിടേയും നിയമം അതിന്റെ വഴിക്കു പോകട്ടെ. അപ്പോഴും ചില കാര്യങ്ങള്‍ ഉന്നയിക്കാതിരിക്കാനാവില്ല. പോലീസിന്റെ കേസ് അന്വേഷണത്തെ കുറിച്ച് ആരോപണങ്ങളില്ലാതിരിക്കുകയും പ്രതി നീതിപിഠത്തിനു മുന്നില്‍ നില്‍ക്കുമ്പോഴും സംഘടിതമായ രീതിയില്‍ നടക്കുന്ന ആള്‍ക്കൂട്ട അക്രമണമാണത്. ഇതിനു മുമ്പൊരിക്കലും ഇത്രയും സംഘടിതമായ രീതിയില്‍ അക്രമണം നടന്നതായി അറിയില്ല. എന്തിനേറെ, ഹീനമായ ക്വട്ടേഷന്‍ കേസിലെ പ്രതിയായ നടനെതിരെപോലും മൂന്നുതവണ ഒപ്പുശേഖരണം നടന്നിട്ടില്ല. സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായിരുന്ന ഒരു നേതാവിനെ മുഖ്യമന്ത്രി തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചപ്പോള്‍ പോലും കാര്യമായ പ്രതിഷേധമൊന്നും കണ്ടില്ല. എത്രയോ രാഷ്ട്രീയനേതാക്കള്‍ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. അപ്പോഴെല്ലാം എതിര്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ് ഇത്തരത്തില്‍ രംഗത്തിറങ്ങുന്നത്. തീര്‍ച്ചയായും സ്ത്രീപീഡനത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്തിറങ്ങുന്നത് ഗുണകരമല്ലേ എന്നു ചോദിക്കാം. അതു ശരിയാണ്. എന്നാലിവിടെ നടക്കുന്നത് മാന്യമായ പ്രതിഷേധമല്ല, സംഘടിതമായ ആള്‍ക്കൂട്ട അക്രമണമാണ്. പ്രതിയുടെ ഭൂതകാലമൊക്കെ ഇഴകീറി പരിശോധിച്ച് ശരിയും തെറ്റുമായ ആരോപണങ്ങളുന്നയിച്ച് ഒരു വിഭാഗം ശരിക്കും ആഘോഷിക്കുകയാണ്. അതിലൊരു വിഭാഗമാകട്ടെ സിവിക് ഒരു കാലത്ത് ഭാഗഭാക്കായിരുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തെ കടന്നാക്രമിക്കാനുള്ള അവസരമായി ഇതുപയോഗിക്കുന്നു. എങ്കില്‍ സിപിഎമ്മിന്റേയും ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയുമൊക്കെ അവസ്ഥ എന്താകും? എന്തിനേറെ, കെ വേണുപോലും സ്ത്രീപീഡനം നടത്തിയെന്ന ഒരു ഫേസ് ബുക്ക് പോസ്റ്റ് പോലും ഇടക്കു പ്രചരിച്ചല്ലോ. ഇത്തരത്തിലൊക്കെ ആക്ഷേപിക്കാനായി പലരും ഉപയോഗിക്കുന്ന ഭാഷയുടെ ഹിംസാത്മകതയെ കുറിച്ച് സച്ചിദാനന്ദന്‍ പോലും സൂചിപ്പിച്ചു. കഴിഞ്ഞില്ല, സിവിക് എഡിറ്ററായ പാഠഭേദത്തില്‍ എഴുതുന്നവര്‍ പോലും അക്രമത്തിനിരയാകുന്നു. പാഠഭേദം ബഹിഷ്‌കരിക്കാനും ആഹ്വാനം വരുന്നു. തീര്‍ച്ചയായും പാഠഭേദത്തിന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് സിവികിനെ മാറ്റി നിര്‍ത്താനാവശ്യപ്പെടാം. അതു ന്യായമാണ്. പക്ഷെ ഇത്തരത്തില്‍ ഹിംസാത്മകമായ ഭാഷയാണോ അതിനായി ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ബാക്കിയാകുന്നു. ഈ വിഷയത്തില്‍ വ്യത്യസ്ഥമായ അഭിപ്രായം പറയുന്നവരും സംഘടിതമായി അക്രമിക്കപ്പെടുന്നതായും കാണുന്നു. തീര്‍ച്ചയായും ഇതെല്ലാം ചെയ്യുന്നവരുടെ ഉദ്ദേശശുദ്ധിയും പ്രതിക്കൂട്ടിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മി ടൂ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ലോകത്തിന്റെ പല ഭാഗത്തും ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം കൂടി ഇവിടെ ഉന്നയിക്കേണ്ടതുണ്ട്. സ്ത്രീകളുടെ ദീര്‍ഘകാലമാ.യി തുടരുന്ന സ്വാതന്ത്ര്യത്തിനും ലിംഗനീതിക്കുമായുള്ള പോരാട്ടത്തിലെ ഒരു വലിയ കാല്‍വെപ്പാണ് മി ടൂ പോരാട്ടമെന്നതില്‍ ഒരു സംശയവുമില്ല. സമൂഹത്തെ ഭയന്ന് എന്തു പീഡനം നടന്നാലും പുറത്തുപറയാനും നിയമപരമായ പോരാട്ടം നടത്താനും തയ്യാറാകാതിരുന്ന അവസ്ഥക്ക് അതു മാറ്റം വരുത്തി. തുടക്കത്തില്‍ പറഞ്ഞപോലെ അധികാരവും പ്രിവിലേജുകളും മറ്റുമുപയോഗിച്ച് പീഡനം നടത്തിയിരുന്ന നിരവധി പേരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണു. അപ്പോഴും ഇതിന്റെയൊരു മറുവശം പല സാമൂഹ്യ വിമര്‍ശകരും ചൂണ്ടികാട്ടുന്നു. അത് സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്. ലിംഗഭേദം മറന്ന് ഒന്നിച്ച് ജോലിചെയ്യുകയും ജീവിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സമൂഹമാണല്ലോ ലക്ഷ്യമാക്കേണ്ടത്. ആ ദിശയിലേക്കു നീങ്ങികൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ പോലും വിടവ് സൃഷ്ടിക്കപ്പെടുന്നതായാണ് അവര്‍ പറയുന്നത്. ലോകത്തെ പല ഭാഗങ്ങളിലും പല കമ്പനികളും ഒന്നുകില്‍ പുരുഷന്മാരെ, അല്ലെങ്കില്‍ സ്ത്രീകളെ മാത്രം ജോലിക്കു നിയോഗിക്കുന്ന രീതിയില്‍ പോലും എത്തുന്നു. ലിംഗഭേദത്തെ അപ്രസക്തമാക്കി അടുത്തിടപഴകിയിരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംശയത്തോടെ നോക്കുന്ന അവസ്ഥയിലേക്ക് മാറുന്നതായും കപടമായ സദാചാരബോധം ശക്തിയാര്‍ജ്ജിക്കുന്നതായും ചൂണ്ടികാട്ടുന്നവരുണ്ട്. തീര്‍ച്ചയായും പരിശോധിക്കേണ്ട വിഷയമാണിത്.

കേരളത്തില്‍ ഇപ്പോഴുയരുന്ന ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങള്‍ കൂടി ഉന്നയിക്കപ്പടുന്നത് ആരോഗ്യകരമായ ഒരു അന്തരീക്ഷം രൂപപ്പെടുന്നതിനു സഹായിക്കുമെന്നുറപ്പാണ്. കാരണം ആരോഗ്യകരമായ സ്ത്രീ – പുരുഷ ബന്ധങ്ങളില്‍ വളരെ പുറകിലാണല്ലോ ഇന്നു കേരളം. ലിംഗനീതിക്കും സ്ത്രീപീഡനത്തിനെതിരായ പോരാട്ടങ്ങളുടെ അജണ്ടയില്‍ ഇത്തരം വിഷയങ്ങള്‍ കൂടി കടന്നു വരുന്നത് ഈയവസ്ഥയെ മാറ്റിതീര്‍ക്കുന്നതിനു സഹായകരമായിരിക്കും. അതിനായി പക്ഷെ ആള്‍ക്കൂട്ട അക്രമണവും ഹിംസാത്മകമായ ഭാഷയുമാണ് ആദ്യം ഉപേക്ഷിക്കേണ്ടത്. കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply