ഇന്ത്യന്‍ മുസ്ലിം പിന്തുടര്‍ച്ചാവകാശം കാലോചിതമായ മാറ്റം അനിവാര്യം

1937 ലെ മുസ്ലീം വ്യക്തിനിയമം (ശരി-അത്ത്) നടപ്പിലാക്കല്‍ ആക്ട് പരിമിതമായ തോതിലാണെങ്കിലും അന്നുവരെ മുസ്ലീങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നാട്ടുനടപ്പ് നിയമങ്ങളേയും പാരമ്പര്യ നിയമങ്ങളേയും ശരീ-അത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാനുള്ള ഒരു തുടക്കം ആയിരുന്നു. 1939-ലെ മുസ്ലീം വിവാഹ പിരിച്ചുവിടല്‍ നിയമം (Muslim marriage Dissolution Act) ക്രോഡീകരണത്തിന്റെ ദിശയില്‍ മറ്റൊരു കാല്‍വെപ്പായിരുന്നു. എന്നാല്‍ ശരീഅ: നിയമങ്ങള്‍ എന്തെന്ന് വ്യക്തമായി നിര്‍വചിക്കാതിരിക്കുകയും പല പണ്ഡിതന്‍മാരുടെയും ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പല കോടതികള്‍ പല രീതിയില്‍ വിധികള്‍ പ്രസ്താവിക്കുന്നത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമം പരിഷ്‌കരിച്ച് ക്രോഡീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

മുസ്ലീം സ്ത്രീകള്‍ കാലങ്ങളായി കുടുംബസ്വത്തുവിഭജനകാര്യത്തില്‍ നേരിടുന്ന വിവേചനങ്ങളെപ്പറ്റി അറിവുണ്ടാകുമല്ലോ. ചിലപ്പോള്‍ വലിയതോതില്‍ നിങ്ങളെ അതു ബാധിച്ചിട്ടില്ലാത്തതിനാല്‍ കാര്യമായി അക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നുണ്ടാവില്ല. ഇതുവരെ ബാധിച്ചിട്ടില്ല എന്നതുകൊണ്ട് ഭാവിയില്‍ നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ അതിന്റെ തിക്താനുഭവങ്ങള്‍ ഉണ്ടാവില്ല എന്നും കരുതാനാവില്ല. ജീവിതം ആകസ്മികതകള്‍ നിറഞ്ഞതാണല്ലോ. ഓര്‍ക്കാതിരിക്കുമ്പോള്‍ വലിയ പ്രതിസന്ധികള്‍ ഇതുമൂലം നമ്മുടെയൊക്കെ ജീവിതത്തില്‍ വന്നു ചേര്‍ന്നെന്നും വരാം.

മലപ്പുറത്തെ ഒരു ഉമ്മയ്ക്കുണ്ടായ ദുരനുഭവം ഒരുപക്ഷേ നിങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കേട്ടു കാണും. അവരുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി ഗള്‍ഫില്‍ കഠിനാധ്വാനം ചെയ്ത് ഒരു വീടും പറമ്പും സ്വന്തമാക്കുകയാണ്. അതിനപ്പുറം അയാള്‍ക്കൊന്നും സമ്പാദിക്കാനാവാതിരുന്നത് അവര്‍ക്ക് മൂന്നു പെണ്‍മക്കളായിരുന്നു എന്നതിനാലായിരിക്കണം. അവരില്‍ ഒരാള്‍ തലാക്ക് ചൊല്ലപ്പെട്ട് മക്കളോടൊപ്പം ആ വീട്ടില്‍ത്തന്നെ കഴിയുന്ന അവസ്ഥയില്‍ ഹതഭാഗ്യനായ ആ ഉപ്പ മരണപ്പെടുന്നു. ശേഷം ആ ഉമ്മക്കും കുടുംബത്തിനും വന്നു പെട്ട ദുരവസ്ഥ വാക്കുകള്‍ക്കതീതമാണ്. മരണം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണല്ലോ. കുടുംബനാഥന്‍ കൂടിയാവുമ്പോള്‍ ആ ആളുടെ മരണം കുടുംബാംഗങ്ങളെ അരക്ഷിതരാക്കുന്നു. ആ അരക്ഷിതാവസ്ഥയില്‍ കൂടെ നില്‍ക്കേണ്ട ബന്ധുജനങ്ങള്‍ അതൊരവസരമാക്കി പുരുഷാനുകൂല നിയമങ്ങളെ കൂട്ടു പിടിച്ച് അവരുടെ ജീവിതം നരകതുല്യമാക്കിയാലോ? ആ വീടും പറമ്പും വില്‍പ്പന നടത്തി അതിന്റെ മേല്‍ വന്നു പതിച്ച ലോണ്‍ അടച്ചുതീര്‍ക്കാനും ചെറിയൊരു ജീവിതം തുടങ്ങാനുമുള്ള അവരുടെ ആഗ്രഹത്തിനു തടസമാകും വിധം അതു തങ്ങള്‍ക്കും കൂടി അവകാശപ്പെട്ട സ്വത്താണ്, വില്‍ക്കാനനുവദിക്കില്ല എന്ന സമീപനമായിരുന്നു ആ ഉപ്പയുടെ സഹോദരര്‍ സ്വീകരിച്ചത്. വര്‍ഷങ്ങള്‍ കടന്നു പോകെ ലോണ്‍ പെ രുകിപ്പെരുകി നിസഹായതയുടെ നടുക്കടലിലായി ആ പാവങ്ങള്‍. പെണ്‍കുട്ടികള്‍ മാത്രം മക്കളായി പിറന്നതിനാലാണ് ആ ഉമ്മയ്ക്ക് ഒററയ്ക്ക് ഈ സങ്കടങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. വാസ്തവത്തില്‍ ഇത് പെണ്‍കുട്ടികള്‍ മാത്രമുള്ള, ജീവിച്ചിരിക്കുന്ന പിതാക്കന്മാരുടേയും ആധിയാണ്. തങ്ങള്‍ കഷ്ടപ്പെട്ടു സമ്പാദിച്ച സ്വത്തിന്റെ മൂന്നിലൊരു ഭാഗം അതു വരെ തങ്ങളോട് ഒരു പരിഗണനയും കാണിക്കാത്തവരോ, തങ്ങളേക്കാള്‍ ധനികരോ ആയവര്‍ കൊണ്ടു പോയേക്കാമെന്ന ഭീതി.

ഖുര്‍-ആനില്‍ അനാഥകളുടെ സ്വത്തിന്റെ നടത്തിപ്പുകാരായി മാത്രമാണ് ബന്ധുക്കളെ ചുമതലപ്പെടുത്തിയത്. അവര്‍ക്ക് പ്രായപൂര്‍ത്തിയെത്തും വരെയുള്ള ഉത്തരവാദിത്തമാണത്. മക്കളായി ആരുമില്ലാതിരിക്കുന്ന അവസ്ഥയില്‍ മാത്രമാണ് സഹോദരങ്ങള്‍ അവകാശികളായി വരുന്നത് എന്നു ഖുര്‍-ആന്‍ (4:12,176). ഈ വചനത്തെ വളച്ചൊടിച്ച് ആണ്‍മക്കളായി ആരുമില്ലാത്ത അവസ്ഥ എന്നാക്കിയെടുക്കുകയായിരുന്നു എന്നു ഇസ്ലാമിലെ അപൂര്‍വമെങ്കിലും ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. അനാഥരുടെ സ്വത്ത് അനര്‍ഹമായി കൈവശപ്പെടുത്തരുത്, അത് നിങ്ങളുടെ വയറുകളില്‍ തീ നിറക്കുന്നതിനു തുല്യമാണ് എന്നത്രെ ഖുര്‍- ആന്‍ മുന്നറിയിപ്പു നല്‍കുന്നത്. അപ്പോള്‍ ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആ പിതാവിന്റെ സ്വത്തിന് അവകാശം പറഞ്ഞു വന്ന ബന്ധുക്കള്‍ നീതിരഹിതമായി ഖുര്‍-ആന്‍ വിരുദ്ധതയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് വൃക്തമല്ലേ?

അപകടത്തില്‍ മരിച്ച ഉപ്പയുടെ ഇന്‍ഷുറന്‍സ് തുക പാസ്സായി വരുമ്പോഴും, വാപ്പയില്ലാത്ത കുടുംബത്തിന് ദേശീയപാതാവികസനത്തിനു വിട്ടു കൊടുത്ത ഭൂമിക്ക് പ്രതിഫലം കിട്ടുമ്പോഴും ബന്ധുക്കള്‍ക്ക് കൂടി വീതം വെക്കേണ്ടി വരുന്ന അവസ്ഥ ഈ വളച്ചൊടിക്കല്‍ മൂലം ഉണ്ടായി വരുന്നു എന്നത് എത്ര ദയനീയമാണ്!

ഇന്ത്യയുടെ സ്വാതന്ത്രൃത്തിനു മുമ്പ് 1937ല്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ തട്ടിക്കൂട്ടിയുണ്ടാക്കിച്ച അവ്യക്തത നിറഞ്ഞ മുസ്ലീം വ്യക്തിനിയമ കാര്‍ക്കശ്യത്തില്‍തട്ടി ജഡ്ജിമാരുടെ വിധിപ്രസ്താവങ്ങള്‍പോലും നീതി രഹിതമായി മാറുന്നു. എങ്കില്‍ ഈ നിയമം പരിഷ്‌കരിക്കപ്പെടേണ്ടതും ക്രോഡീകരിക്കപ്പെടേണ്ടതും അത് എല്ലാ വിഭാഗം മുസ്ലീങ്ങള്‍ക്കും ഒരു പോലെ ബാധകമാക്കപ്പെടേണ്ടതുമല്ലേ? ക്രോഡീകരിക്കപ്പെടാത്തത് കൊണ്ടുതന്നെ ഓരോ വട്ടവും ഖുര്‍-ആനും, കര്‍മ്മശാസ്ത്ര പുസ്തകങ്ങളും, മുമ്പു നല്‍കപ്പെട്ട കോടതി വിധികളും ചികഞ്ഞുപോയി വിധി പ്രസ്താവിക്കേണ്ടി വരിക പലപ്പോഴും മുസ്ലീമല്ലാത്ത ന്യായാധിപര്‍ക്കു കൂടിയാണ്. അങ്ങനെ വരുമ്പോള്‍ ഉണ്ടാകാവുന്ന വിധിതീര്‍പ്പുകളിലെ ന്യൂനതകള്‍ക്ക് ആരാണ് ഉത്തരവാദികള്‍? വ്യക്തിനിയമത്തില്‍ തൊടുന്നത് ഖുര്‍-ആനെ തൊട്ടു കളിക്കുന്നതിനു തുല്യമാണെന്ന് വാദിച്ച് പുരുഷാനുകൂല നിയമങ്ങളെ കാലാകാലങ്ങളായി സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനു വേണ്ടിയാണ്?

കുടുംബസ്വത്ത് വിഭജിക്കുമ്പോള്‍ ഇസ്ലാമില്‍ ആണിന്റെ സ്വത്തവകാശം പെണ്ണിന്റെ ഇരട്ടിയാണ് എന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാ മായിരിക്കും. പിന്തുടര്‍ച്ചാവകാശത്തെപ്പറ്റി പറയുമ്പോള്‍ ആ ഒരു കാര്യം മാത്രമേ പൊതുവേ പരാമര്‍ശിക്കപ്പെടാറുമുള്ളൂ. പെണ്ണിന് സ്വത്തില്‍ അവകാശമേ ഇല്ലാതിരുന്ന കാലത്ത്, വിപ്ലവകരമായ ഒരു നിയമം കൊണ്ടു വരികയായിരുന്നു വാസ്തവത്തില്‍ ഇസ്ലാം. കാലാനുസൃതമായി അത് പരി ഷ്‌ക്കരിക്കേണ്ടതാണെന്ന് ഖുര്‍-ആന്റെ അടിസ്ഥാന ആശയങ്ങള്‍ വെച്ചു കൊണ്ട് മനസ്സിലാക്കാവുന്നതേയുള്ളു.പുരുഷന്‍ തന്നെ കുടുംബത്തിന്റെ ചെലവുകള്‍ നടത്തിയിരുന്ന കാലത്താണല്ലോ അങ്ങനെയൊരു നിയമ മുണ്ടായത്. (‘അവന്‍ കുടുംബത്തിന്റെ കൈകാര്യകര്‍ത്താവായതിനാല്‍’ എന്ന് ഖുര്‍-ആന്‍). ഇന്ന് കാലം മാറി. ഇസ്ലാമിലെ തന്നെ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീയും വിദ്യാഭ്യാസം നേടുന്നു, ജോലി സമ്പാദിക്കുന്നു, വിവാഹശേഷം കുടുംബച്ചെലവുകളില്‍ പങ്കാളിത്തം വഹിക്കുന്നു. ചില കുടുംബങ്ങളിലെങ്കിലും, പുരുഷന്റെ നിരുത്തരവാദപ രമായ നിലപാടുകള്‍ മൂലം മുഴുവന്‍ ചെലവും അവള്‍ തന്നെ വഹിക്കേണ്ടി യും വരുന്നു. അപ്പോഴും നിയമത്തില്‍ അവള്‍ പകുതിക്കാരി തന്നെ! ബാപ്പയുടെ സ്വത്തില്‍ ആങ്ങളയുടെ പകുതിയെങ്കില്‍, ഭര്‍ത്താവു മരിച്ചാല്‍ അവള്‍ക്ക് അയാളുടെ സ്വത്തിലുള്ള അവകാശം, അവള്‍ മരിച്ചാല്‍ ഭര്‍ത്താവിനു കിട്ടുന്ന അവകാശത്തിന്റെ പകുതി മാത്രം! അവിവാഹി തനായി മരിച്ച ഒരു മകന്‍ സമ്പാദിച്ച സ്വത്തിന്റെ ആറില്‍ അഞ്ചു ഭാഗവും പിതാവിനു പോകുമ്പോള്‍ ആറില്‍ ഒരു ഭാഗം മാത്രം വാങ്ങി അവനെ വളര്‍ത്താന്‍ കഷ്ടപ്പെട്ട മാതാവ് ക്ഷമാശീലയായി വര്‍ത്തിക്കണം. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള, മക്കളുമുള്ള, പുരുഷന്റെ സ്വത്തില്‍ ഒറ്റ ഭാര്യക്കായി നിര്‍ദ്ദേശിക്കപ്പെട്ട എട്ടില്‍ ഒന്നെന്ന അവകാശത്തെയാണ് എല്ലാ ഭാര്യമാരും തുല്യമായി ഭാഗിക്കേണ്ടതും. മക്കളില്ലാത്ത ഏക ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ കാല്‍ ഭാഗം മാത്രം ലഭിക്കുകയും ബാക്കി മുക്കാല്‍ പങ്കും ബന്ധുക്കളിലേയ്ക്ക് പോയി ചേരുകയും ചെയ്യും എന്നത് ഇരു മെയ്യാണെങ്കിലും ഒന്നെന്ന രീതിയില്‍ സുഖദുഃഖങ്ങള്‍ പങ്കിട്ടു ജീവിച്ച സ്ത്രീയോടു ചെയ്യുന്ന കടുത്ത അനീതിയല്ലേ?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വിവാഹ സമയത്ത് സ്ത്രീയുടെ അവകാശമായി ഖുര്‍-ആന്‍ നിര്‍ദ്ദേശിച്ച മെഹറിന് ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. ഒപ്പം, കനത്ത സ്ത്രീധന ഭാരവുമായി അവള്‍ വിവാഹപ്പന്തലിലെത്തുന്ന പുതിയ രീതി മുസ്ലീം ജനസാമാന്യത്തിനിടയില്‍ നിലവില്‍ വരികയും ചെയ്തിരിക്കുന്നു. അക്കാര്യങ്ങളൊന്നും ഖുര്‍-ആന്‍ വിരുദ്ധമായി കണക്കിലെടുക്കാത്തവര്‍ നീതിരഹിതമായി സ്ത്രീകളുടെ സ്വത്തില്‍ അവകാശമെടുക്കുന്ന നിയമത്തെ നിലനിര്‍ത്താന്‍ വേണ്ടി ഖുര്‍-ആനെ കൂട്ടുപിടിക്കുന്നത് ഇസ്ലാമിക വിരുദ്ധതയല്ലേ? നിങ്ങള്‍ ചിന്തിക്കുന്നില്ലേ, നിങ്ങള്‍ ബുദ്ധി ഉപയോഗിക്കുന്നില്ലേ എന്ന് പലവട്ടം ചോദ്യമുയരുന്നുണ്ടല്ലോ ഖുര്‍-ആനില്‍?

ഇനി വ്യക്തിനിയമത്തിന്റെ പേരില്‍ നടമാടുന്ന മറ്റൊരനീതിയെപ്പറ്റി. നിങ്ങളില്‍ പലരും ഈ അവസ്ഥയിലൂടെ കടന്നുപോയവരുമാകാം. ഉപ്പൂപ്പയോ ഉമ്മൂമ്മയോ ജീവിച്ചിരിക്കേ പിതാവിനെ നഷ്ടപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ മാതാവിനും പിതാമഹരുടെ സ്വത്തില്‍ അവകാശമില്ലാതാവുന്ന ദുരവസ്ഥ! പലപ്പോഴും പ്രായപൂര്‍ത്തിയെത്താത്ത കുഞ്ഞുങ്ങളുമായി മരണപ്പെട്ടവന്റെ ഭാര്യ കഷ്ടപ്പെടേണ്ടിവരുന്ന വേളയിലാണ് ഈ പാരമ്പര്യ സ്വത്തവകാശം നഷ്ടമാകുന്ന ദുര്‍വിധിയും ഉണ്ടാകുന്നത്. ഈ ദുര്‍വിധിക്കാധാരമായി ഏതു ഖുര്‍-ആന്‍ ആയത്താണ് പണ്ഡിതര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത്?

പല മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലും പല കാലങ്ങളിലായി ഇത്തരം വിഷയങ്ങളില്‍ ശരീഅ: നിയമങ്ങള്‍ ഉണ്ടാവുകയും പരിഷ്‌കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. . മൊറോക്കോ (1958ല്‍) ടുണീഷ്യ (1957 ല്‍) ജോര്‍ദ്ദാന്‍ (1951ല്‍) പാകിസ്ഥാന്‍ (1961 ല്‍) സിറിയ (1953 ല്‍) ഇറാക്ക് (1959ല്‍) കൂടാതെ തുര്‍ക്കി, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങി 20-ല്‍ അധികം മുസ്ലീം രാജ്യങ്ങളില്‍ വ്യക്തിനിയമങ്ങളില്‍ പരിഷ്‌കരണങ്ങള്‍ നടന്നിട്ടുണ്ട്. അവര്‍ക്കൊന്നുമില്ലാത്ത ശരീഅ: സംരക്ഷണ ഉത്തരവാദിത്തം ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്കു മാത്രമായി അല്ലാഹു കല്‍പ്പിച്ചു നല്‍കിയെന്നോ? എങ്കില്‍ ഏതാണ് ആ മാതൃകാ ശരീഅ:?

ഇന്ത്യയിലെ എല്ലാ ജാതി മതസ്ഥര്‍ക്കും ബാധകമാക്കി ഈയിടെ ഉണ്ടായവയാണ്‌  പ്രായം ചെന്ന മാതാപിതാക്കളെയും മാതാ-പിതാമഹരെയും സംരക്ഷിക്കാനുള്ള പ്രായപൂര്‍ത്തിയായവരുടെ ഉത്തരവാദിത്തത്തെ സംബന്ധിച്ചുള്ള Maintenance and Welfare of Parents and Senior Citizen Act 2007. ഇതു പ്രകാരം ആണ്‍ പെണ്‍ ഭേദം ഈ ഉത്തരവാദിത്ത നിര്‍വഹണ കാര്യത്തില്‍ ഇല്ല. മുസ്ലീം വൃക്തി നിയമമനുസരിച്ച് പാതി സ്വത്ത് മാത്രം ലഭിച്ച പെണ്‍പ്രജകളെയും പാരമ്പര്യസ്വത്തു നിഷേധിക്കപ്പെട്ട പേരക്കുട്ടികളെയും ഈ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നിയമം അനുവദിക്കുന്നുമില്ല. അപ്പോള്‍ പരിഷ്‌ക്കരിക്കപ്പെടേണ്ടത് ഏതു നിയമമാണ്? പ്രായമായവരെ സംരക്ഷിക്കേണ്ട നിയമമാകാന്‍ വയ്യല്ലോ!

അപൂര്‍വസുന്ദരമായ ഒരു ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടന. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ അതിന്റെ ആമുഖത്തില്‍ തന്നെ ചേര്‍ക്കപ്പെട്ടിരിക്കുന്നു. അത് ജാതി, മത, ലിംഗ, ഭാഷാഭേദമില്ലാതെ എല്ലാ പൗരര്‍ക്കും ബാധകമാണുതാനും. വാസ്തവത്തില്‍ ഇസ്ലാമിന്റെ അടിസ്ഥാനാശയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നു ഈ ആശയങ്ങള്‍. ഏതു വിധിതീര്‍പ്പിനു മുമ്പും സന്ദേഹങ്ങളുയര്‍ന്നാല്‍ ഈ അടിസ്ഥാനാശയങ്ങളോട് അത് യോജിച്ചു പോകുന്നുേണ്ടാ എന്നു പരിശോധിക്കുക എന്നാണ് ഭരണഘടനാശില്‍പ്പികള്‍ അതില്‍ രേഖപ്പെടുത്തിയിട്ടുള്ളതും. കൂടാതെ ഇന്ത്യയിലെ വിശ്വാസ വൈവിധ്യങ്ങളെ തികച്ചും അംഗീകരിക്കുംവിധം ആര്‍ടികിള്‍ 25 ല്‍ മതവിശ്വാസം പുലര്‍ത്തുന്നതിനും മതാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നതിനും ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നു. പൊതുധാര്‍മ്മികതയ്‌ക്കോ, പൊതുജനാരോഗ്യത്തിനോ, ക്രമസമാധാനപാലനത്തിനോ ആചാരങ്ങള്‍ വിഘാതമാകരുതെന്നു മാത്രം. ഹിന്ദു, കൃസ്ത്യന്‍ വൃക്തിനിയമങ്ങളില്‍ കാലാനുസൃതമായി പരിഷ്‌കരണം നടക്കുകയും ക്രോഡീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അവ ഇപ്പോഴും കുറ്റമറ്റതാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ മുസ്ലീം വ്യക്തിനിയമത്തില്‍ അത്തരമൊരു പരിഷ്‌കരണമോ ക്രോഡീകര ണമോ നടന്നിട്ടില്ല.

മുസ്ലീം നിയമങ്ങളില്‍ നാമമാത്രമായി കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലവയെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്നതും പ്രസക്തമാണിവിടെ. തലാക്കുചൊല്ലപ്പെട്ട ദരിദ്രയായ ഭാര്യയ്ക്ക് (ഷബാനു ബീഗം കേസ്) അഭിഭാഷകനായി ജോലി ചെയ്യുന്ന ധനികനായ ഭര്‍ത്താവ് മാസം തോറും ചെറിയ സംഖ്യ ജീവനാംശം കൊടുക്കണമെന്ന കോടതി വിധിക്കെതിരെ ഖുര്‍-ആന്‍ വിരുൗതയാരോപിച്ച് പുരുഷ ഇസ്ലാം സമരമാരംഭിച്ചപ്പോള്‍ നടത്തിയ നിയമനിര്‍മാണമാണ് അവയിലൊന്ന്. അതനുസരിച്ച് ഒറ്റത്തവണ കോടതി നിശ്ചയിക്കുന്ന സംഖ്യ അവള്‍ക്ക് കൊടുത്താല്‍ മതി. വേണമെങ്കില്‍ അതും ഖുര്‍-ആന്‍ വിരുൗമെന്നാരോപിക്കാം. പുരുഷസൗഹൃദപരമായിരുന്നതിനാല്‍ ആയിരിക്കണം അതു സ്വീകരിക്കപ്പെട്ടു. ഒരേസമയം തന്നെ മൂന്ന് തലാക്കും ചൊല്ലി മൊഴിചൊല്ലപ്പെടുന്ന മുസ്ലീം സ്ത്രീകള്‍ക്ക് ആശ്വാസപ്രദമാണെങ്കിലും ബി.ജെ.പി.സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിരോധനനിയമം ഭാര്യയെ മുത്തലാഖ് (3 തലാഖും ഒന്നിച്ച്) ചൊല്ലുന്ന പുരുഷനെ ക്രിമിനല്‍ കുറ്റവാളിയാക്കുന്നു. ഇത് അത്യന്തം മനുഷ്യവിരുദ്ധമായിട്ടും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ വേണ്ട ആത്മധൈര്യം സമുദായത്തിനുണ്ടാ യില്ല എന്നതും ശ്രദ്ധേയമാണ്. ജനാധിപത്യവാദികളില്‍ നിന്നാണ് അതിനെതിരെയും ശബ്ദങ്ങളുയരുന്നത്. കേരളത്തില്‍ നാമതിന്റെ കെടുതികള്‍ അറിയുന്നില്ലെങ്കിലും വടക്കേയിന്ത്യയില്‍ മുസ്ലീം പുരുഷന്മാരെ കുറ്റവാളികളാക്കി ജയിലിലടക്കാന്‍ മറ്റൊരു കാരണം ഉണ്ടാക്കിക്കൊടുക്കു കയായിരുന്നു വ്യക്തിനിയമപരിഷ്‌കരണ നടപടി കാലോചിതമായി നടത്താനനുവദിക്കാതെ സമുദായ നേതൃത്വം..

പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ മുസ്ലീം സ്ത്രീകള്‍ക്കനുകൂലമായി പരിഷ്‌കരിക്കപ്പെടണമെന്ന ആവശ്യം ഈ അരക്ഷിതകാലത്തും സമൂഹത്തില്‍ ശക്തമായി ഉയര്‍ന്നു വരുന്നതിനു കാരണം ഈ വിഷയത്തി ലുള്ള ഒരു കേസിന്റെ വിധിതീര്‍പ്പ് സുപ്രീംകോടതിയില്‍ അടുത്തു തന്നെ നടക്കാനിരിക്കുന്നു എന്നതുകൊണ്ടാണ്.

ഇന്ത്യയിലെ മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ദുരിതം പേറുന്ന നിരവധി കുടുംബങ്ങള്‍ നമ്മുടെ ചുറ്റിലുമുള്ള. പുരുഷന്റെ സംരക്ഷണയില്‍ മാത്രമാണ് കുടുംബങ്ങള്‍ നിലകൊള്ളേണ്ടത് എന്ന സങ്കല്പത്തില്‍ ഉണ്ടാക്കിയ നിയമങ്ങള്‍ മൂലം ആധുനികകാലത്തും മുസ്ലീം സ്ത്രീകള്‍ അനുഭവിച്ചു വരുന്ന വിവേചനങ്ങളില്‍ ചിലവ താഴെ ചൂണ്ടിക്കാണിക്കുന്നു.

ഗോത്ര സാമൂഹ്യവ്യവസ്ഥയും കൂട്ടുകുടുംബവ്യവസ്ഥയും മാറി അണുകുടുംബങ്ങളായി സമൂഹം മാറുകയും കുടുംബ ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കുവെക്കപ്പെടുകയും ചെയ്യുന്ന പുതിയ കാലത്ത് ഈ വിവേചനങ്ങള്‍ മാറേണ്ടതല്ലേ?

1. മരണപ്പെട്ട ഒരാളുടെ മകനും മകളും ജീവിച്ചിരിപ്പുെണ്ടങ്കില്‍ സ്വത്തിന്റെ 1/3 ഭാഗം മാത്രം മകള്‍ക്കും 2/3 ഭാഗം മകനും

2. മരിച്ചയാള്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ പകുതി മാത്രം അവള്‍ക്ക്. ബാക്കി ബന്ധുക്കള്‍ക്ക്. ഒന്നിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ 2/3 ഭാഗം പെണ്‍മക്കള്‍ക്കും ബാക്കി ഭാഗം ബന്ധുക്കള്‍ക്കും

3. ഒരാള്‍ ജീവിച്ചിരിക്കെ അയാളുടെ മകനും മകളും മരിക്കുകയും അവരുടെ മക്കള്‍ ജീവിച്ചിരിക്കുകയും ചെയ്താല്‍ മറ്റ് അവകാശികള്‍ ഇല്ലെങ്കില്‍ ആണ്‍മക്കളുടെ മക്കള്‍ക്ക് മാത്രം സ്വത്തില്‍ അവകാശം ലഭിക്കുകയും പെണ്‍മക്കളുടെ മക്കള്‍ക്ക് ഒരവകാശവും ലഭിക്കാതിരിക്കുകയും ചെയ്യുന്നു.

4. മക്കളില്ലാതെ ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ 1/4 മാത്രം ഭാര്യയ്ക്ക്. ഭാര്യയാണ് മരിക്കുന്നതെങ്കില്‍ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭാഗം ഭര്‍ത്താവിന്.

5. മക്കളുള്ള സത്രീയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ 1/8 മാത്രം. എന്നാല്‍ ഭാര്യയുടെ സ്വത്തിന്റെ 1/4 ഭാഗം ഭര്‍ത്താവിന് ലഭിക്കും.

6. അവിവാഹിതനായ മകന്‍ മരിച്ചാല്‍ മകന്റെ സ്വത്തിന്റെ 5/6 ഭാഗവും പിതാവിനുള്ളതാണ്. മാതാവിനാകട്ടെ 1/6 ഭാഗം മാത്രം.

7. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ ഒരാള്‍ മരിച്ചാല്‍ മറ്റ് അവകാശികള്‍ ഉണ്ടെങ്കില്‍ മരിച്ചയാളുടെ അനാഥരായ മക്കള്‍ക്ക് ജീവിച്ചിരുന്നെങ്കില്‍ പിതാവിന് ലഭിക്കുമായിരുന്ന സ്വത്തിന്റെ ഒരംശം പോലും ലഭിക്കില്ല.

കുടുംബ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാത്ത പുരുഷന്‍മാരുള്ള കുടുംബങ്ങളിലെ സ്ത്രീകളും ഭര്‍ത്താവ് നഷ്ടപ്പെടുമ്പോള്‍ വീടു വരെ വിട്ടുകൊടുക്കേണ്ടി വരുന്ന സ്ത്രീകളും ഈ നിയമങ്ങളുടെ ദുരിതഭാരം പേറുന്നവരാണ്. പിന്തുടര്‍ച്ചാവകാശനിയമങ്ങള്‍ ഒരു മാറ്റത്തിനും വിധേയമല്ലെന്ന് യാഥാസ്ഥിതിക മതപണ്ഡിതന്മാര്‍ വാദിക്കുമ്പോള്‍ അതേ നിയമത്തിന്റെ അനീതികളില്‍നിന്ന് രക്ഷനേടാന്‍ പല മാര്‍ഗ്ഗങ്ങളും വിശ്വാസികള്‍ കെണ്ടത്തുന്നുണ്ട്. മതാചാരപ്രകാരം വിവാഹിതരായ ദമ്പതിമാര്‍ തങ്ങള്‍ക്ക് പെണ്‍മക്കള്‍ മാത്രമാണ് ഉള്ളതെങ്കില്‍ തങ്ങളുടെ സമ്പാദ്യം മക്കള്‍ക്കുതന്നെ ലഭിക്കാന്‍ സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹം ചെയ്യുന്ന രീതി വര്‍ദ്ധിച്ചുവരികയാണ്. പിന്തുടര്‍ച്ചാവകാശികള്‍ക്ക് ഒസ്യത്ത് പാടില്ലെന്ന് ശരിഅ: നിയമത്തില്‍ (Mulla’s Principles of Mahomedan Law Section 117, 118) വ്യവസ്ഥയുണ്ട്. അതിനെ മറികടക്കാനായി അവകാശികള്‍ക്ക് സ്വത്ത് വിറ്റതായി രേഖയുണ്ടാക്കുന്നവരും മതവിശ്വാസികളുടെ ഇടയിലുണ്ട്.

ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന പൗരാവകാശങ്ങളും ലിംഗനീതിയും മുസ്ലീം സ്ത്രീകള്‍ക്കും ഉറപ്പാക്കണമെങ്കില്‍ ക്രോഡീകരിക്കപ്പെട്ട ഒരു മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം രാജ്യത്ത് നിലവില്‍ വരേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിന്തുടര്‍ച്ചാവകാശനിയമം ക്രോഡീകരിച്ച് പരിഷ്‌കരിക്കേണ്ടതുെണ്ടന്ന് ഫോറം ഫോര്‍ മുസ്ലീം വിമണ്‍സ് ജെന്‍ഡര്‍ ജസ്റ്റിസ് (FMWGJ) എന്ന കേരളത്തിലെ ഈ സംഘടന ആവശ്യപ്പെടുന്നതും നിങ്ങളെ സമീപിക്കുന്നതും വര്‍ത്തമാന ഇന്ത്യനവസ്ഥയെ കൃത്യമായി കണക്കിലെടുത്തു കൊണ്ടുതന്നെയാണ്. കേന്ദ്രഭരണകൂടം അടിച്ചേല്‍പ്പിക്കുന്ന ഒരു ഏകീകൃത സിവില്‍ നിയമത്തില്‍ തങ്ങളുടെ ആചാരപരവും വിശ്വാസപരവുമായ പരമ്പരാഗത അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്ന ഇസ്ലാം മതവിശ്വാസികളുടെ ആശങ്കകള്‍ ഞങ്ങളും പങ്കിടുന്നു. ഒരു കാരണവശാലും മുസ്ലീം വിരുദ്ധമായ ഒരു നിയമ നിര്‍മ്മാണത്തിനോ, പൗര ജീവിതത്തിലെ ജനാധിപത്യപരമായ വൈവിധ്യങ്ങളെ തകര്‍ക്കുന്ന ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനോ അക്രാമകമായ ന്യൂനപക്ഷ വിരോധം പ്രകടിപ്പിക്കുന്ന ഗവണ്‍മെന്റിന് സഹായകമാകരുത് നമ്മുടെ ഇടപെടലുകള്‍ എന്ന നിഷ്‌കര്‍ഷയും FMWGJ യ്ക്കുണ്ട്. 1937ലെ മുസ്ലീം പിന്തുടര്‍ച്ചാവകാശനിയമം ലിംഗനീതിപരമായി പരിഷ്‌ക്കരിക്കണമെന്ന ആവശ്യത്തെ യാഥാസ്ഥിതിക മുസ്ലീം മതപണ്ഡിതന്മാര്‍ എതിര്‍ക്കുന്നതുപോലെ 1947 ഏപ്രില്‍ 11ന് ഭരണഘടനാനിര്‍മ്മാണസഭയില്‍ അവതരിപ്പിക്കപ്പെട്ട ഹിന്ദുകോഡ്ബില്ലിനും ഹിന്ദുദേശീയവാദികളുടെയും ഹിന്ദുമഹാസഭയുടെയും യാഥാസ്ഥിതിക ഹിന്ദുമത നേതാക്കന്മാരുടെയും ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. 1951 ല്‍ നിയമമന്ത്രി സ്ഥാനത്തുനിന്ന് ഡോ.ബി.ആര്‍. അംബേദ്ക്കര്‍ക്ക് രാജി വെക്കേണ്ടിവന്നത് ഹിന്ദുകോഡ് ബില്ലുമായി ബന്ധപ്പെട്ടായിരുന്നു. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിലും മാറ്റമുണ്ടായത് നീണ്ടുനിന്ന നിയമയുദധങ്ങള്‍ക്ക് ശേഷമായിരുന്നു.

മുസ്ലീംസ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘നിസ’ ഉള്‍പ്പെടെയുള്ള സംഘടനകളും വ്യക്തികളും 2008-ല്‍ കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി നല്‍കുകയുണ്ടായി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 13 ന്റെ കീഴില്‍ വരുന്ന 1937 ലെ മുസ്ലീംവ്യക്തിനിയമത്തിലെ മുസ്ലീം സ്ത്രീകളുടെ പിന്തുടര്‍ച്ചാവകാശ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 19, 21, 25 എന്നിവയുടെ ലംഘനമാണെന്നും അതിനാല്‍ അത് അസാധുവും ബാധകമല്ലാത്തതുമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി ഫയല്‍ ചെയ്തത്. എന്നാല്‍ ഇത് പരിഗണിക്കേണ്ടതും നിയമനിര്‍മ്മാണം നടത്തേണ്ടതും നിയമനിര്‍മ്മാണ സഭയാണെന്ന് വിധിച്ചു കൊണ്ട് 2015 ജൂലൈ 2 ന് ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പിക്കുകയാണ് ഹൈക്കോടതി ചെയ്തത്. തുടര്‍ന്ന് സുപ്രീംകോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റിഷന്‍ (SLP 9546/2016) സമര്‍പ്പിക്കുകയുണ്ടായി. കേസില്‍ കേരള സര്‍ക്കാരിനോട് ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പുരുഷന്‍മാരായ ചില മുസ്ലീം മതപണ്ഡിതന്മാരുടെ യോഗം വിളിച്ചതായും വ്യക്തിനിയമത്തില്‍ കോടതിക്കോ സര്‍ക്കാരിനോ ഇടപെടാന്‍ അധികാരമില്ലെന്ന് അവര്‍ അറിയിച്ചതായു മസിലാക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഫോറം ഫോര്‍ മുസ്ലീം വിമന്‍സ് ജന്റര്‍ ജസ്റ്റിസ് (FMWGJ) എന്ന കൂട്ടായ്മ രൂപീകരിക്കപ്പെടുന്നത്. സ്വത്തവകാശത്തില്‍ വിവേചനം നേരിടുന്ന വിഭാഗമെന്ന നിലയില്‍ മുസ്ലീം സ്ത്രീകളുടെ താല്പര്യത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഈ കൂട്ടായ്മ രൂപം കൊള്ളുന്നത്. 1937 ലെ മുസ്ലീം വ്യക്തി നിയമത്തിലെ പിന്തുടര്‍ച്ചാ വകാശങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ തുല്യാവകാശങ്ങള്‍ ഉറപ്പുവരുത്തണം എന്നുള്ളതാണ് ഈ കൂട്ടായ്മയുടെ ആവശ്യം. വിവിധ മതവിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളില്‍ ഇപ്പോഴും സ്ത്രീവിരുദ്ധത പല രീതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വിവിധ മതവിഭാഗങ്ങളുടെ സിവില്‍ നിയമങ്ങളിലെ സ്ത്രീ അവകാശ തുല്യതക്ക് വേണ്ടിയാണ് ഇപ്പോള്‍ ശബ്ദമുയര്‍ത്തേണ്ടത്.

ചരിത്രപരമായി നോക്കിയാല്‍ ഇന്ന് വികസിതമെന്ന് തോന്നുന്ന പശ്ചാത്യ സമൂഹങ്ങളിലടക്കം സ്ത്രീകള്‍ തുല്യാവകാശം ഉറപ്പുവരുത്താന്‍ ഇപ്പോഴും സമരങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ദ്ധത്തില്‍ പോലും വോട്ടവകാശം അടക്കമുള്ള സിവില്‍ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് വലിയ തോതില്‍ സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു മതവിഭാഗത്തെ പ്രത്യേകിച്ച് പിന്നോക്കം എന്നോ അപരിഷ്‌കൃതം എന്നോ മുദ്രകുത്തുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സ്ത്രീകള്‍ക്ക് യാതൊരു അവകാശങ്ങളും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തില്‍ പരിമിതമായെങ്കിലും സ്ത്രീകളുടെ സ്വത്വം അംഗീകരിക്കാനും അവര്‍ക്ക് ചില അവകാശങ്ങള്‍ നല്‍കാനും ഇസ്ലാം മതം തയ്യാറായിട്ടുണ്ട്. എങ്കിലും ഗോത്രജീവിത രീതിയിലും കുടുംബഘടനയിലും ഒക്കെ ഉണ്ടായിട്ടുള്ള ആധുനീകരണത്തെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും അത് മടിച്ചു നില്‍ക്കുകയാണ്. മതവിശ്വാസികള്‍ എന്നുള്ള നിലയില്‍ ഇസ്ലാമിലെ സ്ത്രീകള്‍ക്ക് ഇസ്ലാ മിലെ പുരുഷനു തുല്യമായ സിവില്‍ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന വിധം 1937 ലെ മുസ്ലീംവ്യക്തിനിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലം ഇതാണ്.

1937 ലെ മുസ്ലീം വ്യക്തിനിയമം (ശരി-അത്ത്) നടപ്പിലാക്കല്‍ ആക്ട് പരിമിതമായ തോതിലാണെങ്കിലും അന്നുവരെ മുസ്ലീങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന നാട്ടുനടപ്പ് നിയമങ്ങളേയും പാരമ്പര്യ നിയമങ്ങളേയും ശരീ-അത്തിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കാനുള്ള ഒരു തുടക്കം ആയിരുന്നു. 1939-ലെ മുസ്ലീം വിവാഹ പിരിച്ചുവിടല്‍ നിയമം (Muslim marriage Dissolution Act) ക്രോഡീകരണത്തിന്റെ ദിശയില്‍ മറ്റൊരു കാല്‍വെപ്പായിരുന്നു. എന്നാല്‍ ശരീഅ: നിയമങ്ങള്‍ എന്തെന്ന് വ്യക്തമായി നിര്‍വചിക്കാതിരിക്കുകയും പല പണ്ഡിതന്‍മാരുടെയും ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി പല കോടതികള്‍ പല രീതിയില്‍ വിധികള്‍ പ്രസ്താവിക്കുന്നത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമം പരിഷ്‌കരിച്ച് ക്രോഡീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്.

ഭരണഘടനാ തത്വങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇസ്ലാമിനെക്കാള്‍ പിന്നോക്കമായിരുന്ന ഹിന്ദു – ക്രിസ്ത്യന്‍ കുടുംബ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ഉറപ്പുവരുത്തത്തക്കവിധം സ്ത്രീകളുടെ തുല്യാവകാശം ഉറപ്പുവരുത്തിക്കൊണ്ട് മുസ്ലീം വ്യക്തിനിയമവും പരിഷ്‌കരിക്കണം.

ഖുര്‍-ആന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും അനുശാസനങ്ങളുടെയും മാനവികത ഉള്‍ക്കൊള്ളുന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ലിംഗസമത്വം, നീതി തുടങ്ങിയ തത്വങ്ങള്‍ക്ക് നിരക്കുന്ന തരത്തിലും 1993-ല്‍ ഇന്ത്യ അംഗീകരിച്ച സ്ത്രീകള്‍ക്കെതിരായ എല്ലാ രൂപത്തിലുമുള്ള വിവേചനങ്ങളും നിര്‍മാര്‍ജനം ചെയ്യാനുള്ള 1979-ലെ ഐക്യരാഷ്ട്രസഭ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലും, സ്ത്രീകള്‍ക്കും ഇതര ലിംഗവിഭാഗങ്ങള്‍ക്കും നിയമത്തിന്റെ മുന്‍പില്‍ സമത്വം സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമം നടത്തേണ്ടത് നമ്മളേവരുടേയും ബാധ്യതയാണ്. എന്നാല്‍ ഈ പരിഷ്‌കരണവും ക്രോഡീകരണവും വ്യത്യസ്ത വിശ്വാസങ്ങള്‍ പിന്തുടരുന്ന മത വിഭാഗങ്ങളുടെ അവകാശങ്ങളെ ഹനിക്കുന്നതാവരുത്.

ഇസ്ലാം മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരും ജാതി മതാതീതമായി സാമൂഹ്യനന്മയ്ക്കും മനുഷ്യനീതിയ്ക്കും വേണ്ടി നിലകൊള്ളുന്നവരും ഉള്‍പ്പെട്ടതാണ് ഈ കൂട്ടായ്മ. ഈ കൂട്ടായ്മയുടെ നയം മതവിരുദ്ധതയല്ലെന്നും നീതിയും ഭരണഘടനാവകാശങ്ങളും നിലനില്‍ക്കുന്ന ഒരു ഇന്ത്യ എന്ന സ്വപ്നമാണ് ഈ കൂട്ടായ്മ പങ്കിടുന്നത് എന്നും വീണ്ടും പറഞ്ഞുകൊള്ളട്ടെ. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു നല്‍കുക.

ഫോറം ഫോര്‍ മുസ്ലിം വിമന്‍സ് ജന്റര്‍ ജസ്റ്റിസ് കൂട്ടായ്മയ്ക്കു വേണ്ടി

വി.പി.സുഹറ. (ചെയര്‍പേഴ്‌സണ്‍) ഡോ:ഖദീജ മുംതാസ് (വൈസ് ചെയര്‍പേഴ്‌സണ്‍) നെജു ഇസ്മയില്‍ (ട്രഷറര്‍) എം സുല്‍ഫത്ത്് (കണ്‍വീനര്‍) അഡ്വ. റംലത്ത്് പുതുശ്ശേരി (ജോയിന്റ് കണ്‍വീനര്‍)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply