നായര്‍ സ്വത്വം: മലയാളി സാംസ്‌കാരികതയുടെ വ്യാജ നിര്‍മ്മിതി

കേവലം ഒരു ഐ.പി.എസ്. ഓഫീസറുടെ പ്രസ്താവനയോടുള്ള പ്രതികരണത്തിനപ്പുറം ഈ വ്യാജ നിര്‍മ്മിതിയെ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തും വരേണ്യമായ ‘മലയാളി സ്വത്വ’ത്തെയും സാംസ്‌കാരിക മേല്‍ക്കോയ്മയെയും അപനിര്‍മ്മിച്ചുകൊണ്ടും മാത്രമേ കേരളത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക-പാര്‍ശ്വവത്കൃത ജനതയുടെ ജീവിതവും സംസ്‌കാരവും കേരളത്തിന്റെ തനത് സംസ്‌കാരമായി സ്ഥാപിച്ചെടുക്കാന്‍ കഴിയൂ. ഇതാണ് നാം അഭിസംബോധന ചെയ്യേണ്ടുന്ന കാതലായ വിഷയം. അങ്ങനെ വരുമ്പോള്‍ മൂന്നുകാര്യങ്ങളെ നമുക്ക് ചര്‍ച്ചയ്ക്ക് എടുക്കേണ്ടി വരുന്നു. ഒന്ന്, എന്താണ് തറവാടെന്നും കേരളത്തിലെ നായന്മാര്‍ മുഴുവന്‍ തറവാട്ടില്‍ ജീവിച്ചിരുന്നവര്‍ ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. രണ്ട്, നായന്മാര്‍ മുഴുവന്‍ കുലീനമായ, ഉന്നതമായ ഒരു സാമൂഹിക ജീവിതമാണോ കേരളത്തില്‍ നയിച്ചത്. മൂന്ന്, എങ്ങനെയാണ് നായര്‍ ജീവിതവും ചിഹ്നങ്ങളും കേരള ദേശീയതയായി രൂപപ്പെട്ടത്.

കേരളത്തിലെ ഡോമിനന്റ് കാസ്റ്റ് നായന്‍മാരാണെന്നും തറവാട് എന്ന സങ്കല്‍പം അവരില്‍ നിന്നുമാണ് ഉണ്ടായതെന്നും എ.ഡി.ജി.പി. എസ്.ശ്രീജിത് ഐ.പി.എസ്. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്കായി യു.പി.എസ്.സി കേരളയും ഫോര്‍ച്യൂണ്‍ അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച െ്രടയ്‌നിങ് ക്ലാസില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ വസ്തുനിഷ്ഠമായി അടയാളപ്പെടുത്താനുള്ള ഒരു ശ്രമമല്ല എസ്. ശ്രീജിത്ത് നടത്തുന്നത്. കേരളത്തിലെ ഡോമിനന്റ് കാസ്റ്റ് നായര്‍ ആണെന്നും നായര്‍ ചിഹ്നങ്ങളാണ് കേരള സാമൂഹികതയുടെയും സാംസ്‌കാരികതയുടെയും അടയാളങ്ങള്‍ എന്നുള്ള ജാതി മേല്‍ക്കോയ്മാവാദമാണ് ഇവിടെ മുന്നോട്ട് വെക്കപ്പെടുന്നത്.’ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. ആശാരിയും ഈഴവനും ഇന്ന് തറവാട് എന്നാണ് പറയുന്നത്’ എന്നു പറയുന്നതില്‍ നിന്ന് തറവാട് എന്ന വാക്കിന്റെ മൂല അര്‍ത്ഥത്തെക്കുറിച്ചോ അതിന്റെ ചരിത്രപരതയെക്കുറിച്ചോ അല്ല ശ്രീജിത്ത് പറയാന്‍ ശ്രമിക്കുന്നത്. മറിച്ച്, തറവാട് ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു വരേണ്യ സാമൂഹിക ജീവിതത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. ഞാന്‍ തറവാടിയാണെന്നു പറയുമ്പോള്‍ മലയാളികള്‍ മനസ്സിലാക്കുന്നത് തറവാട്ടില്‍ ജീവിക്കുന്ന മനുഷ്യര്‍ എന്ന കേവല അര്‍ത്ഥത്തിലല്ല. അതുപോലെ, അവര്‍ കോളനിക്കാരാണ് എന്ന് പറയുമ്പോള്‍ കോളനിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ എന്ന അര്‍ത്ഥത്തിലും അല്ല മലയാളി മനസ്സിലാക്കുന്നത്. ഒന്ന് കുലീനമായ, ആഢ്യത്വമുള്ള ഒരു ജീവിതമായി മനസ്സിലാക്കുമ്പോള്‍ മറ്റൊന്ന് അധമമായ ജീവിതാവസ്ഥയായാണ് മനസ്സിലാക്കപ്പെടുന്നത്. തറവാട് മേല്‍ക്കോയ്മാവാദം ആധുനിക കാലത്തും സ്ഥാപിച്ചെടുക്കുക എന്നതിനര്‍ത്ഥം ജാതിയെ പുനരുത്പാദിപ്പിച്ചു നിലര്‍ത്തുക എന്നുതന്നെയാണ്.

കേരളീയത എന്നത് നായരുടെ സാമൂഹിക-സാംസ്‌കാരിക ജീവിതമാണെന്ന് മലയാളി വ്യാജ നിര്‍മ്മിതികളിലൂടെ സൃഷ്ടിച്ചെടുത്തതാണ്. അങ്ങനെയാണ് നായര്‍ ജീവിതവും സംസ്‌കാരവും കേരള ദേശീയതയായി രൂപപ്പെടുന്നത്. ഈ വ്യാജ നിര്‍മ്മിതിയ്ക്കകത്ത് നിന്ന് അതിനെ ഊട്ടിയുറപ്പിച്ചെടുക്കുകയാണ് എസ്. ശ്രീജിത്ത് ചെയ്യുന്നത്. ഇതിനെയാണ് പ്രശ്‌നവല്‍ക്കരിക്കേണ്ടത്. കേവലം ഒരു ഐ.പി.എസ്. ഓഫീസറുടെ പ്രസ്താവനയോടുള്ള പ്രതികരണത്തിനപ്പുറം ഈ വ്യാജ നിര്‍മ്മിതിയെ ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തും വരേണ്യമായ ‘മലയാളി സ്വത്വ’ത്തെയും സാംസ്‌കാരിക മേല്‍ക്കോയ്മയെയും അപനിര്‍മ്മിച്ചുകൊണ്ടും മാത്രമേ കേരളത്തിന്റെ ബഹുഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക-പാര്‍ശ്വവത്കൃത ജനതയുടെ ജീവിതവും സംസ്‌കാരവും കേരളത്തിന്റെ തനത് സംസ്‌കാരമായി സ്ഥാപിച്ചെടുക്കാന്‍ കഴിയൂ. ഇതാണ് നാം അഭിസംബോധന ചെയ്യേണ്ടുന്ന കാതലായ വിഷയം. അങ്ങനെ വരുമ്പോള്‍ മൂന്നുകാര്യങ്ങളെ നമുക്ക് ചര്‍ച്ചയ്ക്ക് എടുക്കേണ്ടി വരുന്നു. ഒന്ന്, എന്താണ് തറവാടെന്നും കേരളത്തിലെ നായന്മാര്‍ മുഴുവന്‍ തറവാട്ടില്‍ ജീവിച്ചിരുന്നവര്‍ ആണോയെന്നും പരിശോധിക്കേണ്ടതുണ്ട്. രണ്ട്, നായന്മാര്‍ മുഴുവന്‍ കുലീനമായ, ഉന്നതമായ ഒരു സാമൂഹിക ജീവിതമാണോ കേരളത്തില്‍ നയിച്ചത്. മൂന്ന്, എങ്ങനെയാണ് നായര്‍ ജീവിതവും ചിഹ്നങ്ങളും കേരള ദേശീയതയാണ് രൂപപ്പെട്ടത്.

നായര്‍ തറവാടും തറവാടിത്തവും

നായന്‍ന്മാരെല്ലാം കുലീനന്മാരും പടയാളികളും ആണെന്നുള്ള ഒരു അപസര്‍പ്പക കഥ കേരളത്തിന്റെ സാമൂഹ്യ-വൈജ്ഞാനിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. വില്യം ലോഗനെ പോലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരും ഇവിടെ എത്തിയ ഡച്ചു ചരിത്രകാരന്‍ ഡാര്‍ട്ട് ബാര്‍ബോസ, റോബിന്‍ ജെഫ്രി, ഫ്രാന്‍ങ്കോയ് പിറാര്‍ഡ്, ഫ്രാന്‍സിസ് ഡേ, തുടങ്ങി നിരവധി വിദേശികളായ ആളുകളുടെ വിവരണങ്ങളില്‍ നിന്നാണ് ഇത് രൂപപ്പെടുത്തി എടുത്തിട്ടുള്ളത്. ഈ വിദേശീയരുടെ എഴുത്തുകളെ പിന്‍പറ്റിയാണ് മലയാളത്തിലും നായന്മാരെല്ലാം ഉന്നതമായ സാമൂഹിക ജീവിതവും കുലീനന്‍മാരാണെന്നുള്ള ഒരു ബൃഹത് ആഖ്യാനം രൂപപ്പെടുന്നത്. നായന്മാരുടെ ഒരു ശതമാനം പോലും ഇന്ന് കരുതുന്ന രീതിയിലുള്ള തറവാടുകളില്‍ കഴിഞ്ഞിരുന്നവരോ ഉന്നതമായ സാമൂഹിക ജീവിതം നയിച്ചവരോ ആയിരുന്നില്ല. മാത്രമല്ല ബഹുഭൂരിപക്ഷം നായന്മാരുടെയും ജീവിതം പരിതാപകരമായിരുന്നു എന്നതിന് ഒട്ടനവധി തെളിവുകളുമുണ്ട്.

കേരളത്തില്‍ എത്തിയ വിദേശികള്‍ക്ക് അയിത്തം മൂലം നമ്പൂതിരിമാരുള്‍പ്പെടെയുള്ള ബ്രാഹ്മണരോട് പലപ്പോഴും സ്ഥിതിവിരങ്ങള്‍ ആരായുകയും താമസിക്കുകയും യാത്ര ചെയ്യുകയും ചെയ്യുക എന്നത് പ്രയാസായിരുന്നു. ‘ജാതിയുമായി ബന്ധപ്പെട്ട ആചാരപരമായ അശുദ്ധി എന്ന ആശയം ജനങ്ങളുടെ സാമൂഹികമായ സംസര്‍ഗത്തിനും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും തടസം സൃഷ്ടിക്കുന്നു. മാംസം ഭക്ഷിക്കുന്നതിനാലും എല്ലാവരുമായും ഇടപഴകുന്നതുകൊണ്ടും മേല്‍ജാതിക്കാരുടെ (ബ്രാഹ്മണരുടെ ) വീടുകള്‍ക്കുള്ളിലേക്കോ ഹിന്ദുകൊട്ടാരങ്ങളുടെ പൊതുസ്വീകരണമുറികള്‍ക്ക് അപ്പുറത്തോ കടന്നു ചെല്ലാന്‍ യൂറോപ്യന്‍മാരെ അനുവദിക്കുകയില്ല’ എന്ന് സാമുവല്‍ മറ്റീര്‍ Native Life in Tavancore ല്‍ രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് വിദേശികള്‍ സ്ഥിതിവിവര കണക്കുകളും കാര്യങ്ങളും അറിയുന്നതിന് സമീപിച്ചത് നാട്ടിലെ കൊള്ളാവുന്ന നായര്‍ തറവാടുകളെയും നായന്മാരെയും ആണ്. അവരുടെ വിവരണങ്ങളുടെയും അവര്‍ കൊണ്ടുപോയ തറവാടുകളെയും കേന്ദ്രീകരിച്ചാണ് ഈയൊരു ആഖ്യാനത്തെ വിദേശികള്‍ രൂപപ്പെടുത്തി എടുത്തിട്ടുള്ളത്. ജാതീയത കൊണ്ട് കേരളത്തിലെ അയിത്തജാതി ജനതമുഴുവന്‍ ഈ പ്രക്രിയയ്ക്ക് പുറത്ത് ആയിരുന്നു എന്നുകൂടി നാം ഓര്‍ക്കണം. 1875 ലെ ശാസ്ത്രീയ സെന്‍സസ് എടുക്കുന്നതിനു മുന്‍പുള്ള മുഴുവന്‍ കണക്കുകളും എടുത്തിരുന്നത് നായന്മാരായിരുന്നു. സ്വാഭാവികമായും എന്താണ് സംഭവിക്കുക എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഊതിവീര്‍പ്പിക്കപ്പെട്ട വിവരങ്ങളാണ് ഈ വിദേശികള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കപ്പെട്ടത്. റോബിന്‍ ജെഫ്രിയുടെ The Declaine of Nayar Dominance ല്‍ ഒരു നായര്‍ വിവരണത്തെ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ് ”കേരളനിവാസികളില്‍ ഭൂരിഭാഗവും നായന്മാരായിരുന്നു. അവര്‍ നാട്ടിലെ പ്രഭുക്കന്മാരായിരുന്നു… പൊതുജനസന്തുഷ്ടിയുടെ രക്ഷിതാക്കളായിരുന്നു. ക്ഷത്രിയരുടെ സവിശേഷാധികാരങ്ങളെ നിപുണമായി കൈകാര്യം ചെയ്തു. ഈ സവിശേഷാധികാരങ്ങള്‍ നമ്പൂതിരിമാരുമായുള്ള അവരുടെ സംഗമബന്ധങ്ങളെ ദൃഢതരമാക്കി’. ചരിത്രം കൂടുതല്‍ തെളിമയുള്ളതായിക്കൊണ്ടിരിക്കുകയും ചരിത്രത്തിന്റെ വീണ്ടെടുപ്പും നടക്കുന്ന ഈയൊരു ഘട്ടത്തില്‍ ഇത് വായിക്കുമ്പോള്‍ ഹാസ്യാത്മകമായിട്ടാണ് നമുക്ക് അനുഭവവേദ്യമാകുന്നത്.

നായര്‍ എന്ന സ്വത്വത്തില്‍ ഇന്ന് അറിയപ്പെടുന്ന സമുദായം ഒട്ടനവധി അവാന്തര വിഭാഗങ്ങളുള്ള ഒരു ജനതയായിരുന്നു. 1920 നു ശേഷമാണ് നാം ഇന്ന് കാണുന്ന തരത്തിലുള്ള ഒരു നായര്‍ സ്വത്വം രൂപപ്പെടുന്നത് തന്നെ. ഒന്നര നൂറ്റാണ്ടു മുന്‍പ് നായര്‍ ഉപജാതികള്‍ പരസ്പരം വിവാഹം കഴിക്കുകയോ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകപോലും ചെയ്തിരുന്നില്ല എന്നതാണ് ചരിത്ര വസ്തുത. ”ഹിന്ദു സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള വിഭാഗമാണിത്. അവര്‍ക്കിടയില്‍ നിരവധി ഉപവിഭാഗങ്ങളുണ്ട്. ചിലപ്പോഴെല്ലാം അവയുടെ നിര്‍വചനങ്ങള്‍ വളരെ ലോലവും ഹാസ്യാത്മകവുമാണ്. അക്കാരണത്തില്‍ പലപ്പോഴും ഒരു ഗൃഹത്തില്‍ പാകം ചെയ്യുന്ന ഭക്ഷണം മറ്റൊരു വീട്ടുകാര്‍ കഴിക്കുകയോ, ഒരേ നിരയില്‍ ഒന്നിച്ചിരുന്ന് ഭക്ഷിക്കുകയോ ചെയ്യുകയില്ല. എങ്കിലും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ ഭക്ഷിക്കുന്നതിനും വ്യത്യസ്ഥമായൊരു നിരയിലിരുന്ന് അവര്‍ക്കൊപ്പം ഭക്ഷിക്കുന്നതിനും അവര്‍ക്ക് വിരോധമില്ല. ഈ സമുദായത്തില്‍പ്പെട്ടവരെ ചിലപ്പോള്‍ നായര്‍ എന്ന് വിളിക്കാറുണ്ട്. സ്ഥാനീയമായൊരു ബഹുമതിയാണത്. ആ ജാതിയിലെ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായി ആ പേര് നല്‍കാനാവില്ല. ഈ ജാതിയില്‍ മുപ്പത്തിനാല് പ്രധാന ഉപവിഭാഗങ്ങളാണുള്ളത്.” (Samuel Mateer, Native Life in Tavancore ).

1914 ല്‍ എന്‍.എസ്.എസ്. രൂപപ്പെടുന്നത് നൂറില്‍ അധികം വരുന്ന ഉപജാതികളെ കൂട്ടിയിണക്കിക്കൊണ്ടാണ്. ഈ ഉപജാതികളുടെ മുഴുവന്‍ തൊഴിലും പടയാളികളും സൈന്യവും ആയിരുന്നില്ല. നായന്മാരിലെ ഒരു വിഭാഗം മാത്രമായിരുന്നു പടയാളികളായി ഉണ്ടായിരുന്നത്. കൊളോണിയല്‍ കാലഘട്ടത്തില്‍ മാത്രാണ് സ്ഥിരതയുള്ള ഒരു നായര്‍ പടയാളി സംഘം കേരളത്തില്‍ രൂപപ്പെടുന്നത്. അതിനു മുന്‍പ് നാട്ടുരാജാക്കന്മാരും ദേശവാഴികളും നാടുവാഴികളും ആവശ്യാര്‍ഥം മാത്രമാണ് നായര്‍ പടയാളികളെ ക്രമീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നത്. നായന്മാര്‍ മുടിവെട്ടുകാരും, അലക്കുകാരും, ബ്രാഹ്മണ വീടുകളിലെ ദാസ്യക്കാരും, ബ്രാഹ്മണര്‍ മുതല്‍ അമ്പലവാസികള്‍ വരെയുള്ളവരുടെ വേലക്കാരും, വസ്ത്രം നെയ്യുന്നവരും, പാത്രം ഉണ്ടാക്കുന്നവരും, പശുപാലകരും, ഓട് നിര്‍മ്മിക്കുന്നവരും തുടങ്ങി നിരവധി തൊഴിലുകള്‍ കുലത്തൊഴിലുകളായി ഉള്ളവര്‍ ഇന്നത്തെ നായര്‍ സമുദായത്തില്‍ ഉണ്ടായിരുന്നു. മാത്രമല്ല നായന്മാരുടെ വലിയൊരു ശതമാനം കാര്‍ഷിക വൃത്തിയുമായി (കുടിയാന്‍) ബന്ധപ്പെട്ടു കഴിഞ്ഞവര്‍ ആയിരുന്നു. എന്‍.എസ്.എസ്. രൂപീകരിക്കുന്നതിന് മുന്‍പ് ആദ്യം രൂപീകരിച്ചത് ‘നായര്‍ ഭൃത്യ സംഘം’ എന്ന സംഘടനയാണ്. എന്തുകൊണ്ട് ആയിരിക്കും നായര്‍ സമുദായം ഒരു സംഘടനാ ഉണ്ടാക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനു ഭൃത്യ സംഘം എന്ന പേരിടുന്നത് ? അവിടെയാണ് ചരിത്രപരമായി ആ സമുദായത്തിന് അകത്തു നിന്നിരുന്ന ദാസ്യവേലയുടെയും വിധേയത്തത്തിന്റെയും ചിത്രം വെളിവാകുന്നത്. 1753 – 54 കാലഘട്ടത്തില്‍ കൊച്ചിയില്‍ നിന്ന് ഡച്ചു കോളനിയായ കേപ്പിലേക്ക് കൊണ്ടുപോയ അടിമകളില്‍ ഒരു നായരും ഉണ്ടായിരുന്നു ( വിനില്‍ പോള്‍, അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം) എന്നതാണ് ചരിത്ര വസ്തുത. ഈ വസ്തുതകളെ മുഴുവന്‍ മൂടിവെച്ചുകൊണ്ടാണ് നായന്മാര്‍ മുഴുവന്‍ പടയാളികളും കുലീനരുമായിരുന്നെന്നൊരു കെട്ടുകഥ അന്തരീക്ഷത്തില്‍ വ്യാപിച്ചു നടക്കുന്നത്.

കേരളത്തിലെ നായന്മാരുടെ വളരെ ചെറിയൊരു ശതമാനത്തിനു മാത്രമാണ് ഇന്ന് കരുതുന്ന തരത്തിലുള്ള തറവാട് ഉണ്ടായിരുന്നത്. നായന്മാര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ വീടുകളെക്കുറിച്ചു ആദ്യത്തെ പ്രസ്താവം 1409-ല്‍ കൊച്ചി സന്ദര്‍ശിച്ച ചൈനക്കാരനായ മാഹുവാന്റേതാണ്. അതുപ്രകാരം തെങ്ങിന്റെ തടിയാല്‍ നിര്‍മ്മിക്കപ്പെട്ട് അതിന്റെ ഇലയാല്‍ മേഞ്ഞതുമായ നിര്‍മ്മിതികളാണ് ജനങ്ങളുടെ വീടുകള്‍. വര്‍ത്തേമായുടെ വിവരണം (1503) അല്പം കൂടി വിശദമാണ്. ‘ഇവിടത്തെ വീടുകള്‍ പരമദരിദ്രങ്ങളാണ്. ചുവരുകള്‍ക്കു കുതിരപ്പുറത്തി രിക്കുന്ന ഒരാളിന്റെ പൊക്കം കാണും. ഏറിയ ഭാഗവും ഇലകള്‍ കൊണ്ടു പൊതിഞ്ഞിരിക്കുന്ന അവയയ്ക്ക് ഒരു രണ്ടാം നില ഇല്ല. സാമാന്യക്കാ രുടെ വീടിന് അര ഡക്കറ്റു’ വിലമതിക്കാം. ഏറിയാല്‍ ഒരു ഡക്കറ്റോ രണ്ടു ഡക്കറ്റോ-അതിലധികം വരില്ല’

ഫ്രാങ്കോയ് പിറാര്‍ഡിന്റെ (1606) വീടുപരാമര്‍ശം നിര്‍മ്മാണസാമഗ്രി, നിര്‍മ്മാണരീതി എന്നിവയെക്കൂടി സ്പര്‍ശിക്കുന്നുണ്ട്. ‘ഇവിടെ പ്രചാരത്തിലിരിക്കുന്ന കെട്ടിടനിര്‍മ്മാണരീതിയെപ്പറ്റി പറയുകയാണെങ്കില്‍, ശ്രദ്ധേയമായ വസ്തുത ജനങ്ങള്‍ കളിമണ്ണുകൊണ്ടു വീടുവെച്ചു തെങ്ങിന്റെ ഓലകൊണ്ടു മേയുന്നു എന്നതാണ്. കുറെ കളിമണ്ണെടുത്തു വെള്ളം ചേര്‍ത്തുകുഴച്ച് അവര്‍ അതു വലിയ ചതുരക്കട്ടകളാക്കി എടുക്കുന്നു’

കേരളത്തില്‍ പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യംവരെ ഓട് മേയാന്‍ പോലും സാധാരണ ജനതയ്ക്ക് സ്വാതന്ത്യമുണ്ടായിരുന്നില്ല. വില്യം ലോഗന്‍ ഇതുസംബന്ധിച്ചു വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഗൃഹനിര്‍മ്മാണത്തിന് മലയാളക്കരയില്‍ സ്വീകരിച്ചുപോന്ന പാരമ്പര്യക്രമം വളരെ കര്‍ശനമായി പാലിക്കപ്പെടുന്നു. ഒരു വ്യതിയാനം ഉണ്ടായത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നൂറു കൊല്ലത്തെ സാന്നിധ്യത്തിന് ശേഷമാണ്. പടിഞ്ഞാറന്‍ തീരത്ത് സ്വന്തം അധിവാസകേന്ദ്രങ്ങള്‍ ഓടുമേയാന്‍ ഇംഗ്ലീഷുകാര്‍ക്ക് ഒരു പ്രത്യേക സൗജന്യമെന്ന നിലയില്‍ അനുവാദം ലഭിക്കുന്നത് 1759-ല്‍ ആണ്. ആദ്യമായി കോഴിക്കോട്ടെ ഇംഗ്ലീഷ് വ്യാപാരകേന്ദ്രം പ്രവര്‍ത്തിച്ച കെട്ടിടത്തിന്നാണ് ഈ സൗഭാഗ്യമുണ്ടായത്. മുന്‍കാലങ്ങളില്‍ രാജകൊട്ടാരങ്ങളും ക്ഷേത്രങ്ങളും മാത്രമേ മലയാളക്കരയില്‍ ഓട് മേഞ്ഞിരുന്നുള്ളൂ.’

പി.കെ. ബാലകൃഷ്ണന്‍ ”ജാതിവ്യവസ്ഥിതിയും കേരളചരിത്രവും” ‘പുസ്തകത്തില്‍ നായന്മാരുടെ ജീവിത പരിസ്ഥിതിയും ജീവിതരീതിയും’ എന്ന അധ്യായത്തില്‍ വളരെ വിശദമായി തന്നെ ഇത് എഴുതിയിട്ടുണ്ട്.

‘തെങ്ങിന്റെ ഇലകൊണ്ടു പൊതിഞ്ഞ നന്നെ ചെറിയ വീടുകളിലാണ് നാട്ടുകാര്‍ താമസിക്കുന്നത്’ എന്ന് റാല്‍ഫിച്ചും (1580) കോഴിക്കോട്ടു കണ്ട വീടുകള്‍ കളിമണ്ണുകൊണ്ടും തെങ്ങോലകൊണ്ടും നിര്‍മ്മിക്കപ്പെട്ട നന്ന പൊക്കം കുറഞ്ഞവയാണ് എന്ന് ഡെല്ലാവല്ലയും (1624) പ്രാകൃതമായി പൊക്കം കുറഞ്ഞ് ഹീനമായ കുടിലുകളിലാണ് അവിശ്വാസികള്‍ താമസി ക്കുന്നത്’ എന്നു വിഷര്‍ പാതിരിയും (1720) പ്രസ്താവിച്ചിട്ടുണ്ട്. ഈ പ്രസ്താവങ്ങള്‍ തമ്മിലുള്ള കാലവ്യത്യാസമാവുന്ന 300 കൊല്ലത്തിനിടയ്ക്ക് വീടുകളുടെ അവസ്ഥയ്ക്കു മാറ്റമൊന്നും വന്നില്ലെന്ന് ഇവിടം നാം കാണേണ്ടി വരുന്നു. ലിന്‍ഷോട്ടന്റെ വിവരണം (1590) വീടുകളുടെ ചുവരുണ്ടാക്കുന്നതിന്റെ ഒരു വിശദാംശം കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. ‘നായന്മാരുടെ വീടുകള്‍ പരമ്പുകൊണ്ടും മണ്ണുകൊണ്ടും ചുവരും, ഓലപ്പുരയുമായിരുന്നു” എന്നതില്‍ നിന്നും മുളംചീന്തുകൊണ്ടുള്ള പായില്‍ കളിമണ്ണുതേച്ചുപിടിപ്പിച്ചാണ് ചുവരുണ്ടാക്കുന്നത് എന്നു കാണാമല്ലോ. ഇന്നും അത്ര വിരളമല്ലാത്ത നിര്‍മ്മണ സംരദായം ആണെന്നും പറയേണ്ടതില്ല’

അദ്ദേഹം തുടര്‍ന്നും എഴുതുന്നു. ‘കേരളത്തിലെ ഭരണവര്‍ഗ്ഗമായിരുന്നവരും, ജനസംഖ്യയില്‍ പ്രമുഖരായ നായന്മാര്‍ താഴ്ന്ന ജാതികളുടെ കൂരകളെക്കാള്‍ വളരെ മെച്ചപ്പെട്ടതെങ്കിലും, നല്ല വീടുകള്‍ എന്നു പറയാനാവാത്ത വലിയ കുടിലുകളിലാണ് താമസിച്ചിരുന്നതെന്നു, ഈ വിദേശീയ വിവരണങ്ങള്‍ കൂടാതെ തന്നെ നമുക്ക് കാണാന്‍ കഴിയും. 1891-ലെ സെന്‍സസ് റിപ്പോര്‍ട്ടുപ്രകാരം തിരുവിതാംകൂറില്‍ ഉണ്ടായിരുന്ന 5,39,898 വീടുകളില്‍ ഓടുമേഞ്ഞവ 4025 എണ്ണം മാത്രമാണ്. ഇത്ര സമീപമായ കാലത്തും ഓടുമേഞ്ഞ വീടുകള്‍ ഒരു ശതമാനത്തിലും കുറവാണെന്നു മാത്രമല്ല ഈ കണക്കിന്റെ അര്‍ത്ഥം. ഓലമേയുന്നതിന്റെ നടപടിക്രമം വച്ചു ചിന്തിക്കുമ്പോള്‍, ഒന്നിലധികം നിലയുള്ള വീടുകളോ, വളരെ വലിപ്പമുള്ള വീടുകളോ എത്രയും അപൂര്‍വമായിരുന്നു എന്ന് കൂടി നമുക്കു കാണാന്‍ കഴിയും. 1875-ലെ കൊച്ചി സെന്‍സസ് റിപ്പോര്‍ട്ടില്‍ നിന്ന് ഈ വശത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. അന്നു കൊച്ചിയില്‍ ആകെ വീടുകള്‍ 1,17,368 ആണ്. അതില്‍ 1521 വീടുകള്‍ മാത്രമാണ് ഓട് മേഞ്ഞവ. അന്ന് അവിടെയുണ്ടായിരുന്ന നമ്പൂതിരി ഇല്ലങ്ങള്‍ 494-ഉം ക്ഷത്രിയകോവിലങ്ങള്‍ 98-ഉം പട്ടര്‍-ബ്രാഹ്മണഗൃഹങ്ങള്‍ 1914-ഉം (ആകെക്കൂടി 2506) ആണെന്ന് റിപ്പോര്‍ട്ടില്‍ കാണുന്നു. ഇത്രയും അവിടെ ഉണ്ടായിരിക്കെ, അന്ന് അവിടെയുണ്ടായിരുന്ന 26087 നായര്‍ വീടുകളില്‍ ഓടുമേഞ്ഞതായി ഒന്നെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യം സന്ദിഗ്ദ്ധമാവുന്നു. പ്രസക്തറിപ്പോര്‍ട്ടില്‍ 50 കൊല്ലം മുന്‍പ് വരെ (ie. 1825 വരെ) ഓടുമേഞ്ഞ നിര്‍മ്മിതികള്‍ ഏതാണ്ടെല്ലാംതന്നെ ക്ഷേത്രങ്ങള്‍, കോവിലകങ്ങള്‍ എന്നിവ മാത്രമായിരുന്നു,’ എന്നു പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ളത് കാര്യത്തിന്റെ കിടപ്പെങ്ങനെയെന്നു വ്യക്തമാക്കുന്നു’

‘നല്ല വീടുവയ്ക്കാന്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ പോലും ഭൂരിപക്ഷം നായന്മാര്‍ക്കും കഴിവുണ്ടായിരുന്നില്ലെന്നും (താഴോട്ടുള്ളവരുടെ പ്രശ്‌നം ഉദ്ഭവിക്കുന്നതേയില്ല) ലോകസാമാന്യമായ തോതുവെച്ചു അവര്‍ പരമദരിദ്രന്മാരായിരുന്നു’ എന്നും പി.കെ. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു. മാത്രമല്ല കുത്തഴിഞ്ഞ ലൈംഗിക അരാജകത്തമാണ് നായര്‍ ‘തറവാടു’കളില്‍ സംബന്ധത്തിന്റെ പേരില്‍ നിലനിന്നിരുന്നത്. നായര്‍ സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ പിതൃത്വം അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് മരുമക്കത്തായം ശക്തമായി നായര്‍ സമൂഹങ്ങളില്‍ നിലനിന്നിരുന്നത്. ഇത് സംബന്ധിച്ച് നിരവധി എഴുത്തുകള്‍ നമുക്ക് ഇന്ന് ലഭ്യമാണ്.

നായര്‍ തറവാടുകളുടെയും അവിടുത്തെ ജീവിതങ്ങളുടെയും യാഥാര്‍ഥ്യം ഇതായിരിക്കെ കേരളത്തിലെ നായന്മാര്‍ മുഴുവന്‍ ‘തറവാടികളും’ ‘കുലീനരും’ ആണെന്ന് പറയുന്നതില്‍ ചരിത്ര വിരുദ്ധതയുണ്ട്. ബഹുഭൂരിപക്ഷവും കുടിയാന്മാരായിരുന്ന നായന്മാര്‍ക്ക് 1865 വരെ തിരുവിതാംകൂറില്‍ സ്വസ്ഥമായി ഭൂമി വില്‍ക്കാനോ വാങ്ങാനോ അധികാരം ഉണ്ടായിരുന്നില്ല. പാട്ടവിളംബരത്തെ തുടര്‍ന്ന് രണ്ടുലക്ഷം ഏക്കര്‍ ഭൂമിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇതിന്റെ ബഹുഭൂരിപക്ഷം ഗുണഭോക്താക്കളും നായന്മാര്‍ ആയിരുന്നു. അവിടെനിന്നാണ് ഒരു പുതിയ അധികാര സമൂഹമായി നായന്മാര്‍ മാറുന്നത്. ഉന്നതവിദ്യാഭ്യാസമുള്ള ഒരു പുതുതലമുറയും അതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പ്രാതിനിധ്യത്തിനായി അവകാശ വാദം ഉന്നയിച്ച മലയാളി മെമ്മോറിയലിലേക്കും നായര്‍ ജനതയെ കൊണ്ടെത്തിക്കുന്നതില്‍ ഈ സ്വത്തുടമസ്ഥയ്ക്ക് പങ്കുണ്ട്. 1880 കള്‍ക്ക് ശേഷം വന്ന വിദ്യാഭ്യാസമുള്ള ഒന്നും രണ്ടും മൂന്നും തലമുറ നായര്‍ യുവതയാണ് ഇന്ന് കാണുന്ന കുലീന നായര്‍ ജീവിതവും തറവാടും കേരളം ദേശീയതയായി ചരിത്രത്തിലൂടെയും സാഹിത്യത്തിലൂടെയും സിനിമയുടെയും സ്ഥാപിച്ചെടുക്കുന്നത്. ഇത് വ്യാജ്യമായ ഒരു സ്ഥാപനവല്‍ക്കരണം കൂടി ആയിരുന്നു.

പ്രദീപന്‍ പാമ്പിരിക്കുന്ന്  ‘ദേശീയത, ആധുനികത, കേരളീയത, കീഴാളവിമര്‍ശം’ എന്ന ലേഖനത്തില്‍ ഇത് അടിവരയിട്ട് എഴുതുന്നുണ്ട്. ‘എം.ടി.യന്‍ സാഹിത്യം കേരളീയസമൂഹത്തിലേക്ക് പ്രക്ഷേപിച്ച തറവാട്ട് വ്യവഹാരങ്ങളില്‍നിന്നാണ് ഇത് കേരളീയനില്‍ ശക്തമായിത്തീര്‍ന്നത്. തറവാട് ഒരു ദായക്രമം എന്ന നിലവിട്ട് സാംസ്‌കാരികമായ അടിത്തറ എന്ന രീതിയിലേക്ക് വികസിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. മരുമക്കത്തായ കുടുംബ ക്രമം തകര്‍ന്നിട്ടും തറവാടിനെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍, ഉല്‍ ക്കണ്ഠകള്‍ കേരളത്തില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നതിന്റെ കാരണം അതാണ്. ടെലിവിഷനില്‍ സജീവമായിത്തീര്‍ന്ന തറവാട് സീരിയലുകളിലേക്ക് എം.ടി.യുടെ നോവല്‍ ഘടനയില്‍ നിന്ന് അധികം ദൂരമില്ല. അവ സാമൂഹികചലനങ്ങളെ അപ്രസക്തമാക്കി അന്തര്‍മുഖമായിരുന്നു.

നായര്‍ തറവാടുകളുടെ കഥയായി ആരംഭിച്ച മലയാള നോവലുകള്‍ (സി.വി. രാമന്‍പിള്ള, ചന്തുമേനോന്‍) വികസിച്ചതും ആ വഴിയിലൂടെയായിരുന്നു. ദേവിന്റെ ‘അയല്‍ക്കാര്‍, തകഴിയുടെ ‘കയര്‍’ തുടങ്ങി എത്ര നോവലുകള്‍….. പിന്നീട് ഈഴവ തറവാടുകളിലേക്ക് ഇതു വ്യാപിക്കുന്നതു കാണാം. കോവിലന്‍ (തട്ടകം) മുതല്‍ ഒ.വി. വിജയനിലൂടെ (തലമുറകള്‍) അതു വികസിച്ചുവന്നു. മാധവിക്കുട്ടിയില്‍ അത് ഗൃഹാതുരമായി മാറി.

തറവാടുമായി ബന്ധപ്പെട്ട നിരവധി പദങ്ങള്‍, ആശയങ്ങള്‍, ആചാരങ്ങള്‍ തുടങ്ങിയവ കേരളീയന്റെ വ്യവഹാരമായിത്തീര്‍ന്നത് ഇതു വഴിയാണ്. ചന്തുമേനോന്‍ പരിഹസിച്ചുവിട്ട തറവാടിനെ അതിന്റെ തകര്‍ച്ചയില്‍നിന്ന് ഒരു ശരാശരി കേരളീയന്റെ സെക്കുലറായ നൊസ്റ്റാള്‍ജിയയായി വികസിപ്പിച്ച് മുദ്രയാക്കി മാറ്റിയത് എം.ടി. കൃതികളാണ്. പാര്‍പ്പിടങ്ങള്‍ക്കുമേല്‍ തറവാടുകള്‍ക്കുള്ള ഈ ആഭിജാത്യബോധമാണ് തച്ചുശാസ്ത്രവിധികള്‍ മുതല്‍ വീട്ടുപകരണങ്ങള്‍ വരെ ഉത്തരാധുനിക കേരളീയര്‍ തേച്ചുമിനുക്കി ഉപയോഗിക്കുന്നതിന്റെ പിന്നിലുള്ളത്. ഇന്ത്യന്‍ സവര്‍ണ്ണ ആത്മീയ ധാരയില്‍നിന്നു വ്യത്യസ്തമായി പ്രാദേശിക ജീവിതത്തെ ആഖ്യാനം ചെയ്യുവാനുള്ള ശ്രമമായി ആരംഭിച്ച നോവലുകള്‍ അങ്ങനെ പ്രാദേശികമായി സവര്‍ണ്ണാഖ്യാനമായി മാറിയ കാഴ്ചയാണിതില്‍ നാം കാണുന്നത്’ സാംസ്‌കാരിക മേഖലയില്‍ സാഹിത്യത്തിനുള്ള അപ്രമാദിത്വം കൊണ്ട് ഈ സവര്‍ണ്ണ സാഹിത്യ പാരികല്പനകള്‍ ചരിത്രവും സിനിമകളും കലകളും സ്വാശീകരിക്കുകയായിരുന്നു. നായര്‍ജീവിതവും സംസ്‌കാരവും കേരളദേശീയതയായി രൂപപ്പെടുന്നത് ഈ തരത്തില്‍ ആയിരുന്നു.

നായര്‍ ജീവിതവും സംസ്‌കാരവും കേരള ദേശീയതയും

‘മലയാളി’ ഒരു മധ്യവര്‍ഗ്ഗ നായര്‍ പുരുഷനാണ്. ‘തറവാടിത്ത’മാണ് കേരളീയത്തമായി സ്ഥാപിക്കപ്പെട്ടത്. നായര്‍ ജീവിതവും സംസ്‌കാരവും കേരള ദേശീയതയായി രൂപപ്പെടുകയായിരുന്നു1. ചുരുക്കത്തില്‍, മലയാളി ഒരു വിശേഷാവകാശമുള്ള ജാതിഹിന്ദു (Privileged Hindu) മാത്രമായി തീരുന്നു.ജാതീയതയ്ക്കുള്ളില്‍ സാമൂഹിക പുറംതള്ളല്‍ സ്വാഭാവികമായതുകൊണ്ട് മുഴുവന്‍ അപരശരീരങ്ങളും മലയാളിക്ക് അന്യമായിത്തീരുകയും തറവാടികള്‍ അല്ലാത്തവരെല്ലാം രണ്ടാംതര പൗരന്മാരായി തീരുകയും ചെയ്യുന്നു. മലയാളി എന്ന് കേള്‍ക്കുമ്പോള്‍ കസവുകരയുള്ള വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമിട്ട വെളുത്ത പുരുഷന്‍ ഭാവനയില്‍ കടന്നുവരുന്നതും, മലയാളി ‘മങ്ക’യായി സെറ്റുമുണ്ടുമുടുത്ത ‘വെളുത്ത സുന്ദരിയായ’ നായര്‍ സ്ത്രീ കടന്നുവരുന്നതും അധീശ സാംസ്‌കാരിക മേല്‍ക്കോയ്മയുടെ അടിത്തറയിലാണ്. അതുകൊണ്ട് തന്നെ കറുത്ത ശരീരമുള്ള ഒരു പുരുഷന്‍ മലയാളിപുരുഷനായി നമ്മുടെ സങ്കല്പത്തില്‍ വരില്ല. ഒരു കറുത്ത സ്ത്രീയെയോ, തട്ടമിട്ട മുസ്ലിം സ്ത്രീയെയോ, ക്രിസ്ത്യന്‍ സ്ത്രീയെയോ നമുക്ക് മലയാളി ‘മങ്ക’യായി സങ്കല്‍പ്പിക്കാന്‍ കഴിയില്ല.

മലയാളി സാംസ്‌കാരിക സ്വത്വം നായര്‍ സ്വത്വമായി പരിണമിച്ചതിനു കാരണം കേരളത്തിലെ ജാതിമേല്‍ക്കോയ്മ നിലനിര്‍ത്തിയ പ്രധാന അധീശഘടകം നായരായിരുന്നു എന്നതാണ്. അധീശ്വത്വ വ്യവഹാരങ്ങളാണ് ചരിത്രത്തില്‍ ചിഹ്നവ്യവസ്ഥകള്‍ സുഷ്ടിച്ചത്. തമ്പുരാനില്ലാതെ ഒരു ദൈവംതമ്പുരാനും ഉണ്ടാകുന്നില്ല. ദൈവത്തിനു പള്ളിനീരാട്ടും പള്ളിയുറക്കവും എഴുന്നള്ളിപ്പും ആറാട്ടുമൊക്കെ ഉണ്ടാകുന്നത് അത് തമ്പുരാന്റെ ജീവിതക്രമമായതു കൊണ്ടാണ്. അങ്ങനെ തമ്പുരാനും ദൈവവും ഒന്നായിത്തീരുന്നു. അധീശവ്യവസ്ഥയെ നിയന്ത്രിക്കുന്ന സവര്‍ണ്ണ പുരുഷന്‍ ദൈവത്തിന്റെ പ്രതിരൂപമെന്ന പദവിയിലേക്ക് സ്വയം അവരോധിക്കുന്നതിനൊപ്പം ജീവിതത്തിന്റെ സമസ്ത മേഖലയിലും നായകത്വ പ്രതിരൂപങ്ങളായി മാറുകയും ചെയ്യുന്നു. മലയാളിയുടെ ചരിത്രവും സാഹിത്യവും കലകളും സംഗീതവും സിനിമകളുമെല്ലാം സവര്‍ണ്ണ ‘വംശശുദ്ധി’യെ പരിപാലിക്കുന്നതായി കാണാം. അവ നായര്‍ ജീവിതങ്ങളുടെ ആഘോഷങ്ങളാണ്, ഒപ്പം വരേണ്യതയുടെ ആനന്ദ-ആസ്വാദന-സൗന്ദര്യ ശാസ്ത്രങ്ങളില്‍ അഭിരമിച്ച് ഉപജീവനം ചെയ്യുന്നവയാണ്. അങ്ങനെയാണ് മധ്യവര്‍ഗ്ഗ നായര്‍ പുരുഷന്‍ മലയാളിയുടെ പൊതുസാംസ്‌കാരിക സ്വത്വമായി സ്വയം അവതരിക്കുന്നത്.

ആധുനികതയെ വരേണ്യമായി പുനരുല്‍പാദിപ്പിച്ചും വ്യാഖ്യാനിച്ചും, അറിവധികാര രൂപങ്ങളെയും സാംസ്‌കാരിക രൂപങ്ങളെയും സവര്‍ണ്ണവല്‍ക്കരിച്ചുമാണ് ജാതീയ മേല്‍ക്കോയ്മ സവര്‍ണ്ണര്‍ നിലനിര്‍ത്തിയത്. ജാതീയ മേല്‍ക്കോയ്മ ഒന്നുകൊണ്ടു മാത്രമാണ് മലയാളിയുടെ വൈജ്ഞാനിക മണ്ഡലം, ചരിത്രം, സംസ്‌കാരം, സാഹിത്യം, കലകള്‍, ഭാഷ, സംഗീതം, സിനിമ, ഭക്ഷണം, വസ്ത്രം, ആചാര വിശ്വാസങ്ങള്‍ ഒക്കെത്തന്നെ സവര്‍ണ്ണ കേന്ദ്രീകൃതമായി നിലകൊള്ളുന്നതും, അവരുടെ ഭാവനകളും ജീവിതവും സൗന്ദര്യ ശാസ്ത്രങ്ങളുമായി വിളക്കിച്ചേര്‍ക്കപ്പെട്ടിരിക്കുന്നതും. Discipline and Punishment എന്ന ഗ്രന്ഥത്തില്‍ മിഷേല്‍ ഫൂക്കോ നടത്തുന്ന അറിവ്-അധികാര ബന്ധങ്ങളുടെ പരസ്പരബന്ധം ഇതിനോട് ചേര്‍ത്തു വായിക്കാവുന്നതാണ്. അധികാരം അറിവിനെയും അറിവ് അധികാരത്തെയും പല അടരുകളിലായി പരസ്പരം ഉല്‍പാദിപ്പിക്കുന്നുവെന്ന് ആധുനിക വൈദ്യശാസ്ത്രത്തെയും വിക്ടോറിയന്‍ സദാചാരത്തെയും അടിസ്ഥാനമാക്കി ഫൂക്കോ വിശദീകരിക്കുന്നുണ്ട്2. അയിത്തജാതി ജനതയുടെ അറിവു രൂപങ്ങള്‍, ചരിത്രം, സംസ്‌കാരം, സാഹിത്യം, കല, ഭാഷ, സംഗീതം, ഭക്ഷണം തുടങ്ങിയവയെല്ലാം അപരിഷ്‌കൃതമോ മൂന്നാംതരമോ ഒക്കെയായി പുറംതള്ളപ്പെടുന്നതിന്റെ കാരണം ഈ ജാതീയ മേല്‍ക്കോയ്മയാണ്. സ്വാഭാവികമായും ആ മനുഷ്യരും അവരുടെ ജാതിശരീരവും ജീവിതവും അതിന്റെ ചിഹ്നങ്ങളും സാമൂഹികമായി പുറംതള്ളപ്പെടുകയായിരുന്നു. അവ അപരിഷ്‌കൃതമെന്ന് സ്ഥാപിച്ചെടുക്കുന്നതില്‍ നായര്‍ അധീശ വ്യവഹാരങ്ങള്‍ വിജയിക്കുകയും ചെയ്തു.

കേരള സംസ്‌കാരവും ജനാധിപത്യ പ്രക്രിയയും അതിന്റെ രൂപീകരണ വേളയില്‍ തന്നെ ജാതീയമായിരുന്നു. ‘ഫ്യൂഡല്‍ ഘടനയില്‍നിന്ന് നവോത്ഥാന പ്രക്രിയയിലൂടെ രൂപപ്പെട്ടുവന്ന ആധുനികകേരളീയ സാംസ്‌കാരിക ചിഹ്നങ്ങളെല്ലാം കേരളത്തിലെ ജന്മിവര്‍ഗ്ഗമായിരുന്ന നായര്‍ വിഭാഗത്തിന്റേതായിരുന്നു’വെന്ന് ‘നായര്‍ സമുദായത്തിന്റെ ഇതിഹാസം’ എന്ന കൃതിയില്‍ പട്ടം രാമചന്ദ്രന്‍ നായര്‍ അവകാശപ്പെടുന്നുണ്ട്. കേരളീയ പൊതുസമൂഹത്തിന്റെ സൃഷ്ടിപോലും ജാതീയമായ അടിത്തറയിലായിരുന്നുവെന്നാണതിന്റെ സൂചന. കഥകളി കേരള സംസ്‌കാരത്തിന്റെ മുദ്രയുള്ള കലയായി മാറിയതിന്റെ പിന്നില്‍ അത് നായര്‍ സമുദായത്തിന്റെ കലയായിരുന്നുവെന്ന യാഥാര്‍ഥ്യമുണ്ട് എന്നാണു പ്രദീപന്‍ പാമ്പരിക്കുന്നിന്റെ നിരീക്ഷണം.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യംമുതല്‍ ശക്തിയാര്‍ജ്ജിച്ച വിദ്യാസമ്പന്നരായ നായര്‍ യുവതയാണ് ആധുനിക കേരളത്തിന്റെ പൊതുമണ്ഡലത്തെയും സാംസ്‌കാരിക സാമൂഹിക മണ്ഡലത്തെയും ജാതീയമായി പുനരുല്‍പാദിപ്പിച്ചത്. ഇത് ജാതി സ്വത്വത്തില്‍ നിന്ന് സാമൂഹിക അവസ്ഥയായിക്കൂടി മാറുന്നുണ്ട്. അതുകൊണ്ട് ഈ ധാരയെ സ്വംശീകരിക്കുക എന്നത് സവര്‍ണ്ണ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റ് വരേണ്യവിഭാഗങ്ങളുടെ ബാധ്യതയായി മാറി. കേരളത്തില്‍ രൂപം കൊണ്ട ജനാധിപത്യപ്രക്രിയയ്ക്ക് ദേശീയമായി ഉണ്ടായിരുന്നത് പോലെ തന്നെ ജാതിവിരുദ്ധ രാഷ്ട്രീയം ഉണ്ടായിരുന്നില്ല. മറിച്ച്, ‘ജാതി മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്ന വരേണ്യ ജാതികള്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ പരിമിതപ്പെട്ട തങ്ങളുടെ അധികാരത്തെ വിപുലപ്പെടുത്തുവാനുള്ള സംവിധാനമായാണ് ലിബറല്‍ ജനാധിപത്യത്തെ കണ്ടത്.’3

ഇത്തരത്തില്‍ സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ട ആധുനികതയില്‍ കീഴ്ത്തട്ടു സമൂഹങ്ങളുടെ സര്‍വ്വവും പുറംതള്ളപ്പെട്ടു. ‘ആധുനികവല്‍ക്കരണത്തിന്റെ ഘട്ടത്തില്‍ ഭാഷയില്‍നിന്ന് ധാരാളം പദങ്ങള്‍ പോയിട്ടുണ്ട് എന്ന് നമുക്കറിയാം. അതിനൊരു കാരണം ആധുനികതയുടെ പരിധിയിലേക്ക് ദലിതസമുദായമോ പാര്‍ശ്വവല്‍കൃതരോ വന്നിട്ടില്ല, എന്ന കാരണമാണ് എം.എസ്.എസ്. പാണ്ഡ്യന്റെ ആധുനികതയ്ക്കപ്പുറത്തേക്ക് ഒരു കാല്‍വെയ്പ്പ്’ (One step outside modernity) എന്ന ലേഖനം മുന്നോട്ടുവെക്കുന്നത്. പ്രാതല്‍, അത്താഴം തുടങ്ങിയ പദാവലികള്‍ വരുന്നതോടെ അങ്ങനെയല്ലാതെ കഴിച്ചിരുന്ന ഒരുപാട് ആളുകളുടെ ഭക്ഷണരീതികള്‍ പുറന്തള്ളപ്പെടുന്നു, പാര്‍ശ്വവത്കരിക്കപ്പെടുന്നു. അങ്ങനെ ആധുനികമെന്ന് നാം കരുതുന്ന, മതേതരം എന്ന് നാം കരുതുന്ന ആധുനികതയുടെ ആശയാവലികളാല്‍ പുറത്താക്കപ്പെടുന്ന ധാരാളം ഭാഷാവ്യവഹാരങ്ങളുണ്ടാകുന്നു. എന്തുകൊണ്ടാണ് ദലിതര്‍ക്ക് പുതിയകാലത്ത് ഇത്രയധികം ആത്മകഥകള്‍ ഉണ്ടായത്? ദലിതര്‍ ആത്മകഥയെഴുതുമ്പോള്‍ അവര്‍ക്ക് ജാതിയെക്കുറിച്ച് ധാരാളം പറയേണ്ടിവരുന്നു. കെ. പി. കേശവമേനോനെപ്പോലുളള, ജവഹര്‍ലാലിനെപ്പോലുളള മഹാത്മാഗാന്ധിയെപ്പോലുളള ‘ദേശീയ പുരുഷന്‍’മാരുടെ ആത്മകഥകളില്‍ ജാതിയില്ല. കാരണം, സവര്‍ണ്ണത ആധുനികതയുടെ അന്തര്‍ദ്ധാരയായി നില്‍ക്കുന്നുണ്ട് എന്നതാണ്. അഥവാ സവര്‍ണ്ണതയാണ് പൊതുവായിത്തീര്‍ന്നതെന്നര്‍ത്ഥം.’4

കേരളത്തിന്റെ ‘പൊതുമണ്ഡലം’ ഇന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സവര്‍ണ്ണ കേന്ദ്രീകൃതമായ വൈജ്ഞാനിക മണ്ഡലം, ചരിത്രം, സംസ്‌കാരം, സാഹിത്യം, കലകള്‍, ഭാഷ, സംഗീതം, സിനിമ, ഭക്ഷണം, വസ്ത്രം, ആചാര വിശ്വാസങ്ങള്‍ ഒക്കെത്തന്നെ ഇന്ന് കീഴ്ത്തട്ടു സമൂഹത്തില്‍ നിന്ന് ചോദ്യം ചെയ്യപ്പെടുകയും വൈജ്ഞാനികമായി അപനിര്‍മ്മിക്കപ്പെടുകയും (Deconstruction) ചെയ്യുന്നുണ്ട്. ‘അധീശ സംസ്‌കാരത്തിന്റെ ചിഹ്നവ്യവസ്ഥയില്‍ മറ്റുളളവ താല്‍കാലികമായി മറഞ്ഞിരിക്കും. മറഞ്ഞിരിക്കുന്നവയുടെ കണ്ടെത്തലും രേഖപ്പെടുത്തലും സംസ്‌കാരപഠനത്തിന്റെ ബാദ്ധ്യതയായി മാറുന്നുണ്ട്. അവ സാംസ്‌കാരികരാഷ്ട്രീയത്തിന്റെ ഭാഗമാണ്. സംസ്‌കാരം ഒരു വ്യക്തി സ്വമേധയാ സ്വീകരിക്കുന്ന ഒന്നല്ല. അവര്‍ ജനിച്ചുവീഴുന്ന ചുറ്റുപാടുകളില്‍നിന്ന് അവരില്‍ വന്നുചേരുന്നതാണത്. അവരുടെ കുടുംബം, ജാതി, മതം, ഭരണക്രമം, എന്നിവയിലൂടെ അവ ദൃഢപ്പെടുന്നു. ഇങ്ങനെ വസ്തുക്കളും സ്ഥാപനങ്ങളും പ്രയോഗങ്ങളും എല്ലാം ചേര്‍ന്ന ഭൗതികയാഥാര്‍ത്ഥ്യത്തിന്റെ ഭാഗമാണ് സംസ്‌കാരം. അവ ഭൗതികയാഥാര്‍ത്ഥ്യത്തില്‍നിന്ന് രൂപപ്പെടുന്നതും അതേസമയം അവയില്‍നിന്ന് വ്യതിരിക്തമായതുമല്ല’5.

ആധുനിക രാഷ്ട്രീയ പ്രത്യശാസ്ത്രമായി കേരളത്തില്‍ വളര്‍ന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഈ സമൂര്‍ത്തമായ സാമൂഹിക യാഥാര്‍ഥ്യത്തെ, വൈരുദ്ധ്യത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇല്ലായിരുന്നു. ഒന്ന്, അതിന്റെ പ്രത്യയശാസ്ത്രപരമായ ആന്തരിക ഘടന മൂലം. രണ്ട്, സവര്‍ണ്ണവല്‍ക്കരിക്കപ്പെട്ട ആധുനികതയുടെ ഗുണഭോക്താക്കള്‍ തന്നെയായിരുന്നു കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വവുമെന്നതിനാല്‍. വര്‍ഗ്ഗത്തിനുള്ളില്‍ ജാതിയും മതവും ഒളിപ്പിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒരു സ്‌പേസ് അതിനു ഉണ്ടായിരുന്നു. അതുകൊണ്ട് വര്‍ഗ്ഗരാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍, കമ്മ്യുണിസ്റ്റുകാരനായിരിക്കുമ്പോള്‍ താന്‍ ജാതിക്കും മതത്തിനും ലിംഗത്തിനും അതീതനായ ആധുനികതയുടെ സമത്വപൗരനായി മാറുന്നു എന്നൊരു മിഥ്യാധാരണ കേരളത്തില്‍ സൃഷിക്കപ്പെട്ടു. ജാതിയെ അഭിസംബോധന ചെയ്യാതിരിക്കാനുള്ള ‘അടവുനയ’ത്തിന്റെ ഭാഗമായിരുന്നു യഥാര്‍ത്ഥത്തില്‍ ഇത്. ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ കാര്‍ഷിക അടിമകളെ ‘കര്‍ഷക തൊഴിലാളി’ എന്നൊരു പുതിയ സംവര്‍ഗ്ഗം ഉണ്ടാക്കി, അതിനകത്തേക്ക് വ്യാഖ്യാനിച്ചിരുത്താന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ േ്രപരിപ്പിച്ചത് ഈ കാരണം കൊണ്ടാണ്. ‘കാര്‍ഷിക മുതലാളിത്തം ഇല്ലായിരുന്നിടത്ത് എങ്ങനെ കര്‍ഷക തൊഴിലാളികള്‍ ഉണ്ടായി’6 എന്നതിന്റെ ഉത്തരം ജാതിയെ അഭിസംബോധന ചെയ്യാതിരിക്കാനുള്ള കുറുക്കുവഴി മാത്രമായിരുന്നു. ആധുനികതയില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് ആശയങ്ങളില്‍ സമത്വ വിശ്വപൗരന്മാരേയുള്ളൂ. ഈ വിശ്വപൗരന്‍, ‘മുതലാളിത്ത ഉപരി മദ്ധ്യവര്‍ഗ്ഗ ശാസ്ത്രസാങ്കേതികതയിലൂടെയും തൊഴിലാളിവര്‍ഗ്ഗ പരികല്പനയിലൂടെയും നിര്‍മ്മിച്ച ഈ ആധുനിക സ്വത്വരൂപമാണ് ജാതി വിരുദ്ധസമരങ്ങളെ അലസിപ്പിച്ചുകളഞ്ഞത്’.7

ചുരുക്കത്തില്‍, കേരളത്തില്‍ ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ അട്ടിമറിക്കപ്പെട്ടു എന്ന് മാത്രമല്ല സവര്‍ണ്ണ കേന്ദ്രീകൃതമായ, കുറച്ചൂടെ വ്യകതമായി പറഞ്ഞാല്‍ നായര്‍ ജീവിതവും സാംസ്‌കാരവും സാഹിത്യവും കലകളും ആചാര വിശ്വാസങ്ങളും കേരളത്തിന്റെ തനത് സംസ്‌കൃതിയായി വ്യാജ്യമായി സ്ഥാപിക്കപ്പെട്ടു. തത്ഫലമായി ബഹുഭൂരിപക്ഷം വരുന്ന മനുഷ്യരുടെ ജീവിതവും സംസ്‌കാരവും കേരളം ദേശീയതയ്ക്ക് പുറത്താക്കുകയും ചെയ്തു. കേരളം, മലയാളിയെന്ന നായര്‍ സ്വത്വ ആഘോഷങ്ങളില്‍ നിന്ന് മാറി ബഹുത്വങ്ങളുടെ സാമൂഹിക സാംസ്‌കാരിക വൈവിധ്യങ്ങളെ ആഘോഷിക്കാനും അവയെ സവിശേഷമായി പരിഗണിക്കാനും ശ്രമിക്കുമ്പോള്‍ മാത്രമേ സാമൂഹിക ജനാധിപത്യത്തിലധിഷ്ഠിതമായ ഒരു കേരളത്തെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയൂ

References:

1. മാറുന്ന കേരളീയ വ്യവഹാരങ്ങള്‍ മിഥ്യയും യാഥാര്‍ത്ഥ്യവും, സണ്ണി എം. കപിക്കാട്
2. മലയാളിയുടെ സാഹിതീയ പൊതുമണ്ഡലത്തിലെ സവര്‍ണ്ണ മുദ്രകളും കര്‍തൃത്വ നിഷേധങ്ങളും, സ്വാലിഹ് അമ്മിനിക്കാട്
3. Liberal Democracy in india and a Dalit Critc, Professor Gopal Guru
4. വര്‍ഗ്ഗവും ജാതിയും: സംസ്‌കാരത്തിന്റെ പാഠഭേദങ്ങള്‍, പ്രദീപന്‍ പാമ്പിരികുന്ന്
5. നവോത്ഥാനം, ദേശീയത, ആധുനികത: കീഴാളസംസ്‌കാരപഠനം, പ്രദീപന്‍ പാമ്പിരികുന്ന്
6. ജനതയും ജനാധിപത്യവും, സണ്ണി എം. കപിക്കാട്
7. തെളിയുന്ന ജാതിയും പിളരുന്ന വര്‍ഗ്ഗവും, പ്രദീപന്‍ പാമ്പിരിക്കുന്ന്

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply