കേരളീയസമൂഹം സ്ത്രീവിരുദ്ധം തന്നെ

വനിതാനേതാക്കള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ എഴുത്തുകാരികളും സാമൂഹ്യപ്രവര്‍ത്തകരുമായ കുറെ സ്ത്രീകളുടെ പ്രസ്താവന കാണുകയുണ്ടായി. കൗതുകകരമെന്നു പറയട്ടെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ വനിതാനേതാക്കള്‍ക്കെതിരായ പരമാര്‍ശങ്ങളെ മാത്രമാണ് ആ പ്രസ്താവന അപലപിക്കുന്നത്. ഇതുതന്നെയാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അധിക്ഷേപങ്ങളേയും പീഡനങ്ങളേയുമൊന്നും കക്ഷിരാഷ്ട്രീയത്തിനുപരിയായി കാണാനും പ്രതിഷേധിക്കാനും നാമിനിയും തയ്യാറല്ല. എന്തിനേറെ, സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ക്കെതിരായ ഇത്തരം പരാതികള്‍ പാര്‍ട്ടി അന്വേഷിച്ചുകൊള്ളും എന്നു പറയുന്ന വനിതാകമ്മീഷനുള്ള ഒരു നാട്ടില്‍ ഇതല്ലാതെ മറ്റെന്താണുണ്ടാകുക?

ഏതൊക്കെ രീതിയില്‍ ന്യായീകരിക്കാന്‍ ശ്രമിച്ചാലും ആരോഗ്യമന്ത്രി കെ കെ ഷൈലജക്കെതിരായ കെ പി സി സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന്റെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നതില്‍ സംശയമില്ല. സ്ത്രീകള്‍ പ്രധാന അധികാരസ്ഥാനങ്ങളില്‍ എത്തുമ്പോഴുള്ള അസഹിഷ്ണതയാണ് യഥാര്‍ത്ഥത്തില്‍ അതിനുപുറകിലെ ചേതോവികാരം. പുരുഷന്‍ എന്ന നിലയില്‍ കാലങ്ങളായി സ്ത്രീകള്‍ക്കുമേല്‍ നിലനില്‍ക്കുന്ന അധികാരം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് ഇത്തരത്തില്‍ അസഹിഷ്ണത ജനിക്കുന്നത്. തീര്‍ച്ചയായും ഇതാദ്യത്തെ സംഭവമല്ല. അവസാനത്തേതുമാകില്ല. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം വികാരവുമല്ല ഇത്. കേരളത്തില്‍ തന്നെ സമീപകാലത്ത് എത്രയോ രാഷ്ട്രീയനേതാക്കളില്‍ നിന്ന് സമാനമോ ഇതിനേക്കാള്‍ രൂക്ഷമോ ആയ പ്രയോഗങ്ങള്‍ ഉണ്ടായിരിക്കുന്നു. മുഖ്യധാരാരാഷ്ട്രീയത്തില്‍ തന്നെ ഇതാണവസ്ഥയെങ്കില്‍ മറ്റുമേഖലകളിലെ കാര്യം പറയാനില്ലല്ലോ. പ്രധാനമായും ചെറുപ്പക്കാരുടെ വേദിയായ സോഷ്യല്‍ മീഡിയയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നിരന്തരമായി കാണുന്നതാണല്ലോ.

വനിതാനേതാക്കള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ എഴുത്തുകാരികളും സാമൂഹ്യപ്രവര്‍ത്തകരുമായ കുറെ സ്ത്രീകളുടെ പ്രസ്താവന കാണുകയുണ്ടായി. കൗതുകകരമെന്നു പറയട്ടെ ഒരു രാഷ്ട്രീയപാര്‍ട്ടിയിലെ വനിതാനേതാക്കള്‍ക്കെതിരായ പരമാര്‍ശങ്ങളെ മാത്രമാണ് ആ പ്രസ്താവന അപലപിക്കുന്നത്. ഇതുതന്നെയാണ് കേരളം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അധിക്ഷേപങ്ങളേയും പീഡനങ്ങളേയുമൊന്നും കക്ഷിരാഷ്ട്രീയത്തിനുപരിയായി കാണാനും പ്രതിഷേധിക്കാനും നാമിനിയും തയ്യാറല്ല. എന്തിനേറെ, സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ക്കെതിരായ ഇത്തരം പരാതികള്‍ പാര്‍ട്ടി അന്വേഷിച്ചുകൊള്ളും എന്നു പറയുന്ന വനിതാകമ്മീഷനുള്ള ഒരു നാട്ടില്‍ ഇതല്ലാതെ മറ്റെന്താണുണ്ടാകുക?

മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന വനിതാനേതാക്കള്‍ക്കെതിരെ, ലിംഗപരമായ എത്രയോ അധിക്ഷേപങ്ങള്‍ അടുത്ത കാലത്തുതന്നെ നാം കേള്‍ക്കുകയുണ്ടായി. ഷൈലജടീച്ചര്‍ക്കുതന്നെ പ്രതിപക്ഷ നേതാവു ചെന്നിത്തലയില്‍ നിന്നും ബിജെപ നേതാക്കളില്‍ നിന്നും അധിക്ഷേപം കേള്‍ക്കേണ്ടിവന്നല്ലോ. മന്ത്രി മേഴ്‌സിക്കുട്ടയമ്മക്കെതിരെ എം പി പ്രേമചന്ദ്രനായിരുന്നു രംഗത്തുവന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഏറ്റവും മോശമായ പരാമര്‍ശമായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയത്. കെ എം ഷാജി നിയമസഭയില്‍ നടത്തിയ പരാമര്‍ശം വിവാദമായത് അടുത്തയിടെയാണല്ലോ. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ തന്നെ ലതികാ സുഭാഷിനും സിന്ധുജോയിക്കുമെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എം എം മണിയുടെ പ്രയോഗങ്ങള്‍ മറക്കാറായിട്ടില്ലല്ലോ. ആര്‍ എം പി നേതാവ് കെ കെ രമയാണ് അടുത്തകാലത്ത് ഏറ്റവുമധികം അധിക്ഷേപങ്ങള്‍ക്ക് വിധേയയായ വനിതാേേനതാവ്. ടി ജി മോഹന്‍ ദാസ്, സെന്‍ കുമാര്‍, കെ സുധാകരന്‍., രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കാന്തപുരം തുടങ്ങി പലരും ഇത്തരം പലപ്പോഴായി ഇത്തരം അധിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. ശബരിമല കയറിയ കനകദുര്‍ഗ്ഗക്കെതിരെ എം പി ആരിഫ് നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കരക്കെതിരെ നടന്ന അധിക്ഷേപങ്ങളും വലിയ വാര്‍ത്തയായിരുന്നല്ലോ. എന്തിനേറെ, വനിതാ നേതാവായി യു പ്രതിഭ എം എല്‍ എ പോലും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി വാര്‍ത്തവന്നല്ലോ. വര്‍ഷങ്ങള്‍ക്കുമുമ്പെ സാക്ഷാല്‍ ഇ കെ നായനാര്‍ സ്ത്രീകള ഒന്നടചങ്കം ആക്ഷേപിച്ച സംഭവവും മറക്കാറായിട്ടില്ലല്ലോ. ഇപ്പോള്‍ തന്നെ മുല്ലപ്പിള്ളിക്കു മറുപടിയായി പി വി അന്‍വര്‍ എം എല്‍ എ ഫേസ് ബുക്കില്‍ കുറിച്ച വരികളെന്താണ്? എഴുത്തുകാരി കെ ആര്‍ മീര അടുത്തു പറഞ്ഞപോലെ സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ഒരു ഭിന്നതയുമില്ല.

രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും ഈ സമീപനം തന്നെയാണ്, രാഷ്ട്രീയ പ്രബുദ്ധമെന്നു സ്വയം കൊട്ടിഘോഷിക്കുമ്പോഴും കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയത്തില്‍ വനിതാനേതാക്കളുടെ എണ്ണം തുലോം തുച്ചമായിരിക്കാന്‍ കാരണം. ഇക്കാര്യത്തില്‍ മിക്കവാറും സംസ്ഥാനങ്ങള്‍ നമ്മളേക്കാള്‍ എത്രെയോ മുന്നിലാണ്. എത്രയോ സംസ്ഥാനങ്ങളും രാജ്യം തന്നെയും സ്ത്രീകള്‍ ഭരിച്ചിട്ടും ഇന്നോളം ഒരു വനിതാ മുഖ്യമന്ത്രി നമുക്കുണ്ടായിട്ടുണ്ടോ? മുഖ്യമന്ത്രിസ്ഥാനത്തിനടുത്തെത്തിയ ഗൗരിയമ്മയുടെ അനുഭവം മറക്കാറായിട്ടില്ലല്ലോ. ഇന്നോളമുള്ള ചരിത്രമെടുത്താല്‍ സംസ്ഥാനത്തുണ്ടായിട്ടുള്ള വനിതാ എംഎല്‍എമാരുടേയും എംപിമാരുടേയും എണ്ണം എത്രയോ തുച്ഛമാണ്. സംവരണം വന്നതിനാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പ്രാതിനിധ്യമുണ്ട്. സംവരണമില്ലാതെതന്നെ നിയമസഭയിലേക്കും ലോകസഭയിലേക്കും മൂന്നിലൊന്നെങ്കിലും വനിതകളെ അയക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയും. എന്നാലവരത് ചെയ്യുന്നില്ല. എന്നിട്ടോ വനിതാസംവരണബില്ലിനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചെയ്തു. ഈ പ്രസ്ഥാനങ്ങളിലെ നിര്‍ണ്ണായകസ്ഥാനങ്ങളില്‍ ഇന്നോളം വനികള്‍ എത്തിയിട്ടുണ്ടോ? സിപിഎം സംസ്ഥാന സെക്രട്ടറി, കെ പി സി സി പ്രസിഡന്റ്, ബി ജെ പി പ്രസിഡന്റ്്… ഈ സ്ഥാനങ്ങളിലൊക്കെ എന്നാണ് വനിതകള്‍ എത്തുക. എത്തുംവരെ ഇത്തരം അധിക്ഷേപങ്ങളും ന്യായീകരണങ്ങളും തുടരും. ഏകപക്ഷീയമായ പ്രതിഷേധങ്ങള്‍ മാത്രം നടക്കും.

മുഖ്യധാരാരാഷ്ട്രീയത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ മറ്റുമേഖലകളിലെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതില്ലല്ല. കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖയൊക്കെ എത്രയോ കാലമായി ഇതിനെതിരെ പോരാടുന്നു. സോഷ്യല്‍ മീഡിയയിലാണ് അവസ്ഥ എറ്റവും മോശം. സ്വന്തം നിലപാട് ശക്തിയായി അവതരിപ്പിക്കുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന സൈബര്‍ അക്രമങ്ങള്‍ പലപ്പോഴും വാര്‍ത്ത പോലുമാകുന്നില്ല. യഥാര്‍ത്ഥലോകത്ത് നാടിനെ നയിക്കുന്നവര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അയഥാര്‍ത്ഥലോകം അതില്‍ നിന്നു വിമുക്തമാകില്ലല്ലോ. പ്രബുദ്ധമെന്നു സ്വയം കൊട്ടിഘോഷിക്കുന്ന കേരളീയ സമൂഹം എത്രമാത്രം സ്ത്രീവിരുദ്ധമാണെന്നു തന്നെയാണ് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply